12) ചെറുകഥ– സൂസി

( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ കുറച്ച് ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു )

എന്റെ വീടിനടുത്തായിരുന്നു അവളുടെ വാസസ്ഥലം. അവളുടെ ശരിയായ പേര് എന്താണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. സൂസി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്. സൂസി എന്ന് നീട്ടി വിളിച്ചാല്‍ വിളി കേള്‍ക്കും. നിരവധി മരങ്ങളും ചെടികളും നിറഞ്ഞ മതില്‍ക്കെട്ടിനടുത്താണ് എന്റെ വാടകവീട്. ഞാന്‍ ജോലി ചെയ്യുന്നത് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ്. ഇ നി കഥയിലേക്ക് കടക്കാം.

നമ്മുടെ കഥാനായിക സൂസി ഒറ്റയ്ക്കായിരുന്നു താമസം. എല്ലാവര്‍ക്കും സൂസിയെ വലിയ കാര്യമായിരുന്നു.

ഒരു ദിവസം നേരം സന്ധ്യ ആയിട്ടും അവളെ കാണാതായപ്പോള്‍ മനസ് വേദനിച്ചു. എന്തേ അവള്‍ വരാത്തത്. ഇന്നലത്തെ പിണക്കമായിരിക്കുമോ. ? ഇന്നലെ അത്താഴമുണ്ണാനിരുന്നപ്പോള്‍ അവള്‍ വന്ന് എനിക്ക് വേണ്ടി ഒരുക്കി വെച്ചിരുന്ന ആഹാരത്തില്‍ നിന്നും അല്‍പ്പമെടുത്തു കഴിച്ചുകളഞ്ഞു. അമ്മ അവള്‍ക്ക് ഒരു അടി കൊടുത്തു. അവള്‍ക്ക് വേദനിച്ചു.

” നീ ഒരുത്തനാ അവളെ വഷളാക്കുന്നേ ”

അമ്മയുടെ കുറ്റപ്പെടുത്തല്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല

എനിക്ക് വേണ്ടി ഒരുക്കിയത് അവളു കഴിച്ചെന്നും പറഞ്ഞ് നഷ്ടമൊന്നുമില്ലല്ലോ

ഞാന്‍ പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അമ്മയുടെ മുഖം വീര്‍ത്തു. സൂസി എന്നെ നോക്കി കരയുകയാണ്. അവളുടെ കണ്ണുനീര്‍ കാണാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.

ആരെയും വശീകരിക്കുന്നതാണ് അവളുടെ സൗന്ദര്യം. അതുകൊണ്ടു മാത്രമാണ് ഞാനവളെ സ്‌നേഹിക്കുന്നത്.. അമ്മയ്ക്ക് അവളോട് വെറുപ്പാണ്. അനാഥയായ അവളെ ഞാന്‍ കൊണ്ടുവന്നപ്പോള്‍ അമ്മ എന്നെ ഒരുപാട് ശകാരിച്ചു.. പക്ഷേ ഞാന്‍ ഒന്നും ചെവിക്കൊണ്ടില്ല. അന്നുമുതല്‍ വീടിനോട് ചേര്‍ന്ന ചായ്പ്പിലാണ് അവളുടെ താമസം.

” സൂസീ കരയാതെ ”

ഞാനവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ എന്റെ കൊമ്പന്‍മീശ കാണുമ്പോഴേക്കും അവള്‍ ഓടിയൊളിക്കുമായിരുന്നു. ക്രമേണ എന്നോടവള്‍ അടുക്കുവാന്‍ തുടങ്ങി. അവളുടെ നീലക്കണ്ണുകള്‍ എന്നെ വല്ലാതെ വശീകരിച്ചു.

സൂസി കരച്ചില്‍ നിര്‍ത്തുന്ന മട്ടില്ല.

അയ്യേ കൊച്ചുകുട്ടികളെ പോലെ കരയുകയാണോ ?

എന്റെ ചോദ്യം കേട്ടതായി പോലും ഭാവിക്കാതെ കരഞ്ഞുകൊണ്ടു തന്നെ അവള്‍ ചായിപ്പിലേക്ക് പോയി

എനിക്ക് വിശപ്പ് തോന്നിയില്ല.പേരിന് വേണ്ടി സ്വല്‍പ്പം ആഹാരം കഴിച്ചിട്ട് കൈ കഴുകി. അപ്പോള്‍ അമ്മ പറഞ്ഞു

” രണ്ട് കൊടുത്തില്ലേല്‍ ഇനി നാളെയും ഇതാവര്‍ത്തിക്കും”

എന്റെ മറുപടി ഒരു മൂളല്‍ മാത്രമായിരുന്നു.ഞാന്‍ കൊടുക്കുന്ന അധിക വാല്‍സല്യം മൂലമാണ് അവള്‍ അധികാരത്തോടെ തനിക്ക് വിളമ്പിവെച്ച ആഹാരം കഴിച്ചത്. അമ്മയെ ധിക്കരിച്ചെന്ന് അമ്മ വിചാരിച്ചു കാണും. എന്നാലും എന്റെ കണ്‍മുന്നില്‍ വെച്ച് അവളെ തല്ലരുതായിരുന്നു. ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. മനസ് നിറയെ അവളായിരുന്നു
കുറച്ച് ദിവസത്തേക്ക് സൂസി എന്റെ കണ്‍വെട്ടത്ത് വന്നില്ല. ഓഫീസില്‍ നല്ല ജോലിത്തിരക്ക് ഉള്ളതിനാല്‍ എനിക്ക് അവളെ പറ്റി അന്വേഷിക്കുവാന്‍ നേരം കിട്ടിയില്ല എന്നതാണ് വാസ്തവം. മാര്‍ച്ച് ആയതിനാല്‍ ആധാരങ്ങളുടെ എണ്ണം കൂടുതലാണ്. മാത്രമല്ല പുതിയതായി സ്ഥലം മാറി വന്ന സബ് രജിസ്ട്രാര്‍ ജാക്‌സണ്‍ സാര്‍ ജോലിയില്‍ കണിശക്കാരനാണ്. അതുകൊണ്ട് തന്നെ പുറത്തെഴുത്ത് പകര്‍ത്താനുള്ള ആധാരങ്ങളും ഷീറ്റും വീട്ടില്‍ കൊണ്ടുവന്നാണ് ജോലി തീര്‍ക്കുന്നത്

സൂസി മറ്റുള്ളവരുടെ സഹായയത്തോടെ ആണ് ജീവിക്കുന്നത്. അവള്‍ അനാഥയാണ്. അച്ഛനാരാണ് എന്നോ അമ്മയാരാണ് എന്നോ അറിയില്ല. ദിവസങ്ങള്‍ കടന്ന് പോയി. അതിനിടയില്‍ സൂസിയില്‍ ചില മാറ്റങ്ങള്‍ പ്രകടമായി തുടങ്ങി. അവളുടെ വയര്‍ മെല്ലെ മെല്ലെ വീര്‍ത്ത് വരുന്നുണ്ടോ എന്നൊരു സംശയം. സംശയമല്ല. ശരിയായിരുന്നു. അവള്‍ ഗര്‍ഭിണിയായിരുന്നു. ആരാണ് ഉത്തരവാദി.? എനിക്ക് പല വിവാഹാലോചനകളും വരുന്ന സമയമാണ് എന്നോര്‍ക്കണം. ആരാണ് സൂസിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ? പലരും പല പേരുകളും പറയാന്‍ തുടങ്ങി. അപ്പുറത്തുള്ള കറമ്പനും കണ്ടനുമൊക്കെ സന്ധ്യ മയങ്ങിയാല്‍ പാത്തും പതുങ്ങിയും ചായിപ്പില്‍ വരാറുണ്ടെന്ന് ചിലര്‍ പറഞ്ഞു. ശരിയാണ്. ഞാനും കാണുന്നുണ്ട്.

നാളുകള്‍ കടന്ന് പോയി. സൂസിയുടെ മുഖത്ത് ഒരു വല്ലാത്ത നിശ്ചയധാര്‍ഷ്ട്യം പ്രകടമായി. എന്തോ തീരുമാനിച്ച മട്ട്. ഒരു ആണ്‍തുണ ഇല്ലെങ്കിലും പെറ്റ് കുട്ടികളെ വളര്‍ത്തും എന്ന അവളുടെ തീരുമാനം നന്നായി എന്ന് ഞാനും കരുതി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൂസി പ്രസവിച്ചു. ഇരട്ടക്കുട്ടികളാണ്. ഭംഗിയുള്ള രണ്ട് കുഞ്ഞുങ്ങള്‍. ഒരാണും ഒരു പെണ്ണും. ആദ്യമൊക്കെ ബാധ്യതയായാലോ എന്ന് ഭയന്ന് അമ്മയെയും മക്കളെയും എല്ലാവരും ആട്ടിപ്പായിക്കുമായിരുന്നു.

എങ്കിലും വളരെ പെട്ടെന്ന് തന്നെ നിഷ്‌കളങ്കരായ ആ പിഞ്ചു കുട്ടികളുടെ കളിയും ചിരിയും ഞങ്ങളെ അവരിലേക്ക് അടുപ്പിച്ചു. പെട്ടെന്ന് തന്നെ ആ സുന്ദരിക്കുട്ടികള്‍ ഞങ്ങളുമായി നല്ല ചങ്ങാത്തത്തിലായി. കുട്ടികള്‍ വളര്‍ന്ന് വന്ന് ഓടാനും ചാടാനും തുടങ്ങി. എന്റെ വാടകവീടിന്റെ വരാന്തയില്‍ അവര്‍ മിക്കപ്പോഴും ഉണ്ടാകും. ഞങ്ങള്‍ കഴിക്കുന്നതില്‍ നിന്നും കുറച്ച് അവര്‍ക്കും കൊടുക്കും. ഞങ്ങള്‍ ആ കുട്ടികള്‍ക്ക് അമ്മുവെന്നും അപ്പുവെന്നും പേരിട്ടു.

പെട്ടെന്നൊരു ദിവസം സൂസി രോഗബാധിതയായി.സൂസിയുടെ ആരോഗ്യം നാള്‍ക്ക് നാള്‍ മോശമായി വന്നു. ഒടുവില്‍ ഒരു നാള്‍ ഞങ്ങളെ എല്ലാം വിട്ട് അവള്‍ യാത്രയായി. ആ ദേഹവിയോഗം രണ്ട് കുട്ടികളെയും അനാഥരാക്കി സൂസിയുടെ മൃതദേഹം ആരൊക്കെയോ ചേര്‍ന്ന് അടക്കം ചെയ്തു. അമ്മയെ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങളുടെ രോദനം ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു. സൂസിയുടെ മരണശേഷം എല്ലാവരും കുട്ടികളെ കൂടുതല്‍ സ്‌നേഹിക്കുവാന്‍ തുടങ്ങി.

അമ്മയില്ലാതെ വളരുന്ന കുഞ്ഞുങ്ങളുടെ മനസ് വേദനിക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു. കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുന്നതിനായി എന്റെ കരവലയങ്ങള്‍ക്കുള്ളില്‍ ഒതുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ങ്യാവൂ മ്യാവൂ എന്ന് കരഞ്ഞ് കൊണ്ട് അവറ്റകള്‍ ജന്നല്‍ വഴി ചാടി ഒരോട്ടം. അടുക്കളയില്‍ അമ്മ മീന്‍ വെട്ടിക്കൊണ്ടിരിക്കുകയാണ്. അത് തിന്നാനുള്ള പോക്കാണ്. കൊതിയന്‍മാര്‍. എന്റെ ഈ പൂച്ചപ്രേമം കൊണ്ട് അമ്മയും പിന്നീട് എന്റെ ഭാര്യയായി മാറിയ രേവതിയും പൊറുതിമുട്ടിയിരുന്നു. പില്‍ക്കാലത്ത് ഞാന്‍ രജിസ്‌ട്രേഷന്‍ ഐജി ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി പ്രൊമോഷന്‍ കിട്ടി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരതാമസം ആക്കിയപ്പോഴഉം വെള്ളയില്‍ കറുപ്പുവരകളുള്ള ഒരു പൂച്ചയെ ഓമനിച്ച് വളര്‍ത്തിയിരുന്നു
( സമാപ്തം )

 

ഗിരീഷ് നമശിവായം ( 2019 സെപ്റ്റംബർ 8 )

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts