ഈ വാട്സാപ്പിന്റെയും മെസഞ്ചറിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ജീവിതത്തിലെ കത്തോർമ്മകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം. എന്റെ ഓർമ്മയിലെ ആദ്യത്തെ കത്ത് ഏഴാംക്ലാസിൽ പഠിക്കുന്ന സമയം യുറീക്കാ മാമൻ അയച്ച കാർഡാണ്. അന്ന് കാർഡിന് 75 പൈസയാണ് വില. ഞാൻ യുറീക്കക്ക് അയച്ചുകൊടുത്ത പ്രോജക്ട് കിട്ടിയതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. ഫ്രിഡ്ജിന്റെ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഫ്രിയോൺ എന്ന വാതകം ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതും അതിന്റെ ഫലമായി ഭൂമിയിലെ ചൂട് കൂടി ഹരിത ഗൃഹപ്രഭാവത്തിന് കാരണമായിത്തീരുന്നതുമായിരുന്നു പ്രോജക്ട് വിഷയം എന്നാണ് ഓർമ്മ. ഇത്തരം കത്തുകളും സുഹൃത്തുക്കളും ബന്ധുക്കളും അയയ്ക്കുന്ന ക്രിസ്മസ് കാർഡുകളുമെല്ലാം ഞാൻ നിധി പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്
അടുത്ത കത്തോർമ്മ പ്രീഡിഗ്രി കാലഘട്ടത്തിലാണ്. നിങ്ങൾ ഊഹിക്കുന്നതുപോലെ പ്രണയമൊന്നുമല്ല വിഷയം. ഞാൻ കുട്ടിക്കാലത്ത് ഒരു പുസ്തക പുഴു ആയിരുന്നു. പെൺകുട്ടികളുടെ പിറകേ ഒന്നും പോയിട്ടില്ല. ഒരിക്കൽ എന്റെ അമ്മ വീട്ടിൽ പോയപ്പോൾ എന്റെ ഒരു മാമൻ ഗൾഫിൽ നിന്നും അയച്ച കത്തുകൾ ശ്രദ്ധയിൽ പെട്ടു. ഒരെണ്ണമല്ല , പത്തു നാൽപതെണ്ണം വരും. ഞാൻ ജനിക്കുന്ന സമയം മുതലുള്ള കുടുംബചരിത്രം ആ കത്തുകളിൽ നിന്നും വായിച്ചെടുക്കാം. മരുഭൂമിയിലെ കഷ്ടപ്പാടിനെ പറ്റി ഒക്കെ വിശദമായി മാമൻ എഴുതി. എനിക്ക് 8 മാമൻമാർ ഉണ്ട്. അതിൽ ഒരാൾക്ക് മാത്രമാണ് ഗൾഫിൽ പോയി ജോലി ചെയ്യാൻ കഴിഞ്ഞത്. മാമന്റെ കത്തുകളിൽ പരാമർശിക്കുന്ന മറ്റ് ബന്ധുക്കളെ പറ്റിയും അവരുടെ ഇപ്പോഴത്തെ സ്ഥിതിയും തങ്ങളെ കുറിച്ച് അത്യന്തം കരുതലോടെ കത്തുകൾ എഴുതിയ അദ്ദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകളും ഒക്കെ ഞാൻ വീണ്ടും വീണ്ടും ആ കത്തുകൾ വായിക്കുമ്പോൾ ഓർക്കാറുണ്ട്. വലിയ ജീവിതപാഠമാണ് ആ കത്തുകൾ എന്നെ സംബന്ധിച്ചിടത്തോളം പകർന്ന് തന്നത്. ( എന്റെ കഥാസമാഹാരത്തിലെ പ്രവാസം എന്ന കഥ കാണുക. ചെറിയ മാറ്റങ്ങളോടെ ബ്ലോഗിലും ആ കഥ ഇട്ടിട്ടുണ്ട് )
പോളി ടെക്നിക്കിന്റെ റിസൾട്ട് അറിയുന്നതിന് മുമ്പേ തന്നെ എനിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ പോസ്റ്റ്മാനായി ജോലി ലഭിച്ചു. കത്തുകളെ അത്ര മേൽ ഇഷ്ടപ്പെടുന്ന എനിക്കായി പ്രപഞ്ചം കാത്തുവെച്ച നിധി. പിന്നെ ഉള്ള രണ്ടര വർഷക്കാലം കത്തുകൾ എന്റെ സന്തത സഹചാരിയായി. ഫോൺബില്ലുകളും ബുക്ക് പോസ്റ്റുകളും പേഴ്സണൽ ലറ്ററുകളും മണി ഓർഡറുകളും ഒക്കെയായി ഒരു രണ്ടര വർഷക്കാലം കടന്നുപോയി. ജോലിക്കുള്ള നിയമന ഉത്തരവും മണി ഓർഡറുകളും ഗൾഫു കത്തും ഒക്കെ ചിരിച്ച മുഖത്തോടെ ജനങ്ങൾ സ്വീകരിച്ചു. അന്ന് ടെലഗ്രാമുകളും കൊണ്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഉള്ളടക്കം അറിയുന്നതുവരെ ആളുകൾക്ക് ഒരു ആധിയാണ്. മിക്കവാറും വിവാഹ ആശംസകൾ ഒക്കെയാണ് ഇങ്ങനെ ടെലഗ്രാമായി അക്കാലത്ത് വരാറ് പതിവ്. സിനിമയിൽ ഒക്കെ കാണുന്നതുപോലെ മരണം അറിയിച്ചു കൊണ്ടുള്ള ടെലഗ്രാം എന്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല. പിന്നീട് എനിക്ക് റെയിൽവേ മെയിൽ സർവ്വീസിൽ സോർട്ടിങ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ഇരിങ്ങാലക്കുട ആയിരുന്നു ആദ്യ നിയമനം. പലരും കരുതുന്നതുപോലെ പോസ്റ്റുമാൻ ജോലിയിൽ നിന്നുള്ള പ്രൊമോഷൻ ആയിരുന്നില്ല. പുതിയ നിയമനം തന്നെ ആയിരുന്നു. RMS ൽ ജോലി ചെയ്ത നാലര വർഷക്കാലവും കത്തുകളുമായുള്ള എന്റെ പ്രണയം അഭംഗുരം തുടർന്നു
ജീവിതത്തിന്റെ ഒരു ചെറിയ കാലയളവിൽ മനോഹരമായ പ്രണയലേഖനങ്ങൾ എഴുതാനും എനിക്ക് ഭാഗ്യമുണ്ടായി. വൺ വേ ആണോ ടൂ വേ ആണോ എന്ന് ഇപ്പോഴും നിർവ്വചിക്കാൻ കഴിയാത്ത അവാച്യമായ പ്രണയത്തിന്റെ ദിവ്യാനുഭൂതി. ഞാൻ അന്ന് എഴുതിയ പ്രണയ ലേഖനങ്ങൾ രാഷ്ട്രീയപാർട്ടികളുടെ പ്രകടന പത്രിക പോലെ ആയിരുന്നു. പഴയ ഒരു പാട്ടുണ്ടല്ലോ. വെണ്ണക്കൽ കൊട്ടാരവാതിൽ നിനക്കായ് തുറക്കാം…. സങ്കൽപ സൌഗന്ധികങ്ങൾ നമുക്കായ് വിടരും….. ഇതേ മാതിരി ഭാവിയിൽ വലിയ ഒരു എഴുത്തുകാരന്റെ , സിനിമാക്കാരന്റെ ഭാര്യയായിരിക്കാൻ സമ്മതമാണോ എന്ന മട്ടിൽ ( ധ്രുവത്തിലെ മമ്മൂട്ടിയുടെ ഡയലോഗിനോട് കടപ്പാട് ) . അവൾ വളരെ ബുദ്ധിമതിയായിരുന്നതുകൊണ്ട് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. എന്റെ ഭാര്യയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ “അവൾ രക്ഷപെട്ടു , ഞാൻ പെട്ടു….! “ അന്ന് ഞാൻ ആ പ്രകടനപത്രികയിൽ എഴുതിയ വാഗ്ദാനങ്ങളിൽ സിനിമാക്കാരനാകുക എന്നത് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിന് എന്റെ perfectionism ഒരു പരിധി വരെ കാരണമാണ്. പൂർണതയ്ക്കു വേണ്ടിയുള്ള ദാഹം ( perfectionism ) കാര്യങ്ങൾ നീട്ടി വെയ്ക്കുന്ന ശീലത്തേക്കാൾ ( procrastination ) ദോഷം ചെയ്യുമെന്ന് ഇപ്പോൾ ഞാൻ മനസിലാക്കുന്നു.
2010 മുതൽ കേരള സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലാണ്. നിലവിൽ തിരുവനന്തപുരം ചാല ഓഫീസിൽ ജോലി ചെയ്യുന്നു. അണ്ടർ വാല്യുവേഷൻ തീർപ്പാക്കൽ നോട്ടീസുകൾ ആധാരകക്ഷികൾക്ക് അയയ്ക്കുമ്പോൾ പിൻകോഡ് സഹിതം അഡ്രസ് കൃത്യമാക്കുന്ന ജോലി ഓഫീസിൽ ചെയ്യുന്നത് ഞാനാണ്. അതായത് നമ്മൾ എവിടെ പോയാലും ഈ കത്തുകൾ നമ്മളെ വിടാതെ പിന്തുടരുന്നു എന്നതാണ്. . 2018 ൽ ആദ്യത്തെ ബുക്ക് ഇറക്കിയപ്പോൾ തൂലികാസൌഹൃദത്തിനുള്ള ക്ഷണം ഉൾപ്പെടുത്തിയതിനെ പരിഹസിച്ചവരാണ് കൂടുതൽ. എന്നാൽ എനിക്ക് വളരെ വാല്യുവബിൾ ആയുള്ള സൌഹൃദങ്ങൾ ഉണ്ടായത് ഈ തൂലികാ സൌഹൃദങ്ങളായാണ്. വർഷത്തിൽ ഒന്നോ രണ്ടോ കത്ത് . അത് മതി ബന്ധം ദൃഢമായി മുന്നോട്ട് പോകാൻ. വാട്സാപ്പിലെ സന്ദേശങ്ങൾ ഫോണിൽ നിന്നും ഡിലീറ്റ് ആക്കുന്നതുപോലെ ക്ഷണികമല്ല കത്തുകൾ. എനിക്ക് വരുന്ന കത്തുകൾ എല്ലാം ഞാൻ സൂക്ഷിച്ച് വെയ്ക്കാറുണ്ട്. കഥ നന്നായി എന്ന് പറഞ്ഞ് ആരു വിളിച്ചാലും അവരോട് എനിക്ക് ഒരു കത്ത് അയയ്ക്കാനാണ് ഞാൻ ആവശ്യപ്പെടാറുള്ളത്.
കേരള ഫിലിം അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് 2022 ൽ മിറാക്കിൾ ഫിലിം സൊസൈറ്റിക്ക് രൂപം നൽകിയപ്പോൾ ഞാനായിരുന്നു സെക്രട്ടറി. സൊസൈറ്റിയുടെ വാർഷികം പ്രമാണിച്ച് പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കി ഒരു ആസ്വാദനക്കുറിപ്പ് കത്തെഴുത്ത് മൽസരം നടന്നുവരികയാണ്. കുട്ടികളിൽ വായനാശീലവും ക്രിയാത്മകമായി ചിന്തിക്കാനും എഴുതാനും ഉള്ള കഴിവ് വളർത്തുകയാണ് ഈ മൽസരം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ടാബ് ലറ്റ് പിസികളും സ്മാർട്ട് വാച്ചും ബുക്കുകളും ഉൾപ്പെടെ 1 ലക്ഷത്തോളം രൂപ വില വരുന്ന സമ്മാനങ്ങൾ നൽകുന്നു. ഇത് എട്ട് മാസം നീണ്ടു നിൽക്കുന്ന സംസ്ഥാന വ്യാപകമായ ക്യാമ്പയിനാണ്. 2024 ലെ വിജയ ദശമി ദിനത്തിൽ ലോഞ്ച് ചെയ്യപ്പെട്ടു. കൊല്ലം –തിരുവനന്തപുരം ജില്ലകളിലെ 93 സ്കൂളുകളിൽ ഞങ്ങൾ ക്യാമ്പെയിനിങ് നടത്തി. ലീഡിങ് ദിനപത്രങ്ങളായ ദേശാഭിമാനി, മലയാള മനോരമ, ജനയുഗം, ദീപിക , മാതൃഭൂമി തുടങ്ങിയവയിൽ എല്ലാം പല തവണ വാർത്തകൾ വന്നു. ക്ലബ്ബ് എഫ് എം അടക്കമുള്ള റേഡിയോ മാധ്യമങ്ങളും വലിയ പ്രധാന്യത്തിൽ ഈ മൽസരത്തിന്റെ വാർത്ത നൽകി. വരരുചി പോലെ വലിയ തോതിൽ കാഴ്ചക്കാരുള്ള ഓൺലൈൻ മാധ്യമങ്ങളും ഇൻഫോ മിറർ പോലെ മൂന്ന് ലക്ഷം വരിക്കാർ ഉള്ള യൂടൂബ് ചാനലിലും വാർത്ത വന്നു.
മറ്റ് മലയാള വാർത്താ ചാനലുകളെ സമീപിച്ചപ്പോൾ അവർ പോസിറ്റീവായ വാർത്തകൾ പ്രൊമോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്നത് ബോധ്യപ്പെട്ടു. അവർ വല്ല സ്വർണകടത്തോ ബലാൽസംഗമോ ലഹരി പീഡനമോ അതുപോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന വാർത്തകളേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ. ഈ മൽസരത്തിനും അതിന് ഞങ്ങൾ എടുത്ത എഫർട്ടിനും അവർ ഒരു വിലയും കൽപിച്ചില്ല. മെഡിക്കൽ സ്റ്റോറുകൾ മുൻകൈ എടുത്ത് ആരോഗ്യത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്ന ഒരു പ്രോഗ്രാം നടത്തിയതായിട്ട് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. അവർ അങ്ങിനെ ചെയ്യില്ല. ചെയ്താൽ മരുന്ന് വിൽപന കുറയും. ഇതേ തിയറി തന്നെയാണ് ഈ വിഷയത്തിൽ മേൽ പറഞ്ഞ ചാനലുകാരും പയറ്റുന്നത്. ലഹരിക്കടിമയായ അഫാൻ തന്റെ കുടുംബത്തിലെ അഞ്ച് പേരെ അരുംകൊല ചെയ്ത വാർത്ത ഞാൻ ഇത് എഴുതുമ്പോൾ എല്ലാ ന്യൂസ് ചാനലിലും നോൺ സ്റ്റോപ്പ് ആയി കാണിച്ചു കൊണ്ടിരിക്കുകയാണ്. ആ വിഷ്വലുകൾ പല പല ആംഗിളുകളിൽ കാണിക്കുകയാണ്. അതേ സമയം മിറാക്കിൾ നടത്തുന്ന ഈ മൽസരം പ്രോൽസാഹിപ്പിച്ചാൽ കുട്ടികളിൽ വായനയും എഴുത്തും ഒരു ലഹരിയായി മാറും. പിന്നെ അവർ മറ്റു ലഹരി തേടി പോകില്ല. ഫലത്തിൽ സമുഹത്തിൽ അഫാനെ പോലെ ഉള്ളവർ ഉണ്ടാകില്ല. അത്തരം വാർത്തകൾ ഉണ്ടായാലെല്ലേ ടി ആർ പി റേറ്റിങ് കൂട്ടി പരസ്യക്കാരെ ആകർഷിക്കാൻ പറ്റൂ. മോക്ഷം കിട്ടാനല്ലല്ലോ അവർ കട തുറന്നിരിക്കുന്നത്. ശമ്പളം കൊടുക്കണം. ലാഭം വേണം. കച്ചവടമാണേ…..
ഞങ്ങൾ ജൂൺ 19 വായനാ ദിനത്തിൽ സമ്മാനം പ്രഖ്യാപിക്കാം എന്ന് കരുതിയത് ബഷീർ ദിനമായ ജൂലൈ 5 വരെ നീട്ടി വെയ്ക്കുന്നു. ജൂൺ 30 വരെയുള്ള എൻട്രികൾ സ്വീകരിക്കും. അതാകുമ്പോൾ മധ്യ വേനൽ അവധിയും വായനയ്ക്കായി മാറ്റി വെയ്ക്കാം. സ്കൂൾ തുറന്നാൽ ഞങ്ങൾക്ക് കുറച്ച് സ്കൂളുകളിൽ കൂടി ക്യാമ്പയിനിങിന് അവസരവും ലഭിക്കും. ജൂലൈ 13 ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് ,സാമൂഹ്യ സാംസ്കാരിക സാഹിത്യ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേകുമാർ സമ്മാനവിതരണം നടത്തുന്നു. ഫുൾ ഡേ പ്രോഗ്രാം ആയി പ്ലാൻ ചെയ്യുന്ന ആ ചടങ്ങിനെ പറ്റി കൂടുതൽ വിവരങ്ങൾ പിന്നീട്. ഇത് വായിക്കുന്ന പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പരിചയത്തിലുള്ള കുട്ടികളെ മൽസരത്തിൽ പങ്കെടുപ്പിക്കണമെന്ന് താൽപര്യപ്പെടുന്നു. മൽസരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 9495239904 എന്ന എന്റെ നമ്പരിൽ വാട്സാപ്പിലൂടെ മാത്രം ബന്ധപ്പെടുക. ഈ ബ്ലോഗ് നിങ്ങളുടെ കൂട്ടായ്മകളിലേക്ക് ഷെയർ ചെയ്താലും…ഒരു കത്തിലൂടെ ഞാനുമായി സംവദിക്കാൻ ആഗ്രഹിക്കുന്നവർക്കായി അഡ്രസ് – Gireesh Namasivayam, Secretary , Miracle Film Society, Golden Sunrise, TC 20/1011, DNRA 27 , Durga Nagar, Karamana PO, TVM PIN-695002. അപ്രകാരം ഈ പോസ്റ്റ് ഷെയർ ചെയ്യുന്നതിനും എനിക്ക് കത്ത് എഴുതുന്നതിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദി അറിയിക്കുന്നു.
………………..ഹൃദയപൂർവ്വം….. ഗിരീഷ് നമശിവായം , your soulmate………………….

