തോട്ടിയുടെ മകന് ചെറുകഥ

നേരം പരപരാന്ന് വെളുത്തു വരുന്നതേ ഉള്ളൂ. കിഴക്ക് സൂര്യന് ഉദിച്ചുവരുന്നു. അപ്പുക്കുട്ടന് അതിരാവിലെ ഉണര്‍ന്നു. അമ്മ ഉണരും മുമ്പേ തന്നെ പൊളിഞ്ഞുതുടങ്ങിയ ഓലക്കീറിലൂടെ അവന് മുകളിലേക്ക് നോക്കി. പ്രകാശത്തിന്റെ ചീളുകള്‍ വീണുതുടങ്ങിയിരിക്കുന്നു. അമ്മ നല്ല ഉറക്കത്തിലാണ്.
അമ്മയുടെ ഒരൊറക്കം
അവന് അമ്മയോട് ദേഷ്യം തോന്നി. ഇന്ന് സദ്യ കഴിക്കാന്‍ പോകേണ്ടതെല്ലേ. അപ്പു ഇതുവരെ സദ്യ കഴിച്ചിട്ടില്ല. എങ്ങനെ ഇരിക്കുമോ ആവോ
അമ്മയുടെ ഒരൊറക്കം
കാലത്തേ തന്നെ പോകേണ്ടതാണ്. അപ്പു അമ്മയെ കുലുക്കി വിളിച്ചു. അമ്മ കണ്ണുതുറന്നപ്പോള്‍ അമ്മയോടവന് ചോദിച്ചു.
”കല്യാണത്തിന് പോണ്ടെയമ്മേ”
ഉറക്കം പകുതി കളഞ്ഞ ദേഷ്യത്തില്‍ അമ്മ പറഞ്ഞു.
”നേരം വെളുത്തില്ല.അതിനുമുമ്പേ തീറ്റക്കാര്യം. അതോണ്ടാ ഒരു ഗതീല്ലാത്തേ”
അച്ഛനുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തല്ലുകൊണ്ടേനേ.. പക്ഷേ അച്ഛന് അതിരാവിലെ തന്നെ ജോലിക്ക് പോയി. അപ്പുവിന്റെ അച്ഛന് മുനിസിപ്പാലിറ്റിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിയാണ്. വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞ് മൂക്കറ്റം ചാരായവും കുടിച്ച് നാലുകാലില്‍ ഒരു വരവുണ്ട്. വന്നിട്ട് അപ്പുവിനെയും അമ്മയെയും പൊതിരേ തല്ലും. വീട്ടില്‍ അരി മേടിക്കാന്‍ കാശുംതരില്ല. വിധി അല്ലാതെ എന്തുപറയാന്‍.
അപ്പു എഴുന്നേല്‍ക്കുന്നതിന് മുമ്പേ തന്നെ അച്ഛന് ജോലിക്ക് പോകും. അച്ഛനെ കണ്ടിട്ട് തന്നെ എത്ര ദിവസമായി. അപ്പു ഓര്‍ത്തു. അപ്പുറത്തെ ശംഭുവിന്റെ അച്ഛനൊക്കെ അവര്‍ക്ക് മിഠായി വാങ്ങി കൊടുക്കുമത്രെ. തനിക്ക് മാത്രം ഒന്നുമില്ല.
അമ്മയോട് ചോദിച്ചാല്‍ അമ്മ പറയും
”നമ്മളൊക്കെ പാവങ്ങളല്ലേ മോനേ”
എന്തിനാണോ പാവമായത്. അതമ്മ പറയില്ല. പാവങ്ങളായതുകൊണ്ടാകും പഠിക്കാന്‍ പോകുമ്പോള്‍ ശംഭുവൊന്നും തന്റെ കൂടെ നടക്കാത്തത്. കൂടാതെ നല്ല ഉടുപ്പിട്ട പിള്ളേരൊക്കെ തന്നെ കളിയാക്കി തോട്ടിയുടെ മോനേ ന്നാ വിളിക്കുന്നത്.
ഒരിക്കല്‍ സുകുമാരന്‍ നായര്‍ സാര്‍ ക്ലാസില്‍ പറഞ്ഞു.
”എല്ലാ ജോലിയും നല്ലതാണ് . ഒരു ജോലിയും മോശമല്ല.”
അതൊന്നും ഇവര്‍ക്കറിയില്ലേ
ആ സാറിന്റെ വീട്ടിലാണിന്ന് കല്യാണം. സാറിന്റെ മകളുടെ കല്യാണം
ആ കുടിലിന്റെ മുറ്റത്ത് കാക്ക കലപില കൂട്ടി. അപ്പു അമ്മ ഉണരാന്‍ വേണ്ടി കാത്തുനിന്നില്ല. ചാടി എഴുന്നേറ്റു. അപ്പു എഴുന്നേല്‍ക്കുന്നത് കണ്ടപ്പോള്‍ അമ്മയും എഴുന്നേറ്റു.
മൂന്നോ നാലോ വര്‍ഷം കൂടുമ്പോഴാണ് അപ്പുവിന് ഒരു നിക്കര്‍ തയ്പ്പിച്ച് കൊടുത്തിരുന്നത്. ക്ലാസിലെ മറ്റ് കുട്ടികള്‍ക്ക് ഉള്ളതുപോലെ ദിവസേന മാറി മാറി ഇടാന്‍ പല നിറങ്ങളിലുള്ള നിക്കറുകള്‍ ഇല്ലാത്തതില്‍ അവന് സങ്കടം ഉണ്ടായിരുന്നു. നിക്കറിന്റെ പിന് ഭാഗം പിഞ്ഞിക്കീറിയിരിക്കുന്നത് ചൂണ്ടിക്കാട്ടി പള്ളിക്കൂടത്തിലെ മറ്റ് കുട്ടികള്‍ അവനെ കളിയാക്കിയിരുന്നു.
ദിവസവും വൈകിട്ട് പള്ളിക്കൂടം വിട്ട് വന്നാല്‍ നിക്കറൂരി അവന് അമ്മയുടെ കയ്യില്‍ കൊടുക്കും. അത് സോപ്പിന് കായിട്ട് കഴുകി ഉണക്കിയിട്ട് വേണം അടുത്തദിവസം ഇട്ടുകൊണ്ടുപോകാന്‍. സോപ്പുവാങ്ങാനുള്ള കാശില്ലാത്തതുകൊണ്ട് സോപ്പിന് കായ (പനച്ചിക്കായ) കല്ലിലിട്ടുരച്ച് പതയുമ്പോള്‍ തുണി അതിലിട്ടായിരുന്നു അലക്കിയിരുന്നത്. അമ്മ തുണികഴുകിയിടുന്ന സമയം കോണകവും ഉടുത്ത് അപ്പു പഠിക്കാനിരിക്കും. അപ്പു നന്നായി പഠിക്കുമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ നല്ല ജോലി സമ്പാദിച്ച് നല്ല നിലയില്‍ എത്തണം എന്ന ആഗ്രഹം അവന് ഉണ്ടായിരുന്നു.
അവിടവിടെ പിഞ്ഞിതുടങ്ങിയതാണെങ്കിലും ഉള്ളതില്‍ നല്ല കുപ്പായം ചുളിവുതീര്‍ത്ത് കൊടുക്കുമ്പോളമ്മ പറഞ്ഞു.
” എന്നാലും ഒന്നും കൊടുക്കാനില്ലാതെങ്ങനാ ”
” പിന്നെ , അതൊന്നും വേണ്ട, സാറിന് നമ്മുടെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ ”
അപ്പുവിന് കല്യാണത്തിന് പോകാനുള്ള തിരക്ക്.
ഉടുപ്പും ഇട്ട് പാടവരമ്പത്തൂടെ ഓടുന്ന മകനെ നോക്കി നെടുവീര്‍പ്പോടെ അമ്മ നിന്നു. അവന് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ രണ്ടുതുള്ളി കണ്ണുനീര് മാത്രം വീഴാന്‍ വെമ്പി നിന്നു. പാവം എന്റെ അപ്പു. അവന് വയറു നിറച്ച് ആഹാരം കഴിച്ചിട്ട് എത്ര നാളായി.
കല്യാണവീട്ടിലെ അലങ്കാരങ്ങള്‍ക്കൊക്കെ എന്തു ഭംഗി. സാറിന്റെ വീട്ടിലെ കല്യാണമല്ലേ. അപ്പോള്‍ അങ്ങിനെയൊക്കെ അല്ലാണ്ടിരിക്കുമോ.
” നിന്നേം കല്യാണം വിളിച്ചോടാ ”
അലങ്കാരങ്ങള്‍ നോക്കിക്കൊണ്ടുനിന്ന അപ്പു തിരിഞ്ഞുനോക്കി. ഭാര്ഗവന് മുതലാളിയുടെ മകന് ബലരാമനാണ്
ഉം- അപ്പു മൂളി
അവന് വിശ്വാസമായില്ല.
” തോട്ടിയുടെ മകനെ ഒക്കെ സാറ് കല്യാണം വിളിക്യേ ”
അപ്പു ഒന്നും മിണ്ടിയില്ല. എന്നിട്ട് തന്റെ മനസില്‍ തോന്നിയ ഒരു സംശയം ബലരാമനോട് ചോദിച്ചു
”രാമാ ഈ സദ്യ എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ”
” അല്ലാ ഇതുവരെ അറിയില്ലേ. തൂശനില മേശമേല്‍ വിരിച്ചിടും. കാളന് ഓലന്‍, പരിപ്പ്, പപ്പടം, മെഴുക്ക് പുരട്ടി, പച്ചടി, കിച്ചടി, സാമ്പാറ്, കൂട്ടുകറി, എലിശേരി, പുളിശേരി, അവിയല്‍ , തോരന്‍, പുളിയിഞ്ചി, അച്ചാറ് എന്നിങ്ങനെ പതിനഞ്ച് കൂട്ടം കറികള്‍ കാണും. പുന്നെല്ലരിയുടെ ചോറ് ആദ്യം നെയ്യും പരിപ്പും പപ്പടവും കൂട്ടി കഴിക്കണം, പിന്നെ സാമ്പാറു കൂട്ടി. അതു കഴിയുമ്പോള്‍ പായസം നാലുകൂട്ടം വരും. പാലട, സേമിയ,കടല, പ്രഥമന്‍ എന്നിങ്ങനെ. എല്ലാം കഴിഞ്ഞ് പുളിശേരി കൂട്ടി കഴിച്ചിട്ടേ ഇല മടക്കാവൂ ”
ഇതു കേട്ടപ്പോള്‍ അപ്പുവിന്റെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.
” ഞങ്ങളുടെ വീട്ടില്‍ മിക്ക ദിവസങ്ങളിലും സദ്യ കാണും ”
ബലരാമന് കൂട്ടിച്ചേര്‍ത്തു
” ഭാഗ്യവാന് ” അപ്പു അറിയാതെ മന്ത്രിച്ചു പോയി. പാവം അപ്പുവിന്റെ വീട്ടില്‍ മിക്കപ്പോഴും അച്ചാറും പുളിവെള്ളവുമാണ്. അയല്പക്കത്തെ വീടുകളില്‍ നിന്നെങ്ങാനും നല്ല മീന്‍ കറിയോ മറ്റോ കിട്ടിയാല്‍ അമ്മ അത് കഴിക്കാതെ അതുപോലെ അപ്പുവിന് കൊടുക്കും.
” അമ്മയ്ക്ക് വേണ്ട. മോന് തിന്നോ. ”
എന്നിട്ട് അപ്പുവിനെ കെട്ടിപ്പിടിച്ച് കരയും. എന്തിനാ കരയണേന്ന് ചോദിച്ചാല്‍ അമ്മ പറയും
” വെറുതേ കരയണതാണ് ”
” എന്തിനാ വെറുതേ ”
” മോന് വലുതാവാഞ്ഞിട്ട് ”
” വലുതായിട്ട് ”
” മോന് പഠിച്ച് മിടുക്കനാകണം ”
ഇപ്പോഴും താന്‍ മിടുക്കനായി പഠിക്കുന്നുണ്ടല്ലോ. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നത് താനാണ്. വലുതായിട്ട് വേണം അമ്മയെ കരയിക്കാതിരിക്കാന്‍. പുതിയ മുണ്ട് വാങ്ങി കൊടുക്കാന്‍
ബലരാമന് അപ്പുവിനോട് സംസാരിച്ചുകൊണ്ട് നിന്നത് അങ്ങോട്ടു വന്ന ശംഭു കണ്ടു.
” എടാ നിനക്കൊക്കെ നാണാവില്ലേ , അബനോട് മിണ്ടാന്‍ ”
ബലരാമന് ഇതുകേട്ട് ഓടിപ്പോയി.
അപ്പു ചിന്തിച്ചു. താനുമായി മിണ്ടുന്നതിന് എന്തിനാ നാണിക്കുന്നത്. അവന് സംശയം തോന്നി. ആരോടാ ഈ സംശയം ഒന്ന് ചോദിക്കുക. കല്യാണം കഴിഞ്ഞോട്ടേ സാറിനോടു തന്നെ ചോദിക്കാം. സാറ് പറഞ്ഞു തരാതിരിക്കില്ല.
സാറ് ഉച്ചത്തില്‍ തന്നെ പറയും
” എല്ലാ തൊഴിലും നല്ലതാണ്. തൊഴില്‍ എടുക്കാത്തതാണ് മോശം. തൊഴിലിന്റെ പേരില്‍ ആരും ഉയര്‍ന്നവരോ താഴ്ന്നവരോ അല്ല. ”
ഹായ്. അപ്പോള്‍ ഈ ബലരാമന്റേയും ശംഭുവിന്റേയും മുഖം ഒന്ന് കാണണം.. എന്തായാലും കല്യാണമെല്ലാം കഴിഞ്ഞ് സാറ് പഠിപ്പിക്കാന്‍ വരുമ്പോള്‍ തന്നെ ചോദിക്കണം. അപ്പു നിശ്ചയിച്ചു.
സുകുമാരന്‍ നായര്‍ സാര്‍ ഒരു പുരോഗമന ആശയക്കാരനാണ്. സാര്‍ അയ്യങ്കാളിയുടേയും സഹോദരന് അയ്യപ്പന്റേയും ശ്രീനാരായണഗുരുദേവന്റെയും ഒക്കെ കഥകള്‍ പഠിപ്പിച്ചു തരും. മാഷ് ഈണത്തില്‍ ചൊല്ലും.
” ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ”
ഒരിക്കല്‍ ക്ഷേത്രപ്രവേശന വിളംബരത്തെ പറ്റി സാറ് പഠിപ്പിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒരു സംഭവം അപ്പു ഇപ്പോഴും ഓര്‍ക്കുന്നു. ആ നാട്ടില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അത് ഒരു പ്രമുഖ നായര്‍ തറവാടിന്റെ കുടുംബക്ഷേത്രം ആയിരുന്നു. അപ്പുവിന്റെ അമ്മ അവനോട് ആ ക്ഷേത്രത്തില്‍ പോകരുതെന്ന് ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു. ഒരിക്കല്‍ അമ്മയുടെ വാക്ക് കേള്‍ക്കാതെ സാറ് ക്ഷേത്രപ്രവേശന വിളംബരം പഠിപ്പിച്ചതിന്റെ ആവേശത്തില്‍ അപ്പുവും വല്യമ്മയുടെ മകനായ ദാമുവും കൂടി ആ ക്ഷേത്രത്തില്‍ കയറി. അത് വൃശ്ചിക മാസ മണ്ഡലചിറപ്പ് നടക്കുന്ന സമയമായിരുന്നു. അവര്‍ ചെല്ലുമ്പോള്‍ പ്രസാദമായ പായസം വിതരണം ചെയ്യുകയായിരുന്നു. അവര്‍ പായസം കണ്ട് കൊതിപൂണ്ട് അത് വാങ്ങി. പായസം വായിലോട്ട് വെച്ചതേ ഉള്ളൂ. ഒരു അലര്‍ച്ച കേട്ട് അവര്‍ തിരിഞ്ഞു നോക്കി
” പുലയാടി മക്കളേ, അമ്പലം അശുദ്ധമാക്കുന്നോ, കടക്ക് പുറത്ത് ”
അവിടത്തെ കാരണവരാണ്. പായസപ്പൊതി അയാള്‍ കയ്യില്‍ നിന്ന് തള്ളി താഴെയിട്ടു. അതില്‍ പിന്നെ അപ്പു അങ്ങോട്ട് പോയിട്ടില്ല.
ഈ കാര്യം അറിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു
” ഏട്ടിലപ്പിടി പയറ്റിലിപ്പിടി എന്ന് കേട്ടിട്ടില്ലേ. പൂണൂല് ആളോളടെ ശരീരത്തിലല്ല മനസിലാ. നമ്മുടാളോര് നല്ലോണം കഷ്ടപ്പെട്ട് ഒരു സ്ഥാനത്ത് എത്തിയാപ്പോലും നാട്ടാര്‍ക്ക് ഒരു വെലേമില്ല. അശാന്തന്റെ മൃതദേഹത്തോടുപോലും കാണിച്ച തോന്ന്യവാസം നമ്മള് കണ്ടതല്ലേ. സ്വാതന്ത്യം കിട്ടി അമ്പതാണ്ട് കഴിഞ്ഞിട്ടും നമ്മുടെ കൂട്ടത്തില്‍ നിന്ന് ഒരു മുഖ്യമന്ത്രീണ്ടായിട്ടുണ്ടോ. തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടി തന്നെ എത്ര വര്‍ഷം ഭരിച്ചു. അതോണ്ടാ അറിവുള്ളോര് പറയണത് കോരന് കുമ്പിളില്‍ തന്നെ കഞ്ഞീന്ന്. ”
അതുപോലെ മറ്റൊരു അനുഭവം ഒരു നമ്പൂതിരി വീടുമായി ബന്ധപ്പെട്ടതാണ്. അന്ന് അപ്പുവും കൂട്ടുകാരും മദ്ധ്യവേനല്‍ അവധിക്കാലത്ത് ഒളിച്ചുകളിക്കുകയായിരുന്നു. ഒരു നമ്പൂതിരി വീട്ടിന്റെ ചായ്പ്പിലാണ് ഒരു തവണ ഒളിച്ചത്. കുട്ടികള്‍ കയറി വീട് അശുദ്ധമാക്കി എന്ന് അവര്‍ അമ്മയോട് പരാതിപ്പട്ടു. കൂടാതെ അവര്‍ കയറിയ മുറി ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുകയും ചെയ്തു.
വീണ്ടും അപ്പുവിന്റെ ശ്രദ്ധ സദ്യയിലേക്ക് വന്നു. അവന് വെറുതേ പോക്കറ്റില്‍ കയ്യിട്ടു. ഒരു തീപ്പെട്ടിപ്പടം, കുറച്ച് വളപ്പൊട്ടുകള്‍, മൂന്ന് നാല് മഞ്ചാടിക്കുരു, ഒരു ചോക്കിന് കഷണം, രണ്ട് മുല്ലപ്പൂവും. അവന് മാത്രം വിലയുള്ള അതെല്ലാം എണ്ണി തിട്ടപ്പെടുത്തി പോക്കറ്റില്‍ നിക്ഷേപിക്കുമ്പോള്‍ ആരോ ചോദിച്ചു.
” എന്തിനാ കുട്ടി വെറുതേ നിക്കണേ ”
അപ്പു ഞെട്ടിത്തരിച്ചു നിന്നു. നേരം ഒരുപാടായിരിക്കുന്നു. കൂടെ ഉണ്ടായിരുന്നവരെല്ലാം അകത്ത് കയറി ഇരിക്കുന്നു. അപ്പുവും അകത്ത് പന്തലിലേക്ക് കയറി. ഒരു കസേരയില്‍ കയറി അന്തസ്സായിട്ട് ഇരുന്നു. വെറുതേ ചുറ്റുപാടും കണ്ണോടിച്ചു.
അപ്പോള്‍ ആരോ വന്ന് തോണ്ടി വിളിച്ചു
” ഉം വന്നവരിരിക്കട്ടെടാ, നീ അങ്ങോട്ട് മാറി നില്ക്ക് ”
അപ്പു വിഷമത്തോടെ എഴുന്നേല്ക്കുമ്പോള് ആരൊക്കെയോ പുറകില്‍ പൊട്ടിച്ചിരിക്കുന്നത് കേട്ടു. അവന് ജാള്യത തോന്നി. എന്തൊക്കെയോ തന്നില്‍ നിന്നും നഷ്ടപ്പെടുന്നു എന്ന ചിന്ത അവനെ വേട്ടയാടി.
അപ്പു പന്തല്മൂലയില് തൂണില്‍ ചിരിനിന്നുകൊണ്ട് വീണ്ടും പോക്കറ്റില്‍ കയ്യോടിച്ചു. അപ്പോഴും വാടിയിട്ടില്ലാത്ത മുല്ലപ്പൂവ് എടുത്ത് വാസനിച്ചു. അകത്ത് ചോറിന്റെയും കറികളുടെയും സ്വാദിഷ്ഠമായ സുഗന്ധം. അത് അപ്പുവിനെ കൊതിപിടിപ്പിച്ചു.
ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ഒരാള്‍ വന്ന് അവിടെ കൂടി നിന്നവരെ ഓരോരുത്തരെയായി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു
തന്റെ ഊഴവും കാത്ത് അപ്പു നിന്നു. പക്ഷേ അവനെ ആരും വിളിച്ചില്ല. വിളിക്കാതെ തന്നെ ചെല്ലാം എന്ന് കരുതി അവന് പന്തലിന്റെ അകത്തേക്ക് ചെന്നു.
അപ്പോള്‍ ആരോ പറയുന്നതു കേട്ടു
” ആളുനിറഞ്ഞു. ഇനി അടുത്ത ട്രിപ്പിന് ഇരിക്കാം ”
മൂന്നാം ഊഴവും കാത്ത് അപ്പു നിന്നു. ഇടയ്ക്കിടെ അകത്തേയ്ക്ക് ഒളിഞ്ഞു നോക്കി. പുന്നെല്ലരിയുടെ ചോറില്‍ പരിപ്പും ചേര്‍ത്ത് ഇളക്കി പപ്പടം പൊടിയുന്ന ശബ്ദം. ആളുകളുടെ പൊട്ടിച്ചിരികള്‍. വായില്‍ നിറഞ്ഞ ഉമിനീര് ഒരു പ്രത്യേകശബ്ദത്തില്‍ ഇറക്കി കൊണ്ട് അപ്പു തന്റെ അവസരവും കാത്ത് നിന്നു
അങ്ങനെ ആ പന്തിയും കഴിഞ്ഞു. അടുത്തതില്‍ സീറ്റുണ്ട്. അപ്പുവും ചെന്നിരുന്നു. ഭാഗ്യം. ചോറ് വിളമ്പാന്‍ നില്‍ക്കുന്നത് സുകുമാരന്‍ മാഷാണ്. അതു നന്നായി. സാറു മാത്രമേ തന്നെ കളിയാക്കാതെയുള്ളൂ. മാഷു മാത്രമേ എല്ലാ തൊഴിലും നല്ലതാണെന്ന് പറയൂ.
വിളമ്പാന്‍ വന്ന സാറ് കസേരയില്‍ ഇരിക്കുന്ന അപ്പുവിനെ കണ്ട് ഞെട്ടി. അപ്പു സാറിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു. അടുത്ത ആളിന്റെ മുന്നിലേക്ക് ചോറുപാത്രം മാറ്റി വെച്ചിട്ട് സാറ് പറഞ്ഞു.
” ങും എഴുന്നേല്ക്കെടാ എല്ലാം കഴിഞ്ഞ് അവസാനം വന്നാല്‍ മതി. എന്തിനാ ഇത്ര തിരക്കു പിടിക്കുന്നത്. നല്ല നല്ല മാന്യന്മാരായ ആളുകളിരിക്കുന്നത് നിനക്ക് കണ്ടുകൂടേ. ”
അപ്പുവിന് സംശയം തോന്നി. സാറു തന്നെയാണോ ഇത് പറഞ്ഞത്
അപ്പു എഴുന്നേറ്റ് മാറി നിന്ന് എല്ലാവരെയും നോക്കി. അവര്‍ക്കൊക്കെ നല്ല ഉടുപ്പുകളുണ്ട്. അതുകൊണ്ടായിരിക്കുമോ അവര്‍ മാന്യന്മാരായത്.
അവസാനം ചെന്നാല്‍ മതിയെന്ന്. അവസാനം കൊടുക്കുക പട്ടിയ്ക്കെല്ലേ. താനും പട്ടിയും ഒരു പോലെ ആണെന്നല്ലേ അതിന്റെ അര്‍ത്ഥം. തോട്ടിയുടെ മകനും പട്ടിയും ഒരുപോലെ ആയിരിക്കും
അപ്പോ സാറു പഠിപ്പിച്ചതോ
ഓ അത് സാറിന് പഠിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതായിരിക്കും.
അവസാനം വരെ നില്‍ക്കേണ്ട. വീട്ടില്‍ ചോറുണ്ടാകും. അതുമതി. അപ്പു സാവധാനം പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു.

കല്യാണത്തിന് പോയ മകന് തിരിച്ചു വരുന്നത് കണ്ടപ്പോള്‍ അമ്മയ്ക്ക് സന്തോഷം തോന്നി. അവനെങ്കിലും ഇന്ന് വയറുനിറയെ കഴിക്കാന്‍ പറ്റിയല്ലോ. ഇന്ന് ചോറുവെയ്ക്കാന് അരിയില്ലായിരുന്നു.
അമ്മ അപ്പുവിന്റെ ഉടുപ്പ് പൊക്കി നോക്കി.
അപ്പു വയര്‍ വീര്‍പ്പിച്ചു പിടിച്ചു.
ചിരിച്ചുകൊണ്ടമ്മ പറഞ്ഞു
” മോന് വയറു നിറച്ചപ്പൊ അമ്മേടെ കാര്യം ഓര്‍ത്തോ ”
അമ്മ കാണാതെയിരിക്കാന്‍ അപ്പു അകത്തെ മുറിയില്‍ പോയി തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞു.
( സമാപ്തം )
Gireesh Namasivayam , Your Soul mate ( 2019 February 25 )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

