52) വിവാഹം സ്വർഗ്ഗത്തിൽ നീണ്ട കഥ

വിവാഹം സ്വർഗ്ഗത്തിൽ ❤ നീണ്ട കഥ.

രണ്ടു ദിവസം കൂടി കഴിഞ്ഞാൽ അയാളുടെ മകളുടെ വിവാഹമാണ്. അതിന്റെ ഒരുക്കങ്ങളിൽ വ്യാപൃതനായി ഇരിക്കുകയാണ് അയാൾ – വലിയ ഒരു ഭാരം ഇറക്കി വെക്കാൻ ഒരുങ്ങുന്ന ചുമട്ടുകാരന്റെ ഭാവമായിരുന്നു അയാൾക്ക്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പറ്റും. പന്തലുകാരൻ, സദ്യ, വണ്ടികൾ, ദൂരെ നിന്ന് വരുന്ന അതിഥികൾക്ക് തങ്ങാൻ ഹോട്ടൽ മുറി ഏർപ്പാട് ചെയ്യണം. കുറച്ച് കാര്യങ്ങൾ മകൻ രാമനാഥനെ ഏൽപ്പിച്ചു – എങ്കിലും എല്ലാത്തിലും അയാളുടെ കണ്ണെത്തിയാലേ തൃപ്തിയാകൂ. മകന് കാര്യ പ്രാപ്തിയില്ല. രണ്ട് പെൺകുട്ടികൾക്ക് ശേഷം ഒരു പാട് വഴിപാട് കഴിച്ചതിന്റെ ഫലമാണ് രാമനാഥൻ ‘ താഴത്ത് വെച്ചാൽ ഉറുമ്പെരിക്കും, തലയിൽ വെച്ചാൽ പേനെ രിക്കും എന്ന മട്ടിൽ ലാളിച്ച് വഷളാക്കി അയാൾ തന്നെയാണ് മകനെ വഷളാക്കിയത്.🐤

അങ്ങിനെയിരിക്കേ ആഡിറ്റോറിയത്തിലെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താനായി അയാൾ അവിടെ പോയിരുന്നു. തിരികെ വരും വഴി സ്റ്റുഡിയോയിലും കയറണം. അങ്ങിനെ ഇരിക്കുമ്പോൾ ഫോണിൽ ഒരു മെസേജ്. അയച്ചത് മകളാണ്. അതെ കല്യാണപ്പെണ്ണ് തന്നെ. വീട്ടിലെ പൂജാമുറിയിൽ ഗണപതിയുടെ ഫോട്ടോയുടെ പിന്നിൽ പരിശോധിക്കുക. ഇതാണ് മെസേജിന്റെ ഉള്ളടക്കം .കല്യാണമായിട്ട് എന്തോ സർപ്രൈസ് തരാനുള്ള ഒരുക്കമാണ്. മൂത്ത മകൾ അയാളുടെ മുറിച്ച മുറിയാണ്. ചിന്തകൾ പോലും ഒരു പോലെയാണ്. മറ്റ് രണ്ട് പേരും അമ്മയെപ്പോലെയാണ്. കഴിഞ്ഞ വർഷം അയാളുടെ മുപ്പതാം വിവാഹ വാർഷികം ഇതുപോലെ ഒരു സർ പ്രെസ് നൽകിയാണ് മകളുടെ നേതൃത്വത്തിൽ ആഘോഷിക്കപ്പെട്ടത് 🐤

അയാൾ സോമനാഥൻ നായർ . മൃഗ സംരക്ഷണ വകുപ്പിൽ നിന്നും കഴിഞ്ഞ വർഷമാണ് പെൻഷൻ പറ്റിയത്. ജോലിയിൽ ഇരുന്നപ്പോൾ തന്നെ മൂത്ത മകൾ സോമലതയുടെ വിവാഹം നടത്താൻ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയതാണ്. അങ്ങിനെ ആകുമ്പോൾ എല്ലാത്തിനും സഹപ്രവർത്തകരുടെ ഒരു സഹായം ഉണ്ടാകും. എന്നാൽ സോമലതയുടെ ജാതകദോഷം മൂലം വിവാഹം നീണ്ടു പോയി. ജാതകവശാൽ ഏഴിൽ ചൊവ്വ’ കൂടാതെ എട്ടിൽ ശനിയും രാഹുവും, ഇങ്ങനെ വന്നാൽ വിവാഹ യോഗമേ ഇല്ലെന്നും ഉണ്ടെങ്കിൽ തന്നെ നാൽപത് കടക്കുമെന്നും പറഞ്ഞ് ജ്യോത്സൻ അയാളെ ഭയപ്പെടുത്തി. ഇത് പൂർവ്വാർജിത ദുരിതമായതിനാൽ പരിഹാരമല്ല; പ്രായശ്ചിത്തമാണ് വേണ്ടത് എന്ന ജ്യോത്സന്റെ നിർദ്ദേശത്തെ മുഖവിലക്ക് എടുത്ത് പഴനി ഉൾപ്പെടെ പ്രധാനക്ഷേത്രങ്ങളിലേക്കെല്ലാം പല തവണ തീർത്ഥയാത്ര നടത്തി 🐤

, .മധ്യമ രജ്ജു നക്ഷത്രത്തിൽ ജനിച്ചതിനാൽ ആദ്യനോട്ടത്തിൽ തന്നെ പത്ത് നക്ഷത്രങ്ങൾ ചേരില്ല എന്ന് വിധിക്കപ്പെട്ടു. നല്ല ചേർച്ചയുള്ള നക്ഷത്രങ്ങൾ എട്ടെണ്ണം മാത്രം. നിർഭാഗ്യവശാൽ ആ നക്ഷത്രങ്ങളിലൊന്നും ആലോചനകൾ വന്നില്ല. ഏതോ ഒന്ന് ചേർന്ന് വന്നപ്പോൾ പയ്യന് അവളുടെയത്ര പൊക്കമില്ല; പഠിത്തവും കുറവ്. എല്ലാം ചേരുമ്പോൾ കുടുംബം ശരിയാകുന്നില്ല. കുടുംബം ശരിയാകുമ്പോൾ ആള് ശരിയാകുന്നില്ല. ഇത് കുറെയായപ്പോൾ മകൾക്കും മടുത്തു. എത്രയാന്ന് വെച്ചാ പെണ്ണ് കാണാൻ ഉടുത്തൊരുങ്ങി നിൽക്കുന്നത് . വിവാഹമേ വേണ്ട എന്ന് പോലും ഒരു ഘട്ടത്തിൽ അവൾ പറഞ്ഞ് കഴിഞ്ഞു. അങ്ങനെ വീണ്ടും ജ്യോതിഷിയെ സമീപിച്ചു. പ്രവൃജ്യാ യോഗം എന്ന വിശേഷപ്പെട്ട സന്യാസിയോഗം അവളുടെ ജാതകത്തിൽ ഉണ്ടെന്ന് ജ്യോത്സ്യൻ പറഞ്ഞു വെച്ചു. ജാതകം പോലെ ഉള്ള കാര്യങ്ങളിൽ അയാൾക്ക് വലിയ വിശ്വാസം ഇല്ല. എന്നാൽ ഭാര്യ കടുത്ത വിശ്വാസിയാണ്.🐤

, ഒടുവിൽ ഏറെ പണിപ്പെട്ടാണ് പവിത്രന്റെ ആലോചന വന്നത്. പയ്യന് സ്ഥിര ജോലി ഒന്നും ആയിട്ടില്ല. ട്യൂട്ടോറിയലിൽ പഠിപ്പിക്കുകയാണ്. ജാതകങ്ങൾ തമ്മിൽ ആറ് പൊരുത്തം ഉണ്ട്. സോമലതയുടെ ജാതകത്തിലെ പ്രധാന ദോഷങ്ങൾക്ക് എല്ലാം ചെറുക്കന്റ ജാതകത്തിൽ പരിഹാരങ്ങൾ ഉണ്ടത്രെ 🐤 ,

സ്ത്രീധനം ഒന്നും അവര് ചോദിച്ചില്ല; നേരിട് ചോദിച്ചില്ല എന്നതാണ് ശരി. നിങ്ങളുടെ മകൾക്ക് എന്താണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന്വച്ചാൽ അതങ്ങ് ട് കൊടുക്വാ. അടക്കപ്പറമ്പിൽ തറവാട്ടു കാര് ഒരിക്കലും മോശമാക്കില്ല എന്നറിയാം. എന്തു കൊടുത്താലും നിങ്ങളുടെ മോൾക്ക് ത ന്യാ. എന്ന് പവിത്രന്റെ അമ്മ പത്മാവതി പറയുമ്പോൾ അതേയതേ എന്ന് അച്ഛൻ ഗോവിന്ദൻ നായർ തല കുലുക്കി. ഏറെ നേരവും പത്മാവതി തന്നെയാണ് സംസാരിച്ചത്. എല്ലാം കഴിഞ്ഞ് ബ്രോക്കർ ചാത്തുണ്ണി വഴി അവർക്ക് 75 പവൻ സ്വർണ്ണം വേണമെന്ന് അറിയിച്ചു. അപ്പോഴേ ഈ വിവാഹം വേണ്ടെന്ന് സോമലത കട്ടായം പറഞ്ഞതാണ്. അയാൾ ഇടപെട്ട് മകളുടെ തീരുമാനം മാറ്റി. ജാതക പൊരുത്തം ഒത്തുവന്ന ഒരു വിവാഹം തട്ടിക്കളയാൻ മനസ് അനുവദിച്ചില്ല.🐤

, വിവാഹത്തെക്കുറിച്ചുള്ള പവിത്ര സങ്കൽപങ്ങളെയെല്ലാം മാറ്റിപ്പറയേണ്ട കാലം അതിക്രമിച്ചുവെന്ന് അയാൾക്ക് തോന്നി. ഗണപതിവിഗ്രഹത്തിന് പിറകിൽ എന്ത് സർപ്രൈസ് ആണ് മകൾ തനിക്കായി കരുതി വെച്ചിരിക്കുന്നത് എന്ന് അയാൾക്ക് ആകാംഷ തോന്നി. പട്ടണത്തിൽ സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിയപ്പോൾ എതിരേ അയാളെ സ്വാഗതം ചെയ്തു കൊണ്ട് നിൽക്കുന്നു ഗോൾഡ ബാർ – ചിന്തയുടെ പാരമ്യത്തിൽ വർഷങ്ങൾക്ക് ശേഷം രണ്ടെണ്ണം വിട്ടാൽ കൊള്ളാമെന്ന് അയാൾക്ക് തോന്നിപ്പോയി. അൻപത്തിയേഴ് വർഷം പഴകിയ അയാളുടെ ശരീരം മദ്യം സ്വീകരിക്കുന്നത് ഇത് അഞ്ചാം തവണയാണ്. അതിനാൽ തന്നെ ഏറെ പ്രതിരോധിച്ചതിന് ശേഷമാണ് അത് മദ്യത്തിന് വഴങ്ങി കൊടുത്തത്. 🐤 .

വീട്ടിൽ കല്യാണത്തോട് അനുബന്ധിച്ച് ഒരാഴ്ച മുമ്പ് തന്നെ മദ്യത്തിന്റെ ഒരു ശേഖരം തന്നെ സ്റ്റോക്ക് ചെയ്യപ്പെട്ട കാര്യം അയാൾ ഓർമ്മിച്ചു. എന്നും രാത്രി മകനും കൂട്ടുകാരും മദ്യത്തിൽ ആറാടുകയാണ് . ഇതിന് മുമ്പ് മകൻ മദ്യപിച്ചു കൊണ്ട് അയാളുടെ മുന്നിൽ വന്നിരുന്നില്ല. എന്നാൽ കല്യാണം പരസ്യം മദ്യപാനത്തിനുള്ള ലൈസൻസ് ആയി മാറി. തന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ ഇത്തരം സംഗതികൾ ഒന്നും വേണ്ട എന്ന് അയാൾ ഏറെ പറഞ്ഞു നോക്കിയതാണ്. കിം ഫലം. ഒരു എൽ ഡി ക്ലാർക്കിന്റെ സമ്പാദ്യം മറിച്ച് ചിന്തിക്കാൻ ഒരിക്കലും അയാളെ അനുവദിച്ചിരുന്നില്ല. എന്നതാണ് സത്യം .ചെറുപ്പം മുതലേ അനുഭവിച്ച കഷ്ടപ്പാടുകൾ അയാളെ ധൂർത്തിന്റെ വിരോധിയാക്കി മാറ്റി. പക്ഷേ അയാളുടെ മൂത്ത മകൾ ഒഴികെ ഭാര്യയും ഇളയ രണ്ട് മക്കളും തന്റെ നേർ വിപരീതമായതിൽ അയാൾക്ക് വിഷമം തോന്നാറുണ്ട്.🐤 ,

പണം ചെലവാക്കാനുള്ള താ ; അതിനുള്ളത് എങ്ങനേം കണ്ടെത്തുക തന്നെ വേണം! ഭാര്യയുടെ ഉപദേശ നിർദേശങ്ങൾ അയാൾ പലപ്പോഴും കേട്ടില്ലെന്ന് നടിച്ചു. കൈക്കൂലി വാങ്ങാനുള്ള സാഹചര്യങ്ങൾ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ധാരാളമായി വന്ന് ഭവിച്ചിട്ടും ആ കുഴികളിലൊന്നും വീഴാതെ ആദർശവാനായി ജീവിച്ച അയാൾക്ക് അതിനൊത്ത് ചിന്തിക്കുന്ന ഒരു സഹധർമ്മിണിയെ കിട്ടിയില്ല എന്ന സങ്കടം മാത്രം അവശേഷിക്കുന്നു. എല്ലാത്തിനും മീതേ പണത്തെ പ്രതിഷ്ഠിച്ച് ജീവിക്കുന്ന ഭാര്യയോട് പലപ്പോഴും അയാൾക്ക് സഹതാപം തോന്നാറുണ്ട്. കുടുംബത്തിന്റെ ആവശ്യങ്ങളും അത്യാവശ്യങ്ങളും നല്ല രീതിയിൽ നിറവേറ്റി ജീവിച്ച് പോന്ന അയാൾ ഒരിക്കലും പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. എൻഗേജ്മെന്റ് തന്നെ ഒരു കല്യാണമാക്കി മാറ്റുന്നത് ഏറെ വൈകിയാണ് കുടുംബനാഥനായ അയാൾക്ക് തിരിച്ചറിയാനായത് 🐤

കല്യാണമെന്തായാലും പണക്കൊഴുപ്പിൽ മുക്കിയെടുക്കാൻ ഞാൻ സമ്മതിക്കില്ല. അന്നേ അയാൾ തീർച്ചയാക്കി ‘ അതിനെല്ലാം മകളിൽ നിന്നും ലഭിച്ച പിന്തുണ അയാളെ ഏറെ സമാധാനിപ്പിക്കുകയും ചെയ്തു. തന്റെ നിലപാടുകളുടെ നേരവകാശി. തന്റെ ആദർശങ്ങൾ അവളുടെ പക്കൽ ഭദ്രമായിരിക്കും എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. അവൾ നന്നായി പഠിച്ചിട്ടും ഒരു സർക്കാർ ജോലി കിട്ടാത്തതിൽ അയാൾക്ക് വിഷമം ഉണ്ടായിരുന്നു. ശ്രമിക്കാഞ്ഞിട്ടല്ല. പല തവണ ലിസ്റ്റിൽ ഉൾപ്പെട്ടതുമാണ്. സംവരണം ഇല്ലാത്തതിനാൽ ജോലി കപ്പിനും ചുണ്ടിനും ഇടയിൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ടു.🐤

മദ്യം അപരിചിതത്വം നടിച്ച് തന്റെ ഇരയെ ശക്തമായി ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സോമനാഥൻപിള്ള തിരിച്ചറിഞ്ഞു. മനപൂർവ്വമാണ് ഇന്നയാൾ മദ്യപിച്ചത്. പോയ കാലത്തെ അസൂയയോടെ തുറിച്ച് നോക്കുന്ന വർത്തമാനകാലത്തിന്റെ നിരാശാ ബോധത്തിൽ നിന്ന് കുറച്ച് നേരത്തേക്കെങ്കിലും രക്ഷപെടണം എന്നയാൾ ആഗ്രഹിച്ചു പോയി. പക്ഷേ അള്ളിപ്പിടിച്ചിരിക്കുന്ന ഓർമ്മകൾ അയാളെ അലോസരപ്പെടുത്തിക്കൊണ്ടേ ഇരുന്നു.പരിപൂർണ്ണ നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ ചുറ്റുപാടിൽ വെളിച്ചം തുപ്പിക്കൊണ്ടിരിക്കുന്ന നിയോൺ വിളക്കുകൾ അയാളെ നോക്കി പരിഹസിച്ചു. ചില കാഴ്ചകൾ മൂർച്ചയുള്ള കോടാലിയെ പോലെ ആണ്. കാലം മണ്ണിട്ട് മൂടിയ പലതും അത് ചില സന്ദർഭങ്ങളിൽ തോണ്ടി പുറത്തെടുക്കും. നിർബന്ധപൂർവ്വം മനസിന്റെ പ്രദർശനശാലയിൽ അവയെ പ്രതിഷ്ഠിക്കും. ഉപയോഗശൂന്യമായ തെങ്കിലും കൈമോശം വന്ന കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെപ്പോലെ അയാൾ ആ ഓർമ്മകളെ ചേർത്തു പിടിച്ച് താലോലിച്ചു.

അന്നൊരു നാൾ മകര കൊയ്ത്തിന്റെ നിറവിൽ നടന്ന ഒരു ഉത്സവം തന്നെയായിരുന്നു അയാളുടെ വിവാഹം .. നടുമുറ്റത്ത് അയൽക്കാരും സുഹൃത്തുക്കളും ചേർന്ന് പന്തലിട്ടു. വലിപ്പച്ചെറുപ്പം നോക്കാതെ സഹകരിക്കാനെത്തിയ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും തമാശകളും നിർദോഷങ്ങളായ കളിയാക്കലുകളും രാവിലത്തെ മകരമഞ്ഞിനെ ചൂടാക്കിയെടുത്തു. ഇന്നത്തെ കാലത്തായിരുന്നുവെങ്കിൽ എത്ര ലിറ്റർ മദ്യം ഒഴുക്കിയാലാണ് ഇതുപോലെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ കഴിയുക എന്ന് അയാൾ ഓർത്തു. പരിചയ സമ്പത്തിന്റെ കുപ്പായം ധരിച്ചെത്തിയ കാരണവൻമാരുടെ ഗൗരവ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും മുഖവിലക്കെടുത്ത ചെറുപ്പക്കാർ തണുപ്പ് മുഴുവനും മാറും മുമ്പ് തന്നെ ചായയും പലഹാരവും കഴിച്ച് പന്തലിട്ട് പിരിഞ്ഞു. വീട്ടുകാർ വെറും കാഴ്ചക്കാരായി നോക്കി നിന്നപ്പോൾ പന്തൽ കാലുകൾ, കവുങ്ങിൻ പാത്തികൾ , മുള കൊണ്ടുള്ള അലകുകൾ തുടങ്ങിയവയെല്ലാം നയാ പൈസ ചിലവില്ലാതെ വീട്ടിലെത്തുന്നു. മറ്റുള്ളവർ പണിയെടുക്കുന്നത് കയ്യും കെട്ടി നോക്കി നിന്ന് ശീലിച്ചില്ലാത്തതിനാൽ കൂന്താലി എടുത്ത് പന്തൽ കാൽ നാട്ടാൻ കുഴിയെടുക്കാൻ തുടങ്ങിയപ്പോൾ അയൽപക്കത്തെ കണാരേട്ടൻ തടഞ്ഞു – കല്യാണച്ചെക്കനാപ്പൊ കുഴി കുത്താൻ ഇരിക്കുന്നേ ‘ അങ്ങ് ട് മാറി നിൽക്വാ –

അവനേയ് രാവിലത്തെ തണുപ്പില് നല്ല സ്വപ്നം കണ്ട് ഒറങ്ങേർന്നു. ഈ തട്ടലും മുട്ടലും കേട്ട് നിവർത്തിയില്യാണ്ട് എറങ്ങിപ്പോന്നതാ 🐤 അത് അപ്പുക്കുട്ടനാണ്. പ്രിയ സതീർത്ഥ്യൻ. ഞങ്ങൾ രണ്ടാളും ഈനാംപേച്ചിയെയും മരപ്പട്ടിയെയും പോലെ കൂട്ടായിരുന്നു. അന്നത്തെ രാത്രിയെ പകലാക്കിയ ഓരോരുത്തരുടെയും മുഖം സോമനാഥൻപിള്ളയുടെ മനസിലൂടെ കടന്നു പോയി. താനെന്തിനാണ് ഇതൊക്കെ ഇപ്പോഴും ആലേഷിക്കുന്നത്. അന്ന് കൂടെയുണ്ടായിരുന്ന അപ്പുക്കുട്ടൻ അടക്കം പലരും ഇന്ന് കൂടെയല്ല – അവരെക്കുറിച്ചുള്ള ദ്രവിച്ചടിയാത്ത ചില ഓർമ്മകൾ മാത്രം തന്നെപ്പോലെയുള്ളവരെ തേടി ഇടയ്ക്ക് അലഞ്ഞ് തിരിഞ്ഞ് എത്തിച്ചേരും. പുതുമഴയിൽ കിളിർക്കുന്ന പുൽനാമ്പ് പോലെ തന്റെ മനസും അപ്പോഴേല്ലാം തുടിച്ചുയർന്ന് വരുന്നത് അയാൾ തിരിച്ചറിയും വാർധക്യത്തിന്റെ അലയാഴിയിലെ തുരുത്തുകളായ ഇത്തരം ഓർമ്മകളിൽ അള്ളിപ്പിടിച്ച് അയാൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഊർജ്ജത്തെ തിരിച്ച് പിടിക്കാൻ ശ്രമിച്ചു. ഒപ്പം പുതിയ കാലത്തിന്റെ വേവലാതികൾ അയാളിൽ നീറിപ്പിടിക്കാനും തുടങ്ങി🐤

സ്വർണ്ണത്തിന്റെ കുതിച്ചുയർന്ന വിലയിൽ പരിഭ്രമിച്ച് നിൽക്കുമ്പോൾ മകൾ പറഞ്ഞു. അച്ഛന് ഇനീം എന്നെ മനസിലായില്ലേ. ഒരു മഞ്ഞലോഹത്തിന്റെ മഞ്ഞളിപ്പിൽ മുങ്ങിപ്പോകുന്ന ബന്ധങ്ങൾ വേണ്ടാന്ന് വെക്കലാ ഇതിലും ഭേദം. ഒരച്ഛന്റെ ഉത്തരവാദിത്വം ഏൽപ്പിച്ച ഭയത്തിൽ നിന്ന് മുക്തി കിട്ടിയില്ലെങ്കിലും മകളുടെ നിലപാടിൽ അയാൾക്ക് കോരിത്തരിപ്പ് അനുഭവപ്പെട്ടു. ഇവൾ തന്റെ മകൾ തന്നെ. താൻ ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ അവൾ ഭദ്രമായി സൂക്ഷിക്കുമെന്ന് അയാൾക്കുറപ്പായി. എങ്കിലുമയാൾ പറഞ്ഞു. അവരതിന് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാ എന്നാലും നമ്മളെ കൊണ്ടാവത് ചെയ്യണം. പിന്നെ പവിത്രനും നമ്മുടെ കൂട്ടത്തിൽ കൂടണ ആള ന്യാന്നാ തോന്നണേ. ഇത് കേട്ട സോമലതയുടെ ചുണ്ടിൽ അർത്ഥം നിർവ്വചിക്കാനാകാത്ത വിധമുള്ള ഒരു ചെറു മന്ദഹാസം വിരിഞ്ഞു. ഓർമ്മകളെ സ്വകാര്യമായി താലോലിക്കാൻ വേണ്ടിയാകണം അവൾ സാവധാനം ആ രംഗത്തു നിന്ന് നിഷ്ക്രമിച്ചു.🐤 ,

, ചെറുക്കൻ കൂട്ടർ ഒന്നും നേരിട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ കൂടി മാന്യമായി തന്നെ മകളെ പന്തലിലേക്ക് ഇറക്കണമെന്ന് ഏതൊരച്ഛനെയും പോലെ സോമനാഥൻപിള്ളയും ആഗ്രഹിച്ചിരുന്നു . അതു കൊണ്ടു തന്നെ അവരുടെ പ്രതീക്ഷയുടെ വ്യാപ്തിയെ കുറിച്ച് അയാൾക്ക് ഒരാശങ്കയും തോന്നിയിരുന്നില്ല. ആരും ഒന്നിനും നിർബന്ധം പിടിക്കുന്നില്ലെങ്കിലും അയാൾ ചെയ്യേണ്ടത് ചെയ്യാൻ സന്നദ്ധനായിരുന്നു. എന്നാൽ ഭാര്യയും ഇളയ രണ്ട് മക്കളും അയാളെ വെറുതെ വിടാൻ തയ്യാറല്ലായിരുന്നു.. എഴുപത്തിയഞ്ച് പവനിൽ കുറഞ്ഞ ഒരു നീക്ക് പോക്കിനും അവർ തയ്യാറായില്ല. കുടുംബത്തിൽ ആദ്യത്തെ കല്യാണമാണ്. ഇത് മോശപ്പെട്ടാൽ ഇനിയുള്ളതിന്റെ ഭാവി കൂടി വെള്ളത്തിലാകും. ഭാര്യയുടെ കുറ്റപ്പെടുത്തലിന്റെ സ്വരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾ. മൂത്തതിന് കൊടുത്തതനുസരിച്ചിരിക്കും ഇളയതിന് വരുന്ന ആലോചനകൾ ‘ തന്റെ ഭാവി നിർണ്ണയിക്കുന്ന ഒരു ഖഡ്ഗം തലയ്ക്ക് മുകളിൽ തൂങ്ങി നിൽക്കുന്നതു പോലെ ഭീതി കലർന്ന ആശങ്കയോടെ അച്ഛനെ തുറിച്ച് നോക്കി കൊണ്ടിരുന്ന ഇളയ മകളെ മുന്നിലേക്ക് വലിച്ച് നീക്കി കൊണ്ടുള്ള ഭാര്യയുടെ ആക്രോശം അയാളെ അമ്പരപ്പിച്ചു. എത്ര സംയമനം പാലിക്കാൻ നോക്കിയാലും ഇടയ്ക്കൊക്കെ മനസ് വിങ്ങിപ്പൊട്ടുന്നത് അയാൾ പണിപ്പെട്ട് അടക്കി. ഭാര്യയോടും ഇളയ മകളോടും ചേർന്ന് മകനും തന്നെ പ്രതിക്കൂട്ടിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് അയാളുടെ നെഞ്ച് കനം വെക്കുക. അവനെ കുറിച്ച് നെയ്തെടുത്ത സ്വപ്നങ്ങൾ മുന്നിൽ വന്ന് പല്ലിളിച്ച് കാട്ടുന്നതു പോലെ അയാൾക്ക് തോന്നും. ആ വർണ്ണസ്വപ്നങ്ങൾ മനസിൽ തിരയടിച്ച് വരികയും അടുത്ത നിമിഷം ഉണങ്ങി കരിഞ്ഞ് യഥാർത്ഥ്യത്തിന്റെ പടുകുഴിയിൽ വീണടിയുകയും അവയ്ക്കു മീതേ യാഥാർത്ഥ്യത്തിന്റെ ഒരു നേർത്ത പാട വന്ന് മൂടുകയും ചെയ്യും🐤

പുതിയ കാലം കാഴ്ച വെക്കുന്ന അനുഭൂതികൾ ആവോളം നുകരാൻ ഈയാംപാറ്റയെ പോലെ പരാക്രമം കാണിക്കുന്ന അവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അയാൾക്ക് മനസിലായി. മുന്നിൽ കാണുന്ന വിശാല വിസ്മയ വീഥിയിലൂടെ പുതിയ തലമുറ സധൈര്യം മുന്നേറുകയാണ്. അമൂല്യമായത് പലതും കൈവശപ്പെടുത്താനുള്ള യാത്രയിൽ പിൻവിളികൾക്ക് അവർ കാതോർക്കാറേയില്ല. അവരെ സംബന്ധിച്ചടത്തോളം ശരി തെറ്റുകളുടെ മൂല്യനിർണ്ണയം പഴഞ്ചൻ ആശയവും അസംബന്ധവുമാണ്. മകന്റെ നീക്കങ്ങളിൽ ആദ്യമൊക്കെ ഉത്കണ്ഠയുണ്ടായിരുന്നുവെങ്കിലും ക്രമേണ മൗനം ഒരു ശീലമാക്കി. എങ്കിലും ഒരു ദിവസം ഒരു ലോഡ് ആഡംബര വസ്തുക്കളുമായി വീട്ടിൽ വന്നു കയറിയ അവനെ കണ്ട് അയാളുടെ സഹനം മുറിഞ്ഞുപോയി. പരിമിതികളുടെ സഹയാത്രികനായ സോമനാഥൻ പിള്ളയിലെ സാധാരണക്കാരനുണർന്നു

. മോനേ, ഇതൊക്കെ കുറച്ച് അധികാട്ടോ; എന്തിനാ ഇത്രേം സാധനങ്ങള് വാങ്ങി കൂട്ടണ്. ഞാനൊക്കെ നിന്റെ പ്രായത്തില് എങ്ങനാ കഴിഞ്ഞന്ന് അറിയ്യോ ?

മകന്റെ കണ്ണുകളിൽ പുശ്ചം നിറഞ്ഞു

അതൊക്കെ ഓർത്ത് ഇനീപ്പൊ സങ്കടപ്പെട്വേ തരളളു അച്ഛാ അച്ഛൻ പഴയ പൊട്ടക്കാലത്ത് ജനിച്ചത് ആരുടെ കുറ്റം കൊണ്ടാ . ഞങ്ങളൊക്കെ ഈ നല്ല കാലത്ത് ജീവിക്കാൻ കൊടുത്തു വെച്ചോരാ . അതിനൊന്നും അസൂയപ്പെട്ടിട്ട് കാര്യമില്ല ” –

അങ്കക്കോഴിയെ പോലെ തലയുയർത്തി അവൻ തുടർന്നു

” ഈ ജീവിതം മാക്സിമം എൻ ജോയ് ചെയ്യാണ് വേണ്ടത്. ആരെന്ത് മുടന്തൻ ന്യായം നിരത്തിയാലും ഞാനത് ചെയ്തിരിക്കും; എന്ത് വില കൊടുത്തും “

അവസാന വാക്ക് ഉച്ചരിക്കുമ്പോൾ അവന്റെ മുഖത്തെ ഭാവം അയാളെ തെല്ല് ഭയപ്പെടുത്തുക തന്നെ ചെയ്തു. പിന്നീടൊരു വാക്കും പറയുവാൻ അതു കൊണ്ടു തന്നെ തോന്നിയതും ഇല്ല. സുഖം അന്വേഷിച്ച് പരക്കം പായുന്ന ഇവർക്കൊക്കെ യഥാർത്ഥ സുഖവും സംതൃപ്തിയും ലഭിക്കുന്നുണ്ടോ. ചെറുപ്പത്തിൽ നീണ്ട കാത്തിരുപ്പിന്റെ അവസാനം ലഭിച്ചിരുന്ന നിറം മങ്ങിയ പരുത്തി കുപ്പായം തനിക്ക് പകർന്ന് തന്ന സുഖവും സന്തോഷവും ജീവിതത്തിൽ ഒരിക്കലെങ്കിലും തന്റെ മകന് ലഭിക്കുമോ. കാരുണ്യം കലർന്ന സഹതാപമാണ് അയാൾക്കപ്പോൾ അവനോട് തോന്നിയത്. 🐤 .

ചിന്തകൾ കാടുകയറുകയാണ്. ലളിതമായ ചടങ്ങിൽ വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് ചേർത്ത് മകളുടെ വിവാഹം നടത്തണം എന്ന ആഗ്രഹം ഏതായാലും നടക്കില്ല എന്ന് അയാൾക്ക് മനസിലായി. നിർബന്ധമായി ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തന്നെ രണ്ടായിരവും കടന്നു കഴിഞ്ഞു സംഭാവന സ്വീകരിക്കുന്നതല്ല എന്ന് ക്ഷണപത്രികയിൽ അച്ചടിക്കണം എന്ന ആഗ്രഹവും ഭാര്യയുടെ ദുരാഗ്രഹം മൂലം നടന്നില്ല. ദിനംപ്രതി കുതിച്ചുയരുന്ന സ്വർണ്ണവില കണക്കുകൂട്ടലുകളെ വീണ്ടും വീണ്ടും തെറ്റിച്ചു. അന്നേ തീയതി വരെ സ്വരുക്കൂട്ടിയ മുഴുവൻ പണവും ചിലവാക്കിയിട്ടും ജ്വലറിയിൽ നിന്നിറങ്ങുമ്പോൾ ഭാര്യയുടെ മുഖം തെളിഞ്ഞിരുന്നില്ല.. ഒരാശ്വാസ വാക്കിന്റെ വൈക്കോൽ തുരുമ്പും കിട്ടിയില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തലിന്റെ മൂർച്ച കൂട്ടുകയാണവർ ചെയ്തത് …

” നിങ്ങളുടെ ഡിപ്പാർട്ടുമെൻറിൽ ജോലി ചെയ്ത ആളുകൾ ഒക്കെ രാജകീയമായിട്ടാണ് മക്കളുടെ വിവാഹം നടത്തുന്നത്. നിങ്ങൾ മാത്രം കൈക്കൂലി വാങ്ങാത്ത ഒരു ‘ ആദർശക്കാരൻ. ആദർശം ചാക്കിൽ കെട്ടി വെച്ചതും കൊണ്ട് നാലാളുടെ മുന്നിൽ മാനം മര്യാദയ്ക്ക് മകളുടെ കല്യാണം നടത്താൻ പറ്റുമോ മനുഷ്യാ ” എന്ന് മുതലാണ് ഇവളുടെ വാക്കുകൾക്ക് ഇത്രയേറെ പാരുഷ്യം ഉണ്ടായിത്തുടങ്ങിയത്. വിവാഹത്തിന് ശേഷം ആദ്യത്തെ കുറെ വർഷങ്ങൾ മധുരം പൊതിഞ്ഞ ഓർമ്മകളുടെ നിലാവ് പടർത്താറുണ്ട്. പിന്നീടെപ്പോഴോ നീണ്ടു നിന്ന അമാവാസി എല്ലാറ്റിനും മീതേ കറുപ്പിന്റെ പുതപ്പു നിവർത്തി .സ്വശ്ചമായി മായി ഒഴുകുന്ന പുഴയിൽ കലർന്ന നഞ്ചു പോലെ കാലം അവരുടെ ദാമ്പത്യത്തെ വിഷമയമാക്കി. തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള കുറ്റപ്പെടുത്തലുകളിൽ ആദ്യമൊക്കെ പകച്ചു പോയിരുന്നു. എങ്കിലും പിന്നീട് അതൊരു ശീലമായി. 🐤 , ,,

എൻഗേജ്മെന്റിന് ശേഷമുള്ള കാര്യങ്ങൾ ഒന്നും തന്നെ അയാളുടെ വരുതിയിൽ നിന്നില്ല. അയാൾ അദൃശ്യമായ വിരലുകൾ നിയന്ത്രിക്കുന്ന ഒരു പാവയെ പോലെയായി മാറി. വീടും പറമ്പും പണയപ്പെടുത്തി അഞ്ചാറു ലക്ഷം രൂപ സമാഹരിച്ചു. അതിൽ സിംഹഭാഗവും വീടിനെ മോടിപിടിപ്പിക്കുവാനും തുണിത്തരങ്ങൾ വാങ്ങാനും ചിലവഴിച്ചു. കുടുംബനാഥനായ അയാളുടെ അഭിപ്രായങ്ങൾ ചവറ്റുകു ട്ടയിലെ പാഴ് വസ്തു പോലെയായി. നിസ്സഹായത നിഴലിച്ച രണ്ട് മുഖങ്ങൾ മാത്രം പരസ്പരം നോക്കി നെടുവീർപ്പെട്ടു. വിവാഹിതയാകാൻ പോകുന്നതിന്റെ പ്രസരിപ്പ് ദൃശ്യമാകാതെ കടുത്ത ദുഖം ഖനീഭവിച്ച് കിടക്കുന്ന മകളുടെ മുഖം കണ്ട് അയാൾ ദീർഘനിശ്വാസം വിട്ടു ‘🐤

, പരസ്പരം ആശ്വസിപ്പിക്കാൻ ഒന്നുമില്ലാതെ നിശബ്ദമായ നോട്ടമയച്ച് അച്ഛന് മുഖം കൊടുക്കാതെ അവളും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. വിവാഹ ദിനം അടുക്കുന്തോറും അവളുടെ മുഖത്തിന് പതിവില്ലാതെ ഒരു ദൃഢത കൈവരുന്നത് അയാൾ കണ്ടു. ഏതോ ഉറച്ച തീരുമാനം എടുത്ത പ്രതീതി. അയാൾക്ക് അത് കണ്ട് നേരിയ ആശങ്ക തോന്നാതിരുന്നില്ല. എങ്കിലും വിവാഹ ഒരുക്കങ്ങളോട് അനുബന്ധിച്ച പ്രത്യേക തിരക്കുകൾ ഗൃഹനാഥന് ചാർത്തിക്കൊടുക്കുന്ന കർത്തവ്യങ്ങളിൽ മുഴുകിയിരുന്നതിനാൽ അത്തരം ആശങ്കകൾ അയാളെ ഏറെയൊന്നും ചിന്തിപ്പിച്ചില്ല.എന്നാൽ ഇപ്പോൾ വീണ്ടും മകളെ പറ്റി ഉള്ള ചിന്തകൾ അയാളെ അലോസരപ്പെടുത്താൻ തുടങ്ങി. അവൾ തന്റെ താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ല എന്നറിയാം. അവളെ വിളിച്ച് നോക്കിയിട്ട് കിട്ടുന്നില്ല. ബസിൽ ഇരുന്നപ്പോഴെല്ലാം അയാളുടെ ചിന്ത ഇതു തന്നെ ആയിരുന്നു, പിന്നെ അയാൾ ഭാര്യയെ വിളിച്ച് മകളെ പറ്റി തിരക്കി. മകൾ കൂട്ടുകാരി അനുരാധയുടെ വീട്ടിൽ പോയിരിക്കുകയാണെന്ന് ഭാര്യ പറഞ്ഞറിഞ്ഞു. അയാൾ ഒന്ന് സമാധാനിച്ചു എങ്കിലും എന്താകും അവൾ കാത്തു വെച്ച സർപ്രൈസ്:🐤

ബസിറങ്ങി അയാൾ നടക്കുകയായിരുന്നില്ല. അക്ഷരാർത്ഥത്തിൽ ഓടുകയായിരുന്നു. വീട്ടിലേക്ക് ചെന്ന് കയറിയ പാടേ ഭാര്യ എന്തോ പറഞ്ഞത് ഗൗനിക്കാതെ അയാൾ പൂജാമുറിയിലേക്ക് ഓടി കയറി. ഭിത്തിയിൽ ചാരി വെച്ചിരുന്ന പണ്ട് അയാൾ മൂകാംബികയിൽ നിന്നും വാങ്ങി കൊണ്ട് വന്ന വലിയ ഗണപതിയുടെ ഫോട്ടോ എടുത്തു മാറ്റി. അവിടെ നാലായി മടക്കിയ ഒരു കടലാസ്. വിറയ്ക്കുന്ന കൈകളോടെ അയാൾ കത്തെടുത്ത് നിവർത്തി വായിക്കാൻ തുടങ്ങി 🐤

എത്രയും പ്രിയപ്പെട്ട അച്ഛന് , … . എനിക്കിപ്പോൾ ഇങ്ങനെ ഒരു വിവാഹം വേണ്ടച്ഛാ ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. എന്റെ ജാതകദോഷം മുതലെടുത്ത് പരമാവധി സ്വർണ്ണവും പണവും കൈക്കലാക്കാനാണ് അവർ ശ്രമിക്കുന്നത്. എനിക്ക് ഇനിയും പഠിക്കണം. പഠിച്ച് പഠിച്ച് ഒരു ജോലി സമ്പാദിച്ചിട്ട് മതി കല്യാണം .ഒരുപാട് രൂപയാകും എന്ന് കരുതി അച്ഛൻ എന്നെ ബി എഡിന് വിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ ആ തീരുമാനം തെറ്റായിരുന്നു എന്ന് അച്ഛന് തോന്നുന്നില്ലേ : അതിനേക്കാൾ എത്രയോ മടങ്ങ് രൂപയാണ് ഈ കല്യാണത്തിന്റെ പേരിൽ പൊടിച്ച് കളഞ്ഞത്. ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ് ആവശ്യം. തൽകാലം കാര്യങ്ങൾ ഒന്ന് കലങ്ങി തെളിയുന്നതുവരെ ഞാൻ കൂട്ടുകാരിയുടെ കൂടെ ഹോസ്റ്റലിൽ നിൽക്കും, എന്റെ തീരുമാനം ആരെയും തോൽപിക്കുവാനോ തരം താഴ്ത്താനോ വേണ്ടിയല്ല എന്ന് അച്ഛനെങ്കിലും മനസിലാക്കണം, അച്ഛന്റെ മകൾ ഇത്രയെങ്കിലും ചെയ്യണ്ടേ. അച്ഛന്റ അനുഗ്രഹം എന്നോടൊപ്പം ഉണ്ടെന്ന ധൈര്യത്തോടെ ഞാൻ പോകുന്നു സ്നേഹത്തോടെ സോമലത 🐤

നിറഞ്ഞു വന്ന കണ്ണുകൾ അക്ഷരങ്ങളെ മറച്ചപ്പോൾ സോമനാഥൻപിള്ള എഴുത്ത് മടക്കി ഇരുന്നിടത്തു തന്നെ വെച്ചു. മനസിൽ എല്ലാ അനുഗ്രഹങ്ങളും മകളിൽ നിശബ്ദം ചൊരിഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു. യഥാർത്ഥ വിവാഹം സ്വർഗ്ഗത്തിൽ വെച്ചാണ് നടക്കുന്നതെന്നും തന്റെ മകളുടെ കാര്യത്തിൽ വിവാഹത്തിന് സമയം ആയിട്ടില്ലെന്നും അയാൾ ചിന്തിച്ചു. പെൺകുട്ടിയാണ് കെട്ടിച്ചു വിടേണ്ടവളാണ് എന്ന അവഗണനയിൽ അവർക്ക് അർഹമായ വിദ്യാഭ്യാസം പോലും നിഷേധിച്ചതിൽ അയാൾക്ക് പശ്ചാത്താപം തോന്നി. തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട്. പഠിച്ച് ഒരു ജോലി കിട്ടിയാൽ ഈ ജാതകദോഷമൊന്നും വിവാഹത്തിന് തടസ മേയല്ല. അതിലൊന്നും വിശ്വാസമില്ലാത്ത ഓപ്പൺ മൈന്റഡ് ആയ ആളുകൾ ക്യൂ നിൽക്കും’ മനസിൽ നിന്നും വലിയ ഒരു ഭാരം ഇറക്കി വെച്ചതു പോലെ അയാൾക്ക് തോന്നി. ഇത്രയും ദിവസം വലിച്ച് കെട്ടിവെച്ച കമ്പികളെല്ലാം ഒന്ന് അയഞ്ഞത് പോലെ – ഇനി ഭാര്യയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്ന പ്രയാസമേ ഉള്ളൂ. അതും തുടക്കത്തിലുള്ള പൊട്ടിത്തെറിയേ ഉള്ളൂ, പിന്നെ ശാന്തമാകും 🐤 സമാപ്തം🐤❤ ഗിരീഷ് നമശിവായം❤www.gforgenius.in

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts