എന്റെ വീട്ടിൽ നിന്നും രണ്ടുമിനിറ്റിന്റെ ദൂരത്തിൽ ആണ് നാണുനായരുടെ പീടിക. അവിടെ കിട്ടാത്ത സാധനം ഒന്നുമില്ല. കൊച്ച് ഒരു സൂപ്പർമാർക്കറ്റ് തന്നെയാണ്. ഒരു ദിവസം പത്തിൽ പഠിക്കുന്ന എന്റെ മോളോട് ഞാൻ പറഞ്ഞു. മോള് ചെന്ന് അരക്കിലോ പഞ്ചസാരയും തീപ്പെട്ടിയും വാങ്ങ്.
അച്ഛൻ ചെല്ല്. എനിക്ക് പേടിയാണ് . തനിച്ച് പോകാൻ
രണ്ടു മിനിറ്റ് നടക്കാനുള്ള ദൂരത്തിന് പേടിയോ. പുറത്താരും അറിയേണ്ട. നാണക്കേടാണ്.
രണ്ടു മിനിറ്റിനുള്ളിൽ ഒരു കുറ്റിക്കാട് ഉണ്ടച്ഛാ.
പത്രത്തിൽ പല കഥകളും വായിക്കുന്നതുകൊണ്ടും ഭാര്യ അതൊക്കെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് അവളെ ബോധവൽക്കരിക്കുന്നതുകൊണ്ടും അവൾക്ക് ഇപ്പോൾ സകലതിനെയും പേടിയാണ്. വീടിന് വെളിയിലിറങ്ങാൻ പേടി. വീടിനകത്ത് ഒരു മുറിയിൽ നിന്നും വേറൊരു മുറിയിലേക്ക് പോകാൻ പേടി, പാൽക്കാരനെ പേടി, പത്രക്കാരനെ പേടി. എന്തിന് മുത്തച്ഛന്റെ അടുത്ത് ഇരിക്കാൻ പോലും പേടിയാണവർക്ക്
നിസ്സാരകാര്യത്തിനും ഭയത്തിന്റെ തുരുത്തിൽ ഒളിക്കുന്ന മോളെങ്ങനെ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലൂടെ യാത്ര ചെയ്ത് മുൻനിരയിലെത്തും –അയാൾ എപ്പോഴും ചിന്തിക്കുമായിരുന്നു
വർഷങ്ങൾ കടന്ന് പോയി. ഒരു ദിവസം പഴയ ഓർമ്മകൾ ഒക്കെ അയവിറക്കി ഓരോന്ന് ചിന്തിച്ച് ഉറക്കം വരാതെ തിരിഞ്ഞും പിരിഞ്ഞും കിടന്നപ്പോൾ മകളുടെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി. അവൾ ടെക്‌നോപാർക്കിലെ മുൻനിര ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഇപ്പോൾ അവൾ നൈറ്റ്ഷിഫ്റ്റു കഴിഞ്ഞ് റൂമിൽ തിരിച്ചെത്തുന്ന സമയമാണ്.
ഞാൻ ഫോണെടുത്ത് മകളെ വിളിച്ചു
അച്ഛനെന്താ പാതിരാ നേരത്ത് ഉറങ്ങിയില്ലേ ?
ഉറക്കം വന്നില്ല. മോളുടെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി. ഹോസ്റ്റലിൽ എത്തിയോ
ഇല്ലച്ഛാ ഞങ്ങൾ ബീച്ചിലാണ്
ബീച്ചിലോ ? ഞാൻ ഞെട്ടിത്തെരിച്ചു.
അച്ഛനെന്താ പേടിച്ചു വിറയ്ക്കുന്നേ ?
പാതിരാനേരത്ത് ബീച്ചിൽ അച്ഛനെന്തോ പേടി തോന്നുന്നു
അതിന് ഞാൻ ഒറ്റയ്ക്കല്ല. ഒരു ഫ്രണ്ടുമുണ്ട്.
ഫ്രണ്ടിന്റെ പേരെന്താ ?
വിൽസൺ. എന്റെ കൂടെ വർക്ക് ചെയ്യുന്നു.
മകൾ ഫോൺ കട്ട് ചെയ്തു.
ചുറ്റിനും ഭയത്തിന്റെ ഒരു തുരുത്ത് രൂപം കൊള്ളുന്നത് പോലെ എനിക്ക് തോന്നി. ഭയത്തിന്റെ നീരാളിപ്പിടുത്തത്തിൽ ഞാൻ അമർന്നു. പരിണാമത്തിന്റെ പുത്തൻ അവസ്ഥാന്തരങ്ങളിൽ ഞാൻ പണ്ടത്തെ എന്റെ മകളായി മാറി. ഭയം എന്ന വികാരം എന്നെ മൊത്തത്തിൽ വിഴുങ്ങാൻ പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. പുതപ്പിനുള്ളിലേക്ക് ഊർന്നിറങ്ങി കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ ഉറക്കെ വിളിച്ചു കൂകി
എനിക്ക് പേടിയാണ് എനിക്ക് പേടിയാണ്
(സമാപ്തം )
പിൻകുറിപ്പ്– പുതിയ കാലഘട്ടത്തിലെ പിതൃഹൃദയത്തിന്റെ ആശങ്കകളെ ദൃശ്യവൽക്കരിക്കുന്ന ഈ കഥ കേരളഫോക്കസ് മാസികയുടെ 2017 ഓണപ്പതിപ്പിലാണ് ആദ്യമായി അച്ചടിച്ചു വന്നത്. പിന്നീട് എന്റെ മകൾക്ക് എന്ന് പേരിട്ട ചെറുകഥാസമാഹാരത്തിൽ ഉൾപ്പെടുത്തി. എനിക്ക് ഏറെ അനുമോദനങ്ങൾ നേടിത്തന്ന ഈ കഥ ഇന്നു മുതൽ എന്റെ ജി ഫോർ ജീനിയസ് എന്ന എന്റെ ബ്ലോഗിന്റെയും ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ട്.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

