15) കഥ – ഒരു മദ്യപാനി ജനിക്കുന്നു

( എന്റെ മകള്‍ക്ക് എന്ന് പേരായ ചെറുകഥാസമാഹാരത്തില്‍ നിന്നും എടുത്ത ഒരു കഥ ഭേദപ്പെടുത്തി അവതരിപ്പിക്കുന്നു )

ബാലഗോപാലന്‍ ആഢ്യത്വമുള്ള തറവാട്ടിലാണ് ജനിച്ചത്. അച്ഛന്‍ ഗോവിന്ദന്‍ നായര്‍, അമ്മ വിലാസിനി. മാതാപിതാക്കള്‍ മൂല്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ അയാളെ ശീലിപ്പിച്ചു. വയസ് മുപ്പത് ആയിട്ടും അയാള്‍ സിഗററ്റോ മദ്യമോ കൈ കൊണ്ട് തൊട്ടിട്ടുപോലുമില്ല.

ബാല്യം കടന്നു , കൗമാരവും , ഒടുവില്‍ യൗവ്വനം പുതിയ മേച്ചില്‍പുറങ്ങള്‍ തീര്‍ക്കുകയും ചെയ്തു. അങ്ങിനെയിരിക്കെയാണ് അയാള്‍ക്ക് മരാമത്ത് വകുപ്പില്‍ ജോലി കിട്ടിയത്. ജോലി ഒരു വൃത്തമായി. ആ വൃത്തത്തില്‍ കിടന്ന് അയാള്‍ കറങ്ങി കൊണ്ടേയിരുന്നു.കൈക്കൂലി ധാരാളം കിട്ടുന്ന വകുപ്പാണ്. എന്നാല്‍ അച്ഛന്റെ ആദര്‍ശം അവിടെയും അയാള്‍ പിന്തുടര്‍ന്നു. കക്ഷികളും കരാറുകാരും എത്ര പ്രലോഭിപ്പിച്ചിട്ടും കൈക്കൂലി വാങ്ങില്ല എന്ന തീരുമാനത്തില്‍ അയാള്‍ ഉറച്ചുനിന്നു.

ബാലഗോപാലന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ബാലഗോപാലനെ സംബന്ധിച്ച് ചെറിയ ഒരു കാര്യമിതാ– അതായത് വൈകുന്നേരം ഓഫീസ് വിട്ടിറങ്ങി അയാള്‍ ബസിന് വേണ്ടി കാത്ത് നില്‍ക്കാറില്ല. അയാള്‍ അങ്ങ് നടക്കും. ആറ് കിലോമീറ്റര്‍ ദൂരം നടന്ന് വേണം വീട്ടിലെത്താന്‍. ആരോഗ്യകാര്യത്തിലുള്ള അയാളുടെ അമിതശ്രദ്ധയെ കൂട്ടുകാര്‍ കളിയാക്കാറുണ്ടായിരുന്നു.

പ്രകൃതി പലവട്ടം അയാളെ ഓര്‍മ്മിപ്പിച്ചു.. ഒരു വിവാഹം.. ഒടുവില്‍ വ്യവസ്ഥിതികള്‍ക്ക് വഴങ്ങി പ്രകൃതിയുടെ വിളി കേള്‍ക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. അങ്ങിനെ പൂവത്തിങ്കല്‍ ഗംഗാധരന്‍നായരുടെയും വനജയുടെയും മകള്‍ ലക്ഷ്മി അയാളുടെ ജീവിതത്തിലേക്ക് കയറി വന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പുകവലിയോ മദ്യപാനമോ മറ്റു ദുശ്ശീലങ്ങളോ ഒന്നുമില്ലാത്ത ഒരുവനാണ് ബാലഗോപാലന്‍ എന്നറിഞ്ഞപ്പോള്‍ ലക്ഷ്മിക്ക് വളരെ സന്തോഷമായി.

