( എന്റെ മകള്‍ക്ക് എന്ന് പേരുള്ള ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത എഡിറ്ററുടെ കത്രിക എന്ന ഒരു കഥ കുറച്ച് ഭേദപ്പെടുത്തി പ്രിയേ നിനക്കായ് എന്ന പേരില്‍ അവതരിപ്പിക്കുന്നു )

ഭംഗിയായി ഡിസൈന്‍ ചെയ്തിരുന്ന ജന്നല്‍ തിരശീല നീക്കി , ഇരുമ്പഴികളില്‍ പിടിച്ചുകൊണ്ട് തിരക്കഥാകൃത്ത് പുറത്തേക്ക് കണ്ണോടിച്ചു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പടിഞ്ഞാറാകാശത്തില്‍ കുങ്കുമച്ചോപ്പ് ചാര്‍ത്തിയിരിക്കുന്നു. പ്രകൃതി സുന്ദരിയുടെ തുടുത്ത കവിള്‍ത്തടങ്ങളിലെ അരുണിമയാണ് ആ ചുവപ്പു വര്‍ണമെന്ന് ഉത്‌പ്രേക്ഷിച്ചാലോ എന്ന് സാഹിത്യകാരന്‍ സംശയിച്ചു. ഹായ് നല്ല ഒന്നാന്തരം ഭാവന.. സാഹിത്യകാരന്‍ മനസില്‍ ഉറക്കെ ചിരിച്ചു ആവട്ടെ തന്റെ അടുത്ത തിരക്കഥയുടെ തുടക്കം ഇങ്ങനെയായി കളയാം.
ആകാശത്തിന്റെ അനന്തസീമയിലേക്ക് കണ്ണോടിച്ചുകൊണ്ടു നിന്നപ്പോള്‍ സാഹിത്യകാരന് തോന്നി തന്റെ ജീവിതം തന്നെ ശൂന്യതയാണെന്ന്. വെറും ശൂന്യത. ഈ അപാരമായ ശൂന്യതയുടെ മഞ്ഞിലൂടെ മനുഷ്യരുടെ നിഴലുകളങ്ങനെ നീങ്ങുന്നു. ചില നിഴലുകള്‍ മറ്റുള്ളവയുടെ മേല്‍ പതിക്കുന്നു. ചിലത് തെളിയുന്നു, മായുന്നു., നിഴലുകള്‍ക്ക് കട്ടി കൂടുന്നു.. അപ്പോള്‍ വേദനിക്കുന്ന സ്മരണകളുമായി ഗതി കിട്ടാത്ത പ്രേതം പോലെ ചില മനുഷ്യക്കോലങ്ങളിവിടെ അലഞ്ഞു നടക്കുന്നു
വേണ്ട, ഇങ്ങനെ ചിന്തിച്ചാല്‍ താനൊരു മിസ്റ്റിക് ആയി തീരും . ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ സാഹിത്യകാരന്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു
” ഓ , സുന്ദരീ , ഇന്നു മുഴുവനും ഞാന്‍ നിന്റെ സമീപത്തായിരുന്നുവല്ലോ, നിന്റെ തളര്‍ന്ന മിഴികള്‍ കാണുവാനെന്തൊരു ഭംഗിയാണ്. നിന്റെ നൈസര്‍ഗിക സൗന്ദര്യമാകുന്ന അമൃത് ആവോളം ആസ്വദിക്കുവാന്‍ നീയെന്നെ നിശബ്ദം അനുവദിച്ചു. നിന്റെ ചുണ്ടിലെ കുസൃതിചിരി ആ മൗനാനുവാദത്തിന്റെ സൂചനയായിരുന്നില്ലേ. നന്ദി സുന്ദരീ നന്ദി. ജീവിതം വെറും ശൂന്യതയല്ലെന്നും അതിന്നഗാധമായ എന്തോ അര്‍ത്ഥമുണ്ടെന്നും നിന്റെ നീലക്കണ്ണുകളില്‍ ഞാനിപ്പോള്‍ വായിക്കുന്നു. ”

അയാൾ എഴുതിയ കഥകളെല്ലാം വായിക്കാനിഷ്ടപ്പെടുന്ന ഒരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു….അവൾക്ക് വായിക്കാൻ വേണ്ടി മാത്രം കഥയെഴുതി നടന്ന ഒരു കാലം അയാൾക്ക് ഉണ്ടായിരുന്നു….. അദ്ഭുതത്തോടെ ഒരു നാൾ കേട്ടു തന്റെ കഥകളിലൂടെ അവൾ തന്നെ ആരാധിക്കുന്നു….. സ്നേഹിക്കുന്നു…..
ആവേശത്തോടെ പ്രേമപൂര്‍വ്വമായ ദൃഷ്ടികളോടെ സാഹിത്യകാരന്‍ തന്റെ മേശപ്പുറത്തുള്ള ആ സുന്ദരിയുടെ പ്രതിമയെ കടാക്ഷിച്ചു. ഈ സുന്ദരിയായ മാലാഖയുടെ പ്രതിമ തനിക്ക് സമ്മാനിച്ച ആ സുന്ദരി ഇപ്പോള്‍ എവിടെയായിരിക്കും.?
അടുത്തു തന്നെ പുറത്തിറങ്ങാൻ പോകുന്ന തന്റെ സിനിമയിലെ നായിക അവളാണല്ലോ…. ഈ ലോകത്ത് എവിടെയായിരുന്നാലും അവൾ ആ സിനിമ കാണും….അവൾ ഓർത്തോർത്ത് കരയുകയും നെടുവീർപ്പെടുകയും ചെയ്യും….തന്നെ വിട്ടുപോയത് തീരാത്ത കഷ്ടമായിപ്പോയെന്ന് അവൾ വിങ്ങിപ്പൊട്ടും…..
.
സുഹൃത്തായ നിർമ്മാതാവ് സിനിമയ്ക്കായി അയച്ച് തന്ന പ്രതിഫലത്തിന്റെ അഡ്വാന്‍സ് കൊണ്ടാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലും സാഹിത്യകാരന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം അയാളുടെ കത്ത് ഉണ്ടായിരുന്നു. താങ്കളുടെ തിരക്കഥ ഉടൻ സിനിമയാകുന്നതിൽ സന്തോഷം ഉണ്ട്. പക്ഷേ ആധുനിക അനുവാചകരുടെ അഭിരുചിക്ക് അനുസൃതമായി അല്‍പം റൊമാന്‍സും സസ്‌പെന്‍സും ഒക്കെ അതിലുള്‍പ്പെടുത്തിയേ തീരൂ. അതിനാവശ്യമായ മാറ്റം വരുത്തുവാന്‍ സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താങ്കള്‍ക്ക് വല്ല നിര്‍ദേശവും ഉണ്ടെങ്കില്‍ എഴുതി അറിയിക്കുകയോ വന്ന് കാണുകയോ ചെയ്യുമല്ലോ
ഉടനേ തന്നെ നിർമ്മാതാവിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് തോന്നി. തന്റെ ജീവരക്തത്തില്‍ തൂലിക മുക്കിയാണ് ആ ചിത്രങ്ങള്‍ക്ക് നിറം കൊടുത്തത്. ക്രൂരമായ ഈ ലോകത്തിലെ ചില തിക്താനുഭവങ്ങളുടെ നഗ്നചിത്രീകരണമാണത്. അതില്‍ അണു പോലും മാറ്റം വരുത്തുക എന്ന് പറയുന്നത് തന്നിലെ സാഹിത്യകാരനോടുള്ള വെല്ലുവിളിയാണ്
ഉടന്‍ നിർമ്മാതാവിനെ പോയി കണ്ടു. മാറ്റം വരുത്തിയ തിരക്കഥ അദ്ദേഹം കാണിച്ചു തന്നു. ഒന്ന് കണ്ണോടിച്ചതേ ഉള്ളൂ. ചൂളിപ്പോയി. വെട്ടിത്തിരുത്തി തന്റെ കൃതിയെ ആകെ വികലമാക്കിയിരിക്കുന്നു
ഈ കഥയില്‍ തന്റെ ജീവനാണ് തുടിക്കുന്നതെന്ന് സംവിധായകന് അറിയില്ല. സാഹിത്യകാരന്റെ രോഷാഗ്നി ആളിക്കത്തി. ഇങ്ങനെ ഈ രൂപത്തില്‍ ഈ കഥ പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ് നല്ലത്. അയാള്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു.
പത്രാധിപര്‍ പറഞ്ഞു. ഞങ്ങള്‍ നിര്‍വ്യാജം വ്യസനിക്കുന്നു. ഇങ്ങനെയൊരു മാറ്റം വരുത്തിയില്ല എങ്കില്‍ സഹൃദയലോകം ആസ്വദിക്കാനുണ്ടാകില്ല.
”പ്രിയപ്പെട്ട സംവിധായകാ , താങ്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം എന്നിലെ കലാകാരന്റെ മനസാക്ഷിയെ ബലി കഴിക്കാന്‍ ഞാന്‍ തയ്യാറല്ല ”
ഹ ഹ ഹ വലിയ ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. ഞങ്ങൾ സാറിനെ ഒന്ന് പരീക്ഷിച്ചതല്ലേ , താങ്കൾ എഴുതിയതിൽ ഒരുവരി പോലും എടുത്ത് കളയാനുമില്ല , കൂട്ടിച്ചേർക്കാനുമില്ല. ഈ സിനിമ മലയാള സിനിമാചരിത്രത്തിൽ ഇടം പിടിക്കും
( ഈ കഥ തുടരും )

