❤️ ആ മോർച്ചറി വരാന്തയിൽ നിശ്ചല ദേഹമായി ഞാൻ കിടന്നതിൻ്റെ കാലപ്പഴക്കം നോക്കിയാൽ ഇന്നേക്ക് രണ്ട് വർഷം പിന്നിടുന്നു. എന്നെ നിങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ നിങ്ങളുടെ ഓർമ്മയിൽ ചാരം മൂടി മറഞ്ഞ് കിടക്കുകയാണ്. അന്ന് ദിനപത്രങ്ങളുടെ മുഖപേജിലെ പ്രധാന തലക്കെട്ടിൽ നിറഞ്ഞത് ഞാനായിരുന്നു. അകം പേജുകളിൽ പ്രത്യേക സ്റ്റോറികളായും ഫീച്ചറുകളായും ഞാൻ നിറഞ്ഞിരുന്നു. ഓർക്കുന്നില്ല. അല്ലേ !. എൻ്റെ രൂപ വർണന ചിലപ്പോൾ ഓർമ്മയിൽ പ്രകാശപാളികൾ വീഴ്ത്തിയേക്കാം ❤️.
ഉയരം കുറഞ്ഞ് എല്ലിച്ച് വയറൊട്ടിയ ശരീരം. ദൈന്യത കട്ടപിടിച്ച ആഴത്തിലേക്ക് ആണ്ടു പോയ കണ്ണുകൾ. ഒട്ടിയ കവിളിന് മുകളിൽ എഴുന്നു നിൽക്കുന്ന എല്ലുകൾ. വ്യസനം തെളിഞ്ഞു നിൽക്കുന്ന ചിരി ഒട്ടിപ്പിടിച്ച വരണ്ട ചുണ്ടുകൾ, അങ്ങിങ്ങായി മാത്രം വളർന്ന അധികം നീളമില്ലാത്ത മീശയും താടിയും. ശരീരത്തിന് ചേരാത്ത ചുരുണ്ട മുടിയുള്ള അൽപം വലിയൊരു തലയും അതിനെ താങ്ങി നിർത്തിയിരിക്കുന്ന തേമ്പിയ കഴുത്തും ഇടിഞ്ഞ തോളുകളും. എല്ലുകൾ എഴുന്ന് കാണുന്ന നെഞ്ചു മറയ്ക്കാത്ത നര പിടിച്ച പച്ച ഷർട്ട്. മുന്നിൽ പിണച്ചു വെച്ച കൈകൾ എൻ്റെ ഉടുമുണ്ടുകൊണ്ട് വരിഞ്ഞു കെട്ടിയിരിക്കുന്നു. ഇപ്പോൾ എന്നെ ഓർമ്മ വന്ന് കാണുമല്ലോ! ഈ ചിത്രമാണ് പത്രങ്ങളായ പത്രങ്ങളിലൊക്കെ അച്ചടിച്ചുവന്നത്. എനിക്ക് മരണശിക്ഷ വിധിച്ചവർ അവരുടെ ആഹ്ലാദത്തിമിർപ്പിനൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ചിത്രമാണത്. ❤️
ഞാൻ ഇത്രയുമൊക്കെ പറഞ്ഞിട്ടും എന്നെ മനസിലാകാത്ത അനേകം പേർ ഇത് വായിക്കുന്നവർക്കിടയിൽ കണ്ടേക്കാം. ഈ അജ്ഞാത സ്വത്വ പ്രഹേളിക ഞങ്ങളുടെ വംശത്തിൻ്റെ ആകെ ദുര്യോഗമാണ്. ഞങ്ങൾ ഒരു ഹൃദയത്തിലും ഇടം പിടിക്കുന്നില്ല. ചരിത്രത്തിൽ നിന്നും പടിയടച്ച് പുറത്താക്കപ്പെട്ടവരാണ് ആദിമ മനുഷ്യർ എന്നും വനവാസികൾ എന്നും നിങ്ങൾ വിളിക്കുന്ന ഭൂമിയുടെ അവകാശികളായ ഞങ്ങൾ.❤️
വിശപ്പായിരുന്നു ഞാൻ. എന്നെ മരണത്തിലേക്ക് തള്ളിവിട്ടതും വിശപ്പാണ്. വെറും പട്ടിണി മരണമല്ല. കൊലപാതകം. കാടിൻ്റെ മകനോട് നാടിൻ്റെ കാടത്തം എന്ന് പത്രങ്ങൾ മുഖപ്രസംഗം എഴുതി – എനിക്കവൻ അനുജൻ എന്ന് പ്രമുഖ കവി നെടുവീർപ്പിട്ടു. നരൻ നരിയായി എന്നും മനുഷ്യജീവന് മൃഗ വില പോലും ഇല്ലെന്നും സാംസ്കാരിക നായകർ വിലപിച്ചു. എന്നിട്ടെന്തുണ്ടായി ? പുതിയ വാർത്തകൾ വന്നപ്പോൾ എല്ലാവരും എന്നെ മറന്നു. പത്രവാർത്തകളെ പറ്റി പൊതുവേ പറയാറുണ്ടല്ലോ ഒരു ദിവസം പഴകിയാൽ അത് ചീഞ്ഞ മൽസ്യം പോലെയാണെന്ന് ❤️
വിശപ്പാണ് എൻ്റെ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. വിശന്നിട്ടാണ് ഞാൻ വീട് വിട്ട് കാട് കയറിയതും. പിന്നെ കാടായി എനിക്കമ്മ . ഗുഹയായി എനിക്ക് വീട്. ഭക്ഷണം കിട്ടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ചാവാലിപ്പട്ടിയായി എൻ്റെ സഹജീവി. ഞാൻ മരങ്ങളെയും പക്ഷികളെയും കാട്ടരുവിയെയും സ്നേഹിച്ചു. കാട് എപ്പോഴുമില്ലെങ്കിലും എനിക്കന്നം തന്നു. കിഴങ്ങുകളായും കാടുതേനായും മുളയരിയായും എൻ്റെ പശിയടങ്ങി. പുഴ ദാഹമകറ്റി. ഗുഹ ഉറക്കം തന്നു.❤️
എന്നാൽ കാട് വെട്ടിപ്പിടിക്കാനെത്തിയ കുടിയേറ്റ കർഷകർ പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാനാരംഭിച്ചു. മുളയരിയും പനങ്കിഴങ്ങും കാട്ടു തേനും ഒക്കെ നാട്ടിലെ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമായി തുടങ്ങി. കാട്ടരുവിയിലെ തെളിനീർ അണകെട്ടി തടഞ്ഞു നിർത്തി കുപ്പികളിൽ ഭംഗിയായി പായ്ക്ക് ചെയ്ത് വിപണിയിൽ എത്തി. വൻകിട മുതലാളിമാർ ലാഭക്കണ്ണോടെ വനത്തിലേക്ക് ദൃഷ്ടി പായിച്ചപ്പോൾ ഞാൻ വിശപ്പ് സഹിക്കാനാകാതെ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു.❤️
ദരിദ്രരായവർ അനുഗ്രഹീതർ ; എന്തെന്നാൽ ദൈവരാജ്യം അവർക്കുള്ളതാകുന്നു എന്നും വിശക്കുന്നവൻ്റെ മുന്നിൽ അപ്പത്തിൻ്റെ രൂപത്തിലേ ദൈവത്തിന് പ്രത്യക്ഷപ്പെടാനാകൂ എന്നും പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ എൻ്റെ മുന്നിൽ അന്നമായി ദൈവം ഒരിക്കലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. വനവിഭവങ്ങൾ ഭക്ഷണത്തിന് മതിയാകാതെ വരുമ്പോഴാണ് ഞാൻ നാട്ടിലേക്ക് ഇറങ്ങുന്നത്. എന്നെ നിങ്ങൾ ആടിപ്പായിക്കും . ഞാൻ അടുത്തെത്തുമ്പോൾ നിങ്ങൾ മൂക്കു പൊത്തും മുഖം ചുളിക്കും. അരിയും മുളകും കിഴങ്ങുകളും വിൽപനക്കായി നിരത്തി വെച്ച കടകളിൽ ദൃഷ്ടി ഉറപ്പിച്ച് ഞാൻ മാറി നിൽക്കും. വിശപ്പ് എൻ്റെ കണ്ണുകളിൽ ഇരുട്ട് പരത്തി. ഏതെങ്കിലും ഒരു കടയിൽ നിന്ന് കുറച്ചരിയും മുളകും ഒരു തുണി സഞ്ചിയിലാക്കി ഞാൻ കാടുകയറും. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒരു കാട്ടുചെടിയുടെ കിഴങ്ങ് മാന്തി എടുക്കുന്നത് പോലെ ഉള്ള പ്രവൃത്തിയാണ്.❤️
വിശപ്പ് ഒരുവനെ മോഷ്ടാവാക്കുന്നു. എന്നിലെ മോഷ്ടാവിനെ ‘ പിടിക്കാനാണ് അവർ ഗുഹ വളഞ്ഞത്. വേട്ടമൃഗത്തെ കാടുവളഞ്ഞ് കൊല്ലാനൊരുങ്ങും പോലെ അവർ എന്നെ ആക്രമിച്ചു. വേട്ടക്കാരായിരുന്നു എൻ്റെ പിതാമഹൻമാർ.ഇപ്പോൾ ഞാനിതാ ഒരു വേട്ടമൃഗമായി മാറി.
ഇവനാണ് ആ കള്ളൻ – ഒരാൾ എൻ്റെ നേർക്ക് കൈ ചൂണ്ടി ആക്രോശിച്ചു.
എൻ്റെ മുഖത്താണ് ആദ്യ അടി വീണത്. പിന്നെ ആൾക്കൂട്ടത്തിൻ്റെ വക പൊതിരെ തല്ലായി. ഒടുവിൽ വെറും ഞരക്കം മാത്രം അവശേഷിച്ച എന്നെ അവർ വലിച്ചിഴച്ച് ഗുഹക്ക് പുറത്ത് എത്തിച്ചു. ഞാനൊരു കള്ളനല്ല എന്ന് ഉറക്കെ പറയണമെന്നുണ്ടെങ്കിലും ശബ്ദം തൊണ്ടയിൽ കുരുങ്ങി .❤️
ഞാൻ വിശപ്പാണ്. ഞാൻ സ്നേഹമാണ്. സഹോദരിയുടെ മക്കളുടെ വിശപ്പകറ്റാൻ ഒരു കഷണം റൊട്ടി മോഷ്ടിച്ച ജീൻ വാൾ ജീൻ ലോക സാഹിത്യത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായിരുന്നു എന്ന് നിങ്ങൾക്കറിയാം. അതുപോലെ എൻ്റെ മനസിലും എന്നെ ആക്രമിച്ചവരോട് സ്നേഹമാണ്.❤️
അവരെന്നെ ഉയർത്തി നിർത്തി അഴിഞ്ഞു വീണ കൈലി എടുത്ത് കൈകൾ മുന്നിൽ പിണച്ചു വെച്ച് കെട്ടി. എന്നിട്ട് കാട്ടു മനുഷ്യരെ പോലെ എനിക്ക് ചുറ്റും ആഹ്ലാദനൃത്തം ചവിട്ടി .അവരുടെ മൊബൈലുകളിൽ അവർ എന്നെ പകർത്തി. ഞാൻ സ്നേഹമാണ്. ഞാൻ വിശപ്പാണ്. ❤️……❤❤❤ By ഗിരീഷ് നമശിവായം സീനിയർ ക്ലാർക്ക് പുനലൂർ സബ് രജിസ്ട്രാർ ആഫീസ്❤❤❤
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

