ചെറുകഥ –സാത്താന്റെ പ്രലോഭനം
www.gforgenius.in
കോരന്‍ എന്നും രാവിലെ പരപരാന്ന് വെളുക്കുന്ന നേരത്ത് എഴുന്നേല്‍ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് പണിക്ക് പോകുമ്പോള്‍ ഉടുക്കുന്ന നീളം കുറഞ്ഞ മുണ്ട് എടുത്ത് ഉടുക്കും. പാടത്തെ മണ്ണിന്റെ നിറമാണ് ആ മുണ്ടിന്. കോളറില്ലാത്ത മുറിക്കൈയ്യന്‍ ഷര്‍ട്ടുമിട്ട് അയാള്‍ അടുക്കളയിലേക്ക് ചെല്ലും. ചക്കി തലേന്നത്തെ കഞ്ഞിവെള്ളവും കുറച്ച് വറ്റും മണ്‍കലത്തില്‍ അടച്ച് വെച്ചിരിക്കും. തലേന്ന് കുട്ടികള്‍ കഴിച്ചിട്ട് ബാക്കി വല്ലതും ഉണ്ടെങ്കിലേ ആ പഴങ്കഞ്ഞിയില്‍ വറ്റ് കാണുകയുള്ളൂ. അല്ലെങ്കില്‍ വെറും കഞ്ഞിവെള്ളം മാത്രം. ആ പഴങ്കഞ്ഞി ഒരു മുളകും കടിച്ചുകൂട്ടി കുടിക്കും. എന്നിട്ട് തന്റെ കൈക്കോട്ടും മണ്‍വെട്ടിയും എടുത്ത് ഒരു പാളക്കുട ഒക്കെ വെച്ച് വയലിലേക്ക് പോകും. അപ്പോള്‍ കുട്ടികള്‍ ഉണര്‍ന്നിട്ടുണ്ടാവില്ല.
വയലില്‍ കോരനെ കൂടാതെ കണ്ടനും മറ്റ് എല്ലാ ചെറുമന്‍മാരും അതിരാവിലെ എത്തും. പിന്നെ എല്ലാവരും കൂടി ഒരുമിച്ച് ഒരേ താളത്തിലുള്ള പണിയാണ്. കണ്ടം പൂട്ടല്‍, വരമ്പ് കോരല്‍, വിത്ത് വിതയ്ക്കല്‍, ഞാറുനടീല്‍, കള പറിയ്ക്കല്‍ , വിളവ് കൊയ്യല്‍ എന്നിങ്ങനെ വര്‍ഷത്തില്‍ എല്ലാ കാലത്തും പണി കാണും. നാഴി നെല്ലാണ് കൂലിയായി കിട്ടുക.. അത് ചക്കിപ്പുലയി ചൂടാക്കി കുത്തി അരിയാക്കി കുട്ടികള്‍ക്ക് കഞ്ഞി വെച്ച് കൊടുക്കും. വറ്റ് ബാക്കിയുണ്ടെങ്കില്‍ പിറ്റേന്ന് കോരനുള്ള പഴങ്കഞ്ഞിയില്‍ ഇട്ടുവെയ്ക്കും. ഇതാണ് കോരന്റെ ദിനചര്യ.
