മലയാള സിനിമയുടെ ആദ്യ ബ്രഹ്മാണ്ഡ ചിത്രമായ പടയോട്ടം ആയിരുന്നു ജിജോ പുന്നൂസ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഇന്ത്യന്‍ സിനിമയെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള ചലചിത്ര നിര്‍മ്മാണ കമ്പനി ആയിരുന്നു നവോദയ. സിനിമ പ്രേമികളെ അമ്പരപ്പിക്കുന്ന പരീക്ഷണങളിലൂടെ മാത്രം സഞ്ചരിക്കുക എന്നത് നവോദയയ്ക്ക് ഒരു ഹരമാണ്. മലയാളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവും ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ ത്രീഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും മലയാളത്തിലെ ആദ്യ സെവന്‍റി എം.എം ചിത്രമായ പടയോട്ടവും പിറന്നു വീണത് നവോദയയുടെ മുറ്റത്താണ്. ആലക്സാണ്ടര്‍ ദ്യൂമാസിന്‍റെ വിശ്വപ്രസിദ്ധ നോവലായ ‘ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയുടെ മലയാളം രൂപാന്തരമായിരുന്നു പടയോട്ടം. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ മലയാളത്തിലെ ആദ്യത്തെ ബ്രഹ്മാണ്ഡ ചിത്രം. മലയാള സിനിമയുടെ ഏറ്റവും വലിയ ബഡ്‌ജറ്റ് 15 ലക്ഷം ആയിരുന്ന സമയത്താണ് ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നവോദയ അപ്പച്ചൻ ഈ വലിയ ഉദ്യമത്തിനിറങ്ങിപുറപ്പെട്ടത്.
1982 സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്ത പടയോട്ടത്തിന് ഇപ്പോള്‍ 39 വയസ്സ് പൂര്‍ത്തിയാകുകയാണ്. ‘ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ എന്ന നോവലിനെ മുന്‍നിര്‍ത്തി ലോകത്ത് ഇതുവരെ 26 സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷില്‍ പത്തും ഫ്രഞ്ചു ഭാഷയില്‍ ആറ് ചിത്രങ്ങളും സ്പാനിഷില്‍ രണ്ടും ഇറ്റാലിയന്‍ ഭാഷയില്‍ മൂന്നും റഷ്യന്‍ ഭാഷയില്‍ ഒന്നും വീതമാണ് സിനിമകള്‍ വന്നിട്ടുള്ളത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഇന്ത്യന്‍ ഭാഷകളിലും ഈ നോവലിന്‍റെ ചലച്ചിത്രഭാഷ്യം വന്നിട്ടുണ്ട്. മലയാളം ഹിന്ദി തെലുങ്ക് ഭാഷകളിലായി ഓരോ ചിത്രങ്ങള്‍ വീതവും തമിഴില്‍ രണ്ട് ചിത്രങ്ങള്‍ വീതവും ആണ് വന്നിട്ടുള്ളത്. നോവലിന് ആധാരമായ ആദ്യ സിനിമ പുറത്തിറങ്ങുന്നത് 1912 ല്‍ ആണ്. നോവലിന്‍റെ അതേ പേരില്‍ തന്നെ ഇറക്കിയ അമേരിക്കന്‍ നിശബ്ദ ചലച്ചിത്രമായിരുന്നു ഇത്. 1954- ല്‍ തമിഴില്‍ പുറത്തിറങ്ങിയ ‘കാര്‍കോട്ടൈ’ ആണ് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. കിംബരാജ് സംവിധാനം നിര്‍വചിച്ച ഈ ചിത്രത്തില്‍ കെ.ശാരങ്കപാണി, കൃഷ്ണ കുമാരി, ബി.ആര്‍ പന്തുല് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മലയാളത്തിലേക്കു വരുമ്പോള്‍ ജിജോ പുന്നൂസ് എന്ന മികച്ച ക്രാഫ്റ്റ് മാന്‍റെ സവിധാനമികവ് തന്നെയാണ് ആദ്യം എടുത്തു പറയേണ്ടത്.നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചയപെടുത്തിയ ഫിലിം മേക്കർ എന്ന പേരിലാണ് ജിജോയെ മലയാള സിനിമാചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം എന്ന പ്രത്യേകതയിലാണ് പടയോട്ടം റിലീസായത്. മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിപ്പിള്‍ ട്രാക് സ്റ്റീരിയോഫോണിക് ശബ്ദ സവിധാനത്തോടെ ഇറങ്ങിയ ചിത്രവും ഇതായിരുന്നു. എന്നാല്‍ ഇത് ചിത്രീകരിച്ചിരിക്കുന്നത് 35എംഎം സിനിമാസ്കോപ്പ് ഫിലിമിലാണ്. കാരണം അന്ന് 70 എം.എം കാമറകള്‍ ലോകത്ത് തന്നെ പത്തില്‍ താഴെയേ ഉണ്ടായിരുന്നുള്ളൂ. 65എം.എം ആണ് നെഗറ്റീവ് വിഡ്ത്. മാഗ്നെറ്റിക് സൌണ്ട് ട്രാക് കൂടി ചേരുമ്പോള്‍ 70 എം.എം ഫിലിമില്ല്‍ 6 ട്രക്കുകള്‍ കൂടി വരും. ഫിലിമിന്‍റെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. മാത്രമല്ല പ്രോസ്സസിങ് സവിധാനം ലണ്ടനില്‍ മാത്രമാണുള്ളത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് 35.എം.എം സിനിമാസ്കോപ്പില്‍ ചിത്രീകരിച്ചു ബ്ലോ അപ്പ് ചെയ്ത് 70.എം.എം ഫോര്‍മാറ്റിലേയ്ക്ക് മാറ്റാമെന്ന് തീരുമാനിച്ചത്. തുടര്‍ന്നു മദ്രാസിലെ പ്രസാദിന്‍റെ പ്രോസ്സസിങ് ലാബില്‍ 70 എം.എം പ്രിന്‍റ് മെഷീനും റിക്കോര്‍ഡിങ് തീയേറ്ററും സ്ഥാപിച്ചു. എന്നാല്‍ ബ്ലോ അപ്പില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഗുണമേന്‍മയുള്ള ലെന്‍സും ഗ്രെയിന്‍സ് കുറഞ്ഞ ഫിലിമും ഉപയോഗിക്കണം. അതിനു വേണ്ട സ്ലോ സ്പീഡ് ഫിലിമും വേണം. കാമറയും ഫിലിമും ടെസ്റ്റ് ചെയ്ത് ബ്ലോ അപ്പ് പ്രിന്‍റ് വലിയ സ്ക്രീനില്‍ പ്രോജക്റ്റ് ചെയ്ത് നോക്കി ലെന്‍സുകള്‍ എല്ലാം ഷാര്‍പ്പ് ആണെന്ന് ഉറപ്പ് വരുത്തി. ഇന്റീരിയറും എക്സ്സ്റ്റീരിയറും ലോ ലൈറ്റും ഹൈ ലൈറ്റും ഫിലിമില്‍ എക്സ്പോസ് ചെയ്തു. നെഗറ്റീവ് നോക്കി അതിനനുസരിച്ച് ഡെപ്ത്ത് നിശ്ചയിച്ചു. മറ്റൊരു പ്രത്യേകത ഇന്ത്യയിൽ പ്രോസസ് ചെയ്യുന്ന ആദ്യത്തെ 70 MM സിനിമയായിരുന്നു പടയോട്ടം. അതുകൊണ്ടു തന്നെ മറ്റൊരു 70 MM സിനിമയ്ക്ക് ശബ്ദലേഖനം നൽകിയ പരിചിതനായ ഒരാൾ അന്ന് വേറെയില്ലായിരുന്നു. ഷോലെ എന്ന 70 എംഎം സിനിമയുടെ പ്രോസസ്സിങ്ങ് പൂർണ്ണമായും ലണ്ടനില്‍ ആയിരുന്നു. അണിയറപ്രവര്‍ത്തകരുടെ നീണ്ട അന്വേഷണത്തിനൊടുവില്‍ ഒരാളെ കണ്ടെത്തി. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സൗണ്ട് റിക്കോർഡിസ്റ്റ് ആയി പ്രവർത്തിക്കുന്ന ദേവദാസ്. ജർമ്മനിയിൽ നിന്ന് സൗണ്ട് എഞ്ചിനീയറിങ്ങ് പാസ്സായി വന്ന അതിസമർത്ഥനായ റിക്കോർഡിസ്റ്റ് ആയിരുന്നു അദ്ദേഹം. പടയോട്ടം റിലീസ് ചെയ്യുന്ന സമയത്ത് കേരളത്തില്‍ വളരെ കുറച്ച് തീയേറ്ററുകളിലെ 70 എം.എം പ്രൊജക്ഷന്‍ സവിധാനം ഉണ്ടായിരുന്നുള്ളൂ. പല തീയേറ്ററുകളിലും റിലീസിന് മുന്നേ നവോദയയുടെ തന്നെ നേതൃത്വത്തില്‍ 70 എം.എം സ്ക്രീന്‍ സ്ഥാപിക്കുകയായിരുന്നു.
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

