ഞാന്‍ ഈ മാസം ഒരുപാട് ആലോചിച്ച് നോക്കിയിട്ടും ബ്ലോഗ് എഴുതാന്‍ പറ്റിയ സംഗതികള്‍ ഒന്നും കിട്ടിയില്ല. പ്രത്യേകിച്ച് ഒന്നും പറയാനില്ല എങ്കില്‍ മൗനം ഭജിക്കാം എന്ന് കരുതി ഇരിക്കുമ്പോഴാണ് പുനലൂരില്‍ എന്റെ അയല്‍വാസിയും സുഹൃത്തും അധ്യാപകനുമായ സുനില്‍കുമാര്‍ സാര്‍ ഒരു സംഭവം പറയുന്നത്. ബ്ലോഗിന് വേണ്ടി അല്ല സാര്‍ പറഞ്ഞത്. ഒരു സിനിമക്ക് പറ്റിയ സബ്ജക്ട് എന്ന നിലയില്‍ ആ വിഷയത്തില്‍ എന്റെ താല്‍പര്യം മനസിലാക്കി പറഞ്ഞതാണ്. എന്നാല്‍ ആ വിഷയത്തില്‍ തിരക്കഥ എഴുതാനും മാത്രം ചിന്തിക്കാന്‍ വേണ്ട സമയം എനിക്ക് ഇല്ലായിരുന്നു. ഇത്തവണത്തെ ബ്ലോഗിന് ആധാരമായ വിഷയത്തിന്റെ ചെറിയ ഒരു സ്പാര്‍ക് മാത്രമാണ് സുനില്‍ സാറിന്റെ സംഭവന. അതിന് അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങാം
സമാനസ്വഭാവം ഉള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ സമീപകാലത്ത് വര്‍ധിച്ച് വരുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്നതാണ് ഈ മാസം ബ്ലോഗില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയം. ആദ്യം തിരുവല്ലയില്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊല്ലല്‍, പിന്നീട് ആഴ്ചകള്‍ക്കുള്ളില്‍ തൃശൂരില്‍. തൊട്ടുപിന്നാലെ മാവേലിക്കരയില്‍ . തിരുവല്ല സംഭവം അതിന്റെ സൂക്ഷ്മ വിവരങ്ങളോടെ സമഗ്രമായി പത്രങ്ങളും ചാനലുകളും പൊലിപ്പിച്ചു കാണിച്ചു. അതു വായിച്ച ഒരാള്‍ക്ക് തൃശൂരില്‍ എന്നാല്‍ അങ്ങനെയായാലെന്താ എന്ന ചിന്തയുണ്ടായി. മൂന്നാമതൊരാള്‍ക്ക് മാവേലിക്കരയില്‍ ഞാനും ഇതുതന്നെയാണ് ചെയ്യേണ്ടത് എന്ന ആലോചനയുണ്ടായി. ഫലമോ തിരുവല്ലയ്ക്കു പുറമേ രണ്ടിടത്തുകൂടി രണ്ടു പെണ്‍കുട്ടികള്‍ തീയിലെരിഞ്ഞു പിടഞ്ഞു മരിച്ചു. പ്രണയത്തില്‍ അത് ഏകപക്ഷീയമോ, ഉഭയസമ്മതപ്രകാരമുള്ളതോ ആവട്ടെ , അടുത്തതായി ചെയ്യേണ്ട കാര്യം തീവെച്ച് കൊല്ലുക എന്നതാണെന്ന ചിന്തയിലേക്ക് അതിവൈകാരികതയുടെ ചുഴലിയില്‍ പെട്ടുപോകുന്ന മനസ്സുകള്‍ ചെന്നെത്തുവാന്‍ മാധ്യമങ്ങള്‍ കാരണമായി.
ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ നിഷ്‌കളങ്കമനസുകള്‍ ഇത്തരം സാധ്യതകളെ കുറിച്ച് പോലും ആലോചിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതിവൈകാരിക വാര്‍ത്തകള്‍ ഉപേക്ഷിക്കാന്‍ കഴിയണം. അതിലൂടെ വരുന്ന അധികവരവ് വേണ്ടെന്ന് വെക്കണം. ഇക്കാര്യം പത്രാധിപന്‍മാര്‍ ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ക്രിമിനല്‍ സ്വഭാവമുള്ള മനസ്സുകള്‍ ഓരോ കൊലപാതകത്തിന്റെയും സൂക്ഷ്മവിവരങ്ങള്‍, വിശേഷങ്ങള്‍ എന്നിവ തിരയുന്നുണ്ടാകും. അവരെ തൃപ്തിപ്പെടുത്തലല്ലല്ലോ മാധ്യമധര്‍മ്മം. ( ഇപ്പോള്‍ കൂടത്തായി പരമ്പര കൊലപാതകം നിറം പിടിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധിക്കുക . സമാനസ്വഭാവമുള്ള അരുംകൊലകള്‍ ഇനിയും ഉണ്ടായേക്കാം. ഫോര്‍ത്ത് എസ്റ്റേറ്റിന് സെന്‍സറിങ് ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചു )
ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം അത്ര പെട്ടെന്ന് നിങ്ങളാരും അംഗീകരിച്ച് തരില്ല. മനുഷ്യരെ സംബന്ധിച്ച വാര്‍ത്തകള്‍ മാത്രമല്ല ഇങ്ങനെ ആവര്‍ത്തിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരിടയ്ക്ക് പത്രം തുറന്നാല്‍ തെരുവുനായ മനുഷ്യരെ കടിച്ച് കീറുന്ന നിറം പിടിപ്പിച്ച വാര്‍ത്തകളായിരുന്നു. തെരുവുനായ്ക്കള്‍ പത്രം വായിക്കുന്നതു കൊണ്ടാണ് അത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നത് എന്ന് ചിന്തിക്കുന്നത് യുക്തിയല്ല. ഒരു പ്രത്യേക കാലഘട്ടത്തില്‍ എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്ന് ആലോചിച്ച് ഞാന്‍ അദ്ഭുതം കൂറിയിട്ടുണ്ട്. ആ കാര്യം നിങ്ങളുടെ കൗതുകകരമായ ആലോചനയ്ക്ക് വിടുന്നു.
ഈ മാസം ബ്ലോഗില്‍ ഒരു നക്‌സലൈറ്റിന്റെ കഥ എന്ന പേരില്‍ ഞാന്‍ എഴുതിയ കഥ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.അടുത്ത മാസം പുതിയ വിഷയങ്ങളും കഥകളുമായി ഞാന്‍ വരുന്നതാണ്. ഇപ്പോള്‍ താല്‍ക്കാലികമായി വിട ചൊല്ലുന്നു
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

