22) മാതാപിതാക്കള്‍ക്ക് നന്ദി

( എന്റെ ബ്ലോഗ് വെബ്‌സൈറ്റിന്റെ ലോഞ്ചിങിന് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒരേട്. 

അതിരുകളില്ലാത്ത വായനയിലേക്ക് എന്നെ കൈപിടിച്ച് നടത്തിയതിനാണ് ഞാന്‍ മാതാപിതാക്കള്‍ക്ക് നന്ദി പറയുന്നത്. എന്റെ കുട്ടിക്കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത അത്ര ദാരിദ്യത്തില്‍ കഴിയുന്ന സമയത്ത് പോലും ബാലരമയും പൂമ്പാറ്റയും ബാലമംഗളവും ബാലഭൂമിയും കുട്ടികളുടെ ദീപികയുമൊക്കെ എല്ലാ ആഴ്ചയും മുടങ്ങാതെ കയ്യില്‍ എത്തുമായിരുന്നു. ബാലഭൂമിയില്‍ എം ടിയുടെ കുട്ടികള്‍ക്കുള്ള നോവല്‍ മാണിക്യക്കല്ല് വായിച്ചത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

ഏഴിലും എട്ടിലും പഠിക്കുമ്പോള്‍ വായന സ്‌കൂള്‍ ലൈബ്രറിയും കടന്ന് പുനലൂര്‍ ബാലന്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്ക് വ്യാപിച്ചിരുന്നു. കൂടാതെ പൈങ്കിളിവാരികകള്‍ എന്ന് അക്കാലത്ത് ആക്ഷേപിക്കപ്പെട്ടിരുന്ന മലയാളമനോരമയും മംഗളവും വായിക്കാനും എന്നെ അനുവദിച്ചിരുന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു മലയാളമനോരമയില്‍ ജോസി വാഗമറ്റം എഴുതിയ നാല് നോവലുകള്‍ പാളയം, ലയം, ലോറിത്തെരുവ്, വലയം എന്നിവ ഞാന്‍ ആര്‍ത്തിയോടെ വായിക്കുമായിരുന്നു. ഈ നാല് നോവലുകളും ഒരേ കഥയുടെ തുടര്‍ച്ച ആണ്. ലോറിത്തെരുവില്‍ നോബിള്‍ എന്ന നായക കഥാപാത്രം ഇപ്പോഴും മനസിലുണ്ട്. ഇതില്‍ ആദ്യത്തെ രണ്ട് നോവലുകള്‍ പാളയം എന്ന പേരില്‍ ടി എസ് സുരേഷ്ബാബു മനോജ് കെ ജയനെ നായകനാക്കി സിനിമയാക്കി തരക്കേടില്ലാത്ത വിജയം നേടുകയുണ്ടായി. അന്നത്തെ കാലത്ത് ഇന്ന് സീരിയലുകള്‍ക്കെതിരേ നടക്കുന്നതുപോലെ ഉള്ള പ്രചാരണം പൈങ്കിളിവാരികകള്‍ക്കെതിരേ നടക്കുന്ന കാലമാണ് എന്ന് ഓര്‍ക്കണം. ഒരു രക്ഷിതാവും മക്കളെ ഈ വാരികകള്‍ വായിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇപ്പോഴത്തെ ഫുള്‍ എ പ്ലസിന് വേണ്ടി പഠിക്കുന്ന പുതിയ തലമുറയ്ക്ക് പാഠപുസ്തകം അല്ലാതെ ഒരു പുസ്തകം വായിക്കുന്നതിനെ പറ്റി ചിന്തിക്കാന്‍ കഴിയുമോ.

ഞാന്‍ പറഞ്ഞു വന്നത് ഇപ്പോഴത്തെ തലമുറയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സ്വപ്നം കാണാന്‍ പോലും പറ്റാത്ത സ്വാതന്ത്യം വായനയില്‍ എനിക്ക് കിട്ടി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ പമ്മന്റെ ഭ്രാന്തി വായിച്ചു. അത് ഒരു അഡല്‍ട്ട് നോവലാണെന്ന് അറിയാമല്ലോ. പത്തില്‍ പഠിക്കുമ്പോള്‍ ഖുശ്വന്ത് സിങിന്റെ സഖിമാരും ഞാനും ( ഇന്‍ ദി കമ്പനി ഓഫ് വുമണ്‍ പരിഭാഷ ) വായിച്ചു. അത് ഒരു പക്കാ ഡെക്കാമറണ്‍ നോവല്‍ ആണെന്നത് ഓര്‍ക്കുക. ഇപ്രകാരമുള്ള സെന്‍സര്‍ ചെയ്യാത്ത വായനയാണ് എന്നിലെ എഴുത്തുകാരന് വളമായത്

ടെലിവിഷന്‍ , മൊബൈല്‍ തുടങ്ങിയ വിഷ്വല്‍ മീഡിയയുടെ കടന്ന് കയറ്റം ഇന്നത്തെ തലമുറയുടെ വായനയ്ക്ക് തടസ്സമായി നില്‍ക്കുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ നമുക്ക് അതിലെ കഥ ഭാവനയില്‍ കാണാന്‍ കഴിയും . എന്നാല്‍ വിഷ്വല്‍ മീഡിയയുടെ കാര്യത്തില്‍ മറ്റാരുടെയോ ചിന്തകളും ഭാവനകളും കാഴ്ചക്കാരിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. തികച്ചും പാസ്സീവ് ആയ പ്രക്രിയയാണ് ഇത്. എന്നാല്‍ വായന ആക്ടീവ് ആയ ഒന്നാണ്.

ഒരു കഥ പത്തുപേര്‍ വായിക്കുമ്പോള്‍ ആസ്വാദനശേഷിയിലെ വൈവിധ്യം അനുസരിച്ച് പത്ത് തരത്തിലാണ് ഭാവന ഉണ്ടാകുന്നത്. ഈ കാരണം കൊണ്ടാണ് നോവല്‍ സിനിമയാക്കുമ്പോള്‍ പരാജയപ്പെടുന്നത്. ബഷീറിന്റെ ബാല്യകാലസഖി ശ്രീ പ്രമോദ് പയ്യന്നൂര്‍ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ മമ്മൂട്ടി എന്ന മഹാനടന്റെ സാന്നിധ്യം ഉണ്ടായിട്ടും പരാജയപ്പെട്ടു. കാരണം വായനക്കാര്‍ ഭാവനയില്‍ കണ്ട മജീദിന് മമ്മൂട്ടിയുടെ രൂപം അല്ലായിരുന്നു. ഇപ്പോള്‍ എംടിയുടെ രണ്ടാമൂഴം 1000 കോടി മുടക്കി മോഹന്‍ലാലിനെ നായകനാക്കി സിനിമയാക്കാനുള്ള അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമൂഴം നോവലില്‍ ഭീമന്റെ ബാല്യം, കൗമാരം, യൗവ്വനം, യുദ്ധാനന്തരമുള്ള സ്വര്‍ഗാരോഹണം ഇവയൊക്കെ പരാമര്‍ശിക്കുന്നുണ്ട്. അതൊക്കെ വായിച്ച വായനക്കാരുടെ ഉള്ളില്‍ ഭീമസേനന്റെ ഒരു ചിത്രം രൂപം കൊണ്ടിട്ടുണ്ട്. അതിനോട് താദാത്മ്യം പ്രാപിക്കുന്ന ഒരു സിനിമ രൂപപ്പെടുത്തുക എന്നതാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ലാലേട്ടന്റെയും എംടിയുടെയും ഒരു കട്ട ആരാധകന്‍ എന്ന നിലയില്‍ രണ്ടാമൂഴം ഒരു വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു

എന്റെ അഭിപ്രായത്തില്‍ വായന രണ്ട് വിധം ഉണ്ട് പരന്ന വായനയും ആഴത്തിലുള്ള വായനയും വളരെ വേഗത്തില്‍ ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്ത് വായിക്കുന്നതാണ് പരന്ന വായന. എന്നാല്‍ നല്ല സമയം എടുത്ത് ഉള്ളടക്കത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുന്നതാണ് ആഴത്തിലുള്ള വായന.. സമയത്തിന്റെ പരിമിതി ഉള്ളതുകൊണ്ട് ഇത്ര നാളും ഞാന്‍ പരന്ന വായനയാണ് ശീലിച്ചത്. ഇനി ഭാവിയില്‍ കൂടുതല്‍ സമയം കിട്ടുമ്പോള്‍ ആഴത്തിലുള്ള വായന ശീലിക്കണം എന്ന ആഗ്രഹം ഉണ്ട്. അപ്പോള്‍ ഇതുവരെ വായിച്ചതൊക്കെ ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കണം. ആര്‍ എം എസില്‍ ജോലി ചെയ്യുമ്പോള്‍ വിവിധ ഓഫീസുകളിലേക്ക് സ്ഥലം മാറി വന്നപ്പോള്‍ ആദ്യം അന്വേഷിക്കുന്നത് അവിടത്തെ ലൈബ്രറിയും ആര്‍ട്ട് ഓഫ് ലിവിങ് സെന്ററുമാണ്.

എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.

സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts