56 ) കൊറോണ — വിശ്വാസവും ശാസ്ത്രവും…..

ഞാൻ ഒരു വിശ്വാസിയാണ്. അടുത്ത കാലത്ത് വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വൈരുധ്യം ചർച്ചയാകുന്ന രണ്ട് സംഭവങ്ങൾ ഉണ്ടായി. അതിൽ ആദ്യം വന്നത് അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ അഭിനയിച്ച ട്രാൻസ് എന്ന മൂവിയാണ്… ആത്മീയതയെ കച്ചവടമാക്കുന്നതിന് എതിരേ നിലകൊള്ളുന്ന സിനിമയാണ് ട്രാൻസ്. രണ്ടാമത്തെ സംഭവം ലോകമെങ്ങും കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ, ഹജ്ജും പള്ളികളിലെ കൂട്ടപ്രാർത്ഥനയും ഒക്കെ നിർത്തലാക്കിയതാണ്. ശ്രീ ശ്രീ രവിശങ്കറിനെയും . മാതാ അമൃതാനന്ദമയിയെയും പോലുള്ള ആത്മീയ നേതാക്കൾ ജനസമ്പർക്ക പരിപാടികൾ എല്ലാം നിർത്തിവെച്ചു. ഈ സംഭവത്തെ ആൾ ദൈവങ്ങൾക്കും പേടിയോ എന്ന മട്ടിൽ നവ മാധ്യമങ്ങളിലൂടെ ചിലർ അപഹസിച്ചു. ആർട്ട് ഓഫ് ലിവിങ്ങുമായുള്ള എൻ്റെ ബന്ധം അറിയാവുന്ന ചില സുഹൃത്തുക്കൾ ഇത് സംബന്ധിച്ച ചില ട്രോളുകൾ എനിക്ക് അയച്ച് തരികയുണ്ടായി. 

                                             കടപ്പുറം സുധാമണിയുടെ കെട്ടിപ്പിടുത്തവും ഉമ്മ വെപ്പും നിന്നു എന്ന് അപഹസിച്ച് ഊറ്റം കൊള്ളുന്ന യുക്തിവാദികൾ, ആബാലവൃദ്ധം ജനങ്ങളെയും ആശ്ലേഷിച്ച് സ്നേഹം പകർന്ന് കൊടുക്കുകയും അശരണർക്ക് ആശ്വാസമേകുകയും ചെയ്യുന്ന അമ്മയുടെ വലിയ മനസ് കാണാതെ പോകുന്നു. ഇപ്രകാരം അമ്മയെ അപഹസിക്കുന്നവരുടെ പൊതുവായ രാഷ്ട്രീയത്തെ പറ്റി ഞാൻ വിവാദം ഭയന്ന് മൗനം പാലിക്കുന്നു . മറ്റെല്ലാ രീതിയിലും മാതൃകാപരമായി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ ഈ കാര്യത്തിൽ മാത്രം പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്നതെന്തേ എന്ന് ചിന്തിച്ച് അദ്ഭുതം തോന്നിയിട്ടുണ്ട്. ബിംബവൽകരിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളും , ആൾദൈവങ്ങളും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് കാണാം.. ഇരുകൂട്ടരും ജനങ്ങളെ സേവിക്കുന്നു.. രണ്ട് കൂട്ടത്തിലും ഉള്ള കള്ളനാണയങ്ങളെ നാം തിരിച്ചറിയണം എന്നതിനോട് ഞാനും യോജിക്കുന്നു. എന്നാൽ ഒരു കൂട്ടരോട് മാത്രം അയിത്തം എന്നത് അംഗീകരിക്കാൻ കഴിയില്ല. ഞാൻ കാടുകയറുന്നില്ല. .വിഷയത്തിലേക്ക് വരാം..

                                                      വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധമാണ് നമ്മുടെ ചർച്ചാ വിഷയം.. ആഫ്രിക്കൻ വനാന്തരങ്ങളിൽ കഴിയുന്ന സുഡു എന്ന ആദിവാസ ഗോത്രക്കാർക്കിടയിലെ ഒരു സംഭവ കഥ പറയാം വർഷത്തിൽ ഒരിക്കലുള്ള അവരുടെ ഉത്സവദിവസം അവർ വനമധ്യത്തിലെ കൂറ്റൻ സെക്കോയ മരത്തിന് ചുറ്റും പാട്ടു പാടി നൃത്തം വെക്കും. ആ ഉത്സവാഘോഷം കഴിയുമ്പോൾ ആ മരം വലിയ ശബ്ദത്തോടെ നിലം പതിക്കും – ഇവിടെ ഒരു കേടുപാടും ഇല്ലാത്ത മരത്തെ വീഴ്ത്തിയത് അവരുടെ വിശ്വാസമാണ്. ഞാൻ പറഞ്ഞ് വന്നത് നമ്മുടെ ആരാധനാലയങ്ങളിൽ ദിനംപ്രതി പല അൽഭുത പ്രവൃത്തികളും നടക്കുന്നുണ്ട്. എന്നാൽ ഒരു കണ്ടീഷൻ ഉണ്ട്. വിശ്വാസം വേണം. വിശ്വാസത്തോടെ ആ നീലമലകളോട് അവിടെ നിന്ന് മാറി പോകാൻ പറഞ്ഞാൽ അപ്രകാരം സംഭവിക്കും എന്ന് യേശു ദേവൻ അരുളി ചെയ്തു 

                                                                         വിശ്വാസം എങ്ങനെ ഫലിക്കുന്നു എന്നത് ചെറിയ ഒരു ഉദാഹരണം കൊണ്ട് വിശദമാക്കാം. ഹിന്ദുക്കളുടെ ഇടയിൽ പ്രചുരപ്രചാരം നേടിയ ഒരു ദോഷമാണല്ലോ ചൊവ്വാദോഷം. അതിൻ്റെ ഫലസിദ്ധിയെപ്പറ്റി തൊണ്ണൂറ് ശതമാനം വിശ്വാസികൾക്കും സംശയമില്ല. എൻ്റെ കുടുംബത്തിൽ തന്നെ ഇതു മൂലം മരണം സംഭവിച്ചിട്ടുണ്ട്. ഈ 2020 ൽ ഞാൻ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന് ആരും കരുതേണ്ട. ചൊവ്വാദോഷം എങ്ങനെ വർക്ക് ചെയ്യുന്നു എന്ന് ശാസ്ത്രിയമായി ഞാൻ വിവരിക്കാം . നമ്മുടെ മനസിനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം.- ബോധ മനസ്. അബോധമനസ്, ഉപബോധ മനസ്. ഇതിൽ ഉപബോധമനസിന് അതീന്ദ്രിയ ശക്തി ഉണ്ട്. ഉപബോധമനസിലേക്ക് ആഴത്തിൽ കടത്തി വിടുന്ന കാര്യങ്ങൾ നല്ലതോ ചീത്തയോ എന്ന വേർതിരിവ് ഇല്ലാതെ അത് നടപ്പിലാക്കും. അദ്ഭുതം തോന്നും. ഒരു ചൊവ്വാദോഷക്കാരി ജനിക്കുമ്പോൾ മുതൽ അവളുടെ ബന്ധുക്കളിലും സമൂഹത്തിലും ഒക്കെ ഉപബോധമനസിൽ ഈ ദോഷം ഊട്ടി ഉറപ്പിക്കപ്പെടുന്നു. ഒടുവിൽ ദോഷം അവഗണിച്ച് വിവാഹം നടത്തിയാൽ അനിവാര്യമായ മരണം സംഭവിക്കുന്നു. ഇത് എവിടെ വെച്ച് തടയാമായിരുന്നു എന്ന് ചിന്തിച്ചാൽ ബഹു രസമാണ്. ആ പെൺകുട്ടി ജനിച്ച ഉടൻ ജാതകം എഴുതാൻ പോകുമ്പോൾ കണിയാന് ഒരു നൂറ് രൂപ കൂടുതൽ കൊടുത്ത് ദോഷം ഇല്ലാത്ത ഒരു ജാതകം എഴുതി വാങ്ങിയാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ.

                                                                     നമ്മുടെ ഉപബോധമനസിൽ ആഴത്തിൽ പതിഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റുവാൻ വേണ്ടി ഉപബോധമനസ് പ്രപഞ്ചശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നു. ശബരിമല തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്ന സമയം. പന്തളം കൊട്ടാരത്തിന് മുകളിൽ ഒരു വലിയ കൃഷ്ണപരുന്ത് വന്ന് മൂന്ന് പ്രാവശ്യം വട്ടമിട്ട് പറക്കും. ഒരു തവണ ഞാൻ സാക്ഷിയാണ്. എന്ന് കരുതി എല്ലാവർഷവും ഇത് ആവർത്തിക്കാറുണ്ടോ എന്ന് അറിയില്ല. അവിടെ തടിച്ച് കൂടിയ ഭക്തർ എല്ലാം പരുന്ത് വട്ടമിട്ട് പറക്കണം എന്ന് ഉത്കടമായി ആഗ്രഹിച്ചു. അവരുടെ എല്ലാം ഉപബോധമനസുകൾ കൂട്ടായി പ്രവർത്തിച്ച് പ്രപഞ്ചശക്തികളെ ഉണർത്തി ഒടുവിൽ അദ്ഭുതം സംഭവിച്ചു. പണ്ട് താൻസൻ പാട്ട് പാടി മഴ പെയ്യിച്ചതിന് പിന്നിലും ഇത് തന്നെ ആകാം. പൗലോ കൊയ്‌ലോയുടെ ആൽക്കമിസ്റ്റിൽ നായകനായ സാൻ്റിയാഗോ സ്വയം ഒരു കൊടുങ്കാറ്റായി മാറി മരുഭൂമിയിലെ കൊള്ളക്കാരിൽ നിന്നും രക്ഷപെടുന്നത് കാണാം. ഉപബോധമനസിൻ്റെ ശക്തി വെളിപ്പെടുത്തുന്ന ഒരു ഡസൺ കാര്യങ്ങളെങ്കിലും ആൽക്കെമിസ്റ്റിൽ ഉണ്ട്. അവയെ പറ്റി പിന്നീട് ഒരു Blog എഴുതാമെന്ന് കരുതുന്നു. 

                                                         ചവറ കാട്ടിൽ മേക്കതിൽ ക്ഷേത്രം ഇപ്പോൾ പ്രസിദ്ധമാണല്ലോ. അവിടെ ഏഴ് ആഴ്ച മണി കെട്ടിയാൽ ഉദ്ദിഷ്ട കാര്യം നേടും എന്ന് ഒരു ഭക്തൻ ഉറച്ച് വിശ്വസിച്ചാൽ അയാളുടെ ഉപബോധമനസ് പ്രവർത്തിച്ച് അത് നേടിതരും. എന്നാൽ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളേ ദേവിയോട് ആവശ്യപ്പെടാൻ പാടുള്ളൂ. അമേരിക്കൻ പ്രസിഡൻ്റ് ആക്കണമെന്നോ അയൽപക്കക്കാരൻ്റെ പറമ്പിലെ തെങ്ങ് സ്വന്തം പറമ്പിലേക്ക് മാറ്റണമെന്നോ പ്രാർത്ഥിച്ചാൽ നടക്കില്ല. അതുപോലെ തന്നെയാണ് കൊറോണയുടെ കാര്യവും. പ്രാർത്ഥിച്ചാൽ രോഗം മാറില്ല. ചിലപ്പോൾ കൂടെ പ്രാർത്ഥിക്കുന്നവർക്ക് രോഗം പകർത്താൻ കഴിഞ്ഞേക്കും. കൊറോണയ്ക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. രോഗം ബാധിച്ച ആറിൽ ഒരാൾ മരിക്കുന്നു. ഭയമല്ല. അതിജാഗ്രതയാണ് വേണ്ടത്. ആരോഗ്യ വകുപ്പിൽ നിന്നും തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ആധികാരികമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം ഷെയർ ചെയ്യുക. സർക്കാരിനെ അനുസരിച്ച് ഉത്തരവാദബോധമുള്ള പൗരൻമാരായി നിലകൊള്ളുക. മനസിന് ധൈര്യം പകരാൻ വിശ്വാസം സഹായിച്ചേക്കും. സത്സംഗങ്ങൾ പോലെ കൂട്ടം കൂടി ഉള്ള പ്രാർത്ഥനകൾ ദയവായി ഒഴിവാക്കുക. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് പ്രാർത്ഥിക്കുന്ന മഹത്തായ പാരമ്പര്യത്തിൻ്റെ പിൻതുടർച്ചക്കാരാണ് നമ്മൾ എന്നതിൽ അഭിമാനിക്കാം. നമ്മൾ അതിജീവിക്കും

വിശ്വാസപൂർവ്വം ഗിരീഷ്

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts