53 ) മലയാള സിനിമയുടെ തറവാട്ട് മുറ്റത്ത് FEBRUARY 2020

  വരിക്കാശ്ശേരി മന . മലയാള സിനിമയിലെ പൗരുഷങ്ങൾ പച്ചയും കത്തിയും ആടിത്തിമിർത്ത തറവാട്. എന്റെ സുഹൃത്തും സംവിധായകനുമായ ശ്രീലേഷ് അത്തോളിയുടെ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട് വരിക്കാശ്ശേരി മന സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. മംഗലശേരി നീലകണ്ഠൻ , കണിമംഗലം ജഗന്നാഥൻ , പൂമുള്ളി ഇന്ദുചൂഡൻ , അറയ്ക്കൽ മാധവനുണ്ണി എന്നിങ്ങനെ ലാലേട്ടനും മമ്മൂക്കയും കെട്ടിയാടിയ ആണത്തത്തിന്റെ ആഘോഷങ്ങൾക്ക് വേദിയായ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷൻ. ഇത്തരം സിനിമകൾക്ക് കാലഘട്ടത്തിന് യോജിച്ച രീതിയിൽ ഒരു തുടർച്ച ഉണ്ടാവേണ്ടതുണ്ടെന്ന് എന്റെ മനസ് പറയുന്നു , സീക്വൽ ഫിലിം അല്ല ഉദ്ദേശിച്ചത്.

മംഗലശേരി എന്ന പേരു പോലും ഈ മനയുടെ പേരിൽ നിന്നാണ് വന്നതെന്ന് ഒരു അഭിമുഖത്തിൽ രഞ്ജിത്തേട്ടൻ പറഞ്ഞത് ഓർക്കുന്നു. നരസിംഹം, ദേവാസുരം, രാവണപ്രഭു, ആറാം തമ്പുരാൻ, വല്യേട്ടൻ, ധ്രുവം ഇങ്ങനെ എത്രയെത്ര സിനിമകൾ, സവർണ ഫാസിസ്റ്റ് സിനിമ എന്നും കെട്ടുകാഴ്ച എന്നുമൊക്കെ സമാന്തര സിനിമാക്കാർ രഹസ്യമായും പരസ്യമായും കളിയാക്കുമ്പോഴും , തിയറ്ററുകളെ പൂരപ്പറമ്പാക്കണമെങ്കിൽ, ഒരു Block buster ജനിക്കണമെങ്കിൽ ഇത്തരം സിനിമകൾ തന്നെ വേണം.

സിനിമ ഡിജിറ്റലായതോടെ ഇപ്പോൾ ഫിലിം ആവശ്യമില്ല. അതു കൊണ്ട് ഗുണവും ദോഷവും ഉണ്ടായി. നിർമ്മാണ ചിലവ് ഗണ്യമായി കുറഞ്ഞതാണ് പ്രധാന നേട്ടം. സിനിമകളുടെ ഗുണനിലവാരം കുത്തനെ പടവലങ്ങ പോലെ കീഴ്പോട്ട് പോയി എന്നത് ദോഷം. ഫിലിമിന്റെ കാലത്ത് ഷൂട്ട് ചെയ്ത അമരത്തിനും തേൻമാവിൻ കൊമ്പത്തിനും കിലുക്കത്തിനും ഉള്ള പെർഫക്ഷൻ ഇന്നത്തെ ഭൂരിപക്ഷം സിനിമകൾക്കും ഇല്ല. മറ്റൊരു ദോഷം ന്യൂ ജൻ സിനിമകൾ എന്ന ലേബൽ ഒട്ടിച്ചു വരുന്ന ഒരു ഗുണനിലവാരവും ഇല്ലാത്ത ചിത്രങ്ങളാണ്. ഇതു കാരണം നല്ല ഒരു വിഭാഗം പ്രേക്ഷകർ തിയറ്ററുകളോട് വിട പറഞ്ഞ് കഴിഞ്ഞു. ദിലീഷ് പോത്തനെയും ശ്യാം പുഷ്കരനെ പോലെയും ഉള്ള പ്രതിഭകളുടെ സിനിമകൾ മാത്രമാണ് ന്യൂ ജൻ ലേബലിൽ വന്ന് തിയറ്ററിൽ ആളെ കയറ്റിയത്.

എന്റെ അച്ഛൻ നമശിവായം കഴിഞ്ഞ നാല്പത് വർഷമായി പുനലൂർ രാംരാജ് തിയറ്ററിൽ ജോലി ചെയ്യുന്നു. അതു കൊണ്ട് സിനിമകളുടെ കളക്ഷൻ സംബന്ധിച്ച യഥാർത്ഥ കണക്ക് എനിക്കറിയാം. റിലീസ് ചെയ്തിട്ട് ഒരു ഷോ പോലും നടക്കാത്ത സിനിമകയും ഉണ്ട്. എന്റെ സുഹൃത്തുക്കളായ ചില പുതുമുഖ സംവിധായകർ തങ്ങളുടെ പടം റിലീസാകുമ്പം കണ്ടിട്ട് അഭിപ്രായം അറിയിക്കണമെന്ന് പറയും. നമ്മൾ പടം കാണാൻ പോകുമ്പോൾ പത്തു പേർ തികയാത്തതിനാൽ ഷോ നടക്കാത്ത സാഹചര്യം. ഇത് വല്ലാത്ത ദുര്യോഗമാണ്.

പഴയ old generation സിനിമകളുടെ പ്രേക്ഷകർ എങ്ങോട്ട് പോയി എന്ന് പരിശോധിക്കാം. അവർ എങ്ങോട്ടും പോയിട്ടില്ല. അവർ ടെലിവിഷന് മുന്നിലിരുന്ന് ദേവാസുരവും നരസിംഹവും ധ്രുവവും അമരവും ഒക്കെ ആസ്വദിച്ച് നിർവൃതി അടയുകയാണ്. ഇടയ്ക്കിടെ അവരുടെ അഭിരുചിക്ക് ഇണങ്ങിയ പുലി മുരുകനും ലൂസിഫറും മധുര രാജയും ഒക്കെ ഇറങ്ങുമ്പോൾ അവർ കുടുംബസമേതം ഉത്സവം കാണാൻ പോകും പോലെ തിയറ്ററിലേക്ക് പോകുന്നു . അങ്ങനെയാണ് ഈ സിനിമകൾ 100 കോടി ക്ലബ്ബിൽ കയറിയത്. ഞാൻ പറഞ്ഞു വന്നത് dramatic ആയ സിനിമകൾ കാണാൻ ഭൂരിഭാഗം പ്രേക്ഷകരും ഇഷ്ടപ്പെടുന്നു. റിയൽ ലൈഫ് അതു പോലെ കാണാനായി ടിക്കറ്റെടുത്ത് തിയറ്റർ വരെ പോകേണ്ട കാര്യമുണ്ടോ ? ഞാൻ പറഞ്ഞത് വന്നത് industry വളരാൻ നമുക്ക് രണ്ട് തരം സിനിമകളും വേണം.

ഭാവിയിൽ സിനിമ പ്രൊഫഷനാക്കി മാറ്റണം എന്ന ലക്ഷ്യത്തോടെ പരിശ്രമിക്കുന്ന ഒരാൾ എന്ന നിലയിൽ വരിക്കാശേരി മനയിലേക്കുള്ള യാത്ര ഒരു തീർത്ഥയാത്രയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.  എന്റെ സ്വപ്ന സിനിമയുടെ പ്രധാന ലൊക്കേഷനും വരിക്കാശേരി മനയാണ്. ഇത്തവണ മനയിൽ പോയപ്പോൾ എനിക്ക് അവിടത്തെ പ്രസിദ്ധമായ കുളം കാണാൻ കഴിഞ്ഞില്ല. ഷൂട്ടിങ് ഉള്ളപ്പോൾ മാത്രമേ അത് തുറന്ന് കൊടുക്കൂ. ഭാവിയിൽ എന്റെ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ആ കുളം കണ്ടാൽ മതി എന്ന് ഞാനും മനസിൽ ഉറപ്പിച്ചു. എത്രയും പെട്ടെന്ന് അത് യാഥാർത്ഥ്യമാക്കിത്തീർക്കാൻ സർവ്വശക്തനായ ഈശ്വരൻ എന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് താൽക്കാലികമായി വിട വാങ്ങുന്നു

                                                                സ്നേഹപൂർവ്വം ഗിരീഷ് നമശിവായം.

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts