അതിജീവനം അനിവാര്യം❤ ( ലേഖനം )
ആദിയിൽ വചനം ഉണ്ടായി. വചനം ദൈവമായി. ഉപാധികളില്ലാത്ത സ്നേഹം എന്ന തത്വത്തിൽ അധിഷ്ഠിതമായി ദൈവം ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു.അങ്ങിനെയിരിക്കേ സൃഷ്ടിയുടെ ആറാം നാൾ . ദൈവത്തിന് കൈയ്യബദ്ധം പറ്റിയ ദിവസം. വിശപ്പില്ലാതെ ഭക്ഷിക്കുകയും കാമമില്ലാതെ ഭോഗിക്കുകയും ചെയ്യുന്ന ഇരുകാലി മൃഗത്തെ സൃഷ്ടിച്ച ദിവസം . മനുഷ്യൻ്റെ അത്യാർത്തി മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തന്നെ തകരാറിലായി. ഉപാധികളില്ലാത്ത സ്നേഹം എന്ന ദൈവത്തിൻ്റെ തത്വത്തെ അവൻ ആദ്യം തന്നെ നിരാകരിച്ചു. ഇത് തുടക്കത്തിൽ തന്നെ മനുഷ്യനും ദൈവവുമായി സംഘർഷത്തിന് കാരണമായി. ഒടുവിൽ സാത്താൻ്റെ സഹായത്താൽ മനുഷ്യൻ ദൈവത്തിനെ കൊന്നു. എന്നിട്ട് ദൈവത്തിൻ്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഗ്രന്ഥങ്ങൾ നിർമ്മിച്ചു. ആകാശം മുട്ടുന്ന ഉയരത്തിൽ ദേവാലയങ്ങൾ നിർമ്മിച്ച് ദൈവത്തെ കുടിയിരുത്തി. ദൈവത്തിൻ്റെ പ്രതിനിധികളായി രംഗത്ത് വന്ന പുരോഹിതർ മതത്തിൻ്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ തുടങ്ങി. ദൈവത്തിൻ്റെ മുഖമുദ്ര ആയിരുന്ന ഉപാധികളില്ലാത്ത സ്നേഹത്തെപ്പറ്റി ഇപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല.
മനുഷ്യൻ പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തതിൻ്റെ ഫലമായി പ്രളയവും വരൾച്ചയും പോലെ പ്രകൃതിദുരന്തങ്ങൾ വന്നു. എന്നിട്ടും പാഠം പഠിക്കാത്ത മനുഷ്യനെ തേടി കൊറോണ പോലെയുള്ള മഹാമാരികൾ വന്നു. ഇത് എഴുതുമ്പോൾ ലോകത്തിൽ എല്ലാ ഭാഗത്തും കൊറോണ സംഹാര താണ്ഡവം ആടുകയാണ്.
ഈ കൊറോണക്കാലത്ത് കേരളത്തിൽ ഭിന്നതകൾ മറന്ന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി കൊറോണയക്കെതിരേ പട പൊരുതുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സഹജീവി സ്നേഹത്തിൻ്റെ ഉദാത്തമായ മാതൃക കാണാൻ കഴിഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മാർച്ച് ഇരുപത്തി ഏഴാം തീയതിയിലെ press meet ൽ തെരുവ് പട്ടികളുടെയും അമ്പലക്കുരങ്ങൻമാരുടെയും വിശപ്പ് മാറ്റാൻ പോലും സർക്കാർ പ്രതിജ്ഞ ബദ്ധമാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. വിദേശ രാജ്യങ്ങൾ രാജ്യത്തെ മുതിർന്ന പൗരൻമാരുടെ ഓക്സിജൻ മാസ്ക് മാറ്റി അവരെ മരണത്തിന് വിട്ടുകൊടുക്കുന്നതുമായി വേണം ഇതിനെ താരതമ്യം ചെയ്യാൻ. കേരളത്തിൽ ഒരു തെരുവ് പട്ടിയുടെ വില പോലും അവിടെ മനുഷ്യനില്ല എന്നല്ലേ ഇതിൽ നിന്നും മനസിലാക്കേണ്ടത്.
ഇത് കൂടാതെ അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പി.ച്ചത് നമ്മുടെ സാംസ്കാരിക ഔന്നത്യത്തെ ആണ് കാണിക്കുന്നത് അവർക്ക് identity card നൽകും എന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. എൻ്റെ അഭിപ്രായത്തിൽ ഗൾഫ് കൺടീസ് സാധാരണ തൊഴിലാളികൾക്ക് ഇക്കാമ ഏർപ്പെടുത്തുന്നതു പോലെ സമഗ്രമായ ഒരു കാർഡ് തന്നെ ഏർപ്പെടുത്തണം. ഇവരിൽ നിന്നും ഉയർന്ന തോതിലുള്ള തൊഴിൽ കരവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കണം. ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ പെരുകുന്നതും ഇപ്രകാരം ഒരു databank ൻ്റെ ആവശ്യകതയെ ബലപ്പെടുത്തുന്നു. ജിഷാ കൊലക്കേസ് മറക്കാറായിട്ടില്ല. ഇത്തരം അതിഥി തൊഴിലാളികളുടെ എണ്ണം നിയന്ത്രിച്ച് നിർത്തണം . ഇല്ലെങ്കിൽ അതിഥി വീട്ടുകാരാകുന്ന കാലം വിദൂരമല്ല.
മലയാളി എത്രത്തോളം മലയാളിയായിരിക്കുന്നുവോ അത്രത്തോളമോ ഒരു പക്ഷേ അതിനേക്കാളേറെ യോ മലയാളികളാണ് പ്രവാസികൾ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളേക്കാൾ വലിയ ഒരു ആദരവ് പ്രവാസികൾക്ക് ലഭിക്കാനില്ല. എൻ്റെ അനുജനും ഒരു പ്രവാസി നഴ്സ് ആണ്. അതു കൊണ്ട് തന്നെ മുകളിൽ പറഞ്ഞ പ്രസ്താവന പകർന്ന് നൽകുന്ന ആത്മധൈര്യം വളരെ വലുതാണ്
കൊറോണ മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സാലറി ചലഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് എൻ്റെ ഒരു മാസത്തെ ശമ്പളം നൽകാൻ എനിക്ക് സമ്മതമാണ്. എന്നാൽ അതോടൊപ്പം ചേർത്ത് പറയേണ്ട ചില കാര്യങ്ങൾ ഉണ്ട് – അത് ഇവിടെ പറയുന്നത് ശരിയാണോ എന്നും അറിയില്ല. എനിക്ക് അത് പറയാനുള്ള അർഹത ഉണ്ടോ എന്നും അറിയില്ല. അത് മറ്റൊന്നുമല്ല. പാർലമൻ്റ് അംഗങ്ങളുടെ സാലറിയിൽ രണ്ട് വർഷത്തേക്ക് 30 ശതമാനം കുറവ് വരുത്തിയതു പോലെ MLA മാർക്കും കുറവ് വരുത്തിക്കൂടേ.? അനാവശ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കമ്മീഷനുകൾ പിരിച്ച് വിട്ട് മാതൃക കാട്ടിക്കൂടേ? പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളെ നാലിലൊന്നായി കുറച്ചു കൂടേ ? ഇതൊക്കെ ഞാൻ സൂചിപ്പിക്കുന്നത് അനൗചിത്യം ആണ് എന്നറിയാം. എന്നാൽ ഒരു മാസത്തെ ശമ്പളം മുമ്പ് പ്രളയകാലത്തും ഇപ്പോഴും നൽകുകയും എൻ്റെ ബുക്ക് വിറ്റ് കിട്ടിയ ലാഭവിഹിതവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജീവനക്കാരൻ എന്ന നിലയ്ക്ക് ഇതൊക്കെ അറിയാനുള്ള ന്യായമായ അവകാശം എനിക്ക് ഉണ്ട് എന്ന് ഉറച്ച് വിശ്വസിക്കുന്നു. കൊറോണയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രോത്സാഹനം എന്ന നിലയിൽ ഒരു മാസം എങ്കിലും ഇരട്ടി ശമ്പളം നൽകണം എന്നാണ് എൻ്റെ അഭിപ്രായം. അവരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കുകയും വേണം.
കേരളത്തിൽ ഗവൺമെൻ്റിൻ്റെ ഏകോപിച്ചുള്ള പ്രവർത്തനം മൂലം കൊറോണ നിയന്ത്രണ വിധേയമാണ്. എന്നാൽ ഭാരതത്തിൻ്റെ ആകെ സ്ഥിതി ആശങ്ക ഉണർത്തുന്നു. ഞാൻ ഇത് എഴുതുമ്പോൾ മുംബെയിലെ ചേരിയിലേക്ക് രോഗം പടർന്ന് കഴിഞ്ഞു. അവിടെ ഒരു ആശുപത്രിയിലെ അമ്പതോളം നഴ്സുമാർക്ക് രോഗം ബാധിച്ചു, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും രോഗം അതിവേഗം പടരുകയാണ്. വാക്സിൻ കണ്ടു പിടിക്കുക മാത്രമാണ് എക പരിഹാരം. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങി എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരു കാലത്ത് വസൂരിയും പ്ലേഗും മരണം വിതക്കുകയും പിന്നീട് വാക്സിൻ കണ്ടു പിടിച്ചതോടെ ഈ രോഗങ്ങൾ ഭൂമുഖത്ത് നിന്നും തന്നെ തുടച്ചു മാറ്റപ്പെട്ടു
ഈ കാലവും കടന്ന് പോകും കൊറോണയെ നമ്മൾ അതിജീവിക്കും ‘. ഈ കെട്ട കാലം കഴിഞ്ഞാൽ ലോകത്തെ കൊറോണയ്ക്ക് മുമ്പ് എന്നും ശേഷം എന്നും രണ്ടായി തിരിക്കപ്പെടും ‘ AD എന്നും BC എന്നും തിരിച്ചത് പോലെ. യുദ്ധവും തീവ്രവാദവും ഇല്ലാത്ത പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാത്ത മുതലാളിമാരില്ലാത്ത എല്ലാവരും സാഹോദര്യത്തോടെ വാഴുന്ന ഒരു ലോകമായിരിക്കും പുതിയ ലോകം – ഇന്ന് ആരോഗ്യത്തിനും ഭക്ഷണത്തിനും ചിലവഴിക്കുന്ന പണത്തിൻ്റെ പല മടങ്ങാണ് പല വികസിത രാഷ്ട്രങ്ങളും പ്രതിരോധത്തിനും രാസ – ജൈവ – ആണവ ആയുധങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണങ്ങൾക്കും വേണ്ടി ചിലവഴിക്കുന്നത്.ഈ അവസ്ഥയ്ക്ക് മാറ്റം വരും. . ഞാൻ ദീർഘിപ്പിക്കുന്നില്ല: അപ്പോൾ വാക്സിൻ കണ്ടു പിടിക്കും വരെ കൊറോണയുമായുള്ള ഒളിച്ചുകളി ( hide and seek ) തുടരേണ്ടതുണ്ട്.❤ ഗിരീഷ് നമശിവായം❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

