90)മിറാക്കിൾ ഫിലിം സൊസൈറ്റിയും ഞാനും

  • മിറാക്കിൾ ഫിലിം സൊസൈറ്റി

ഈ കാലഘട്ടത്തിൽ പുരോഗമനം പരസ്യമായി പ്രസംഗിക്കുന്നവർ പോലും രഹസ്യമായി ജാതി വ്യവസ്ഥയെ പിന്തുണക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. സ്വാതന്ത്യം കിട്ടി എഴുപത്തി അഞ്ച് വർഷം പിന്നിട്ട സ്ഥിതിക്ക് ജാതി സംവരണം എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം കൊണ്ടു വരണം എന്നാണ് എന്റെ അഭിപ്രായം. പേരു കൊണ്ട് ജാതി തിരിച്ചറിയാൻ കഴിയാത്ത എന്റെ പല സുഹൃത്തുക്കളുടെയും ജാതി എന്താണെന്ന് പോലും എനിക്കറിയില്ല. അത് അറിയേണ്ട ആവശ്യവും ഇല്ല.. ജനമനസിൽ ജാതി മത ചിന്തകൾ കുത്തി നിറച്ച്  സമൂഹത്തെ പിന്നോട്ട് നയിക്കുന്ന പ്രവണത മലയാള സിനിമയിൽ അടുത്ത കാലത്ത് ധാരാളമായി കടന്നു വരുന്നു. ഈ പ്രവണത അപകടകരമാണ് . മൂവി ലവർ എന്ന പുതിയ മതം ഉണ്ടാക്കിയാലോ എന്ന ചിന്തയിലാണ്. വെറും ചിന്തയല്ല, പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നു കഴിഞ്ഞു. മൂവി ലവേർസിന്റെ ഒരു കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി രൂപീകരിച്ച  സംഘടനയാണ് മിറാക്കിൾ ഫിലിം സൊസൈറ്റി.

2022 ൽ കേരള സർക്കാരിന്റെ വാർഷിക ആഘോഷങ്ങൾ മാനവീയം എന്ന പേരിൽ തിരുവനന്തപുരത്ത് വെച്ച് നടന്നപ്പോൾ   ഒരാഴ്ചക്കാലം പഴയതും പുതിയതുമായ  93 സിനിമകൾ സൌജന്യമായി പ്രദർശിപ്പിച്ചിരുന്നു. ഞാൻ അന്ന് രണ്ട് വർഷത്തെക്ക് ശൂന്യവേതന അവധിയിലായിരുന്നു. രാവിലെ തിയറ്ററിലേക്ക് പോയാൽ നാല് ഷോകളും കണ്ട് പാതിരാത്രി മടക്കം. അന്ന് ഒരിക്കൽ തിരുവനന്തപുരത്തെ സർക്കാർ ഉടമസ്ഥതയിൽ മൂന്ന് സ്ക്രീൻ ഉള്ള മൾട്ടിപ്ലെക്സ് തിയറ്ററിൽ ഞാൻ രാവിലെ അൽപം വൈകിയാണ് എത്തിയത്. അപ്പോഴേക്കും കൈരളിയും, ശ്രീയും ഫുള്ളായി കഴിഞ്ഞു ( യഥാക്രമം മണിച്ചിത്രത്താഴും ഗോഡ് ഫാദറും ) . ചെറിയ സ്ക്രീനായ നിളയിൽ സീറ്റ് ഒഴിവുണ്ട്. അവിടെ സിനിമ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റി പരിചയക്കാരനാണ്. “ഇന്ന് എന്തേ വൈകിയത്. പ്രിന്റ് കൊറച്ച് മോശമാണേ സാറേ” എന്ന് പുള്ളിയുടെ വക കമന്റ്. 1987 ൽ ആ പടം ഇറങ്ങുമ്പോൾ എനിക്ക് 4 വയസേ ഉള്ളൂ എന്ന് ഓർക്കണം. പിന്നീട്  മുതിർന്നപ്പോൾ ടിവിയിൽ കണ്ടതാണ്. കഥ അറിയാം. തിയറ്റർ ഏതാണ്ട് പകുതി നിറഞ്ഞിട്ടുണ്ട്. നെടുമുടിവേണു – ശാരദ ദമ്പതിമാരുടെ അനപത്യ ദുഖം അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരിലേക്ക് സംക്രമിക്കപ്പെടുന്നത് ഞാൻ കണ്ടു. ഞാൻ സിനിമ കാണാൻ പോകുമ്പോൾ ഒരു കണ്ണ് സിനിമയിലും മറ്റേ കണ്ണ് സിനിമ കാണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലും ആയിരിക്കും. പ്രേക്ഷകരുടെ പ്രതികരണം ലൈവ് ആയിത്തന്നെ മനസിലാക്കുന്നതിന് വേണ്ടിയാണ് ഈ നിരീക്ഷണം .

 ആ സിനിമയിൽ പാർവ്വതിയുടെ കഥാപാത്രം കടന്നുവരികയും ദമ്പതികൾക്ക് അവൾ പുത്രിക്ക് തുല്യയായി മാറുന്നതും ഒക്കെ കണ്ട് സിനിമയിൽ ലയിച്ചിരുന്ന് കാണുകയാണ് കൌമാരക്കാർ അടക്കം ഉള്ള പ്രേക്ഷകർ . ഇടയ്ക്ക് കണ്ണ് തുടച്ച ശേഷം ആരെങ്കിലും കണ്ടോ എന്ന് പാളി നോക്കുന്നു  ഒരു കൂട്ടർ. ഇടയ്ക്ക് പ്രിന്റ് മോശമായതു മൂലം പ്രദർശനം തടസ്സപ്പെട്ട സമയത്തും അനാവശ്യമായ ഒരു ബഹളവും ഉണ്ടായില്ല. “മെല്ലെ മെല്ലെ മുഖപടം തെല്ലുയർത്തി” എന്ന ഗാനമൊക്കെ പുതിയ തലമുറയും നെഞ്ചേറ്റുന്നത് കണ്ടു.  അന്ന് ഞാൻ തിരിച്ചറിഞ്ഞ ചില കാര്യങ്ങൾ പങ്കുവെയ്ക്കാം

  • ഇപ്പോഴത്തെ തലമുറ തൊണ്ണൂറുകളുടെ ആദ്യപകുതി മുതൽ 2010 വരെ ഇറങ്ങിയ സിനിമകൾ തിയറ്ററിൽ പോയി കണ്ടാൽ എന്ത് സംഭവിക്കും എന്ന് അറിയാമോ , അവർ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ കാണുന്ന പരിപാടി നിർത്തും.
  • നിലവിൽ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ സൃഷ്ടിച്ച് വെച്ചിരിക്കുന്ന ബെഞ്ച് മാർക്കിന് എത്രയോ മുകളിലാണ് മേൽപറഞ്ഞ സിനിമകൾ എന്ന് അവർ തിരിച്ചറിയും.
  • ഉദാഹരണമായി പന്ത്രണ്ട് വയസുള്ള എന്റെ മകളെ ഞാൻ അടുത്തിടെ റീറിലീസ് ചെയ്ത മണിച്ചിത്രത്താഴും ദേവദൂതനും ഒരു വടക്കൻ വീരഗാഥയും തിയറ്ററിൽ കൊണ്ടു കാണിച്ചു. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് അവൾ കണ്ണെടുത്തില്ല. വാങ്ങി കൊടുത്ത പോപ്കോൺ പോലും വീട്ടിൽ വന്നാണ് കഴിച്ചത്. അടുത്തിടെ ഇറങ്ങിയ ഒരു സിനിമ ഞങ്ങൾ ഫാമിലിയായി കയറിയിട്ട് സിനിമ തീരും വരെ ഇരുന്നില്ല എന്നതുകൂടി ഇതിനോട് ചേർത്ത് വായിക്കുക. മോഹൻലാൽ ആരാണ് മമ്മൂട്ടി ആരാണ് എന്ന് എന്റെ മകളുടെ തലമുറ അറിഞ്ഞിട്ടില്ല. അറിയുമ്പോൾ അഭിനയത്തെ പറ്റിയുള്ള അവളുടെ മനസിലെ ബെഞ്ച്മാർക്ക് മാറും. ചെറിയ സ്ക്രീനിൽ പരസ്യത്തിന്റെ അകമ്പടിയോടെ കാണുന്നതും തിയറ്ററിനുള്ളിലെ ഇരുട്ടിൽ ഒറ്റ ഇരുപ്പിന് കാണുന്നതും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള വ്യത്യാസമുണ്ട്.

ഓരോ 25 വർഷം കൂടുമ്പോഴും തലമുറ മാറ്റം സംഭവിക്കുന്നുണ്ട്… ആസ്വാദനനിലവാരത്തിൽ അപകടകരമായ പുതിയ ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കപ്പെടുന്നത് സമൂഹത്തിനും ദോഷം ചെയ്യും.

ഇന്നത്തെ കാലത്ത് സിനിമകൾ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും തിയറ്റർ ബിസിനസ് കൊണ്ടുമാത്രം ലാഭം നേടുന്ന സിനിമകൾ അപൂർവ്വമാണ്. അതിന് കാരണങ്ങൾ പലതാണ്. ഇന്റർനെറ്റും സ്മാർട്ട് ഫോണും സാർവത്രികമായത് ഒരു പ്രധാന കാരണമാണ്. എന്നാൽ ഇപ്പോഴും തിയറ്ററിനുള്ളിലെ ഇരുട്ടിൽ ഇരുന്ന് വലിയ സ്ക്രീനിൽ സിനിമ കാണാൻ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം പ്രേക്ഷകർ ഉണ്ട് എന്നതിന് ചില സിനിമകൾ വൻ വിജയം നേടുന്നത് തെളിവാണ്. എന്നാൽ അത്തരക്കാരെ പോലും തിയറ്ററിൽ നിന്നും അകറ്റുന്ന സമീപനമാണ് ചില തിയേറ്ററുകൾ , പ്രത്യേകിച്ച് മൾട്ടിപ്ലെക്സുകൾ പുലർത്തി വരുന്നത്. ഒരു ചായയ്ക്ക് 50 രൂപ. കാപ്പിക്ക് 75 രൂപ, പോപ് കോണിന് സിനിമാടിക്കറ്റിനേക്കാൾ വില, മൊമോസിന് 250, ചിക്കൻ റോളിന് 275. ഒരു സിനിമയ്ക്ക് പോകാൻ തീരുമാനിച്ചാൽ ഇന്ന് ഒരു സാധാരണക്കാരൻ നേരിടേണ്ട വിലനിലവാരമാണിത്. നമ്മുടെ മെനുവിൽ ഇതൊന്നുമില്ലെന്ന് പറയാൻ വരട്ടെ. കുട്ടികളുടെ മെനുവിൽ ഇതൊക്കെ മാത്രമേ ഉള്ളൂ. ഇനി വീട്ടിൽ നിന്നും ഇലയടയോ മറ്റോ കൊണ്ടുപോകാമെന്ന് വെച്ചാൽ തീവ്രവാദികളെ പരിശോധിക്കുന്നതുപോലെ ചെക്ക് ചെയ്ത് അവ പിടിച്ചെടുക്കും.. സാധാരണക്കാരന് ധൈര്യപൂർവ്വം കുടുംബവുമായി സിനിമയ്ക്ക് പോകാനുള്ള അവസരം ഉത്തരവാദിത്തപ്പെട്ടവർ സൃഷ്ടിച്ചില്ലെങ്കിൽ ഈ വ്യവസായം തകർന്നടിയും. പണ്ട് എന്റെ കുട്ടിക്കാലത്ത് കൊട്ടകയുടെ വെളിയിൽ കപ്പലണ്ടി കച്ചവടം നടത്തി ആ വരുമാനം കൊണ്ട് കുടുംബം പുലർത്തിയിരുന്ന ഒരു താത്ത ( മുസ്ലീം സ്ത്രീ ) ഉണ്ടായിരുന്നു. അന്നൊന്നും തിയറ്റർ മുതലാളി അവരെ തടഞ്ഞിരുന്നില്ല. തിയറ്ററിനുള്ളിലെ ക്യാന്റീനിൽ പൊതുവിപണിയിലെ വിലയ്ക്കു തന്നെയാണ് ചിപ്സും സോഡയും ഒക്കെ വിറ്റിരുന്നത്.

                         സിനിമയെ ഗൌരവമേറിയ ഒരു കലാ രൂപമായി പരിഗണിച്ച് പഠിക്കുന്നതിൽ ഫിലിം സൊസൈറ്റികൾ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.  ആദ്യകാലത്ത് പ്രദർശന സൌകര്യം ഇല്ലായിരുന്നകാലത്ത് ഗ്രാമങ്ങളിൽ അത് ഒരുക്കുക എന്ന ദൌത്യം അവർ നിർവ്വഹിച്ചു. എന്നാൽ പിന്നീട് സിനിമ വളർന്നു. ഇന്ന് എന്താണ് പ്രസക്തി…. എന്നാൽ നല്ല സിനിമകളെ സ്നേഹിക്കുന്ന വലിയ ഒരു പ്രേക്ഷക സമൂഹത്തെ സൃഷ്ടിക്കുവാനും സിനിമകളെ പറ്റി ആരോഗ്യപരമായ സംവാദം സൃഷ്ടിക്കാനും ഈ കൂട്ടായ്മകൾക്ക് കഴിഞ്ഞു..ലോകമെങ്ങും കലാമൂല്യമുള്ള സിനിമകൾക്ക് പ്രേക്ഷകരെ ഒരുക്കിയത് ഫിലിം സൊസൈറ്റികളാണ്.. ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുക… ചലച്ചിത്ര പ്രദർശനവും ചർച്ചയും നടത്തുക..ജേണലുകളും ബുള്ളറ്റുകളും പ്രിദ്ധീകരിക്കുക….. അതിൽ അംഗങ്ങളായ കലാകാരൻമാരുടെ രചനകൾ ഉൾക്കൊള്ളിക്കുക..ഇതൊക്കെയാണ് ഫിലിം സൊസൈറ്റികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ സെക്രട്ടറി ആയുള്ള  മിറാക്കിൾ ഫിലിം സൊസൈറ്റി എല്ലാ വർഷവും വാർഷികാഘോഷം പുനർജനി എന്ന പേരിൽ ആഘോഷിക്കുകയും ഡിസംബർ മാസത്തിൽ ഒരു സുവനീർ മാഗസിൻ പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു..

                                  1947 ഒക്ടോബറിലാണ് ആദ്യത്തെ ഫിലിം സൊസൈറ്റി രൂപം കൊണ്ടത് ( കൽക്കട്ട ഫിലിം സൊസൈറ്റി ) . അടൂർ ഗോപാലകൃഷ്ണന്റെയും കുളത്തൂർ ഭാസ്കരൻ നായരുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 1965 ൽ സ്ഥാപിതമായ ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി.  അക്കാലത്ത് ജനങ്ങൾക്കിടയിൽ സിനിമയെ കുറിച്ച് ഒരു പുതിയ അവബോധം സൃഷ്ടിക്കാൻ ചിത്ര ലേഖ ഫിലിം സൊസൈറ്റിക്ക് കഴിഞ്ഞു. കേരളത്തിൽ സമാന്തര സിനിമകൾ നിർമ്മിക്കാനിട വന്നത് അവരുടെ കൂടി ശ്രമഫലമായിട്ടാണ്. പിൽ കാലത്ത് ഒരു ഫിലിം സ്റ്റുഡിയോയും ചിത്രലേഖയുടെ നേതൃത്വത്തിൽ ആരംഭിച്ചു..അടൂരിന്റെ സ്വയംവരവും കൊടിയേറ്റവും നിർമ്മിച്ചത് സൊസൈറ്റി Crowd Funding നടത്തിയിട്ടാണ് എന്ന് എവിടെയോ വായിച്ചതോർക്കുന്നു..

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts