ചെറുപ്പം മുതൽ കണ്ടു കണ്ട് മനസിൽ കയറിക്കൂടിയ ഒരു ഇഷ്ടം… സ്വന്തം പ്രാണനേക്കാളേറെ നമ്മൾ ഇതുവരെ നേരിൽ കണ്ട് സംസാരിച്ചിട്ടുപോലും ഇല്ലാത്ത ഒരു വ്യക്തിയോടുള്ള ആരാധന…. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യൻ എനിക്കാരാരാണ് എന്ന്… നാല് വയസുള്ള കുട്ടിയും നാല്പത് വയസുള്ള യുവാവും എൺപതു പിന്നിട്ട വൃദ്ധനും അയാളെ സ്നേഹപൂർവ്വം ലാലേട്ടാ എന്ന് വിളിക്കുന്നു. അതെ മലയാളത്തിന്റെ മോഹൻലാൽ. കളക്ഷൻ റെക്കാർഡുകളുടെ തോഴൻ. മോളിവുഡിനെ മോഹൻലാൽ വുഡ് എന്ന് കൂടി പറയാം….
ലാലേട്ടനുമായുള്ള ബന്ധം എന്നാണ് എപ്പോഴാണ് ആരംഭിച്ചത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. ഞാൻ ജനിക്കും മുമ്പ് അഭിനയം തുടങ്ങിയ പ്രതിഭയാണ്. ഞാൻ ജനിച്ചത് 1983 ലാണ്. ലാലേട്ടന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസാകുന്നത് 1980 ലാണ്. എന്റെ കുട്ടിക്കാലത്ത് നാല് വയസ് പ്രായത്തിൽ അപ്പ ജോലി ചെയ്ത തിയറ്ററിന് സമീപത്തുള്ള റോമാ സ്കൂളിൽ നഴ്സറി പഠിക്കുന്ന കാലം. വർഷം 1987 ആണ്. നഴ്സറി ക്ലാസ് കുറച്ച് സമയമേ ഉണ്ടാകൂ. എന്നെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വന്നാൽ അനുജന് അന്ന് ഒരു വയസേ ഉള്ളൂ. അമ്മയ്ക്ക് രണ്ടിനേംകൂടി മേയ്ക്കാൻ പാടാണ്. അതിന് അപ്പ ഒരു പോംവഴി കണ്ടെത്തി. എന്നെ സ്കൂളിൽ നിന്നും സൈക്കിളിൽ ഇരുത്തി നേരേ കൊട്ടകയിലേക്ക് കൊണ്ടുവരും. ഞാൻ അന്ന് അൽപം ഹൈപ്പർ ആക്ടീവ് ആണ്. അതുകൊണ്ട് അച്ഛൻ എന്നെ ഓപ്പറേറ്റർ റൂമിലെ ഉയരമുള്ള സ്കൂളിൽ ഇരുത്തും . അതിൽ ഇരുന്നാൽ ഒരു ഗ്ലാസ് പോർഷനിലൂടെ സിനിമ കാണാം. ഓപ്പറേറ്റർ റൂമിൽ കാർബൺ എരിയുന്നതിന്റെ അപാര ചൂടാണ്.( ഈ കാർബൺ എരിയുന്ന ചാരത്തിൽ നിന്നും ചെമ്പോ നിക്കലോ എന്തോ ലോഹം വേർതിരിച്ച് എടുക്കാൻ കഴിയും. അതിന് ചെറിയ വിലയും കിട്ടും. ഈ ചാരം വിറ്റ് കിട്ടുന്ന ചില്ലറ പൈസകളും അന്നത്തെ ഞങ്ങളുടെ ചെറിയ ആവശ്യങ്ങൾ നിറവേറ്റിയിരുന്നു. ആ ചാരം വാങ്ങാൻ പതിവായി വന്നിരുന്ന ആളുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. പേര് രാജൻ എന്നായിരുന്നു എന്നാണ് ഓർമ്മ )
ഓപ്പറേറ്റർ റൂമിൽ അപ്പായ്ക് പിടിപ്പത് പണി ഉണ്ട്. ഓരോ ഷോ കഴിയുമ്പോളും ഫിലിം റീൽ തിരിച്ച് ചുറ്റണം. ഉയരമുള്ള സ്റ്റൂൾ ആയതിനാൽ എനിക്ക് സ്വയം ഇറങ്ങാൻ കഴിയില്ല. ( ഒരിക്കൽ ഞാൻ ആ സ്റ്റൂളിൽ നിന്നും താഴെ വീണിട്ടുമുണ്ട് ) . പറഞ്ഞ് വന്നത് 1987 മുതൽ പുനലൂർ രാംരാജിൽ കളിച്ച എല്ലാ മോഹൻലാൽ സിനിമകളും പല തവണ ആവർത്തിച്ച് ഞാൻ കണ്ടിട്ടുണ്ടാകും. 1991 ൽ ഇറങ്ങിയ കിലുക്കം തൊട്ടുള്ള സിനിമകൾ ഓർമ്മയിൽ ഉണ്ട്. അന്നൊക്കെ പത്രത്തിൽ വരുന്ന സിനിമകളുടെ പരസ്യവും സിനിമാനോട്ടീസും നെയിം സ്ലിപ്പുകളും താമസിക്കുന്ന വീടിന്റെ ഭിത്തിയിൽ ഒട്ടിച്ച് വെയ്ക്കാറുണ്ടായിരുന്നു. സിനിമാപ്പേരു പറഞ്ഞ് കളിക്കുക എന്നത് എന്റെയും അനുജന്റെയും പ്രധാന വിനോദം ആയിരുന്നു. . ട്യൂഷൻ ക്ലാസിലെ നോട്ട് പുസ്തകം സിനിമാപോസ്റ്റർ കുത്തിത്തയ്ചതായിരുന്നു. വീടിന്റെ ചോർച്ച അടയ്ക്കുവാൻ ഓടുകൾക്കിടയിൽ തിരുകി വെയ്ക്കുന്നത് ഉപയോഗം കഴിഞ്ഞ പരസ്യ ഹോൾഡിങുകളായിരുന്നു. വിളക്കുവെയ്ക്കുന്ന പൂജാമുറിയോ പഠനമുറിയോ ഒന്നും തന്നെ പ്രത്യേകം ഇല്ലായിരുന്നു. ഉള്ള ഒറ്റ മുറിയിൽ രണ്ട് വലിയ ഫിലിം പെട്ടികളുടെ മുകളിൽ വിളക്ക് വെച്ച് ദേവീ ദേവൻമാരുടെ പടവും വെച്ച് പൂജിച്ചിരുന്നു. വീട്ടിൽ ഇ എം എസിന്റെയും എകെ ജിയുടെയും ചിത്രങ്ങൾക്കൊപ്പം തന്നെ മോഹൻലാലിന്റെ ഫോട്ടോയും വെച്ചിരുന്നു. ( അന്ന് ഫിലിം വന്നിരുന്ന വലിയ അലൂമിനിയം കൊണ്ടുള്ള പെട്ടികൾ പഴയ കാലത്തെ ചിലർ എങ്കിലും ഓർക്കുന്നുണ്ടാകും. അന്ന് റിലീസ് ദിവസം ഈ പെട്ടികൾ വൈകുക പതിവാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകൾ ആണെങ്കിൽ കാണികൾ അക്ഷമരായി ഫിലിം പെട്ടി വരാൻ കാത്തിരിക്കും. ചിലപ്പോൾ ഒരു ഷോ വൈകി ഒക്കെ ആയിരിക്കും വരിക. അങ്ങിനെ വരുമ്പോൾ ഗ്യാപ്പ് കളിക്കാൻ മിക്കവാറും പഴയ ഏതെങ്കിലും സിനിമയുടെ പ്രിന്റ് കരുതിയിരിക്കും. രസം അതല്ല , ഇങ്ങനെ ഗ്യാപ്പ് കളിക്കാൻ ഇടുന്ന പഴയ സിനിമ കാണാൻ പോലും ജനം ഇരച്ചുകയറിയിരുന്നു.അത് സിനിമയുടെ വസന്തകാലമായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു മമ്മൂക്കയുടെ ദി കിംഗ് ഇറങ്ങിയ സമയം. പുനലൂർ രാംരാജിലും തായ് ലക്ഷ്മിയിലും ഈ പടം ചാർട്ട് ചെയ്തിട്ടുണ്ട്. അന്ന് പ്രിന്റിന് നല്ല വില കൊടുക്കണം. അത് വളരെ പ്രതീക്ഷയുള്ള സിനിമ ആയതിനാൽ പ്രത്യേകിച്ചും. ഈ രണ്ട് തിയറ്ററുകളും ജ്യേഷ്ഠാനുജൻമാരുടെ തിയറ്ററുകളാണ്. അവർ ഒരു ബുദ്ധി ഒപ്പിച്ചു. രാംരാജിൽ 9 മണിക്ക് ഷോ തുടങ്ങും, തായ് ലക്ഷ്മിയിൽ 9.30 നും. രാംരാജിൽ ആദ്യ റീൽ ഓടിക്കഴിയുമ്പോൾ ഒരു കാറിൽ അതുമായി തായ് ലക്ഷ്മിയിലേക്ക് പോയി ആ ഫിലിം റീൽ തിരിച്ച് ചുറ്റി അവിടെ ഷോ നടത്തും. ഒരു സിനിമ 16 റീൽ വരെ ഉണ്ടാകും എന്ന് ഓർക്കണം. രണ്ട് തിയറ്ററിലും ദി കിംഗിന് ഇടിവെട്ട് കളക്ഷനായിരുന്നു. മമ്മൂക്കയുടെ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് തിയറ്ററിൽ തീപ്പൊരി പാറിച്ചു )
മലയാളസിനിമയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാക്കാലത്തും താര ദ്വയങ്ങൾ ശക്തരായി നിലനിന്നിരുന്നതായി കാണാം. പ്രേംനസീർ-സത്യൻ കാലഘട്ടം കഴിഞ്ഞപ്പോൾ കഴിഞ്ഞ നാൽപതിലേറെ വർഷങ്ങളിലായി മോഹൻലാൽ-മമ്മൂട്ടി ദ്വയം നിലനിൽക്കുന്നു..
മലയാളിത്തം എന്തെന്ന് വിശാലമായ അർത്ഥത്തിൽ സിനിമയെ ആധാരമാക്കി അപഗ്രഥിയ്ക്കുമ്പോൾ മോഹൻലാൽ എന്ന താരവിസ്മയത്തിന്റെ പേര് അടയാളപ്പെടുത്താതെ ആ അപഗ്രഥനം പൂർണമാകില്ല തന്നെ. മലയാളികളെ സംബന്ധിച്ചിടത്തോളം മുഖവുര വേണ്ടാത്ത മഹാ നടൻ… The Complete Actor … നിങ്ങൾ ഒരു സിനിമ കാണുമ്പോൾ ലാലേട്ടനെ കാണില്ല. മറിച്ച് കഥാപാത്രത്തെ മാത്രമേ കാണൂ. വസ്തുതകളും കേട്ടുകേഴ് വികളും അസത്യങ്ങളും അപവാദങ്ങളും ഒക്കെ ചേർന്ന് മോഹൻലാൽ എന്ന വ്യക്തിയെ വിഗ്രഹവൽകരിച്ചു കഴിഞ്ഞു
വെറുമൊരു സിനിമാഭാഗ്യാന്വേഷി എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തെയും അഭിനയകലയെയും സൂക്ഷ്മമായി പഠിക്കുകയും സിനിമയ്ക്ക് മുന്നിലും പിന്നിലും എന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പഠിതാവ് എന്ന നിലയിൽ മോഹൻലാൽ എന്റെ പാഠപുസ്തകമാണ്. വാണിജ്യ സിനിമകളിലും ആർട്ട് സിനിമകളിലും ഇത് രണ്ടിനും ഇടയിലുള്ള മധ്യവർത്തി സിനിമകളിലും ഇതുപോലെ തിളങ്ങിയ ഒരു നടൻ വേറെ ഉണ്ടോ എന്ന് സംശയമാണ്. ആണത്ത സങ്കൽപങ്ങളുമായി ഇത്രയേറെ ഇളുകി ചേർന്ന് നിൽക്കുന്ന ഒരു നടൻ മലയാളത്തിൽ ഇല്ല. നരസിംഹം എന്ന സിനിമയുടെ പരസ്യവാചകം പോലെ നായക സങ്കൽപങ്ങളുടെ പൂർണത. ഓരോ സിനിമയിലും ഈ പരസ്യവാചകത്തെ അരക്കിട്ടുറപ്പിക്കാൻ ബോധപൂർവ്വം സിനിമാക്കാർ ശ്രമിച്ചത് ഒരു കാലഘട്ടത്തിൽ മീശ പിരിക്കുന്ന സവർണഫാസിസ്റ്റ് കഥാപാത്രങ്ങളിൽ ലാലേട്ടനെ തളച്ചിട്ടു. ചില പരാജയസിനിമകളും അതിന്റെ ഫലമായി ഉണ്ടായി. എന്നാൽ അതിനെ ഒക്കെ അതിജീവിച്ച് ഈ അറുപത്തിയേഴാം വയസിലും മോളിവുഡിന്റെ രാജാവായി നിലനിൽക്കുന്നു. ഒരേ ഒരു രാജാവ്……
ഒരു നടനും ഒരു താരമായല്ല അവതരിക്കുന്നത്. ഒരു അഭിനേതാവ് താരമായി മാറുന്നത് വർഷങ്ങളുടെ പ്രയത്നഫലമായാണ്.എന്നാൽ ഈ താരപദവി ഇത്രയധികം വർഷങ്ങൾ ഒരുപോലെ കൊണ്ടുപോവുക എന്നത് ചുരുക്കം ചിലർക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മറ്റ് സിനിമകളിൽ ഏറ്റവും അധികം റഫറൻസ് വന്നിട്ടുള്ളത് മോഹൻലാലിന് മാത്രമാണ്. തമിഴ് നടൻ വിജയ് പോലും ഒരു സിനിമയിൽ ലാൽ റഫറൻസ് നടത്തി. ലാലേട്ടന്റെ ആ ചരിഞ്ഞ തോൾ എത്ര സിനിമകളിൽ എത്ര പേർ അനുകരിച്ചു. എന്തിനേറെ പറയുന്നു മോഹൻലാൽ എന്ന പേരിൽ സിനിമ ഇറങ്ങുന്ന സ്ഥിതി വരെ വന്നു. സുവർണപുരുഷൻ എന്ന സിനിമയാകട്ടെ പുലിമുരുകൻ എന്ന ലാലേട്ടൻ സിനിമയുടെ റിലീസിങ് ദിവസം തിയറ്ററിൽ സംഭവിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി എടുത്തതാണ്.
ലാലേട്ടനെ സംബന്ധിച്ച മറ്റൊരു പ്രത്യേകത തലമുറകളെ ത്രസിപ്പിച്ച നടൻ എന്നത് മാത്രമല്ല മലയാള സിനിമാ ഇൻഡസ്ട്രിയിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ,അദ്ദേഹം സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും നായകനായി തിരഞ്ഞെടുത്തത് ലാലേട്ടനെ ആണ് എന്നതാണ്. തലമുറകളുടെ നായകൻ…. അതിൽ രണ്ട് സിനിമകളും വൻ വിജയം നേടി. മുന്നൂറ് കോടിയിലേറെ കളക്ട് ചെയ്ത എമ്പുരാൻ industrial Hit ആയി മാറുകയും ചെയ്തു…
ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി ഭൂമിമലയാളത്തിൽ വേറെ ഉണ്ടാകുമോ എന്നറിയില്ല. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സൌബിൻ ഷാഹിറിന്റെ കഥാപാത്രത്തിന്റെ ഒരു ഡയലോഗ് – “ഞാൻ ലാലേട്ടൻ ഫാനാ, മമ്മൂക്ക ഇപ്പം എന്നാ റോള് വേണേലും ചെയ്യും . തെങ്ങുകയറ്റക്കാരൻ, ചായക്കടക്കാരൻ, പൊട്ടൻ, മന്ദബുദ്ധി, പക്ഷേ , നമ്മുടെ ലാലേട്ടൻ ഉണ്ടല്ലോ… വർമ്മ, നായർ, മേനോൻ ഇതു വിട്ടൊരു കളിയില്ല. ടൊപ് ക്ലാസ് ഒൺലീ “
ഇത് മലയാളികളുടെ പൊതുബോധമാണ്. ലാലേട്ടന്റെ ആറാംതമ്പുരാൻ തുടങ്ങിയ സിനിമകളുടെ അന്തരീക്ഷവും കഥാപാത്രങ്ങളുടെ പേരും വെച്ചിട്ട് സമൂഹം അദ്ദേഹത്തെ ഒരു സവർണഫാസിസ്റ്റ് ആയി മുദ്രകുത്തി. വെറും വ്യാവസായിക വിജയം മാത്രം ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട സിനിമകളാണ് അവയൊക്കെ. ഒരെണ്ണം വിജയിക്കുമ്പോൾ അതേ അച്ചിൽ വീണ്ടും വാർത്തെടുക്കപ്പെട്ട സിനിമകൾ. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ പോലെ അതിനെയും കണ്ടാൽ മതി. പ്രശ്നം എന്താണ് എന്ന് വെച്ചാൽ ഈ സങ്കൽപത്തിന് വിപരീതമായി ഒരു സിനിമ വരുമ്പോൾ അത് എത്ര മികച്ചതാണെങ്കിലും ഹേറ്റ് ക്യാമ്പെയിൻ നടക്കുന്നു. എമ്പുരാൻ സിനിമ വിവാദമായത് ഒടുവിലത്തെ ഉദാഹരണമാണ്. സിനിമയെ സിനിമയായി കാണാൻ കഴിയാത്തതിന്റെ തകരാറാണ്. കാലാകാലങ്ങളിൽ ലാലേട്ടൻ ചെയ്ത സിനിമകൾ സൂക്ഷ്മമായി അപഗ്രഥിച്ചാൽ പ്രത്യേകിച്ച് ഒരു ജാതിയോടും മമത ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പരദേശിയിൽ വലിയകത്ത് മൂസയായി വന്ന് അഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ചതും ഇതേ ലാലേട്ടൻ തന്നെ അല്ലേ…
അതുപോലെ വൈകിട്ടെന്താ പരിപാടി എന്ന വളരെ ക്രിയേറ്റീവ് ആയ മനോഹരമായ പരസ്യ ചിത്രത്തിന്റെ ഭാഗമായപ്പോൾ ലാലേട്ടൻ മദ്യപാനം പ്രോൽസാഹിപ്പിക്കുന്നു എന്ന രീതിയിൽ അതിനെ വ്യാഖ്യാനിച്ചു. സുകുമാർ അഴീക്കോടിനെ പോലെ പ്രബുദ്ധരായ ആളുകൾ പോലും ഇക്കാര്യത്തിൽ ലാലേട്ടനെ അപഹസിച്ചു.
അതുപോലെ ഓഷോയുടെ പ്രചാരകൻ എന്ന നിലയിൽ ലാലേട്ടനെ ബന്ധപ്പെടുത്തി അദ്ദേഹം ചെയ്യുന്ന സിനിമകളിലെ റൊമാൻസ് പോലെ പരസ്ത്രീ സംസർഗം ഉള്ള ദുർമാർഗിയായ മനുഷ്യൻ എന്ന് മാധ്യമങ്ങൾ മുദ്രകുത്തി. ഇത് സംബന്ധിച്ചുള്ള ഒരു ചോദ്യം അദ്ദേഹത്തോട് ഒരു അഭിമുഖത്തിൽ ചോദിക്കപ്പെട്ടതും അതിന് അദ്ദേഹം നൽകിയ ഫണ്ണിയായ മറുപടിയും ചാനലുകൾ ആഘോഷിച്ചു… ഓഷോയുടെ കാര്യം പറഞ്ഞ് ലാലേട്ടനെ ആക്ഷേപിക്കുന്നവർ ദയവായി ഓഷോ രജനീഷിന്റെ പുസ്തകങ്ങൾ വായിച്ചാലും. ഓഷോ വെറും സെക്സ് ഗുരുവായി പരിഗണിക്കപ്പെടേണ്ട വ്യക്തിയല്ല എന്ന് അപ്പോൾ വിമർശകർക്ക് ബോധ്യപ്പെടും. ഏറ്റവും മനോഹരവും സ്നേഹഭരിതവും അഹങ്കാരശൂന്യവുമായ ജീവിതദർശനം ഞാൻ വായിച്ചത് ഓഷോയുടെ പുസ്തകങ്ങളിലാണ്. ലോകത്തിന് ഭാരതം സംഭാവന ചെയ്ത ഏറ്റവും പ്രതിഭാശാലിയായ വ്യക്തികളിലൊരാളാണ് ഓഷോ
അതുപോലെ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങിന് വിധേയമായിട്ടുള്ള നടനും മറ്റാരുമല്ല. ദി പ്രിൻസ് എന്ന സിനിമ മുതൽ ശബ്ദത്തിന് സംഭവിച്ച മാറ്റവും ഒടിയൻ സിനിമയുടെ ഭാഗമായി ബോട്ടോക്സ് ചികിൽസ നടത്തിയപ്പോൾ മുഖത്തിന് സംഭവിച്ച മാറ്റങ്ങളും എതിരാളികൾ ആഘോഷമാക്കി. എന്നാൽ ലാലേട്ടന്റെ ഇപ്പോഴത്തെ താടി അടക്കം ഉണ്ടായ എല്ലാ രൂപപരിണാമങ്ങളെയും ഉൾക്കൊള്ളുകൊണ്ട് മലയാളി ആ മനുഷ്യനെ അത്ര മേൽ സ്നേഹിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തുടരും എന്ന സിനിമയിലെ താടി ട്രോളിന് ലഭിച്ച സ്വീകാര്യത . ഈ തടിച്ച ശരീരവും കൊണ്ട് ഈ അറുപത്തിഏഴാം വയസ്സിലും ഡാൻസിലും ഫൈറ്റിലും ലാലേട്ടനെ വട്ടം വെയ്ക്കാൻ മോളിവുഡിലെ യൂത്തൻമാർക്കുപോലും കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുലിമുരുകനിൽ തന്റെ അത്ര തന്നെ ശരീരഭാരമുള്ള വിനുമോഹനെ ചുമലിൽ വഹിച്ചുകൊണ്ടുള്ള ഫൈറ്റ് സീൻ ലാലേട്ടനല്ലാതെ ആരു ചെയ്യും. അതുപോലെ മോളിവുഡിലെ ഏറ്റവും മികച്ച പ്രൊപ്പോസൽ സീനുകളും മൂപ്പരുടെ പേരിലാണ്. തേൻമാവിൻകൊമ്പത്ത് , വന്ദനം, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളിലെ പ്രൊപ്പോസൽ രംഗങ്ങൾ ഓർക്കുക…അതുപോലെ ക്യാമറയെ ഫെയ്സ് ചെയ്യുന്ന രീതിയിൽ ഗിമ്മിക്കുകളില്ലാതെ ഡാൻസ് ചെയ്യുന്ന ഒരു നടനെ മലയാളത്തിൽ കാണിച്ചു തരാമോ. സ്റ്റേജ് ഷോകളിൽ ലൈവ് പെർഫോർമൻസുകൾ കൊണ്ട് ലാലേട്ടൻ ഇന്നും നമ്മളെ വിസ്മയിച്ചുകൊണ്ടേയിരിക്കുന്നു….മോഹൻലാൽ സിനിമകളുടെ റിലീസ് ദിവസം ഇന്നും തിയറ്റർ പരിസരത്ത് ഉൽസവ പ്രതീതിയാണ്. അതുവരെ പൂച്ചപെറ്റു കിടന്ന തിയറ്ററുകൾ കുറച്ച് ദിവസത്തേക്കെങ്കിലും പഴയ സുവർണകാലത്തിലേക്ക് മടങ്ങിപ്പോകും… അതെ മോഹൻലാലിനോളം മലയാളിജീവിതത്തെ ഇത്രമേൽ ആഴത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞ മറ്റൊരു നടൻ ഇല്ല. ശരാശരി മലയാളിയുടെ നിത്യജീവിതത്തിലെ സന്തോഷങ്ങളെ , ആഗ്രഹങ്ങളെ , അഹങ്കാരങ്ങളെ , ആശങ്കകളെ, പ്രണയങ്ങളെ, സ്നേഹത്തെ, ചങ്കുപിടച്ചിലുകളെ, കുറ്റബോധങ്ങളെ , സൌഹൃദങ്ങളെ , നിസ്സഹായതകളെ , നിരാശകളെ , ശൃംഗാരത്തെ ഇത്രത്തോളം അഭിനയിച്ചു ഫലിപ്പിച്ച വേറെ ഒരു നടൻ ഇല്ല എന്ന് എതിരാളികൾ പോലും രഹസ്യമായി സമ്മതിക്കും….
ഞാനും ലാലേട്ടനെ പോലെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു. സർവ്വീസി നിന്നും ശൂന്യവേതന അവധി എടുത്ത സമയം മുഴുവനും യാത്രകളിൽ തന്നെ ആയിരുന്നു. ഫാദർ ടോബി ജോസഫിന്റെ കാലടി ആത്മമിത്രയിൽ പെരിയാറ്റിൻ തീരത്തെ ആശ്രമസമാനമായ അന്തരീക്ഷത്തിൽ താമസിക്കുവാനുള്ള ഭാഗ്യവും അക്കാലയളവിൽ എനിക്ക് ഉണ്ടായി. ലാലേട്ടന്റെ പഴയ ഒരു അഭിമുഖത്തിൽ സന്യാസിയായി ഇന്ത്യ മുഴുവൻ അലയണം എന്ന ആഗ്രഹം പങ്കു വെച്ചത് ഓർക്കുന്നു. അതുപോലെ കുടജാദ്രി യാത്രയിൽ അവധൂതനായ ചന്തുക്കുട്ടി സ്വാമികളെ കണ്ടു മുട്ടിയ കഥ ഒക്കെ ഒരുപാട് അഭിമുഖങ്ങളിൽ ലാലേട്ടൻ പറഞ്ഞിട്ടുണ്ട്. അഹം, അദ്വൈതം, വടക്കും നാഥൻ എന്നീ സിനിമകളിൽ സന്യാസിതുല്യനായ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കാനും ലാലേട്ടന് കഴിഞ്ഞു. പ്രശസ്തിയുടെ പീക്കിൽ നിൽക്കുന്ന സമയത്താണ് ഈ കഴിഞ്ഞ മാസം ( 2025 മാർച്ച് ) വെറും ലുങ്കിയും കറുത്ത ഷർട്ടും ധരിച്ച് ശബരിമല കയറിയത്. ആത്മീയതയെയും യാത്രയെയും ഏറെ ഇഷ്ടപ്പെടുന്ന ലാലേട്ടന്റെ ശരിയായ പിൻഗാമിയാണ് മകൻ പ്രണവ് എന്ന് ഞാൻ മനസിലാക്കുന്നു. പിതാവിന്റെ ആഗ്രഹങ്ങളുടെ ബാറ്റൺ കൈമാറിക്കിട്ടി ആ യാത്ര തുടരാൻ നിയോഗിക്കപ്പെട്ടവനാണ് പുത്രൻ.. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവൻ.. ഇക്കാര്യത്തിൽ മാത്രമല്ല, ഇടയ്ക്കിടെ ഇറങ്ങുന്ന സിനിമകളിലും പ്രതിഭയുടെ മിന്നലാട്ടം പ്രണവ് മോഹൻലാലിൽ ദർശിക്കാൻ കഴിയുന്നുണ്ട്.

