42) MY BLOG—SEPTEMBER 2019

 www.gforgenius.in

ഈ മാസം സിനിമാരംഗത്തുനിന്നും നവജീവന്‍ എന്ന് പേരുള്ള ഒരു സഹസംവിധായകനെ പരിചയപ്പെട്ടു. എന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിയ ടിയാനുമായി ഞാന്‍ എഴുതിയ തിരക്കഥകളുടെ വണ്‍ലൈന്‍ ചര്‍ച്ച ചെയ്തു. ആ കഥകളുടെ സാധ്യതകളെ പറ്റിയും പരിമിതികളെ പറ്റിയും ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ചര്‍ച്ച വഴി വെച്ചു. തമിഴില്‍ വിക്രം വേദ തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നവജീവന്‍ എനിക്ക് വേണ്ട പിന്തുണ തരാം എന്ന ഉറപ്പ് നല്‍കി. സിനിമാപ്രവര്‍ത്തകരുമായി അര്‍ത്ഥപൂര്‍ണ്ണമായ ഒരു മീറ്റിങ് സംഘടിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയുന്ന ഞാന്‍ അതുകൊണ്ടുതന്നെ ഇതിനെ വളരെ പോസിറ്റീവായ മുന്നേറ്റമായിട്ടാണ് കാണുന്നത്.

കഴിഞ്ഞ മാസം ചുറ്റുപാടും സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ബ്ലോഗില്‍ പരാമര്‍ശത്തിന് അര്‍ഹത ഉള്ളത് ഒരുപാടുണ്ട്. അതില്‍ പ്രധാനം ഉന്നാവ സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് നേരിട്ട സംശയാസ്പദമായ ദുരന്തമാണ്. ഈ സംഭവത്തെ അപലപിച്ച് ആഴത്തില്‍ ഉള്ള ദുഖം രേഖപ്പെടുത്തുന്നു. എന്നാല്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ സര്‍ക്കാര്‍ പ്രതിസ്ഥാനത്തുള്ള ഇത്തരം സംഭവങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്നതില്‍ നിന്നും എന്നെ തടഞ്ഞിരിക്കുന്നു. ഡെമോക്ലസിന്റെ വാള്‍ പോലെ പെരുമാറ്റച്ചട്ടങ്ങള്‍ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നു. ഞാന്‍ ഇത്രയ്ക്ക് ഭീരുവാണോ എന്ന് നിങ്ങള്‍ ചിന്തിക്കും. എന്നാല്‍ എനിക്ക് തടസമില്ലാതെ ബ്ലോഗെഴുത്ത് തുടരേണ്ടതുണ്ട്. ഇപ്പോള്‍ ഞാന്‍ അതിനാണ് പ്രാധാന്യം നല്‍കുന്നത്. ചുവര്‍ ഉണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാന്‍ പറ്റൂ. സ്രാവുകള്‍ക്കൊപ്പം നീന്തിയവരുടെ ഒക്കെ അവസ്ഥ നമ്മള്‍ കണ്ടതാണ്. അത്ര ഉന്നതസ്ഥാനത്ത് ഉള്ള സിംഹങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ കേവലം മാന്‍പേടയായ എന്റെ സ്ഥിതി പറയാനുണ്ടോ. മുകളില്‍ വിവരിച്ച മാനദണ്ഡം കൊണ്ട് സെന്‍സര്‍ ചെയ്യുമ്പോള്‍ സാമൂഹിക- രാഷ്ട്രീയ രംഗങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരുവിധം എരിവും പുളിയും ഉള്ള വിഷയങ്ങള്‍ ഒന്നും തന്നെ എനിക്ക് ബ്ലോഗില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല എന്ന് കാണാം.

നൂറ്റാണ്ടിലെ പ്രളയത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും കേരളം പ്രളയസമാനമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചു . കഴിഞ്ഞ തവണ തെക്കന്‍ ജില്ലകളാണ് ദുരിതം പേറിയതെങ്കില്‍ ഇത്തവണ മലബാറായി. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും വയനാട് മേപ്പാടി പുത്തുമലയും ദുരന്ത ഭൂമികളായി മാറി. ഉറ്റവരുടെ ജീവന്റെ തുടിപ്പുകള്‍ തേടിയുള്ള തിരച്ചില്‍ ഇനിയും അവര്‍ അവസാനിപ്പിച്ചിട്ടില്ല. മരണത്തിന്റെ കണക്കുകള്‍ ഓരോദിവസവും കൂടികൊണ്ടിരിക്കുന്നു. നാല്‍പതിലധികം പേര്‍ ഈ കുറിപ്പ് എഴുതുമ്പോഴും മണ്ണിനടിയിലാണ് എന്നത് ദുരന്തത്തിന്റെ ഭീകരതയുടെ നേര്‍സാക്ഷ്യമാണ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും ഒരേ മനസോടെ രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായി ലോകത്തിന് തന്നെ മാതൃകയായി. തന്റെ കടയില്‍ വില്പനയ്ക്ക് വെച്ച മുഴുവന്‍ വസ്ത്രങ്ങളും ദുരിതബാദിതര്‍ക്ക് നല്‍കി നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരന്‍ മാതൃകയായി. അതിനെ പറ്റി ചോദിച്ചപ്പോള്‍ നമ്മള്‍ ഭൂമിയിലേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടുവരുന്നുമില്ല ഭൂമിയില്‍ നിന്നു പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നുമില്ല എന്നാണ് ആ മഹാനുഭാവന്‍ പറഞ്ഞത്. എത്ര ഉദാത്തമായ ചിന്താഗതി.

ഇസ്ലാം മത വിശ്വാസികളെ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതാണ് എന്ന് ഉറച്ച് വിശ്വസിക്കുന്ന കുറച്ച് ആളുകള്‍ ഇന്നും ഇന്ത്യയില്‍ ഉണ്ട് ( മുഖ്യമായും വടക്ക് , കേരളത്തില്‍ പോലും ഇത്തരം വിശ്വാസം ഉള്ളവര്‍ ഉണ്ട്) . ഏതെങ്കിലും ഒരു വിഡ്ഢി ഐ എസില്‍ ചേര്‍ന്നാല്‍ മുസ്ലീങ്ങളെ മൊത്തത്തില്‍ അതിന്റെ പേരില്‍ അടച്ച് അധിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ മഹാമനസ്‌കതയെപ്പറ്റി വാഴ്ത്തി പാടേണ്ടത്. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം മാന്‍ഹോളില്‍ വീണ സഹജീവികളെ രക്ഷിക്കുന്നതിനിടെ രക്തസാക്ഷിയായ മറ്റൊരു നൗഷാദിനെ കൂടി ഓര്‍ക്കുകയാണ്. ഇത്തരം നന്‍മമരങ്ങളാണ് ഈ കലികാലത്ത് ജീവിക്കണം എന്ന ആഗ്രഹം നമ്മളില്‍ ഉണ്ടാക്കുന്നത് എന്ന് പറയാം. അതുപോലെ ഷോപ്പിങ് മാള്‍ സംസ്‌കാരവും ഓണ്‍ലൈന്‍ പര്‍ച്ചേസിങും അവസാനിപ്പിച്ച് ചെറുകിട കച്ചവടക്കാരെ പ്രൊമോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഈ പ്രളയത്തോടെ കൂടുതല്‍ വ്യക്തമാകുന്നു. കാരണം ദുരിതാശ്വാസത്തിന് വേണ്ട സഹായങ്ങള്‍ കൂടുതലും ചെയ്തത് ചെറുകിടവ്യാപാരികളാണ് എന്നത് തന്നെ. ആമസോണും ഫ്‌ളിപ്കാര്‍ട്ടും ദുരിതാശ്വാസത്തിന് എന്തെങ്കിലും നല്‍കിയതായി എവിടെയും വായിച്ചില്ല.
To get my website search www.gforgenius.in

ഹിന്ദുമതത്തിലെ വിവിധ ജാതിവ്യവസ്ഥകളെ പറ്റി അടുത്തിടെ വായിച്ച സുന്ദരമായ ഒരു കഥയാണ് വി ആര്‍ സുധീഷിന്റെ പൂന്തോട്ടത്തില്‍ ഇലഞ്ഞി ( മാതൃഭൂമി ആഴ്ചപ്പതിപ്പ് ) ഒരു പത്ര പരസ്യത്തില്‍ നിന്നുമാണ് കഥാരംഭം . വൃദ്ധനായ പുരുഷനെ പരിചരിക്കാന്‍ നായര്‍ മുതല്‍ മേല്‍പ്പോട്ടുള്ള സമുദായത്തില്‍ നിന്നും നാല്‍പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷനെ ആവശ്യമുണ്ട്. എന്ന പരസ്യം കണ്ട് രാമന്‍ കിടാവ് ( അതോ ആ പേരില്‍ വേഷം മാറി വന്നതോ ? ) മേലേ പൂന്തോട്ടത്തില്‍ വീട്ടില്‍ എണ്‍പത്തഞ്ച് പിന്നിട്ട കാരണവരായ കൈമളെ പരിചരിക്കാന്‍ വേണ്ടി എത്തുന്നു. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വല്ലതും കയ്യിലുണ്ടോ എന്ന ചോദ്യം ജോലിക്കുള്ള അഭിമുഖ പരീക്ഷക്ക് ചോദിക്കപ്പെട്ടു. ഒടുവില്‍ രാമന്‍ കിടാവ് ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം കാരണവരുടെ വക ചോദ്യം. — രാമാ ഈ കിടാവ് കൈമളിന് മേലെയോ താഴെയോ. ജോലിക്കാരന്റെ ജാതി തന്റെ ജാതിയേക്കാള്‍ കുറഞ്ഞതാണ് എന്ന് ഉറപ്പിച്ചിട്ടേ കാരണവര്‍ക്ക് സമാധാനം ആകുന്നുള്ളൂ. കുറെ ദിവസങ്ങള്‍ക്ക് ശേഷം കാരണവര്‍ തന്റെ ചെറുപ്പകാലത്തെ ഒരു പ്രണയത്തെ പറ്റി രാമനോട് വെളിപ്പെടുത്തുന്നു മരിക്കണേന് മുമ്പ് പരിമളം എന്ന് പേരുള്ള അവരെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് രാമന്‍ ഇപ്പോള്‍ വൃദ്ധയായ അവരെ പോയി കാണുന്നു. കാലം ചുളിവുകള്‍ വീഴ്ത്തിയ പരിമളത്തിന് നിസംഗഭാവം. അതിന് ശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞ് താന്‍ ഒരു സമ്മാനം പരിമളത്തിനായി രാമന്‍ വശം കൊടുത്തയക്കാം എന്ന് കാരണവര്‍ പറയുന്നു. എന്നാല്‍ സമ്മാനം എന്താണ് എന്ന് പോലും പറയാതെ കാരണവര്‍ അടുത്ത പ്രഭാതത്തില്‍ നിത്യനിദ്രയിലേക്ക് പോകുന്നു.

മരണവിവരം അറിയിക്കാന്‍ രാമന്‍ കിടാവ് പരിമളത്തെ തേടിപോകുമ്പോള്‍ എന്തോ സമ്മാനം തരാന്‍ കാരണവര്‍ തീരുമാനിച്ചിരുന്നതിനെ പറ്റി പറയുന്നു, എന്നാല്‍ തരേണ്ട കാലത്ത് ആശിച്ചത് തന്നില്ല. കഴുത്തില്‍ ഒരു താലിയാണ് താന്‍ ആശിച്ചത്. ഈര്‍ഷ്യയോടെ അവര്‍ ഒച്ച കനപ്പിച്ചു. കഴുത്തിലിടാനെല്ലേ തടസ്സമുള്ളൂ .അരഞ്ഞാണൊക്കെ കെട്ടാന്‍ ഒരയിത്തോല്ല, ആരും കാണില്ലല്ലോ, ഇപ്പം തമ്പ്രാന്റെ പ്രമാണിത്തം ചിതയില്‍ നന്നായി കത്തിപ്പിടിക്കുന്നുണ്ടോ, പറ്റുമെങ്കില്‍ ആ അരഞ്ഞാണം തന്ന് വിടാം അതുകൂടി ചിതയില്‍ ഇട്ട് കത്തിക്കൂ എന്ന് പരിമളം രോഷം കൊണ്ടു. ചെറുപ്പകാലത്ത് ജാതിയില്‍ ഉയര്‍ന്നവനായ കൈമള്‍ പത്ത് പവന്റെ പൊന്നരിഞ്ഞാണം താണജാതിക്കാരിയായ പരിമളത്തിന് കെട്ടിക്കൊടുത്തു എന്നതില്‍ നിന്നും അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ മാംസനിബദ്ധമായ ഇഴപ്പൊരുത്തം വിലയിരുത്താന്‍ സാധിക്കും. മേല്‍ജാതി എന്നതില്‍ സ്വയം അഭിമാനം കൊള്ളുന്ന കൈമള്‍ പരിമളത്തെ തള്ളിപ്പറഞ്ഞു. പരിമളം വേറെ വിവാഹം കഴിച്ചുവെങ്കിലും കൈമളുമായുള്ള ബന്ധം അറിയാനിടയായ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയതായി കഥയില്‍ പരാമര്‍ശം ഉണ്ട്.

ഈ തലമുറയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പോലും ജാതിവാല്‍ ചേര്‍ത്ത് പേരിടുന്നതില്‍ അഭിമാനം കൊള്ളുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. അങ്ങിനെ നോക്കിയാല്‍ കാലികപ്രസക്തമായ ഒരു കഥയാണ് ഇത്. ഈ കഥയ്ക്ക് പൂന്തോട്ടത്തില്‍ ഇലഞ്ഞി എന്ന് പേരിട്ടതിന്റെ സാംഗത്യം എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. നല്ല കാണാന്‍ ഭംഗിയുള്ള പൂക്കള്‍ ഉണ്ടാകുമെങ്കിലും ഇലഞ്ഞി പൂന്തോട്ടത്തില്‍ നടാറില്ല . കഥയില്‍ പരിമളത്തിന്റെ കഥാപാത്രത്തിനെയാണ് ഇപ്രകാരം ഇലഞ്ഞിയോട് ഉപമിച്ചിരിക്കുന്നത്. ടൈറ്റില്‍ അങ്ങനെ വന്നതാകാനേ തരമുള്ളൂ. –പൂന്തോട്ടത്തില്‍ ഇലഞ്ഞി. കഥാകൃത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. മദനന്റെ വരകള്‍ കഥയുടെ മാറ്റു കൂട്ടുന്നു.

ഇത്തവണ ബ്ലോഗില്‍ എന്റെ കഥാസമാഹാരത്തില്‍ നിന്നും എടുത്ത സാത്താന്റെ പ്രലോഭനം എന്ന കാലികപ്രസക്തമായ ചെറുകഥ കുറച്ച് ഭേദപ്പെടുത്തലോടു കൂടി അവതരിപ്പിക്കുന്നു. പ്രിയ വായനക്കാരേ, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ നിക്ഷേപിക്കുക.

സാത്താന്റെ പ്രലോഭനത്തില്‍ അകപ്പെട്ട് പശ്ചിമഘട്ടത്തിലെ കുന്നുകളെ നഗ്നമാക്കിയ അസംഖ്യം കോരന്‍മാരുടെ സൃഷ്ടിയാണ് ഈ മാസം മണ്‍സൂണ്‍ മഴയോട് അനുബന്ധിച്ച് സംഭവിച്ച പ്രളയവും ഉരുള്‍ പൊട്ടലും അനുബന്ധ ദുരന്തങ്ങളും. പരോക്ഷമായി നമുക്ക് ഓരോരുത്തര്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് പകരം പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനാണ് നാം ശീലിച്ചത്.നമുക്ക് വീട് വെക്കാന്‍ ചെങ്കല്ലും മെറ്റലും പാറയും എല്ലാം ക്വാറികളില്‍ നിന്ന് ലഭിച്ചു. മുറ്റത്ത് വീഴുന്ന വെള്ളം പോലും ഭൂമിക്കടിയിലേക്ക് താഴാന്‍ അനുവദിക്കാതെ നാം മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി സുന്ദരമാക്കി. വയല്‍ നികത്തി നാം വീട് വെച്ചു. നാട്ടില്‍ വികസനം വന്നപ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങളും പാലങ്ങളും മറ്റ് വലിയ നിര്‍മ്മിതികളും ആവശ്യമായി വന്നു. ഇതിനെല്ലാം വേണ്ട പാറ നല്‍കിയത് അനധികൃതമായും അധികൃതമായും പ്രവര്‍ത്തിച്ച പാറമടകളാണ്. ഒടുവില്‍ നല്ല വീടും നാട്ടില്‍ ആധുനികസൗകര്യങ്ങളും ഒക്കെ ആയപ്പോള്‍ നമ്മള്‍ കറതീര്‍ന്ന പരിസ്ഥിതിവാദികളായി മാറി. ഇപ്പോള്‍ നമ്മള്‍ പാറമടകളെ വിമര്‍ശിച്ചും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പുകഴ്ത്തിയും ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു. എന്തൊരു വിരോധാഭാസം അല്ലേ.
To get my website search www.gforgenius.in

ഇപ്പോള്‍ അണുകുടുംബങ്ങള്‍ ആണല്ലോ. മൂന്നോ നാലോ പേര്‍ക്ക് താമസിക്കാന്‍ ആയിരം സ്‌ക്വയര്‍മീറ്ററിന് മുകളിലുള്ള വീട് പണിയാന്‍ അനുവദിക്കരുത്. അഥവാ അതിലും വലിയ വീട് കൂടിയേ തീരൂ എന്നുള്ളവരില്‍ നിന്നും കൂടിയ നികുതി ( സൂപ്പര്‍ ടാക്‌സ്) പിരിക്കണം. അങ്ങനെ ലഭിക്കുന്ന പണം വക മാറ്റാതെ പരിസ്ഥിതിയെ പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടി ഉപയോഗിക്കണം. അതുപോലെ പാറമണല്‍ എന്ന് അറിയപ്പെടുന്ന എംസാന്റിന് വേണ്ടിയാണ് ഇന്നത്തെ കാലത്ത് പാറമടകള്‍ മുഖ്യമായും പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. ഇതിന് ശാശ്വത പരിഹാരം ബുദ്ധിപൂര്‍വ്വം ആലോചിച്ചാല്‍ ലഭിക്കും. അതായത് നമ്മുടെ മിക്ക പുഴകളും ഡാമുകളും മണല്‍ വാരാതെ നിറഞ്ഞ് ആഴം കുറഞ്ഞിരിക്കുന്നു. ഡാമിന്റെ വെള്ളം ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി കുറഞ്ഞിരിക്കുന്നു. ഈ കാരണം കൊണ്ടാണ് കാര്യമായ മഴ പെയ്യാതെ ഇരുന്നിട്ടും നദി കര കവിഞ്ഞ് ഒഴുകി ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തി പ്രളയമായി നാശം വിതച്ചത്. നിയന്ത്രിതമായ അളവില്‍ ഡാമുകളില്‍ നിന്നും തിരഞ്ഞടുത്ത നദികളില്‍ നിന്നും മണല്‍ വാരാന്‍ അനുവദിക്കുന്നത് പരിസ്ഥിതിക്ക് നല്ലതാണ് എന്നാണ് എന്റെ പക്ഷം.

മേല്‍പറഞ്ഞ കഥയിലെ കോരനെപ്പോലെ അസംഖ്യം കോരന്‍മാര്‍ സാത്താന്റെ പ്രലോഭനത്തില്‍ പെട്ട് നരകത്തിലെ രാജാവാകുവാന്‍ വേ ണ്ടി ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെട്ടിരുന്ന ഈ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. (കഥ വായിക്കുക) ഇനിയുള്ള കാലത്ത് ചെറിയ ക്ലാസുകളില്‍ തന്നെ പരിസ്ഥിതി സംരക്ഷണം മുഖ്യ വിഷയമാക്കി മാറ്റണം. ഷെര്‍ഷായുടെ ഭരണപരിഷ്‌കാരങ്ങളും രണ്ടാം ലോകമഹായുദ്ധവും ന്യൂട്ടന്റെ ചലനനിയമവും ഒക്കെ പഠിപ്പിച്ചില്ലെങ്കിലും ഈ ലോകത്തിന് ഒരു ചുക്കും വരാനില്ല.

ഈ മാസത്തെ ലാലേട്ടന്റെ ബ്ലോഗ് പുറത്തിറങ്ങിയത് അറിഞ്ഞത് അതിനെ അവഹേളിച്ച് കൊണ്ട് പടച്ചുണ്ടാക്കിയ ചില ട്രോളുകള്‍ വായിച്ചിട്ടാണ്. അതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന ആകാംഷയിലാണ് കൂപ്പുകൈകളോടെ എന്ന തലക്കെട്ടില്‍ ലാലേട്ടന്‍ എഴുതിയ ബ്ലോഗ് വായിച്ചത്. ബ്ലോഗ് വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമായി. ഞാന്‍ മുമ്പും പല തവണ ജി ഫോര്‍ ജീനിയസില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യമാണ്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെയാണ് കൊതുകിന് പഥ്യം എന്ന പഴഞ്ചൊല്ല് പോലെയാണ് ഇത്തവണ ലാലേട്ടന്റെ ബ്ലോഗിന് നേരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഒരു മുഖ്യധാരാ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ലാലേട്ടന്‍ തുടര്‍ച്ചയായി സൈബര്‍ ആക്രമണത്തിന് വിധേയനാകുന്നു. ഞാന്‍ ഇത് പറയുന്നത് കൊണ്ട് എന്റെ രാഷ്ട്രീയം ഊഹിച്ചെടുത്ത് എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷ. ഞാന്‍ പറഞ്ഞുവന്നത് അഭിപ്രായ സ്വാതന്ത്യങ്ങള്‍ എല്ലാവര്‍ ക്കും ഉണ്ട്. ചായക്കടക്കാരന്‍ ഗോപാലേട്ടന് ഒരു വിഷയത്തില്‍ അഭിപ്രായം പറയാമെന്നതുപോലെ സെലിബ്രിറ്റിയായ ലാലേട്ടനും പറയാം. ലാലേട്ടന്‍ പറഞ്ഞു എന്നതുകൊ ണ്ടു മാത്രം അത് വിമര്‍ശിക്കപ്പെടുന്ന സാഹചര്യം അനഭിലഷണീയമാണ്.

എല്ലാ മാസവും മികച്ച കഥകളും ലേഖനങ്ങളുമായി ജി ഫോര്‍ ജീനിയസ് നിങ്ങളെ തേടി എത്തുന്നു. മാന്യവായനക്കാരുടെ സ്‌നേഹപരിലാളനങ്ങള്‍ എനിക്ക് വേണം.

ജി ഫോര്‍ ജീനിയസിന്റെ പ്രിയ വായനക്കാര്‍ക്ക് ഐശ്വര്യപൂര്‍ണ്ണവും സമ്പല്‍സമൃദ്ധവുമായ ഓണാശംസകള്‍ നേരുന്നു. അടുത്ത മാസം പുതുമയേറിയ വിഷയങ്ങളും കഥകളുമായി ഞാന്‍ വീണ്ടും വരുന്നതാണ്. ഇപ്പോള്‍ താല്‍ക്കാലികമായി വിട ചൊല്ലുന്നു
To get my website search www.gforgenius.in Thank You.
സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts