ജി ഫോര്‍ ജീനിയസിന്റെ വായനക്കാര്‍ക്ക് ഹൃദയംഗമമായ അഡ്വാന്‍സ് ക്രിസ്മസ് നവവല്‍സരആശംസകള്‍ നേരുന്നു. ,ഈ മാസം എനിക്ക് വളരെ സന്തോഷമുള്ള ഒന്നാണ്. കാത്തിരുന്ന സ്ഥലംമാറ്റം ഹോംസ്റ്റേഷനായ പുനലൂരിലേക്ക് തന്നെ ലഭിച്ചു. തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഐജി ഓഫീസിലെ നാലുവര്‍ഷവും ഞാന്‍ നന്നായി ആസ്വദിച്ച് തന്നെയാണ് ജോലി ചെയ്തത്.. എങ്കിലും മാതാപിതാക്കളോടുള്ള കടമ ഈ സ്ഥലംമാറ്റം ചോദിച്ച് വാങ്ങിക്കുന്നതിന് കാരണമായി. എസ്റ്റാബ്ലിഷ്‌മെന്റ് സൂപ്രണ്ട് സലീം സാര്‍, സെക്ഷന്‍ ക്ലാര്‍ക്കുമാരായ അജയഘോഷ്, സന്തോഷ് എന്നിവരോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുകയാണ്. ഞാന്‍ ജോലി ചെയ്ത കാലയളവില്‍ എനിക്ക് ബഹുമാനപ്പെട്ട ജോയിന്റ് ഐജി പി കെ സാജന്‍ കുമാര്‍ സാര്‍ നല്‍കിയ പിന്തുണയ്ക്കും ഈ അവസരത്തില്‍ അദ്ദേഹത്തിന് നന്ദി പറയുന്നു.
ആര്‍ട്ടിസ്റ്റ് എ കെ ഗോപീദാസും മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്ബും യോഗാമാസ്റ്ററും ഐ എസ് ആര്‍ ഒ സയന്റിസ്റ്റുമായ ശിവാനന്ദന്‍ സാറും പ്രശസ്ത വിജയപരിശീലകനായ ഡോ മാര്‍ട്ടിന്‍ പയ്യപ്പിള്ളിയും അടക്കമുള്ള ഒരുപാട് വിലപ്പെട്ട സൗഹൃദങ്ങള്‍ നാലുവര്‍ഷത്തെ തിരുവനന്തപുരം വാസം കൊണ്ട് ഉണ്ടായി. സിനിമ എന്റെ ആത്യന്തിക ലക്ഷ്യമായതിനാല്‍ സിനിമാരംഗത്തുനിന്നും കുറെ അധികം സുഹൃത്തുക്കളെയും തിരുവനന്തപുരം സമ്മാനിച്ചു. പോസിറ്റീവ് കമ്യൂണ്‍, ശിവാനന്ദ കേന്ദ്ര, നര്‍മ്മകൈരളി, ആര്‍ട്ട് ഓഫ് ലിവിങ്, അക്കാദമി ഓഫ് സക്‌സസ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ബഹുമാനപ്പെട്ട രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അവര്‍കള്‍ എന്റെ കഥാസമാഹാരം പ്രകാശനം ചെയ്തതും മറക്കാനാകാത്ത ഒരേടാണ്. പ്രസ്തുത ചടങ്ങ് സംഘടിപ്പിക്കുന്നതിനായി എന്റെ ഓഫീസിലെ എല്ലാ സഹപ്രവര്‍ത്തകരും ( പ്രത്യേകിച്ച് ജോയിന്റ് ഐജി പി കെ സാജന്‍ കുമാര്‍ സാര്‍ ) ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. അനുഗൃഹീത ഗായകന്‍ കൂടിയായ സാജന്‍ സാര്‍ തന്റെ ഗാനാലാപനം കൊണ്ട് ആ ചടങ്ങിനെ ധന്യമാക്കി. പ്രസ്തുതപരിപാടിക്ക് അനൗണ്‍സറെ കൊണ്ടുവന്നതും സാജന്‍ സാറാണ്. എനിക്ക് വലിയ കടപ്പാടാണ് ഈ കാര്യത്തിലൊക്കെ അദ്ദേഹത്തോട് ഉള്ളത്.
എന്റെ ഒഫീഷ്യല്‍ ബ്ലോഗ് വെബ് സൈറ്റായ ജി ഫോര്‍ ജീനിയസിന്റെ ലോഗോ ലോഞ്ച് പ്രമുഖ സിനിമ ടെലിവിഷന്‍ താരമായ സാജന്‍ സൂര്യ ഹൈലാന്റ് ഹോട്ടലില്‍ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. ഈ രീതിയില്‍ നോക്കിയാല്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഈ നഗരവുമായി ആത്മാവില്‍ തൊട്ട ഒരു ബന്ധം സ്ഥാപിച്ചതായി കാണാം.
ഒരേ സമയം ഒരു നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയും നഗരത്തിന്റെ സൗകുമാര്യവും ഒത്തിണങ്ങിയ നഗരമാണ് തിരുവനന്തപുരം. പകലന്തിയോളം ജോലി ചെയ്തിട്ട് വൈകിട്ട് ചേക്കേറി വിശ്രമിക്കാന്‍ ഇവിടെ ഒരുപാട് സ്ഥലങ്ങളുണ്ട്. മ്യൂസിയവും കനകക്കുന്നും പൂജപ്പുര നവരാത്രി മണ്ഡപവും ഒക്കെ. പൂജപ്പുര നവരാത്രി മണ്ഡപത്തില്‍ വെച്ച് ഗോപിയേട്ടനുമായുള്ള ( ആര്‍ട്ടിസ്റ്റ് ഗോപീദാസ് ) സല്ലാപം മറക്കുവാനെളുതല്ല. ഈ എളിയവനായ എനിക്ക് അതൊന്നും മറക്കാന്‍ കഴിയില്ല. ഞാന്‍ ഈ ജീവിതത്തില്‍ വില മതിക്കുന്നത് അത്തരം കാര്യങ്ങളെയാണ്. നമ്മള്‍ ഈ ഭൂമിയില്‍ നിന്നും മാഞ്ഞ് പോയാലും നമ്മുടേതായി എന്തെങ്കിലും അടയാളങ്ങള്‍ ഈ ഭൂമിയില്‍ ബാക്കി വെക്കണം. അത് കഥയാകാം നോവലാകാം സിനിമയാകാം ഒരു സുഹൃത്തിന്റെ വിഷമഘട്ടത്തില്‍ അവനെ / അവളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് പറയുന്ന സാന്ത്വനവാക്കുകളാകാം.
പ്രിയ വായനക്കാരേ, ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ക്രിസ്മസ് നവവല്‍സര ആശംസകള്‍ നേരുന്നു. അടുത്ത മാസം പുതുമയേറിയ വിഷയങ്ങളും കഥകളുമായി ഞാന്‍ വരുന്നതാണ്. ഇപ്പോള്‍ താല്‍ക്കാലികമായി വിട ചൊല്ലുന്നു
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

