കഴിഞ്ഞ മാസം സംഭവബഹുലമായിരുന്നു. ജൂണ്‍ 25 വരെ ഞാന്‍ തുടര്‍ച്ചയായി ഏതാണ്ട് 45 ദിവസത്തോളം ലീവിലായിരുന്നു. ഈ സമയം ഉപയോഗപ്പെടുത്തി കൊണ്ട് എന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി പോസിറ്റീവായ ഒരുപാട് മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. അതിനെ പറ്റിയൊക്കെ വഴിയേ പറയാം.
മെയ് 31 ന് ടിവിയില്‍ കണ്ട ഒരു അഭിമുഖത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ഡിജിപി ഋഷിരാജ് സിങുമായി ആനി നടത്തിയ അഭിമുഖത്തില്‍ തന്റെ മകന്റെ വിദ്യാഭ്യാസത്തെ പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. പഠിക്കാന്‍ ശരാശരിയിലും താഴെയായിരുന്ന മകന് പ്ലസ്ടു തലത്തില്‍ സെക്കന്റ് ക്ലാസ് മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. അതിന് ശേഷം വരയ്ക്കാന്‍ അഭിരുചി ഉണ്ടായിരുന്ന മകന്‍ ആനിമേഷന്‍ ഡിപ്ലോമ പഠിക്കാന്‍ പോയി. 2010 ല്‍ ബോംബെയില്‍ ഒരു ചെറിയ സ്റ്റുഡിയോയില്‍ ജോലി ചെയ്ത് പ്രവൃത്തിപരിചയം നേടി. തുടര്‍ന്ന് ബാംഗ്ലൂരില്‍ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്ഗിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ സ്റ്റുഡിയോയില്‍ ജോലിക്ക് കയറി. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ലണ്ടനില്‍ പഠിക്കുകയും ഇപ്പോള്‍ ചൈനയില്‍ വളരെ സക്‌സസ്ഫുള്‍ ആയ കരിയര്‍ നേടിയെടുക്കുകയും ചെയ്തു. ഇതില്‍ നിന്നുള്ള ഗുണപാഠം ഇതാണ്. നമ്മുടെ സ്വപ്നങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ സ്വപ്നം കാണാന്‍ ശീലിപ്പിക്കണം. സിങിന് വേണമെങ്കില്‍ തന്റെ മകനെ കോച്ചിങ് കൊടുത്ത് തല്ലി പഴുപ്പിച്ച് ഒരു സിവില്‍ സര്‍വ്വീസ് ആക്കി എടുക്കാമായിരുന്നു
മേല്‍സൂചിപ്പിച്ചതിന് അനുബന്ധമായി ജൂണ്‍ മാസത്തില്‍ ഒന്നു രണ്ടു വാര്‍ത്തകള്‍ കൂടി ശ്രദ്ധയില്‍ പെട്ടു. ജൂണ്‍ 14 മാതൃഭൂമി പത്രം . നീറ്റ് പരീക്ഷാഫലം അറിഞ്ഞ് മടങ്ങിയ വന്ദന എന്ന പതിനെട്ട് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു . ആ കുട്ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ റാങ്ക് പ്രതീക്ഷിച്ചതിലും കുറവായിരുന്നു. –എനിക്കിത്രയേ ആയുസ് ഉള്ളൂ. ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്ന നിമിഷമായിരുന്നു. ഐ ലവ് യൂ അച്ഛന്‍ ആന്റ് അമ്മ എന്ന് കൈത്തണ്ടയില്‍ എഴുതിയിരുന്നു. ഇതില്‍ നിന്നും കഴിഞ്ഞ വര്‍ഷം നല്ല നിലയില്‍ പ്ലസ് ടു പാസായ വന്ദനയ്ക്ക് അച്ഛനമ്മമാരില്‍ നി്ന്നുള്ള സമ്മര്‍ദം ഊഹിക്കാം..
കഴിഞ്ഞ മാസം ബ്ലോഗില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ പോകുന്നു എന്നതടക്കം ധീരമായ പല പ്രഖ്യാപനങ്ങളും ഞാന്‍ നടത്തിയിരുന്നു നാല്‍പത്തിഅഞ്ച് ദിവസത്തെ ലീവ് പീരിയഡില്‍ ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ച നാല്പത് ശതമാനം മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ എണ്‍പത് ശതമാനവും നെഗറ്റീവ് റിസല്‍റ്റ് ആയിരുന്നു. അതിനെ പറ്റി ഒന്നും ഞാന്‍ ഇവിടെ എഴുതുന്നില്ല. നെഗറ്റീവ് പറഞ്ഞ് അതിനെ പറ്റി വ്യാകുലപ്പെട്ട് ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല.
വലിയ താരങ്ങളെ നായകന്‍മാരാക്കി സങ്കല്‍പ്പിച്ച് തിരക്കഥ എഴുതുകയും പിന്നീട് ആ താരങ്ങളെ കിട്ടാതെ സിനിമാസ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുന്ന അവസരത്തില്‍ രണ്ടാം നിര താരത്തെ വെച്ച് ആ പടം ചെയ്യേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ സിനിമയില്‍ പതിവ് കാഴ്ചയാണ്. ഈ മാസം കൂദാശ എന്ന സിനിമ ടെലഗ്രാമില്‍ കണ്ടു. സൂപ്പര്‍ മൂവി. മെത്രാന്‍ ജോയി എന്ന മാനസാന്തരം സംഭവിച്ച ചോട്ടാഡോണ്‍ ആയി ബാബുരാജാണ് അഭിനയിച്ചിരിക്കുന്നത്. നല്ല ബ്രില്യന്റ് തിരക്കഥ ആണ്. മമ്മൂട്ടിയോ ചുരുങ്ങിയ പക്ഷം ഒരു ബിജു മേനോന്‍ എങ്കിലുമോ ചെയ്യേണ്ട വേഷമാണ് എന്ന് പടം കാണുമ്പോള്‍ തന്നെ മനസിലാകും. സംവിധായകന്റെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ മൂലമാണ് ഇത്തരം സിനിമകള്‍ ഉണ്ടാകുന്നത്. കൂദാശ എന്ന സിനിമ തിയറ്ററില്‍ വന്നതായിട്ട് നിങ്ങളില്‍ എത്ര പേര്‍ അറിഞ്ഞു. ( ബാബുരാജ് തന്നെക്കൊണ്ടാകും വിധം പെര്‍ഫോം ചെയ്തിട്ടുണ്ട് എന്നതു കൂടി അനുബന്ധമായി കൂട്ടിച്ചേര്‍ക്കുന്നു. )
എന്റെ അഹം ബ്രഹ്മാസ്മി എന്ന തിരക്കഥയെ പറ്റി പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയാം. ഇത് ഒരു ന്യൂ ജനറേഷന്‍ സിനിമ അല്ല. മറിച്ച് പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ്. വാസ്തവത്തില്‍ ഇപ്പോഴത്തെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മാതിരിയുള്ള ന്യൂ ജന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മടുത്തുതുടങ്ങി. വലിയ ഒരു വിഭാഗം പ്രേക്ഷകര്‍ തിയറ്ററുകളെ കൈവിട്ട് കഴിഞ്ഞു. എന്റെ അച്ഛന്‍ നമശിവായം പുനലൂര്‍ രാംരാജ് തിയറ്ററില്‍ ഫിലിം ഓപ്പറേറ്ററാണ്. അച്ഛന്‍ ഇപ്പോഴും തിയറ്ററില്‍ ജോലിക്ക് പോകുന്നതിനാല്‍ സിനിമകളുടെ ലൈവ് റിപ്പോര്‍ട്ട് എനിക്ക് കിട്ടും. ആ തിയറ്ററില്‍ റിലീസ് ചെയ്യുന്ന പല ന്യൂജനറേഷന്‍ സിനിമകളും പടം എങ്ങനെയുണ്ട് എന്ന് ഒന്ന് അറിയാന്‍ പോലും പലപ്പോഴും കഴിയാറില്ല. കാരണം ഒരു പത്ത് പേര്‍ എങ്കിലും പടം കാണാന്‍ വന്നാലെല്ലേ ഷോ നടക്കൂ. ( 4 കെ അറ്റ്‌മോസ് ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളുള്ള കേരളത്തിലെ തന്നെ ഏറ്റവും മികച്ച തിയറ്റര്‍ കോംപ്ലക്‌സാണ് പുനലൂര്‍ രാംരാജ് തിയറ്റര്‍. അവിടെ ഇതാണ് സ്ഥിതി എങ്കില്‍ മോശം തിയറ്ററുകളുടെ സ്ഥിതി പറയാനുണ്ടോ ) ശ്യാം പുഷ്‌കരനെ പോലെയോ ദിലീഷ് പോത്തനെ പോലെയോ ഉള്ള പ്രതിഭകളുടെ കൈയ്യൊപ്പ് പതിഞ്ഞ ന്യൂ ജന്‍ ചിത്രങ്ങള്‍ മാത്രമാണ് തിയറ്ററില്‍ ആളെ കയറ്റുന്നത്. പഴയകാല ഓള്‍ഡ് ജനറേഷന്‍ സിനിമകളായ ആവനാഴിയും രാജാവിന്റെ മകനും സ്ഫടികവും അമരവും ഒക്കെ ടിവിയില്‍ വരുമ്പോള്‍ കണ്ട് പ്രേക്ഷകര്‍ സായൂജ്യമടയുകയാണ്. അല്ലെങ്കില്‍ തന്നെ സാമാന്യ ബുദ്ധി വെച്ച് ചിന്തിക്കാവുന്നതേ ഉള്ളൂ. റിയലായ ജീവിതം കാണാന്‍ വേണ്ടി എന്തിന് കാശു മുടക്കി തിയറ്ററില്‍ പോകണം. സിനിമ സിനിമാറ്റിക് ആയിരിക്കണം. ആറാംതമ്പുരാനും നരസിംഹവും മണിച്ചിത്രത്താഴും രാജമാണിക്യവും ലൂസിഫറും ഒന്നും തിയറ്ററില്‍ സൃഷ്ടിച്ച അലകള്‍ പുനസൃഷ്ടിക്കാന്‍ ഒരു ന്യൂജനറേഷന്‍ സിനിമക്കും ഇവിടെ കഴിഞ്ഞിട്ടില്ല. മേല്‍പറഞ്ഞ സിനിമകള്‍ കണ്ട് കയ്യടിച്ച ഇപ്പോഴും ടിവിയില്‍ വന്നാല്‍ ആസ്വദിക്കുന്ന വലിയ ഒരു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിവുള്ള സിനിമയാണ് എന്റെ അഹം ബ്രഹ്മാസ്മി എന്ന് ഞാന്‍ ഇവിടെ ഉറപ്പിച്ച് പറയുന്നു.
ഞാന്‍ ആറ്റിങ്ങള്‍ പോളിടെക്‌നിക്കില്‍ സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴാണ് നന്ദനം റിലീസ് ആകുന്നത്. അത് ആറ്റിങ്ങല്‍ ഡ്രീംസ് തിയറ്ററില്‍ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല. അതിനെ തുടര്‍ന്ന് വെള്ളിത്തിര, സ്റ്റോപ്പ് വയലന്‍സ് തുടങ്ങിയ സിനിമകള്‍. രാജകീയമായ എന്‍ട്രി തന്നെ ആയിരുന്നു. സുകുമാരന്റെ മകന്‍ എന്ന ടാഗ് ലൈനില്‍ നിന്നും വളരെ വേഗം പുറത്തുവന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകള്‍ മൂലം സംഘടനയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വന്നു. അഭിമുഖങ്ങളില്‍ കളങ്കമില്ലാതെ അഭിപ്രായം തുറന്ന് പറഞ്ഞപ്പോള്‍ അഹങ്കാരി എന്ന പേരും ചാര്‍ത്തിക്കിട്ടി. ഏറ്റവും അധികം സൈബര്‍ ആക്രമണം നേരിട്ട നടനും മറ്റാരുമല്ല. എന്നാല്‍ കാലചക്രം ഇതിനെല്ലാം ഉചിതമായ മറുപടി നല്‍കി. രാജപ്പന്‍ എന്ന് വിളിച്ച് ട്രോളിയവരെക്കൊണ്ട് തന്നെ രാജുവേട്ടന്‍ എന്ന് വിളിപ്പിച്ചു. രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു, രാജുവിന്റെ എല്ലാ സിനിമകളും കണ്ട് വിലയിരുത്തിയ ആള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്ലസും മൈനസും നന്നായി മനസിലാക്കിയാണ് ഞാന്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
എന്റെ ബ്ലോഗിന് വേണ്ടി മല്ലികച്ചേച്ചിയുടെ ( മല്ലിക സുകുമാരന്‍) ഒരു അഭിമുഖം ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിന് വേണ്ട സഹായം ചെയ്ത് തരാം എന്നും നിതിന്‍ ഏറ്റു. എന്റെ തിരക്കഥയുമായി ഈ അഭിമുഖത്തിന് നേരിട്ട് ബന്ധമില്ല .എന്റെ ചാനലും ബ്ലോഗും മുഖ്യമായും മോട്ടിവേഷന്‍ ആണ് ഉദ്ദേശിക്കുന്നത്. മല്ലികച്ചേച്ചിയുടെ ജീവിതം നല്ല ഒരു പ്രചോദനം നല്‍കുന്ന ഒന്നാണ്. സുകുമാരന്‍ ആകസ്മികമായി മരണപ്പെടുമ്പോള്‍ ഇന്ദ്രജിത്ത് പ്ലസ് ടു ആണ്. രാജു സ്‌കൂള്‍ വിദ്യാര്‍ത്ഥിയും. അവിടെ നിന്നും ഈ രണ്ട് മക്കളെയും വളര്‍ത്തി വലുതാക്കി ഈ കാണുന്ന രീതിയില്‍ മലയാള സിനിമയിലെ രണ്ട് നെടുംതൂണുകളാക്കി മാറ്റിയ കഥ ഒരു സിനിമാക്കഥയെ വെല്ലുന്ന മോട്ടിവേഷന്‍ സ്റ്റോറിയാണ്. മല്ലികച്ചേച്ചിയെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാന്‍ ഉള്ള ചോദ്യങ്ങള്‍ ഞാന്‍ മാസങ്ങള്‍ക്ക് മുന്‍പേ തയ്യാറാക്കി വെച്ചിട്ടുണ്ട്. ചേച്ചി കഴിഞ്ഞമാസം പങ്കെടുത്ത സുബ്രഹ്മണ്യസന്ധ്യ എന്ന പരിപാടി ടാഗോര്‍ തിയറ്ററില്‍ വെച്ച് നടന്നപ്പോള്‍ ഞാനും പങ്കെടുത്തിരുന്നു. ലാലേട്ടനും ആ ചടങ്ങിന് ഉണ്ടായിരുന്നതിനാലാണ് ഞാന്‍ പോയത്. അന്ന് മല്ലികച്ചേച്ചി പ്രസംഗിച്ച് കരയുകയും ഞങ്ങള്‍ കാഴ്ചക്കാരില്‍ ഹൃദയനൈര്‍മല്യമുള്ളവരെ കരയിപ്പിക്കുകയും ചെയ്തു. യശശരീരനായ നിര്‍മ്മാതാവ് പി സുബ്രഹ്മണ്യത്തെപ്പറ്റി ശ്രീകുമാരന്‍ തമ്പി രചിച്ച മലയാളസിനിമയുടെ ഭീഷ്മാചാര്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ലാലേട്ടന്‍ മധുവിന് നല്‍കി പ്രകാശനം ചെയ്യുന്ന ചടങ്ങാണ് അന്ന് അവിടെ നടന്നത്. പണ്ട് ചെറുപ്പത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി സുബ്രഹ്മണ്യം മുതലാളിയില്‍ നിന്നും ( ഇവിടെ മുതലാളി എന്ന സംബോധന ആളുകള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതാണ്. അല്ലാതെ ക്യാപിറ്റലിസവുമായി അതിന് ഒരു ബന്ധവുമില്ല. ) നൂറു രൂപ പ്രതിഫലം ലഭിച്ച കഥ മല്ലികച്ചേച്ചി പറഞ്ഞിരുന്നു. ഇന്നത്തെ 10000 രൂപയേക്കാള്‍ വില അന്നത്തെ നൂറ് രൂപക്ക് ഉണ്ട് . ഈ രീതിയില്‍ കഷ്ടപ്പെട്ട് ജീവിതത്തിന്റെ കയ്‌പ്പേറിയ ദിനങ്ങള്‍ പിന്നിട്ടാണ് അവര്‍ ഇന്ന് കാണുന്ന നിലയില്‍ എത്തിയത്.
സാധാരണ ഇത്രയും അവധി ദിനങ്ങള്‍ ഒരുമിച്ച് കിട്ടുമ്പോള്‍ ഞാന്‍ ഒരു പത്തിരുപത് പുസ്തകങ്ങള്‍ എങ്കിലും വായിച്ച് തീര്‍ക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ വേറെ ഒരുപാട് കൂടിക്കാഴ്ചകള്‍ക്കായി സമയം ചിലവഴിക്കേണ്ടി വന്നതിനാല്‍ കാര്യമായ വായന നടന്നില്ല. എങ്കിലും ടി പി രാജീവന്റെ പാലേരിമാണിക്യം- ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന നോവല്‍ വായിച്ചു തീര്‍ത്തു. നടന്ന സംഭവത്തെ അധികരിച്ച് എഴുതപ്പെട്ട നോവലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ രഞ്ജിത്ത് ഈ നോവല്‍ സിനിമ ആക്കിയപ്പോള്‍ ആസ്വദിച്ച് കണ്ടിരുന്നു. മമ്മൂക്ക ത്രിബിള്‍ റോളില്‍ കിടിലന്‍ പെര്‍ഫോര്‍മെന്‍സ് കാഴ്ചവെച്ച സിനിമ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമാപഠിതാവ് എന്ന നിലയില്‍ ഒരു നോവല്‍ സിനിമയാക്കുമ്പോള്‍ തിരക്കഥാരചനയില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു.
ഈ മാസം ബ്ലോഗില്‍ എന്റെ മകള്‍ക്ക് എന്ന കഥാസമാഹാരത്തില്‍ നിന്നും എടുത്ത പ്രവാസം എന്ന ചെറുകഥയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കഥയുടെ രചനാവഴി ഞാന്‍ വഴിയേ പറയാം. അതിന് മുമ്പ് തൂലികാസൗഹൃദങ്ങളുടെ പ്രാധാന്യത്തെ പറ്റി കുറച്ച് കാര്യങ്ങള്‍ പറയാം. എന്റെ ബ്ലോഗില്‍ ഞാനുമായി തൂലികാസൗഹൃദത്തില്‍ ഏര്‍പ്പെടാനുള്ള മേല്‍വിലാസം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സാപ്പിന്റേയും ഇമെയിലിന്റേയും ആധുനികകാലഘട്ടത്തില്‍ കത്തുകള്‍ക്ക് എന്താണ് പ്രസക്തി എന്ന് ചിന്തിക്കാം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന ലിഖിതരേഖകളാണ് കത്തുകള്‍. നെഹ്‌റു മകള്‍ ഇന്ദിരക്ക് അയച്ച കത്തുകള്‍ ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ട് വ്യാപകമായി വായിക്കപ്പെട്ടു. ഒരു സാഹിത്യരൂപം എന്ന നിലയില്‍ കത്തുകള്‍ക്കുള്ള പ്രാധാന്യത്തിന് മകുടോദാഹരണമാണ് ഇത്. പണ്ട് ഒരു ദിവസം ഒരു ഓണത്തോടനുബന്ധിച്ച് എന്റെ അമ്മയുടെ തറവാട് വൃത്തിയാക്കുന്ന അവസരത്തില്‍ പഴയ കുറച്ച് കത്തുകള്‍ ലഭിച്ചു. എന്റെ അമ്മ വീടിന്റെ പേര് മണിമംഗലത്ത് എന്നാണ്. പേരിലെ പ്രതാപം സൂചിപ്പിക്കുന്നതു പോലെ പത്ത് മക്കളാണ്. രണ്ട് പെണ്ണും എട്ട് ആണും. എന്റെ ഒരു അമ്മാവന്‍ ബാലസുബ്രഹ്മണ്യം ദീര്‍ഘകാലമായി പ്രവാസത്തിലായിരുന്നു. പുള്ളി എഴുതിയ കത്തുകളാണ്. എനിക്ക് മൂന്നോ നാലോ വയസ് ഉള്ളപ്പോഴുള്ള കത്തുകളാണ്. ഒരു ഏഴെട്ട് വര്‍ഷം തുടര്‍ച്ചയായി മാസം തോറും ഒന്നും ചിലപ്പോള്‍ അതിലേറെയും എന്ന തോതില്‍. ആ കാലഘട്ടത്തിലെ ഞങ്ങളുടെ കുടുംബചരിത്രത്ത പറ്റിയുള്ള ആധികാരികരേഖയാണ് ആ കത്തുകള്‍. മരുഭൂമിയിലെ ലേബര്‍ ക്യാമ്പിലെ ആടുജീവിതത്തെ പറ്റിയും അവിടത്തെ കഠിനമായ ചൂടിനെയും പറ്റിയും മാത്രമല്ല, കുടുംബത്തിലെ ഓരോ അംഗത്തെ പറ്റിയും ഉള്ള മാമന്റെ സ്‌നേഹവും കരുതലും ഒക്കെ ആ കത്തുകളില്‍ നിറഞ്ഞിരിക്കുന്നു. കുടുംബത്തില്‍ അപ്പോള്‍ ജനിച്ച കുഞ്ഞിനെ പറ്റി പോലും ഉള്ള കരുതല്‍ കത്തുകളില്‍ കാണാം. ഇപ്പോള്‍ ഞാന്‍ ഇത് എഴുതുമ്പോള്‍ ആ കുഞ്ഞ് (ലക്ഷ്മി) വലുതായി അവള്‍ക്കും കുഞ്ഞ് (ചിന്‍മയി) ജനിച്ച് കഴിഞ്ഞിരിക്കുന്നു. ആ കാലഘട്ടത്തില്‍ ദാരിദ്ര്യത്തോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി മുന്നേറിയ കുടുംബമാണ് മണിമംഗലം. ഇന്ന് അടൂരിലെ നമ്പര്‍ വണ്‍ പെയിന്റ് ഷോപ്പ് മണിമംഗലത്ത് പെയിന്റ്‌സാണ്. പറക്കോട്ടും പെയിന്റ് ഷോപ്പ് ഉണ്ട്. ഇന്ന് ആ മാമന്റെ കത്തുകള്‍ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കുമ്പോള്‍ അന്ന് അയാളുടെ കരുതലിനും സ്‌നേഹത്തിനും പാത്രീഭവിച്ചവര്‍ ഇന്ന് അതേ അളവില്‍ അതുപോലെ ആ സ്‌നേഹം തിരിച്ച് കൊടുക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുമ്പോഴാണ് ജീവിതത്തിന്റെ നശ്വരതയെ പറ്റി ഒക്കെ ചിന്തിച്ച് മനസ് ആര്‍ദ്രമാകുന്നത്. ജീവിതത്തിന്റെ ഒരു പരിഛേദമാണ് ഈ കത്തുകളിലൂടെ ഞാന്‍ കാണുന്നത്. മാമന്റെ കഥ എഴുതിവന്നപ്പോള്‍ കഥയുടെ സ്വാഭാവികമായ വികാസപരിണാമങ്ങള്‍ക്കനുസരിച്ച് വസ്തുതകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. കഥയില്‍ ദമ്പതികള്‍ക്ക് പെണ്‍കുട്ടിയാണ്. എന്നാല്‍ മാമന് രണ്ട് ആണ്‍മക്കളാണ്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ഇത് ഒരു കഥ മാത്രമാണ് എന്ന യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുക.
കഴിഞ്ഞമാസം എന്റെ ബ്ലോഗിലും ചാനലിലും ഒപി 160/18 കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താനുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തി ആ സിനിമക്ക് പ്രൊമോഷന്‍ നല്‍കുവാനുള്ള തീരുമാനം നൂറ് ശതമാനവും ശരിയായിരുന്നു എന്ന് തെളിഞ്ഞു. ജൂണ്‍ 28 ന് റിലീസ് ആയ സിനിമ ഗംഭീരമായ പ്രേക്ഷക പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.
എന്റെ ബ്ലോഗിന്റെയും ചാനലിന്റേയും ഒന്നാമത്തെ ലക്ഷ്യം എന്റെ സിനിമാപ്രവേശം സുഗമമാക്കുക എന്നതാണ്. സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള എന്റെ പ്രയാണത്തിലെ തടസ്സങ്ങളും വൈതരണികളും അതിനെ അതിജീവിക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഉപായങ്ങളും ഒക്കെയായി രസകരമായി ബ്ലോഗ് മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. തികച്ചും സത്യസന്ധമായ ഒരു സമീപനം എന്നില്‍ നിന്നും പ്രതീക്ഷിക്കാം. കണ്ണേറ് തട്ടുക എന്നതിലും ജ്യോതിഷത്തിലും ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ സിനിമാലക്ഷ്യവുമായി നടന്ന് ഇതുവരെ ആര്‍ജിച്ചെടുത്ത അറിവുകള്‍ ആവശ്യക്കാര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ പ്രതിജ്ഞാബദ്ധനാണ്.രണ്ടാമത്തെ ലക്ഷ്യം ജീവിതത്തില്‍ ലക്ഷ്യബോധമുള്ളവരെ മോട്ടിവേറ്റ് ചെയ്യുക എന്നതാണ്. കഥകള്‍ പോസ്റ്റ് ചെയ്യുക എന്നത് മൂന്നാമത്തെ ലക്ഷ്യം മാത്രമാണ്.
.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

