21) ഭാര്യയോടുള്ള നന്ദി

 

2010 മെയ് 16 നാണ് തിരുവനന്തപുരം കരമന ദുര്‍ഗാനഗറില്‍ രംഗസ്വാമിയുടെയും ശാന്തിയുടെയും മകള്‍ രേവതി എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. പത്തില്‍ എട്ട് പൊരുത്തം അതി വിശേഷം എന്ന് ജ്യോതിഷികള്‍. നിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ നൈറ്റ് ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യേണ്ട സാഹചര്യം ഉള്ള ആര്‍ എം എസിലെ സോര്‍ട്ടിങ് അസിസ്റ്റന്റ് ആയിട്ടുള്ള എനിക്ക് ഇഷ്ടമില്ലാത്ത ജോലി മാറി പകല്‍ മാത്രം ജോലി ചെയ്യാന്‍ സാധിക്കുന്ന സ്റ്റേറ്റ് ഗവണ്‍മെന്റിലെ ജോലിയിലേക്ക് മാറാന്‍ സാധിച്ചു. അത് അവളുടെ ഭാഗ്യം കൊണ്ട് കൂടി ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

അവള്‍ അനാവശ്യമായി എന്റെ ഒരു കാര്യത്തിലും ഇടപെടുന്നില്ല . അതിനാണ് നന്ദി പറയുന്നു. ഞാന്‍ ഡയറി എഴുതുന്നു, കഥകള്‍ എഴുതുന്നു , കഴിഞ്ഞ വര്‍ഷം കഥാസമാഹാരവും ഇറക്കി. രേവതി അതിലെ കഥകള്‍ വായിച്ചോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്ന് ഞാന്‍ മറുപടി പറയും. ഇന്നേവരെ ആ കഥകളെ പറ്റി ക്രിയാത്മകമായ ഒരു ചര്‍ച്ചയും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല.

കണ്ടമാനം പണം ചിലവാക്കി ഞാന്‍ മൈന്റ് പവര്‍ ട്രെയിനിങ് ക്ലാസുകളില്‍ പങ്കെടുക്കുന്നതിനെയും ആദ്യകാലത്ത് അവള്‍ ചോദ്യം ചെയ്തിരുന്നില്ല. പിന്നീട് പണത്തിന്റെ ദൗര്‍ലഭ്യം ഞങ്ങളെ കെട്ടിവരിയുന്ന ഒരു അവസ്ഥ വന്നപ്പോഴാണ് അവള്‍ ചെറുതായിട്ടെങ്കിലും അതിനെതിരേ ശബ്ദം ഉയര്‍ത്തിയത്

അവളെ കിട്ടിയത് എന്റെ ഭാഗ്യമാണ്. അവളുടെ സ്ഥാനത്ത് വേറെ ഏതെങ്കിലും ജീനിയസ് ഭാര്യയായി വന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷ് ഉടലെടുത്ത് ബന്ധം തകരുമായിരുന്നു. എന്നാല്‍ അവള്‍ വെറും മന്ദബുദ്ധിയാണ് എന്നല്ല ഞാന്‍ പറഞ്ഞ് വന്നത്. എന്റെയും ഗൗരിമോളുടെയും കാര്യങ്ങള്‍ ശരിയായി പരിപാലിക്കുന്നതില്‍ അവള്‍ ബദ്ധശ്രദ്ധയാണ്. പ്രത്യേകിച്ചും എന്റെ ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. രാത്രി പതിനൊന്ന് മണിക്ക് ശേഷം വായിക്കാനോ എഴുതാനോ എന്നെ അനുവദിക്കാറില്ല. അതുകൊണ്ട് അവള്‍ സെറ്റ് ചെയ്ത് തന്ന സമയ ഘടികാരം ഞാന്‍ അതുപോലെ പാലിക്കുന്നു.രാവിലെ ഉന്‍മേഷത്തോടെ ഇരുന്ന് എഴുതാന്‍ എന്നെ സഹായിക്കുന്നത് അവളുടെ ഈ കരുതലാണ്. അവള്‍ ഇല്ലയെങ്കില്‍ ഞാന്‍ ഒരു കെട്ടുപൊട്ടിയ പട്ടം പോലെയാണ്.

അതുപോലെ നന്ദി പറയേണ്ട രണ്ട് പേരാണ് ഭാര്യയുടെ മാതാപിതാക്കള്‍. അവര്‍ക്ക് ആണ്‍മക്കള്‍ ഇല്ല. എന്നെ സ്വന്തം മകനെ പോലെയാണ് നോക്കുന്നത്. പ്രത്യേകിച്ചും അമ്മായി അച്ഛനായ രംഗസ്വാമിക്ക് എന്നെ ജീവനാണ്. അവരുടെ ഈ സമീപനം കാരണമാണ് ഭാര്യാവീട്ടില്‍ താമസമാക്കി നാല് വര്‍ഷമായിട്ടും എനിക്ക് യാതൊരു ദുരഭിമാനവും തോന്നാത്തത്

അടുത്ത നന്ദി മകള്‍ക്കാണ്. ഒരു കിലുക്കാംപെട്ടി പോലെ ഞങ്ങളുടെ ജീവിതത്തില്‍ സൗരഭ്യം പുലര്‍ത്തുന്നതിന്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ എന്റെ കഥാസമാഹാരം എന്റെ മകള്‍ക്കാണ് ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബുക്കിന്റെ പേരും മകള്‍ക്ക് എന്നാണ്. എന്റെ മകള്‍ വലുതായി ഈ ബുക്ക് വായിക്കും എന്നും അങ്ങനെ ഞാന്‍ പിന്തുടരുന്ന മൂല്യങ്ങളുടെ നേര്‍ അവകാശിയായി അവള്‍ മാറുമെന്നും ഉള്ള ഉത്തമ വിശ്വാസം എനിക്കുണ്ട്. 

സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts