37) ചെറുകഥ– പ്രവാസം

 

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അങ്ങനെ അവസാനമാകുകയാണ്. നാട്ടിലേക്കുള്ള വിമാനത്തില്‍ ഇരുന്ന് അയാള്‍ ചിന്തിച്ചു. താന്‍ പോകുമ്പോള്‍ കീര്‍ത്തനമോള്‍ ഭാര്യയുടെ ഉദരത്തില്‍ അഞ്ച് മാസം ഗര്‍ഭാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മകളുടെ ഒരു ഫോട്ടോ മാത്രമാണ് ഈ കാലഘട്ടത്തിനിടയില്‍ കണ്ടത്. അവള്‍ തന്നെ കണ്ടാല്‍ തിരിച്ചറിഞ്ഞ് അച്ഛാ എന്ന് വിളിക്കുമോ.

എയര്‍ ഹോസ്റ്റസ് തന്ന മദ്യവും നുണഞ്ഞ് അയാള്‍ പഴയകാലങ്ങള്‍ അയവിറക്കി. അയാള്‍ പോക്കറ്റില്‍ നിന്നും ഒരു കത്ത് എടുത്ത് വായിച്ചു. ആ കത്ത് എത്ര പ്രാവശ്യം വായിച്ചു എന്ന് അയാള്‍ക്ക് തന്നെ ഓര്‍മ്മയില്ല.

പ്രിയപ്പെട്ട ബാലേട്ടന് , ഇനി ചേട്ടനെ കിനാവില്‍കൂടി മാത്രം കാണാന്‍ എനിക്ക് വയ്യ. എന്റെ മനസിനെ എന്തിനാണ് ഇത്ര വേദനിപ്പിക്കുന്നത്. ഒന്ന് ആശ്വസിപ്പിക്കാന്‍ മുറയ്ക്ക് കത്ത് പോലും എഴുതുന്നില്ല. എന്തിന് മരുഭൂമിയില്‍ ജീവിതം നഷ്ടപ്പെടുത്തുന്നു. എത്രകാലം ആയി. വേഗത്തില്‍ തിരിച്ചു വരൂ. എന്നോട് സ്‌നേഹമുണ്ടെങ്കില്‍ വേഗത്തില്‍ തിരിച്ചുവരൂ.

ബാലചന്ദ്രന് കൂടുതല്‍ വായിക്കാന്‍ കഴിഞ്ഞില്ല. കണ്ണുകളും മനസും നിറഞ്ഞ് തുളുമ്പി..

മനസ് പതിയെ സഞ്ചരിക്കുകയാണ് നാട്ടിലേക്ക്. നെല്‍ക്കതിരുകള്‍ തലയാട്ടുന്ന നിറഞ്ഞ വയല്‍. നീണ്ട് കിടക്കുന്ന വരമ്പുകള്‍. അതിനപ്പുറം കുഞ്ഞോളങ്ങള്‍ നൃത്തം വെക്കുന്ന പുഴ. പുഴയ്ക്കക്കരെ തന്റെ വീട്. എത്രയോ പ്രതീക്ഷയോടെ തന്നെ കാത്ത് നില്‍ക്കുന്ന അവള്‍.

ഒരു ഗള്‍ഫ്കാരനാകാന്‍ മോഹം എന്നുണ്ടായി.

നാട്ടില്‍ നിന്നും ധാരാളം ആളുകള്‍ ഗള്‍ഫില്‍ പോയി സമ്പന്നതയോടെ തിരിച്ച് വന്നത് കണ്ടപ്പോള്‍ തോന്നിയ മോഹം.. അവരുടെ പറമ്പുകളില്‍ വലിയ വലിയ വീടുകള്‍ ഉയര്‍ന്ന് വരുന്നത് കണ്ടപ്പോള്‍ തോന്നിയ മോഹം.

പിന്നെ പുഴക്കരയില്‍ ഇരുന്ന് അയാളും കിനാവ് കാണാന്‍ തുടങ്ങി. പിന്നെ എങ്ങനെയോ എല്ലാം നഷ്ടപ്പെടുത്തി അലറുന്ന സമുദ്രത്തിലൂടെ ലോഞ്ചില്‍ ഉപ്പുവെള്ളം മാത്രം കുടിച്ച് ജീവിച്ച ദിനരാത്രങ്ങള്‍. പരുപരുത്ത ലോഞ്ചിന്റെ പലകമേല്‍ സ്വര്‍ണ്ണം വിളയുന്ന നാട് സ്വപ്നം കണ്ടുറങ്ങി.

അവസാനം
ആരെയും മോഹിപ്പിക്കുന്ന എണ്ണപ്പാടം . മനസ് തുടിച്ചു.

കുറെ കഴിഞ്ഞപ്പോള്‍ മനസ്സിലാക്കുന്നു. ഇത് സ്വര്‍ണ്ണഭൂമി അല്ല. ഒരു തടവറ മാത്രം. സ്വപ്നങ്ങളും മോഹങ്ങളും കരിച്ച് കളയുന്ന മണല്‍കാട്ടിലൂടെ ഒരു ജോലിക്കായിട്ട് മാസങ്ങള്‍ നീണ്ട അലച്ചില്‍ . അവസാനം ഒരു റിങില്‍ ജോലി ശരിയായി.

നരകത്തില്‍ ആത്മാക്കളെ എണ്ണയില്‍ ഇട്ട് പൊരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. അതുപോലെ ഒരു അനുഭവമായിരുന്നു റിങിലെ ജോലി . ചൂടുകൊണ്ട് ശരീരമാകെ പൊള്ളിയടര്‍ന്നു. എങ്ങിനെ എങ്കിലും പിടിച്ചു നിന്നേ പറ്റൂ.നാട്ടിലെ സ്ഥിതി അതിദയനീയമാണ്.

അയാളുടെ അച്ഛനും അമ്മയും കൂടാതെ ഗോവിന്ദന്‍മാമയും കുടുംബത്ത് തന്നെയാണ് താമസം. അവര്‍ സഹോദരങ്ങള്‍ മൊത്തം അഞ്ച് പോരാണ്. മൂത്തയാള്‍ ലളിതാംബിക. മുറച്ചെറുക്കനായ ശിവാനന്ദനാണ് ലളിതയെ വിവാഹം കഴിച്ചത്. മൂന്ന് മക്കളുമായി കായംകുളത്ത് താമസിക്കുന്നു. അതിന് തൊട്ട് ഇളയതാണ് അയാള്‍. അയാള്‍ക്ക് തൊട്ട് ഇളയത് രാധാമണി ഭര്‍തൃസമേതം അങ്ങ് പുനലൂരില്‍ താമസിക്കുന്നു. രാധാമണിയുടെ ഭര്‍ത്താവ് നമശിവായം പുനലൂര്‍ രാംരാജ് തിയറ്ററില്‍ ഫിലിം ഓപ്പറേറ്ററാണ്. രാധാമണിക്ക് രണ്ട് ആണ്‍മക്കളാണ്, ഗിരീഷും അനീഷും.

അതിന് ഇളയതാണ് സതീശന്‍. ടൗണില്‍ ബിസിനസാണ്. ഏറ്റവും ഇളയത് ഗണേശന്‍ റിയല്‍ എസ്റ്റേറ്റും അല്ലറ ചില്ലറ മണിചെയിന്‍ ബിസിനസുകളുമായി നടക്കുന്നു. ഗണേശന് ഗള്‍ഫില്‍ പോകാന്‍ ഒരു അവസരം ഒരുക്കി കൊടുത്തതാണ്. എന്നാല്‍ അവന് നാട്ടില്‍ നില്‍ക്കാനാണ് താല്‍പര്യം. സതീശന്റെ ബിസിനസ് കാര്യങ്ങളില്‍ ഒരു സഹായിയുടെ റോളിലും ഗണേശനെ കാണാം. ഗണേശന് വിവാഹാലോചനകള്‍ പലതും നടക്കുകയാണ്. ഈ വരവില്‍ പറ്റിയാല്‍ അവന്റെ കല്യാണം കൂടി കൂടിയിട്ട് തിരിച്ച് പോകാം എന്ന് അയാള്‍ കരുതുന്നു

വിമാനം നാട്ടില്‍ എത്തിയതായി അനൗണ്‍സ്‌മെന്റ് മുഴങ്ങി. അയാള്‍ വിമാനത്തില്‍ നിന്നിറങ്ങി. കസ്റ്റംസുകാര്‍ ഗള്‍ഫുകാരെ എങ്ങനെ ഞെക്കിപ്പിഴിയാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്. ഡ്യൂട്ടി അടയ്ക്കാതെ ഒരു വിസിആര്‍ കൊണ്ടുവന്നത് വലിയ പുലിവാലായി. അവസാനം കുറച്ച് കൈക്കൂലി കൊടുത്ത് ഊരിപ്പോരേണ്ടി വന്നു.

വീട് വരെ കാര്‍ പിടിച്ചാല്‍ നല്ല ഒരു തുക ആകും. ബസ് സ്റ്റാന്റ് വരെ മാത്രം കാറില്‍ പോയി അവിടെ നിന്നും ബസില്‍ നാട്ടിലേക്ക് പോകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് ആ പ്ലാന്‍ മാറ്റി. തന്റെ മകളെ ആദ്യമായി കാണാന്‍ പോകുന്ന ദിവസമാണ്. അതുകൊണ്ട് എത്രയും വേഗം വീടെത്താന്‍ ധൃതിയായി. അതിനു വേണ്ടി ബാലചന്ദ്രന്‍ ഒരു ടാക്‌സി പിടിച്ചു

നാട്ടില്‍ അഞ്ച് വര്‍ഷം കൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ അയാളെ അദ്ഭുതപ്പെടുത്തി. പുതിയ പാലങ്ങള്‍, റോഡുകള്‍. പാലങ്ങളും റെയില്‍ ക്രോസിങുകളും കടന്ന് കാര്‍ പാഞ്ഞുകൊണ്ടേ ഇരുന്നു. വശങ്ങളിലെ പച്ചപിടിച്ച നെല്‍പാടങ്ങളും കൊച്ചോളങ്ങള്‍ അലങ്കരിച്ച പുഴകളും അയാളുടെ കണ്ണിന് കുളിരേകി.

ഒരു പുതിയ റോഡിലൂടെ കാര്‍ കടന്ന് പോയപ്പോള്‍ അയാള്‍ ഡ്രൈവറോട് ചോദിച്ചു

ഈ ബൈപാസ് റോഡ് തുറന്ന് കൊടുത്തിട്ട് എത്ര കൊല്ലമായി

മൂന്ന് വര്‍ഷമായിക്കാണും.

അതുവരെ മൗനിയായിരുന്ന ഡ്രൈവര്‍ക്ക് സംസാരിക്കാന്‍ ഒരു വിഷയം കിട്ടി.

സാറെത്ര വര്‍ഷമായി പോയിട്ട് ?

അഞ്ചു വര്‍ഷം

ഡ്രൈവറുടെ നെറ്റി ചെറുതായി ഒന്നു ചുളിഞ്ഞു
എന്തേ… ഇത്ര വൈകാന്‍ ?

ചില പ്രശ്‌നങ്ങളൊക്കെയുണ്ടായി

വിശദമായ മറുപടി നല്‍കാന്‍ അയാള്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല

.
റോഡ് സൈഡില്‍ ധാരാളം പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ഒരു ഹോട്ടലില്‍ നിര്‍ത്തി ആഹാരം കഴിച്ചിട്ട് അവര്‍ യാത്ര തുടര്‍ന്നു. ഡ്രൈവര്‍ ഒരു പാട്ടു വെച്ചു കൊടുത്തു. അതും കേട്ട് അയാള്‍ പിന്‍ സീറ്റില്‍ ചാരി കിടന്നു. പോക്കറ്റില്‍ നിന്നും കത്ത് എടുത്ത് ഒന്നുകൂടി വായിച്ചു.

ഒന്ന് വരാന്‍ ശ്രമിക്കൂ. എങ്ങനെയെങ്കിലും ഒന്ന് വരാന്‍ ശ്രമിക്കൂ— ഭാര്യ എഴുതിയിരിക്കുന്നു.

നിമിഷങ്ങള്‍ മണിക്കൂറുകള്‍ക്ക് വഴിമാറി. കാര്‍ അയാളുടെ നാട്ടിന്‍പുറത്ത് എത്തി. അല്ലറിയാത്ത പ്രായത്തില്‍ ചാടിത്തിമിര്‍ത്ത സ്‌കൂള്‍ ഗ്രൗണ്ടും സായാഹ്നങ്ങളില്‍ സ്വപ്നങ്ങള്‍ കൈമാറിയ വായനശാലയും പഞ്ചായത്താഫീസും പിന്നിട്ട് ഇടവഴിയിലൂടെ യാത്ര തുടര്‍ന്നു. നാണുമേശരിയുടെ വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ ഒരു കൂറ്റന്‍ ബംഗ്ലാവ് ഉയര്‍ന്നിരിക്കുന്നു. റോഡിന് മാത്രം ഒരു മാറ്റവും ഇല്ല . പൊട്ടി പൊളിഞ്ഞ് മൊത്തം ഗട്ടറുകള്‍. ഗുരുമന്ദിരത്തോട് ചേര്‍ന്ന ശിവക്ഷേത്രം പുതിയ ആര്‍ച്ച് ഒക്കെ വെച്ച് സുന്ദരമാക്കിയിരിക്കുന്നു. അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച വായനശാല അവിടെ കണ്ടില്ല. അവിടെ നിന്നും എത്ര പുസ്തകങ്ങള്‍ ചെറുപ്പത്തില്‍ എടുത്ത് വായിച്ചിരിക്കുന്നു

ഇനി അധികം പോകണോ സാര്‍– ഡ്രൈവര്‍ തല തിരിച്ച് ചോദിച്ചു

അയാള്‍ മുന്നിലേക്ക് വിരല്‍ ചൂണ്ടി

അതാ ആ വളവ് കൂടി കഴിഞ്ഞാല്‍ എന്റെ വീട് കാണാം

യാതൊരു മുന്നറിയിപ്പുമില്ലാതെ കടന്ന് ചെല്ലുന്ന തന്നെ കണ്ട് വീട്ടിലുള്ളവര്‍ ഒന്നമ്പരക്കാതിരിക്കില്ല, തീര്‍ച്ച..

അയാള്‍ മനസില്‍ കണക്കു കൂട്ടി. നാല്പത് ദിവസം ലീവ് ഉണ്ട്. പരമാവധി ഭാര്യയുടെ കൂടെ തന്നെ നില്‍ക്കണം. എങ്കിലേ അവളുടെ പരാതി തീരുകയുള്ളൂ. ബന്ധുവീടുകളില്‍ ഒക്കെ കാര്‍ വിളിച്ച് ഒന്നുരണ്ട് ദിവസം കൊണ്ട് പോയി വരാം. പളനിയില്‍ പോയി തല മൊട്ടയടിക്കാം എന്ന ഒരു നേര്‍ച്ച ഉണ്ട്. കീര്‍ത്തനമോളെ വയറ്റോടെ ഇരുന്നപ്പോള്‍ നേര്‍ന്നതാണ്.

തിരിച്ച് പോകുന്ന കാര്യം ഭാര്യയോട് എങ്ങനെ അവതരിപ്പിക്കും എന്നോര്‍ത്ത് അയാള്‍ക്ക് ആശങ്ക ഉണ്ട് . കഴിഞ്ഞ കത്തിലുംകൂടി അവള്‍ എഴുതിയിരുന്നു, ഇനി എങ്ങോട്ടും പോകേണ്ട ഉള്ളതുകൊണ്ട് കഴിയാം എന്ന്. പോകാതിരുന്നാല്‍ എങ്ങനാ. സതീശനെ പഠിപ്പിക്കാനും ഗണേശന്റെ വിസ ശരിയാക്കാനും ഒക്കെ വാങ്ങിയ കടങ്ങള്‍ ഇതുവരെ വീട്ടിക്കഴിഞ്ഞിട്ടില്ല. അയാള്‍ ഗള്‍ഫില്‍ പോയതിന് ശേഷമാണ് സഹോദരങ്ങള്‍ ഒരു കര പറ്റിയത്. സതീശന്‍ ഠൗണില്‍ മേച്ചില്‍ ഓടിന്റേയും ടൈലിന്റേയും മൊത്തവ്യാപാരശാല തുറന്നു. അവന്‍ കഠിനാധ്വാനിയാണ്. സതീശന്‍ ബിസിനസ് തന്നെ തുടങ്ങിയത് ഒരു കണക്കിന് നല്ലതായി. ഭാവിയില്‍ താന്‍ പ്രവാസം മതിയാക്കി തിരിച്ചുവരുമ്പോള്‍ വെറുതേ ഇരിക്കേണ്ടി വരില്ല. അയാള്‍ കണക്കു കൂട്ടി.

സതീശന് വേണ്ടി ഒരു പെണ്ണിനെ തിരക്കി അച്ഛനും ഗോവിന്ദന്‍മാമയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അതൊന്നും വേണ്ടി വന്നില്ല. അവന്റെ പെണ്ണിനെ അവന്‍ തന്നെ കണ്ടെത്തി. അവര്‍ ഒരുമിച്ച് പഠിച്ചതാണത്രേ. സതീശന്റെ സെലക്ഷന്‍ മോശമായില്ല. പെണ്‍കുട്ടിയെ കാണാന്‍ തന്നെ നല്ല ഐശ്വര്യം. കാവില്‍ ഭഗവതി ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെ. നല്ല തറവാടും സാമ്പത്തികവും. ലീവ് കിട്ടാത്തതിനാല്‍ അയാള്‍ക്ക് സതീശന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

അയാളുടെ ഇപ്പോഴത്തെ വരവ് സര്‍പ്രൈസ് ആയതിനാല്‍ സതീശനെ മാത്രമേ അറിയിച്ചിരുന്നുള്ളൂ. സതീശന്‍ കാറുമായിട്ട് എയര്‍പോര്‍ട്ടില്‍ തന്നെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ അസ്ഥാനത്തായി. അവന്‍ വന്നില്ല അവന് കടയില്‍ നിന്ന് തിരിയാനുള്ള സമയം കിട്ടുന്നുണ്ടാവില്ല. അല്ലാതെ തന്നോടുള്ള സ്‌നേഹക്കുറവ് കൊണ്ടല്ല വരാതിരുന്നത് എന്ന് അയാള്‍ സമാധാനിച്ചു സതീശന്‍ ഇപ്പോള്‍ കുടുംബവീട്ടില്‍ നിന്ന് മാറി ഭാര്യയുടെ ഓഹരിയില്‍ കിട്ടിയ വീട്ടിലാണ് താമസം. കുടുംബവീട്ടില്‍ അച്ഛനും അമ്മയും ഗണേശനും ഒപ്പം അയാളുടെ ഭാര്യ സംഗീതയും കീര്‍ത്തന മോളും ആണ് ഇപ്പോള്‍ താമസം.

അങ്ങനെ വീടെത്തി. പടിപ്പുര തുറന്ന് കിടന്നിരുന്നു. കാര്‍ മുറ്റത്ത് ചെന്ന് നിന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കോലായിലേക്ക് ഓടിക്കയറി. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.

കാറില്‍ നിന്നും ഇറങ്ങിയ ബാലചന്ദ്രന്‍ ഒരു നിമിഷം തരിച്ചുനിന്നു. കൊച്ചു പാവാടകള്‍ അണിഞ്ഞ ഈ പെണ്‍കുട്ടികളില്‍ തന്റെ മകള്‍ ഏതാണ്. ? ഭാര്യയോട് ചോദിക്കേണ്ടിയിരിക്കുന്നു

സ്വന്തം മകളെ തിരിച്ചറിയാന്‍ മറ്റൊരാളോട് ചോദിക്കേണ്ടി വന്ന നിസഹായാവസ്ഥയില്‍ അയാള്‍ സ്വയം ദുഖിച്ചു. അച്ഛനെയും പുറത്ത് കാണുന്നില്ലല്ലോ.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. മുഷിഞ്ഞ വേഷം. നെറ്റിയിലും കവിളിലും വിയര്‍പ്പുകണങ്ങള്‍. കൈത്തണ്ടയില്‍ കരി പുരണ്ടിരിക്കുന്നു.അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയില്‍ വന്നതാണെന്ന് കണ്ടാലറിയാം.

അവളെന്തോ പറയാന്‍ ഒരുങ്ങിയപ്പോഴാണ് ബാലചന്ദ്രനെ കണ്ടത്. പെട്ടെന്നുണ്ടായ അമ്പരപ്പില്‍ അവള്‍ ഒരു നിമിഷം മൗനമായി നിന്നു. പിന്നെ എനിടുന്നോ പൊട്ടിവീണ ഒരാവേശത്തില്‍ അവള്‍ പരിസരബോധമില്ലാതെ വിളിച്ചു പറഞ്ഞു.

മോളേ അച്ഛന്‍

അവള്‍ പെണ്‍കുട്ടികളില്‍ ഒന്നിന്റെ കൈക്കു പിടിച്ച് വലിച്ചു. അയാളുടെ ഊഹം ശരിയായിരുന്നു. താന്‍ കരുതിയ കുട്ടി തന്നെയാണ് തന്റെ മകള്‍.
ബാലചന്ദ്രന്‍ മകളെ പൊക്കിയെടുത്തു

മോളേ അച്ഛനൊരു ഉമ്മ താ

മോള്‍ അയാളുടെ മുഖം കൈ കൊണ്ട് തള്ളി. കുതറി ഇറങ്ങി ഓടിക്കളഞ്ഞു. അയാളാകെ നിരാശനായി

ആദ്യമായി കാണുന്നതല്ലേ അതാ. രണ്ടീസം കഴിയട്ടെ. അവള്‍ അടുത്തുനിന്നും പോകില്ല.

സംഗീത അയാളെ സമാധാനിപ്പിച്ചു

ഈ രംഗങ്ങള്‍ വീക്ഷിച്ച് മുറ്റത്ത് കാറിന്റെ ബോണറ്റില്‍ ചാരി ഡ്രൈവര്‍ നിന്നിരുന്നു. അയാള്‍ ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കണക്ക് തീര്‍ത്ത് അയാളെ പറഞ്ഞു വിട്ടു.

അയാള്‍ വീണ്ടും മകളുടെ അടുത്ത് എത്തി. അപ്പോള്‍ സംഗീത മോളോട് പറഞ്ഞു

അച്ഛന് ഒരുമ്മ കൊടുക്കൂ മോളേ

മോള്‍ അനുസരിച്ചില്ല. അവള്‍ ഓടി വന്ന് അമ്മയുടെ സാരിത്തലപ്പില്‍ തൂങ്ങി.

നിസ്സഹായനായി നോക്കി നില്‍ക്കാനേ ബാലചന്ദ്രന് കഴിഞ്ഞുള്ളൂ. അയാളുടെ മുഖത്ത് ദുഖം നിഴലിച്ചു. യാത്രയില്‍ തനിക്ക് മുന്നില്‍ വന്ന തടസ്സങ്ങളെ എല്ലാം കറന്‍സി നോട്ടുകള്‍ വിതറി അയാള്‍ ഒഴിവാക്കിയിരുന്നു. ടിക്കറ്റ് ഓകെ ആയി കിട്ടാന്‍ ട്രാവല്‍ ഏജന്റിന്, അധികഡ്യൂട്ടി ഒഴിവായിക്കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്. ഇവിടെ സ്വന്തം മകളെ കൊണ്ട് അച്ഛനെന്ന് വിളിപ്പിക്കാന്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും. ഇവിടെ തന്റെ കറന്‍സി നോട്ടുകള്‍ പരാജയപ്പെടുന്നു.

അതിനുശേഷം ബാലചന്ദ്രന്‍ തൊടിയിലെ കുളത്തില്‍ ഒന്ന് വിശാലമായി മുങ്ങിക്കുളിച്ചു. നട്ടുച്ചയ്ക്കും എന്തൊരു തണുപ്പാണീ വെള്ളത്തിന്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുപോലെ ഒരു കുളി തരപ്പെട്ടിട്ടില്ല എന്ന് അയാള്‍ ഓര്‍ത്തു. യാത്രയുടെ മുഴുവന്‍ ക്ഷീണത്തെയും ഇല്ലാതെയാക്കാന്‍ പര്യാപ്തമായിരുന്നു ആ കുളി.

കുളി കഴിഞ്ഞപ്പോഴേക്കും ചന്തയില്‍ പോയിരുന്ന അച്ഛന്‍ വന്നു അച്ഛനുമായിട്ട് രാധക്കൊച്ചിന്റേയും ലളിതച്ചേച്ചിയുടെയും ഒക്കെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോള്‍ സംഗീത വന്ന് എത്തി നോക്കി. അതിന്റെ അര്‍ത്ഥം മനസിലായിട്ടെന്നവണ്ണം അച്ഛന്‍ പറഞ്ഞു

പോയി എന്തെങ്കിലും കഴിക്കൂ

പുട്ടും കടലയും മുട്ട പുഴുങ്ങിയതുമായിരുന്നു വിഭവങ്ങള്‍. ബാലന്‍ ആസ്വദിച്ച് കഴിച്ചു.അവിടെ ഗള്‍ഫില്‍ ഇതുപോലെ എന്തെങ്കിലും കഴിക്കുമ്പോള്‍ അതിന്റെ റിയാലില്‍ ഉള്ള മൂല്യവും തത്തുല്യമായ ഇന്ത്യന്‍ രൂപയും മനസില്‍ കടന്ന് വരും. പിന്നെ ആഹാരം കഴിച്ചാല്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങില്ല. ഇങ്ങനെ നേരാംവണ്ണം ആഹാരം കഴിക്കാതെ ലുബ്ധിച്ച് സമ്പാദിക്കുന്ന പണമാണ് ഓരോ മാസവും വീട്ടിലേക്ക് അയച്ചിരുന്നത്.

ബാലചന്ദ്രന്‍ സംഗീതയുടെ മുഖത്തേക്ക് നോക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അവളുടെ കവിള്‍ത്തടത്തില്‍ നുണക്കുഴി വിരിയുന്നത് അയാള്‍ കണ്ടു. പിന്നെ അവളുടെ ക്ഷീണിച്ച മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദത്തിന്റെ തുടിപ്പുകള്‍ മിന്നുന്നതും കണ്ടു

അയാള്‍ ഓര്‍ത്തു. പാവം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ശരീരത്തിന്റെ തുടിപ്പും മുഖത്തിന്റെ ഓജസ്സും ഇന്ന് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. സ്‌നേഹം മാത്രം മാറ്റ് വര്‍ധിച്ചുകൊണ്ട് നിലനില്‍ക്കുന്നു എന്നും സ്‌നേഹം വര്‍ഷിച്ചിരുന്ന അവളെ അയാളുടെ മനസില്‍ എപ്പോഴും ആരാധിച്ചിരുന്നു.

ബാലന്‍ കൈ കഴുകി വന്നപ്പോള്‍ കീര്‍ത്തന മോള്‍ കൈപ്പത്തികൊണ്ട് മുഖം മറച്ച് ചുമരിനോട് ചേര്‍ന്ന് നില്‍ക്കുന്നു.

വിരലുകള്‍ക്കിടയിലൂടെ മോള്‍ അച്ഛനെ നോക്കി. വെളുത്ത മുഖവും ചുരുണ്ട മുടിയുമുള്ള അച്ഛനെ കാണാന്‍ നല്ല ചന്തമുണ്ട്.

മോള്‍ പിന്നെ അമ്മയുടെ നേരേ നോക്കി. ഇന്നലെ വരെയില്ലാത്ത ഈ സന്തോഷം അമ്മയുടെ മുഖത്ത് എവിടെ നിന്നും വന്നു.

സംഗീത അയാളെ തോണ്ടി. എന്നിട്ട് പതുക്കെ മൊഴിഞ്ഞു

മോള് വലിയ നാണത്തിലാ.

മോളുടെ നേരേ അയാള്‍ തലതിരിച്ചപ്പോള്‍ അവള്‍ ഓടി വാതിലിന്റെ മൂലയില്‍ ഒളിച്ചു.

മോള് വാ അച്ഛന്‍ വിളിക്കുന്നു

സംഗീത വിളിച്ചു പറഞ്ഞു.

മോള് വീണ്ടും അച്ഛനെ ഒളിഞ്ഞു നോക്കി. പിന്നെ കൈപ്പത്തികള്‍ മുഖത്തമര്‍ത്തി പതുക്കെ വിളിച്ചു

അച്ഛാ

                                    അയാളുടെ ഹൃദയം പൂര്‍ണ്ണമായും നിറഞ്ഞ നിമിഷം. ഓടിച്ചെന്ന് അയാള്‍ മോളെ വാരിയെടുത്ത് കവിളില്‍ തുരുതുരാ ഉമ്മ വെച്ചു. മോള് അച്ഛന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു.

ആ രംഗത്തിന്റെ മാധുര്യം നുണഞ്ഞു കൊണ്ട് വാതില്‍ക്കല്‍ ചാരി നില്‍ക്കുകയായിരുന്നു സംഗീത. അവളുടെ കണ്ണിലൂടെ രണ്ട് അരുവികള്‍ ഒലിച്ചിറങ്ങിയിരുന്നു . സന്തോഷത്തിന്റെ കണ്ണുനീര്‍.

അയാള്‍ കൊണ്ടുവന്ന ഉടുപ്പുകള്‍ മകള്‍ മാറി മാറി അണിഞ്ഞു. കളിക്കോപ്പുകള്‍ കൊണ്ട് കളി തുടങ്ങി.

തുടര്‍ന്ന് പറമ്പിലൂടെ അയാള്‍ മോളുടെ കയ്യും പിടിച്ച് നടന്നു. തെങ്ങുകള്‍ക്കൊക്കെ കായ്ഫലം കുറവാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ നട്ട ജാതിമരം നിറയെ കായ പിടിച്ച് നില്‍ക്കുന്നു. അതിന്റെ കൂടെ നട്ട സപ്പോട്ടയ്ക്ക് എന്ത് പറ്റിയോ ആവോ. പേരമരത്തില്‍ അടയ്ക്കാകുരുവികള്‍ കൂടുകൂട്ടിയിരിക്കുന്നു. ആഞ്ഞിലി നിറയെ കായ്ച്ചിരിക്കുന്നു. പഴുത്ത ആഞ്ഞിലിക്കായ തിന്നാന്‍ വന്ന അണ്ണാറക്കണ്ണന്‍മാരെയും ധാരാളമായി കാണാം. കാണെ കാണെ തന്റെ വിശാലമായ ഒന്നരയേക്കര്‍ പറമ്പ് ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാണെന്ന് അയാള്‍ക്ക് തോന്നി. തറവാട്ടു സ്വത്ത് ഓഹരി ചെയ്തിട്ടില്ലാത്തതിനാല്‍ ഒരുമിച്ച് കിടക്കുകയാണ്.

അച്ഛാ അച്ഛനിനി പോകുമോ ?

ഇല്ല മോളേ — എന്ന് മറുപടി കൊടുത്തു

അച്ഛനും മകളും എന്തൊക്കെയാ പറഞ്ഞ് ചിരിക്കുന്നത് ?

സംഗീത അവിടെ എത്തിയെന്ന് ശബ്ദം കേട്ടപ്പോഴാണ് അറിഞ്ഞത്. അമ്മ മോളോട് ചോദിച്ചു

അച്ഛനെ കിട്ടിയപ്പോള്‍ നിനക്കിനി അമ്മയെ വേണ്ട അല്ലേ ?

മോള്‍ വേറേതോ ലോകത്തിലായിരുന്നു. മോള്‍ ചോദിച്ചു

അമ്മേ അച്ഛനിനി പോകുമോ ?

സംഗീതയുടെ മുഖത്ത് കരിനിഴല്‍ വ്യാപിച്ചു..

നമുക്കിനി അച്ഛനെ എങ്ങോട്ടും പറഞ്ഞയക്കേണ്ട മോളേ

വൈകിട്ട് വേഷം മാറി പുറത്തേക്ക് ഇറങ്ങുമ്പോള്‍ മോള്‍ ചോദിച്ചു

അച്ഛന്‍ എങ്ങോട്ടാ

അച്ഛന്‍ ഇപ്പോ വരാം മോളേ

കുറച്ച് സുഹൃത്തുക്കളെ കണ്ട് തിരിച്ച് വന്നപ്പോള്‍ മകള്‍ പിണക്കത്തിലാണ്.

മുകളിലത്തെ മുറിയില്‍ അടിച്ച് വൃത്തിയാക്കുന്ന ശബ്ദം. ഭാര്യ മണിയറ വൃത്തിയാക്കുകയാണ്. സാധാരണ മണിയറ ഒരുക്കുന്നത് മറ്റാരെങ്കിലും ആയിരിക്കും. ഇവിടെ മണവാട്ടി തന്നെ ആ ജോലി ഏറ്റെടുത്തിരിക്കുന്നു. അഞ്ചു വര്‍ഷത്തെ വേര്‍പാടിന് ശേഷം കണ്ടുമുട്ടുന്ന അവള്‍ തനിക്ക് ഇന്നൊരു പുതിയ പെണ്ണാണ്. അവളുടെ ശരീരത്തിലെ ഓരോ കാക്കപ്പുള്ളിയും തനിക്ക് ഓര്‍മ്മയുണ്ടായിരുന്നു. ഇന്നതെല്ലാം മറവിയിലേക്ക് മാഞ്ഞ് പോയിരിക്കുന്നു.

രാത്രി മോള്‍ ഉറങ്ങുന്ന നിമിഷവും കാത്ത് അയാള്‍ ഇരുന്നു. പതിയെ പതിയെ സംഗീത കഥ പറഞ്ഞ് കൊടുത്ത് മോളെ ഉറക്കി.
ഒരു ദേവതയെ പോലെ മുല്ലപ്പൂവൊക്കെ ചൂടി അവള്‍ മുന്നില്‍ നില്‍ക്കുന്നു. മുടിയില്‍ ചൂടിയ മുല്ലപ്പൂവില്‍ നിന്നും ഉതിര്‍ന്ന ഗന്ധം അയാളെ മത്തുപിടിപ്പിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി കിടക്കുന്നതിനിടയില്‍ അയാള്‍ അവളുടെ കൈത്തണ്ടയില്‍ പിടിച്ചു.

എവിടെ നിന്നോ ഓടിയെത്തിയ നാണം അവളെ പൊതിയുന്നതും ആ നാണത്തില്‍ അലിഞ്ഞലിഞ്ഞില്ലാതായ അവള്‍ ഒരു നവവധുവായി മാറുന്നതും അയാള്‍ കണ്ടു. അവളുടെ കവിളില്‍ രക്തനിറം കലര്‍ന്നു വികാരത്തിന്റെ ഫണങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു. അവളൊരു ലഹരിയായി അയാളുടെ തലയ്ക്കു പിടിച്ചു.
കിഴക്കേക്കാവില്‍ നാഗത്താന്‍മാര്‍ പരസ്പരം കെട്ടുപിണഞ്ഞ് ഇണചേര്‍ന്നു. അങ്ങകലെ പുലയന്റെ പാട്ടില്‍ ലയിച്ചു നിന്ന പുലമാടത്തി താളം ചവിട്ടി.

കിടക്കയിലെ മുല്ലപ്പൂക്കള്‍ ചതഞ്ഞമര്‍ന്നു. അയാളുടെ നെഞ്ചില്‍ തല വെച്ച് അവള്‍ തളര്‍ന്ന് കിടന്നു. കനം തൂങ്ങിയ നിമിഷങ്ങള്‍ കടന്ന് പോയി. മൗനം തന്നെ വാചാലമായ നിമിഷങ്ങള്‍.
അവളില്‍ നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നു. അയാള്‍ അവളുടെ മുഖം പിടിച്ച് നോക്കി.

ഇനി എന്നെ ഇവിടെ ഇട്ടേച്ച് നിങ്ങള്‍ പോകുമോ ?

വെറുതേ കരയാതെ നീ മോളെക്കാളും കുഞ്ഞാവുകയാണോ. ഒരു മൂന്ന് വര്‍ഷം കൂടി പിടിച്ച് നിന്നാല്‍ കടങ്ങളൊക്കെ ഒരു ലവലാകും

മൂന്ന് വര്‍ഷം പോയിട്ട് മൂന്ന് ദിവസം പോലും പിരിഞ്ഞിരിക്കാന്‍ എനിക്ക് സാധ്യമല്ല. നന്നായി അധ്വാനിച്ചാല്‍ ഈ നാട്ടില്‍ തന്നെ സുഖമായി കഴിയാം ചേട്ടാ. ഇനി എങ്ങോട്ടും പോകേണ്ട.ഇവിടെ ഉള്ളതു കൊണ്ട് കഴിയാം അതുമതി.

 

അവളുടെ വാക്കുകള്‍ തേന്‍തുള്ളികളായി അയാളുടെ വരണ്ട മനസിലേക്ക് ഇറ്റി വീണു.

അയാള്‍ ചിന്തിച്ചു. ഒന്നോര്‍ത്താല്‍ അവള്‍ പറയുന്നതിലും കാര്യമില്ലേ. ജീവിതത്തിന്റെ നല്ല പ്രായത്തില്‍ ഇങ്ങനെ വേര്‍പിരിഞ്ഞ് കഴിയുന്നത് ശരിയല്ല. നാട്ടില്‍ ശ്രമിച്ചാല്‍ ഒരു ജോലി തപ്പിപ്പിടിക്കാവുന്നതേയുള്ളൂ. നാളെത്തന്നെ ഗണേശനുമായും സതീശനുമായും ഈ കാര്യം സംസാരിക്കാന്‍ ബാലചന്ദ്രന്‍ തീര്‍ച്ചപ്പെടുത്തി. അതിന് പോസിറ്റീവായ ഒരു ഫലം ഉണ്ടായാല്‍ പന്ത്രണ്ട് വര്‍ഷം നീണ്ട് നിന്ന പ്രവാസത്തിന് അവസാനമാകും. ഇങ്ങനെ ചിന്തിച്ച് ഒരു പുതിയ പ്രഭാതവും സ്വപ്നം കണ്ട് അയാള്‍ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു
  ( സമാപ്തം )

പിന്‍കുറിപ്പ്– പ്രിയപ്പെട്ടവരെ വേര്‍പിരിഞ്ഞ് അങ്ങ് മണലാരണ്യത്തില്‍ ആടുജീവിതം നയിക്കുന്ന പ്രവാസികള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു. വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts