എന്ത് കിട്ടിയാലും തൃപ്തമാകാത്ത അഭിനന്ദിക്കാന്‍ പിശുക്ക് കാട്ടുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇത് ഞാന്‍ എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്. കഥ വായിച്ചിട്ട് നമ്മുടെ ശ്രമത്തെ മാനിച്ചെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും വേണ്ടില്ല ഒരു കമന്റോ മറ്റോ എഴുതുന്നത് ഒരു മഹാ അപരാധം പോലെയാണ് പലരും കരുതുന്നത്. ഇടയ്ക്ക് കുറച്ച് മരുപ്പച്ചകള്‍ കാണുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല.
ഒരു കുട്ടിയുമൊത്ത് കടല്‍ കാണാനെത്തിയതാണ് അമ്മ. ഇടയ്ക്ക് എപ്പോഴോ അമ്മയുടെ കൈവിട്ട് ഓടിയ കുട്ടി ശക്തമായ തിരയില്‍ പെട്ടു. അമ്മയുടെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് കുട്ടിയെ രക്ഷിച്ചു. സന്തോഷത്താല്‍ കുട്ടിയെ കെട്ടിപ്പിടിക്കുമ്പോഴാണ് ആ അമ്മ ശ്രദ്ധിച്ചത്. അവന്റെ ഒരു ചെരുപ്പ് കാണാനില്ല. അമ്മ അരിശത്തോടെ അവനെ ശകാരിക്കാന്‍ തുടങ്ങി. ഇന്ന് വാങ്ങിയ ചെരുപ്പാണ്. എത്ര വിലപിടിപ്പുള്ളതാണ്. ഇന്ന് തന്നെ നീ അത് കളഞ്ഞല്ലോ. ഇതാണ് ഇന്നത്തെ ലോകം. ഈ ലോകത്ത് നിന്നും അഭിനന്ദനം പ്രതീക്ഷിക്കുന്നത് അതിമോഹമാണ്.
ലഭിച്ച സൗഭാഗ്യങ്ങളുടെ വലുപ്പം അറിയാത്തവരാണ് സംഭവിച്ച നഷ്ടങ്ങളുടെ കണക്കുപുസ്തകം തയ്യാറാക്കുന്നതിന്റെ അടിസ്ഥാനകാരണം. നഷ്ടപ്പെടാത്ത ആയിരം കാര്യങ്ങള്‍ കൈമുതലായി ഉണ്ടെങ്കിലും നഷ്ടപ്പെട്ട ഏതെങ്കിലും വസ്തുവിന്റെ പേരിലാകും ആയുഷ്‌കാലം മുഴുവനുമുള്ള പരിവേദനം.
അഭിനന്ദനം ബൂമറാങ് പോലെ ആണെന്ന് പറയാം. അത് കൊടുക്കുന്നവര്‍ക്ക് അതേ പോലെ തന്നെ തിരിച്ച് കിട്ടും. ബൈബിളില്‍ പറഞ്ഞിട്ടുണ്ട് നീ അളന്ന് കൊടുത്ത നാഴി കൊണ്ട് തന്നെ നിനക്കും അളന്ന് കിട്ടും. പ്രത്യേകിച്ചും കുട്ടികള്‍ക്ക് അവരുടെ ചെറുപ്രായത്തില്‍ മാതാപിതാക്കളില്‍ നിന്നും ഗുരുക്കന്‍മാരില്‍ നിന്നും ലഭിക്കുന്ന അഭിനന്ദനം അവരെ കണ്ടീഷന്‍ ചെയ്ത് ഭാവി ജീവിതത്തില്‍ വലിയ വലിയ നേട്ടങ്ങള്‍ കൈയ്യെത്തി പിടിക്കുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ മനസ് തുറന്ന് അഭിനന്ദിക്കാന്‍ കിട്ടുന്ന ഒരു അവസരവും നാം പാഴാക്കാന്‍ പാടില്ല. അഭിനന്ദിക്കുന്നതിലൂടെ ഒരു പോസിറ്റീവ് എനര്‍ജി ആണ് നമുക്ക് ലഭിക്കുന്നത്. എപ്പോഴും സ്വാര്‍ത്ഥചിന്ത ഇല്ലാതെ നല്ലതിന്റെ വക്താക്കളും പ്രചാരകരുമായി മാറുക. ആര്‍ട്ട് ഓഫ് ലിവിങിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്യുന്നതുപോലെ.
ചിലരുണ്ട് ഏറ്റവും മികച്ചത് കണ്ടാലും കൊള്ളാം കുഴപ്പമില്ല തരക്കേടില്ല എന്നൊക്കെയേ പറയുകയുള്ളൂ. ഇത്തരക്കാരെ പൊതുവേ നിരീക്ഷിച്ചാല്‍ ഒരുപാട് സമാന സ്വഭാവ സവിശേഷതകള്‍ കണ്ടെത്താന്‍ കഴിയും എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത് കൗതുകകരമായി തോന്നാം. ഒന്നാമതായി അത്തരക്കാര്‍ തങ്ങള്‍ മാത്രമാണ് ശരി എന്ന വിശ്വാസം പുലര്‍ത്തുന്നവരായിരിക്കും. രണ്ടാമത് കുറച്ച് മാത്രം സംസാരിക്കുന്നവര്‍ ആയിരിക്കും. മൂന്നാമതായി അവര്‍ ഒരു നല്ല ശ്രോതാവ് ആയിരിക്കില്ല. മൊത്തത്തില്‍ നെഗറ്റീവ് എനര്‍ജിയാണ് അത്തരക്കാര്‍ പ്രസരിപ്പിക്കുന്നത്. ചെറുപ്പത്തില്‍ വേണ്ട വിധത്തില്‍ ലാളനകളും അഭിനന്ദനങ്ങളും കിട്ടാതെ വളര്‍ന്ന് വന്നവരാണ് ഇത്തരക്കാര്‍.
ഞാന്‍ പറഞ്ഞു വന്നതിന്റെ ചുരുക്കം ഇതാണ്. നല്ല ഒരു കഥ പോസ്റ്റ് ചെയ്താലും അതിലെ 90 ശതമാനം ഉള്ള നന്‍മ കാണാതെ 10 ശതമാനം വരുന്ന നെഗറ്റീവ് ഉയര്‍ത്തിക്കാട്ടാനാണ് വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്ന് പണ്ട് കവി പാടിയത് പോലെ.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 മോയ് 8 )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

