ചെറുകഥ– ബാല്യകാലസഖി
പ്രീഡിഗ്രി കഴിഞ്ഞ് അല്ലറചില്ലറ ട്യൂഷന്‍ പരിപാടികളുമായി നടക്കുന്ന കാലം. ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് രണ്ടുമാസത്തോളം വിശ്രമത്തില്‍ തന്നെ ആയിരുന്നു. ഇപ്പോഴും നടക്കുന്നതിന് അല്‍പം ബുദ്ധിമുട്ട് ഉണ്ട്. ഈ ഒരവസരത്തിലാണ് എനിക്ക് മറ്റൊരപകടം വന്ന് പെടുന്നത്. എന്റെ അസാധാരണമായ പുസ്തകക്കമ്പം അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ലൈബ്രറിയില്‍ നിന്നും കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ചോദിച്ചുവാങ്ങി വായിക്കുക അവളുടെ പതിവായി .
ഒരു പുസ്തകം പകലും ഒരു പുസ്തകം രാത്രിയിലും വായിക്കുക എന്നതായിരുന്നു എന്റെ രീതി. അയല്‍ക്കാരിക്കും വായനകമ്പം കലശലായതിനാല്‍ ദിവസത്തില്‍ ഒരു തവണ എങ്കിലും അവളെ കാണുക പതിവായി.. കുഴപ്പം അവിടം കൊണ്ടും തീര്‍ന്നില്ല. വായിച്ച് കഴിഞ്ഞ പുസ്തകത്തെ പറ്റി ഒരു പ്രൊഫസറെപോലെ കഠിനമായി സംസാരിക്കുന്നത് കേള്‍ക്കുക എന്ന ക്രൂരകൃത്യത്തിന് കൂടി ഞാന്‍ ഇരയായിത്തീര്‍ന്നു.
മറ്റുള്ളവരും വെറുതെ ഇരുന്നില്ല. ഞങ്ങളുടെ പുസ്തകകൈമാറ്റത്തിലും സാഹിത്യചര്‍ച്ചയിലും ആ ബഡുക്കൂസുകള്‍ സദാചാരലംഘനം കണ്ടെത്തി. അത് ആത്മഹര്‍ഷത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് അവര്‍ കണ്ടുപിടിച്ചു. സത്യത്തില്‍ എനിക്ക് പ്രേമം പോയിട്ട് കാമം പോലും ഇല്ലായിരുന്നു.
എന്നാല്‍ അവള്‍ക്ക് അങ്ങിനെ അല്ലെന്ന് മനസിലാക്കിയത് വളരെ വൈകിയാണ്. അവള്‍ മിക്കദിവസവും ഓരോ ചെറുകഥ വീതം എഴുതിക്കൊണ്ടുവന്ന് എന്നെ വായിച്ച് കേള്‍പ്പിക്കുമായിരുന്നു. മണ്ടിപ്പെണ്ണ്! കഥകളെല്ലാം ഭയാനകമാംവെണ്ണം ബോറായിരുന്നു. എന്നാല്‍ അവളെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഞാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടേ ഇരുന്നു. കഥയുടെ അന്ത്യം കൊള്ളാം , പ്ലോട്ട് കേമം ഇങ്ങനെ എല്ലാം പറഞ്ഞ് ഞാന്‍ തടിതപ്പിക്കൊണ്ടിരുന്നു.
കുറച്ചങ്ങ് ചെന്നപ്പോള്‍ എനിക്ക് തീരെ സഹിക്കവയ്യാതെയായി. അങ്ങിനെ ഗതിയെല്ലാം മുട്ടിയ ഒരു നിര്‍ഭാഗ്യനിമിഷത്തില്‍ ഞാനൊരു പരീക്ഷണത്തിന് മുതിര്‍ന്നു. അവള്‍ പാരായണം നടത്തുമ്പോള്‍ അവളുടെ ശരീരം പരിശോധിക്കുക. അവള്‍ അതീവസുന്ദരിയാണ് എന്ന യാഥാര്‍ത്ഥ്യം വളരെ പെട്ടെന്ന് തന്നെ മനസിലാക്കാന്‍ സാധിച്ചു. ഒരു നല്ല ചിത്രം കണ്ടതുപോലെ എന്റെ മനസ് പ്രസന്നമായി. എന്റെ ഏകാഗ്രത നഷ്ടപ്പെടാന്‍ തുടങ്ങി. ഞാന്‍ പുസ്തക വായന മറന്നു. രാത്രി മുഴുവന്‍ അവളുടെ ശരീരത്തിന്റെ ഭംഗി മനസുകൊണ്ട് ആസ്വദിച്ചുകൊണ്ട് അതോര്‍ത്ത് ഉറക്കം വരാതെ തിരിഞ്ഞും പിരിഞ്ഞും കിടന്നു. അവളുടെ അഴകാര്‍ന്ന ശരീരത്തിലെ നിമ്‌നോന്നതങ്ങള്‍ എന്റെ ചിന്തകളെ മത്തുപിടിപ്പിച്ചു.
ആ അടുപ്പത്തിലും നിശ്ചിതമായ ഒരു അകലം ഞാന്‍ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയത്തിലൊളിപ്പിച്ചുവെച്ച ആനന്ദത്തിനൊപ്പം സ്‌നേഹത്തിന്റെ ഒരു നൈര്‍മല്യഭാവവും നിറയുകയായിരുന്നു. ഹൃദയത്തിലെ ദുംദുഭി ക്രമത്തിലധികമാകുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് ലൈബ്രറിയില്‍ നിന്നും എടുത്ത് കൈമാറി വായിച്ച പുസ്തകം ബഷീറിന്റെ ബാല്യകാലസഖി ആയിരുന്നു. അതിലെ അനശ്വര കഥാപാത്രങ്ങളായ സുഹറക്കും മജീദിനും ജീവിതത്തില്‍ ഒരുമിക്കാന്‍ പറ്റാത്തതില്‍ ഉള്ള വിഷമം പറഞ്ഞ് അവള്‍ കുറെ കരഞ്ഞു. എന്നാല്‍ എനിക്ക് അതില്‍ വലിയ സങ്കടം ഒന്നും തോന്നിയില്ല. ആ നോവല്‍ ശുഭപര്യവസാനി ആയിരുന്നുവെങ്കില്‍ ഇത്ര ജനപ്രീതി ഉണ്ടാകുകയില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവര്‍ണ പൈങ്കിളിയില് പങ്ക് റങ്കുള്ളോളേ– ഈ പാട്ടും മൂളിക്കൊണ്ട് ഞാന്‍ പതിവുപോലെ അവളുടെ ശരീരത്തില്‍ നോട്ടമിട്ടു. ഓരോ ദിവസം നോക്കുമ്പോഴും പുതിയതായി കാണുന്നതുപോലെയാണ് തോന്നുന്നത്. പെണ്ണ് പടച്ചതമ്പുരാന്റെ വല്ലാത്ത ഒരു സൃഷ്ടി തന്നെ.
ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും അവളുടെ വീട്ടിനടുത്തുള്ള തൊടിയില്‍ ഇരിക്കുകയായിരുന്നു. ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം, ഇലഞ്ഞി പൂക്കുന്ന കാലമായിരുന്നില്ല എന്നിട്ടും. ഭാനുമതിയുടെ കണങ്കാലിന് താഴെ പാവാടയുടെ തങ്കക്കസവിന് അരികില്‍ പാദം പുണര്‍ന്ന് കിലുങ്ങുന്ന വെള്ളിക്കൊലുസ്. തുടുത്ത പദാംഗുലികളില്‍ മൈലാഞ്ചിയുടെ ചോപ്പ്. ഒരുവട്ടം കണ്ടു , മാറിടത്തില്‍ കൂമ്പിയ മൊട്ടുകള്‍. കണ്ണുകള്‍ പാപം ചെയ്തു. ജാക്കറ്റിനുള്ളില്‍ ഒരു മിന്നായം പോലെ ഗോതമ്പിന്റെ നിറത്തില്‍ , അവള്‍ കണ്ടുവോ, ഹൃദയം പിടഞ്ഞു.
ഇളംകാറ്റില്‍ കമുകിന്‍ തലപ്പുകള്‍ ഇളകിയാടുന്നതിനനുസരിച്ച് അതിലൂടെ വീഴുന്ന വെളിച്ചം അവളുടെ കണ്ണുകളില്‍ ഉമ്മവവെക്കുന്നുണ്ടായിരുന്നു. എന്റെ ചുണ്ടുകള്‍ അവളുടെ ചുവന്നുതുടുത്ത നനഞ്ഞ ചുണ്ടുകളെ ഒന്നുതൊടാന്‍ വല്ലാതെ ആഗ്രഹിക്കുന്നതായി ഒരു മായയിലെന്നപോലെ ഞാന്‍ അറിഞ്ഞു.
ഈ മജീദ് നാടുവിട്ട് പോയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായത്. ശരിയല്ലേ – കണ്ണുകള്‍ വിടര്‍ത്തി ഇമകള്‍ തുടരെ തുടരെ ചലിപ്പിച്ച് അവള്‍ ചോദിച്ചു. ഞാന്‍ കുറച്ചുനേരം അവളെ തന്നെ നോക്കിനിന്നു. ചെമ്പരത്തിയുടെ നിറമുള്ള പാവാടയും വെള്ള ജംബറുമണിഞ്ഞുകൊണ്ട് കണ്ണില്‍ ഒരു വിഷമിപ്പിക്കുന്ന ചോദ്യവുമായി നില്‍ക്കുന്ന അവളെ കണ്ടപ്പോള്‍ എന്റെ അപക്വമായ മനസിലേക്ക് ഓരോന്നോരോന്നായി സ്വപ്നച്ചീളുകള്‍ വന്ന് തറച്ചു. ഞങ്ങള്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നിന്നുവെന്ന് തോന്നുന്നു. പിന്നെ ഒരു നിദ്രാടകനെപ്പോലെ അറിയാതെ ഞാനവളുടെ ചുമലില്‍ കൈവെച്ചു. അവള്‍ ഞെട്ടി പിറകോട്ട് മാറി . അവള്‍ :-മേത്ത് തൊടണ്ട , പറഞ്ഞാ മതി.
അത് തീരെ പ്രതീക്ഷിച്ചില്ല. പ്രായത്തിന്റെ ചാപല്യം, അല്ലാതെന്തു പറയാന്‍. ഞാന്‍ കഴിയുന്നത്ര ചമ്മല്‍ പുറത്തുകാട്ടാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.
എന്താ ഒരു മൂഡോഫ് ഉണ്ണിയേട്ടാ ? അവള്‍ നേര്‍ത്ത ശബ്ദത്തില്‍ ചോദിച്ചു, മേത്ത് തൊടാന്‍ സമ്മതിക്കാത്തതു കൊണ്ടാണോ ?
ഏയ് ഒന്നൂല്യ.ഭാനൂ– പെട്ടെന്ന് ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
അതൊക്കെ തെറ്റാണ് ഉണ്ണിയേട്ടാ, കൈ തോളില് വെച്ചാല്‍ അത് അവിടെ അധികനേരം നില്‍ക്കില്യ.
മിടുക്കി. അവള്‍ പറഞ്ഞത് വളരെ ശരിയാണ്. തുടര്‍ന്ന് മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ ദിനങ്ങള്‍ കടന്നുപോയി.
ഞങ്ങള്‍ക്കിടയില്‍ അരൂപിയായ ഒരു മറയുടെ അദൃശ്യമായ ഒരു തടസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറവും ഇപ്പുറവും നിന്ന് സ്‌നേഹത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ ഇണചേര്‍ന്നലിയുന്നത് സ്വപ്നം കണ്ട് നേര്‍ത്ത വേദനയുടെ സുഖം അനുഭവിക്കുന്നതിനിടയിലാണ് ഒരു നാള്‍ ഇടിത്തീ പോലെ ആ വാര്‍ത്ത ഞാനറിഞ്ഞത്. അവള്‍ പോകുകയാണ്. അടുത്തേക്കൊന്നുമല്ല അകലേക്ക്, എന്റെ കണ്ണുകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ദൂരേയ്ക്ക്. -ബോംബെയിലേക്ക് – അവിടെ അമ്മാവന്റെ വീട്ടില്‍ വെച്ചാണത്രെ ഡിഗ്രി പഠനം.
അവിടെ അവള്‍ക്ക് കൂട്ടിന് അമ്മാവന്റെ മകനും ഉണ്ട്. അതായത് അവളുടെ മുറച്ചെറുക്കന്‍.
അപ്പോള്‍ അമൂല്യമായതേതോ നഷ്ടപ്പെടുന്നതായും ഹൃദയം വരണ്ട് ശൂന്യമാകുന്നതായും ഒരു വേദനയോടെ ഞാനറിഞ്ഞു.
ഞാന്‍ പുറത്തേക്കുള്ള ജാലകം തുറന്ന് വെച്ച് കിടന്നു. പുറത്ത് താരാട്ടു പോലെ മഴയുടെ സ്‌നേഹാര്‍ദ്ര സംഗീതം
ഗിരീഷ് നമശിവായം
( സമാപ്തം )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

