ആ പട്ടിക്കാടു പോലത്തെ നാട്ടിൻപുറത്തെ വീടും പുരയിടവും വിറ്റിട്ട് നഗരത്തിലെ ഹൈക്ലാസ്‌കാർ തിങ്ങി പാർക്കുന്ന ഈ ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ വീട് വാങ്ങിയത് അയാളുടെ മാത്രം താൽപര്യമായിരുന്നു.. കാരണം അവിടെ നിന്നും അരമണിക്കൂർ മാത്രം യാത്ര ചെയ്താൽ അയാളുടെ ഓഫീസിൽ എത്തും. അയാൾ വേണുഗോപാൽ . സെക്രട്ടേറിയറ്റിലാണ് ജോലി. ഭാര്യ ലക്ഷ്മി. അവരുടേത് പ്രേമവിവാഹം ആയിരുന്നു.
To get my website search www.gforgenius.in
നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള ഒരു നാടൻ പെണ്ണിനെ കെട്ടണം എന്ന വേണുഗോപാലിന്റെ കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു അവരുടെ വിവാഹം. തന്റെ ഗ്രാമം വിട്ട് എങ്ങും വരാൻ ലക്ഷമി തയ്യാറായില്ല. അങ്ങനെ അയാളും ആ ഗ്രാമത്തിലെ താമസക്കാരനായി. പെൺകോന്തൻ എന്ന് അയാളെ അമ്മയും സഹോദരങ്ങളും വിളിച്ച് കളിയാക്കി.
സ്വർഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകുന്ന ഗ്രാമം. കാവുകളും ആമ്പൽപൂക്കളും മുക്കുറ്റിപൂക്കളഉം ഉള്ള പരിശുദ്ധഗ്രാമം. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന നെൽവയലുകൾക്കും പറമ്പുകൾക്കും അരികിലായി ഒരു കൊച്ചുവീട്.
അവർക്ക് രണ്ട് കുട്ടികളാണ്. മൂത്തയാൾ അപ്പു ഇനി അഞ്ചാംക്ലാസിലും ഇളയവൻ അച്ചു രണ്ടാം ക്ലാസിലും ., ആ പട്ടിക്കാട് ഗ്രാമത്തിൽ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസസൗകര്യമില്ല. കൂടാതെ ഇപ്പോൾ സെക്രട്ടേറിയറ്റിൽ പഞ്ചിങും ഏർപ്പെടുത്തിയിരിക്കുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരിൽ പകുതിയും ഹെഡ് ക്വോർട്ടേഴ്‌സ് വേക്കൻസിയിലും മറ്റും നിയമിക്കപ്പെട്ട മറ്റ് ജില്ലക്കാരാണ്. അതി രാവിലെ ട്രെയിനിൽ ജോലിക്ക് എത്തിച്ചേർന്നിരുന്ന അവർക്ക് ഗവൺമെന്റ് അശാസ്ത്രീയമായി ഏർപ്പെടുത്തിയ പഞ്ചിങ് സംവിധാനം വലിയ ബുദ്ധിമുട്ടായി മാറി . അതാണ് തിരുവനന്തപുരം പട്ടണത്തിലെ തിരക്കേറിയ ഹൗസിങ് കോളനിയിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി വീട് വെക്കാനും അങ്ങോട്ട് താമസം മാറാനും അയാളെ പ്രേരിപ്പിച്ച ഘടകം
.
ലക്ഷ്മിക്ക് നാട്ടിൻപുറം വിട്ട് വരുവാൻ ഒട്ടും ഇഷ്ടമല്ലായിരുന്നു. മുപ്പത്തിയഞ്ച് വർഷത്തെ ലക്ഷ്മിയുടെ ജീവിതത്തിൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ വീട്ടിൽ നിന്നും വിട്ട് നിന്നിട്ടുള്ളൂ. വീടെന്ന് പറഞ്ഞാൽ പഴയ കാലത്തിന്റെ ഗതകാലസ്മരണകൾ ഉണർത്തുന്ന ഒരു ചരിത്രസ്മാരകം പോലെ ആണ് ,. ആ പട്ടിക്കാട്ടിൽ പോലും അതുപോലെ ഓല മേഞ്ഞ വീട് ഇപ്പോൾ തീരെ ഇല്ലെന്ന് തന്നെ പറയാം. നിറയെ പൂക്കൾ വളർന്ന് നിൽക്കുന്ന മുറ്റം., റോസ, പിച്ചി, മുല്ല , ജമന്തി തുടങ്ങിയ നാടൻ പൂക്കളാണ് കൂടുതൽ. കുറച്ച് ഓർക്കിഡും ആന്തൂറിയവും പ്രത്യേകം ചട്ടിയിൽ പരിപാലിച്ചിരിക്കുന്നു. പിന്നെ മാവ്, പ്ലാവ്, സപ്പോട്ട, തെങ്ങ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങൾ.
വീടിന്റെ തറ ചാണകം മെഴുകിയതാണ്. വൈദ്യുതി പോലും അടുത്ത കാലത്താണ് എത്തിയത്. അതുവരെ ഉരൽ, അമ്മിക്കല്ല്, ആട്ടകല്ല്, മത്ത് തുടങ്ങിയവ ഒക്കെയാണ് ഉപയോഗിച്ചിരുന്നത്. വീടിനോട് ചേർന്ന് തൊഴുത്തിൽ പശുവും കിടാവും., പാലും തൈരും സുലഭമായിരുന്നു.ആ വീടിനോടും പരിസരത്തോടും ലക്ഷ്മിക്ക് വല്ലാത്ത ഒരു അറ്റാച്ച്‌മെന്റ് ഉണ്ടായിരുന്നു. ഒരുതരം ഭ്രാന്ത് പോലെ.
വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിശാലമായ കുളമായിരുന്നു ലക്ഷ്മിയുടെ പ്രധാന ദൗർബല്യം., അത് വേനൽക്കാലത്തും വറ്റാറില്ല. ., കല്യാണം കഴിഞ്ഞ നാളുകളിലെല്ലാം ആ കുളത്തിന്റെ പടവുകളിൽ ഇരുന്നവർ കിന്നാരം പറഞ്ഞിരുന്നു. അവളവിടെ എത്തിയാലുടൻ എവിടെ നിന്നെന്നറിയാതെ മത്സ്യക്കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെടും. അവൾ ഇട്ടുകൊടുക്കുന്ന നിലക്കടലയും പൊരിയും തിന്ന് അവർ അപ്രത്യക്ഷരാകും. വീണ്ടും വരും. അവളുടെ ഈ മത്സ്യപ്രേമം കണക്കിലെടുത്ത് അയാൾ പുതിയ വീട്ടിനുള്ളിൽ ഒരു വലിയ അക്വേറിയം ഉണ്ടാക്കി. പവിഴപ്പുറ്റുകളും പായലും പാറക്കെട്ടുകളഉം നിറഞ്ഞ വലിയ ഒരു ജലാശയം.
To get my website search www.gforgenius.in
പഴയവീട്ടിലെ അവസാനദിവസം അയാൾ ഇപ്പോഴും ഓർക്കുന്നു. ലക്ഷ്മി പതിവുപോലെ അതിരാവിലെ എഴുന്നേറ്റു, പശുവിനെ കുളിപ്പിച്ചു, പറമ്പിൽ നിന്നും പറിച്ചതും ചെത്തിയെടുത്തതുമായ പുല്ല് പശുവിന് കൊടുത്തു. എന്നിട്ട് കുറെ ചക്കയും ചക്കമടലും അരിഞ്ഞു. അതും ഒരു വലിയ കൊട്ടയ്ക്കകത്തിട്ട് പശുവിന് കൊടുത്തു.
മുപ്പത്തിയഞ്ച് വയസ് വരെ ജീവിച്ചസാഹചര്യത്തിൽ നിന്ന് പെട്ടെന്നുള്ള മാറ്റം അവൾക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും എന്നോർത്ത് അയാൾക്ക് ആശങ്കയുണ്ടായിരുന്നു. അയാളുടെ ഭയത്തെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്.
വീടിന്റെ പാലുകാച്ചു ദിവസം. വേണുഗോപാൽ അതിഥികളെ സ്വീകരിക്കുന്നു, വൈമനസ്യത്തോടെയാണെങ്കിലും ലക്ഷ്മിയും ചിരിച്ച് കളിച്ച് അതിഥികളെ സത്കരിക്കുന്നു. അപ്പുവും അച്ചുവും പുതിയവീട്ടിൽ താമസമാക്കുന്നതിന്റെ ആവേശത്തിലാണ്.
രാവിലെ ഗണപതി ഹോമവും ഭഗവതിസേവയും ഉണ്ടായിരുന്നു. പാല് തിളച്ച് കിഴക്ക് ഭാഗത്തേക്ക് തന്നെ തൂകി. ജ്യോതിഷത്തിൽ ഒക്കെ വേണുഗോപാലിന് വലിയ വിശ്വാസമാണ്. കിഴക്ക് വശത്തേക്ക് പാൽ തിളച്ച് തൂകിയാൽ കുടുംബത്തിൽ ഐശ്വര്യം വരുമെന്നാണ് ശാസ്ത്രം പറയുന്നത്. അങ്ങനെ എല്ലാം വളരെ മംഗളമായി നടന്നു.
അപ്പോഴാണ് അത് സംഭവിച്ചത്. അക്വേറിയത്തിന് അരികിലേക്ക് വന്ന ലക്ഷ്മി അൽപസമയം അതിലേക്ക് നോക്കിനിന്നു. അവളുടെ കണ്ണുകളിൽ തീഷ്ണമായ ഒരു ഭാവം. ഒരു തരം ഭ്രാന്തിന്റെ തിളക്കം. പെട്ടന്നവൾക്ക് കാലുകളിൽ നനവ് അനുഭവപ്പെടുന്നതുപോലെ തോന്നി. അവൾ ഒരുനിമിഷം പഴയ പാവാടക്കാരി പെണ്ണായി മാറി. അവൾ ഭ്രാന്തമായ ഒരു ആവേശത്തിൽ അക്വേറിയത്തിലെ മീനുകളെ പിടിച്ച് തറയിലേക്ക് എറിഞ്ഞു. അതിഥികൾ ചുറ്റും കൂടി. അയാൾ അവളെ പിടിച്ച് മാറ്റാൻ ശ്രമിച്ചു. അപ്പോൾ അവൾ അവിടെ കിടന്ന ഒരു തടിക്കസേര എടുത്ത് അക്വേറിയത്തിലേക്ക് ഒരു എറി വെച്ചുകൊടുത്തു. ഗ്ലാസ് പൊട്ടി വെള്ളവും കുപ്പിച്ചില്ലുകളും മീനുകളും ആ സ്വീകരണമുറിയിലൂടെ ഒഴുകിനടന്നു. തുടർന്ന് വേണുഗോപാൽ അവളെ ബലമായി പിടിച്ച് സെറ്റിയിൽ ഇരുത്തി.,
ആരോ വെള്ളം കൊണ്ടു കൊടുത്തു. ലക്ഷ്മി അൽപം ശാന്തയായി, എന്താ അവൾക്ക് പറ്റിയതെന്ന് ചുറ്റും കൂടി ഇരുന്നവരെല്ലാം ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. അതിന് ഉത്തരമായിട്ട് അവൾ അയാളെ വലിച്ചിഴച്ചുകൊണ്ട് വീടിന്റെ ഓരോ ജനാലയ്ക്കരികിലും ചെന്നിട്ട് ഇങ്ങനെ പറഞ്ഞു
വേണുവേട്ടാ, എനിക്ക് വല്ലാതെ ശ്വാസം മുട്ടുന്നു, എനിക്ക് ആകാശം കാണണം
അയാൾ ജനലഴികളിലൂടെ മുകളിലേക്ക് നോക്കി. ചുറ്റും കോൺക്രീറ്റ് എടുപ്പുകൾ, എങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ മാത്രം. ആകാശം എങ്ങും കാണാനില്ലായിരുന്നു. പൊടുന്നനവേ അയാൾക്കും ശ്വാസം മുട്ടാൻ തുടങ്ങി.
To get my website search www.gforgenius.in Thank You.
സമാപ്തം.
വാൽക്കക്ഷണം– ഈ കഥയിൽ വീടിന്റെ അകത്ത് നിന്ന് ജനാലയിലൂടെ ചുറ്റുപാടുമുള്ള വലിയ കെട്ടിടങ്ങളുടെ മറവ് മൂലം ആകാശം കാണുന്നില്ല എന്നത് അതിശയോക്തി ആയി തോന്നാം. എന്നാൽ മാറിയ കാലത്ത് അത്തരം ഭവനങ്ങൾ ധാരാളമാണ്. ദിനംപ്രതി പുതിയ ഫ്‌ളാറ്റുകൾ ഉയരുന്നു നാട്യപ്രധാനം നഗരം ദരിദ്രം , നാട്ടിൻപുറം നൻമകളാൽ സമൃദ്ധം എന്നാണല്ലോ. എന്നിട്ടും ആ നൻമ നിറഞ്ഞ നാട്ടിൻപുറത്ത് നിന്നും ജോലിയുടെ ആവശ്യത്തിനും മറ്റുമായി നഗരങ്ങളിലേക്ക് ചേക്കേറി കൂടുകൂട്ടാൻ നാം നിർബന്ധിതമായിരിക്കുന്നു. ഞാനും ഇതുപോലെ തിരുവനന്തപുരത്ത് കൂടുകൂട്ടിയിട്ട് നാല് വർഷം ആകുന്നു. ഓണത്തിന്റെ അവധിക്ക് നാല് ദിവസം അടുപ്പിച്ച് വീട്ടിൽ നിന്നിട്ട് മനസില്ലാമനസോടെ ആണ് തിരികെ ജോലിസ്ഥലത്തേക്ക് വന്നത്. അറബിക്കഥ എന്ന സിനിമയിലെ ഒരു പാട്ട് ഓർമ്മയിൽ വരുന്നു.– തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാൻ തീരത്തണയുവാൻ ഞാനും കൊതിക്കാറുണ്ടെന്നും.– അതൊക്കെ പോകട്ടെ. എന്റെ വ്യക്തിപരമായ സങ്കടങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. ഈ കഥയെ പറ്റിയുള്ള മാന്യവായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങൾ ലിങ്കിൽ കയറി കമന്റ് ചെയ്യുക
സ്‌നേഹപൂർവ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904
.

