❤ ഒരു ചെറിയ പെട്ടിക്കടയാണത്. കുറച്ച് മിഠായി ഭരണികൾ, സിഗരറ്റ്, ബീഡി, ഒരു കുല പഴം, നാരങ്ങ വെള്ളം ഉണ്ടാക്കാൻ കുറച്ച് ചെറുനാരങ്ങകൾ, ചെറിയ പ്ലാസ്റ്റിക് ടിന്നുകളിൽ ഉപ്പും പഞ്ചസാരയും, കുറച്ച് സോഡ, ഷെൽഫിൽ സോപ്പ് , ടൂത്ത് പേസ്റ്റ് തുടങ്ങി അല്ലറ ചില്ലറ സാധനങ്ങൾ . അപ്പുവിൻ്റെ അച്ഛൻ രാമൻ നായരുടേതാണ് ആ കട. ധർമ്മടം ബസ് സ്റ്റാൻ്റിനരികിൽ രാത്രി വൈകിയും തുറന്നിരിക്കുന്ന ഏക കട അതാണ്. പകൽ സമയങ്ങളിലേക്കാൾ രാത്രിയാണ് അവിടെ കച്ചവടം നടത്തുന്നത്. കാരണം പകൽ വർണ്ണശബളമായി സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന വലിയ കടകളിലേക്കേ ആളുകൾ പോകുകയുള്ളൂ. ആ കടകളൊക്കെ രാത്രി എട്ട് മണിയോടെ അടയ്ക്കും❤
എട്ടു മുതൽ പത്തു വരെ അപ്പുവിനാണ് കടയുടെ ചുമതല. രാവിലെ കട തുറക്കുന്ന രാമൻ നായർ ആ സമയത്താണ് വീട്ടിൽ പോയി ഒന്ന് വിശ്രമിക്കുന്നത്. അതിനിടയിൽ അയാൾക്ക് ചെറിയ പൊതുപ്രവർത്തനവും ഉണ്ട്. പാർട്ടിയിൽ അയാൾ ഇപ്പോൾ അരവിന്ദാക്ഷൻ്റെ ചേരിയിലാണ്. അയാൾ ഉൾപ്പെടെ നൂറോളം പേർ അടുത്ത കാലത്ത് പാർട്ടി മാറിയിരുന്നു.. പ്രത്യയ ശാസ്ത്ര പരമായ കാര്യങ്ങളാണ് പാർട്ടി മാറുന്നതിന് കാരണമായി അരവിന്ദാക്ഷൻ പറഞ്ഞത്. ഒക്കെ കടിച്ചാൽ പൊട്ടാത്ത ഉത്തരാധുനിക സിദ്ധാന്തങ്ങളാണ്. അതൊന്നും രാമൻ നായർക്ക് മനസിലായിരുന്നില്ല. വല്ലപ്പോഴും കടയിൽ കച്ചവടം കുറയുമ്പോൾ കാശ് കടം തന്ന് സഹായിക്കുന്ന അരവിന്ദാക്ഷനോടുള്ള വിധേയത്വമാണ് അയാളെ പുതിയ പാളയത്തിൽ എത്തിച്ചത്❤
പറഞ്ഞ് വന്നത് എട്ടു മുതൽ പത്തു വരെ കടയുടെ ചാർജ് അപ്പുവിനാണ് . പത്തു മണിയാകുമ്പോൾ രാമൻ നായർ കയ്യിൽ ഒരു ചൂട്ടും കത്തിച്ച് വീട്ടിൽ നിന്ന് വരും. പിന്നെ പതിനൊന്നര വരെ ഇരുവരും കടയിൽ കാണും. അപ്പു ഹോം വർക്ക് ചെയ്യുന്നതും പഠിക്കുന്നതും എല്ലാം ഈ കച്ചവടത്തിൻ്റെ ഇടയിൽ തന്നെ ❤
അവിടെ ഇരുട്ട് പരന്ന് കഴിഞ്ഞിരിക്കുന്നു. തെരുവ് വിളക്കുകൾ കത്തുന്നുണ്ടെങ്കിലും കടയുടെ മുൻവശത്ത് റോഡിൽ ഇരുട്ടാണ്. ഒമ്പത് മണി കഴിഞ്ഞാൽ അവിടെ ഏതാണ്ട് വിജനമാകും. അപ്പോഴാണ് കള്ളുകുടിയൻമാർ റോഡിൽ ഇറങ്ങുന്നത്. വല്ലപ്പോഴും സ്റ്റാൻ്റിൽ വരുന്ന ബസുകളിൽ നിന്നും ഇറങ്ങുന്ന ആളുകളുടെ കച്ചവടമാണ് ആ സമയത്ത് കിട്ടുന്നത്. അച്ഛൻ ഇതുവരെ വന്നില്ലല്ലോ; മണി പത്ത് കഴിഞ്ഞിരിക്കുന്നു.. തലശേരി, കോടിയേരി, പിണറായി, പാട്യം തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ആ ബസ് സ്റ്റാൻ്റിൽ നിന്നും ബസ് ഉണ്ട്. മുഴുപ്പിലങ്ങാട് ബീച്ച് സന്ദർശിക്കുന്ന തദേശീയരും വിദേശികളും ആയ സഞ്ചാരികളുടെയും അവസാന വിശ്രമകേന്ദ്രം മിക്കവാറും ബസ് സ്റ്റാൻ്റിനടുത്തുള്ള സ്വാമീസ് ലോഡ്ജ് ആണ്❤
www.gforgenius.in അപ്പോൾ കതിരൂർ ബസ് വന്നു. ചിലരൊക്കെ ഇറങ്ങി നാരങ്ങാവെള്ളം കുടിച്ചു. നാരങ്ങാവെള്ളം ഉണ്ടാക്കാൻ അപ്പുവിന് വേഗത പോരാ. വേഗം ,വേഗം ബസ് പോകും എന്ന് പറഞ്ഞ് ആളുകൾ ബഹളം കൂട്ടുന്നുണ്ടായിരുന്നു. അച്ഛനായിരുന്നെങ്കിൽ ദാ എന്ന് പറയുമ്പോഴേക്കും അഞ്ചാറ് നാരങ്ങാവെള്ളം ഉണ്ടാക്കും. സോഡ വേണ്ടവർക്ക് സോസ, അല്ലാത്തവർക്ക് നറു നീണ്ടി സർബത്തിൽ വെള്ളമൊഴിച്ച് കൊടുക്കും. ചില സിഗരറ്റുകളുടെ വിലയും അവന് അറിഞ്ഞു കൂടാ❤
ഇനി എപ്പോഴാണ് ഹോം വർക്ക് ചെയ്ത് തീരുക .കണക്ക് അവന് പാടാണ്. നാളെ കണക്ക് മാസ്റ്ററുടെ കയ്യിൽ നിന്ന് ചൂരൽ കഷായം കിട്ടിയത് തന്നെ. സാധാരണ അച്ഛൻ ഇത്ര വൈകാറില്ല.❤
പത്തു രൂപയ്ക്ക് ബീഡി കൊണ്ടാ– മുഷിഞ്ഞ വസത്രം ധരിച്ച ഒരു കള്ളുകുടിയനാണ്. അപ്പു നാല് ബീഡി എണ്ണി കൊടുത്തു❤ “ദെന്താ നാല് ” ? ” പത്ത് രൂപയ്ക്ക് നാലെണ്ണാണ് ” ” കൊടെടാ ഒന്നും കൂടി ” അയാൾ ശബ്ദം ഉയർത്തി. ” നാലെണ്ണം കൊടുക്കാനാണ് അച്ചൻ പറഞ്ഞിരിക്കുന്നത് ” ” ആരാടാ നിൻ്റെ അച്ഛൻ; എടുക്കൊ ഒന്നും കൂടി ” അപ്പു പേടിച്ചു പോയി. വിറയ്ക്കുന്ന കൈകളോടെ ഒരു ബീഡി കൂടി എടുത്തു കൊടുത്തു. അയാൾ പോയി. മാഹി അടുത്തായതിനാൽ മദ്യം സുലഭമാണ്. സന്ധ്യ കഴിഞ്ഞാൽ കുടിയൻമാരുടെ കേന്ദ്രമാണ്. അച്ഛൻ ഇനിയും വന്നില്ലല്ലോ . എന്താണിത്രയും വൈകുന്നത്.❤
റാന്തലിൻ്റെ വെളിച്ചം കുറഞ്ഞ് കുറഞ്ഞ് വരുന്നു. അതിൽ മണ്ണെണ്ണ നിറയ്ക്കുന്ന വിധം അച്ഛനേ അറിയൂ. അവൻ മിഠായി ഭരണികളിലേക്ക് നോക്കി. രണ്ട് മിഠായികൾ കിട്ടുന്ന പതിവ് ഉണ്ട്.ഒന്ന് തനിയ്ക്ക്; മറ്റൊന്ന് സുഷമയ്ക്ക്. നേരം വൈകിയതിനാൽ സുഷമ കിടന്നുറങ്ങിക്കാണും. നേരത്തേ ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ മറക്കാതെ മിഠായിയെ പറ്റി ചോദിക്കുന്ന പതിവുണ്ട്.❤
❤www.gforgenius.in ഇനിയിപ്പോൾ എങ്ങനെയാണ് വീട്ടിലേക്ക് പോകുക. അച്ഛൻ വരുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ടോർച്ചോ ചൂട്ടോ ഇല്ലാതെ പോകാൻ പറ്റില്ല. ആ വഴി മൂന്നാല് കിലോമീറ്റർ ഇടവഴിയിലൂടെ പോയി സെമിത്തേരിയും കടന്ന് പോയാലേ അപ്പുവിൻ്റെ വീടെത്തൂ. ഈ വഴിയിൽ സന്ധ്യ കഴിഞ്ഞാൽ ഭയങ്കര ഇരുട്ടാണ്. ഇരുവശത്തും ചോലക്കാടുകളാണ്. ഒറ്റയ്ക്ക് പോകുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല. ഒരു മുപ്പത് പേരെങ്കിലും ആ വഴിയിൽ പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്. ❤
അച്ചൻ ദൂരെ എവിടെങ്കിലും പോയതായിരിക്കുമോ.? അപ്പോൾ ഇന്ന് മിഠായി കിട്ടലുണ്ടാവില്ല. അമ്മ ഇപ്പോൾ തന്നെ കാണാണ്ട് വിഷമിക്കുന്നുണ്ടാകും. അവൻ ബസ് സ്റ്റാൻ്റിലേക്ക് നോക്കി. അവിടെ പതിവിന് വിപരീതമായി കുറച്ച് ആളുകൾ കൂടി നിൽക്കുന്നു. അപ്പുവിന് കുറേശ്ശെ ഉറക്കം വന്ന് തുടങ്ങി. വൈകുന്നേരം ഒന്നും കഴിച്ചതും ഇല്ലല്ലോ. അവൻ തൂക്കിയിട്ടിരുന്ന പഴക്കുലയിലേക്ക് നോക്കി. കേടു വരാറായത് വല്ലതും ഉണ്ടോ ? ഇല്ല ; അല്ലെങ്കിൽ വേണ്ട. അച്ഛൻ വരട്ടെ.. അച്ഛനോട് ചോദിച്ചിട്ട് പഴം എടുത്ത് തിന്നാം❤ .
അച്ഛനോട് അവന് ദേഷ്യം തോന്നിത്തുടങ്ങി. അങ്ങനെ കാത്തിരുന്ന് അവൻ ഒന്ന് മയങ്ങി❤ ” ആഹാ ഇവിടെയിരുന്ന് ഒറങ്ങാ ” ഉറക്കെയുള്ള ശബ്ദം കേട്ട് അപ്പു ഞെട്ടി. ശബ്ദം കേട്ടപ്പോൾ തന്നെ അവൻ ആളെ തിരിച്ചറിഞ്ഞു. വലിയമ്മാവനാണ്. അപ്പുവിൻ്റെ തൊട്ടടുത്ത വീട്ടിലാണ് അമ്മാവൻ താമസിക്കുന്നത് ❤ അച്ഛൻ ഇതുവരെ വന്നില്ല അമ്മാവാ എന്ന് അപ്പു പറഞ്ഞു ..കട അടച്ച് ഇറങ്ങ് കാ എന്ന് അമ്മാവനും . റോഡിലേക്ക് ഇറങ്ങി നിന്നിട്ട് അവൻ അമ്മാവനെ വിളിച്ചു.❤
അമ്മാവാ ഞാൻ രണ്ട് മുട്ടായി എടുത്തോട്ടെ. പേടിച്ചാണ് ചോദിച്ചത്. എന്നാൽ അവനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അമ്മാവൻ ഒരു പിടി മിഠായികൾ ഭരണിയിൽ നിന്ന് വാരിയെടുത്ത് അപ്പുവിന് കൊടുത്തു. നിറഞ്ഞ മനസോടെ അവനത് പോക്കറ്റിലേക്ക് ഇട്ടു.❤
കട അടച്ച് അവർ വീട്ടിലേക്ക് നടന്നു. മുന്നിൽ ടോർച്ചും തെളിച്ച് അമ്മാവൻ; പിന്നാലെ അവൻ. ഇത്ര നേരമായിട്ടും ഈ ആളുകൾ ഒന്നും ഉറങ്ങിയില്ലേ.അദ്ഭുതമായിരിക്കുന്നു. എല്ലാ വീടുകളിലും വെളിച്ചമുണ്ട്: നാലും കൂടിയ കവലകളിൽ ഒക്കെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. കള്ളുകുടിയൻമാരാകും. അവൻ വിചാരിച്ചു.ആരോ ആരെയോ കുത്തി എന്നൊക്കെ റോഡിൽ ആളുകൾ പറയുന്നത് കേട്ടു. കള്ളുകുടിച്ചാൽ അടിയും പിടിയും കത്തിക്കുത്തും ഒക്കെ പതിവാണല്ലോ. ഇന്ന് കടയിൽ ബീഡി വാങ്ങാൻ വന്ന വഴക്കാളിയെ അപ്പു ഓർത്തു.❤
വേഗം നടക്ക് : അമ്മാവൻ ധൃതി കൂട്ടി. ❤ വീടെത്തി . വീടിൻ്റെ മുറ്റത്ത് കുറച്ച് ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ട്.എന്താണിപ്പോൾ ഇവിടെ ഒരു ആൾക്കൂട്ടം . അച്ഛനെ കാണുന്നില്ലല്ലോ.. അവൻ അകത്തേക്ക് കയറി.അമ്മ പായ മേൽ മുഖമമർത്തി കരയുകയാണ്. ആരൊക്കെയോ ചേർന്ന് അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്. അവന് യാതൊന്നും മനസിലായില്ല.❤
മുറിയുടെ മൂലയിൽ കിടന്ന് സുഷമ ഉറങ്ങുന്നു. അവൻ അവളെ കുലുക്കി ഉണർത്താൻ ശ്രമിച്ചു. എത്ര മിഠായി കിട്ടിയ ദിവസമാണ്. അല്ലെങ്കിൽ വേണ്ട അവൾ കൊച്ചു കുട്ടിയല്ലേ: അവളുടെ പങ്ക് നാളെ കൊടുക്കാം❤
മുറിയിൽ അമ്മയുടെ തേങ്ങൽ ഒരു നിലവിളിയായി മാറുന്നത് അവൻ അറിഞ്ഞു. ആരോ മുറ്റത്ത് നിന്ന് പറയുന്നു.” സൗകര്യത്തിന് കിട്ടിയപ്പം കാച്ചിയതാ; പതിനാറ് കുത്തുണ്ടത്രെ.❤ അമ്മയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അപ്പുവിനും കരച്ചിൽ വന്നു. അപ്പോൾ ഉണർന്ന സുഷമയും കാര്യമറിയാതെ കരഞ്ഞു. വീട് മുഴുവൻ കൂട്ടക്കരച്ചിലായി മാറി. പുറത്ത് ഇരുട്ട് കനക്കുകയാണ്. ഘോരാന്ധകാരം.❤ ഗിരീഷ് നമശിവായം❤
പിൻകുറിപ്പ് :- വലിയ ഒരു സാംസ്കാരിക പൈതൃകത്തിൻ്റെ ഈറ്റില്ലമാണ് കണ്ണൂർ: എനിക്കവിടെ രജിസ്ട്രേഷൻ വകുപ്പിലെ ധാരാളം സഹപ്രവർത്തകരും സുഹൃത്തുക്കളും ഉണ്ട്. അവരെല്ലാം തികഞ്ഞ സ്നേഹ സമ്പന്നരായാണ് ‘എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത് . പക് ഷേ ധാരാളം ഐതിഹാസിക സമരങ്ങൾക്ക് വേദിയായിട്ടുള്ള അവിടെ ഇടയ്ക്കിടെ അനാഥമായ അമ്മമാരുടെയും വിധവകളുടെയും കണ്ണുനീർ വീഴുന്നത് എന്നെ അലോസരപ്പെടുത്തുന്നു. മനുഷ്യത്വരഹിതമായ രാഷ്ട്രീയ കൊലപാതകങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇതിന് അറുതി വരുത്തുവാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തന്നെ മുൻകൈ എടുക്കണം.❤ സമാപ്തം……❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക് പുനലൂർ സബ് രജിസ്ട്രാർ ആഫീസ്❤❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