അങ്ങനെ കീഴാളജീവിതം അര്‍ധ ദാരിദ്യത്തില്‍ കടന്ന് പോയിക്കൊണ്ടിരുന്ന സമയം. കാലവര്‍ഷം കനത്തു. ഇത്തവണ മഴ കുറച്ച് കൂടുതല്‍ ആണ്. മിഥുനം തൊട്ട് തുടങ്ങിയ മഴ പഞ്ഞക്കര്‍ക്കിടകം ആയപ്പോഴേക്ക് അതിന്റെ ഉച്ചസ്ഥായിയിലെത്തി. മഴയായാല്‍ വയലില്‍ പണിയുണ്ടാവില്ല. കുറച്ച് നെല്ല് ജന്‍മിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയത് കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്നു. അത് തീര്‍ന്നതില്‍ പിന്നെ കരിമ്പട്ടിണിയാണ്. ഒന്നുരണ്ട് ദിവസം വാഴമാണം വെട്ടിയരിഞ്ഞ് വേവിച്ച് കഴിച്ചു. ഒരു ദിവസം അയണിച്ചക്ക കുരു വറുത്ത് കഴിച്ചു. കുട്ടികള്‍ക്ക് അതൊന്നും ഇഷ്ടമല്ല. അവര്‍ കഞ്ഞിയേ കുടിക്കൂ. ഇളയചെറുമന് രണ്ടരവയസ് ആയതേ ഉള്ളൂ. അവന് ഒരാഴ്ചയായിട്ട് മുലപ്പാല്‍ മാത്രമാണ് ആഹാരം. മുലപ്പാല്‍ തീരെ ഇല്ല. എന്നിട്ടും അവന്‍ വലിച്ച് കുടിക്കുകയാണ്. വല്ലതും കഴിച്ചാലെല്ലേ മുലപ്പാല്‍ ഉണ്ടാകുകയുള്ളൂ. ദാരിദ്യം, പട്ടിണി, കരിമ്പട്ടിണി. പുറത്ത് തോരാമഴ.
വിശപ്പ് കാരണം കോരന്‍ ക്ഷീണിച്ച് ഉറങ്ങിപ്പോയി. പെട്ടെന്നായിരുന്നു വാതിലില്‍ മുട്ടു കേട്ടത്. ഉറക്കത്തിന്റെ സുഖാലസ്യം വിട്ടുപോയിരുന്നില്ല. എങ്കിലും അയാള്‍ ആകെ ഒന്ന് പരിഭ്രമിച്ചു. ആരാകും ഈ പാതിരാനേരത്ത് . അയാള്‍ എഴുന്നേറ്റ് ഗേറ്റ് തുറന്നതും ഉഗ്രതേജസ്വിയായ രൂപം. അയാള്‍ക്ക് ഭയവും ആശ്ചര്യവും ഉണ്ടായി. താനെന്നും മുന്നില്‍ നെയ്ത്തിരി കത്തിക്കുന്ന ചിത്രത്തിലെ അതേ രൂപം.
നീ ഭയപ്പെടേണ്ട. ഞാന്‍ നിന്റെ ദൈവമാണ്. എനിക്ക് വല്ലാതെ വിശക്കുന്നു.ഭക്ഷണം എന്തെങ്കിലും കഴിക്കുവാന്‍ തരണം. വിശപ്പ് അത്രയ്ക്കുണ്ട്
അയാള്‍ അടുക്കളയില്‍ പോയി നോക്കിയിട്ട് നിരാശനായി മടങ്ങി വന്നു. എന്നിട്ട് ഇവിടെ ഒന്നുമില്ല എന്ന് പറഞ്ഞു.
കഴിഞ്ഞ കുറേ ദിവസമായി പെയ്തുകൊണ്ടിരിക്കുന്ന തോരാമഴ കാരണം വയലുകളിലെല്ലാം വെള്ളം കയറി ജോലിയില്ലാതെ ഞങ്ങള്‍ മുഴുപ്പട്ടിണിയിലാണ്. എന്റെ അച്ഛനും അമ്മയും അപ്പുറത്തെ മുറിയില്‍ വിശന്ന് അവശരായി കിടക്കുകയാണ്. കുട്ടികള്‍ പോലും ഒരാഴ്ചയായിട്ട് ഒന്നും കഴിച്ചിട്ടില്ല.
അപ്പോള്‍ ദൈവം പറഞ്ഞു. — ഹേ മനുഷ്യാ നീ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് എന്തിന്. പോരുന്നോ നീ എന്റെ കൂടെ. ഞാന്‍ നിന്നെ സ്വര്‍ഗ്ഗത്തിലെ ദാസനാക്കാം , നീ ആലോചിക്ക്
ദൈവം അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. അയാള്‍ സംശയിച്ചു നിന്നു.
കോരന്‍ വാതിലടച്ച് കിടന്നു. ഒന്ന് മയങ്ങിയതേ ഉള്ളൂ. വീണ്ടും വാതിലില്‍ മുട്ട് കേട്ടു. ആരായിരിക്കും. അയാള്‍ എഴുന്നേറ്റ് കതക് തുറന്നു,
ഹൊ എന്തൊരു ബീഭത്സ രൂപം . അയാള്‍ ഭയന്ന് പിറകോട്ട് മാറി
ഞാന്‍ സാത്താനാണ്. എനിക്ക് ഭക്ഷണം വേണം. ഭയങ്കരവിശപ്പ് . വേഗം വേണം. എടുത്ത് കൊണ്ട് വാ
കോരന്‍ സാത്താന്റെ രൂപം കണ്ട് പേടിച്ച് വിറച്ച് കൊണ്ട് പറഞ്ഞു.
ഇവിടെ ഭക്ഷണം ഒന്നുംതന്നെയില്ല. ദിവസങ്ങളായി പെയ്യുന്ന മഴ മൂലം പാടത്ത് ജോലിയില്ലാതായി. ഞാനും എന്റെ മാതാപിതാക്കളും മുഴുപ്പട്ടിണിയിലാണ്.
അപ്പോള്‍ സാത്താന്‍ അട്ടഹസിച്ചു
ഹ ഹ ഹ എടോ വിഡ്ഢിയായ മനുഷ്യാ. നീയിവിടെ കഷ്ടപ്പെട്ട് ജീവിക്കുന്നതെന്തിന് . ഈ ഭുമിയിലെ സകല സുഖഭോഗങ്ങളും മനുഷ്യനുള്ളതാണ്. അതിനെല്ലാം അവസരം ഞാന്‍ ഉണ്ടാക്കിത്തരാം. നീ എന്റെ കൂടെ വന്നാല്‍ നിന്നെ ഞാന്‍ നരകത്തിലെ രാജാവാക്കാം
ഇത്രയും പറഞ്ഞ് സാത്താന്‍ നേരേ തിരിഞ്ഞ് നടന്നു. ഇത്തവണ കോരന് സംശയം ഒന്നും ഉണ്ടായില്ല. അയാളും സാത്താനെ അനുഗമിച്ചു
പിന്നീടുള്ള കോരന്റെ ജീവിതം ദുഷ്പ്രവൃത്തികളുടെ ഒരു പടയോട്ടം തന്നെ ആയിരുന്നു. അന്നുവരെ സാത്വിക പ്രവൃത്തികളായിരുന്നു എങ്കില്‍ ഇപ്പോള്‍ അതിന് നേര്‍ വിപരീതം. വയലില്‍ പണിക്ക് പോകുന്നത് സ്റ്റാറ്റസിന് കുറവായി തോന്നിയ കോരന്‍ പണിക്ക് പോകുന്നത് നിര്‍ത്തി. പകരം പുഴയില്‍ മണല്‍ വാരാന്‍ പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ലോറി വാടകയ്ക്ക് എടുത്ത് മ ണലിന്റെ കള്ളക്കടത്ത് തുടങ്ങി. താമസിയാതെ മൂന്നാല് ലോറികളുടെയും ടിപ്പറുകളുടെയും ഉടമസ്ഥനായി കോരന്‍ മാറി. കുന്നുകള്‍ വാങ്ങി ഇടിച്ച് നിരത്തി വയലുകളില്‍ മണ്ണ് ഇട്ട് നികത്തി അവിടെ അംബരചുംബികളായ ഹോട്ടലുകളും ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും കെട്ടിപ്പൊക്കി. ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി കൊടുത്ത് കൂടെ നിര്‍ത്തി. പരിസ്ഥിതിവാദികളുടെ എതിര്‍പ്പിനെ കൈയ്യൂക്ക് കൊണ്ട് അടിച്ചമര്‍ത്തി.
ചക്കിയുടെയും കുട്ടികളുടെയും ദാരിദ്ര്യം എല്ലാം മാറി. എല്ലാവരും കോരനെ കോരന്‍ മുതലാളി എന്ന് വിളിച്ചു. ഭൂപരിഷ്‌കരണം വന്നതോടെ സുഭിക്ഷതയില്‍ നിന്നും ദാരിദ്യത്തിലേക്ക് കൂപ്പ് കുത്തിയ പഴയ ജന്‍മി ഇപ്പോള്‍ കോരന്‍മുതലാളിയുടെ ആശ്രിതനാണ്. സുഖഭോഗങ്ങളുടെയും സമ്പത്തിന്റെയും പിറകേ ഒരു യാഗാശ്വത്തേ പോലെ പായുകയായിരുന്നു അയാള്‍
സമാപ്തം
പിന്‍കുറിപ്പ്– സാത്താന്റെ പ്രലോഭനത്തില്‍ അകപ്പെട്ട് പശ്ചിമഘട്ടത്തിലെ കുന്നുകളെ നഗ്നമാക്കിയ അസംഖ്യം കോരന്‍മാരുടെ സൃഷ്ടിയാണ് ഈ മാസം മണ്‍സൂണ്‍ മഴയോട് അനുബന്ധിച്ച് സംഭവിച്ച പ്രളയവും ഉരുള്‍ പൊട്ടലും അനുബന്ധ ദുരന്തങ്ങളും. പരോക്ഷമായി നമുക്ക് ഓരോരുത്തര്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് പകരം പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനാണ് നാം ശീലിച്ചത്.നമുക്ക് വീട് വെക്കാന്‍ ചെങ്കല്ലും മെറ്റലും പാറയും എല്ലാം ക്വാറികളില്‍ നിന്ന് ലഭിച്ചു. മുറ്റത്ത് വീഴുന്ന വെള്ളം പോലും ഭൂമിക്കടിയിലേക്ക് താഴാന്‍ അനുവദിക്കാതെ നാം മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി സുന്ദരമാക്കി. വയല്‍ നികത്തി നാം വീട് വെച്ചു. നാട്ടില്‍ വികസനം വന്നപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങളും പാലങ്ങളും മറ്റ് വലിയ നിര്‍മ്മിതികളും ആവശ്യമായി വന്നു. ഇതിനെല്ലാം വേണ്ട പാറ നല്‍കിയത് അനധികൃതമായും അധികൃതമായും പ്രവര്‍ത്തിച്ച പാറമടകളാണ്. ഒടുവില്‍ നല്ല വീടും നാട്ടില്‍ ആധുനികസൗകര്യങ്ങളും ഒക്കെ ആയപ്പോള്‍ നമ്മള്‍ കറതീര്‍ന്ന പരിസ്ഥിതിവാദികളായി മാറി. ഇപ്പോള്‍ നമ്മള്‍ പാറമടകളെ വിമര്‍ശിച്ചും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തിയും ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു. എന്തൊരു വിരോധാഭാസം അല്ലേ.
To get my website search www.gforgenius.in
ഇപ്പോള്‍ അണുകുടുംബങ്ങള്‍ ആണല്ലോ. മൂന്നോ നാലോ പേര്‍ക്ക് താമസിക്കാന്‍ ആയിരം സ്‌ക്വയര്‍മീറ്ററിന് മുകളിലുള്ള വീട് പണിയാന്‍ അനുവദിക്കരുത്. അഥവാ അതിലും വലിയ വീട് കൂടിയേ തീരൂ എന്നുള്ളവരില്‍ നിന്നും കൂടിയ നികുതി ( സൂപ്പര്‍ ടാക്‌സ്) പിരിക്കണം. അങ്ങനെ ലഭിക്കുന്ന പണം വക മാറ്റാതെ പരിസ്ഥിതിയെ പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കണം. അതുപോലെ പാറമണല്‍ എന്ന് അറിയപ്പെടുന്ന എംസാന്റിന് വേണ്ടിയാണ് ഇന്നത്തെ കാലത്ത് പാറമടകള്‍ മുഖ്യമായും പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. ഇതിന് ശാശ്വത പരിഹാരം ബുദ്ധിപൂര്‍വ്വം ആലോചിച്ചാല്‍ ലഭിക്കും. അതായത് നമ്മുടെ മിക്ക പുഴകളും ഡാമുകളും മണല്‍ വാരാതെ നിറഞ്ഞ് ആഴം കുറഞ്ഞിരിക്കുന്നു. ഡാമിന്റെ വെള്ളം ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി കുറഞ്ഞിരിക്കുന്നു. ഈ കാരണം കൊണ്ടാണ് കാര്യമായ മഴ പെയ്യാതെ ഇരുന്നിട്ടും നദി കര കവിഞ്ഞ് ഒഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി പ്രളയമായി നാശം വിതച്ചത്. നിയന്ത്രിതമായ അളവില്‍ ഡാമുകളില്‍ നിന്നും തിരഞ്ഞടുത്ത നദികളില്‍ നിന്നും മണല്‍ വാരാന്‍ അനുവദിക്കുന്നത് പരിസ്ഥിതിക്ക് നല്ലതാണ് എന്നാണ് എന്റെ പക്ഷം.
മേല്‍പറഞ്ഞ കഥയിലെ കോരനെപ്പോലെ അസംഖ്യം കോരന്‍മാര്‍ സാത്താന്റെ പ്രലോഭനത്തില്‍ പെട്ട് നരകത്തിലെ രാജാവാകുവാന്‍ വേണ്ടി ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെട്ടിരുന്ന ഈ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇനിയുള്ള കാലത്ത് ചെറിയ ക്ലാസുകളില്‍ തന്നെ പരിസ്ഥിതി സംരക്ഷണം മുഖ്യ വിഷയമാക്കി മാറ്റണം. ഷെര്‍ഷായുടെ ഭരണപരിഷ്‌കാരങ്ങളും രണ്ടാം ലോകമഹായുദ്ധവും ന്യൂട്ടന്റെ ചലനനിയമവും ഒക്കെ പഠിപ്പിച്ചില്ലെങ്കിലും ഈ ലോകത്തിന് ഒരു ചുക്കും വരാനില്ല.
ഈ മാസത്തെ ലാലേട്ടന്റെ ബ്ലോഗ് പുറത്തിറങ്ങിയത് അറിഞ്ഞത് അതിനെ അവഹേളിച്ച് കൊണ്ട് പടച്ചുണ്ടാക്കിയ ചില ട്രോളുകള്‍ വായിച്ചിട്ടാണ്. അതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന ആകാംഷയിലാണ് കൂപ്പുകൈകളോടെ എന്ന തലക്കെട്ടില്‍ ലാലേട്ടന്‍ എഴുതിയ ബ്ലോഗ് വായിച്ചത്. ബ്ലോഗ് വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമായി. ഞാന്‍ മുമ്പും പല തവണ ജി ഫോര്‍ ജീനിയസില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യമാണ്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെയാണ് കൊതുകിന് പഥ്യം എന്ന പഴഞ്ചൊല്ല് പോലെയാണ് ഇത്തവണ ലാലേട്ടന്റെ ബ്ലോഗിന് നേരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഒരു മുഖ്യധാരാ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ലാലേട്ടന്‍ തുടര്‍ച്ചയായി സൈബര്‍ ആക്രമണത്തിന് വിധേയനാകുന്നു. ഞാന്‍ ഇത് പറയുന്നത് കൊണ്ട് എന്റെ രാഷ്ട്രീയം ഊഹിച്ചെടുത്ത് എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷ. ഞാന്‍ പറഞ്ഞുവന്നത് അഭിപ്രായ സ്വാതന്ത്യങ്ങള്‍ എല്ലാവര്‍ ക്കും ഉണ്ട്. ചായക്കടക്കാരന്‍ ഗോപാലേട്ടന് ഒരു വിഷയത്തില്‍ അഭിപ്രായം പറയാമെന്നതുപോലെ സെലിബ്രിറ്റിയായ ലാലേട്ടനും പറയാം. ലാലേട്ടന്‍ പറഞ്ഞു എന്നതുകൊണ്ടു മാത്രം അത് വിമര്‍ശിക്കപ്പെടുന്ന സാഹചര്യം അനഭിലഷണീയമാണ്.
എല്ലാ മാസവും മികച്ച കഥകളും ലേഖനങ്ങളുമായി ജി ഫോര്‍ ജീനിയസ് നിങ്ങളെ തേടി എത്തുന്നു. മാന്യവായനക്കാരുടെ സ്‌നേഹപരിലാളനങ്ങള്‍ എനിക്ക് വേണം.
To get my website search www.gforgenius.in Thank You.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904
.