” ഇനിയിപ്പോ ഇതൊക്കെ തുടങ്ങണമെന്നുണ്ടെങ്കില്‍ ആ ആഗ്രഹമങ്ങ്ട് ഉപേക്ഷിക്യാ നല്ലത്. ഞാന്‍ സമ്മതിക്കില്യാ ” — സ്‌നേഹത്തോടെ അവള്‍ പറഞ്ഞു
അയാളുടെ സങ്കല്‍പ്പത്തിലുള്ള ഒരു ഭാര്യ തന്നെയായിരുന്നു ലക്ഷ്മി

ബന്ധങ്ങള്‍ക്ക് കരുത്തുറ്റ നാരുകള്‍ പാകിയ കാലം . വിവാഹജീവിതത്തിലെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ച ദിവസം. ആദ്യത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം കൊണ്ടാടാന്‍ ലക്ഷ്മിയുടെ ചെറിയച്ഛനാണ് ക്ഷണിച്ചത്. ആശുപത്രി വരാന്തയില്‍ അസ്വസ്ഥതയോടെ നിന്നിരുന്ന ബാലനെയും കൂട്ടി തൊട്ടടുത്ത ബാറിലേക്ക് പോയി. ബാലന്‍ നിസ്സഹായത അറിയിച്ചപ്പോള്‍ അദ്ദേഹം നിര്‍ബന്ധിച്ചു.
”ജെസ്റ്റ് ഫോര്‍ എ ഹാപ്പി, അല്ലാതെന്താ, ഇത് ഇന്നത്തേക്ക് മാത്രം . ”

വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. രണ്ടേ രണ്ട് പെഗ് മാത്രം കഴിച്ചു. ഇറക്കാന്‍ എന്ത് ബുദ്ധിമുട്ടായിരുന്നു.ജീവിതത്തില്‍ ആദ്യത്തെ മദ്യപാനം. ലക്ഷ്മി അറിഞ്ഞതേയില്ല. കുഞ്ഞിന്റെ അടുത്തു
ചെന്നപ്പോള്‍ ചെറിയച്ഛനും കൂടെ ഉണ്ടായിരുന്നതിനാല്‍ ബാലന്‍ മദ്യപിച്ചത് മനസിലാക്കാന്‍ ലക്ഷ്മിക്ക് കഴിഞ്ഞില്ല.

എങ്കിലും ലഹരി വിട്ടകന്നപ്പോള്‍ കുറ്റബോധം തോന്നി. അരുതാത്തത് എന്തോ ചെയ്തത് പോലെ മനസ് വ്യാകുലപ്പെട്ടു. സത്യത്തില്‍ ആ വിഷവസ്തു വലിച്ച് കയറ്റിയത് ജീവിതത്തോട് തനിക്ക് കൂറില്ലാത്തത് കൊണ്ടല്ലേ അയാള്‍ ചിന്തിച്ചു.

അനന്തുവിന്റെ ഒന്നാംപിറന്നാളിനായിരുന്നു രണ്ടാമത്തെ മദ്യപാനം. ഓഫീസ് സുഹൃത്തുക്കളായിരുന്നു അതിന് വഴിയൊരുക്കിയത്. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. അന്ന് മദ്യപാനസദസില്‍ പലതും പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ സഹപ്രവര്‍ത്തകനായ അച്യുതന്‍കുട്ടി പറഞ്ഞു.
” ബാലന്റെ ഭാര്യ പെയിന്റിങ് പണിക്ക് പോകുന്ന മോഹനന്റെ ഭാര്യ ആകേണ്ടതായിരുന്നു ”

ആദ്യം ബാലഗോപാലന് ഒന്നും മനസിലായില്ല. വീണ്ടും അതേക്കുറിച്ചാരാഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു. മോഹനന്‍ ലക്ഷ്മിയുടെ അയല്‍വാസി ആണത്രെ. അവര്‍ തമ്മില്‍ ഭയങ്കര പ്രേമമായിരുന്നു പോലും. സ്ഥിരമായ ജോലിയും പണവും ഇല്ലാത്തതുകൊണ്ട് ലക്ഷ്മിയെ മോഹനനെകൊണ്ട് കെട്ടിക്കാന്‍ അവളുടെ അച്ഛന് സമ്മതമായില്ല. ആയിടയ്ക്കാണ് ബാലഗോപാലന്‍ പെണ്ണ് കാണാന്‍ പോകുന്നതും വിവാഹം ഉറപ്പിക്കുന്നതും.

പഴയതോരോന്നും മനസിലുണര്‍ന്നു. ചിലപ്പോഴെല്ലാം ലക്ഷ്മി മോഹനനെപറ്റി വീട്ടില്‍ സംസാരിക്കാറുണ്ട്. പക്ഷേ അവളുടെ വീട്ടില്‍ വെച്ച് താന്‍ ഒരിക്കലും മോഹനനെ കണ്ടിട്ടില്ലായിരുന്നു. എന്തുകൊണ്ട് അവള്‍ മോഹനന്റെ ഇഷ്ടത്തിന് നിന്നില്ല.അവള്‍ക്ക് അവന്റെ കൂടെ ഒളിച്ചോടാമായിരുന്നില്ലേ. എന്നിട്ടിതുവരെ കള്ളി തന്നോടീ കാര്യം പറഞ്ഞില്ലല്ലോ.

ഒരു നൂറു കൂട്ടം കാര്യങ്ങള്‍ മനസിലുയര്‍ന്നു. ഒരുപാട് കുടിച്ചു. അന്ന് രാത്രി ഒത്തിരി വൈകിയാണ് വീട്ടില്‍ എത്തിയത്. ലക്ഷ്മിയുടെ മുഖം മങ്ങിയിരുന്നു. ഒരുപക്ഷേ തന്നെ ആ പരുവത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് പൊടുന്നനെയുണ്ടായ ആ ഭാവമാറ്റം സ്വാഭാവികമാണ്. അവള്‍ ദേഷ്യവും വിരക്തിയും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

” മദ്യപിച്ചല്ലേ ?”

ഒന്നും ശബ്ദിച്ചില്ല. കൂടെ വന്നിരുന്ന സ്‌നേഹിതന്‍ മടങ്ങിപ്പോയി. സ്‌നേഹിതന്റെ മുന്നില്‍ വെച്ചുള്ള ലക്ഷ്മിയുടെ ചോദ്യവും പെരുമാറ്റവും മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ക്കൊട്ടും സുഖിച്ചില്ല. അന്ന് ആദ്യമായി ലക്ഷ്മിയെ ചീത്ത പറഞ്ഞു, തല്ലി, എല്ലാം കഴിഞ്ഞ് മദ്യത്തിന്റെ ലഹരിയില്‍ അങ്ങ് മയങ്ങി.

അടുത്ത രണ്ട് ദിവസം അവര്‍ തമ്മില്‍ കാര്യമാത്ര പ്രസക്തമായ സംസാരമേ ഉണ്ടായുള്ളൂ. ജീവിതത്തിന്റെ അടുക്കും ചിട്ടയും ക്രമേണ തെറ്റിത്തുടങ്ങി.

ബാലനും വിട്ട് കൊടുത്തില്ല. ഭാര്യയുടെ അടിമയല്ല താന്‍ എന്ന ചിന്ത കൂടുതല്‍ ശക്തി പ്രാപിച്ചു. കൂടാതെ മോഹനന്‍ ഉപബോധ മനസില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്നു.

ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം അവള്‍ തന്നെ കീഴടങ്ങി. ലക്ഷ്മി വീണ്ടും പഴയതുപോലെ ഉത്സാഹഭരിതയായി കാണപ്പെട്ടു. കൂടുതല്‍ സമയവും അവള്‍ കുഞ്ഞിനെ പരിചരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.

രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോഴേക്കും ലക്ഷ്മി കുട്ടികളുടെ രക്ഷാകര്‍തൃ സ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെട്ടതുപോലെ മുഴുവന്‍സമയവും കുട്ടികളുമായി കഴിഞ്ഞു.

ബാലന്‍ ഇപ്പോഴും ഇടയ്ക്കിടെ മദ്യപിക്കും. ലക്ഷ്മി ശാസിക്കാറില്ല. എങ്കിലും അവള്‍ക്ക് കലശലായ വെറുപ്പ് ബാലനോട് ഉണ്ടെന്ന് മുഖം വിളിച്ചറിയിക്കുമായിരുന്നു. ലക്ഷ്മിയും കുഞ്ഞുങ്ങളും ബാലനില്‍ നിന്നും അകന്ന് പോയി.

” ഒരു പെണ്‍കുട്ടി ഉണ്ടെന്ന കാര്യം മറക്കരുത്. നിങ്ങളീ തോന്ന്യാസവും കാട്ടി ഇരുന്നാല്‍ മതിയല്ലോ !”
ഇരട്ടമുനയുള്ള സംസാരങ്ങള്‍. ലക്ഷ്മിയുടെ പെരുമാറ്റവും അച്യുതന്‍കുട്ടി പറഞ്ഞ കാര്യവും മനസ്സിലുണരുമ്പോള്‍ മദ്യം മാത്രമായിരുന്നു ഏക ആശ്രയം. പക്ഷേ അതിന്റെ ലഹരിയില്‍ സംഭവിക്കുന്നത് എന്തെന്ന് ഒന്നും ഓര്‍മ്മയില്ല. വഴിയില്‍ നിന്ന് ആരെങ്കിലും വീട്ടില്‍ എത്തിച്ചു തരും. ഓഫീസില്‍ കൈക്കൂലി വാങ്ങാനും തുടങ്ങി. ഒരിക്കല്‍ ഓഫീസില്‍ വെച്ച് മദ്യലഹരിയില്‍ കൈക്കൂലി വാങ്ങുമ്പോള്‍ പിടിക്കപ്പെട്ടു. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണമല്ലോ

കുട്ടികള്‍ വളരുന്നു. അവര്‍ക്ക് അച്ഛനെ കാണുന്നതും സംസാരിക്കുന്നതും പേടിയാണ്.
ഒറ്റപ്പെടുമ്പോഴൊക്കെ സുഹൃത്തുക്കളുമായിട്ട് ബാറില്‍ ഒത്തു കൂടും.
” ബാലന് കുറച്ച് മതി , അധികമായാല്‍ വീട്ടില്‍ കേറ്റില്ല ”

ഒരു കൂട്ടച്ചിരി
അതോടെ വാശി കൂടും. മൂക്കറ്റം ബോധം പോകുന്നതുവരെ കുടിക്കും. ദിവസങ്ങള്‍ നീങ്ങുമ്പോള്‍ നിയന്ത്രണത്തിന്റെയും സ്‌നേഹലാളനങ്ങളുടെയും വലയത്തില്‍ നിന്നും സ്വതന്ത്രനാക്കപ്പെട്ട് പൂര്‍ണ്ണമായും മദ്യാസക്തിയില്‍ അമര്‍ന്ന് കഴിഞ്ഞിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങളിലധിഷ്ഠിതമായ ശാപവാക്കുകളെ ബാലന്‍ അവജ്ഞയോടെ കണ്ടു. തികഞ്ഞ ഒരു മദ്യപാനിയുടെ ലക്ഷണങ്ങള്‍ അയാളില്‍ കണ്ടു തുടങ്ങി. ഷുഗര്‍ പിടിച്ച് എല്ലും തോലുമായി കണ്ടാല്‍ അറിയാതെയായി.

അന്ന് അവരുടെ പത്താമത് വിവാഹവാര്‍ഷികം ആയിരുന്നു. രാവിലെ പുറത്തേക്കിറങ്ങാന്‍ ഭാവിക്കുമ്പോള്‍ ലക്ഷ്മി അടുത്തു വന്നു, അവളുടെ പെരുമാറ്റത്തില്‍ എന്തോ പ്രത്യേകത തോന്നി. അവള്‍ രാവിലെ കുളിച്ച് അമ്പലത്തില്‍ പോയിട്ട് വന്നതായിരുന്നു. ഇപ്പോള്‍ അവളില്‍ ഒരു കല്യാണപ്പെണ്ണിന്റെ സൗന്ദര്യം നിഴലിക്കുന്നതുപോലെ. അവള്‍ പറഞ്ഞപ്പോഴാണ് ബാലന് വിവാഹവാര്‍ഷികത്തിന്റെ കാര്യം ഓര്‍മ്മ വന്നത്.പലതും പറഞ്ഞ കൂട്ടത്തില്‍ അവള്‍ ഓര്‍മ്മിപ്പിച്ചു.

” ദൈവത്തെ ഓര്‍ത്ത് ഇന്നെങ്കിലും കുടിക്കാതെ വരണം ”

അത് എല്ലാം തകര്‍ന്ന് നില്‍ക്കുന്ന ഹൃദയത്തില്‍ നിന്നും പുറപ്പെട്ട ഒരു അപേക്ഷയായിരുന്നു. ഇന്ന് അവളെ അനുസരിക്കാന്‍ ബാലന്‍ തീരുമാനിച്ചു. ഒരു ദിവസമെങ്കിലും ലഹരിയില്ലാത കഴിയുവാന്‍ അയാളെ കൊണ്ട് ആകുമോ ?

ആവും, തനിക്കതിന് കഴിയണം
അല്ലെങ്കില്‍ എന്തു മനുഷ്യന്‍. ഒടുവില്‍ ഇന്ന് മദ്യപിക്കില്ല എന്ന് തന്നെ ബാലന്‍ തീരുമാനിച്ചു.

ഓഫീസില്‍ ചെന്നപ്പോഴാണ് സെക്ഷന്‍ ക്ലാര്‍ക്ക് ശിവശങ്കരന് പ്രൊമോഷന്‍ കിട്ടിയ വിവരം അറിഞ്ഞത്. ഓഫീസിലെ പാര്‍ട്ടി കഴിഞ്ഞപ്പോള്‍ ബാറിലേക്കുള്ള ക്ഷണം ബാലന്‍ നിരസിച്ചു.പക്ഷേ ശിവശങ്കരനും അച്യുതന്‍കുട്ടിയും വിട്ടില്ല. ഒഴിവുകഴിവുകള്‍ പറഞ്ഞു നോക്കിയാല്‍ അവര്‍ പെണ്‍കോന്തന്‍ ആണെന്ന് പറയും. അവസാനം ഒരു പെഗ് കഴിക്കാമെന്ന് സമ്മതിച്ചു

ബാറില്‍ എല്ലാവരുടെയും കൂട്ടത്തില്‍ ഒഴിഞ്ഞ ഗ്ലാസുമായി മണിക്കൂറുകള്‍ ചിലവിട്ടു. മനസിനെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ലക്ഷ്മിക്ക് കൊടുത്ത വാക്ക് തെറ്റിച്ചു.

മദ്യം ഒരു ലഹരിയായി ഒരു ഉന്മാദമായി തീര്‍ന്നപ്പോള്‍ മോഹനനും ലക്ഷ്മിയും ഒക്കെ മനസില്‍ കടന്ന് വന്നു. പുറത്തേക്ക് തികട്ടും വരെ കുടിച്ചു. പത്തുമണി കഴിഞ്ഞപ്പോള്‍ ആരൊക്കെയോ താങ്ങിയെടുത്ത് വീട്ടില്‍ എത്തിക്കുകയായിരുന്നു.

ലക്ഷ്മിയുടെ കണ്ണീരിനും പ്രാര്‍ത്ഥനകള്‍ക്കും ബാലഗോപാലനെ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മദ്യം അയാളെ അപ്പാടെ വിഴുങ്ങിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം കുറ്റബോധം കാരണം പട്ടണത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഒരു മുഴം കയറില്‍ ബാലഗോപാലന്റെ ജീവിതം അവസാനിച്ചു.
( സമാപ്തം )
പിന്‍കുറിപ്പ്– 2005-2008 കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി ആര്‍ എം എസ് സോര്‍ട്ടിങ് ഓഫീസില്‍ ജോലി ചെയ്തവര്‍ക്ക് ബാലനെ പരിചയം കണ്ടേക്കാം. കഥാപാത്രത്തിന്റെ പേരു പോലും ഞാന്‍ മാറ്റിയിട്ടില്ല. കഥാപശ്ചാത്തലം മാത്രം കഥ പറയാനുള്ള എന്റെ സൗകര്യത്തിന് വേണ്ടി മാറ്റി. യഥാര്‍ത്ഥ ബാലനും ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് സബ് റെക്കോര്‍ഡ് ഓഫീസര്‍ അനിയന്‍ സാര്‍ ആയിരുന്നു. മുത്തുപ്രകാശ് സാര്‍ ഇന്‍സ്‌പെക്ടര്‍ ടെസ്റ്റ് എഴുതി വിജയിച്ച് പ്രൊമോഷനോടെ സ്ഥലം മാറി പോയപ്പോള്‍ ആ ഒഴിവിലേക്ക് കാഷ്യര്‍ ആയി ഞാന്‍ നിയമിക്കപ്പെട്ടു. ഈ ബാലന്റെ ഡ്യൂട്ടി വിവരം ഹെഡ് ഓഫീസായ സീനിയര്‍ സൂപ്രണ്ട് ഓഫീസിലേക്ക് അറിയിക്കുന്നത് ഒരു ഭഗീരഥ പ്രയത്‌നം തന്നെ ആയിരുന്നു. ബാലന്‍ മിക്ക ദിവസവും അണ്‍ ഓദറൈസ്ഡ് ആബ്‌സന്റ് ആയിരിക്കും. എന്നിട്ട് ശമ്പളം കിട്ടിയിട്ട് തരാം എന്ന ധാരണയില്‍ ഞാനുള്‍പ്പടെ ഉള്ള സോര്‍ട്ടിങ് അസിസ്റ്റന്റുമാരോട് കടം വാങ്ങിക്കൂട്ടും. ഡ്യൂട്ടി എന്തെങ്കിലും എഴുതി വിട്ടാല്‍ മാത്രമേ ഈ കടം തിരികെ ഞങ്ങള്‍ക്ക് കിട്ടുകയുള്ളൂ. കെ പി മോഹനകുമാരപണിക്കരും പെരുമാള്‍ സാറും ആന്റണിയും കാസര്‍കോഡ് സ്വദേശിയായ ബാലകൃഷ്ണനും സോളമന്‍രാജ് സാറും മുത്തുരാജ് സാറും ഒക്കെ ബാലനു വേണ്ടി വക്കാലത്തുമായി വരും. സെറ്റ് മെമ്മോ പ്രകാരം ഓരോരുത്തര്‍ക്കും ഇട്ടിട്ടുള്ള ജോലി തീര്‍ത്തേ പറ്റൂ. സ്റ്റേറ്റ് ഗവണ്‍മെന്റ് പോലെ ഒപ്പിട്ടാല്‍ മാത്രം ശമ്പളം കിട്ടില്ല. ചങ്ങനാശ്ശേരി ആര്‍ എം എസില്‍ ജോലി ചെയ്ത് ഒന്നര പതിറ്റാണ്ട് ശേഷം ബാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ഇങ്ങനെ ഒരു കഥ എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷത്തേക്കാള്‍ ഉപരിയായി വേദനയാണ് ഉള്ളത്. കുടി നിര്‍ത്തിയിരുന്നുവെങ്കില്‍ ബാലേട്ടന്‍ ഇന്നും നമ്മുടെ ഇടയില്‍ ഉണ്ടാകുമായിരുന്നു.

By Gireesh Namasivayam

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts