76) ചെറുകഥ ഭാനുമതി

കൂനിക്കൂടി ഇരുന്ന് കണ്ണാടി വൃത്തിയാക്കാൻ ശ്രമിക്കുകയാണ് ആ വൃദ്ധ. മുണ്ടിൻ തലപ്പുകൊണ്ട് എത്ര തുടച്ചിട്ടും ആ കണ്ണാടിക്ക് ഒരു തെളിച്ചം വരുന്നില്ല. അവരുടെ കണ്ണുകളേക്കാൾ മങ്ങലേറ്റിരിക്കുന്നത് കണ്ണാടിക്കാണ് എന്ന തിരിച്ചറിവോടെ സർവ്വശക്തിയുമെടുത്ത് കണ്ണാടിക്ക് തെളിച്ചം വരുത്താൻ ശ്രമിക്കുകയാണ് അവർ 

അടുത്ത് പേരക്കുട്ടി കളിക്കുന്നു. ” ഗ്രാൻമയുടെ പേരെന്താ ” ? . നാലുവയസുകാരന്റെ ചോദ്യം അവരെ തളർത്തിക്കളഞ്ഞു. എളുപ്പത്തിൽ അവർക്ക് അതിന് മറുപടി നൽകാൻ കഴിയുമായിരുന്നില്ല.. ഓർമ്മകളുടെ മഹാ ചുഴിയിൽ പെട്ട് അവർ ആടിയുലഞ്ഞു.

 അവർ പേരക്കുട്ടിയിൽ നിന്നും ഒഴിഞ്ഞ് മാറി മുറിയിലെ കട്ടിലിൽ വന്ന് കിടന്നു. സാധാരണ ഉച്ച സമയത്ത് അത്തരം കിടപ്പ് ശീലമില്ലാത്തതാണ്. ഉറങ്ങാനായി അവർ കിടക്കാറില്ല. ഉറക്കം അവരെ പിടിച്ച് കിടത്താറാണ് പതിവ്. ഇനി എന്നെന്നേക്കുമായി ഉറങ്ങി പോകുമോ എന്ന ഒരു ഭയം അവരുടെ ഉള്ളിൽ കൂടുകൂട്ടിയിരുന്നു.

 നാലോ അഞ്ചോ മാസം മുമ്പ് ആശുപത്രിയിൽ പോയപ്പോഴാണ് നാളുകൾക്ക് ശേഷം ഒരാൾ തന്റെ പേര് പറഞ്ഞ് കേട്ടത്: ആശുപത്രി വരാന്തയിൽ മകൾക്കൊപ്പം ഇരുന്ന അവരെ ഡോക്ടറുടെ മുറിയിൽ നിന്നും ഒരു നേഴ്സ് നീട്ടി വിളിച്ചു. “ഭാനുമതി , ഭാനുമതി “

 ആ വിളിക്ക് കാതോർക്കാൻ അവരാദ്യം മറന്നു ! വർഷങ്ങളായി അവർ അവരെ തന്നെ മറന്നു പോയിരുന്നു. പതിനാലാം വയസ് മുതൽ ഭാര്യയായി പിന്നീട് അമ്മ, മുത്തശ്ശി , മുതുമുത്തശ്ശി എന്നിങ്ങനെ സ്ഥാനക്കയറ്റങ്ങൾ കിട്ടിക്കൊണ്ടേയിരുന്നു. അതിനിടയിൽ ഭാനുമതി ആരാണെന്ന് ആരും അന്വേഷിച്ചിരുന്നില്ല എന്നതാണ് സത്യം

സ്കൂളിൽ ചേരാൻ പോയപ്പോൾ ഹെഡ് മാഷിൽ നിന്നാണ് ആദ്യമായി ആ ചോദ്യം പുതുമയോടെ കേട്ടത്: “ന്താ കുട്ടീടെ പേര് ” ? ഒന്നും മിണ്ടാതെ മാഷിന്റെ മുഖത്തേക്ക് നോക്കി മിഴിച്ചു നിന്നു . ” നിന്നെ ന്താ വിളിക്കണേന്ന് പറയി പെണ്ണേ ..! കൂടെ വന്ന അമ്മ പറഞ്ഞു. “നുണച്ചിപ്പാറൂന്ന് . ” നിഷ്കളങ്ക ബാല്യം മൊഴിഞ്ഞു. ഒടുവിൽ അമ്മ പറഞ്ഞു ” സാറ് തന്നെ നല്ലൊരു പേര് എഴുതിക്കോ ” !

 അങ്ങനെ മാഷിന്റെ ഇഷ്ടപ്രകാരം എഴുതിച്ചേർത്ത പേരായിരുന്നു ഭാനുമതി എന്നത് . എഴുതി ചേർക്കൽ മാത്രമായിരുന്നില്ല അത്. ജീവിതത്തിൽ ആദ്യമായി ഒരു വ്യക്തിത്വം ഉണ്ടാവുകയായിരുന്നു. പതിയെ പതിയെ ആ പേരിനെ ഇഷ്ടപ്പെടാൻ തുടങ്ങി. പിന്നെ എപ്പോഴാണ് എല്ലാം വീണ്ടും വിസ്മൃതിയിലേക്ക് പോയത്.

 ” എടീ ഭാനുമതിയേ , നീ എന്താ കിനാവ് കാണുകയാണോ ആ മുറുക്കാൻ ചെല്ലമിങ്ങെടുത്തേ” ഒരു അശരീരി കേട്ടുവോ. ” എന്തോ ..” ഒരു പിടച്ചിലോടെ അവർ വിളികേട്ട് കഴുത്ത് വെട്ടിച്ചു നോക്കി. അത് ഒരു തോന്നലായിരുന്നു എന്ന് തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞു. പതിനെട്ടു വർഷം മുമ്പേ എടീ ഭാനുമത്യേ .. എന്ന വിളി അസ്തമിച്ചതും നെറ്റിയിലെ കുങ്കുമപ്പൊട്ട് മാഞ്ഞതും അവർക്ക് ഓർമ്മയുണ്ടായിരുന്നു. “ബാലേട്ടൻ ” ! വൃദ്ധ മനസിൽ സ്മരിച്ചു.

 അതിന് ശേഷമത്രെ ഭാനുമതി എന്ന സ്വന്തം പേരു പോലും അവർ മറന്നു തുടങ്ങിയത്.. മകന്റെയോ മകളുടെയോ വീടുകളിൽ മാറി മാറി ഒറ്റമുറിയും കുഴമ്പും കഷായവും മാത്രമായി മാറി അവരുടെ ലോകം . കാലക്രമേണ സംസാരശേഷിയുള്ള ഒരു ഊമയായി അവർ പരിവർത്തനം ചെയ്യപ്പെട്ടു. മമ്മയെന്നും ഗ്രാൻമയെന്നും വിളിക്കുന്ന മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവരുടെ പേരെടുത്ത് വിളിക്കേണ്ട ഒരു ആവശ്യവും ഇല്ല :

 എന്തു കഷ്ടമാണിത് എത്ര തുടച്ചിട്ടും ഈ കണ്ണാടിയിലെ പ്രതിബിംബം എന്തേ മങ്ങിയിരിക്കുന്നു. ഇങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് കണ്ണാടിയിൽ മിന്നായം പോലെ ഒരു പെൺകുട്ടിയെ കണ്ടത്. പുള്ളി പാവാടയും മഞ്ഞക്കുപ്പായവും ധരിച്ച് മുടി നീട്ടി മെടഞ്ഞ് വാലിട്ട് കണ്ണെഴുതി കറുത്ത പൊട്ടിട്ട് നിൽക്കുന്ന ഒരു പതിനാലുകാരി . ശുഷ്കിച്ച കൈകൾ കൊണ്ട് അവർ കണ്ണാടിച്ചില്ല് തുടച്ചു . ആ മായക്കാഴ്ചക്ക് നിമിഷങ്ങളുടെ ആയുസേ ഉണ്ടായുള്ളൂ. ഇപ്പോൾ കണ്ണാടി എത്ര തുടച്ച് തെളിച്ചം വരുത്തുവാൻ ശ്രമിച്ചിട്ടും ജരാനര ബാധിച്ച ഒരു ശരീരത്തേയും, നരച്ച പുരികത്തേയും ഒട്ടിയ കവിളുകളെയും കുഴിഞ്ഞ് ആഴമേറി കൊണ്ടിരിക്കുന്ന സജലങ്ങളായ കണ്ണുകളെയും മാത്രമേ അവർക്ക് കാണാൻ കഴിയുന്നുള്ളൂ

 ജനലിനപ്പുറത്ത് ഉണങ്ങിക്കഴിഞ്ഞ് ഇലകളില്ലാത്ത ശിഖരങ്ങളുമായി ഏതു നിമിഷവും കാറ്റിൽ വീണു പോകാൻ സാധ്യതയുള്ള ഒരു ഉണക്കമരം അസ്തമയ സൂര്യനെയും കാത്ത് നിൽപ്പുണ്ടായിരുന്നു.❤️ സമാപ്തം ❤️❤️❤️❤️

……❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക്  സബ് രജിസ്ട്രാർ ആഫീസ്❤❤❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts