87) സഫലമീ ജീവിതം പ്രേമപൂർണം………

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ

സ്വർഗരാജ്യം അവർക്കുള്ളത്

ദുഖിക്കുന്നവർ ഭാഗ്യവാൻമാർ

അവർക്ക് ആശ്വാസം ലഭിയ്ക്കും

സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ

അവർ ഭൂമിയെ അവകാശമാക്കും

നീതിക്ക് വിശന്ന് ദാഹിക്കുന്നവർ

ഭാഗ്യവാൻമാർ,അവർക്കു തൃപ്തി വരും

കരുണയുള്ളവർ ഭാഗ്യവാൻമാർ

അവർക്ക് കരുണ ലഭിക്കും

ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ

അവർ ദൈവത്തെ കാണും

സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ

അവർ ദൈവത്തിന്റെ പുത്രൻമാർ എന്ന് വിളിക്കപ്പെടും

( വിശുദ്ധ ബൈബിൾ- മത്തായിയുടെ സുവിശേഷം )

ഈ നാൽപത്തി രണ്ട് വയസിൽ എത്തി നിൽക്കുമ്പോൾ കഴിഞ്ഞ കാലജീവിതത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോൾ എല്ലാം ഒരു സിനിമാക്കഥ പോലെ എനിക്ക് അനുഭവപ്പെടുന്നു. ചിത്ത രോഗാശുപത്രിയിലെ സെല്ലിൽ കിടന്ന ആ പത്താം ക്ലാസുകാരനിൽ നിന്നും പടിപടിയായി പരിണാമം സംഭവിച്ച് ഇന്നത്തെ ഞാനായി മാറി. ബാഹ്യരൂപത്തിൽ മാത്രമാണ് മാറ്റം സംഭവിച്ചിട്ടുള്ളത്. ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും സമൂഹത്തിന്റെ മാമൂലുകളോട് നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന , എല്ലാത്തിൽ നിന്നും വഴി മാറി സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന , മറ്റുള്ളവരെ കൊണ്ട് ആർ യൂ മാഡ് എന്ന ചോദ്യം ചോദിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന കലഹപ്രിയനായ , ഒരു ശിശു ഉണ്ട്. വളരാൻ മടിച്ചു നിൽക്കുന്ന ഒരു ശിശു…. അതുകൊണ്ടു തന്നെ എന്നെ പറ്റി ഒരുപാട് തെറ്റിദ്ധാരണകളും കിംവദന്തികളും പരന്നിട്ടുണ്ട്. ഞാൻ വലിയ സമ്പന്നനാണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. കൃത്യമായി മാസം തോറും വരുമാനത്തിന്റെ 10 ശതമാനം ചാരിറ്റിക്കു വേണ്ടി നീക്കി വെക്കുന്നതാണ് അത്തരം ഒരു ധാരണ ഉണ്ടാകാൻ കാരണം. ഇടക്കാലത്ത് സർവ്വീസിൽ നിന്നും ലീവ് എടുത്ത് ചില ബിസിനസുകളിൽ ഏർപ്പെട്ടതും ഈ ധാരണയെ ബലപ്പെടുത്തി. ഞാനായിട്ട് അവരെ തിരുത്താൻ പോയില്ല. കാരണം ഞാൻ സമ്പന്നൻ ആയതുകൊണ്ടു തന്നെ . സാമ്പത്തികമായ കടബാധ്യതകൾ ഏതൊരു കേരളീയനെ പോലെ എനിക്കും ഉണ്ട് . എങ്കിലും വൈകാരികമായ കടം തീരെ ഇല്ല എന്ന് പറയാം. എന്താണ് financial debt ,  Emotional debt ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പരിശോധിക്കാം

