നിങ്ങൾ റിലീസ് ആകുന്ന പുതിയ സിനിമകളുടെ നിരൂപണം Social media യിൽ എഴുതുന്ന ശീലം ഉള്ള ആളാണോ ? എങ്കിൽ തീർച്ചയായും ഈ കുറിപ്പ് വായിക്കണം.
നാല്പത്തിയൊന്ന് എന്ന ലാൽ ജോസ് ചിത്രം റിലീസ് ദിനം തന്നെ കണ്ടിറങ്ങിയപ്പോൾ വളരെ നിരാശ തോന്നി.
ഇങ്ങനെയൊന്നുമായിരുന്നില്ല ഈ ചിത്രം എടുക്കേണ്ടിയിരുന്നത്.
ചിത്രത്തിന്റെ ഒന്നാം പാതി തീർത്തുമെന്നപോലെ ഒഴിവാക്കാമായിരുന്നു.
അവിശ്വാസിയായ ഒരു സഖാവിനു വിശ്വാസിയായ ഒരാൾക്കൊപ്പം ശബരിമലയ്ക്കു പോകേണ്ടി വരുന്ന ആ രണ്ടാം പാതിയെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു ചിത്രം വികസിപ്പിക്കേണ്ടിയിരുന്നത്.
സഖാവ്, യാത്ര, വിശ്വാസി, തീർത്ഥാടനം, ആത്മസംഘർഷങ്ങൾ ഒക്കെ…
എനിക്കാ നിരാശയും സങ്കടവുമെല്ലാം ആരോടെങ്കിലുമൊക്കെ പങ്കു വയ്ക്കണമെന്നു തോന്നി. ആശ നിരാശകൾ പങ്കുവയ്ക്കുന്ന പതിവിടം Face Book തന്നെയാണ്.
എഴുതാനിരിക്കവേ എന്നെയന്വേഷിച്ച് ഒരാൾ കടന്നു വന്നു.
സഹസംവിധായകനാകാൻ ഏറെ കൊതിച്ച ഒരു പയ്യൻ.
എന്നിട്ടെന്തേ നീ സഹസംവിധായകനാകാതിരുന്നത്?
ഞാനവനോടു ചോദിച്ചു.
രക്ഷപ്പെടുമോ ഇല്ലയോ എന്നുറപ്പില്ലാത്ത ആ രംഗത്തേയ്ക്കു പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. അവൻ പതിയെ പറഞ്ഞു.
ഇന്നു നീ എന്തു ചെയ്യുന്നു എന്നവനോടു ഞാൻ ചോദിച്ചു.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ്.
ഇന്നും നീ ഖേദിക്കുന്നുണ്ടോ? ഞാനവനോടു വീണ്ടും ചോദിച്ചു.
ഉവ്വ്, ഇഷ്ടപ്പെട്ട ഫീൽഡിൽ ഒന്നുമാകാതെ നിൽക്കേണ്ടി വന്നാലും ശരി അതു തന്നെയായിരുന്നു എനിക്കിഷ്ടം…
അതുകേട്ടു ചിരിച്ചു കൊണ്ടു രണ്ടാമത്തെയാൾ കടന്നു വന്നു.
ആരാണ്?
എനിക്കു മനസിലായില്ലല്ലോ…
ഞാൻ രാജൻ ശങ്കരാടി.
നിനക്ക് രണ്ട് വയസ് മാത്രം ഉള്ളപ്പോൾ , 1985 -ൽ, എന്റെ മുപ്പത്തിരണ്ടാം വയസിൽ, മോഹൻലാലിനെ നായകനാക്കി ആദ്യ സിനിമ സംവിധാനം ചെയ്തവൻ.
പിന്നെ രണ്ടാമതൊരു സിനിമ എനിക്കു കിട്ടിയത് പതിമൂന്നു കൊല്ലം കഴിഞ്ഞായിരുന്നു.
പിന്നെയും അഞ്ചു കൊല്ലം കഴിഞ്ഞു മൂന്നാമത്തെയും അവസാനത്തെയും ചിത്രം.
രാജൻ ശങ്കരാടി തുടരുകയാണ്…
വക്കീലായ ശേഷം, ജീവിക്കാനായി പിന്നീട് ഗുമസ്തനാകേണ്ടി വരുന്ന ഒരുത്തന്റെ അവസ്ഥ നിനക്കു സങ്കല്പിക്കാനാകുമോ?
നിനക്കു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയും ബഞ്ച് ക്ലർക്കായും മാറിമാറിയിരിക്കാനാകുമോ?
എനിക്കതൊക്കെ സങ്കല്പിക്കാൻ പറ്റുമെടോ. ഞാനാ ജീവിതങ്ങളൊക്കെ മാറിമാറി ജീവിച്ചവനാണ്. അറുപത്തിരണ്ടാം വയസില് മരിക്കും വരെ സഹസംവിധാനം തന്നെയായിരുന്നെടോ എന്റെ ഉപജീവനമാർഗം.
രാജൻ ശങ്കരാടി വീണ്ടും ചിരിച്ചു. കരച്ചിലിന്റെ ഈണമുള്ള ചിരി.
അപ്പോഴേയ്ക്കും മൂന്നാമൻ ചാടി വീണു.
പഴത്തിനു തൊലിയുണ്ടാകുമെന്നു കരുതി പഴമ്പൊരിക്കും തൊലിയുണ്ടാകുമെന്നു കരുതരുത് മിസ്റ്റർ!
സന്തോഷ് പണ്ഡിറ്റിനെ നോക്കി ഞാൻ വാ പൊത്തി ചിരിച്ചു.
ഇയാള് ചിരിക്കാൻ പറഞ്ഞതല്ല.
സിനിമയുടെ ചൂടിൽ വെന്തുപോയ തൊലിയില്ലാത്ത തൊലിഞ്ഞ ജന്മങ്ങളാണ് ഞങ്ങളൊക്കെ.
പണ്ഡിറ്റ് കത്തിക്കയറുകയാണ്.
സന്തോഷളിയോ…
ഞാൻ വിളിച്ചു.
കർത്താവിന്റെ തിരുമണവാട്ടിയെ സിസ്റ്റർ എന്നു വിളിക്കുന്നെന്നു കരുതി കർത്താവിനെ ഇയാള് അളിയാ എന്നു വിളിക്കുമോ?
പണ്ഡിറ്റിന്റെ ചോദ്യം കേട്ട ഞാൻ പൊട്ടിച്ചിരിച്ചു.
സന്തോഷ് എന്നെ നോക്കിക്കൊണ്ടു പറഞ്ഞു:
ചിരിപ്പിക്കാൻ കഴിയുന്നത് വലിയൊരു കഴിവാണ്. ആ സിദ്ധി എല്ലാവർക്കും കിട്ടില്ല, മിസ്റ്റർ.
ഞാൻ സമ്മതിച്ചു കൊടുത്തില്ല.
പണ്ഡിറ്റ്, നിങ്ങൾ വെറുമൊരു കോമാളിയാണ്.
ആ കോമാളി-കൂതറപ്പടങ്ങൾ വമനേച്ഛ ഉളവാക്കുന്നു.
എന്തോന്ന്?
നിങ്ങൾ എം കൃഷ്ണൻ നായർ എന്നു കേട്ടിട്ടുണ്ടോ?
സാഹിത്യവാരഫലം വായിച്ച ഒരാൾക്കതു ചോദിക്കാൻ കഴിയില്ല. വമനേച്ഛ എന്നു വച്ചാൽ വാളു വയ്ക്കാനുള്ള ടെന്റൻസി.
കൃഷ്ണൻ നായർ അവിടെ നിൽക്കട്ടെ.
ഇയാളെന്റെ കൃഷ്ണനും രാധയും എന്ന ചിത്രം കണ്ടിട്ടുണ്ടോ? ഏതെങ്കിലുമൊരു ചിത്രം?
ഇല്ല പണ്ഡിറ്റ്, എനിക്കതു നാണക്കേടാണ്.
വാദം കേൾക്കാതെ വിധിയെഴുതുന്ന ആ പഴയ പുത്തൂരം അടവ്!
ആട്ടെ, ഇയാൾ ഇത്ര കാലം കൊണ്ടു ജീവിതത്തിൽ ആകെയെത്ര സിനിമകൾ കണ്ടു?
ആയിരക്കണക്കിനു സിനിമകൾ…
എത്രയെണ്ണത്തിനെ വിമർശിച്ചു?
അതും ആയിരങ്ങൾ വരും.
ഇയാൾക്കൊരു നല്ല സിനിമ സ്വന്തമായി എടുത്തു കാണിക്കാമോ?
പകപ്പു പുറത്തു കാണിക്കാതെ ഞാൻ തടിതപ്പാൻ ശ്രമിച്ചു:
സിനിമ എടുക്കാൻ കഴിവുള്ളർ മാത്രം വിമർശിച്ചാൽ മതി എന്നെവിടെ പറഞ്ഞിരിക്കുന്നു?
കറുത്ത കോഴി വെളുത്ത മുട്ടയിടുമെന്നു കരുതി വെളുത്ത കോഴി കറുത്ത മുട്ടയിടുമെന്നു കരുതരുത് പണ്ഡിറ്റ്!
ഇയാള് വെറുമൊരു പ്രേക്ഷകനല്ലല്ലോ, സഹസംവിധായകനാകാൻ കൊതിച്ച ആളല്ലേ? എന്നിട്ടെന്തേ പോയില്ല?
സ്വപ്നം കാണാനല്ലാതെ വേറൊന്നിനും അന്നുമിന്നും ധൈര്യമൊട്ടില്ലാത്ത സ്വപ്നജീവി!
റെയ്ബാൻ ഗ്ലാസ് എടുത്തു കണ്ണു തുടച്ചിട്ട് പണ്ഡിറ്റ് തുടർന്നു:
ഞാനും എൽഎൽ ബി ക്കാരൻ തന്നെ. എഞ്ചിനീയറിംഗ് അടക്കം പതിമൂന്ന് ബിരുദങ്ങൾ. സർക്കാർ സർവീസിലെ ഓവർസിയർ ജോലി കളഞ്ഞിട്ടു വന്നവൻ. സ്വന്തം പണം മുടക്കി സിനിമയെടുക്കുന്നവൻ. എന്റെ മാത്രം സ്വപ്നങ്ങൾക്ക് എന്റെ തന്നെ മുതൽമുടക്ക്. ഇയാക്കതിന് ഈ ജന്മത്തു പറ്റുവോ?
പണ്ഡിറ്റ് കൂട്ടിച്ചേർത്തു:
– ഞാനൊരു തീപ്പെട്ടിക്കൊള്ളി തന്നെ. പക്ഷേ സ്വപ്നങ്ങളുടെ മെഴുതിരി കത്തിക്കാൻ എനിക്കു കഴിയും. നിങ്ങൾ എരിഞ്ഞു തീർന്ന മെഴുതിരിയാണ്, സ്വയം കത്താൻ കഴിയില്ല, മെഴുതിരി കൊണ്ട് തീപ്പെട്ടി കത്തിക്കാനും കഴിയില്ല. ഞാനീ വെയിലത്തിറങ്ങി സ്വപ്നങ്ങളുടെ ബസ് സ്റ്റോപ്പിൽ മോഹങ്ങളുടെ ബസ് കാത്തുനിൽക്കുന്ന ഉരുക്കു സതീശൻ.
നിങ്ങൾ ഫുൾ സ്റ്റോപ്പിൽ കിടന്നു കറങ്ങുന്നവൻ, ഫുൾ സ്റ്റോപ്പിൽ നിന്നാൽ ഒരു ഫുള്ളും നിങ്ങളെത്തേടി വരില്ല മിസ്റ്റർ, ജസ്റ്റ് റിമംബർ ദാറ്റ്!
പണ്ഡിറ്റ് ഇറങ്ങിപ്പോയി.
പണ്ഡിറ്റ് പറഞ്ഞതൊക്കെ ഞാൻ കേട്ടു, മറുപടിയില്ല അല്ലേ?
നല്ല പരിചയമുള്ള ശബ്ദമാണ്.
അഴകിയ രാവണനിൽ ഇന്നസെന്റ് സിനിമയിൽ അഭിനയിക്കുന്ന രംഗത്തിലെ സഹസംവിധായകന്റെ ശബ്ദം. ലാൽ ജോസ്?
അതേടോ.
താനാ അഴകിയ രാവണനിൽ ഇന്നസെന്റ് വെള്ളം കുടിക്കുന്നത് കണ്ടില്ലേ?
അതുപോലെ ഒരുപാടു പേര് ഒരുപാടു നാള് വെയിലുകൊണ്ടും വെള്ളം കുടിച്ചും ഒത്തിരി സ്വപ്നം കണ്ടും മോഹിച്ചും ഉണ്ടാക്കുന്നതാ ഒരു സിനിമ.
ലാൽ ജോസ് എന്റെ തോളത്തു കൈവച്ചു കൊണ്ടു തുടർന്നു:
ആ സിനിമ റിലീസ് ചെയ്യുമ്പം ചങ്കു പെടയ്ക്കും.
സിനിമ പൊട്ടുവോ ഓടുവോന്ന് ആദ്യത്തെ ഷോ കഴിയുമ്പം അറിയാം.
പൊട്ടുമ്പഴുണ്ടല്ലോ, ഒരുപാടു കാലത്തെ കാത്തിരിപ്പാണ് ഒറ്റ ദിവസം കൊണ്ട് കത്തിക്കരിഞ്ഞു പോണത്.
പതിയെ നടന്നു ജനാലയ്ക്കരികിൽ ചെന്നു പുറത്തേയ്ക്കു നോക്കിയങ്ങനെ ലാൽ ജോസ് നിന്നു.
കൂവാനും ചത്തൂടേടോ തനിക്കെന്നു സോഷ്യൽ മീഡിയേല് സംവിധായകനോടു ചോദിക്കാനും എളുപ്പാടോ, അതിനു വല്യ മിടുക്കൊന്നും വേണ്ട.
എഴുതാനെടുത്ത മൊബൈൽ താഴെവച്ചു ഞാൻ കേട്ടിരുന്നു.
– ഒരു തല്ലിപ്പൊളി സിനിമ എടുക്കണം, നാട്ടുകാരുടെ കൂവലും തെറിവിളീം വീട്ടുകാരുടെ കൂടെ മുമ്പിൽ വച്ചു തന്നെ കൊറേക്കാലം കേക്കണം, വിശ്വസിച്ചു പടമെടുക്കാൻ ഏല്പിച്ച ഒരു നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കണം എന്നൊക്കെക്കരുതി ആരേലും സിനിമയെടുക്കുവെന്നു തനിക്കു തോന്നണൊണ്ടോ? നമ്മള് സംവിധാനം ചെയ്ത ഒരു സിനിമ പൊട്ടിയാപ്പിന്നെ നമ്മളെ ആർക്കും വേണ്ടെടോ. അത്രേം നാള് നിർത്താതെ റിംഗ് ചെയ്ത നമ്മടെ ഫോണൊണ്ടല്ലോ, അതു പിന്നെ അലാറം മാത്രം അടിക്കാനൊള്ള സാധനമാകും. നമ്മള് വിളിച്ചാല് ഫോണെടുക്കാൻ ആർക്കും നേരമൊണ്ടാവില്ല. അതാടോ സിനിമ. ഐ വി ശശി പോലും വെറും ശശിയാവുന്ന ഫീൽഡ്…
കട്ട് പറയാതെ ഞാൻ കേട്ടിരിക്കയാണ്.
– ഓടുമ്പഴ് കേരളം മുഴുവൻ നിറഞ്ഞോടും. പൊട്ടുമ്പം നെയ്യാറ്റിൻകര ശ്രീ കാളിദാസ് തൊട്ട് കാസറഗോഡ് കൃഷ്ണ വരെ എല്ലാടത്തും ഒരുപോലെ പൊട്ടും. നല്ല സിനിമേടെ റെസിപ്പീം രസതന്ത്രോം ആർക്കുമിതുവരെ പിടികിട്ടീട്ടുമില്ല.
ലാൽ ജോസ് ഒരു ചോദ്യമെറിഞ്ഞു:
– താനെഴുതിയ ഒരു വിധി പൊട്ടയാണെന്ന് തോറ്റ വക്കീലും അപ്പീൽ കോടതീം മാത്രം പറയും, വേറാരും വായിക്കണില്ലല്ലോ അത്. രണ്ടുപേരു പറയുമ്പത്തന്നെ തന്റെ ചങ്കു കലങ്ങും, അല്ലിയോ?
എന്നെ ഓർമ്മപ്പെടുത്തുകയാണ് ലാൽജോസ്.
– ഒത്തിരിപ്പേരു കാണണ ഒരു സിനിമ പൊട്ടുമ്പഴത്തെ സംവിധായകന്റെ അവസ്ഥ താനൊന്നാലോചിയ്ക്ക്. അതില് പത്തും ഇരുപതും കൊല്ലമൊക്കെ അസിസ്റ്റന്റായി നിന്നിട്ട് ആദ്യായിട്ട് സിനിമ എടുക്കുന്നവനും കാണും. ഇനിയൊരവസരം പോലും കിട്ടാൻ സാദ്ധ്യതയില്ലാത്തവരും കാണും. എല്ലാ പരിഹാസങ്ങൾക്കിടയിലും അടുത്ത സിനിമ എടുക്കുന്നതും വിജയിക്കുന്നതും സ്വപ്നം കണ്ടിരിക്കുന്നവന്റെ അവസ്ഥ തനിക്കു മനസിലാവില്ല. സിനിമ ഞങ്ങടെ ജീവിതാണ്, സ്വപ്നാണ്. തന്നെയൊക്കെപ്പോലെ ടൈം പാസല്ല…
ഞാൻ കണ്ണടച്ചിരുന്നു.
ഒരു മുരടനക്കം. ഇരുട്ടത്ത് ശരിക്കു കാണാൻ വയ്യ.
ആരാ?
– ഞാനാന്നേ, അപ്പച്ചൻ.
– ഏത് അപ്പച്ചൻ?
– മോനെത്ര അപ്പച്ചനെ അറിയാം? കേക്കട്ടെ…
– നവോദയ അപ്പച്ചൻ, വാളക്കുഴി ഫിലിംസ് അപ്പച്ചൻ, സ്വർഗചിത്ര അപ്പച്ചൻ…
– ആദ്യം പറഞ്ഞ അപ്പച്ചനാന്നേ…
ആദ്യ സിനിമാസ്കോപ്പ്-സെവന്റി എംഎം-ത്രീഡി ചിത്രങ്ങളൊക്കെ എടുത്ത് കാലത്തിനു മുമ്പേ നടന്നയാൾ. ഞാനെഴുന്നേറ്റു നിന്നു.
അപ്പച്ചൻ എന്നെ പിടിച്ചിരുത്തി.
– മോനിരിക്ക്.
എന്നിട്ടു പഞ്ഞിക്കെട്ടു പോലത്തെ ആ മുടി തടവിക്കൊണ്ടു പറഞ്ഞു തുടങ്ങി.
– മോനേ, ഒരാള് ഒരു സിനിമയ്ക്കു പോകുമ്പം എത്ര രൂപ ചെലവാകും? വണ്ടിക്കാശക്കം ഒരു നൂറ്റമ്പത്. കടം വാങ്ങിയ കാശു കൊണ്ടൊന്നുവല്ലല്ലോ അയാള് സിനിമയ്ക്കു പോണത്. കൈയില് കാശൊണ്ടായിട്ടാന്നേ അയാള് പോണത്…
അതെ.
– അയാള് പോയേച്ചും വരട്ടെ മോനേ. നമ്മളെന്തിനാ അയാളോട് പോവണ്ടാന്ന് പറയണത്? മോനൊന്നാലോചിച്ചു നോക്കിക്കേ, ഈ ഇഷ്ടം ഇഷ്ടം എന്നൊക്കെപ്പറേണത് ആപേക്ഷികമല്ലിയോ? ഞങ്ങള് അച്ചായമ്മാർക്ക് പോർക്ക് ഉലർത്തിയത് ജീവനാണേ, എന്നാൽ ചിലർക്ക് അത് മതവിശ്വാസത്തിന് എതിരാണ്. ഹറാമാണ് . അത്രേയൊള്ളു കാര്യം. സിനിമേടെ കാര്യത്തിലും അങ്ങനൊക്കെത്തന്നാന്നേ…
വെളുത്ത ജുബ്ബയിലെ പൊടിതട്ടിക്കൊണ്ട് അപ്പച്ചൻ തുടർന്നു.
– ഓടാത്ത സിനിമയൊന്നും നല്ലതല്ലെന്നു വരത്തില്ല മോനേ. ഇപ്പം ഇവിടുന്നെറങ്ങിപ്പോയ ആ കൊച്ചന്റെ പഴേ ഒരു പടവൊണ്ട്, രണ്ടാം ഭാവം. തിയേറ്ററില് ഓടിയപ്പഴത്തേക്കാള് അഭിപ്രായം ടീവീന്ന് ആ സിനിമയ്ക്കു കിട്ടിയാരുന്നേ…
– അതുപോലെ മോശം സിനിമയാണേലും ചെലതിലെങ്കിലുവൊക്കെ മറക്കാൻ പറ്റാത്ത ചെലതൊക്കെ കാണും. അതു ചെലപ്പം ക്യാമറയായിരിക്കും, ചെലരടെ അഭിനയായിരിക്കും.
– തിയേറ്ററില് സിനിമ കാണുമ്പഴത്തെ ആ ഫീല്! അതു ഞാമ്പറയാതെ മോനറിയാം…
– ആദ്യത്തെ ആഴ്ച സ്വയം സിനിമാ കാണാമ്പോണവരെ തടയണത് സാമൂഹിക പ്രതിബദ്ധതയാണെന്നു മോനു തോന്നണൊണ്ടോ? മോൻ തടഞ്ഞാല് അവരാ സിനിമയ്ക്കു മൊടക്കേണ്ടിയിരുന്ന നൂറ്റമ്പത് രൂപാ മുഖ്യമന്ത്രീടെ ദുരിതാശ്വാസ നിധീലേയ്ക്കു കൊടുക്കുവെന്നു മോൻ കരുതണൊണ്ടോ?
– എന്നെപ്പോലൊരു നിർമ്മാതാവ് കൊറച്ചു പേരടെ നൂറ്റമ്പതു രൂപാ വച്ചു കിട്ടിയാല് ചെലപ്പം ആത്മഹത്യ ചെയ്യാതെ രക്ഷപ്പെട്ടെന്നു വരും മോനേ. ഒരു ആയുഷ്കാലത്തെ സമ്പാദ്യമാണ് പലരടേം മൊതലുമൊടക്ക്, ഒരുപാടു പേരടെ അന്നവാണത്.
– പ്രതീക്ഷിക്കാതെ കൊറേ നാള് തിയേറ്ററൊക്കെ അടഞ്ഞു കെടക്കണ അവസ്ഥ നാളെ വന്നാല്, പെട്ടെന്നു തിയേറ്ററീന്നു പൊറത്താവണ സിനിമകളൊണ്ട്. സമ്പാദ്യോം ലോണുവൊക്കെയായിട്ട് നൂറു കോടിയൊക്കെ മൊടക്കീട്ട് പെട്ടീലായിപ്പോണ സിനിമകളൊണ്ട്. തിയേറ്ററ് തൊറന്നാ മാത്രം അന്നം കിട്ടണ സിനിമാക്കാരും തിയേറ്റർ ജോലിക്കാരുവൊണ്ട്. സിനിമ ഒരു കലയാണ്, അതേസമയം കച്ചവടോം കൂടിയാണു മോനേ…
– വെക്കേഷന് എല്ലാരും തിയേറ്ററില് വരണ സമയമാ. ഒരുമാതിരി സിനിമയ്ക്കൊക്കെ മിനിമം ഗാരന്റി ഒറപ്പൊള്ള സമയം. ആ സമയത്ത് തിയേറ്ററഞ്ഞു കെടക്കുമ്പം ഒരുപാടു പേരടെ നെഞ്ഞും വയറും കത്തും മോനേ. പൊറകേ വരണത് മഴേം നോമ്പുവൊക്കെ. മോനത് ഓർക്കണം.
– ഒരു സിനിമാ മോശാണെന്നു മോൻ ഫെയ്സ്ബുക്കിലെഴുതുമ്പം, മോനെ അത്ര വിശ്വാസവൊള്ള ആരൊക്കെയോ അതു വിശ്വസിക്കും. അവരു തിയേറ്ററില് വരാൻ മടിക്കും.
ഞാനിടയ്ക്കു കയറിപ്പറഞ്ഞു:
– പക്ഷേ സ്ത്രീത്വത്തെ മോശമായി ചിത്രീകരിക്കുന്ന ആ നടന്റെ സിനിമേം അതുപോലെ മനുസ്മൃതിയുടെ കാലത്തെ നിയമം വീണ്ടും വരണമെന്ന് ആഗ്രഹിക്കുന്ന മെഗാ താരത്തിന്റെ സിനിമേം പിന്നെ എന്റെ എതിർ രാഷ്ട്രീയ പാർട്ടിയിലുള്ള ആ മഹാ നടന്റെ സിനിമയെ പറ്റിയും ഞാൻ ചീത്ത പറഞ്ഞെഴുതും, നവോദയ അപ്പച്ചനല്ല എന്റപ്പച്ചൻ പറഞ്ഞാലും ഞാനെഴുതും…
അപ്പച്ചൻ ചിരിച്ചു കൊണ്ടു പറഞ്ഞു:
– മഹാനടന്റെ രാഷ്ടീയത്തോടു മോനു തീർച്ചയായും യോജിക്കാതിരിക്കാം. പക്ഷേ അയാൾക്കു രാഷ്ട്രീയമേ പാടില്ലെന്നോ, മോന്റെ രാഷ്ട്രീയം തന്നെ അയാൾക്കും വേണമെന്നോ ശഠിക്കുന്നതു ശരിയാണോ? മോനു രാഷ്ട്രീയമില്ലേ? അത് വേ ജോലി റെ എന്നല്ലേ മോൻ പറയാറ്? സിനിമേടെ രാഷ്ട്രീയം കലേം, പ്രേക്ഷകന്റെ രാഷ്ട്രീയം സിനിമേം അല്ലേ മോനേ? പിന്നെ മെഗാതാരത്തിന്റെ നിശബ്ദത. എല്ലാ കാര്യത്തിലും എല്ലാരും അഭിപ്രായം പറയണോ? മോൻ പറയാറൊണ്ടോ? അവര് അടിസ്ഥാനപരമായിട്ട് നടന്മാരല്ലിയോ, പ്രതികരണത്തൊഴിലാളികളല്ലല്ലോ…
– മോനു കാണണോന്നു തോന്നണ സിനിമയൊക്കെ കാണണം. നല്ലതെഴുതാൻ തോന്നിയാല് ഒടനെ തന്നെ മടിക്കാതെ എഴുതണം, അതു വായിച്ചു നാലു പേരു കൂടുതലു വന്നോട്ടെ, നല്ല കാര്യം. മോശം എഴുതാനാണു മോനു തോന്നണേല് അപ്പച്ചൻ പറഞ്ഞതൊക്കെ ഒന്നൂടൊന്ന് ആലോചിച്ചിട്ടു പോരായോ? നമ്മളായിട്ടെന്തിനാ മോനേ ആരേലുമൊക്കെ കുത്തുപാളയെടുപ്പിക്കണെ? മോന് എഴുതണോന്ന് അത്ര നിർബന്ധാണേല് റിലീസ് കഴിഞ്ഞൊരു രണ്ടു മാസം കാത്തൂടെ? മോന് പഠിപ്പൊണ്ട്, വിവരമൊണ്ട്, അപ്പച്ചൻ ഓർമ്മിപ്പിച്ചെന്നേയൊള്ളു.
വാച്ചിൽ നോക്കിയിട്ട് അപ്പച്ചൻ ധൃതിയിൽ എഴുന്നേറ്റു.
– അപ്പച്ചൻ എറങ്ങുവാ മോനേ, അങ്ങു ദൂരെ എത്താനൊള്ളതാ…
ആകാശത്തിൽ നിന്നൊരു വെള്ളിത്തിര താഴേയ്ക്കു നിവർന്നു. അതിൽ കയറി അപ്പച്ചൻ പോവുകയാണ്.
എഴുതാനെടുത്ത മൊബൈലിൽ വെളിച്ചം മങ്ങുന്നു, ഇരുട്ടാവുന്നു…
ഫെയ്ഡ് ഔട്ട്..
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

