ഇപ്പോൾ സമയം രാത്രി 8 മണി. ശ്രീദേവി നഗർ ഹൗസിങ് കോളനിയിലെ ആറാം നമ്പർ വീട്ടിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. ആ വീടിൻ്റെ ലിവിംഗ് റൂമിൽ മീനുക്കുട്ടി എന്ന് വിളിപ്പേരുള്ള ഏഴു വയസുകാരി മീനാക്ഷി വീഡിയോ ഗെയിം കളിക്കുകയാണ്. രസകരമായ ഒരു ഗെയിം . ഒരു കള്ളനും പോലീസും കളി, മൂന്ന് കള്ളൻമാർ ഇടതൂർന്ന കാട്ടിനുള്ളിലൂടെ ചുമലിൽ തൂക്കിയ പൊക്കണ സഞ്ചികളുമായി നീങ്ങുന്നു. സഞ്ചികളിലുള്ളത് ദ്വീപുകളിൽ നിന്നും മോഷ്ടിച്ച നിധിയാണ്. കട്ടി സ്വർണ്ണം ! ❤
മുകളിൽ പറക്കുന്ന ഹെലിക്കോപ്റ്റർ . ഹെലിക്കോപ്റ്ററിൻ്റെ നിയന്ത്രണം മീനുക്കുട്ടിയുടെ കൈകളിലാണ്. ഹെലിക്കോപ്റ്ററിൽ ഒരു തോക്കുണ്ട്. തോക്കിൽ ഇഷ്ടം പോലെ ഉണ്ടകളും ഉണ്ട്.. അതുപയോഗിച്ച് കള്ളന്മാരെ വെടിവെച്ച് വീഴ്ത്തണം.. അതത്ര എളുപ്പമൊന്നുമല്ല. വെടിയുണ്ട പാഞ്ഞ് വരുമ്പോഴേക്കും കള്ളൻമാർ തടിയൻ മരങ്ങളുടെ പിന്നിൽ ഒളിച്ച് കളയും. ഉണ്ട തറയ്ക്കുന്നത് മരത്തിലാവും, ❤
കള്ളൻമാർ മൂന്ന് പേരും മുഖം മൂടി വെച്ചിട്ടുണ്ട്. ഒരേ തരത്തിലുള്ള കറുത്ത മുഖം മൂടികൾ. അതു കൊണ്ട് അവരുടെ നേതാവ് ആരെന്ന് അറിയാൻ കഴിയില്ല. വെടിയുണ്ട കൊണ്ട് വീണ് കഴിയുമ്പോൾ മുഖം മൂടി വലിച്ചൂരി കള്ളൻ ഒന്നലറും. അപ്പോഴറിയാം നേതാവ് ആരാണെന്ന്. നേതാവിന് നീണ്ട താടിയുണ്ട്’. അനുചരൻമാർക്ക് രണ്ട് പേർക്കും കൊമ്പൻ മീശകളാണ്. നേതാവിനെ വീഴ്ത്തിയാൽ അമ്പത് പോയിൻ്റ് കിട്ടും. അതിനാണ് ശ്രമിക്കേണ്ടത്. കസേരയിൽ ഒന്ന് ഇളകിയിരുന്ന് കൊണ്ട് മീനുക്കുട്ടി വിചാരിച്ചു.❤
അടുക്കളയിൽ പാത്രങ്ങൾ കലഹിക്കുന്ന ശബ്ദം കേൾക്കാം: അവിടെ പ്രായം ചെന്ന ഒരു സ്ത്രീ പാത്രങ്ങൾ കഴുകുകയാണ്. അവർ ആരാണ്. എന്തായാലും മീനുക്കുട്ടിയുടെ അമ്മ ആവാൻ വഴിയില്ല. അവരുടെ മുഖത്ത് യാതൊരു പ്രസന്നതയും ഇല്ല.അവർ മിനുക്കുട്ടിയോട് ദേഷ്യപ്പെടുകയാണ്.
”എടീ ആ കുന്ത്രാണ്ടം അണച്ച് വെച്ചിട്ട് ഇവിടെ വന്നിരുന്ന് എന്തെങ്കിലും കഴിക്ക്. ബാക്കിയുള്ളോർക്ക് കിടക്കണം. ” ❤ മിനുക്കുട്ടി ദേഷ്യത്തിലാണ് കേട്ട ഭാവം കാണിക്കുന്നില്ല.
” ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു. എടീ ഞാൻ രാവിലെ ഏഴര വെളുപ്പിന് തുടങ്ങിയ അധ്വാനമാ. മൂന്ന് വീടുകളിൽ പോയിട്ടാ ഇവിടെ വരുന്നത്. നീ കഴിച്ചിട്ട് ആ പാത്രവും മോറി വെച്ചിട്ട് വേണം എനിക്ക് ഒന്ന് നടു നിവർത്താൻ. നാശം , ” ❤
ഇത്രയുമായപ്പോൾ മീനാക്ഷി ഗെയിമിൽ നിന്നും കണ്ണെടുത്ത് അവരെ നോക്കി ഇങ്ങനെ പറഞ്ഞു. ❤ ” എനിക്ക് ഇപ്പം വെശക്കണില്ല. ഈ ചേച്ചിയമ്മയ്ക്ക് എപ്പോഴും എന്നോട് ദേഷ്യപ്പെടാനേ സമയമുള്ളൂ. ” ❤
ഈ സംഭാഷണത്തിൽ നിന്നും മീനുക്കുട്ടി ചേച്ചിയമ്മ എന്ന് വിളിക്കുന്നത് ആ വീട്ടിലെ വേലക്കാരിയെ ആണെന്നും അവർ തമ്മിൽ അത്ര സൗഹാർദത്തിലല്ല കഴിഞ്ഞു വരുന്നതെന്നും നമുക്ക് മനസിലാക്കാം. ചേച്ചിയമ്മ അടുക്കള വൃത്തിയാക്കുന്നതിൽ വ്യാപിച്ചിരിക്കുന്നു ❤
മീനുക്കുട്ടി ഇപ്പോൾ കള്ളൻമാരെ വെടിവെച്ച് വീഴ്ത്തുന്നതിൽ മിടുക്കിയായി കഴിഞ്ഞിരിക്കുന്നു. ഏത് വൻ മരത്തിൻ്റെ പിന്നിൽ ഒളിച്ചാലും കള്ളൻമാർക്ക് രക്ഷയില്ല. ഡേ ! ഒന്നാമത്തെ കള്ളൻ പിടഞ്ഞ് വീണു കഴിഞ്ഞു. കളളൻ മുഖം മൂടി വലിച്ചു കീറി തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ അലറി. അയാൾക്ക് താടിയില്ല . അയാൾ നേതാവല്ല. മിനുക്കുട്ടി നിരാശയായി മറ്റ് രണ്ട് കള്ളൻമാരും ഏതോ പൊത്തിൽ ഒളിച്ചിരിക്കുകയുണ് –
ലിവിങ് റൂമിൻ്റെ ഒത്ത മധ്യത്തിലായി ഭിത്തിയോട് ചേർന്ന് ടിവി. അതിന് ശേഷം ഷോകേസിൽ ഫോട്ടോകൾ കാണാം – മീനുക്കുട്ടിയും അച്ഛനും ഒത്ത് എടുത്ത ധാരാളം ഫോട്ടോകൾ; മീനുക്കുട്ടിയുടെ വിവിധ പ്രായങ്ങളിൽ ഉള്ളത്. പിന്നെ അച്ഛനും അമ്മയും ഒത്ത് എടുത്ത ഫോട്ടോകൾ . അവർ മൂന്ന് പേരും ഒത്ത് എടുത്ത ഫോട്ടോ ഒന്നു പോലും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.❤
അടുക്കള വൃത്തിയാക്കി കഴിഞ്ഞപ്പോൾ ചേച്ചിയമ്മയുടെ ശ്രദ്ധ വീണ്ടും മീനുക്കുട്ടിയിലായി. അവളെ ഭക്ഷണം കഴിപ്പിക്കുന്നത് ഒരു ഭാരിച്ച ജോലി തന്നെയാണ്. ❤
ചേച്ചിയമ്മ :- ” എടീ മര്യാദയ്ക്ക് വന്ന് ഭക്ഷണം കഴിയ്ക്ക്. നിൻ്റെ പുന്നാരത്തിനൊത്ത് കൊഞ്ചിക്കാനും ലാളിക്കാനും ഞാൻ നിൻ്റെ അമ്മയല്ല. നിന്നെ പെറ്റിട്ടപ്പോഴേ തള്ള ചത്തു പോയി . നിൻ്റെ ജാതകദോഷം. അതിൻ്റെ വിധി ! ❤
ഒടുവിൽ ടി വി ബലമായി ഓഫ് ചെയ്തിട്ട് പിടിച്ച പിടിയാലേ മീനുക്കുട്ടിയെ ചേച്ചിയമ്മ ഭക്ഷണമേശയിൽ കൊണ്ട് ഇരുത്തി. ഭക്ഷണം കണ്ടപ്പോൾ അവളുടെ ഉള്ള വിശപ്പും പോയി.. ഇന്നും അവൾക്കിഷ്ടമല്ലാത്ത ചപ്പാത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. : തൻ്റെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ മീനുക്കുട്ടിക്ക് ഇഷ്ടപ്പെട്ട നെയ്റോസ്റ്റും ഉപ്പുമാവും കേസരിയും ഒക്കെ ഉണ്ടാക്കി തരുമായിരുന്നു. എന്നാൽ മീനുക്കുട്ടി ജനിച്ചപ്പോൾ തന്നെ അമ്മ മരിച്ചു പോയി. അമ്മയുടെ ഫോട്ടോ മാത്രമേ മീനുക്കുട്ടി കണ്ടിട്ടുള്ളൂ.❤
മീനുക്കുട്ടിയുടെ അച്ഛൻ ആ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസ് മാനാണ്. ഷെയർ മാർക്കറ്റിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച് ജീവിതത്തിൻ്റെ ഗതിവിഗതികൾ നിശ്ചയിക്കുന്ന ആധുനിക കാലത്തിൻ്റെ പ്രതിനിധി. ഈയിടെയായി അച്ഛന് തിരക്കോട് തിരക്കാണ്. മിക്കപ്പോഴും വൈകിയാണ് വീട്ടിൽ വരുന്നത്. മീനുക്കുട്ടി ഉറങ്ങി കഴിഞ്ഞാവും അച്ഛൻ വരിക. അവൾ എഴുന്നേൽക്കും മുമ്പ് തിരികെ പോവുകയും ചെയ്യും’ എന്നാൽ വീട്ടിൽ ഉള്ള ദിവസം ഫുൾ ടൈം ഫോണിൽ ആയിരിക്കും. ഫോൺ വിളികൾ, വാട്ട്സ് ആപ്പ് , ഫേസ് ബുക്ക് എന്നിവ അയാളുടെ സമയത്തിൻ്റെ സിംഹഭാഗവും അപഹരിക്കും. അയാൾ സ്വയം ഒരു യന്ത്രമനുഷ്യനായി മാറിക്കഴിഞ്ഞിരിക്കുന്നു:❤
ഇന്ന് എന്തായാലും അച്ഛൻ വന്നിട്ടേ ഉറങ്ങുന്നുള്ളൂ. മിനുക്കുട്ടി ആ തീരുമാനം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. അത് ചേച്ചിയമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവർ മുഖം വക്രിച്ച് അവരുടെ അനിഷ്ടം പ്രകടിപ്പിച്ചു. കാരണം മീനുക്കുട്ടിയെ നേരത്തേ കിടത്തി ഉറക്കുക എന്നതും അവരുടെ ജോലിയുടെ ഭാഗമാണ്. അവൾ വല്ല വിധേനെയും ഭക്ഷണം കഴിച്ചെന്ന് വരുത്തി. ചേച്ചിയമ്മ എത്ര നിർബന്ധിച്ചിട്ടും പതിവുള്ള ഒരു ഗ്ലാസ് പാൽ കുടിക്കാൻ അവൾ തയ്യാറായില്ല. പാൽ കുടിച്ചാൽ എളുപ്പം ഉറക്കം വരും എന്ന് ടീച്ചർ പറഞ്ഞത് അവൾ കേട്ടിട്ടുണ്ട്.❤ ‘
നാളത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. നാളെയാണ് മീനുക്കുട്ടിയുടെ പിറന്നാൾ – ഏഴ് വയസ് പൂർത്തിയാകുന്ന സുദിനം. പിറന്നാളുകൾ വർണശബളമായി ആഘോഷിച്ച ഓർമ്മ അവൾക്കില്ല. പേരിന് ഒരു കേക്ക് വാങ്ങി മുറിക്കും ; അത്ര തന്നെ. അതിന് കാരണമുണ്ട്’ അവളുടെ അമ്മ മരിച്ചതും അതേ ദിവസം ആണ്. നാട്ടിൽ അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും ഒപ്പമായിരുന്നപ്പോൾ ആ ദിവസം അമ്മയ്ക്ക് ബലി ഇടാൻ പോയിരുന്നു. എന്നാൽ അച്ഛന് ബലി ഇടുന്നതിലും ഈശ്വരനിലും ഒന്നും വിശ്വാസമില്ല. അമ്പലത്തിൽ പോലും പോകില്ല . സാധാരണ ആ ദിവസം ഭാര്യ മരിച്ച ദു:ഖം തീർക്കാൻ മൂക്കറ്റം കള്ളുകുടിച്ചാണ് അയാൾ ആഘോഷിച്ചിരുന്നത്❤
എന്നാൽ കഴിഞ്ഞ മാസം അച്ഛനെ ഒതുക്കത്തിൽ കിട്ടിയപ്പോൾ മീനുക്കുട്ടി ഒരു വരം വാങ്ങിയിരുന്നു അന്ന് നെറ്റ് തീർന്നിട്ട് ചാർജ് ചെയ്യാൻ അയാൾ മറന്ന ദിവസം. ഫോൺ നിശബ്ദമാക്ഷരുന്നു. അങ്ങനെ അവൾക്ക് അച്ഛനെ തനിച്ച് കിട്ടി. വരുന്ന പിറന്നാളിന് അവളെ ലുലു മാളും മാളിലെ തിയറ്ററിൽ ത്രീഡി സിനിമ ജംഗിൾ ബുക്കും കാണിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. അതിന് ശേഷം രണ്ടു തവണ അയാളെ വാഗ്ദാനത്തെപ്പറ്റി ഓർമ്മിപ്പിക്കയും ചെയ്തു. അവൾ ഭിത്തിയിലെ ക്ലോക്കിൽ സമയം നോക്കി 10. 45. അച്ഛൻ ഇനിയും വന്നില്ലല്ലോ. പാല് കുടിക്കാതിരുന്നിട്ടും കണ്ണുകൾ അടഞ്ഞടഞ്ഞ് വരുന്നു. അവൾ എഴുന്നേറ്റ് മുഖം കഴുകി.❤
… ഇതേ സമയം അവിടെ നിന്ന് സുമാർ 20 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ മീനുക്കുട്ടിയുടെ അച്ഛൻ സുരേഷ് കുമാറും കമ്പനിയിലെ ബോസും ഗോപാൽ ജിയും മറ്റ് രണ്ട് സഹപ്രവർത്തകരും കൂടി നിലവിലെ രാഷ്ടീയ സാഹചര്യങ്ങൾ തങ്ങളുടെ ബിസിനസിൽ ചെലുത്തിയ സ്വാധീനത്തെപ്പറ്റി നഗരത്തിലെ ഹൈക്ലാസുകാരുടെ ക്ലബ്ബിൽ ഇരുന്ന് ചർച്ച ചെയ്യുകയായിരുന്നു.. കൂട്ടിന് കോഴി പൊരിച്ചതും സ്കോച്ച് വിസ്കിയും’. അവരുടെ സംഭാഷണങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ. ക്ഷണിക്കുന്നു.❤
എക്സ്:- ” ഉർവ്വശീശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ഈ ഡീമോണ?റ്റൈസേഷൻ വന്നത് നമ്മുടെ കമ്പനിക്ക് ഗുണമായി ” ❤
ബോസ് :- – ” അതെന്താ ഗോപാൽ ജി അങ്ങനെ പറഞ്ഞത് ” ❤
ഗോപാൽ ജി :- ” അതോ , നമുക്ക് ജനുവിൻ ആയിട്ടുള്ള ബൈ യേഴ്സിനെ കിട്ടും. പിന്നെ ബ്ലാക്ക് മണിയെപ്പറ്റ ബോതേർഡ് ആകേണ്ട കാര്യമില്ല. എക്സാറ്റ് പ്രൈസ് തന്നെ ബാങ്ക് വഴി കിട്ടുന്നു. ” ❤
ബോസ് :- – “സർക്കാരിനും ഗുണമാണ്. കൃത്യമായ ടാക്സ് കിട്ടുന്നു. ജി എസ് ടി കൊണ്ടുവന്നതും വിപ്ലവകരമായ ഒരു തീരുമാനം തന്നെയാണ്. ” ❤
സുരേഷ് (മീനുക്കുട്ടിയുടെ അച്ഛൻ ) — :- ” എന്നാൽ ഇതിൻ്റെയൊക്കെ ഗുണഫലം കേന്ദ്ര സർക്കാരിന് കിട്ടുമോ എന്ന് കണ്ടറിയണം. ഈ പെട്രോൾ പ്രൈസ് ഇങ്ങനെ കൂടി നിൽക്കുന്നത് അടുത്ത ഇലക്ഷനിൽ സർക്കാരിന് തിരിച്ചടിയാകും. ” ❤
നാലാമൻ :- ” അതെയതെ ഇന്ധന വില വർധന സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. “❤
ബോസ്:- ” നാളത്തെ ബോർഡ് മീറ്റിങിന് കമ്പനിയെ പ്രതിനിധീകരിച്ച് സുരേഷ് തന്നെ പോകണം. എന്നിട്ട് നമ്മുടെ നിലപാട് ഡയറക്ടറെ ധരിപ്പിക്കണം. ആ ഇറ്റാലിയൻ ഓർഡർ കൂടി കിട്ടിയാൽ നമ്മുടെ കമ്പനിയാകും നമ്പർ വൺ ” ❤
അഞ്ചാമൻ :- ” നാളെ ജൂൺ 5 അല്ലേ. ആ പട്ടേലുമായി കരാർ ഒപ്പിടേണ്ട ദിവസമാണ്. സുരേഷിന് ഓർമ്മ ഉണ്ടല്ലോ അല്ലേ. “❤
www.gforgenius.in സുരേഷ് :- ” അയ്യോ നാളെ ജൂൺ 5 ആണോ ? ” ( പെട്ടെന്ന് ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേൽക്കുന്നു. മദ്യ ഗ്ലാസ് ശബ്ദത്തോടെ മേശമേൽ വെയ്ക്കുന്നു. എന്നിട്ട് തലയിൽ കൈ വെയ്ക്കുന്നു. ) ❤
ബോസും ഗോപാൽ ജിയും ഒരുമിച്ച് :- ” എന്തു പറ്റി സുരേഷ് ? എന്തെങ്കിലും പ്രശ്നമുണ്ടോ ? ” ❤
സുരേഷ് :- ” സർ, നാളത്തെ ബോർഡ് മീറ്റിന് വേറെ ആരെങ്കിലും പോകണം.. എനിക്ക് അത്യാവശ്യമായി ലീവ് വേണം ! ” ❤
ബോസ് :- ” വാട്ട് മാൻ ! ആർ യൂ മാഡ് ? ” ❤
സുരേഷ് :- ” സോറി സർ ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത ദിവസമാണ് ജൂൺ 5 : എൻ്റെ മീനൂട്ടിയെ എനിക്ക് സമ്മാനിച്ചിട്ട് എൻ്റെ ഗായത്രി എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. നാളത്തെ ദിവസം എൻ്റെ മീനുക്കുട്ടിക്കുള്ളതാണ്. (വികാരാധീനനായി വാക്കുകൾ മുറിയുന്നു ) സർ തിരക്കുകൾ മൂലം എനിക്ക് എൻ്റെ മകൾ ആഗ്രഹിച്ചതു പോലെ ഒരു അച്ഛനാകാൻ കഴിഞ്ഞിട്ടില്ല. പ്ലീസ് സാർ “
❤ ബോസ് :- ” ഓകെ; ഐ അണ്ടർസ്റ്റാൻ്റ് യുവർ ഫീലിംഗ്സ്: പെർമിഷൻ ഗ്രാൻറ്റഡ്. ” ❤
സുരേഷ് : താങ്ക്യു സാർ ( എന്നിട്ട് അയാൾ വാൾ ക്ലോക്കിൽ സമയം നോക്കുന്നു. സമയം 12.15. ) തുടർന്ന് സുരേഷ് ഗോപാൽ ജിയോയി :- ” ജീ ഈ സമയത്ത് ഏതെങ്കിലും കേക്ക് ഷോപ്പ് തുറന്നിരിക്കുമോ ? “❤
ഗോപാൽ ജി :- ” ഉണ്ട് ബേക്കറി ജംഗ്ഷനിലെ അംബ്രോസിയ. ഞാൻ കൂടി വരാം.❤
നഗരത്തിരക്കിലൂടെ ധൃതിയിൽ കാർ ഓടിക്കവേ അയാളുടെ ഓർമ്മകൾ ഏഴു കൊല്ലം പിറകിലേക്ക് പോയി ‘ലേബർ റൂമിന് വെളിയിൽ കാത്തുനിന്നതും നഴ്സ് വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞിനെ കയ്യിലേക്ക് വെച്ച് തന്നതും ഓർത്തു. ആഗ്രഹിച്ചതു പോലെ പെൺകുട്ടി ആയതിനാൽ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാൽ അത് അധികനേരം നീണ്ടുനിന്നില്ല. പ്രസവാനന്തരമുള്ള ബ്ലീഡിംഗ് അധികരിച്ചു. മികച്ച സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഗായത്രിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. താനില്ലാതെയായാലും മോളെ പൊന്നുപോലെ നോക്കണം നോക്കണം ഇതായിരുന്നു ഗായത്രി അവസാനമായി പറഞ്ഞത്.❤
www.gforgenius.in അയാൾ കേക്ക് ഷോപ്പിൽ നിന്നും മുന്തിയ ഇനം കേക്കും വാങ്ങി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തുമ്പോൾ മീനൂട്ടി നല്ല ഉറക്കമായിരുന്നു. അയാൾ അവളെ ഉണർത്താതെ മേശപ്പുറത്ത് കേക്ക് സെറ്റ് ചെയ്യുമ്പോൾ പുലർച്ചെ കോഴി കൂവി. മീനൂട്ടി അപ്പോൾ സുന്ദരമായ ഒരു സ്വപ്നം കാണുകയായിരുന്നു. സ്വപ്നത്തിൽ അവളുടെ അമ്മ അവളെ എടുത്ത് തെരുതെരെ ഉമ്മ വെച്ചു. പുലർകാല കുളിരിൻ്റെ ആലസ്യത്തിൽ ഉണരാൻ വിസമ്മതിച്ച മീനൂട്ടിയെ അയാൾ സാവധാനം ഉണർത്തി -❤
…. വിഷ് യു എ ഹാപ്പി ബർത്ത് ഡേ മീനൂട്ടി – അയാൾ ഈണത്തിൽ പിറന്നാൾ ആശംസകൾ നേർന്നു. ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കുറച്ച് സമയത്തേക്ക് അവൾക്ക് കഴിഞ്ഞില്ല. അവൾ കയ്യിൽ അമർത്തി പിച്ചി നോക്കി. വേദനിക്കുന്നുണ്ട്. അപ്പോൾ സ്വപ്നമല്ല സത്യമാണ്. അവളുടെ മനസിൻ്റെ ഉള്ളിൽ നിന്ന് ഒരു വെള്ളാരം കിളി ചിറകടിച്ചുയർന്നു
❤ സമാപ്തം❤ ..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക് സബ് രജിസ്ട്രാർ ആഫീസ്❤❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904


2 Responses to 67) ചെറുകഥ—മകൾക്ക്