68 ) ചെറുകഥ– അതിഥി ദേവോ ഭവ

                                 ഞായറാഴ്ച അവധി ആയതിനാൽ മറ്റൊന്നും ചെയ്യാനില്ലാതെ ഉമ്മറത്ത് വെറുതെ ഇരിക്കുകയായിരുന്നു ഞാൻ. മദ്ധ്യാഹ്നത്തിലെ വെയിലിന് ചൂടേറിയിരുന്നു. പുറത്തെ ശൂന്യതയിലേക്ക് വെറുതെ നോക്കിയിരുന്നു. ആകാശനീലിമയിൽ ഒഴുകി നീന്തുന്ന മേഘശകലങ്ങൾ . ദൂരെ കാണുന്ന മലഞ്ചെരുവിൻ്റെ അതിരിലേക്ക് കൂടണയാൻ പോകുന്ന കിളികളെ നോക്കി അങ്ങനെ ഇരുന്നു.❤

അപ്പോഴാണ് പുറത്ത് വേലിയ്ക്കരികിൽ ഒരു ആളനക്കം കണ്ടത്. ആരാണത് ? ഇത്തിരി ഒച്ചയിൽ തന്നെ ചോദിച്ചു. മറുപടിയൊന്നും ഉണ്ടായില്ല. എങ്കിലും ജിജ്ഞാസയോടെ നോക്കി. ഒരു മനുഷ്യരൂപം അടുത്തേക്ക് വരുന്നു. ഒരു വടിയും തോളിലൊരു ഭാണ്ഡക്കെട്ടും ഏന്തിയ വൃദ്ധൻ. കണ്ണുകളിൽ എന്തോ പ്രതീക്ഷയുടെ തിളക്കം ഉണ്ട്. വൃദ്ധൻ ഭാണ്ഡക്കെട്ട് ചവിട്ടുപടിയിൽ വെച്ചു. എവിടെയോ കണ്ടു മറന്ന മുഖം . ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ഞാൻ ഉമ്മറത്ത് ചില്ലിട്ട് വെച്ച പഴയ ഫോട്ടോകളിലേക്ക് കണ്ണോടിച്ചു. അതിൽ ഒരു ഫോട്ടോയിൽ എൻ്റെ കണ്ണ് ഉടക്കി. ഹൊ ! എന്തൊരു രൂപ സാദൃശ്യം ! . എൻ്റെത് പുരാതനമായ ഒരു തറവാടാണ്. പൂർവ്വ പിതാമഹൻമാരുടെ ഒക്കെ ഫോട്ടോകളും എണ്ണച്ചായ ചിത്രങ്ങളും ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മുത്തച്ഛൻ്റെ മുത്തച്ഛൻ്റെ വരെ ഫോട്ടോ ഉണ്ട്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഇവരുടെയൊക്കെ പേരുൾപ്പെടെ ബന്ധം വിവരിച്ച് അഭിമാനത്തോടെ പറയുമായിരുന്നു. അതിൽ ഒരു എണ്ണച്ചായ ചിത്രത്തിലെ മുഖവുമായി ഈ വന്ന വൃദ്ധന് നല്ല രൂപ സാദൃശ്യം .

 ” ഇത്തിരി വെള്ളം വേണ്ടിയിരുന്നു ” വൃദ്ധൻ പറഞ്ഞു. നല്ല ഘനഗംഭീരമായ ആജ്ഞാ ശക്തിയുള്ള ശബ്ദം ❤

വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ സമയം എൻ്റെ ഭാര്യ വാതിൽക്കൽ വന്ന് നിന്ന് ഏതോ കൈ മുദ്രകൾ കാട്ടി എന്നെ വിലക്കി. അത് ഗൗനിക്കാതെ ഞാൻ വൃദ്ധന് വെള്ളം കുടിക്കാൻ കൊടുത്തു. വെള്ളം കുടിക്കുന്നതിനിടയിൽ അയാൾ നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു. പാവം വെയിലിൽ നടന്ന് തളർന്നിട്ടുണ്ടാവണം. വെള്ളം കുടിച്ച് കഴിഞ്ഞ് അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു. ❤

” ഞാൻ ഇപ്പോൾ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി.. ല്ലേ ” ❤ ” ഹേയ് , അങ്ങനൊന്നൂല്യാ ” ഞാൻ മറുപടി പറഞ്ഞു. അപ്പോൾ അകത്ത് ടി വി കാണുകയായിരുന്ന എൻ്റെ മകൾ ഇറങ്ങി വന്നു. മകളെ കണ്ട് അയാൾ ചിരിച്ചു. ❤ ” മകളായിരിക്കും അല്ലേ , എന്താ പേര് ? ” ഗൗരി…. ”എനിക്ക് കണ്ടപ്പോഴേ തോന്നി ; മുറിച്ച മുറി തന്നെ …. എത്രാം ക്ലാസിൽ പഠിക്കുന്നു ? ” ഒമ്പതാം ക്ലാസിൽ … ” പഠിക്കണം. ഇന്നത്തെ കാലത്ത് അതോണ്ടേ രക്ഷെള്ളൂ ” ❤

അപ്പോഴേക്കും അകത്ത് കളിച്ചു കൊണ്ടിരുന്ന എൻ്റെ മകൻ ആദിത്യ ഗിരി ഓടി വന്നു. അവൻ ഇപ്പോൾ കുളി കഴിഞ്ഞതേയുള്ളൂ. തോർത്ത് മാത്രമാണ് ഉടുത്തിരിക്കുന്നത്. വൃദ്ധനെ കണ്ട് അവൻ പതുങ്ങി. പരിചയമില്ലാത്ത ആരോടും അവൻ പെട്ടെന്നൊന്നും അടുക്കില്ല. “മോൻ ഇങ്ങ് വന്നേ , മോന് ഈ അപ്പൂപ്പനെ മനസിലായോ ? ” ആദി എന്നെ നോക്കി . ഞാൻ സംസാരിച്ചു കൊള്ളാൻ കണ്ണ് കാട്ടി. വൃദ്ധൻ്റെ എൻ്റെ മക്കളോടുള്ള പെരുമാറ്റത്തിലെ സ്വാതന്ത്ര്യം എന്നെ അമ്പര പ്പിച്ചു. ❤

” അപ്പാ, ഈ അപ്പൂപ്പൻ്റെ ഫോട്ടോ അല്ലേ നമ്മുടെ ഷോകേസിൽ ചില്ലിട്ട് വെച്ചിരിക്കുന്നേ ! ” ആദി നിഷ്ക്കളങ്കമായി മൊഴിഞ്ഞു. വൃദ്ധൻ്റെ കണ്ണുകളിലെ കുസൃതി വാക്കുകളിലേക്കും പടർന്നു. ” മിടുക്കൻ ! കണ്ടു പിടിച്ചു കളഞ്ഞല്ലോ ! ” എന്നിട്ട് എൻ്റെ നേരേ തിരിഞ്ഞ് കൊണ്ട് ” ന്താ ചൂട് , വെള്ളം കുടിച്ചിട്ടും ദാഹം അങ്ങ് ട് മാറണില്ല . ”

 ” എന്താ കുടിക്കാൻ വേണ്ടത് ? ” ” കുറച്ച് സംഭാരമാകട്ടെ . പച്ചമുളകും കറിവേപ്പിലയും കൂടി അരിഞ്ഞിട്ടാൽ വിശേഷായി ” ❤ സംഭാരം എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ രേവതി എന്നെ നോക്കി കണ്ണുരുട്ടി. “വല്ല അഞ്ചോ പത്തോ കൊടുത്ത് പറഞ്ഞു വിടാൻ നോക്ക്. അവസാനം നമ്മുടെ തലയിലാകുമേ ” ഞാൻ അത് കാര്യമാക്കിയില്ല. എന്തോ നിയോഗം പോലെയാണ് വൃദ്ധൻ്റെ വരവ് എനിക്ക് അനുഭവപ്പെട്ടത്. സംഭാരം കുടിച്ച് ഏമ്പക്കം വിട്ടു കൊണ്ട് വൃദ്ധൻ :- “ഇതാണല്ലോ ഈ സംഭാരത്തിൻ്റെ വിശേഷം .ഒന്നു രണ്ടു ഗ്ലാസ് അകത്ത് ചെന്നാൽ ഈ ക്ഷീണോം വിശപ്പും ഒക്കെ പമ്പ കടക്കും ” ഇത്രയുമായപ്പോൾ ഉച്ചകഴിഞ്ഞ സമയത്ത് വീട്ടിൽ വന്ന യാചകന് ഭക്ഷണം കൊടുക്കാതെ വിടുന്നത് മര്യാദകേടാകും എന്ന് കരുതി ഞാൻ അയാളെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. അയാൾ ഇട്ടിരുന്ന മുഷിഞ്ഞ ഷർട്ട് ഊരി വീശിക്കൊണ്ട് പറഞ്ഞു. ” കുളി കഴിഞ്ഞിട്ടാകാം ഭക്ഷണം. അപ്പോ ഇവിടെ എങ്ങനാ കുളിക്കാനുള്ള വട്ടം ? ” ❤

” കൊളംണ്ട് , പക്ഷേ വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. തണുപ്പ് വയ്യാച്ചാ കൊറച്ച് വെള്ളം ചൂടാക്കാം ” ❤ ” നല്ല തണുത്ത വെള്ളത്തിൽ കുളിക്യാച്ചാ അതിൻ്റെ സുഖം ഒന്ന് വേറെയാണേയ്. കൊളത്തിൽ തന്നെ പൊയ്ക്കളയാം ” ഞാൻ അകത്തു പോയി തോർത്തും സോപ്പും എടുത്തു കൊണ്ടുവന്നു. ” എണ്ണ വേണോ ? ” ❤

” എണ്ണേടെ കാര്യത്തില് എനിക്ക് കുറച്ച് നിർബന്ധങ്ങളൊക്കെ ഉണ്ട്. തൊളസിപ്പൂവിട്ട് കാച്യ എണ്ണയേ തേയ്ക്കാറുള്ളൂ. അത് ണ്ടാവില്യ. അപ്പോ വെറുക്കനെ കുളിക്കാം ” ഞാൻ ഞെട്ടിപ്പോയി ! ” എൻ്റെ എണ്ണേം അതന്നാ . ഞാൻ എടുത്തോണ്ട് വരാം. “❤

വീടിന് പടിഞ്ഞാറ് ഭാഗത്തായി എത് വേനലിലും വറ്റാത്ത കുളമാണ്. വഴുക്കലുണ്ടാകും ഒരുപാട് അങ്ങോട്ട് ഇറങ്ങാൻ നിൽക്കണ്ട എന്ന് ഞാൻ പറഞ്ഞു. എന്നാൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വൃദ്ധൻ കുളത്തിലേക്ക് എടുത്തൊരു ചാട്ടം: എന്നിട്ട് നീന്തി അക്കരയിലേക്ക് പോയി. പിന്നെ ചിരപരിചിതനായ ഒരാളെപ്പോലെ മുങ്ങാംകുഴിയിട്ട് നിവർന്നു. സോപ്പ് തേച്ച് വിസ്തരിച്ചുള്ള കുളിയാണ്. ഞാൻ പോലും ആ കുളത്തിൽ ഇത്ര വിശാലമായി മുങ്ങിക്കുളിച്ചിട്ടുണ്ടാവില്ല.❤

ഞാൻ ആ സമയമെല്ലാം കരയിൽ നിന്ന് ആലോചിച്ചു കൊണ്ടേ ഇരുന്നു. ആരാണീ വൃദ്ധൻ ‘ തീർച്ചയായും വഴിപോക്കനല്ല .ഞാനുമായി ഏതോ പൂർവ്വ ജൻമബന്ധം ഉള്ളതുപോലെ ആണ് അയാൾ കുടുംബാംഗങ്ങളുമായി ഇടപെടുന്നത്. മാത്രമല്ല കർക്കിടകവാവ് കഴിഞ്ഞതേയുള്ളൂ. അയാൾ ബലിയിട്ടപ്പോൾ ഇത്തവണ കാക്ക വന്ന് പിണ്ഡമെടുത്തിരുന്നില്ല. അതിന് കിട്ടുക്കണിയാരെ വരുത്തി പ്രശ്നം വെച്ചപ്പോൾ പിതൃക്കൾ അസംതൃപ്തരാണ് എന്ന് തെളിഞ്ഞിരുന്നു. അതിന് ചിങ്ങം പിറന്നിട്ട് രാമേശ്വരത്ത് പോയി പരിഹാര കർമ്മങ്ങൾ ചെയ്യാനിരിക്കുകയാണ്. തീർച്ചയായും ഈ വൃദ്ധൻ്റെ വരവ് ഒരു നിമിത്തമാണ് ❤

” കുളി സുഖായി. അട്ത്ത കാലത്തൊന്നും .ഇത്ര കേ മായിട്ട്ല്യാ സുഖായിട്ട് ഒരു കുളി തരായാ പിന്നെ അത്താഴം കഴിച്ചില്ലെങ്കിലും ഒറക്കത്തിന് തകരാറ് വരില്യ ” ❤ അലമാരയിൽ നിന്നും മരിച്ചു പോയ അപ്പൂപ്പൻ്റെ ഒരു മുണ്ടും ഷർട്ടും എടുത്ത് കൊടുത്തു. അയാൾ അത് ധരിച്ച് വന്നപ്പോൾ നല്ല ആഢ്യത്വം തോന്നി. ഏതോ പഴയ നായർ തറവാട്ടിലെ കാരണവരുടെ ഗാംഭീര്യം. ജനിമൃതികളുടെ ചാക്രിക പ്രവാഹത്തിൽ എൻ്റെ ഏതോ പൂർവ്വപിതാമഹൻ പുനർജന്മം എടുത്ത് ഞങ്ങളെ കാണാൻ വന്നിരിക്കുകയാണെന്ന് എനിക്ക് തോന്നി. ❤

തുടർന്ന് ഇലയിട്ട് സദ്യ. മകൻ ആദി ശബരിമലയിൽ പോകാൻ വ്രതമെടുക്കുന്നതിനാൽ ഞങ്ങൾ വെജിറ്റേറിയൻ ആയിരുന്നു. ഞാനും മാംസം കഴിക്കില്ല എന്ന് പറഞ്ഞ വൃദ്ധൻ എന്നെ വീണ്ടും ഞെട്ടിച്ചു. മുത്തച്ഛനും പൂർണ വെജിറ്റേറിയനാണ്. ആ പാരമ്പര്യത്തിൽ ഒരു കണ്ണിയായി ഞാനും സസ്യാഹാരിയാണ്. ഊണിന് മോര് വിളമ്പിയപ്പോൾ അയാൾ : – ” പശൂനെ കറവെണ്ട്യാരിക്കും.ല്ലേ ” – “അല്ല പാല് വാങ്ങാണ്.

 അയാളുടെ വീടിനെ കുറിച്ചും കുടുംബത്തെക്കുറിച്ചും ഒന്നും ഞാൻ ചോദിച്ചില്ല.. വീടും നാടും ഉപേക്ഷിച്ച് ആത്മാന്വേഷണത്തിനായി ഉള്ള യാത്രയിലാണെന്നും അധികനാൾ തുടർച്ചയായി എവിടെയും തങ്ങാറില്ല എന്നും അയാൾ പറഞ്ഞു. കുറച്ച് ദിവസം എൻ്റെ വീട്ടിൽ വിശ്രമിച്ചിട്ട് യാത്ര തുടരാൻ പറഞ്ഞാലോ എന്ന് മനസിൽ ആലോചിച്ചു വെങ്കിലും ഭാര്യ സ്വൈര്യം കെടുത്തും എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു. അപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഭാര്യ മുത്തച്ഛൻ്റെ മുറി വൃത്തിയാക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. എന്തൊരു മാറ്റം’! ” ചേട്ടാ അയാള് വേണേ കുറച്ചീസം ഈടെ നിന്നോട്ടെ ” എന്ന് ഭാര്യ പറയുകയും ചെയ്തു.❤

തുടർന്ന് വൃദ്ധൻ അകത്ത് മുറിയിൽ വന്ന് കിടപ്പിലായ അമ്മയെ കണ്ടു. :” എന്താ സൂക്കേട് ? ” ” അങ്ങനെ കാര്യായിട്ടൊന്നൂല്യ ആസ്മേടെ ഉപദ്രവാണ്. ഒരാസവം കഴിക്ക്ണ് ണ്ട് ” ” ചികിത്സ ഉപായത്തിലാക്കേണ്ട. കുറച്ച് കാര്യായിട്ട് തന്നെ വേണം. വേഗം സമാധാനമാകാൻ അലോപ്പത്യന്നെ നോക്കാ നല്ലത്. ദണ്ണം ഭേദമായിട്ടാകാം ആയുർവേദം “❤

” കുറച്ചു നേരം പൂമുഖത്ത് ഇരുന്നോളൂ. ഞാൻ അപ്പോഴേക്കും കെടക്കാൻ ള്ള വട്ടം ശരിയാക്കാം ” “ഏയ്, കെടക്കാൻ ഒട്ടും ബദ്ധപ്പാടില്യ’ പതുക്കെ മതി. പിന്നെ നാളെ എ പ്ളാ കിഴക്കോട്ടുള്ള ആദ്യത്തെ വണ്ടി. നേരം വെളുക്കണേന് മുമ്പ് ണ്ടോ ? ” ” നല്ല നിശ്ചല്യാ, ധൃതിപ്പെടൊന്നും വേണ്ട. ഒക്കെ നാളെ അതാതിൻ്റെ തരം പോലെ ചെയ്യാം ” ❤

പിന്നെ വൃദ്ധൻ കന്നി അയ്യപ്പനായ ആദിയെ അടുത്തു വിളിച്ച് താൻ ഗുരുസ്വാമി ആണെന്നും ആയ കാലത്ത് ഒരു പാട് മല ചവിട്ടിയതാണെന്നും പറഞ്ഞു. അവനെ അനുഗ്രഹിച്ചു കൊണ്ട് ഒരു അയ്യപ്പൻ പാട്ട് പാടി കേൾപ്പിച്ചു. “എന്തേ മണക്ക്ണ് സ്വാമീ എന്തേ മണക്ക്ണ് ! അയ്യപ്പസ്വാമി കോവിലിലെ ചന്ദനം മണക്ക്ണ് ! “❤ അപ്പൂപ്പൻ ജീവിച്ചിരുന്ന കാലത്ത് ആദി വളരെ കുഞ്ഞായിരിക്കുമ്പോൾ എന്നും ഉറങ്ങുന്നതിന് മുമ്പ് അവനുമായി കളി ചിരികളിലേർപ്പെടുക പതിവായിരുന്നു. അതിൻ്റെ ഒരു തുടർച്ച പോലെയാണ് ഇതും എനിക്കനുഭവപ്പെട്ടത് . ഭാര്യ വ്യദ്ധന് കിടക്ക ശരിയാക്കി കൊടുത്തു. അയാൾ പ്രാർത്ഥിച്ചിട്ട് കിടന്നു. ❤

രാത്രി മുഴുവൻ ഞാൻ ഇന്ന് നടന്ന അസാധാരണമായ സംഭവങ്ങളെപ്പറ്റി ആലോചിച്ചു കൊണ്ടേയിരുന്നു. രാത്രി വൈകി എപ്പോഴോ ഉറങ്ങി. ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടു. കർക്കടക വാവിൻ്റെ അന്ന് ആലുവാ മണൽ പുറത്ത് ബലിതർപ്പണം ചെയ്തു കൊണ്ടിരിക്കുന്ന ഞാൻ -പിണ്ഡം ഉരുട്ടി വെച്ചിട്ട് കയ്യടിച്ച് കാക്കയെ വിളിക്കുന്നു.അതു വരെ ആ പ്രദേശത്ത് ഒരു ബലിക്കാക്ക പോലും ഉള്ള ലക്ഷണം ഉണ്ടായിരുന്നില്ല. എന്നാൽ അയാൾ കൈ കൊട്ടി വിളിച്ചതോടെ എവിടെ നിന്നെന്നറിയാതെ ഒരു കൂട്ടം കാക്കകൾ അങ്ങോട്ടേക്ക് പറന്നു വന്നു. ആ പ്രദേശമാകെ കാക്കകളെ കൊണ്ട് നിറഞ്ഞു. അപ്പോൾ അങ്ങകലെ ആലുവാപ്പുഴയിൽ ഒരു വഞ്ചിയിൽ വെള്ളവസത്രം ധരിച്ച ഒരു കൂട്ടം ആളുകൾ അക്കരയ്ക്ക് പോകുന്നത് കണ്ടു. യാത്രക്കാരുടെ കൂട്ടത്തിൽ ഇന്ന് വീട്ടിൽ വന്ന വൃദ്ധരും ഉണ്ട്.

❤ സ്വപ്നം കണ്ട് ഞാൻ ഞെട്ടിയുണർന്നു. നേരം പര പരാ വെളുക്കുന്നതേയുള്ളൂ. ഞാൻ വൃദ്ധൻ എവിടെ എന്നന്വേഷിച്ചു. വൃദ്ധൻ കിടന്ന മുറിയുടെ വാതിൽ തുറന്ന് കിടന്നിരുന്നു. .ഭാണ്ഡക്കെട്ടും കാണാനില്ല.ഞാൻ വീടു മുഴുവൻ പരതി. അൽഭുതമായിരിക്കുന്നു. അയൽ വീടുകളിലും തിരക്കി. തലേന്ന് ഇങ്ങനെയാരും ഭിക്ഷ യാചിച്ച് വന്നതായി ആരും കണ്ടവരില്ല. ഞാൻ ആലോചിച്ചു. എന്തായിരിക്കും ഇന്നലെ കണ്ട സ്വപ്നത്തിൻ്റെ അർത്ഥം ‘ ഒടുവിൽ രാമേശ്വരത്ത് പോയി പരിഹാരക്രിയകൾ ചെയ്യേണ്ടതില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചു. പിതൃക്കൾ സംതൃപതരാണ്. (സമാപ്തം )

പിൻകുറിപ്പ് :- അതിഥി എന്നാൽ ക്ഷണം സ്വീകരിച്ചോ സ്വീകരിക്കാതെയോ എത്തുന്ന വിരുന്നുകാരൻ എന്നല്ല അർത്ഥം. ഒരു തിഥിക്കപ്പുറം തങ്ങാത്ത അപരിചിതൻ എന്നാണ് . ഭാരതീയ സനാതന ധർമ്മം അനുസരിച്ച് അതിഥി ദൈവത്തിന് സമനാണ്.❤ By ഗിരീഷ് നമശിവായം     www.gforgenius.in ❤..❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക്  സബ് രജിസ്ട്രാർ ആഫീസ്❤❤❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts