രാത്രി പന്ത്രണ്ട് മണി ആകാറായി. തലേന്ന് നടന്ന സംഭവങ്ങള്‍ ഓര്‍ത്ത് കൊണ്ട് അയാള്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പൗര്‍ണ്ണമി ദിവസമായതിനാല്‍ നിലാവ് അസ്തമിച്ചിരുന്നില്ല. ജനാലയിലൂടെ നിലാവിന്റെ പാളികള്‍ മുറിയിലേക്ക് എത്തിനോക്കുന്നു.അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ച് കിടന്നു
പാവാട ധരിച്ച ഒരു കൊച്ചുപെണ്‍കുട്ടി മനസിലേക്ക് കടന്ന് വരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഉണ്ണിയേട്ടനെ തിരക്കിവരുന്ന ഭാമ. തൊടിയിലെ ചക്കരമാവിന്റെ കൊമ്പത്തുനിന്നും മാമ്പഴം പറിച്ചുകൊടുക്കാനും അമ്പലക്കുളത്തില്‍ മുങ്ങാംകുഴിയിട്ട് പോയി വെള്ളാരംകല്ല് എടുത്ത് കൊടുക്കുവാനും മനയ്ക്കലെ പറമ്പില്‍ നിന്ന് കശുവണ്ടി കട്ട് പറിക്കുവാനും ഒക്കെ ഭാമയ്ക്ക് ഉണ്ണിയേട്ടനെ വേണം. അങ്ങനെ ഒരു നൂറുകൂട്ടം ആവശ്യങ്ങള്‍. ഒരു കൊച്ചനുജത്തിയോടെന്നവണ്ണം ആയിരുന്നു അക്കാലത്തൊക്കെ തന്റെ അവളോടുള്ള പെരുമാറ്റം. പിന്നെ എപ്പോഴാണ് എവിടെ വെച്ചാണ് താളം പിഴച്ചത്.
അവള്‍ ഋതു മതിയായ ദിവസം . അയാള്‍ ഇപ്പോഴും ഓര്‍ക്കുന്നു. പഴയതുപോലെ ഭാമ എവിടെപ്പോയി അമ്മായീ ഇന്ന് കണ്ടില്ലല്ലോ എന്നും പറഞ്ഞ് അമ്മായിയുടെ വീട്ടിലേക്ക് കയറി ചെന്നു. അപ്പോള്‍ അമ്മായി ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
ഭാമ വലിയ പെണ്ണായിപ്പോയി .നിന്റെ കൂടെ കളിക്കാനൊന്നും ഇനി അവളെ കിട്ടത്തില്ല
ആദ്യം ഒന്നും മനസിലായില്ല. അകത്ത് അവള്‍ കിലുകിലെ എന്ന് സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം. എന്നാല്‍ അവള്‍ പുറത്തേക്കു വന്നില്ല. രണ്ടുമൂന്ന് ദിവസത്തിനുശേഷം മനയ്ക്കലെ പറമ്പിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് അവളെ കണ്ടു. അവളില്‍ വന്ന മാറ്റം അയാളെ അദ്ഭുതപ്പെടുത്തി. കടക്കണ്ണുകളില്‍ നാണം ഒളിമിന്നി നിന്നു. ഏതോ രഹസ്യം സൂക്ഷിക്കുന്ന ഭാവം മുഖത്ത്. കൂമ്പിനിന്ന മാറിടം ഷാള്‍ കൊണ്ട് മറച്ചിരിക്കുന്നു.ഈശ്വരാ ഇവളാണോ തന്നോടൊപ്പം പറങ്കിമാംചോട്ടിലും മനയ്ക്കലെ പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വന്നിരുന്നത്. മുമ്പെങ്ങും തോന്നിയിട്ടില്ലാത്ത ഒരു വികാരം അയാളില്‍ അങ്കുരിച്ചു. അവളെ മാറോട് ചേര്‍ത്ത് കവിളില്‍ ചുംബനം കൊണ്ട് മൂടാന്‍ അയാള്‍ ആഗ്രഹിച്ചുപോയി.
പിന്നീടൊരിക്കല്‍ അതിനുള്ള അവസരം ഒത്തുകിട്ടി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന ഒരു ദിവസം. ഇരുട്ട് കട്ട പിടിച്ചുനിന്ന നടുമുറിയില്‍ വെച്ച് അവളെ ബലമായി കടന്ന് പിടിച്ചു. കുതറിമാറാന്‍ ഒരു വിഫലശ്രമം അവള്‍ നടത്തിനോക്കി. പിന്നീട് ഒരു പ്രാവിന്‍കുഞ്ഞിനെ പോലെ മാറില്‍ ചേര്‍ന്ന് അവള്‍ നിന്നു. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു. പാടില്ലായിരുന്നു. അവളില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും നട്ടുവളര്‍ത്താന്‍ പാടില്ലായിരുന്നു.
കഴിഞ്ഞ ദിവസം അവളോട് അല്‍പം പരുഷമായി അറുത്ത് മുറിച്ച് തന്നെ കാര്യങ്ങള്‍ പറയേണ്ടി വന്നു.
ഭാമേ, നമുക്ക് ഈ ബന്ധം അവസാനിപ്പിച്ചേ പറ്റൂ. എനിക്കു വേണ്ടി കാത്തിരുന്ന് നീ നിന്റെ ജീവിതം നഷ്ടപ്പെടുത്തരുത്. എനിക്ക് വിവാഹത്തേക്കാളും കുടുംബജീവിതത്തെക്കാളും ഉപരിയായി ചില ലക്ഷ്യങ്ങള്‍ ഉണ്ട്.അതിനെ പറ്റി ഒക്കെ പറഞ്ഞാല്‍ മനസിലാക്കാനുള്ള പക്വത പോലും നിനക്ക് ആയിട്ടില്ല. അതു കൊണ്ട് നീ എന്നെ മറന്നേക്കൂ.
ഇത് കേട്ടപ്പോള്‍ അവള്‍ കുറച്ച് സമയം നിര്‍വ്വികാരയായി ഇരുന്നു. അതിനുശേഷം ഒരു പൊട്ടിക്കരച്ചിലായിരുന്നു. അന്ന് വരെ അടക്കിവെച്ചിരുന്ന വേദനകളെല്ലാം ഒരു അരുവിയായി അവളുടെ കണ്ണുകളില്‍ നിന്നും ഒഴുകി വന്നു.
നാട്ടില്‍ തൊഴിലില്ലായ്മ കൊടികുത്തിവാഴുന്ന കാലം. പോളിടെക്‌നിക് കൊണ്ടൊന്നും ഒരു നല്ല ജോലി കിട്ടില്ല എന്ന തിരിച്ചറിവ് വന്നപ്പോള്‍ വൈകിപ്പോയിരുന്നു. അപേക്ഷകള്‍ അയച്ചും ഇന്റര്‍വ്യൂവിന് ഹാജരായും മനം മടുത്ത നാളുകള്‍, അസ്വസ്ഥമായ മനസ്, ഒന്നും ചെയ്യാനില്ലാതെ ദിനരാത്രങ്ങള്‍ വിരസമായ പുസ്തകത്തിലെ താളുകള്‍ പോലെ കടന്ന് പോയി. ലൈബ്രറിയിലെ പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ടുകാര്‍.
ആ കാലത്തായിരുന്നു വര്‍ഗ്ഗീസിനെ പരിചയപ്പെട്ടത്.കോളേജില്‍ പഠിക്കുമ്പോഴേ വര്‍ഗ്ഗീസിനെ അയാള്‍ ശ്രദ്ധിച്ചിരുന്നു. കോളേജില്‍ അയാളുടെ സീനിയറായിരുന്നു അന്ന് പുരോഗമന വിപ്ലവപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസ്. പിന്നീട് വര്‍ഗ്ഗീസിന്റെ ചിന്തകള്‍ ഒരു തീവ്രവാദത്തിന്റെ തലത്തിലേക്ക് മാറി. സമൂഹത്തിലെ നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി പോരാടാന്‍ തീവ്രവാദമാണ് ഏക മാര്‍ഗ്ഗം എന്ന് അയാളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതില്‍ വര്‍ഗ്ഗീസ് വിജയിച്ചു.
അങ്ങനെ അയാളും വിപ്ലവപ്രസ്ഥാനത്തില്‍ അംഗമായി. അതുകൊണ്ട് ഇപ്പോള്‍ സ്വന്തം അസ്തിത്വത്തിലേക്ക് വെളിച്ചം വീശാന്‍ അയാള്‍ക്കിപ്പോള്‍ കഴിയുന്നില്ല.ഇന്ന് അയാളുടെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്.അതിന് മുമ്പില്‍ ഒരു പ്രതിബന്ധമായി ഭാമ നില്‍ക്കാന്‍ അയാള്‍ സമ്മതിക്കില്ല.
നിലാവ് ജനലിലൂടെ അരിച്ച് അരിച്ച് മുറിയിലേക്ക് ഇറങ്ങുന്നു . അയാള്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ്.ടക്ക് ടക്ക് കതകില്‍ ആരോ ശക്തമായി തട്ടുന്ന ശബ്ദം കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ആരായിരിക്കും ഈ പാതിരാത്രിയില്‍. അമ്മ ഉണര്‍ന്നെന്ന് തോന്നുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കി. ഒരു സംഘം കാക്കി ധാരികള്‍ വീട് വളഞ്ഞിരിക്കുന്നു. വാതില്‍ തുറക്കുന്ന ശബ്ദം. അയാള്‍ ഇറങ്ങി ചെന്നു. കൈകളില്‍ വിലങ്ങ് വീണു. നിനക്ക് നഷ്ടപ്പെടാന്‍ യാതൊന്നുമില്ല. നേടാനുള്ളതോ പുതിയ ഒരു പ്രഭാതമാണ്. വര്‍ഗ്ഗീസിന്റെ മുഴങ്ങുന്ന വാക്കുകള്‍ അയാളുടെ ചെവിയില്‍ മാറ്റൊലി കൊണ്ടു.
നിങ്ങള്‍ ഒരു ഹിന്ദു സ്ത്രീ ആയിട്ടും എന്തുകൊണ്ടാണ് കുങ്കുമം തൊടാത്തത് ? പോലീസുകാരുടെ ചോദ്യത്തിന് മുന്നില്‍ അമ്മ അമ്പരന്ന് നിന്നു.
ഒരു സംഘം പോലീസുകാര്‍ വായനാമുറിയില്‍ കടന്ന് കുറെ പുസ്തകങ്ങളും ലഘുലേഖകളും കൈക്കലാക്കി. അത് വര്‍ഗ്ഗീസ് നല്‍കിയതായിരുന്നു. വാസ്തവത്തില്‍ ഉണ്ണി അത് വായിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. വേറൊരു സംഘം അടുക്കളയില്‍ കടന്ന് ആഹാരസാധനങ്ങള്‍ പരിശോധിച്ചു.
രണ്ടു ദിവസം കഴിഞ്ഞ് പത്രത്തില്‍ കണ്ട വാര്‍ത്ത ഇതാണ്. മാവോയിസ്റ്റ് തീവ്രവാദി വര്‍ഗ്ഗീസും സഹായി ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുകയായിരുന്ന ഇവരുടെ താവളം പോലീസ് വളയുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും അതിനു കൂട്ടാക്കാതെ പോലീസിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ഓപ്പറേഷനില്‍ ജീവന്‍ പണയം വെച്ച് പങ്കെടുത്ത പോലീസുകാരെ മുഖ്യമന്ത്രി അനുമോദിച്ചു. അവര്‍ക്ക് വിശിഷ്ട സേവനത്തിന് മെഡല്‍ നല്‍കി ആദരിക്കുന്നതാണെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
( സമാപ്തം )
പിന്‍കുറിപ്പ്– തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട് വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു. അവര്‍ക്ക് എന്റെ ബാഷ്പാഞ്ജലി
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

