To Be a Genius – My Dream

ജി ഫോര്‍ ജീനിയസ് എന്നാണ് എന്റെ ഈ വെബ്‌സൈറ്റിന്റെ പേര്. ഇത്തരം ഒരു പേര് എന്റെ അഹങ്കാരമല്ല. അവകാശവാദവുമല്ല. മറിച്ച് ആഗ്രഹമാണ്. സര്‍വ്വശക്തനായ ഈശ്വരന്റെ സൃഷ്ടികളായ നമ്മളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീനിയസുകളാണ്. ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സുമായി എല്ലാത്തില്‍ നിന്നും അകന്ന് കഴിയുന്നതിനേക്കാള്‍ എത്രയോ ഭേദമാണ് സ്വയം സുപ്പീരിയര്‍ എന്ന് ചിന്തിക്കുന്നത്. നാം എന്താണോ സദാ സമയവും ചിന്തിക്കുന്നത് അത് യാഥാര്‍ത്ഥ്യമായിത്തീരും എന്നാണ് എന്റെ ഗുരു എന്നെ പഠിപ്പിച്ചത്. ഒരു നിബന്ധന ഉണ്ട്. നമ്മുടെ നൂറു ശതമാനം ശ്രദ്ധയും ഈ നിമിഷം ചെയ്യുന്ന പ്രവൃത്തിയില്‍ ആയിരിക്കണം. ആദ്യമൊക്കെ മഹാ മടിയനായിരുന്ന എന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രചോദനവും പ്രേരണയുമായ ഗുരുക്കന്‍മാരെ ഈ അവസരത്തില്‍ സ്മരിക്കുന്നു.

            ഗിരീഷ് നമശിവായം എന്നത് തൂലികാനാമമാണ്. ഗിരീഷ് കുമാര്‍ എന്‍ ആര്‍ എന്നതാണ് യഥാര്‍ത്ഥ നാമധേയം. ഞാന്‍ കേരള രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. നിലവില്‍ തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഐജി ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കാണ്. ജീവിതത്തിന്റെ പരുഷവും കയ്‌പ്പേറിയതുമായ യാഥാര്‍ത്ഥ്യങ്ങളും മധുരതരമായ സ്വപ്നങ്ങളും തമ്മിലുള്ള അദ്ഭുതകരമായ വൈരുദ്ധ്യമായിരിക്കാം കഥയെഴുത്തിന് പ്രേരകമായി തീരുന്നത്. കഥയെഴുതുന്ന വ്യക്തിയുടെ ഞരമ്പുകളിലോടുന്ന രക്തത്തില്‍ ഒരല്‍പം ദുഖത്തിന്റെ നിറം കൂടി ജഗദീശന്‍ പിറവിയില്‍ തന്നെ കനിഞ്ഞ് നല്‍കിയിട്ടുണ്ടെങ്കില്‍ വളരെ ഭംഗിയായി എന്ന് ഞാന്‍ പറയും. 

            കഥകള്‍ പ്രസിദ്ധീകരിച്ച് വരുന്നതില്‍ എഴുത്തിന്റെ ആദ്യകാലത്തൊന്നും എന്റെ മടിയും വ്യക്തിപരമായ പ്രശ്‌നങ്ങളും മൂലം ഞാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാണ് എന്റെ ഇരുപത്തിയേഴ് കഥകള്‍ സമാഹാരമായി പുറത്തിറങ്ങിയത്. ബഹുമാനപ്പെട്ട രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അവര്‍കളാണ് ആ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത് എന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നു. ആ ബുക്കില്‍ തൂലികാസൗഹൃദത്തിനുള്ള ക്ഷണം കൂടി ഉള്‍പ്പെടുത്തിയിരുന്നു. വളരെ ആവേശകരമായ പ്രതികരണമാണ് ആ ബുക്കിന് വായനക്കാരില്‍ നിന്നും ലഭിച്ചത്. കുറച്ച് മഹദ്‌വ്യക്തികളുമായി തൂലികാസൗഹൃദം സ്ഥാപിക്കുവാനും കഴിഞ്ഞു. അതില്‍ ഒരു സുഹൃത്താണ് മാറിയ കാലഘട്ടത്തില്‍ അച്ചടി മാധ്യമത്തേക്കാള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നത് ബ്ലോഗാണെന്നും അതിനാല്‍ ബ്ലോഗെഴുത്തിലേക്ക് കടക്കണമെന്നും എന്നെ ഉപദേശിച്ചത്.

            എന്റെ ലക്ഷ്യം സിനിമയാണ്. മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായനായും പേരും പ്രശസ്തിയും നേടുന്ന കാലത്തെ ഞാന്‍ നിത്യവും സ്വപ്നം കാണുന്നു. അതിന് വേണ്ടി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്യുന്നു. ഞാന്‍ തിരുവനന്തപുരം കേരള ഫിലിം അക്കാദമിയില്‍ നിന്നും ഫിലിം ഡയറക്ഷന്‍ ആന്റ് സ്‌ക്രിപ്റ്റ് റൈറ്റിങില്‍ ഡിപ്ലോമ നേടി. അങ്ങനെ ആര്‍ജിച്ചെടുത്ത അറിവ് ഉപയോഗിച്ച് മൂന്ന് തിരക്കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

          സിനിമ ഒരു വലിയ പ്രലോഭനം തന്നെയാണ്. ഒരു മായാലോകമാണ്. എന്റെ അച്ഛന്‍ നമശിവായം കഴിഞ്ഞ നാല്പത് കൊല്ലമായി പുനലൂര്‍ രാംരാജ് തിയറ്ററില്‍ ഫിലിം ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ കുട്ടിക്കാലം മുതലേ സിനിമകള്‍ ആവര്‍ത്തിച്ച് കാണുമായിരുന്നു. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ വിട്ട് നേരേ തിയറ്ററിലേയ്ക്കാണ് അപ്പ വിളിച്ചുകൊണ്ട് വരിക. പിന്നെ അപ്പാക്ക് സമയം കിട്ടുമ്പോഴേ വീട്ടില്‍ കൊണ്ടുപോകുകയുള്ളൂ. അതുവരെ പ്രൊജക്ടര്‍ റൂമില്‍ ഇരുന്ന് സിനിമ കാണും. കിലുക്കവും ചിത്രവും സ്ഫടികവും മണിച്ചിത്രത്താഴുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല. എന്റെ ഒരു സിനിമ കൂടി ഓടിച്ചിട്ട് അച്ഛന്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

            ഏത് വലിയ കലാസൃഷ്ടിയും അത് ചെയ്‌തേ തീരൂ എന്ന തീഷ്ണമായ ആഗ്രഹം അവസാനപടിയില്‍ എത്തുമ്പോഴാണ് സംഭവിക്കുന്നത്. ഇനിയിത് ചെയ്യാതിരിക്കാനാവില്ല, എഴുതാതിരിക്കാനാവില്ല എന്ന അവസ്ഥ. അതാണ് ഈ ബ്ലോഗിലെ ഓരോ പോസ്റ്റുകളും. . ലോകത്തുള്ള എല്ലാവര്‍ക്കും നന്‍മ വരണം എന്നതാണ് എന്റെ പ്രാര്‍ത്ഥന. എന്നെ വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരും ഈ ബ്ലോഗിലെ പോസ്റ്റുകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അത് ഷെയര്‍ ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി എത്തിക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് നന്‍മ വരട്ടെ. എന്നെ ബന്ധപ്പെടാനുള്ള വാട്‌സപ്പ് നമ്പരും തൂലികസൗഹൃദത്തിനുള്ള ക്ഷണവും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. എല്ലാ മാസവും പുതിയ കഥകളും വിശേഷങ്ങളുമായി ബ്ലോഗ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. അതായത് ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തായി ഞാനും ഇവിടെ ഉണ്ടാകും

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2018 December 25 )

My Dream Project അഹം ബ്രഹ്മാസ്മിക്കുവേണ്ടി എന്റെ സുഹൃത്തും അഭ്യുദയകാംഷിയുമായ ദീപക് ഡിസൈന്‍ ചെയ്ത Fan Made പോസ്റ്റര്‍ ഇതാ

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

 Please call me . My Phone Number is 9495239904

Facebook Comments

3 Responses to To Be a Genius – My Dream

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts