❤ അഭയാർത്ഥി❤ (ചെറുകഥ )
മലയാള സിനിമാരംഗത്തെ പ്രശസ്തനായ ഒരു സംവിധായകനെ കണാനായി ഞാൻ കഴിഞ്ഞ മാസം എറണാകുളത്ത് പോയിരുന്നു. ഒരു തിരക്കഥ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു ഉദ്ദേശം. എന്നാൽ കാര്യം നടന്നില്ല . പുള്ളി എന്തോ അത്യാവശ്യ കാര്യത്തിനായി ബാംഗ്ലൂർക്ക് കടന്നു കളഞ്ഞു. എറണാകുളത്ത് നിന്നും മടക്കയാത്ര ട്രെയിനിൽ ആയിരുന്നു. ട്രെയിൻ വിടുവാൻ അൽപസമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് എവിടെ നിന്നോ പൊട്ടിവീണത് പോലെ ആ പെൺകുട്ടി എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് – ഒരു നാടോടി ബാലിക ഏഴ് വയസ് പ്രായം വരും’ മെലിഞ്ഞ് എല്ലുന്തിയ ശരീരം. എണ്ണമയമില്ലാതെ പാറിപ്പറന്ന മുടി, കറ പിടിച്ച പല്ലുകൾ, ഏതോ വലിയ വീട്ടിലെ കുട്ടി ഉപേക്ഷിച്ച ഫ്രോക്ക് മാത്രമാണ് ഏക ആഡംബരം
അവളെ കണ്ടപ്പോൾ ഞാൻ ഭാമയെ ഓർത്തു, ഭാമ എൻ്റെ മകളാണ്. ആ നാടോടി ബാലിക എല്ലാവരുടെയും മുന്നിൽ കൈ നീട്ടിയപ്പോൾ ഞാനും ഒരു ഒന്നിൻ്റെ നാണയം അവളുടെ കയ്യിൽ ഇട്ടു കൊടുത്തു. ട്രെയിൻ വിട്ട് ഒന്ന് രണ്ട് station കഴിഞ്ഞപ്പോൾ അവൾ വീണ്ടും എൻ്റെ അടുത്തെത്തി. അപ്പോൾ ഞങ്ങളിൽ പലരും ചായയും വടയും വാങ്ങാനുള്ള തിരക്കിൽ ആയിരുന്നു
ചേച്ചീ… ഒരു ചായ… . ചേച്ചി ഒരു ചായ… .. അവൾ പരിഷ്കാരിയായ സ്ത്രീയെ ചൂണ്ടി പറഞ്ഞു. അവർക്കത് ഇഷ്ടപ്പെട്ടില്ല. അവർ കുട്ടിയുടെ കൈ തട്ടിമാറ്റി. ഛെ – … എന്ന് വികൃതമായി ശബ്ദിക്കുകയും ചെയ്തു. ചേച്ചീ… ഒരു ചായ.. ബാലിക വീണ്ടും യാചിച്ചു കൊണ്ടിരുന്നു. അവരാകട്ടെ ഭസ്മമാകുന്ന കണ്ണുകളോടെ അവളെ നോക്കി. എന്നിട്ട് തല വെട്ടിച്ച് അവരുടെ മക്കൾക്ക് ചായയും വടയും വാങ്ങി കൊടുത്തു. ആ കുട്ടികൾ ഓരോ കവിൾ ഇറക്കുമ്പോഴും ഈ കുട്ടി മാറി നിന്ന് വായിലൂറുന്ന വെള്ളം ഇറക്കിക്കൊണ്ടേ ഇരുന്നു. എന്തു കൊണ്ടോ ആ കാഴ്ച എൻ്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു.
ഞാൻ നീങ്ങിപ്പോയ ചായക്കാരനെ വീണ്ടും വിളിച്ച് വരുത്തി ഒരു ചായയും ഒരു സെറ്റ് വടയും പറഞ്ഞു. അതു വാങ്ങി ആ പെൺകുട്ടിയുടെ കൈയ്യിൽ കൊടുത്തു. അവൾക്കത് അവിശ്വസിനീയമായി തോന്നി. മറ്റുള്ളവർക്കും . എല്ലാവരും തുറിച്ച കണ്ണുകളോടെ എന്നെ നോക്കി ദഹിപ്പിക്കുവാൻ തുടങ്ങി. ഞാനെന്തോ വലിയ അപരാധം ചെയ്തത് പോലെ ആയിരുന്നു അവരുടെ നോട്ടം – ഞാനത് തെല്ലും വകവെച്ചില്ല. എന്തോ എനിക്കപ്പോൾ അങ്ങനെ ചെയ്യാനാണ് തോന്നിയത്.
ചൂടു ചായ ഊതി ഊതി കുടിക്കുന്നതിനിടെ അവൾ പറഞ്ഞറിയിക്കാനാകാത്ത നന്ദിയോടെ എന്നെ നോക്കി. കറ പിടിച്ച പല്ലുകൾ കാട്ടി നിഷ്കളങ്കമായി ചിരിച്ചു. എൻ്റെ മനസിൽ എവിടെയോ ആ ചിരി പൂനിലാവിൻ്റെ പ്രഭ പരത്തി.
വലിയ ഒരു ആർത്തിയോടെ ആ ചായയും വടയും കഴിച്ച ശേഷം അവൾ എൻ്റെ അടുത്തേക്ക് പതുങ്ങി വന്നു. എൻ്റെ അനുകൂല ഭാവം കണ്ടിട്ടാവണം അവൾ എൻ്റെ ദേഹത്തൊന്ന് തൊട്ടു. ഞാനവളുടെ ചെമ്പിച്ച മുടിയിൽ കൈ വെച്ചപ്പോൾ സ്വർഗ്ഗം കിട്ടിയ പോലെ ആ പെൺകുട്ടി നിന്നു. അവളുടെ ഓമനത്തമുള്ള കവിളിൽ പൂർവ്വജന്മ ബന്ധം പോലെ ഞാനൊരുമ്മ കൊടുത്തു. സത്യത്തിൽ അപ്പോൾ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയാണെന്നും പലരും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും ഞാൻ മറന്ന് പോയിരുന്നു’ ഞാനേതോ ലോകത്തിലായിരുന്നു.
പിന്നെ അവൾ എൻ്റെ മടിയിൽ കയറി ഇരിക്കാനും കിന്നാരം പറയാനും തുടങ്ങി. ഞാനും എനിക്ക് പോലും അവിശ്വസനീയമായ ഒരു പെരുമാറ്റത്തോടെ അവളോടടുക്കുകയായിരുന്നു. അങ്ങനെ ഞങ്ങൾ പലതും പറഞ്ഞ് ആർത്തുല്ലസിച്ച് രസിച്ച് പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അവൾ എന്നോട് ചോദിച്ചു…. വീടുണ്ടോ ?
പെട്ടെന്ന് ഞാൻ ഞെട്ടി! ഞാൻ ചോദിച്ചു – ആർക്ക് ? അവൾ മുഖം മുന്നോട്ട് നീട്ടി എനിക്ക് എന്ന് സൂചിപ്പിച്ചു. ഉണ്ടല്ലോ – ഞാൻ പറഞ്ഞു. ” ഉണ്ടോ ” അവൾക്ക് അത് അവിശ്വസിനീയമായിരുന്നു.
എൻ്റെ പേരോ വീട് എവിടെയാണെന്നോ ഒന്നുമല്ല അവൾ ചോദിച്ചത് . വീടുണ്ടോ എന്നാണ്. തുമ്പികളുടെയും പൂക്കളുടെയും ലോകമല്ല ഒരു വീടാണ് അവളുടെ സ്വപ്നത്തിൽ നിറഞ്ഞ് നിൽക്കുന്നത് എന്ന് എനിക്ക് മനസിലായി.
” എന്നെ വീട്ടിൽ കൊണ്ട് പോകുമോ ?” ഉടൻ അടുത്ത ചോദ്യം വന്നു. ഇപ്പോൾ ഞാൻ ശരിക്കും ഞെട്ടി . ഒരു വയ്യാവേലിയെ ആണല്ലോ ഞാൻ തലയിൽ കയറ്റി വെച്ചത് എന്ന് ആ നിമിഷം എനിക്ക് തോന്നി. അടുത്ത നിമിഷം അവളുടെ ഇരുണ്ട മുഖം എന്നെ വ്യസനപ്പെടുത്തി. വരും വരായ്കകളെ പറ്റി ഒന്നും ആലോചിക്കാതെ ഞാനവളോട് പറഞ്ഞു. ” കൊണ്ട് പോകാം “.
അവൾ തുള്ളിച്ചാടുകയായിരുന്നു. എന്നെ ഉമ്മ വെച്ച് കൊല്ലുകയായിരുന്നു. പിന്നീട് അവൾ തളർന്ന് എൻ്റെ മടിയിൽ തല വെച്ച് ഉറക്കമായപ്പോഴാണ് ഞാൻ ട്രെയിനിൽ ആണെന്നും എൻ്റെ കൂടെ പലരും യാത്ര ചെയ്യുന്നുണ്ടെന്നുമുള്ള ബോധം എനിക്കുണ്ടായത്. ആ നിമിഷത്തിൽ ഞാനൊന്ന് പരുങ്ങി.
എനിക്ക് ഇറങ്ങാനുള്ള station അടുത്ത് എത്താറായി. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. ട്രെയിനിൽ നിന്നും ഒരു നാടോടി പെൺകുട്ടിയെ എടുത്തു കൊണ്ട് പോകുന്നതിൻ്റെ നിയമപ്രശ്നങ്ങളെ പറ്റി ഞാൻ ആലോചിച്ചു. പൂച്ചയോ പട്ടിയോ ഒന്നും അല്ലല്ലോ. ആരെങ്കിലും തിരക്കി വരാതിരിക്കുമോ ? എന്നാൽ എൻ്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് സ്വപ്നം കണ്ട് ഉറങ്ങുന്ന പെൺകുട്ടിയെ നിരാശപ്പെടുത്താനും ഞാൻ ഒരുക്കമായിരുന്നില്ല. വീണ്ടും ഞാൻ ഉറങ്ങുന്ന പെൺകുട്ടിയെ നോക്കി. എന്തായാലും ഈ ട്രെയിനിൽ ഉള്ളതിനേക്കാൾ സുരക്ഷിതത്വം അവൾക്ക് പകർന്ന് നൽകാൻ എനിക്ക് കഴിയും. പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പെരുകി വരുന്ന ഇക്കാലത്ത് യാചകക്കൂട്ടത്തിൽ അവൾ സുരക്ഷിതയല്ല.
ഞാൻ മടിയിൽ കിടന്ന് ശോഭനമായ ഒരു ഭാവിയെയും സ്വപ്നം കണ്ട് ഉറങ്ങുന്ന ആ പെൺകുട്ടിയെ ഒരിക്കൽ കൂടി നോക്കി. തീവണ്ടി ഞങ്ങൾക്കിറങ്ങേണ്ടതായ സ്റ്റേഷനിൽ നിർത്തുന്നതിൻ്റെ ചൂളം വിളിയാണ് ഇപ്പോൾ കേൾക്കുന്നത്. (സമാപ്തം )❤ ഗിരീഷ് നമശിവായം
പിൻകുറിപ്പ് – KRSA സുവർണ ജൂബിലി സുവനീറിൽ ഇതേ പേരിൽ പ്രസിദ്ധീകരിച്ച കഥയിൽ ഇവിടെ ഞാൻ സാരമായ ഭേദഗതി വരുത്തിയിരിക്കുന്നു. അപ്രകാരം ഭേദഗതി വരുത്തിയില്ല എങ്കിൽ എൻ്റെ നല്ല പാതി പിണങ്ങും. അത് എനിക്ക് സഹിക്കാൻ കഴിയില്ല . പ്രത്യേകിച്ചും ഈ കൊറോണാ കാലത്ത്. പിന്നെ ഈ കഥയെ പറ്റി പറഞ്ഞാൽ ട്രെയിൻ യാത്രയും നാടോടി ബാലികക്ക് ചായ വാങ്ങി കൊടുത്തതും വരെ മാത്രം യഥാർത്ഥത്തിൽ നടന്ന സംഭവവും ബാക്കി ഭാവനയും ആണ്. . സ്നേഹപൂർവ്വം ❤❤ ഗിരീഷ്❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

