ഇന്ന് മാധ്യമ സ്വാതന്ത്യത്തെ പറ്റി വാതോരാതെ ചര്‍ച്ച ചെയ്യുന്ന സമയമാണെല്ലോ. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ അത് പത്രമായാലും ചാനലായാലും വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിഷ്പക്ഷമായിട്ടാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുത്ത കാലത്ത് ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയാണ് എന്നെ ഇങ്ങനെ ചിന്തിപ്പിച്ചത്. പത്മശ്രീ മോഹന്‍ലാല്‍ വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ പോലീസ് സഹായത്തോടെ വരി നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നും നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അദ്ദേഹത്തിന് രണ്ട് മണിക്കൂര്‍ വരിനിന്ന് വോട്ട് ചെയ്യേണ്ടി വന്നു എന്നും ആ വാര്‍ത്തയില്‍ പറയുന്നു. ഈ വാര്‍ത്തയുടെ സത്യാവസ്ഥ കേരളത്തിലെ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല.
ഒരു മുഖ്യധാരാ ദേശീയ പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നതു കൊണ്ട് കേരളത്തിലെ മാധ്യമങ്ങളും പാര്‍ട്ടിക്കാരും മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ കേരളത്തിലെ രണ്ട് പ്രമുഖനടന്‍മാര്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി ജനവിധി തേടിയിരുന്നുവല്ലോ. അതില്‍ ഒരാള്‍ക്ക് മലയാളസിനിമയിലെ മറ്റൊരു നടന്‍ പിന്തുണനല്‍കിയപ്പോള്‍ അയാള്‍ക്ക് സൈബര്‍ പൊങ്കാലയും തെറിയഭിഷേകവും നല്‍കിയാണ് കേരളം പ്രതികരിച്ചത്. എന്നാല്‍ അതേസമയം നമ്മുടെ രണ്ടാമത്തെ നടന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടന്ന റോഡ് ഷോയില്‍ പങ്കെടുത്ത് പ്രസംഗിച്ച സൂപ്പര്‍ താരത്തോട് ഇവിടെ ആര്‍ക്കും അയിത്തമില്ല. ഇത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് തെളിവാണ്.
അതെ. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയാണ്. ലാലേട്ടന്‍ വോട്ട് ചെയ്ത മുടവന്‍ മുഗള്‍ സ്‌കൂള്‍ പോളിങ് ബൂത്തില്‍ ആ സമയത്ത് ഉണ്ടായിരുന്ന ഹരിലാല്‍ എന്ന ജേര്‍ണലിസ്റ്റ് ആ സംഭവത്തെ കുറിച്ച് പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങള്‍ മുക്കി. ലാലേട്ടന്‍ വോട്ടെടുപ്പ് ആരംഭിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ബൂത്തില്‍ എത്തിയിരുന്നു. പോളിങിന്റെ ആദ്യ മണിക്കൂറുകളിലെ ജനത്തിരക്കിനെ പറ്റി ഞാന്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നല്ല ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. വരി നില്‍ക്കാന്‍ പറ്റില്ല എന്ന് ലാലേട്ടന്‍ പറഞ്ഞതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരേ മറിച്ച് പോലീസാണ് അങ്ങിനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത് . ജനം ലാലേട്ടന് ചുറ്റും കൂടി നിന്ന് വോട്ടെടുപ്പ് അലങ്കോലപ്പെടുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായിരുന്നു ഇത് എന്ന് ഹരിലാല്‍ സാക്ഷ്യപ്പെടുത്തുന്നു. അത് ശരിയുമാണ്. ലാലേട്ടനെ പോലെ പോപ്പുലര്‍ ആയ ഒരു സെലിബ്രിറ്റി വരുമ്പോള്‍ സെല്‍ഫി എടുക്കാനും പരിചയപ്പെടാനും ജനം തിക്കി തിരക്കി വരുന്നത് സ്വാഭാവികമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് പോലീസിന് ഇടപെടേണ്ടി വന്നു
പോലീസ് പറഞ്ഞത് മുഖവിലയ്‌ക്കെടുത്തു കൊണ്ട് അവരുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി വരി നില്‍ക്കാതെ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ മുമ്പാകെ എത്തിയ ലാലേട്ടനെ അവിടെ ആ സമയത്ത് ഉണ്ടായിരുന്ന പ്രാദേശികപാര്‍ട്ടി നേതാവ് അധിഷേപിച്ച് ഇറക്കി വിട്ടു. ഇതിന് കാരണം ലാലേട്ടന്റെ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. അല്ലാതെ ജനങ്ങള്‍ ആരും അവിടെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. കഴിഞ്ഞ നാല് പതിറ്റാണ്ട് ആയി പകരം വെയ്ക്കാനാളില്ലാത്ത നടനവിസ്മയം തീര്‍ത്ത് ജനമനസുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മോഹന്‍ലാല്‍. ഓരോ കേരളീയനും ഒരു കുടുംബാംഗത്തെ പോലെയാണ് ലാലേട്ടനെ കാണുന്നത്.
ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന് പണ്ടാരോ പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍.ഓരോ വ്യക്തിക്കും അവരുടേതായ മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഭരണഘടനയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി നടപ്പിലാവണമെന്ന് വാദിക്കുന്നവര്‍ തന്നെയാണ് ഇവിടെ മറിച്ച് പറയുന്നത്. അതായത് തങ്ങള്‍ക്ക് താല്‍പര്യമുളള കാര്യങ്ങളില്‍ മാത്രമേ ഭരണഘടന ബാധകമാകുകയുള്ളൂ എന്നാണോ. അതുപോലെ അസഹിഷ്ണുതയെപ്പറ്റി നാഴികയ്ക്ക് നാല്‍പതുവട്ടം ആശങ്കപ്പെടുന്നവര്‍ തന്നെയാണ് ഇങ്ങനെ സഹിഷ്ണുതയില്ലാതെ പെരുമാറുന്നത് എന്നതാണ് വിരോധാഭാസം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. ഗള്‍ഫിലെ പോലെ ഏതെങ്കിലും നീതിമാനായ ഭരണാധികാരിയുടെ കീഴില്‍ ഏകാധിപത്യം വരണമെന്നാണ് എന്റെ ആഗ്രഹം. അതാകുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലെയുള്ള പീഡനവീരന്‍മാരുടെ തല വെട്ടാന്‍ വിധിക്കാം. നാട്ടില്‍ കുറ്റകൃത്യങ്ങള്‍ കുറയും . എല്ലാ കാര്യങ്ങളിലും പ്രത്യേക നിയമനിര്‍മ്മാണം ഒന്നുമില്ലാതെ തന്നെ സഡന്‍ ആക്ഷന്‍ എടുക്കാന്‍ കഴിയും.
അതൊക്കെ പോകട്ടെ . മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിനെ പറ്റിയാണല്ലോ ഞാന്‍ പറഞ്ഞുവന്നത്. പണ്ട് പേരു കേട്ട ഒരു ഉസ്താദ് കേരളം സന്ദര്‍ശിച്ചു. അദ്ദേഹത്തോട് ഒരു പത്രക്കാരന്‍ ഏത് ഭക്ഷണമാണ് കഴിക്കാന്‍ ഇഷ്ടം എന്ന് ചോദിച്ചു. ” അങ്ങനെ പ്രത്യേകിച്ച് ഒരു ഭക്ഷണം ഇല്ല. , ഉമ്മ വെക്കുന്നതെല്ലാം ഇഷ്ടമാണ് ” എന്ന് ഉസ്താദ് നിഷ്‌കളങ്കമായി മൊഴിഞ്ഞു. പിറ്റേന്ന് കേരളത്തിലെ പ്രമുഖ പത്രത്തില്‍ വാര്‍ത്ത വന്നത് ഇങ്ങനെ– ഉമ്മ വെയ്ക്കുന്നത് ഇഷ്ടമാണെന്ന് ഉസ്താദ്, എങ്ങനുണ്ട്. അതുപോലെ വേറൊരു കഥ . പോപ്പിന്റെ കേരള സന്ദര്‍ശനവേളയില്‍ ഇവിടത്തെ നിശാക്ലബ്ബുകളെപറ്റി എന്താണഭിപ്രായം എന്ന് പത്രലേഖകന്റെ ചോദ്യം. അതിന് മറുപടിയായി ഇവിടെ നിശാക്ലബ്ബുകളുണ്ടോ എന്ന് പോപ്പ് ചോദിച്ചു.. പിറ്റേ ദിവസത്തെ വാര്‍ത്തയില്‍ ഇങ്ങനെ പറയുന്ന– കേരളത്തില്‍ നിശാക്ലബ്ബുകളുണ്ടോ എന്ന് പോപ്പ് അന്വേഷിച്ചു. ഞാന്‍ എല്ലാ മാധ്യമങ്ങളെയും അടച്ച് ആക്ഷേപിക്കുകയല്ല. ബഹുഭൂരിപക്ഷവും ഇങ്ങനെയായതിലുള്ള ആശങ്ക പങ്ക് വെക്കുകയാണ്. ഇന്ന് എത്ര ചാനല്‍ കണ്ടാലാണ് ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കഴിയുക.
ജി ഫോര്‍ ജീനിയസിലൂടെ എന്നെ വായിക്കുന്ന മാന്യ വായനക്കാര്‍ക്ക് നന്ദി. ഇനി മുതല്‍ എല്ലാ മാസവും നിങ്ങളുടെ പ്രിയ സതീര്‍ത്ഥ്യനായി ഞാനും നിങ്ങളോടൊപ്പമുണ്ട്. എല്ലാ മാസവും ഈ ബ്ലോഗില്‍ അപ്‌ഡേറ്റ്‌സ് ഉണ്ടാകും. നിങ്ങള്‍ വായനക്കാരാണ് എന്റെ ശക്തി . എനിക്ക് ഒരു അഭ്യര്‍ത്ഥന ഉണ്ട്. ഈ ബ്ലോഗിലെ പോസ്റ്റുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ ഷെയര്‍ ചെയ്യുക. എന്നെ ബന്ധപ്പെടാനുള്ള വാട്‌സപ്പ് നമ്പരും തൂലികസൗഹൃദത്തിനുള്ള ക്ഷണവും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ സ്വപ്നവും ലക്ഷ്യവും സിനിമയാണ്. അതിലേക്ക് എത്തിപ്പെടാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണ് ഞാന്‍ ഈ ബ്ലോഗിനെ കാണുന്നത്. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു കൊണ്ട് താല്‍കാലികമായി വിട വാങ്ങുന്നു. കൂടുതല്‍ രസകരമായ സിനിമാ കഥകളും ലേഖനങ്ങളും ചെറുകഥകളുമായി ഞാന്‍ അടുത്തമാസം വീണ്ടും വരുന്നതാണ്.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