                          വൈകാരികമായ കടം എന്നാൽ നമ്മുടെ മാതാപിതാക്കളോട് , ഗുരുജനങ്ങളോട്, ഭാര്യയോട് , മക്കളോട് , സുഹൃത്തുക്കളോട് ഒക്കെയുള്ള കടമകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടിക്കാലത്ത് എന്റെ മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടാണ് എന്നെയും അനുജനെയും വളർത്തി ഈ നിലയിൽ എത്തിച്ചത്. സാമ്പത്തികമായും ആരോഗ്യപരമായും ഒരുപാട് വെല്ലുവിളികൾ  നേരിട്ടിട്ടും ദാരിദ്ര്യം അറിയിക്കാതെയാണ് ഞങ്ങളെ വളർത്തിയത്. ഒരിക്കൽ തിയറ്ററിലെ ഫിലിം ഓപ്പറേറ്റ് ചെയ്യുന്ന റൂമിൽ നിന്ന് കാൽ വഴുതി വീണ് അപ്പയുടെ കാൽ ഒടിഞ്ഞ് നാല് മാസത്തോളം കിടപ്പിലായ സാഹചര്യം ഉണ്ടായപ്പോൾ പോലും സമ്പാദ്യക്കുടുക്ക പൊട്ടിച്ച പണം കൊണ്ട് ഞങ്ങൾ കഴിഞ്ഞു. അമ്മ രാധാമണിയ്ക്ക് പരിമിതമായ വിഭവങ്ങൾ കൊണ്ട് നല്ല രുചികരമായി ഭക്ഷണം പാചകം ചെയ്യാൻ അറിയുമായിരുന്നു. തിയറ്ററിന്റെ ക്വോർട്ടേഴ്സിലായിരുന്നു പത്താം ക്ലാസ് വരെ താമസിച്ചിരുന്നത് എന്ന് പറഞ്ഞുവല്ലോ. അതിന്റെ പരിസരത്ത് അൽപം കൃഷി ചെയ്യാനുള്ള സ്ഥലം ഉണ്ടായിരുന്നു. എന്റെ അപ്പൂപ്പൻ ശിവൻ പിള്ള ( പാരമ്പര്യമായി ഭക്തിമാർഗ്ഗത്തിലുള്ള കുടുംബമാണ്. അച്ഛന്റെ പേര് നമശിവായം , വല്യച്ഛൻ രാമസ്വാമി, ഇവരുടെ ഒരേ ഒരു പെങ്ങൾ കൃഷ്ണമ്മ..   അപ്പാമ്മയെ മറ്റേമ്മ എന്നാണ് വിളിച്ചിരുന്നത് . അപ്പാമ്മയുടെ പേര് സരസ്വതി .) . പറഞ്ഞു വന്നത് അപ്പൂപ്പൻ കൃഷിക്കാരനായിരുന്നു. സ്വന്തമായി ഉള്ള കുറച്ച് പുരയിടവും വയലും കൂടാതെ അന്യരുടെ പറമ്പുകളിൽ കൂലിക്കും കിളയ്ക്കാൻ പോകുമായിരുന്നു. ആ കാർഷിക പാരമ്പര്യം രണ്ട് മക്കൾക്കും കിട്ടിയിട്ടുണ്ട്. വല്യപ്പ സിഡ്കോയിൽ ഉദ്യോഗസ്ഥനായിരുന്നു. അവർ കല്ലറ പാങ്ങോട് ആണ് താമസം. അച്ഛൻ പ്രീഡിഗ്രി കഴിഞ്ഞപ്പോഴേ സിനിമാഭ്രമം മൂത്ത് ഫിലിം ഓപ്പറേറ്റർ പരീക്ഷ പാസായി പുനലൂർ രാംരാജ് തിയറ്ററിൽ ഓപ്പറേറ്ററായി  ജോലിയിൽ കയറി… ഞങ്ങൾ താമസിച്ചിരുന്ന തായ് ലക്ഷ്മി ക്വോർട്ടേഴ്സിന്റെ എതിർവശത്ത് ഇന്നത്തെ ദീൻ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  തമിഴ്നാട്ടിൽ നിന്നും ഇറച്ചി ആവശ്യത്തിന് റോഡിലൂടെ നടത്തി കൊണ്ടുവരുന്ന കന്നുകാലികളെ കെട്ടുക പതിവായിരുന്നു.  ആ മൈതാനമായിരുന്നു ഞങ്ങളുടെ  കൃഷിയുടെ വളക്കട. ചാണകം വാരാൻ പോയിരുന്നത് മിക്കപ്പോഴും ഞാൻ തന്നെ ആയിരുന്നു. ഈ ചാണകം ഒക്കെ ഇട്ടിട്ടോണോ എന്നറിയില്ല ആ ഭൂമി നൂറ് മേനി വിളവ് തന്നിരുന്നു. ഞാൻ നട്ട വഴുതിന നിറയെ കായ്ച് ആ വഴുതനങ്ങകൾ ഞങ്ങൾ പച്ചക്കറി കടയിൽ കൊണ്ടുപോയി പകരം മറ്റു പച്ചക്കറികൾ വാങ്ങിയിരുന്നു. ( ബാർട്ടർ സിസ്റ്റം  തന്നെ )

രാംരാജ് തിയറ്ററിന് സമീപമാണ് ചന്തയും ഞാൻ നഴ്സറി പഠിച്ചിരുന്ന റോമാ സ്കൂളും. ക്രിസ്ത്യൻ മാനേജ് മെന്റ് സ്കൂളാണ്. അന്ന് ഭക്ഷണത്തിന് മുമ്പുള്ള പ്രാർത്ഥനയും അന്ന് വായിച്ച സ്നേഹ സേനയിലെയും കുട്ടികളുടെ ദീപികയിലെയും ബൈബിൾ കഥകളും ഇപ്പോഴും ഓർക്കുന്നു.. ബൈബിളിലെ സോളമൻ രാജാവിന്റെ കഥയും ദാവീദിന്റെയും ഗോലിയാത്തിന്റെയും  കഥകളും കുട്ടിക്കാലത്തു തന്നെ വായിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു. അച്ഛന്റെ സൈക്കിളിന് മുന്നിൽ പറ്റിപ്പിടിച്ചിരുന്ന് രാജാവിനെ പോലെ ആണ് നഴ്സറി വിട്ട് വരിക. വരുന്ന വഴിയിൽ ചന്തയിൽ കയറി ഒരു പർച്ചേസുണ്ട്. അന്ന് സിനിമ ഏറ്റവും ജനകീയമായ വിനോദോപാധി ആയതിനാൽ എന്റെ അച്ഛൻ നമശിവായത്തെ എല്ലാവരും അറിയുമായിരുന്നു. ശിവാണ്ണന്റെ മോൻ എന്നതായിരുന്നു എനിക്കുള്ള മേൽവിലാസം. ചന്തയിൽ മുട്ടക്കടയിൽ നിന്ന് ചെറുതായി പൊട്ടിയ മുട്ടകൾ ആദായവിലയ്ക്ക് വാങ്ങിയിരുന്നതൊക്കെ ഇന്നും ഓർമ്മയിലുണ്ട്.

എന്റെ അന്തർമുഖത്വം മാറ്റിയെടുക്കാനായി എൻ സി സി യിൽ ചേർത്തുവെങ്കിലും ഫലമുണ്ടായില്ല. അക്കരെ ബോയ്സ് സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസ് മുതൽ പഠിച്ചത്. ഇന്ന് അത് താലൂക്ക് സമാജം ബോയ്സ് സ്കൂൾ എന്ന് പേര് മാറ്റിയിട്ടുണ്ട് . ഞാൻ സെക്രട്ടറി ആയ മിറാക്കിൾ ഫിലിം സൊസൈറ്റിയുടെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക കത്ത് എഴുത്ത് മൽസരത്തിന്റെ ഭാഗമായി ആ സ്കൂളിൽ പോയി പഠിച്ച ക്ലാസിൽ കയറി ഇപ്പോഴത്തെ തലമുറയെ അഡ്രസ് ചെയ്ത് സംസാരിക്കാനുള്ള ഭാഗ്യം ഉണ്ടായത് അഭിമാനത്തോടെ ഓർക്കുന്നു.

                       അന്ന് പാണ്ടിരാജൻ എന്ന് ഇരട്ടപ്പേരുള്ള ഒരു സാറായിരുന്നു എൻ സി സി ഇൻസ്ട്രക്ടർ. ( യഥാർത്ഥപേര് ഓർമ്മ കിട്ടുന്നില്ല ) . പുഴുങ്ങിയ മുട്ടയും ഗ്ലൂക്കോസ് ബിസ്കറ്റും ചിലപ്പോഴൊക്കെ  ഏത്തപ്പഴവും കിട്ടും എന്നത് മാത്രമായിരുന്നു എൻ സി സിയിൽ നിന്നുള്ള ഓർമ്മകൾ. എന്റെ സ്ഥായിയായ സ്വഭാവത്തിന് എൻ സി സി ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്ന് തന്നെ പറയാം. അന്ന് നല്ല കൂന് ഉണ്ടായിരുന്നു. പാണ്ടിരാജൻ സാർ ഇടയ്ക്കിടെ നിവർന്ന് നിൽക്കാൻ പറയുമായിരുന്നു. പിൽകാലത്ത് ഞാൻ ഏറെ പണിപ്പെട്ട് ബോധപൂർവ്വം ഈ കൂന് മാറ്റിയെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു 25 ശതമാനം ഇപ്പോഴും നിലനിൽക്കുന്നു. പിൽകാലത്ത് എന്റെ ലീവ് പീരീഡിൽ പോസിറ്റീവ് കമ്യൂണിന്റെ ട്രെയിനേഴ്സ് ട്രെയിനിങിന് കണ്ണൂർ പോയ സമയം, ചീഫ് ട്രെയിനർ ആയ ശ്രീ സുദാസ് കണ്ണോത്ത് എന്നോട് ഈ കാര്യം പറയുകയും ചെയ്തു- അതായത് ഒരു ട്രെയിനറുടെ ശരീര ഭാഷ എനിക്കില്ല എന്ന കാര്യം. അപ്പോഴൊക്കെ വ്യക്തികളെയും സാഹചര്യങ്ങളെയും അതുപോലെ ഉൾക്കൊള്ളുക എന്ന ശ്രീ ശ്രീ രവിശങ്കറിന്റെ ഉപദേശമാണ് എനിക്ക് കരുത്തേകിയത്.

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ദൈവതുല്യരായ ഗുരുക്കൻമാരെ ലഭിച്ചപ്പോൾ എനിക്ക് ഒരിക്കലും രുചി വറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യ പോലെ ജീവിതം മാറി. ഇപ്പോൾ അതിന്റെ വ്യത്യസ്തമായ രുചികളെ ഞാൻ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതൽ മമത തോന്നുന്നത് സ്വാഭാവികമാണല്ലോ. ഞാൻ ഒന്നിനെയും വെറുക്കുന്നില്ല. എല്ലാറ്റിനെയും പ്രണയപൂർവ്വം സ്വീകരിക്കുന്നു.

പ്രണയം എന്ന പദം ഏറ്റവും സൂക്ഷ്മമായും കരുതലോടെയുമാണ് ഞാൻ ഉപയോഗിക്കുന്നത്. പൊതുവേ കരുതുന്നതുപോലെ ഏതെങ്കിലും സ്ത്രീയോട് തോന്നുന്ന വികാരം മാത്രമല്ല എനിക്ക് പ്രണയം. അത് വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന ഒന്നല്ല. സൌഹൃദങ്ങളെ ഞാൻ അഗാധമായി പ്രണയിക്കുന്നു. പ്രണയമെന്നതിന് ഒറ്റ അർത്ഥം മാത്രം കണ്ടാൽ ജീവിതം ഒരു ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങിപ്പോകും.. എന്നാൽ പ്രണയമില്ലാത്ത ജീവിതം ശുഷ്കവും ശൂന്യവും ആണുതാനും… ആത്മാവിന്റെ ആഹാരമാണ് പ്രണയം എന്നും പറയാം. വ്യക്തികളെ മാത്രമല്ല..കാഴ്ചകളെ , സംഗീതത്തെ, സിനിമകളെ, പ്രകൃതിയെ … ഇങ്ങനെ എന്തിനെയെങ്കിലുമൊക്കെ പ്രണയിക്കാത്ത മനുഷ്യരില്ല എന്ന് തന്നെ പറയാം…

ചിത്രങ്ങളോടുള്ള പ്രണയം പിൽകാലത്ത് ചിത്രകാരൻമാരായ എ കെ ഗോപീദാസ് , എൻ ദിവാകരൻ , എൻ ജി സുരേഷ് കുമാർ , അനിൽ വേഗ എന്നിവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിലേക്ക് നയിച്ചു. കാലിഗ്രാഫിയെ ജനകീയമാക്കിയ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിക്ക് കേരളശ്രീ പുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ കചടതപ എന്ന വീട്ടിൽ പോയി ഞാൻ അദ്ദേഹത്തെ കണ്ട് മിറാക്കിൾ ഫിലിം സൊസൈറ്റിക്കു വേണ്ടി അഭിനന്ദനം അറിയിച്ചു.

നല്ല സൌഹൃദങ്ങളെ ഞാൻ അഗാധമായി പ്രണയിക്കുന്നു. അവയെ ആത്മാവിനോട് ചേർത്തുവെയ്ക്കുന്നു. എന്റെ പ്രായത്തേക്കാൾ വളരെ താഴെയുള്ള ദേവ് എന്ന് വിളിപ്പേരുള്ള ദേവാനന്ദ്, ദീപക് പത്മകുമാർ,രാജേഷ്  എന്നിവരുമായും ഞാൻ നല്ല റിലേഷൻ ഷിപ്പ് കാത്ത് സൂക്ഷിക്കുന്നു. പിൽകാലത്ത് മോഹൻലാൽ ഫാൻസ് അസോസിയേഷനിൽ പ്രവർത്തിച്ചതും ചെറുപ്പക്കാരായ സുഹൃത്തുക്കളെ ലഭിക്കാൻ കാരണമായി. ദീപക്കിനെ എനിക്ക് കിട്ടിയത് പൃഥ്വിരാജ് ഫാൻസ് അസോസിയേഷനിൽ നിന്നാണ്. ദീപക്കും രാജേഷും ഒത്ത് തിരുവനന്തപുരം തമ്പാനൂർ ഇന്ത്യൻ കോഫി ഹൌസിൽ വെച്ച് സംവിധായകനും ആൾ കേരള പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റുമായ മഞ്ചിത്തേട്ടനെ ( മഞ്ചിത്ത് ദിവാകർ ) പരിചയപ്പെട്ടതും ഒരു നല്ല  ബന്ധത്തിന്റെ തുടക്കമായി മാറി. പിന്നീട് സിഫ ( ലിസ്റ്റിൻ സ്റ്റീഫന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് . South Indian Film Academy ) ആറ്റിങ്ങൽ വെച്ച് നടത്തിയ ഒരു ഫിലിം വർക്ക്ഷോപ്പിൽ ഞങ്ങൾ ഒരുമിച്ച് മൂന്ന് ദിവസം ഉണ്ടായിരുന്നു.

                   എന്റെ അടുത്ത സുഹൃത്തുക്കളെ പറ്റി പറയുമ്പോൾ വിഷ്ണുദേവിനെ പറ്റി പറയാതെ ആ പട്ടിക പൂർണമാകില്ല. എന്റെ ജന്മനാടായ പുനലൂരിന്റെ സാംസ്കാരികരംഗവുമായി അത്രമേൽ ഇഴുകിച്ചേർന്ന പേരാണ് വിഷ്ണുദേവും അയാൾ രൂപം നൽകിയ കേരളഫോക്കസ് എന്ന സംഘടനയും… പ്രിന്റ് മീഡിയ വലിയ പ്രതിസന്ധിയെ നേരിടുമ്പോഴും കൃത്യമായ ഇടവേളകളിൽ കേരളഫോക്കസ് മാസിക ഇറങ്ങുന്നു എന്നതിനെ ഞാൻ അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. സിപിഐയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും വിഷ്ണു മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.  പുനലൂരിന്റെ ഭാവി എം എൽ എ എന്നാണ് ഞാൻ പലപ്പോഴും വിഷ്ണുവിനെ വിശേഷിപ്പിക്കുന്നത്. വിഷ്ണുവിനെ പോലെ ഊർജ്ജസ്വലരായ ചെറുപ്പക്കാർ അധികാരസ്ഥാനങ്ങളിൽ എത്തേണ്ടത് നമ്മുടെ നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. എന്റെ ആദ്യ കഥാസമാഹാരത്തിന് അവതാരിക എഴുതിയ കവയത്രി രാധു പുനലൂരിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് വിഷ്ണുവാണ്. 2018 ൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി മാറ്റിയതിൽ വിഷ്ണുവിന് കാര്യമായ പങ്ക് ഉണ്ട്. ഇപ്പോൾ ഈ സ്വപ്ന സഞ്ചാരി എന്ന ബുക്കും കേരളഫോക്കസ് പബ്ലിക്കേഷൻസുമായി സഹകരിച്ചാണ് പുറത്തിറക്കുന്നത്…

 അതുപോലെ എന്നെക്കാൾ വളരെ മുതിർന്ന വ്യക്തികളുമായും ഞാൻ നല്ല സൌഹൃദം പുലർത്തി വരുന്നു. മുതിർന്നവരോട് സംസാരിക്കുമ്പോൾ അവർ അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ ഞാൻ ശ്രദ്ധാപൂർവ്വം അത് കേൾക്കും. ശരിക്കും പലരും ജീവിത സായന്തനത്തിൽ വർത്തമാനം പറയാൻ ആരുമില്ലാതെ വിഷമിച്ചിരുപ്പായിരിക്കും. ഭയങ്കര രസമാണ് ആ പ്രായത്തിലുള്ളവരോട് സംസാരിച്ചിരിക്കാൻ. എന്റെ വളർച്ചയിൽ സ്നേഹമുള്ള കാറ്റായും സുഗന്ധമായും അവരുടെ അദൃശ്യമായ അനുഗ്രഹങ്ങളുടെ പ്രതിഫലനം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.  ഞാൻ അവരുടെ അഡ്രസ് വാങ്ങി കത്തുകൾ അയയ്ക്കും. ഞാൻ അയച്ച കത്തുകൾ പലരം നിധി പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എന്ന അറിവ് എന്നെ രോമാഞ്ചം കൊള്ളിക്കുന്നു. അതുകൊണ്ടു തന്നെ കത്തുകൾ അയയ്ക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ഞാൻ എനിക്ക് കിട്ടുന്ന എല്ലാ വേദികളിലും ആവർത്തിച്ച് പറയാറുണ്ട്.

ഈ ബുക്കിന്റെ ആരംഭത്തിൽ ഒരു പെൺകുട്ടിയോടു തോന്നിയ അഭിനിവേശത്തെ പറ്റി പറഞ്ഞിരുന്നുവല്ലോ.  അത് ഒരുപക്ഷേ എന്റെ ഭാഗത്തുനിന്നും നോക്കുമ്പോൾ പ്രണയമായും ആ പെൺകുട്ടിയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ സൌഹൃദത്തിനും പ്രണയത്തിനും ഇടയിലുള്ള ഒരു പ്രത്യേക അവസ്ഥയായും തോന്നിയിട്ടുണ്ട്.. പിൽകാലത്ത് ആ റിലേഷൻ ഷിപ്പിനെ വിലയിരുത്തുമ്പോൾ. എന്നാൽ ആ പെൺകുട്ടി എന്നെ അഗാധമായി പ്രണയിച്ചിരുന്നു എന്നും എനിക്ക് അങ്ങോട്ടും അത്ര തന്നെ പ്രണയം ഉണ്ടായിരുന്നു എന്നും ഞാൻ എന്റെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്റെ ഫോൺ കോണ്ടാക്റ്റിൽ ഇപ്പോഴും അവൾ ഉണ്ടെങ്കിലും ഒരിക്കലും ഒരിക്കലും ഒരിക്കലും ഞാൻ അങ്ങോട്ട് വിളിച്ച് നിനക്ക് എന്നോടുള്ളത് പ്രണയമായിരുന്നില്ലേ എന്ന്  ചോദിക്കില്ല. കാരണം അല്ല എന്ന ഒരു മറുപടി എന്നെ തളർത്തിക്കളയും. ഞാൻ ഇത്രനാൾ മനസിൽ കെട്ടിയുയർത്തിയ സ്വപ്ന സൌധം ആ ഒറ്റ മറുപടിയിൽ തകർന്ന് ഇല്ലാതെയാകും. കാരണം ഹ്രസ്വകാലമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവളുടെ ഓർമ്മകൾ ഇന്നലെ കഴിഞ്ഞതുപോലെ മനസിൽ ഉണ്ട്. പിരിയുമ്പോൾ അവൾ സമ്മാനിച്ച മാലാഖയുടെ പ്രതിമ പോലും എന്റെ വീട്ടിൽ വളരെ പവിത്രമായി സൂക്ഷിച്ചിരിക്കുകയാണ്. ഒരു എഴുത്തുകാരൻ എന്ന  നിലയിൽ പ്രണയത്തെ കുറിച്ചും പ്രേമ നൈരാശ്യത്തെ കുറിച്ചും വിരഹത്തെ കുറിച്ചും ഒക്കെ എഴുതേണ്ടി വരുമ്പോൾ എന്റെ തൂലികയിലെ മഷി വറ്റാതെ ഇരിക്കുന്നുണ്ടെങ്കിൽ അതിന് ഞാൻ എന്നെന്നും അവളോട് കടപ്പെട്ടിരിക്കും. Success is counted sweetest those who never succeed എന്ന ആംഗലേയ കവിത പോലെ ആ പ്രണയം വിവാഹത്തിൽ എത്തിയിരുന്നെങ്കിൽ വിജയമായി മാറുമായിരുന്നില്ല. കാരണം ഞാൻ എന്നും കാൽപനികതയുടെ ലോകത്തിലും അവൾ യഥാർത്ഥലോകത്തിലും ആയിരുന്നു.

ഒരു പുരുഷന്റെ വിജയകഥയുടെ പിന്നിൽ ഒരു സ്ത്രീ ഉണ്ട്. അവളുടെ സ്വപ്നവും പ്രാർത്ഥനയും ശക്തിയും ഉണ്ട്. അവളെ ആരും അറിയാറില്ല. അതിനാൽ തന്നെ ആരും വാഴ്ത്താറുമില്ല… ഞാൻ എന്റെ ഭാര്യ രേവതിയെ പറ്റിയാണ് പറഞ്ഞു വരുന്നത്. അവളുടെ ഏറ്റവും വലിയ ഗുണം എന്റെ എഴുത്തിൽ ഇടപെടാറില്ല എന്നതായിരുന്നു. എന്നാൽ ഈ ബുക്ക് ആത്മകഥാപരമായതിനാലും എന്നെപ്പറ്റി പലർക്കും അറിയാതിരുന്ന പലതും തുറന്ന് പറയുന്നതിനാലും ആമുഖം അടക്കം ആദ്യത്തെ മൂന്ന് അധ്യായങ്ങൾ അവളെ കാണിച്ച് അഭിപ്രായം തേടി. മൂന്ന് അധ്യായങ്ങളിൽ രണ്ട് എണ്ണം പൂർണമായും അവൾ നിർദാക്ഷിണ്യം വെട്ടിമാറ്റി. ഒന്നാമത്തെ അധ്യായത്തിൽ വ്യാപകമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു. ആവിഷ്കാരസ്വാതന്ത്യത്തിൻമേലുള്ള കടന്ന് കയറ്റം തന്നെ. എന്നാൽ ഞാൻ അത് അംഗീകരിച്ചു. കാരണം ഞാൻ സ്വപ്നജീവിയും കാൽപനികനും ആയിരിക്കാം. എന്നാൽ അവൾ തികച്ചും യാഥാസ്ഥിതിക മനോഭവത്തിലുള്ള കുടുംബത്തിൽ നിന്നും വന്നവളാണ്. കഥ എഴുതുമ്പോലെ അല്ലല്ലോ ജീവിതം എഴുതുന്നത്. പ്രത്യേകിച്ചും ഇരുണ്ട കാലത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ…. ഞാൻ ഇതൊക്കെ തുറന്ന് എഴുതാൻ കാരണം എന്നെ ബന്ധിച്ച് വെച്ചിരിക്കുന്ന കെട്ടുകൾ ഓരോന്നായി അറുത്ത് മാറ്റി സ്വതന്ത്രനാകുന്നതിനു വേണ്ടിയാണ്. എനിക്ക് ഉറപ്പുണ്ട് ഇപ്രകാരം സ്വതന്ത്രനായാൽ വലിയ വലിയ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുമെന്ന്. അതുകൊണ്ടു തന്നെ സ്വപ്നസഞ്ചാരിയുടെ ഭാവിയിൽ പുറത്തിറക്കുന്ന എഡിഷനുകളിൽ ഇപ്പോൾ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതാണ്. ശരിക്കും പേരന്റിങ് സംബന്ധിച്ച് രക്ഷകർത്താക്കൾക്ക് വലിയ ഒരു പാഠം പകർന്ന് നൽകുന്ന ഭാഗമാണ് വെട്ടിമാറ്റപ്പെട്ടത്. എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയ ഒരുപാട് പേർക്ക് ഈ തുറന്നെഴുത്ത് ഗുണം ചെയ്യും. ഈ ആത്മഭാഷണങ്ങളുടെ സമാഹാരത്തെ വ്യത്യസ്തമാക്കുന്ന ഒരു പാട് ഘടകങ്ങളിൽ ഒന്നാണ് ഞാൻ ഈ പറഞ്ഞത് – അതായത് എഡിഷൻ തോറും രൂപമാറ്റം സംഭവിക്കുന്ന ബുക്ക് എന്നത്.  ഭാവിയിൽ എന്റെ സിനിമകൾ പുറത്തുവരുമ്പോൾ അതായത് പ്രണയിനിക്ക് ഞാൻ കൊടുത്ത പ്രോമിസ് പാലിച്ച് കഴിയുമ്പോൾ ഇപ്പോൾ കാണുന്ന മട്ടും ഭാവവും ആയിരിക്കില്ല അപ്പോൾ ഇറങ്ങുന്ന എഡിഷന്. അതുകൊണ്ടു തന്നെ പരിമിതമായ കോപ്പികളേ ആദ്യം ഞാൻ അച്ചടിക്കുന്നുള്ളൂ.

അപ്പോൾ ഭാര്യയെ പറ്റിയാണല്ലോ പറഞ്ഞുവന്നത്. എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭാര്യ. അവൾ എന്നെ പോലെ തന്നെ ശുഭാപ്തി വിശ്വാസിയാണ്. എന്നാൽ ചെറിയ സ്വപ്നങ്ങൾ കാണുന്നു എന്നതും വളരെ materialistic ആയി ചിന്തിക്കുന്നു എന്നതും ഞങ്ങൾക്കിടയിൽ ചെറിയ കലഹങ്ങൾ ഉണ്ടാക്കാറുണ്ട്. ഞാൻ 2015 ൽ പ്രൊമോഷൻ ആയി തിരുവനന്തപുരത്ത് വന്നതാണ്. ഇത് മൂന്നാമത്തെ വാടക വീടാണ്. ഞാൻ സാലറിയുടെ 10 ശതമാനം ചാരിറ്റിയ്ക്ക് കൊടുക്കുന്നതിനെ കളിയാക്കി കർണ്ണൻ എന്നാണ് ഭാര്യയും മകളും വിളിക്കുന്നത്. ഞാൻ സാധാരണ ഇത്തരം കാര്യങ്ങൾ വീട്ടിൽ പറയാറില്ല. എന്നാൽ എന്റെ ഫോണിന്റെ ലോക്ക് പിൻ രണ്ടാൾക്കും അറിയാം. അവർ ഇടയ്ക്കിടെ ഗൂഗിൾ പേയിൽ കയറി transaction history ചെക്ക് ചെയ്യും. എന്നിട്ട് എന്റെ നേരേ കണ്ണുരുട്ടും. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ എന്റേതായ ന്യായങ്ങൾ ഉണ്ട്ഒന്നാമത് അലക്ക് എല്ലാം ഒഴിഞ്ഞിട്ട് കാശിക്ക് പോകാം എന്ന് പറയുന്നതുപോലെ ആണ് കാശ് കയ്യിൽ വന്നിട്ട് ആളുകളെ സഹായിക്കാം എന്ന് കരുതുന്നത്. രണ്ടാമത്  തിരുവനന്തപുരത്ത് വലിയ വില കൊടുത്ത് ഒന്നോ രണ്ടോ സെന്റ് വാങ്ങി ലോൺ എടുത്ത് ഒരു വീട് വെച്ച്  കടബാധ്യതയിൽ കഴിയാൻ ആഗ്രഹിക്കുന്നില്ല.

 എന്നെ സംബന്ധിച്ചടത്തോളം വാടക വീട് വളരെ കംഫർട്ടബിൾ ആണ്. ഒരിടം മടുക്കുമ്പോൾ അടുത്ത ഇടത്തേക്ക് പോകാം എന്ന സൌകര്യം മാത്രമല്ല നമ്മളെല്ലാം ഈ ഭൂമിയിലെ വാടകക്കാരാണ് എന്ന് ഓരോ നിമിഷവും എന്നെ ഓർമ്മപ്പെടുത്താനും ഈ വാടകവീട്ടിലെ താമസം സഹായിക്കുന്നുണ്ട്. അവസാനം എല്ലാം ഉപേക്ഷിച്ച് പോകേണ്ടവരെല്ലേ നാമല്ലാവരും. ഇപ്പോൾ താമസിക്കുന്നത് റിട്ടയർഡ് സബ് ഇൻസ്പെക്ടറായ സത്യനാഥൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഞങ്ങൾ ഒരു കുടുംബം പോലെ തന്നെ ആണ് കഴിയുന്നത്.

                         സിനിമയിൽ നിന്നോ എഴുത്തിൽ നിന്നോ കൂടുതൽ വരുമാനം വരുന്ന അവസരത്തിൽ തിരുവനന്തപുരത്ത് സ്വന്തമായി ഒരു വീടിനെ പറ്റി ചിന്തിക്കും. ഞാൻ നാട്ടിൻപുറത്ത് ജനിച്ച് വളർന്നതുകൊണ്ട് ഈ രണ്ട് സെന്റിലും മൂന്ന് സെന്റിലും ഒന്നും വീട് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. വീടിന് ചുറ്റും ഒരു പത്ത് മൂട് വാഴ, കുറച്ച് കപ്പ, ചേന, പയർ , പാവൽ , ഒരു കോഴിക്കൂട് , വറ്റാത്ത ഒരു കിണർ ഇത്രയുമെങ്കിലും വേണം. വീട് വലിയ പോഷ് ആകണം എന്ന് നിർബന്ധമില്ല,. പക്ഷേ ചുറ്റുവട്ടം ഇങ്ങനെ തന്നെ വേണം. നല്ല ഒരു പൂന്തോട്ടം വേണം. എന്നിട്ട് പുനലൂർ നിന്നും അപ്പായെയും അമ്മയെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരണം. തിരുവനന്തപുരം ഒരേ സമയം ഗ്രാമവും നഗരവും ആണ്. ഈ നാട് എന്നെ വല്ലാതെ ആകർഷിച്ചു പോയി. അതാണ് സ്ഥലംമാറ്റം വാങ്ങി പുനലൂർ പോകാതെ പിടിച്ച് നിൽക്കുന്നത്. ആ മ്യൂസിയത്തിന്റെ ഭാഗത്തും കനകക്കുന്നിലും ശംഖുമുഖത്തും വേളിയിലും പൂജപ്പുര നവരാത്രി മണ്ഡപത്തിലും  ഒക്കെ സമയം ചിലവഴിക്കാൻ എന്തു രസമാണെന്നോ. ശ്രീപത്മനാഭന്റെ മണ്ണ്. രാജഭരണത്തിന്റെ ശേഷിപ്പുകൾ…  കൊട്ടാരം , ആർട്ട് ഗാലറികൾ…. എന്നും സാംസ്കാരിക പരിപാടികൾ… ഏത് പ്രോഗ്രാമിന് ചെന്നാലും ഇത്രയും നാളത്തെ നഗരവാസം കൊണ്ട് ഉണ്ടായ പരിചിത മുഖങ്ങൾ. ഇപ്പോളിപ്പോൾ ചില സിനിമകളുടെ പൂജയ്ക്കും വിജയാഘോഷങ്ങൾക്കും ഒക്കെ ക്ഷണം ലഭിച്ചു തുടങ്ങി

                                  എന്റെ ബുക്കിലെ ആത്മകഥാപരമായ കഥകൾ വായിച്ച് എന്നെ മനസിലാക്കി ഒപ്പം നിർത്തുന്നവരാണ് കൂടുതലും പേർ. 2019 മുതൽ www.gforgenius.in എന്ന അഡ്രസിൽ ബ്ലോഗ് എഴുതി തുടങ്ങിയത് എന്റെ സൌഹൃദങ്ങളുടെ ആഴം കൂട്ടി. ഇതുവരെ കാണാത്ത സുഹൃത്തുക്കൾ ധാരാളമുണ്ട്. ബാംഗ്ലൂരിൽ നിന്നും ഒരു ബൈജുമേനോൻ ബ്ലോഗിൽ ഏത് പോസ്റ്റ് ഇട്ടാലും വിളിക്കാറുണ്ട്. ബ്ലോഗിൽ വളരെ സിലക്റ്റീവ് ആയേ പോസ്റ്റുകൾ ഇടാറുള്ളൂ. വാരി വലിച്ച് എഴുതാറില്ല. സോഷ്യൽ മീഡിയ വഴി  ഷെയർ ചെയ്യപ്പെട്ട് ശരാശരി 14000 വായനക്കാർ ഓരോ ബ്ലോഗ് പോസ്റ്റിനും ഉണ്ട്. രാഷ്ട്രീയമായ ചില വിവാദ പോസ്റ്റുകൾ 40000 വായനക്കാരെ വരെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിഷേധത്തെ തുടർന്ന് അത് ചുവടെ പിൻവലിക്കേണ്ടി വന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts