64 ) My BLOG JUNE 2020 കർമ്മണ്യേ വാധികാരസ്തേ !

❤ കർമ്മണ്യേ വാധികാരസ്തേ !

ഞാൻ സബ് രജിസ്ട്രാർ ആഫീസിൽ യു.ഡി ക്ലാർക്കാണ്. ( നിലവിൽ കൊല്ലം ജില്ലയിലെ പുനലൂർ SRO യിൽ ). ബാധ്യത സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുക, ആധാരത്തിൻ്റെ പുറത്തെഴുത്ത് പകർത്തി എഴുതുക, ആധാര പകർപ്പുകൾ തയ്യാറാക്കുക, മാര്യേജ് രജിസ്ടേഷൻ, ചിട്ടി രജിസ്ട്രേഷൻ തുടങ്ങിയ ജോലികളാണ് പ്രധാനമായും ചെയ്യുന്നത്. അതിനിടെ രണ്ട് ദിവസം മുമ്പ് എൻ്റെ സീനിയേഴ്സ് എല്ലാവരും കൊറോണ കണ്ടെയ്ൻമെൻ്റ് സോണിൽ അകപ്പെട്ട് പോയതിനാൽ സബ് രജിസ്ട്രാരുടെ ചാർജും വഹിക്കേണ്ടി വന്നു. മൊത്തത്തിൽ സജീവമാണ് ദിനങ്ങൾ . എന്ത് ചെയ്താലും 100 % വർത്തമാനകാലത്തിൽ മുഴുകി ചെയ്യുകയാണ് ശീലം. പൂജനീയനായ എൻ്റെ ഗുരുജി ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിട്ടുണ്ട് :- Forget the past , Be optimistic about the future and always live in the present moment.❤

ഞാൻ ഒരു നല്ല കർഷകൻ കൂടിയാണ്. ആകെയുള്ള 30 സെൻ്റിൽ 15 സെൻറിൽ റബ്ബറാണ്. അത് ടാപ്പ് ചെയ്യുന്നുമുണ്ട്. ബാക്കി 15 സെൻ്റിൽ വീട് നിൽക്കുന്ന നാലര സെൻ്റ് കഴിച്ച് ബാക്കി ഭാഗത്തെ ഭൂമി പൂർണ്ണമായും ഉപയോഗപ്പെടുത്തിയിരിക്കുന്നു . മുറ്റത്ത് നട്ടുവളർത്തിയ തേൻവരിക്ക പ്പാവ് ഈ കൊല്ലമാണ് ആദ്യമായി കായ്ച്ചത്. ഞാൻ എട്ടു കൊല്ലം മുമ്പ് തിരുവനന്തപുരത്തെ ഒരു exhibition വേദിയിൽ നിന്ന് വാങ്ങിക്കൊണ്ടു വന്ന തൈയാണ് അത്. പിന്നെ നടുമുറ്റത്തായി രണ്ട് നെല്ലിമരങ്ങൾ ; പറഞ്ഞാൽ വിശ്വസിക്കില്ല — ഈ വർഷം രണ്ടിലും കൂടി ഒരു 300 നെല്ലിക്ക എങ്കിലും കിട്ടി. അയൽപക്കത്തൊക്കെ കൊടുത്തു. കുറച്ച് ഓഫീസിൽ കൊണ്ടുപോയി. വീട്ടിൽ നെല്ലിക്ക കൊണ്ട് അരിഷ്ടവും അച്ചാറും ഉണ്ടാക്കി. രണ്ട് റമ്പൂട്ടാൻ മരങ്ങൾ ഈ കൊല്ലം ആദ്യമായി പൂവിട്ടിട്ടുണ്ട്. മഴ തകർത്ത് പെയ്യുന്നതിനാൽ കായ് ഉണ്ടാകുമോ എന്ന് കണ്ടറിയണം. പിന്നെ വീടിൻ്റെ ഇടത്തും വലത്തുമായി കായ്ക്കുന്ന രണ്ട് പേര മരങ്ങൾ. ഒന്ന് ചുവപ്പും മറ്റേത് വെള്ളയും. പക്ഷേ പേരയ്ക്ക മുഴുവൻ വവ്വാൽ കൊണ്ടുപോകുകയാണ് ; സാരമില്ല കൊണ്ടു പൊയ്ക്കോട്ടെ അവരും ഈ ഭൂമിയുടെ അവകാശികൾ ആണല്ലോ . വീട് പണിയുമ്പോൾ തന്നെ ഞാൻ ഒരു ആര്യവേപ്പ് നട്ടിരുന്നു. അത് ഇപ്പോൾ വളർന്ന് വലിയ വൃക്ഷമായി. പിന്നെ എൻ്റെ ജന്മനക്ഷത്ര വൃക്ഷമായ അത്തിയും നട്ട് പിടിപ്പിച്ചിട്ടുണ്ട്. അത് എനിക്ക് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും കോടി അർച്ചനയ്ക്ക് പ്രസാദമായി കിട്ടിയതാണ്. സംസ്ഥാന വൃക്ഷമായ കണിക്കൊന്നയും നട്ടിട്ടുണ്ട്‌. ചോല ആയതിനാലാകണം അത് മേൽപ്പോട്ട് വരുന്നില്ല. റെഡ് ലേഡി ഇനം പപ്പായ രണ്ടെണ്ണം ഉണ്ട്. അവ ഒന്നര അടി പൊക്കം വെച്ചു കഴിഞ്ഞു. കൂടാതെ നാടൻ പപ്പായയും മുരിങ്ങയും കൈതച്ചക്കയും ഇലുമ്പി പുളി മരവും ചേനയും ചേമ്പും വാഴയും ഉണ്ട്. കറികളിൽ കറുവാപ്പട്ടയ്ക്ക് പകരം ഉപയോഗിക്കുന്ന സർവ്വ സുഗന്ധിയും കുടംപുളിയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കോട്ടുക്കൽ കൃഷി ഫാമിൽ പോയപ്പോൾ വാങ്ങിയ ഒട്ടുമാവിൻ തൈയും ഇതിനിടയിൽ സ്ഥലം കണ്ടെത്തി നട്ടിട്ടുണ്ട്. കറിവേപ്പില, വഴുതിന , മത്തൻ , പയർ തുടങ്ങി രണ്ടു മൂന്ന് തരം പച്ചക്കറികളും നട്ടിട്ടുണ്ട്. പാഷൻ ഫ്രൂട്ട് രണ്ടെണ്ണം വളളി വീശിത്തുടങ്ങി. ഈ വിളകളെല്ലാം പരിമിതമായ സ്ഥലത്തായതിനാൽ പരസ്പരം മത്സരിച്ചാണ് വളരുന്നത്. Survival of the fittest എന്ന പ്രമാണം അനുസരിച്ച് ചിലത് അതിജീവിക്കും. അതിരാവിലെ ഈ വൃക്ഷങ്ങൾക്കിടയിൽ അടയ്ക്കാ കുരുവികളും മറ്റ് പല തരം കിളികളും വന്നിരിക്കും. അവറ്റകളുടെ ചിലപ്പിൻ്റെ ഒച്ച കേൾക്കുന്നത് തന്നെ കാതിന് ഇമ്പമാണ്:❤

ഇനി എന്തെങ്കിലും നടാൻ ഒരിഞ്ച് സ്ഥലം ബാക്കിയില്ലെങ്കിലും അങ്ങനെ തോറ്റു പിൻമാറാൻ ഞാൻ ഒരുക്കമല്ല. 60 ഗ്രോബാഗ് കവറുകൾ വാങ്ങി വെച്ചിട്ടുണ്ട്. അതിൽ നിറയ്ക്കാൻ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, കുമ്മായം, ചകിരി തുടങ്ങിയവ എല്ലാം സംഘടിപ്പിച്ചു കഴിഞ്ഞു. ഈ മഴക്കാലം കഴിഞ്ഞിട്ട് ചിങ്ങം പിറന്നിട്ടേ ഗ്രോബാഗ് നിറയ്ക്കുന്നുള്ളൂ – എന്നാലേ വിജയിക്കൂ. എൻ്റെ അച്ഛനാണ് കൃഷിയിൽ എൻ്റെ വഴികാട്ടി. പണ്ട് അച്ഛൻ്റെ ജൻമനാട്ടിൽ ഞങ്ങൾക്ക് ഒരു പാട് കൃഷിഭൂമി ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ബന്ധുക്കളിൽ നിന്നുണ്ടായ ചില സിവിൽ കേസുകളിലും മറ്റും പെട്ട് എല്ലാം നഷ്ടമായി. എങ്കിലും കൃഷി ചെയ്യണം എന്ന താൽപര്യം അച്ഛന് ഇപ്പോഴും ഉണ്ട്. ഭാവിയിൽ കുറച്ച് കൃഷിയോഗ്യമായ ഭൂമി സ്വന്തമാക്കണം എന്ന ആഗ്രഹം എനിയ്ക്കുമുണ്ട്.

 അപ്പോൾ ജോലി ചെയ്യുന്നതിൽ 100 % ആത്മാർത്ഥത പുലർത്തേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റിയാണ് ഞാൻ പറഞ്ഞ് വന്നത്. ഒരു വ്യക്തിക്ക് ജീവിതത്തിൽ പല റോളുകളും കെട്ടിയാടേണ്ടി വരും. എന്നെ സംബന്ധിച്ച് നോക്കിയാൽ :- മകൻ, അച്ഛൻ, ഭർത്താവ്, സർക്കാർ ജീവനക്കാരൻ , കൃഷിക്കാരൻ, കഥാകൃത്ത് , സിനിമാ മോഹി , ഫാൻ ബോയ് ഇങ്ങനെ പല പല വേഷങ്ങൾ ……. ഗീതയിൽ ഭഗവാൻ പറയുന്നു :- കർമ്മണ്യേ വാധികാരസ്തേ മാ ഫലേഷു കഥാചന ! അതായത് ഫലം ഇശ്ചിക്കാതെ നിങ്ങൾ കർമ്മം ചെയ്തു കൊണ്ടേ ഇരിക്കുക – ഈ പ്രമാണമാണ് ഞാൻ എൻ്റെ ജീവിതത്തിലും വെച്ച് പുലർത്തുന്നത്. തിരക്കഥകളെ പറ്റി ഞാൻ ഇട്ട പോസ്റ്റിന് അയ്യായിരത്തിലേറെ ലൈക്കുകളും 125 ഓളം ഷെയറുകളും ലഭിച്ചു. രാജുവേട്ടൻ്റെ മുന്നിൽ കഥ പറയാനുള്ള അവസരം ലഭിക്കും എന്ന കാര്യത്തിൽ എനിക്ക് അശേഷം സംശയമില്ല. അത് എന്ന് എന്ന് തീരുമാനിക്കേണ്ടത് കാലമാണ്. ഞങ്ങൾ തമ്മിൽ കണ്ട് മുട്ടുന്നതിന് മുകളിൽ ഇരുന്ന് പടച്ചവൻ കുറിക്കുന്ന ഒരു സമയം ഉണ്ട്. അത് ആഗതമാകും വരെ ക്ഷമയോടെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ട്.❤

അതിപ്രധാനമായ സ്വന്തം ലക്ഷ്യങ്ങൾക്കനുസൃതമായി ജീവിക്കുന്നത് കൊണ്ട് ഞാനെൻ്റെ ഉള്ളിൽ നിന്നു തന്നെ ഉത്സാഹഭരിതനാണ്. ജീവിതത്തിൻ്റെ ദ്വൈത ഭാവത്തെ ഞാൻ ആശ്ലേഷിക്കുന്നു . സന്തോഷിക്കുമ്പോഴായാലും സങ്കടപ്പെടുമ്പോഴായിലും ഞാൻ കൃതജ്ഞനാണ്. കാരണം ആ രണ്ട് അവസ്ഥകളും എൻ്റെ ജീവിതദൗത്യത്തിന് സഹായകമാണ്. ഓരോ പ്രതിസന്ധിയും ഓരോ വെല്ലുവിളികളും കൂടുതൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാവുന്നവന് ഈ ലോകം വഴി കാട്ടി കൊടുക്കും – – – – – – ❤

ഒരു കാര്യം കൂടി പറഞ്ഞ് കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. രാജുവേട്ടനിലേക്ക് എത്തുന്നതിന് ഞാൻ Social media യെ ഉപയോഗപ്പെടുത്തിയതിനെ ചിലർ വിമർശിച്ചു കണ്ടു. എനിക്ക് വേറെ നല്ല മാർഗ്ഗങ്ങൾ തേടാമായിരുന്നില്ലേ എന്നാണ് അവരുടെ ചോദ്യം. ശരിയാണ്. ഞാൻ സ്ഥിരമായി സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളല്ല. താൽപര്യം കൊണ്ട് സിനിമ പഠിച്ച് ഈ ജീവിതം തന്നെ സിനിമക്കായി മാറ്റി വെക്കാൻ തീരുമാനിച്ച വ്യക്തിയാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രാജുവേട്ടനുമായി ബന്ധപ്പെട്ട വിവിധ വ്യക്തികൾ മുഖേന കഥ പറയാൻ ശ്രമിച്ചു വരുന്നു. ഒരു ഫലവും ഉണ്ടായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് കൊറോണ വന്ന് സിനിമാരംഗം നിശ്ചലമായത്. ഈ സമയം കഥ പറയാൻ അനുയോജ്യമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. കൊറോണ കാരണം സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെട്ടു.  ഈ ഒരു സാഹചര്യത്തിലാണ് Social media യെ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. അല്ലാതെ എൻ്റെ അഹങ്കാരം കൊണ്ടോ ജാഢ കൊണ്ടോ അല്ല. ഞാൻ ഒരു തരത്തിലുള്ള ഈഗോയും ഇല്ലാത്ത നല്ല വിനയമുള്ള വ്യക്തിയാണ്. കല്മഷമോ കാപട്യമോ ഇല്ലാതെ തൂവെള്ള പേപ്പർ പോലെ ഒരു മനസ് കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് സത്യത്തിൽ എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നത് തന്നെ ………❤ സസ്നേഹം :… നിങ്ങളുടെ സ്വന്തം ……….. ..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക്  സബ് രജിസ്ട്രാർ ആഫീസ്❤❤❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts