13) ചെറുകഥ– നഷ്ടസ്വപ്നങ്ങളേ വിട

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു )

അപ്രതീക്ഷിതമായിട്ടാണ് ഗോവിന്ദന്‍മാമയുടെ ഫോണ്‍ വന്നത്. ഞാന്‍ ഞെട്ടിപ്പോയി. അമ്മ മരിച്ചത്രെ. ഞാന്‍ ഉടന്‍ വീട്ടിലേക്ക് തിരിക്കണം. ആ വാര്‍ത്ത കേട്ട ആഘാതത്തില്‍ ഞാന്‍ അടുത്തുള്ള കസേരയില്‍ ഇരുന്ന് പോയി. എന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ട് സഹപ്രവര്‍ത്തകര്‍ ഓടിക്കൂടി. അവര്‍ തന്ന വെള്ളം കുടിച്ചുകൊണ്ട് വിവരം അവരെ ധരിപ്പിച്ചു

മണി അഞ്ചേ ആയുള്ളൂ. ആറരയ്ക്കുള്ള ട്രെയിനിന് പോയാല്‍ നേരം വെളുക്കുമ്പോള്‍ നാട്ടിലെത്താം. ആരോ നിര്‍ദേശിച്ചു .

പിന്നെ താമസിച്ചില്ല. മുറിയില്‍ ചെന്ന് കണ്ണില്‍ കണ്ടതെല്ലാം സ്യൂട്ട് കേസില്‍ വാരി നിറച്ചിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് കുതിച്ചു

ട്രെയിനില്‍ ഇരിക്കുമ്പോള്‍ ആലോചിച്ചു. അമ്മയുടെ പല കത്തുകളും വന്നിരുന്നു.ഉടനെ ലീവെടുത്ത് നാട്ടിലേക്ക് പോകണം എന്നതായിരുന്നു എല്ലാ കത്തിലെയും പൊതുവായ ഉള്ളടക്കം

മറ്റൊരു വിരഹദുഖത്തില്‍ മുഴുകിയിരുന്ന എന്റെ മനസ് അതത്ര കാര്യമാക്കിയില്ല.

കുതിച്ച് പായുന്ന തീവണ്ടിയിലും വേഗത്തില്‍ മനസ് ഭൂതകാല പാളങ്ങളിലൂടെ അസ്വസ്ഥതയോടെ കുതിച്ചുപാഞ്ഞു

പണ്ട് പാമ്പ് കടിയേറ്റ് മരണത്തോട് മല്ലിടുമ്പോഴും അമ്മ പറയാറുണ്ടായിരുന്നത്രെ

” ഉണ്ണിയെ അിറയിക്കല്ലേ ; എനിക്കൊന്നൂല്യാ”

അത് അക്ഷരാര്‍ത്ഥത്തില്‍ അമ്മയുടെ പുനര്‍ജന്‍മമായിരുന്നുവെന്ന് പിന്നീട് നാട്ടില്‍ പോയപ്പോഴാണ് അറിഞ്ഞത്. വേദനയോടെ ഞാന്‍ ചോദിച്ചുപോയി

” എന്നെ- ന്താ അറീക്കാഞ്ഞെ, ന്നോട് , ത്രക്ക് സ്‌നേഹല്യേ?”

മറുപടി കവിളത്തൊരു മുത്തമായിരുന്നു. എന്നിട്ട് മാറില്‍ എന്റെ ശിരസണച്ചുകൊണ്ട് മെല്ലെ പറഞ്ഞു.

”എന്റെ മോന്‍ ദുഖിച്ചാ അമ്മേടെ ചങ്കു പൊട്ടും”

അതാണെന്റെ അമ്മ
സ്‌നേഹത്തിന്റെ പൊന്‍കുടം
ഈശ്വരാ കാണാനൊത്തിരുന്നെങ്കില്‍
പ്രഭാതം പൊട്ടിവിരിയുന്നതിന് മുമ്പ് നാട്ടിലെത്തി
വീടിന്റെ ഇരുമ്പ് ഗേറ്റ് തള്ളി തുറന്നിട്ട് അകത്തേക്ക് കടന്നപ്പോള്‍ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി
മുറ്റത്ത് കൂടി കിടക്കുന്ന മുളങ്കെട്ടുകള്‍, അഴിച്ച് വെച്ച ടാര്‍പാളിന്‍ ഷീറ്റ്, ഈശ്വരാ എല്ലാം കഴിഞ്ഞിരിക്കുന്നുവോ ? ഞാന്‍ താമസിച്ചുപോയോ ?

ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി. വിറയ്ക്കുന്ന കൈ കൊണ്ട് വാതിലില്‍ മുട്ടി
” ആരാദ് ?” — അച്ഛന്റെ കനത്ത ശബ്ദം

”ഞാനാണച്ഛാ ഗോപന്‍, ”–വിതുമ്പി വന്ന ഗദ്ഗതത്തെ ഒരു തരത്തില്‍ കടിച്ചൊതുക്കി കൊണ്ട്പറഞ്ഞു
പെട്ടെന്ന് കതക് തുറക്കപ്പെട്ടു. ഞാന്‍ വിറച്ചുപോയി
ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമ്മ.
”അമ്മേ” ഒരു തരത്തിലാണ് ശബ്ദം പുറത്തേക്ക് വന്നത്
” എന്താടാ മിഴിച്ച് നില്‍ക്കുന്നത് ”
അമ്മ വന്ന് കെട്ടിപ്പിടിച്ചിട്ടും എന്നിലെ അവിശ്വസനീയത വിട്ടുമാറിയിരുന്നില്ല. അപ്പോള്‍ ഗോവിന്ദന്‍ മാമ ഫോണ്‍ ചെയ്തതോ? അത് എന്നെ വീട്ടില്‍ വരുത്താനുള്ള തന്ത്രമായിരുന്നു
”ആരു പറഞ്ഞിട്ടാ ഫോണ്‍ ചെയ്തത് ?” –ഞാന്‍ കോപം കൊണ്ട് ജ്വലിച്ചു
” ്യുഞാനാ പറഞ്ഞത് ” — അകത്ത് നിന്നും അച്ഛന്റെ വിജയഭേരി.
കോപത്തിന്റെ ഉയര്‍ന്ന ഫണം അച്ഛന്റെ ആഢ്യസ്വരത്തിന് മുന്നില്‍ നിലം പൊത്തി വീണു. ഇന്നും അച്ഛന്റെ മുന്നില്‍ തല ഉയര്‍ത്തി നിന്ന് സംസാരിക്കാനുള്ള ധൈര്യം എനിക്കില്ല എന്ന് ഞാന്‍ ഓര്‍ത്തു
” എത്ര കത്തയച്ചാലും നീ വരില്ലെങ്കില്‍ പിന്നെന്തുചെയ്യും. ഗള്‍ഫില്‍ പോകുന്നവര്‍ പോലും ആണ്ടോടാണ്ട് കൂടുമ്പോള്‍ കുടുംബത്ത് വരും നിനക്കെന്താ വീടും നാടും ഒന്നും വേണ്ടാതായോ ? ”
അച്ഛന്‍ വിടാനുള്ള ഭാവമില്ല. ജ്വലിക്കുന്ന ഹൃദയവുമായി തല കുമ്പിട്ട് നില്‍ക്കാനേ കഴിഞ്ഞുള്ളൂ
” മോന്‍ പോയി കുളിച്ചിട്ട് വാ. ദീര്‍ഘയാത്ര കഴിഞ്ഞ് വന്നതല്ലേ. , ക്ഷീണം കാണും. അമ്മ എല്ലാം പറയാം. നിന്നെ വെറുതെ വിളിപ്പിച്ചതല്ല. കാര്യമുണ്ട്,. ”– അമ്മ ചെവിയില്‍ മെല്ലെ പറഞ്ഞു.
നിശബ്ദനായി ഞാന്‍ മുറിക്കുള്ളില്‍ കയറി ഡ്രസ് മാറ്റിക്കൊണ്ട് നില്‍ക്കുന്നതിനിടയില്‍ അമ്മ കാപ്പിയുമായി
എത്തി. പിന്നെ പറയാമെന്ന് പറഞ്ഞ കാര്യങ്ങളെല്ലാം അമ്മ ഒറ്റശ്വാസത്തില്‍ പറയുകയും ചെയ്തു.

ഞാന്‍ അന്തം വിട്ടുപോയി. എന്റെ കല്യാണക്കാര്യമാണ്. അതിനാണ് ഈ കോലാഹലങ്ങളെല്ലാം. നാല് നാളിനുള്ളില്‍ കല്യാണം നടക്കണം. അച്ഛന്‍ വാക്ക് കൊടുത്തു കഴിഞ്ഞു. പന്തലുകെട്ടുകാര്‍ നാളെ തന്നെ എത്തും. ഗോവിന്ദന്‍മാമയുടെ മകളും തന്റെ മുറപ്പെണ്ണുമായ രമയാണ് വധു. അവള്‍ക്ക് തന്നോട് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ഇന്നാണ് അറിഞ്ഞത്. അവളെ പാവാടപ്രായത്തില്‍ കണ്ട ഓര്‍മ്മയേ ഉള്ളൂ.

” നീ എന്താ മിഴിച്ച് നില്‍ക്കുന്നത് ? ”– അമ്മ ചോദിച്ചു

ജാതകപ്രകാരം എനിക്ക് ഇപ്പോള്‍ കല്യാണം നടന്നില്ലെങ്കില്‍ സന്യാസയോഗം ഉണ്ടത്രെ. രമയുടെ ജാതകവുമായി ഒത്തു നോക്കിയപ്പോള്‍ പൊരുത്തങ്ങളെല്ലാം ഉത്തമമായി വന്നു. അങ്ങിനെ ഇതങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നുവത്രെ.

പ്രാതല്‍ കഴിഞ്ഞ് എന്നെ മുറിയിലാക്കിയിട്ട് അമ്മ പറഞ്ഞു
” കല്യാണത്തിന് മുമ്പ് നീ രമയെ ഒന്ന് പോയി കാണണം, ഇന്ന് ഉച്ച കഴിഞ്ഞ് പോയാല്‍ മതി. നീ വലുതായ ശേഷം അവളെ കണ്ടിട്ടില്ലല്ലോ. ഇപ്പോള്‍ ഉച്ച വരെ നീ വിശ്രമിക്ക് ”

കട്ടിലില്‍ കിടന്നപ്പോള്‍ എന്റെ സ്മരണകള്‍ ചിറക് വിരിച്ച് പിറകോട്ട് പറന്നു. ഞാന്‍ എന്റെ നഷ്ടപ്രണയത്തിലെ നായികയായിരുന്ന സീതയെ പറ്റി ഓര്‍ത്തു. അവളെ ആദ്യമായി കണ്ട നാള്‍. ഇന്നും വ്യക്തമായി ഓര്‍ക്കുന്നു
ഒരു മിഥുനമാസമഴക്കാലം. തലേ ദിവസം പെയ്ത ശക്തിയായ മഴ മൂലം റോഡില്‍ അങ്ങുമിങ്ങും ചെളിവെള്ളം തളം കെട്ടി നിന്നിരുന്നു

താമസസ്ഥലത്തുനിന്നും എന്റെ സ്‌കൂട്ടറില്‍ പതിവ് പോലെ ഞാന്‍ ഓഫീസിലേക്ക് പോവുകയായിരുന്നു. റോഡിന്റെ അരികുപറ്റി വെളുത്ത് മെലിഞ്ഞ് സുന്ദരിയായ ഒരു പെണ്‍കുട്ടി സാവധാനം നടന്ന് വരുന്നത് ഞാന്‍ കണ്ടു.. നല്ല ഒതുക്കമുള്ള ശരീരം. നീലസാരിയും വെള്ള ബ്ലൗസുമാണ് വേഷം, പാദങ്ങളില്‍ പാദസരം. കൈയ്യില്‍ ഒന്ന് രണ്ട് പുസ്തകങ്ങള്‍ മാറത്ത് ചേര്‍ത്ത് പിടിച്ചിരിക്കുന്നു . കാഴ്ചയില്‍ ഒരു കോളേജ് കുമാരിയുടെ സകല ലക്ഷണങ്ങളും ഉണ്ട്.

എന്റെ നേത്രങ്ങള്‍ അവളുടെ മുഖത്ത് ഉടക്കിനിന്നു. കാന്തത്തിന്റെ ആകര്‍ഷണത്വമുള്ള ആ കടമിഴികള്‍ ഏതോ പ്രേമകഥകള്‍ പറയുവാന്‍ വെമ്പുന്നതുപോലെ തോന്നി
പെട്ടെന്ന് പിറകില്‍ ചീറിപ്പാഞ്ഞുവന്ന ഒരു ബസിന്റെ തുടരെ ഉള്ള ഹോണ്‍ ശബ്ദം. സൈഡ് കൊടുക്കാനായി ഞാന്‍ സ്‌കൂട്ടര്‍ ഒരു വശത്തേക്ക് വെട്ടിത്തിരിച്ചു.
അടുത്ത നിമിഷം

പ്‌ളാഷ് പ്‌ളാഷ് ശബ്ദത്തോടെ റോഡിലെ ചെളിവെള്ളം ആ സുന്ദരിയുടെ വസ്ത്രങ്ങളില്‍ തെറിച്ച് വീണു. ശാലീനസുന്ദരമായ മുഖത്ത് ഒരു കാളിമ പരന്നു. ഇപ്പോള്‍ പൊട്ടിക്കരയും എന്ന് തോന്നി. ഏതോ മഹാപരാധം ചെയ്തവനെ പോലെ ഞാന്‍ വല്ലാതായി

വഴിയില്‍ പോകുന്ന പെണ്‍കുട്ടികളെ പ്രത്യേകിച്ചും അവര്‍ കാണാന്‍ കൊള്ളാവുന്നവര്‍ ആണെങ്കില്‍ അലക്ഷ്യമായി വാഹനമോടിച്ച് അവരെ ചെളിവെള്ളത്തില്‍ കുളിപ്പിക്കുന്നതില്‍ ആത്മവിര്‍വൃതി കണ്ടെത്തുന്ന വിടന്‍മാരായ ചിലര്‍ സമൂഹത്തില്‍ ഉണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ഒരാളായി അവള്‍ തന്നെ കണക്കാക്കി കാണുമോ ?

വണ്ടി നിര്‍ത്തി ഞാന്‍ താഴെയിറങ്ങി
” ക്ഷമിക്കണം. അറിയാതെ സംഭവിച്ച് പോയതാണ് ”
”നെവര്‍ മൈന്റ് ”

ശോകരസത്തിന്റെ പരിവേഷമണിഞ്ഞിരുന്ന അവളുടെ മുഖം പെട്ടെന്ന് പ്രസന്നമായി. ഒരു ചെറുമന്ദഹാസത്തോടെ അവള്‍ മെല്ലെ നടന്നകന്നു
എത്ര നല്ല പെണ്‍കുട്ടി. കുലീനമായ പെരുമാറ്റം. ഓഫീസില്‍ എത്തിയിട്ടും അവളെക്കുറിച്ചായിരുന്നു ചിന്ത മുഴുവന്‍.

മേശപ്പുറത്തെ സ്ഫടികപേപ്പര്‍ വെയിറ്റിനുള്ളില്‍ നാണത്തില്‍ പൊതിഞ്ഞ അവളുടെ മുഖം സങ്കല്‍പ്പത്തില്‍ ദര്‍ശിച്ച് സായൂജ്യമടഞ്ഞു. ഫയലുകള്‍ ഒന്നും തന്നെ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. എത്രയും വേഗം അഞ്ച് മണിയായാല്‍ മതിയായിരുന്നു. നിമിഷങ്ങള്‍ക്ക് ദിവസങ്ങളുടെ ദൈര്‍ഘ്യമാണെന്ന് തോന്നി.

റൂമിലെത്തിയതോടെ കൂടുതല്‍ അസ്വസ്ഥനായി പേരിന് അത്താഴം കഴിച്ചുവെന്ന് വരുത്തി. ബെഡില്‍ പോയി കിടന്നു. പക്ഷേ എന്ത് പ്രയോജനം. നിദ്രാദേവി അനുഗ്രഹിച്ചില്ല.

കണ്ണടയ്ക്കുമ്പോഴെല്ലാം ആ പെണ്‍കുട്ടിയുടെ വശ്യമായ മന്ദസ്മിതം മനോമുകുരത്തില്‍ തെളിഞ്ഞ് വരും. അടുത്ത ദിവസം അവളെ കൂടുതല്‍ പരിചയപ്പെടണം.വിവരങ്ങളെല്ലാം തിരക്കി അറിയണം. ഞാന്‍ നിശ്ചയിച്ചു.. സൂര്യോദയം വരെ എന്റെ മനസില്‍ അസ്വസ്ഥതയുടെ കടലിരമ്പുകയായിരുന്നു

പിറ്റേദിവസം അവള്‍ക്കുവേണ്ടി വഴിവക്കില്‍ ഞാന്‍ കാത്ത് നിന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അകലെ നിന്ന് അവള്‍ നടന്നടുക്കുന്നത് കണ്ടു. എന്റെ ഹൃദയം വല്ലാതെ തുടിച്ചു.
അടുത്തുവന്നപ്പോള്‍ ഞാന്‍ പരിചയഭാവം കാണിച്ച് ഒരു ചിരി സമ്മാനിച്ചു
അനുകൂലമായ പ്രതികരണം. അവളും ചിരിച്ചൂ. ഹാവൂ ആശ്വാസമായി

”എന്താ പേര് ”
”സീത ”
നല്ല പേര് നന്ദഗോപന്‍ വിത്ത് സീത. കൊള്ളാം ഞാന്‍ മനസില്‍ പറഞ്ഞു
” എവിടാ പഠിക്കുന്നേ ?”
” ശ്രീ നാരായണ കോളേജില്‍ ”
” ഏതാ സബ്ജക്ട് ? ”
” ഹ്യുമാനിറ്റീസ് ”
”ഏത് ഇയറാ ? ”
” സെക്കന്റ് ഇയര്‍ ”
” പോട്ടെ സമയമായി ”–തെല്ലു പരിഭ്രമത്തോടെ ചുറ്റും കണ്ണോടിച്ചിട്ട് അവള്‍ മുന്നോട്ട് നടന്നു
ഞാന്‍ തൃപ്തനായി. ജന്‍മസാഫല്യം കൈവന്ന പ്രതീതി. അന്ന് എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഓഫീസില്‍ അന്ന് എന്റെ വകയായിരുന്നു ചായസല്‍ക്കാരം

തുടര്‍ന്ന് പല ദിവസങ്ങളിലും അവളെ കണ്ടുമുട്ടി. നാള്‍ക്ക് നാള്‍ ആ സൗഹൃദബന്ധം വളര്‍ന്ന് വന്നു.ഒടുവിലത് അനിവാര്യമായ പ്രേമബന്ധത്തില്‍ എത്തി നില്‍ക്കുകയും ചെയ്തു.

സീതയുടെ ഒരു പുഞ്ചിരിക്കുവേണ്ടി കടാക്ഷത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. ഈ ലോകം തന്നെ ഒരു പെണ്‍കുട്ടിയിലേക്ക് ചുരുങ്ങിനില്‍ക്കുന്നതായി എനിക്ക് തോന്നി
സീതയുടെ നിര്‍ദേശപ്രകാരം ഓഫീസില്‍ പോകാതെ ലീവെടുത്ത് എത്രയെത്ര ദിനങ്ങളാണ് അവള്‍ക്കൊപ്പം റെസ്റ്റോറന്റുകളിലും ഐസ്‌ക്രീം പാര്‍ലറുകളിലും സിനിമാശാലകളിലും അലഞ്ഞ് തിരിഞ്ഞിട്ടുള്ളത് എന്ന് ഞാന്‍ ഓര്‍ക്കുകയാണ്. അവളുടെ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. കൂടെ കൂടെ ലീവ് എടുക്കുന്നത് കണ്ട ഓഫീസര്‍ ശകാരിച്ചു
” മിസ്റ്റര്‍, നന്ദഗോപന്‍ ഈയിടെയായി നിങ്ങള്‍ പലപ്പോഴും അവധി തന്നെയാണല്ലോ. എന്താ കാര്യം, ഫയലുകള്‍ ഒന്നും തന്നെ ശരിയായി നീങ്ങുന്നില്ല. വര്‍ക്ക് സഫര്‍ ചെയ്യുന്നു. ഇതൊട്ടും ശരിയല്ല. മേലാല്‍ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കെതിരേ അച്ചടക്കനടപടി എടുക്കേണ്ടിവരും ”
അതെല്ലാം ഞാന്‍ അവഗണിച്ചു. എനിക്ക് എല്ലാം എന്റെ സീത മാത്രമായി
” ഗോപേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഈ സീത അങ്ങയുടേത് മാത്രമാണ്. ഈ ജന്‍മത്തില്‍ ചേട്ടനെയല്ലാതെ മറ്റൊരു പുരുഷനെക്കുറിച്ച് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല ”
എന്ന് പറഞ്ഞ അവളുടെ വാക്കുകളെ വിശ്വസിച്ചു എന്ന ഒരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവളുടെ വിവാഹം. ഡോക്ടര്‍ രമേശായിരുന്നു അവളെ മിന്ന് കെട്ടിയ ഭാഗ്യവാന്‍. ക്ഷണക്കത്ത് തരാന്‍ അവള്‍ ഓഫീസില്‍ വന്നിരുന്നു. ഈ കല്യാണം നടന്നില്ലെങ്കില്‍ അവളുടെ വലിയ ജാതിപ്രമാണിയായ അച്ഛന്‍ തൂങ്ങിച്ചാകും എന്ന് പറഞ്ഞത്രെ. നുണയാണ്. പഠിച്ച കള്ളി.

അവളെ മനസില്‍ നിന്ന് പൂര്‍ണ്ണമായും പറിച്ച് കളയാന്‍ എനിക്ക് കഴിയുന്നില്ല. ഈ കഥകളൊക്കെ വൈകുന്നേരം രമയെ കാണുമ്പോള്‍ തുറന്ന് പറയാന്‍ ഞാന്‍ തീരുമാനിച്ചു. എല്ലാം കേട്ടിട്ട് അവള്‍ തീരുമാനിക്കട്ടെ എന്നെ വിവാഹം കഴിക്കണമോ വേണ്ടയോ എന്ന്.
ടക് ടക് വാതിലില്‍ മുട്ട് കേള്‍ക്കുന്നു. അമ്മയായിരിക്കും. ഗോവിന്ദന്‍ മാമയുടെ വീട്ടില്‍ പോകാന്‍ വിളിക്കുന്നതാണ്

വാതില്‍ തുറന്നു. അദ്ഭുതം! രമയാണ്, അവളങ്ങ് വളര്‍ന്ന് വലിയ പെണ്ണായിരിക്കുന്നു. ഹാഫ് സാരിയും ബ്ലൗസുമാണ് വേഷം. ആരു കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന സൗന്ദര്യധാമം. അവള്‍ ഉറക്കെ ചിരിക്കുകയാണ്. കയ്യില്‍ കരുതിയിരുന്ന പായസ ഗ്ലാസ് എന്റെ നേര്‍ക്ക് നീട്ടിക്കൊണ്ട് അവള്‍ പറയുകയാണ്
” പെണ്ണ് കാണലിന് പകരം ഞാന്‍ ഇങ്ങോട്ട് വന്ന് ഒരു ആണുകാണല്‍ ചടങ്ങ് നടത്താം എന്ന് കരുതി. ഗോപേട്ടന് ബുദ്ധിമുട്ടായോ, ഇനീപ്പം ലേശം ബുദ്ധിമുട്ടായാച്ചാലും നിക്കൊന്നൂല്യാ ”
മിഴിങ്ങസ്യാന്ന് മിഴിച്ച് നില്‍ക്കുന്ന എന്നോട് അവള്‍ പറയുകയാണ്

” ഇതെന്ത് നില്‍പാ ഗോപേട്ടാ ഷേവും ചെയ്യാതെ താടിയും വളര്‍ത്തി. ഇതു കണ്ടാല്‍ ഗോപേട്ടനെ ഏതോ ഒരു പെണ്ണ് പറ്റിച്ച് കടന്ന് കളഞ്ഞതുപോലെ ഉണ്ടല്ലോ ”
ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ മനസില്‍ സീതയുടെ സ്ഥാനത്ത് രമയെ പ്രതിഷ്ഠിക്കുകയായിരുന്നു

( സമാപ്തം )
പിന്‍കുറിപ്പ്– പ്രണയനഷ്ടം സംബന്ധിച്ച രണ്ട് കഥകള്‍ ഈ മാസം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത് തികച്ചും യാദൃശ്ചികം മാത്രം.

സ്‌നേഹപൂര്‍വ്വം
ഗിരീഷ് നമശിവായം ( 2019 സെപ്റ്റംബർ 25 )

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts