71)  നീണ്ടകഥ– കറവപ്പശു

രണ്ട് വർഷത്തിന് ശേഷമാണ് അപ്പുക്കുട്ടൻ്റെ വീട്ടിലേക്ക് വരുന്നത്. എറണാകുളത്ത് ബിസിനസ് തുടങ്ങിയതിന് ശേഷം തിരക്കായി. നാട്ടിലേക്കുള്ള എൻ്റെ വരവും കുറഞ്ഞു. ഈ വരവ് വെറും സൗഹൃദം പുതുക്കാൻ വേണ്ടി മാത്രമല്ല. കാറിൽ ഇരിക്കവേ ഞാൻ അപ്പുക്കുട്ടനുമൊത്തുള്ള ബാല്യകാല സ്മരണകൾ അയവിറക്കി ❤

എൻ്റെ വീട് കൊല്ലം ജില്ലയിൽ കുന്നിക്കോട് മേലില ശിവക്ഷേത്രത്തിൻ്റെ അടുത്താണ്. അപ്പുക്കുട്ടൻ്റെ വീടാകട്ടെ എൻ്റെ വീട്ടിൽ നിന്നും ഒന്നര കിലോ മീറ്റർ മാത്രം ദൂരത്തിൽ കുന്നിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് പോകുന്ന വഴി പച്ചില വളവ് കഴിഞ്ഞുള്ള ഇറക്കത്താണ്‌ . ഞങ്ങൾ രണ്ടാളും ബാല്യം മുതലേ ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരുന്നു. സ്കൂൾ ജീവിതകാലത്ത് അപ്പുക്കുട്ടൻ മിക്കപ്പോഴും എൻ്റെ വീട്ടിൽ ആയിരിക്കും ‘❤

എൻ്റെ വീടിന് താഴെയായി വലിയ ഒരു തോടുണ്ട്. അവിടെ ചൂണ്ടയിട്ട് മീൻ പിടിക്കുകയാണ് ഞങ്ങളുടെ പ്രധാന ഹോബി. മിക്കപ്പോഴും ഒരു കറിക്കുള്ള മീൻ കിട്ടാറുണ്ട്. അതും കറിവെച്ച് തിന്ന് അമ്മയുടെ പാചകത്തെ ഒന്ന് പുകഴ്ത്തിപ്പറഞ്ഞിട്ടേ അപ്പു വീട്ടിൽ പോകുമായിരുന്നുള്ളൂ. ഞങ്ങളുടെ ശൈശവ സ്മരണകൾ ആരംഭിക്കുന്നത് ആ തോടിൽ നിന്നാണ്. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുവാൻ തുടങ്ങുമ്പോൾ ആദ്യം കൺമുന്നിൽ തെളിയുന്നത് ആ തോടാണ്. മൂന്ന് കരിങ്കൽ തൂണുകൾക്കിടയിൽ കൂടി സദാ നിറഞ്ഞൊഴികിയിരുന്ന ആ തോട് ഒരു ചെറിയ പുഴ തന്നെയായിരുന്നു. കല്ലടയാറിലാണ് ആ തോട് വന്ന് ചേരുന്നത്. കാലഭേദമനുസരിച്ച് ആ തോടിൻ്റെ നിറം മാറിക്കൊണ്ടിരിക്കും. മകരം കുംഭം മാസങ്ങളിൽ കടും നീല നിറമായിരിക്കും. അപ്പോൾ ആകാശം നീളത്തിൽ ചിന്തി വെച്ചതാണ് എന്ന് തോന്നും. വർഷക്കാലം വരുമ്പോൾ തോട് സമീപത്തുള്ള പുരയിടങ്ങളിലേക്ക് കര കവിഞ്ഞ് ഒഴുകാൻ തുടങ്ങും . ചളിമണ്ണിൻ്റെ നിറമാർന്ന വെള്ളം കരിങ്കൽ തൂണുകൾക്ക് ചുറ്റും നുരയും പതയും ചുഴികളും ഉണ്ടാകും. ആ തോട് കടുത്ത വേനൽകാലത്ത് പോലും വറ്റിവരളാറില്ലെന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ❤

മേലില അമ്പലത്തിലെ ഉത്സവത്തിന് ബലൂൺ കച്ചവടക്കാരുടെ ബലൂൺ ഉപ്പുവെള്ളം തെറിപ്പിച്ച് പൊട്ടിക്കുന്നത് ഞങ്ങളുടെ പ്രധാന വിനോദം ആയിരുന്നു. ഉപ്പുവെള്ളം തളിച്ചാൽ അൽപസമയം കഴിഞ്ഞ് ബലൂൺ പൊട്ടും എന്ന് കണ്ടു പിടിച്ചത് അപ്പുക്കുട്ടനായിരുന്നു.. ഞങ്ങളുടെ ഈ വികൃതി ഗോവിന്ദന്മാമ കൈയ്യോടെ പൊക്കി നല്ല പെട തന്നതും ഇന്നലെ കഴിഞ്ഞത് പോലെ ഞാൻ ഓർക്കുന്നു. ❤

ഞാൻ ഇടയ്ക്കൊക്കെ അപ്പുവിൻ്റെ വീട്ടിലും പോകാറുണ്ടായിരുന്നു. പച്ചില വളവിൽ ബസിറങ്ങി രണ്ടു നാഴിക നടക്കണം ക്ഷേത്രത്തിൻ്റ തെക്കു മാറി ഒരു കൊച്ചു വീട് . ഞാൻ വലിയ വീട്ടിലെ കുട്ടി ആയതിനാൽ എൻ്റെ വരവ് അവൻ്റെ അമ്മയ്ക്ക് വലിയ സന്തോഷം നൽകാറുണ്ടായിരുന്നു.❤

” ആരിത് , വാസുക്കുഞ്ഞോ , അപ്പുവൊന്ന് പഠിച്ച് എന്തെങ്കിലും ഉദ്യോഗായാൽ അവൻ്റെ അച്ഛന് പിന്നെ ഒരു ഭാഗത്തിരിക്യാലോ ൻ്റെ കുട്ട്യേ ….’ വയ്യാണ്ടായിട്ടും അങ്ങേർക്ക് ഒന്നിരിക്കാൻ പറ്റ്ണ് ണ്ടോ പ്പൊ ; താഴെ മൂന്നെണ്ണം വേറേം ല്ല്യേ .” ❤

അവൻ്റെ അമ്മയുടെ മനസ്സിൽ അപ്പുവിനെ പറ്റി ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഏതൊരു മദ്ധ്യവർത്തി അല്ലെങ്കിൽ താഴേക്കിട കുടുംബത്തെയും പോലെ പ്രതീക്ഷകൾ മുഴുക്കെ സീമന്തപുത്രനിലായിരുന്നു. അപ്പു വലുതായി സർക്കാർ ഉദ്യോഗസ്ഥൻ ആകുന്നതും ചിലപ്പോഴൊക്കെ അവർ സ്വപ്നം കണ്ട് ഉറങ്ങിയിട്ടുണ്ടാകണം. മറ്റു ചില സ്വപ്നങ്ങളിൽ ഒരു പക്ഷേ അപ്പു ഗൾഫിൽ നിന്നും വന്നിറങ്ങുന്ന വിമാനവും അവൻ കൈ നിറയെ എല്ലാവർക്കും തരുന്ന സമ്മാനപ്പൊതികളുമായിരിക്കണം. ❤

പഠിക്കാൻ ഞങ്ങൾ രണ്ടാളും ശരാശരിയിലും താഴെയാണ്. പത്താം ക്ലാസ് വരെ കിഴക്കേ തെരുവ് ഹൈസ്കൂളിലാണ് പഠിച്ചത്. പ്രീഡിഗ്രി പുനലൂർ എസ് എൻ കോളേജിലും. പത്താം ക്ലാസ് കഷ്ടിച്ച് കടന്നു കൂടിയ ഞങ്ങൾക്ക് ഗോവിന്ദൻ മാമയുടെ സ്വാധീനം കാരണമാണ് കേളേജിൽ അഡ്മിഷൻ കിട്ടിയത്. കോളേജ് അന്തരീക്ഷം ഞങ്ങളുടെ വികൃതിത്തരങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകി. മിക്ക ദിവസങ്ങളിലും ക്ലാസ് കട്ട് ചെയ്ത് പുനലൂർ ചെല്ലം ടാക്കീസിൽ സിനിമയ്ക്ക് പോകും. വീട്ടിൽ നിന്നും ദൂരെ ആയതിനാൽ ഇതൊന്നും പിടിക്കപ്പെട്ടില്ല. ക്ലാസിലെ കാണാൻ കൊള്ളാവുന്ന പെൺ പിള്ളേർക്ക് പ്രേമലേഖനം കൊടുത്തിട്ട് അവരുടെ വായിൽ ഇരിക്കുന്ന ചീത്ത കേൾക്കുകയാണ് അപ്പുക്കുട്ടൻ്റെ പ്രധാന പരിപാടി: അതൊക്കെ ഒരു കാലം. ഞങ്ങൾ സിഗരറ്റ് വലിയും മദ്യപാനവും ശീലിച്ചത് അക്കാലത്താണ്‌…❤

പഠനം ഒരു വഴിപാടായി മാറി. അപ്പുക്കുട്ടൻ.പഠിച്ചിട്ട് വേണം അവൻ്റെ കുടുംബം രക്ഷപെടാൻ എന്ന അവസ്ഥയുണ്ട്. അപ്പുവിന് താഴെ രണ്ട് അനുജത്തിമാരും ഒരു അനുജനും ഉണ്ട്. മദ്യപാനിയായ അച്ഛൻ അപ്പുവിൻ്റെ തീരാത്തലവേദന ആയിരുന്നു. എന്നാൽ എൻ്റെ കാര്യം വ്യത്യസ്തമായിരുന്നു, പാരമ്പര്യമായി സമ്പന്ന കുടുബം. തൊഴുത്തിൽ ധാരാളം പശുക്കളും ഏക്കർ കണക്കിന് ഭൂസ്വത്തും കൂടാതെ അപ്പൂപ്പന് സ്വാതന്ത്ര്യ സമരപെൻഷനും ഉണ്ടായിരുന്നു. അപ്പുവാകട്ടെ പലപ്പോഴും വയറുനിറച്ച് ഭക്ഷണം കഴിച്ചിരുന്നത് എൻ്റെ വീട്ടിൽ നിന്നായിരുന്നു . ❤

നീ കളിച്ചു നടന്ന് അവനെ കൂടി ചീത്തയാക്കരുത് എന്ന് എൻ്റെ അമ്മ എപ്പോഴും പറയുമായിരുന്നു. ഒടുവിൽ റിസൾട്ട് വന്നപ്പോൾ അമ്മ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ഞങ്ങൾ രണ്ടാളും നല്ല വൃത്തിയായിട്ട് തോറ്റു. ഇനി എന്ത് ചെയ്യും ? അപ്പുക്കുട്ടന് മുന്നിൽ ഭാവി ഒരു ചോദ്യചിഹ്നമായി നിന്നു. എനിക്ക് പറമ്പിൽ നിന്ന് ആദായവും എടുത്ത് തടിമില്ലിലെ കാര്യവും നോക്കി നടന്നാൽ മതി. നല്ല മാർക്കോടെ പാസാകുന്നവർക്കു പോലും തൊഴിൽ ലഭിക്കാത്ത കെട്ട കാലത്ത് ടൈപ്പ് പഠിക്കാൻ അവനോട് പറഞ്ഞത് ഗോവിന്ദൻ മാമയാണ്. അന്നൊക്കെ ടൈപ്പ് പഠിച്ചിട്ട് ബോംബെയിൽ കൊട്ടാൻ പോയി രക്ഷപെട്ടവർ നിരവധിയാണ്. ❤

അങ്ങനെ കൊല്ലത്ത് ശാന്താസ് ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അപ്പുക്കുട്ടന് പഠിക്കാനുള്ള ചിലവ് എൻ്റെ വീട്ടിൽ നിന്നു വഹിച്ചു. പഠിച്ചിറങ്ങിയ ശേഷവും ഒരു ജോലി കിട്ടാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അത്രയ്ക്ക് രൂക്ഷമായിരുന്നു അന്നത്തെ തൊഴിലില്ലായ്മ. ആഗോളവൽക്കരണവും നവലിബറൽ ഉദാരവത്കരണ നയങ്ങളും കൂടി തൊഴിലന്വേഷകരെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കറുത്ത കാലഘട്ടം.ആദ്യം ഒരു ജോലി കിട്ടിയത് ശമ്പളം തീരെ കുറവായിരുന്നു. ബോംബെയിലെ ദാദറിലായിരുന്നു ജോലി; ആയിരത്തി അഞ്ഞൂറ് രൂപ പ്രതിമാസ ശമ്പളം.ഒടുവിൽ രണ്ടും കൽപ്പിച്ച് പോകാൻ തന്നെ തീരുമാനിച്ചു. അന്ധേരിയിൽ തെരുവിലെ ഒരു മുറിയിലാണ് താമസം. മുറി എന്ന് തീർത്ത് പറയാൻ പറ്റില്ല. ഒരു വളം ഗോഡൗണ്ടിനോട് ചേർന്ന ചായ്പ്പ്. അന്ന് ബോംബെ മുംബെ ആയിട്ടില്ല. അവിടെ ജീവിത ചിലവ് വളരെ കൂടുതൽ ആണ്. വല്ല വിധേനെയും ചുരുക്കി അയാൾ അഞ്ഞൂറ് രൂപയിൽ ചിലവ് നിർത്തും ശേഷിക്കുന്ന പണം വീട്ടിൽ അയച്ച് കൊടുക്കും. പണം നേരിട്ട് വീട്ടിൽ അയച്ചാൽ മദ്യപാനിയായ അച്ഛൻ കൈക്കലാക്കിയാലോ എന്ന് ഭയന്ന് അവൻ എൻ്റെ പേരിലാണ് പണവും കത്തും അയച്ചിരുന്നത്. ❤

അപ്പു അയച്ചു തന്ന കാശും സമ്മാനപൊതികളും കാണുമ്പോൾ അവൻ്റെ അമ്മയുടെ കണ്ണ് നിറയും . അത് കണ്ണിനോട് ചേർത്ത് ഒരു നിമിഷം പ്രാർത്ഥിക്കുന്നതു പോലെ നിൽക്കും. ചിലപ്പോൾ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ പൊടിയും. പിന്നെ അപ്പുവിൻ്റെ താഴാദികൾ വളർന്നു. അപ്പുവിൻ്റെ ആഗ്രഹം പോലെ അനുജത്തിമാരെ തേടി സർക്കാരുദ്യോഗസ്ഥർ തന്നെ എത്തി. ❤

അപ്പുക്കുട്ടൻ്റെ അനുജൻ ഗോപീകൃഷ്ണൻ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എങ്കിലും പ്രായോഗിക ബുദ്ധിയിൽ കേമനായിരുന്നു. ആദ്യമാദ്യം ഗോപി ടൗണിലെ ആധാരമെഴുത്തുകാരനായ കേശവപിള്ളയുടെ സഹായിയായി പോയി. കക്ഷികളെ ആധാരം വായിച്ച് കേൾപ്പിക്കുന്നതും രജിസ്ട്രാഫീസിലെ ഇടപാടുകളും എല്ലാം ഗോപിയെ ഏൽപ്പിക്കപ്പെട്ടു. കുറച്ചു കാലം അവിടെ നിന്ന് വസ്തുക്കച്ചവടത്തിൻ്റെ ഉള്ളുകള്ളികൾ ഗോപി മനസിലാക്കി. പിന്നീട് ടൗണിലെ ഒന്നാം നമ്പർ വസ്തു ബ്രോക്കറായ മണി അണ്ണനുമായിട്ടായി ചങ്ങാത്തം. നല്ല വരുമാനം കിട്ടിത്തുടങ്ങി. ഓർക്കാപ്പുറത്തായിരുന്നു മണി അണ്ണൻ്റെ മരണം. ഹാർട്ട് അറ്റാക്കായിരുന്നു. അതിനെ തുടർന്ന് മണി അണ്ണൻ ഭരിച്ചിരുന്ന റിയൽ എസ്റ്റേറ്റ് സാമ്രാജ്യം ഗോപിയുടെ കൈകളിൽ സുരക്ഷിതമായി .ഒരു സുപ്രഭാതത്തിൽ ആ ചെറിയ വീടിന് മുന്നിലെ ഗോപിയുടെ ഓഹരിയിൽ ഒരു പടുകൂറ്റൻ മാളിക ഉയർന്നു വന്നു. കൊച്ചു വീട് അടച്ചിട്ടിട്ട് അമ്മയും ഇപ്പോൾ ഗോപിയുടെ കൂടെ ആണ് താമസം. ❤

അനുജന് ഉണ്ടായ ഭാഗ്യത്തിൽ അപ്പുക്കുട്ടൻ അതിയായി സന്തോഷിച്ചു എങ്കിലും ചെറിയ തുകയാണെങ്കിലും വീട്ടിലേക്ക് പണം അയക്കുന്നതിൽ അയാൾ മുടക്കം വരുത്തിയില്ല. അത് തൻ്റെ കടമയാണ് എന്ന് അയാൾ വിശ്വസിച്ചു പോന്നു. ❤

എൻ്റെ ഗതകാല സ്മൃതികളിൽ അപ്പുവിൻ്റെ കാശും സമ്മാനപൊതികളുമായി ഞാനീ വഴി കടന്നു പോയ മറ്റൊരു യാത്ര കൂടി ഓർമ്മ വരുന്നു. അന്ന് കൊച്ചു വീടിൻ്റെ അടുത്ത് വലിയ മണി മാളിക വന്നിട്ട് അധികകാലമായിട്ടില്ല.പുതിയ മാളികയെ തേടിയെത്തിയ നൂറിൻ്റെ നോട്ടുകൾക്ക് പഴയ പരിലാളനങ്ങൾ ലഭിക്കുന്നില്ലെന്ന് എനിക്ക് തോന്നി. നോട്ടുകൾ ഒന്നെണ്ണി നോക്കിയിട്ട് അവൻ്റെ അമ്മ പറയുകയുണ്ടായി ❤

” അവനിപ്പോഴും പഴയ കാലാന്നാ വിചാരം ! നാട്ടിലിപ്പോ സാധനങ്ങൾക്കൊക്കെ എന്താ വില. രണ്ടു കിലോ മീൻ മേടിക്കാൻ തികയില്ല ഇത് ! ” ❤ എൻ്റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുങ്ങി.. മഹാനഗരത്തിലെ ഓട്ടപ്പന്തയങ്ങൾക്കിടയിൽ മിച്ചം വെച്ച അപ്പുവിൻ്റെ നൂറിൻ്റെ നോട്ടുകൾക്ക് നിറം മങ്ങി തുടങ്ങിയിരിക്കുന്നത് ഞാൻ മനസിലാക്കി. ഞാനത് സംശയ രൂപത്തിൽ അപ്പുവിനോട് അവതരിപ്പിക്കുകയും ചെയ്തു. അവനൊന്ന് നിശ്വസിച്ചു. അവർക്കിപ്പോ നൂറും ആയിരവുമൊന്നും കണ്ണിൽ പിടിക്കാതായിരിക്കുന്നു. അവൻ്റെ ആത്മഗതം ഞാൻ കേട്ടു. എന്നാലും അവരുടെ പുതിയ ജീവിതത്തിൽ അവൻ സന്തോഷിച്ചു.. ഏതൊരു പ്രവാസിയെയും പോലെ അവരു സുഖിക്കട്ടെടാ എന്നും അവൻ പറഞ്ഞതായി ഓർക്കുന്നു ❤

അപ്പുക്കുട്ടന് നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്ന ആസ്മാ രോഗം ബോംബെയിലെ പൊടിയും പുകയും അടിച്ച് രൂക്ഷമായി. മരുന്നിന് തന്നെ മാസം നല്ല ഒരു തുക വേണ്ടി വന്നു.. കുറച്ചു നാൾ കഴിഞ്ഞ് മെച്ചപ്പെട്ട ശമ്പളത്തിൽ ഒരു ജോലി തരപ്പെട്ടു ഇളയ സഹോദരിയുടെ വിവാഹം അപ്പോഴായിരുന്നു. അതിന് വേണ്ടി എടുത്ത വായ്പ ഈ അടുത്ത കാലത്താണ് അടഞ്ഞ് തീർന്നത്.❤

കാലം കടന്ന് പോയി. വസന്തവും ശിശിരവും ഹേമന്ദവും മാറി മാറി വന്നു. അതിനിടെ അടൂർ സ്വദേശിനി ജാനകിയുമായി അപ്പുക്കുട്ടൻ്റെ വിവാഹവും കഴിഞ്ഞു. ഇരുവരും കൂടി കോളി വാഡയിലെ ഒരു ഒറ്റമുറി ഫ്ലാറ്റിലേക്ക് താമസം മാറി. കാല പ്രവാഹത്തിൽ ആ ദാമ്പത്യവല്ലരി പുഷ്പിച്ചു. രണ്ട് ആൺകുട്ടികൾ, ആനന്ദും അഭിഷേകും. ❤

അതിനിടയ്ക്കെപ്പോഴോ അപ്പുക്കുട്ടൻ്റെ ജീവിതം താളം തെറ്റി. അറിയാതെ വന്ന ഒരു പനി. അത് പിന്നെ ക്ഷീണമായി. അന്ധേരിയിൽ നിന്നും സെവൻ ഫോർട്ടി ടുവിൻ്റെ ലോക്കൽ പിടിച്ച് ദാദറിലെ തിരക്കിലൂടെ ഊളിയിട്ടിറങ്ങി മറുകണ്ടം ചാടി ഇടിച്ചു കയറി കോളി വാഡയിലേക്ക് തിരക്കിയോടുവാൻ ശരീരം അനുവദിക്കാത്തിടത്തോളം അവൻ്റെ ക്ഷീണം വർദ്ധിച്ചു. ജാനകിക്കും അങ്കലാപ്പായി. അവധി ദിനങ്ങൾ അധികമാകാൻ തുടങ്ങിയതോടെ അപ്പുവിൻ്റെ മാർവാഡി മുതലാളിക്കും നിരസമായി. പിന്നെ പിന്നെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെയായി. അത്രത്തോളം എത്തിയ ശേഷമാണ് ജാനകി എന്നെ വിളിക്കുന്നത്. ❤

വിവരം അറിഞ്ഞ് എല്ലാ തിരക്കുകളും മാറ്റി വെച്ച് ഞാൻ പറന്നെത്തി. മഹാനഗരത്തിലെ പ്രമുഖ ആശുപത്രിയിൽ അപ്പുക്കുട്ടനെ പ്രവേശിപ്പിച്ചു. രക്തത്തിലെ ഹീമോഗ്ലോബിൻ അതിഭയങ്കരമായി കുറയുന്ന അപൂർവ്വ രോഗം തിരിച്ചറിഞ്ഞു.ചികിത്സ ചിലവേറിയതാണ്. ഇടയ്ക്കിടെ രക്തം മാറ്റിക്കൊണ്ടിരിക്കണം.❤

ഞാൻ അവനോട് നാട്ടിൽ പോയി കുറച്ചു കാലം വിശ്രമിക്കാൻ പറഞ്ഞു. നാട്ടിലായാൽ അമ്മയുടെയും സഹോദരങ്ങളുടെയും സാമീപ്യത്തിലും പരിചരണത്തിലും ആശ്വാസം ലഭിക്കും. അങ്ങനെ ബോംബെയിലെ ജോലി മതിയാക്കി അപ്പുവും കുടുംബവും നാട്ടിൽ തിരിച്ചെത്തി. അവരെ വീട്ടിൽ കൊണ്ട് വിടാനാണ് രണ്ടു വർഷം മുമ്പ് ഞാൻ ആ വീട്ടിൽ പോയത്.❤

എന്നാൽ എൻ്റെ കണക്കുകൂട്ടലുകൾ പിഴച്ചു. എന്നാൽ ഞാൻ വിചാരിച്ചതു പോലെ ഒരു സ്വീകരണം ഗോപിയുടെയും അമ്മയുടെയും ഭാഗത്ത് നിന്നുണ്ടായില്ല. ജോലി നഷ്ടപ്പെട്ട രോഗിയായ അപ്പുവിനെ അത്രയ്ക്ക് ഊഷ്മളതയോടെ സ്വീകരിച്ചാൽ അതൊരു ഭാരമായിരിക്കും എന്ന് മനസിലാക്കുവാൻ നാലാം ക്ലാസ് വരെയുള്ള പഠിപ്പു പോലും അധികമല്ലേ! .നാട്ടിലെത്തി അധികം കഴിയുന്നതിന് മുമ്പ് അപ്പു ആ പഴയ കൊച്ചു വീട്ടിലേക്ക് താമസം മാറി. നാലരികും കൂട്ടി മുട്ടിക്കാൻ ജാനകി നന്നേ പ്രയാസപ്പെട്ടു. താമസിയാതെ ഞാൻ ഈ വിവരം നാട്ടിലാരോ പറഞ്ഞ് അറിഞ്ഞു. അഭിമാനിയായ അപ്പു ഒന്നും എന്നെ അറിയിക്കാതിരിക്കുകയായിരുന്നു. ഞാൻ ജാനകിയെ വിളിച്ചു. കരുതിയതിലും ഗുരുതരമായിരുന്നു അവൻ്റെ പ്രശ്നങ്ങൾ . അപ്പുവിൻ്റെ ജീവൻ രക്ഷിക്കാൻ ഉടൻ തന്നെ ഭാരിച്ച പണച്ചിലവുള്ള ഒരു ഓപ്പറേഷൻ നടത്തണം. തുക ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മണിമാളിക യൊക്കെ ഉണ്ടെങ്കിലും പെട്ടെന്ന് അത്രയും വലിയ തുക ഒപ്പിക്കുവാൻ മാത്രം തങ്ങളായിട്ടില്ലെന്ന് സ്നേഹപൂർവ്വം തന്നെ സഹോദരങ്ങൾ അറിയിച്ചു. അത് വാസ്തവമാകാനേ തരമുള്ളൂ. നാട്ടിൽ കാണുന്ന മണിമാളികകളിൽ പലതിലും നിറച്ചിരിക്കുന്നത് ശൂന്യതയുടെ പൊങ്ങുവഞ്ചികളാണ്.

❤ അവന് ആശ്വാസമായി ഓപ്പറേഷനുള്ള പണവുമായിട്ടാണ് എൻ്റെ വരവ്. കഴിയുമെങ്കിൽ ഓപ്പറേഷൻ കഴിയും വരെ ഞാൻ കൂടെ കാണും എന്ന് അവന് ഉറപ്പും കൊടുത്തു. ഉച്ചഭക്ഷണം കഴിഞ്ഞേ പോകാവൂ എന്ന് അപ്പുവിൻ്റെ അമ്മ എന്നെ നിർബന്ധിച്ചു. അപ്പുവിൻ്റെ അനുജൻ അത് ശരിവെച്ചു. ഭക്ഷണമേശയിൽ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നതിനെ പറ്റിയുള്ള ചർച്ച ഞാൻ പുനരാരംഭിച്ചു.’ ❤

അമൃതയിൽ വിളിച്ച് പറഞ്ഞ് ഓപ്പറേഷന് വേണ്ട ഒരുക്കങ്ങൾ നടത്തിയതായി ഞാൻ അവരെ അറിയിച്ചു. മുറിയിൽ ഒരു നിമിഷം മൗനം നിറഞ്ഞു. അന്തരീക്ഷത്തിൻ്റെ ഘനം കുറക്കേണ്ടത് എങ്ങനെയെന്ന് ഞാൻ ആലോചിച്ചു. ” ഇത് എൻ്റെ കടമയാണ്. അല്ലാതെ ഒരു സഹായമായിട്ട് കാണരുത് ” — എല്ലാവരും പറയുന്ന ഭംഗി വാചകം തന്നെ ഞാനും തിരഞ്ഞെടുത്തു. ❤

ഭക്ഷണശേഷം വീണ്ടും ചർച്ചകൾ ആരംഭിച്ചപ്പോൾ അപ്പുവിൻ്റെ അമ്മ തൻ്റെ മനസിൽ തികട്ടി വന്ന ഒരു സംശയം ഉതിർത്തു. ❤ “അല്ല ൻ്റെ കുട്ട്യേ… ഇവൻ കയ്യില് കാശില്യ കാശില്യ ന്ന് പറഞ്ഞ് നിന്നേം കൂടി ബുദ്ധിമുട്ടിക്ക് ണ് ണ്ട്.. നിക്കൊന്നു മനസിലാവണില്യാ ! .ഇവൻ ഇത്രേം കാലം ബോംബേല് പണി എട്ത്തിട്ട് ആ കാശൊക്കെ എന്തു ചെയ്തു. ആരെ ബോധിപ്പിക്കാനാ ഈ പഞ്ഞപ്പാട്ട് പാടുന്നേ ! ” ❤

എൻ്റെ നാക്കിൽ പെട്ടെന്ന് ഒരുത്തരം തോന്നിയില്ല. ശബ്ദ നാളി അടഞ്ഞതുപോലെ… എന്നാൽ അപ്പുവിൻ്റെ അമ്മ തുടരുകയാണ്. ❤

” മാസം ആയിരം ഉറുപ്യാ അവൻ എനിക്ക് അയച്ച് തരാറുള്ളത്. അതും ഇപ്പോ നാലഞ്ച് കൊല്ലായിട്ട് ! അതിന് മുമ്പ് അഞ്ഞൂറ് അറുനൂറ് ഒക്യാ അയച്ചേർന്നേ. ന്ന്ട്ട് പത്തു മുപ്പത് കൊല്ലം അന്യരാജ്യത്ത് ജോലി ചെയ്തിട് കയ്യില് പത്തുറുപ്യ എടുക്കാൻ ഇല്യാന്ന് പറഞ്ഞാ ഞാൻ സമ്മതിക്കോ ..! ” ❤

അപ്പുക്കുട്ടൻ മൗനിയായിരുന്നു. ഞാനും മറുപടി ഒന്നും പറഞ്ഞില്ല.. അമ്മ തുടർന്നു. ❤ ”ന്നാൽ ഇവൻ്റെയൊരു ഭാവോ കുടുംബത്തെ കാര്യം മുഴുവൻ ഇത്രേം കാലം ഇവനാ നോക്ക്യേർന്നേ ന്നാ ! ❤

കൂടുതൽ കേൾക്കാനാകാതെ എൻ്റെ കാതുകൾ സ്വയം അടഞ്ഞു. ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം സംസാരം തുടങ്ങിയത് ഗോപീകൃഷ്ണനായിരുന്നു. ❤

” ഞാൻ സത്യം പറയട്ടെ. ചേട്ടനെ ഞാൻ പലവട്ടം ഉപദേശിച്ചതാണ്. ഈ വസ്തുവിലുള്ള ചേട്ടൻ്റെ പങ്ക്, അത് എത്രയാണെന്ന് ചേട്ടൻ തീരുമാനിക്കട്ടെ. അത് എൻ്റെ ഭാര്യയുടെ പേരിൽ പ്രമാണം ചെയ്തു തന്നാൽ ഓപ്പറേഷന് ആവശ്യമായ പണം അമ്മായി അച്ഛൻ്റടുത്തൂന്ന് മേടിച്ച് തരാമെന്ന് ഞാൻ പറഞ്ഞതാ. അല്ലാതിപ്പൊ ഞാനെന്താ ചെയ്ക. പുറത്തു നിന്ന് നോക്കുമ്പോ വലിയ വീട്ടുണ്ട് കാറുണ്ട്. എന്നാലോ ഒരു രൂപ എടുക്കാനില്ല റിയൽ എസ്റ്റേറ്റ് ബിസിനസ് എന്ന് പറഞ്ഞാൽ ചൂതാട്ടം പോലെയാണ്. പണം കിട്ടിയാൽ കിട്ടി; പോയാൽ പോയി. അല്ലാതെ കമ്പനി ജോലി പോലെ മാസാമാസം എനിക്കാരും ശമ്പളം തരുന്നില്ല. “

❤ ഞാൻ ഇറങ്ങാൻ തയ്യാറായി. എന്നെ വീട് വരെ കൊണ്ടുവിടാമെന്നായി ഗോപി. വേണ്ടെന്ന് ഞാനും. ഗോപി കാറിൻ്റെ കീ എടുത്തു കൊണ്ടുവന്നു .അപ്പോഴാണ് കാർപോർച്ചിലേക്ക് എൻ്റെ ശ്രദ്ധ പോയത്. പുതു പുത്തൻ രജിസ്റ്റേർഡ് വണ്ടി സ്വിഫ്റ്റ് ഡിസയർ. ഞാൻ വണ്ടി ശ്രദ്ധിക്കുന്നത് ഗോപിയും കണ്ടു. ❤

…: ” വണ്ടി ഒന്ന് മാറ്റി . പഴയ മാരുതി എയ്റ്റ് ഹൺഡ്രഡിലൊക്കെ എവിടെങ്കിലും കയറിച്ചെന്നാൽ ഇന്നത്തെ കാലത്ത് ഒരു വില കിട്ടത്തില്ല. കക്ഷികളെ സ്ഥലം കാണിക്കാനൊക്കെ കണ്ടമാനം ഓട്ടമുള്ളതാ. അതു കൊണ്ട് ഡീസൽ തന്നെ വാങ്ങി. എട്ടു ലക്ഷം രൂപ അയി. ഈ വക അത്യാവശ്യങ്ങള് ഒഴിവാക്കാൻ പറ്റ്വോ ! “❤

കൊണ്ടുവിടാമെന്ന ഗോപിയുടെ വാക്കുകൾ ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. ഞാൻ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള ചെമ്മൺപാതിലൂടെ വീട്ടിലേക്ക് നടന്നു. കുട്ടിക്കാലത്ത് ഞാനും അപ്പുക്കുട്ടനും കുട്ടിയും കോലും കളിച്ചിരുന്ന പാടശേഖരം ഇപ്പോൾ നികത്തി അവിടെ ബഹുനില മന്ദിരം ഉയരുന്നു’ ക്ഷേത്രത്തിന് മുൻവശത്ത് ചുമടു താങ്ങി നിന്ന കലുങ്ക് ഇടിച്ച് മാറ്റി റോഡിന് വീതി കൂടി ഒരു വെയിറ്റിങ് ഷെഡ് സ്ഥാപിച്ചിരിക്കുന്നു. അന്ന് ഒന്നോ രണ്ടോ വീടുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് എമ്പാടും വലിയ കോൺക്രീറ്റ് സൗധങ്ങൾ. ഞാൻ ചിന്തിച്ചു. ഗ്രാമം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു., നാട്ടുകാരും ”നാട്യ പ്രധാനം നഗരം ‘ദരിദ്രം നാട്ടിൻപുറം നൻമകളാൽ സമൃദ്ധം ” എന്ന് കവി പാടിയത് ഞാൻ അപ്പോൾ ഓർത്തു.

❤ സമാപ്തം❤By ഗിരീഷ് നമശിവായം ❤

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts