ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള ഈ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ സിനിമ എന്റെ ശ്രദ്ധയില്‍ വന്നിരുന്നു. ആരുടെയും ശ്രദ്ധ കവരുന്ന ക്യൂട്ടായ ഒരു പേരാണ് ഇത്. സിനിമയില്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ സംവിധായകരുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ഫോണിലൂടെ ഒരു ആശംസ എങ്കിലും പറയുകയും ചെയ്യുക എന്നുള്ളത് എന്റെ ശീലമാണ്. പലപ്പോഴും നമ്പര്‍ കിട്ടാനുള്ള ശ്രമം തന്നെ പാളിപ്പോകാറാണ് പതിവ്. അഥവാ കിട്ടിയാലും തിരക്കില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. അവരുടെ കുറ്റമല്ല. ചാന്‍സ് തേടി വിളിക്കുന്ന അണ്‍നോണ്‍ നമ്പറുകള്‍ എടുക്കേണ്ട കാര്യം അവര്‍ക്കില്ല.
എന്നാല്‍ അമ്മിണിപ്പിള്ളയുടെ സംവിധായകനായ ദിന്‍ജിത്ത് അയ്യത്താന്റെ മൊബൈല്‍ നമ്പര്‍ എന്റെ സുഹൃത്തായ ദീപക് എളുപ്പത്തില്‍ സംഘടിപ്പിച്ച് തന്നു. എന്നാല്‍ അതില്‍ വിളിച്ചിട്ട് ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ആരും എടുക്കുന്നില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയമാണ്. ഞാന്‍ അറ്റകൈക്ക് ജി ഫോര്‍ ജീനിയസ് എന്ന എന്റെ വെബ് അഡ്രസ് മാത്രം മെസേജ് അയച്ച് കാള്‍ മി എന്ന് കൂടി എഴുതി.
വണ്ടര്‍ഫുള്‍. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ച് വിളിച്ചു. എന്നിട്ട് ചിരപരിചിതനായ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിച്ചു. സൈബര്‍ ലോകത്തെ എന്റെ പുതിയ മേല്‍വിലാസത്തിന്റെ ശക്തി എനിക്ക് ബോധ്യപ്പെടുത്തി തന്ന സംഭവം ആയിരുന്നു അത്. പിന്നീട് പലപ്പോഴും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്റെ ബ്ലോഗും സിനിമയും ഒക്കെ ഞങ്ങള്‍ക്കിടയിലെ ചര്‍ച്ചകളായി.
അങ്ങനെയിരിക്കേ കക്ഷി അമ്മിണിപ്പിള്ള ജൂണ്‍ റിലീസായി നിശ്ചയിച്ചു. മിക്കവാറും ജൂണ്‍ 21 തന്നെയാകും റിലീസ്. പതിമൂന്നാംതീയതി ആ സിനിമയുടെ കാര്യത്തിന് വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ വന്ന ദിന്‍ജിത്തേട്ടന്‍ എന്റെ ക്ഷണം സ്വീകരിച്ച് കൈമനം ആഴാങ്കല്‍ ഉള്ള എന്റെ വാടകവീട്ടിലേക്ക് വന്നു ( അതെ ജൂണ്‍ 9 ന് ഞങ്ങള്‍ ഒരു വാടകവീട്ടിലേക്ക് മാറിയിരുന്നു ). വെറും ഒരു സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നു ഉദ്ദേശ്യം.
ഒരു ഇന്റര്‍വ്യൂ നടത്തിയാലോ എന്ന ആശയം പെട്ടെന്ന് രൂപപ്പെട്ടു. സുഹൃത്തായ ക്യാമറാമാനെ വിളിച്ചുവരുത്തി. പെട്ടെന്നായതുകൊണ്ട് മൈക്ക് ഒന്നും സെറ്റ് ചെയ്തില്ല. ലൈവ് റെക്കോര്‍ഡിങ് ആയിരുന്നു. ദിന്‍ജിത്തേട്ടന് പൊതുവേ സൗണ്ട് ഇത്തിരി കുറവാണ്. ഞാനും ആദ്യമായി ഒരാളെ ഇന്റര്‍വ്യൂ നടത്തുന്നതിന്റെ നെര്‍വസ്‌നെസിലായിരുന്നു. ഞാന്‍ പറഞ്ഞ് വന്നത് ഈ വീഡിയോയുടെ ടെക്‌നിക്കല്‍ ക്വാളിറ്റി അല്‍പം മോശമായാലും യഥാര്‍ത്ഥ കണ്ടന്റ് ഗുണനിലവാരം വളരെ വലുതാണ്. 2009 ല്‍ പൂനെയിലെ ആനിമേഷന്‍ സ്റ്റുഡിയോയില്‍ ആനിമേഷന്‍ ഡൈറക്ടറായി ഭാര്യക്കും ഭര്‍ത്താവിനും ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സാഹചര്യത്തില്‍ ആ സേഫ് സോണില്‍ നിന്ന് കൊണ്ട് സിനിമ എന്ന സ്വപ്നത്തിന് വേണ്ടി ജോലി ഉപേക്ഷിച്ച കഥയാണ് ദിന്‍ജിത്തേട്ടന് പറയാനുണ്ടായിരുന്നത്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒരു സിനിമ എടുക്കാന്‍ കഴിഞ്ഞത്. ആ അതിജീവനത്തിന്റെ കഥയാണ് ഈ അരമണിക്കൂര്‍ യൂടൂബ് വീഡിയോയിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നത്.
തലശ്ശേരിയുടെ തനത് ഭാഷയാണ് ഈ സിനിമ സംസാരിക്കുന്നത്. ബിടെക്, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഉയരെ ഇപ്പോള്‍ വൈറസ്, ആസിഫ് അലി തുടര്‍വിജയങ്ങളുടെ പ്രഭയില്‍ നില്‍ക്കുമ്പോഴാണ് കക്ഷി അമ്മിണിപിള്ള റിലീസ് ആകുന്നത് എന്നത് സിനിമയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. പ്രദീപന്‍ മഞ്ഞോടി എന്ന യുവഅഭിഭാഷകനെയാണ് ആസിഫ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. കോടതിയില്‍ കേസുകള്‍ വാദിക്കുന്നതിനേക്കാള്‍ ഈ കഥാപാത്രത്തിന് താല്‍പര്യം രാഷ്ട്രീയമാണ്. ഒരിക്കല്‍ പ്രദീപന്‍ മഞ്ഞോടിക്ക് ലഭിച്ച ഒരു അണ്‍യൂഷ്വല്‍ കേസ് ആണ് കക്ഷി അമ്മിണിപ്പിള്ളയുടേത്. അമ്മിണിപിള്ളയുടെ വളരെ ക്യൂട്ട് ആയ വേഷം ചെയ്യുന്നത് സാള്‍ട്ട് ആന്റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഹമ്മദാണ്.
വളരെ കര്‍ശനമായ സാമ്പത്തിക അച്ചടക്കത്തില്‍ ആണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ സബ്ജക്ട് ആവശ്യപ്പെടുന്ന എല്ലാ വിഷ്വല്‍ റിച്ച്‌നെസ്സും ഉള്‍പ്പെടുത്തിയിരുന്നു. പ്രീപ്രൊഡക്ഷനില്‍ വ്യക്തമായ സ്റ്റോറിബോര്‍ഡ് വളരെ ഡീറ്റെയില്‍ഡായി തന്നെ തയ്യാറാക്കിയിരുന്നു. ആനിമേഷന്‍ ഡൈറക്ടര്‍ എന്ന നിലയിലുള്ള ദില്‍ജിത്തിട്ടേന്റെ വിജ്ഞാനം ഇത്തരത്തില്‍ സ്റ്റോറിബോര്‍ഡ് ഉണ്ടാക്കാന്‍ സഹായിച്ചു. അതുകൊണ്ട് 50 ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് 38 ദിവസം കൊണ്ട് തീര്‍ന്നു. ഇത് നിര്‍മ്മാണചിലവ് വളരെ കുറയ്ക്കുകയും ചെയ്തു.
ഈ അഭിമുഖം കുറെയേറെ കാര്യങ്ങള്‍ എനിക്ക് മനസിലാക്കിത്തന്നു. ഒന്നാമതായി ഞാനൊന്നും ഒന്നുമല്ല. ഞാന്‍ മൂന്നുവര്‍ഷമായി ഒരു തിരക്കഥ എഴുതിവെച്ചിരിക്കുന്നു. അത്രമാത്രം. ഈ മൂന്ന് വര്‍ഷവും എന്റെ ജോലിക്ക് ഞാന്‍ പോയിരുന്നു. അതായത് എനിക്ക് പ്രൈം ഇമ്പോര്‍ട്ടന്‍സ് എന്നും ജോലി മാത്രമായിരുന്നു. ഇവിടെ ദില്‍ജിത്തേട്ടന്റെ പത്ത് വര്‍ഷത്തെ അലച്ചില്‍ കണ്ട് ജോലി ഉപേക്ഷിക്കണം എന്നല്ല ഞാന്‍ പറയുന്നത് ( അല്ലെങ്കില്‍ തന്നെ വീട്ടുകാര്‍ ഭയാശങ്കയിലാണ് ) ഞാന്‍ കുറച്ചുകൂടി ശ്രദ്ധ സിനിമയുടെ കാര്യത്തില്‍ കാണിക്കണം. ചില ആളുകളുടെ അപ്പോയിന്റ്‌മെന്റിനായി ശ്രമിക്കുമ്പോള്‍ അവരെ എത്രനാളും പിന്തുടരണം. ചിലപ്പോള്‍ മാസങ്ങള്‍ ആയാലും. അല്ലാതെ ജോലിയൊന്നും ഉപേക്ഷിക്കില്ല.
വിദൂരഭാവിയില്‍ മൂവിപ്രൊമോഷന്‍ ചെയ്യണം എന്ന ഒരു ഉദ്ദേശ്യം ജിഫോര്‍ ജീനിയസ് എന്ന ഈ യൂടൂബ് ചാനലിന് ഉണ്ട്. എന്നാല്‍ ഈ അഭിമുഖവും ബ്ലോഗിലെ ഈ ലേഖനവും അതിന്റെ ഭാഗമല്ല. അതിനും മാത്രം സബ്‌സ്‌ക്രൈബേഴ്‌സ് ആയിട്ടില്ല. മാത്രമല്ല ഒരു യൂടൂബ് ചാനല്‍ സജീവമായി നടത്തിക്കൊണ്ട് പോകണമെങ്കില്‍ ഒരു എന്‍ട്രി ലവല്‍ ക്യാമറ എങ്കിലും വേണം. കൂടാതെ എഡിറ്റിങും സ്വയം ചെയ്യാന്‍ കഴിയണം. എനിക്ക് ഇത് ഒരു പാഷന്‍ ആയതുകൊണ്ട് ഇതുവരെ ഉള്ള വീഡിയോസ് ക്യാമറ വാടകയ്ക്ക് എടുത്ത് ഞാന്‍ ചെയ്തു. ഇനി ഈ മാസം മുതല്‍ വാടകവീട്ടില്‍ ആണ് താമസം. ചിലവും കൂടിവരുന്നു. അതുകൊണ്ട് തന്നെ ക്യാമറ വാങ്ങിയതിന് ശേഷം മാത്രമേ ഞാന്‍ യൂടൂബില്‍ സജീവമായി കാണുകയുള്ളൂ. അതുപോലെ പ്രീമിയര്‍ എന്ന എഡിറ്റിങ് സോഫ്റ്റ് വെയര്‍ പഠിച്ച് എടുക്കാനുള്ള ശ്രമത്തിലുമാണ്.
ഇത് വായിക്കുന്ന എല്ലാവരും എന്റെ യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ആ അഭിമുഖം കാണണം. വലിയ ഒരു മോട്ടിവേറ്റിങ് സ്റ്റോറി ആണ് ദില്‍ജിത്തേട്ടന്റേത്. മൈക്ക് ഒന്നും ഇല്ലതെ അണ്‍പ്രൊഫഷണല്‍ ആയി ലൈവ് റിക്കാര്‍ഡിങോടെ ചിത്രീകരിച്ചതിലെ അപാകതകള്‍ ക്ഷമിക്കണം എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. വീണാലേ നടക്കാന്‍ പഠിക്കൂ എന്ന് പറയുന്നതുപോലെ തെറ്റ് സംഭവിച്ചാലേ ഭാവിയിലെ ശരികളിലേക്ക് എത്തിച്ചേരുകയുള്ളൂ.
കമന്റ് , ഷെയര്‍ ആന്റ് സപ്പോര്‍ട്ട് അസ്.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

