10) മഷിപേന ഉപയോഗിച്ച് ശീലിക്കുക

ബാള്‍ പോയിന്റ് പെന്‍, ജെല്‍ പെന്‍, കളറിങ് പെന്‍, സ്‌കെച്ച് പെന്‍ തുടങ്ങിയവ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നത് പ്രകൃതിക്ക് ദോഷമാണ്. ഇപ്പോള്‍ വില കൂടിയ പല പേനകളും വലിയരീതിയിലുള്ള പ്ലാസ്റ്റിക് കേസുകളിലാണ് ഭംഗിയായി പാക്ക് ചെയ്ത് വരുന്നത്. മണ്ണില്‍ എത്തി നൂറ്റാണ്ടുകളോളം ജീര്‍ണിക്കാതെ കിടക്കുന്ന ഈ മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിന് ഒരു പ്രതിവിധിയാണ് കുട്ടികളെ ചെറുപ്പം മുതലേ മഷിപേന ഉപയോഗിച്ച് ശീലിപ്പിക്കുക എന്നത്.

ഇപ്പോള്‍ കടലാസ് കൊണ്ട് വിത്തുപേന നിര്‍മ്മിക്കുന്നതിനെ പറ്റി വായിച്ച ഒരു വാട്‌സ്ആപ്പ് പോസ്റ്റാണ് ഈ ലേഖനത്തിലേക്ക് എന്നെ നയിച്ചത്. ആ ലേഖനത്തില്‍ അംഗവൈകല്യമുള്ള ഒരാള്‍ നിര്‍മ്മിക്കുന്ന ഓരോ പേനയിലും ഒരു വിത്ത് ഒളിപ്പിച്ച് വെക്കുന്നു. പിന്നീട് പേന ഭൂമിയിലേക്ക് പോകുമ്പോള്‍ കടലാസ് ദ്രവിച്ച് പോകുന്നു. വിത്ത് മരമായി മാറുന്നു. എന്നാല്‍ റീഫില്‍ ഇതിലും പ്ലാസ്റ്റിക് ആണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നിരുന്നാലും വിപണിയിലുള്ള മറ്റ് പേനകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിത്തുപേനകള്‍ പ്രോത്സാഹിപ്പിക്കേണ്ടവ തന്നെയാണ്

മഷിപേന ഉപയോഗിക്കുന്നത് ആരംഭത്തില്‍ ബുദ്ധിമുട്ടായി തോന്നും. ഞാന്‍ പഠിച്ചത് പുനലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലാണ്. അന്ന് മഷിപേന കൊണ്ടായിരുന്നു എഴുതിയിരുന്നത്. സ്‌കൂളിന് അടുത്തുള്ള അച്ചന്‍കുഞ്ഞിന്റെ കടയില്‍ നിന്ന് ഇരുപത്തഞ്ച് പൈസയ്ക്ക് മഷി വാങ്ങുന്നത് ഇപ്പോഴും ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍ക്കുന്നു. ക്ലാസ് ടീച്ചറായ കൃഷ്ണകുമാരി ടീച്ചറുടെ പ്രേരണയിലായിരുന്നു ഈ മഷിപേന ഭ്രമം ഉണ്ടായി വന്നത് എന്നാണ് ഓര്‍മ്മ.

എന്നാല്‍ കാലക്രമേണ മഷിപേന ഉപയോഗിക്കുന്നത് കുറഞ്ഞു.പിന്നീട് രജിസ്‌ട്രേഷന്‍ വകുപ്പില്‍ വന്നപ്പോഴാണ് മഷിപേന വീണ്ടും ഉപയോഗിച്ച് തുടങ്ങിയത്. ആധാരത്തിന്റെ ഫയലിങ്ഷീറ്റില്‍ പുറത്തെഴുത്ത് പകര്‍ത്തുന്നത് കറുപ്പ് മഷി പേന കൊണ്ട് തന്നെ വേണം എന്നത് രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിര്‍ബന്ധമാണ്. ആദ്യമൊന്നും മഷിപേന കൈക്ക് വഴങ്ങി തന്നില്ല. ഈ എഴുത്ത് കാരണം പോസ്റ്റല്‍വകുപ്പില്‍ നിന്നും രാജിവെച്ച് രജിസ്‌ട്രേഷന്‍ വകുപ്പില്‍ വന്നതില്‍ വിഷമം തോന്നി. എന്നാല്‍ പെട്ടെന്ന് തന്നെ മഷിപേനയുമായി താദാത്മ്യം പ്രാപിച്ചു. ഏതാണ്ട് ആ കാലഘട്ടത്തിലാണ് വകുപ്പിലെ കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ഡിജിറ്റല്‍ ഇമേജ് പ്രിന്റര്‍ വ്യാപകമായത്. അതോടെ കൈപ്പട പകര്‍പ്പ് എഴുതിയിരുന്നത് അവസാനിച്ചു.

കാലക്രമത്തില്‍ മറ്റേത് പേന കൊണ്ട് എഴുതുന്നതിനേക്കാള്‍ ഭംഗിയായി മഷിപേന കൊണ്ട് എഴുതാന്‍ കഴിയുന്നുണ്ട്. ചെറുപ്പത്തിലേ മഷിപേന ഉപയോഗിച്ചാല്‍ കൈയ്യക്ഷരവും മെച്ചപ്പെടും എന്ന് പറയപ്പെടുന്നു. ഈ സാമാന്യനിയമത്തിന് വിരുദ്ധമാണ് എന്റെ കാര്യം. എന്റെ കയ്യക്ഷരം വളരെ മോശമാണ്. ചിലപ്പോഴൊക്കെ ഞാന്‍ എഴുതുന്നത് എനിക്ക് തന്നെ വായിക്കാന്‍ കഴിയാറില്ല. ഇത് ജീനിയസുകളുടെ എല്ലാം ഒരു പൊതു സ്വഭാവമാണ് എന്ന് വേണം കരുതാന്‍. ഗാന്ധിജിയുടെ കയ്യക്ഷരവും മോശമായിരുന്നുവല്ലോ.! പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകുമ്പോള്‍ മണിക്കൂറുകളോളം പറയുന്ന കാര്യങ്ങള്‍ കൊച്ച് ഒരു തുണ്ട് കടലാസില്‍ ഷോര്‍ട്ട് ഹാന്റ് പോലെ ഞാന്‍ എഴുതിയെടുക്കുന്നത് കണ്ട് എന്റെ സുഹൃത്തുക്കള്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ആ ചെറിയ പേപ്പറില്‍ നിന്നും അല്‍പം പോലും വിട്ടുപോകാതെ പ്രഭാഷണത്തിന്റെ രത്‌നച്ചുരുക്കം റീക്രിയേറ്റ് ചെയ്യാന്‍ എനിക്ക് നിമിഷങ്ങളേ വേണ്ടൂ.

ഞാന്‍ ഈ ലേഖനത്തില്‍ പറയാന്‍ ശ്രമിച്ചത് മഷിപേന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് നമുക്ക് പ്രകൃതിയോട് ചെയ്യാന്‍ കഴിയുന്ന ഒരു നല്ല കാര്യമാണ് എന്നതാണ്.

എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു. 

സ്‌നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 ജൂലൈ 2 )

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts