അടുക്കളയിൽ പാത്രങ്ങൾ പരസ്പരം കലഹിക്കുന്ന ശബ്ദം കേട്ടാണ് അയാൾ ഉറക്കമുണർന്നത്. ഒരു സ്ഫടിക പാത്രം നിലത്ത് വീണ് ഉടയുന്ന ഒച്ച കേട്ടു . സീതയ്ക്ക് ഒന്നിലും ഒരു ശ്രദ്ധ ഇല്ല. കുളിമുറിയിൽ ടാപ്പ് തുറന്നിട്ടുണ്ടെന്ന് തോന്നുന്നു . ശബ്ദം കേൾക്കുന്നുണ്ട്. പുറത്ത് ചന്നം പിന്നം മഴ ചാറുന്നു. സ്കൂൾ തുറന്നത് മുതൽ തുടങ്ങിയ മഴയാണ്. മൺസൂൺ ഇത്തവണ ശക്തമാണ്. നല്ല തണുപ്പുണ്ട്. ഈ മഴയത്ത് മൂടി പുതച്ച് ഉറങ്ങാൻ നല്ല രസം ഉണ്ട്. സമീപത്തുള്ള ഫാക്ടറിയിൽ ഏഴു മണിയുടെ മോർണിങ്ങ് ഷിഫ്റ്റിനുള്ള സൈറൺ മുഴങ്ങുന്നു. ഒരു പതിനഞ്ച് മിനിറ്റ് കൂടി കിടക്കാം. അയാൾ കണ്ണുകൾ ഇറുക്കി അടച്ച് തലയിണകൾക്കിടയിൽ മുഖം പൂഴ്ത്തി. ❤
പെട്ടെന്നാണ് ബഹളം കൂട്ടിക്കൊണ്ട് കുട്ടികൾ ആ മുറിയിലേക്ക് വന്നത്. ഏഴിൽ പഠിക്കുന്ന രാഹുലും നാലാം ക്ലാസിൽ പഠിക്കുന്ന രശ്മിയും . നാശം ; ഈ പിള്ളേരെ കൊണ്ട് തോറ്റു. സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല. ഈ സീതയ്ക്ക് അവരെ ഒന്ന് അടക്കിയിരുത്തിക്കൂടേ. ഏഴരയോടെ അയാൾ എഴുന്നേറ്റു. അപ്പോഴേക്കും പത്രം വന്നു . അതും വായിച്ചു കൊണ്ട് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു – സീതേ , എൻ്റെ ചായ ഇങ്ങെടുത്തേ ! ആദ്യത്തെ വിളിക്ക് തന്നെ ചായ എത്തിയില്ലെങ്കിൽ ദേഷ്യമായി . സീത അതിരാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറി ഉച്ചക്കത്തെ ഭക്ഷണവും രാവിലത്തെ കാപ്പിയും തയ്യാറാക്കുന്ന തിരക്കിലാവും. അതിൻ്റെ കൂടെ കുട്ടികളുടെ കാര്യവും നോക്കണം. രാഹുൽ സ്വന്തമായി തന്നെ എല്ലാം ചെയ്യാനുള്ള പ്രാപ്തിയായി.എന്നാൽ രശ്മിക്ക് ഏത് കാര്യത്തിനും സീതയുടെ കയ്യെത്തണം. സുരേഷേട്ടന് ചായ അടുക്കളയിൽ വന്ന് വാങ്ങിച്ചാലെന്താ ; എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്. ആദ്യമൊക്കെ സീത പരിഭവം പറയുമായിരുന്നു. പിന്നെ പിന്നെ പറഞ്ഞത് കൊണ്ട് വിശേഷിച്ച് ഫലം ഒന്നുമില്ലെന് മനസിലായപ്പോൾ നിർത്തി❤
ചായ കുടിച്ചു കഴിഞ്ഞാൽ അയാൾക്ക് തൊടിയിലൂടെ നടന്ന് വിശാലമായിട്ട് ഒന്ന് പല്ലു തേക്കുന്ന ശീലമുണ്ട്. അത് കഴിഞ്ഞ് സീത പോയതിന് ശേഷം വിശാലമായ ഒരു എണ്ണ തേച്ചു കുളിയുണ്ട്. ❤
ഇപ്പോൾ അടുക്കളയിൽ ചോറ് വാർക്കുന്നതിൻ്റെയും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിൻ്റെയും ബഹളം കേൾക്കാം. ഏഴേ മുക്കാലിന് സ്കൂൾ ബസ് വരും. അപ്പോഴേക്കും കുട്ടികളെ റെഡിയാക്കി നിർത്തണം. അവിടെ നടക്കുന്ന ബഹളം ഒന്നും അറിയാതെ അയാൾ വിശാലമായ പത്രപാരായണത്തിലാണ്. ഒരു ഇംഗ്ലീഷ് പത്രവും ഒരു മലയാള പത്രവും അയാൾ പതിവായി വായിക്കും. ഫേസ്ബുക്കിൽ അയാളാണ് താരം. സമകാലിക സംഭവങ്ങളെ അധികരിച്ചുള്ള അയാളുടെ പോസ്റ്റുകൾ മിക്കപ്പോഴും ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടി വൈറൽ ആകാറുണ്ട്. കൂട്ടുകാരൊക്കെ അസൂയയോടെയാണ് അയാളെ വീക്ഷിക്കുന്നത്. ഓഫീസ് സമയത്തും വീട്ടിൽ വന്നാലും അയാൾ കൂടുതൽ സമയവും ഓൺലൈനിലാണ്. കുട്ടികളോടൊപ്പം ചിലവഴിക്കുന്നതിന് പോലും അയാൾ സമയം കണ്ടെത്താറില്ല.❤
സ്കൂൾ ബസ് വന്നു പോയി കഴിഞ്ഞ് പത്തു മിനിറ്റിനകം സീതയും ഇറങ്ങുകയായി. ദേ ഒന്നിങ്ങോട്ട് നോക്കിയേ വെള്ളം ബാഗിൽ വെച്ചിട്ടുണ്ട്. പേഴ്സും കണ്ണടയും വാച്ചും മേശപ്പുറത്തുണ്ട്. വെള്ള ഷർട്ട് ഉണങ്ങിയിട്ടില്ല. നീല ഷർട്ടും കറുപ്പ് പാൻ്റും ഇസ്തിരായിട്ട് കസേര മേൽ വെച്ചിട്ടുണ്ട്. ഇഡലിയും സാമ്പാറും ചൂടോടെ കാസ റോളിൽ അടച്ച് വെച്ചിട്ടുണ്ട്. പിന്നെ ടാങ്കിൽ വെള്ളം നിറഞ്ഞാൽ മോട്ടോർ ഓഫാക്കാൻ മറക്കരുത്. ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് സീത ഇറങ്ങി❤
അവൾ നടക്കുകയായിരുന്നില്ല അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. എട്ടേകാലിൻ്റെ ഷഹാന കിട്ടണം. എങ്കിലേ ഒൻപതു മണിക്കെങ്കിലും പട്ടണത്തിൽ എത്തുകയുള്ളൂ. അവൾ ജോലി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാൻ അവിടെ നിന്നും വീണ്ടും ഇരുപതു മിനിറ്റ് യാത്രയുണ്ട്. അസംബ്ലി സമയത്ത് ടീച്ചേർസ് എല്ലാവരും ഹാജർ ഉണ്ടാവണം എന്നത് പ്രിൻസിപ്പാളിന് നിർബന്ധമാണ്. അവൾ കാലുകൾ വലിച്ച് വെച്ച് നടന്നു. ജംഗ്ഷനിലെ ചെറിയ ബസ് സ്റ്റോപ്പിൽ ആരെയും കാണുന്നില്ല ! ❤
കിഴക്കേതിലെ മുത്തിയമ്മ വീടുകളിൽ പാൽ കൊണ്ട് കൊടുത്തിട്ട് അതുവഴി പോയി. സീതയെ കണ്ടപ്പോഴേ അവർ പറഞ്ഞു. ” അയ്യോ ടീച്ചറേ , ബസ് നേരത്തേ പോയീലോ ” ഇനിയിപ്പം എന്തു ചെയ്യും. ബസ് കിട്ടാത്തപ്പോൾ കുറച്ചകലെയുള്ള ഓട്ടോസ്റ്റാൻ്റിൽ നിന്നും ഓട്ടോ പിടിച്ചാണ് ടീച്ചർ ടൗണിൽ എത്തിയിരുന്നത്. ടീച്ചർ ഓട്ടോസ്റ്റാൻ്റ് ലക്ഷ്യമാക്കി ഓടി. ഇന്ന് സ്കൂളിൽ എത്തുമ്പോൾ ഫസ്റ്റ് പീരിയഡ് തീരാറാകും. പ്രിൻസിപ്പാളിൻ്റെ വഴക്ക് ഉറപ്പാണ്.❤
അവൾ ഓട്ടോയിൽ ഇരുന്ന് അവളുടെ വിവാഹ ജീവിതത്തെപ്പറ്റി ഓർത്തു. വിവാഹത്തിന് മുമ്പ് അമ്മ നൽകിയ ഉപദേശങ്ങൾ – മോളേ ഇത് നിൻ്റെ ജീവിതത്തിൻ്റെ രണ്ടാം ഘട്ടം ആണ്. കോളേജിൽ പഠിക്കുന്ന ഒരു ഉത്തരവാദിത്തവുമില്ലാത്ത പെൺകുട്ടിയുടെ സ്ഥാനത്ത് നിന്ന് നീ മാറുകയായി . ഇനി നിനക്ക് ഭർത്താവാണ് ദൈവം. അദ്ദേഹത്തിന് ഇഷ്ടമുള്ളത് മാത്രം ചെയ്യുക. ഒരു പെണ്ണിൻ്റെ ജീവിതം സഫലമാകുന്നത് ഭാര്യയും അമ്മയും ആകുമ്പോഴാണ്. കഴുത്തിലെ താലിചെയിനിൽ തെരുപ്പിടിച്ചു കൊണ്ട് അവൾ ഓർത്തു. അവൾക്കുമുണ്ടായിരുന്നു ചെറിയ ചെറിയ സ്വപ്നങ്ങൾ. അതെല്ലാം ജലരേഖയായി മാറിക്കഴിഞ്ഞു.❤
അതേ സമയം നമ്മുടെ സുരേഷ് സാർ വിസ്തരിച്ചുളള കുളി ഒക്കെ കഴിഞ്ഞ് പ്രാതൽ കഴിക്കുന്ന തിരക്കിലാണ്. അയാൾ ഒരു നിമിഷം സാമ്പാർ പാത്രമെടുത്ത് മൂക്കിന് നേരേ പിടിച്ച് ഉലുവയും കായവും ചേർന്ന മണം ആസ്വദിച്ചു. ഇഡലിപ്പൊടിയിൽ എണ്ണ ചാലിച്ചു. അലുവയുടെ മാർദവത്തിൽ വിരൽ കൊണ്ട് കൗതുകത്തോടെ തൊട്ടു . ഹോർലിക്സിൻ്റെ കൊഴുപ്പ് നുകർന്നു. നാലോ അഞ്ചോ ഇഡലി കിണ്ണത്തിൽ മൂന്നെണ്ണം ഒരു വൃത്തമൊപ്പിച്ചും ബാക്കി അതിന് മീതെയായും നിരത്തും ‘ എന്നിട്ട് രണ്ട് തവി സാമ്പാർ ഒഴിക്കും. എന്നിട്ട് കൂട്ടിക്കൊഴച്ച് അയാൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു ചേലാണ്.❤
കഴിക്കുമ്പോൾ ഒരു കൈയ്യും ഇരു കണ്ണുകളും ഫോണിലാണ്. ഫേസ് ബുക്കിൽ വനിതാ ദിനം പ്രമാണിച്ച് സ്ത്രീകളെ അടുക്കളയിൽ തളച്ചിടുന്നതിനെതിരേ സ്ത്രീ ശാക്തീകരണത്തിനായി ക്രിയാത്മക നിർദ്ദേശങ്ങൾ അയാൾ പങ്കുവെച്ചു അയാളുടെ മറ്റ് പോസ്റ്റുകൾ പോലെ ഇതും സൂപ്പർ ഹിറ്റായി ലൈക്കും ഷെയറും വാങ്ങിക്കൂട്ടും തന്ന് തീർച്ചയാണ്. സാമ്പാറിന് ഉപ്പ് അൽപം കൂടുതലാണ്. വന്ന് വന്ന് സീതയ്ക്ക് ഇപ്പോൾ ഒന്നിലും ഒരു ശ്രദ്ധ ഇല്ല. അയാൾ അതൃപ്തിയോടെ ഭക്ഷണം കഴിച്ചെഴുന്നേറ്റു.❤
സമയം പത്തായി. ഇനിയും താമസിച്ചാൽ ഓഫീസിൽ നിന്നും വിളി വന്ന് തുടങ്ങും. അയാൾ ജലവിഭവ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഓവർസീയറാണ്. അയാൾ ഓഫീസിൽ പോകാനുള്ള വട്ടം കൂട്ടി. ഉച്ചഭക്ഷണം അയാളുടെ ഇഷ്ടത്തിന് അനുസരിച്ച് ഉണ്ടാക്കി സീത ടിഫിൻ കാരിയറിൽ എടുത്ത് വെച്ചിരുന്നു. അയാൾ ഇസ്തിരി ഇട്ട് വെച്ചിരുന്ന ഷർട്ട് എടുത്തു. ഉം ! ഷർട്ടിൻ്റെ ചുളിവ് അങ്ങോട്ട് മാറിയിട്ടില്ല. പാൻ്റിന് വടിവ് പോരാ ! സീതയ്ക്ക് വന്ന് വന്ന് ഒന്നിലും ഒരു ശ്രദ്ധയില്ലാതായിരിക്കുന്നു. വീടുപൂട്ടി കാറിൽ കയറി അയാൾ ഓഫീസിലേക്ക് യാത്രയായി .❤
വൈകുന്നേരം ആറര ആകുമ്പോഴേക്കും കുടുംബാംഗങ്ങളെല്ലാവരും വീട്ടിൽ ഹാജർ. ഏതോ കരാറുകാരൻ സത്കരിച്ചതിൻ്റെ അനന്തരഫലം ; അയാൾ അൽപം മിനുങ്ങിയിട്ടാണ് വന്നിരിക്കുന്നത്. സ്വൽപം അകത്ത് ചെന്നാൽ പിന്നെ ആരോടും മിണ്ടില്ല. ഫോണിൽ മുഖം പൂഴ്ത്തി മുഖ പുസ്തകത്തിൽ ഊളിയിട്ട് അതിൽ മുഴുകി ഇരിക്കും. ചായ വെപ്പ്, ചായ കുടി, രാവിലെ വാരിവലിച്ചിട്ടത് വൃത്തിയാക്കൽ , പാത്രം മോറൽ, അത്താഴം തയ്യാറാക്കൽ :- സീതയ്ക്ക് വൈകിട്ടും പിടിപ്പത് പണിയായിരുന്നു. പുലർച്ചെ നാലരയ്ക്ക് ഓണായ യന്ത്രം ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുകയാണ് വിശ്രമമറിയാതെ❤
അപ്പോൾ രാവിലെ എഴുതിയതിൻ്റെ തുടർച്ചയായി ഒരു വനിതാ ദിന സന്ദേശം ടൈപ്പ് ചെയ്യുകയായിരുന്നു സുരേഷ് കുമാർ :- സ്ത്രീയും പുരുഷനും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. സ്ത്രീ അമ്മയാണ് . ദേവിയാണ്. സ്ത്രീയും പുരുഷനും തുല്യരാണ്. അവർ പരസ്പരം അനുപൂരകങ്ങളാണ് . സത്രീയില്ലാതെ പുരുഷൻ പൂർണ്ണനല്ല . ഒരു പുരുഷൻ്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ തീർച്ചയായും ഉണ്ടാകും ഈ പോസ്റ്റ് കൂടി ഇട്ടതോടെ അയാളുടെ എഫ് ബി യിൽ ലൈക്കിൻ്റെയും കമൻറിൻ്റെയും പ്രളയമായി. ഭാര്യയെ സനേഹിക്കുന്ന ഭർത്താവ് എന്നും സാറിൻ്റെ ഭാര്യ എത്ര ഭാഗ്യവതിയാണ് എന്നും ഓഫീസിലെ സൂപ്രണ്ട് വേണുക്കുട്ടൻ സാർ കമൻ്റിട്ടു……..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക് പുനലൂർ സബ് രജിസ്ട്രാർ ആഫീസ്❤❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

