79) Congratulations ദേവജിത്ത്

ആരാണ് ഈ ദേവജിത്ത് എന്നാകും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകുക ? , മിറാക്കിൾ-ബഷീർ മൽസരത്തിന് ഞങ്ങൾക്ക് ലഭിച്ച ആദ്യ എൻട്രി ദേവജിത്തിന്റേതായിരുന്നു.അതിൽ എന്താണ് ഇത്രയ്ക്ക് വലിയ കാര്യം എന്ന് പറയാൻ വരട്ടെ. അതിന് മുമ്പായി ഒരു ചെറിയ കഥ പറയാം. ആ കഥയിലൂടെവലിയ ഒരു ലോക സത്യം പങ്കുവെയ്ക്കാം. മുന്നോട്ടുള്ള യാത്രയിൽ students നും parents നും അവശ്യം വേണ്ട ഒരു ഗുണപാഠം ആ കഥയിൽ അടങ്ങിയിരിക്കുന്നു

ഒരിക്കൽ ഒരു പൊട്ടക്കിണറ്റിൽ കുറെ തവളകൾ വസിച്ചിരുന്നു.അവർ അവിടെ തിന്നും കുടിച്ചും സ്വസ്ഥമായി കഴിഞ്ഞു വന്നു. കിണറിന് പുറത്തുള്ള വിശാലമായ ലോകത്തെ പറ്റി അവർക്ക് അറിയില്ലായിരുന്നു. അങ്ങനെ ഇരിക്കവേ വലിയ വരൾച്ച വന്നു. കിണർ വറ്റി വരളാൻ തുടങ്ങി. കുത്തനെ ഉള്ള കിണറിന്റെ ഭിത്തിയിലൂടെ കയറി രക്ഷപെടാൻ കുറച്ച് ചെറുപ്പക്കാരായ തവളകൾ തീരുമാനിച്ചു. അവർ കയറാൻ തുടങ്ങിയപ്പോൾ തന്നെ ഇതുവരെ ആരും ഈ ഭിത്തിയിലൂടെ കയറി മുകളിൽ എത്തിയ ചരിത്രം ഇല്ല എന്നും പറഞ്ഞ് മുതിർന്ന തവളകൾ തടസ്സപ്പെടുത്തി. ഇത് കേട്ട ചിലർ തുടക്കത്തിലേ പിൻമാറി.ചിലർ കാൽ വഴുതി താഴെ വീണു. പറ്റാത്ത പണിക്ക് നിക്കണ്ട എന്നും കാൽ വഴുതി അത്രയും ഉയരത്തിൽ നിന്നും താഴെ വീണാൽ പൊടി പോലും കിട്ടില്ല എന്നും മറ്റുമുള്ള negative vocabulary ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഒരു തവള ഒഴികെ മറ്റെല്ലാ തവളകളും പിൻമാറി. ഈ പിൻമാറിയ തവളകളും ഉച്ചത്തിൽ ബഹളം വെച്ച് ആ തവളയെ  താഴെ ഇറക്കാൻ ആവുന്നത് ശ്രമിച്ചുവെങ്കിലും അവൻ ലക്ഷ്യത്തിൽ എത്തി. കിണറ്റിന് പുറത്തെ വിശാലമായ ലോകം അവനെ സ്വാഗതം ചെയ്തു. ആ തവള ജന്മനാ ചെവി കേൾക്കാത്ത പൊട്ടനായിരുന്നു. മറ്റുള്ള തവളകൾ പറഞ്ഞ demotivating discouraging words ഒന്നും അവൻ കേട്ടില്ല. അവൻ കരുതിയത് അവർ എല്ലാവരും അവന്റെ വിജയത്തിനായി ആർത്ത് വിളിക്കുകയാണ് എന്നാണ്.

ഇന്നത്തെ കാലഘട്ടത്തിൽ ജീവിതത്തിൽ വിജയിക്കണമെങ്കിൽ നാമെല്ലാവരും  ഒരു പൊട്ടൻ തവള ആകേണ്ടതായുണ്ട്. എന്തുകൊണ്ടാണ് എന്നറിയില്ല , നമ്മുടെ സമൂഹത്തിന് അഭിനന്ദിക്കുവാൻ പിശുക്കാണ്. എന്നാൽ എന്തെങ്കിലും ഒരു വീഴ്ച നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായാൽ അത് ചൂണ്ടിക്കാട്ടി സമൂഹം നമ്മുടെ മനോവീര്യം കെടുത്തിക്കളയും. പരാജയപ്പെട്ടുപോകുമോ എന്നോർത്തല്ല ഭൂരിപക്ഷത്തിനും നമ്മളെ ചൊല്ലി ഉള്ള കരുതൽ. എങ്ങാനും ഞാൻ സപ്പോർട്ട് ചെയ്താൽ ലൈക്കോ കമന്റോ ഷെയറോ ചെയ്താൽ  ഇവൻ നന്നായി പോകുമോ എന്ന ചിന്തയാണ് പലർക്കും ഉള്ളത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ( ഒരു ന്യനപക്ഷം മികച്ച പിന്തുണ നൽകുന്നത് നന്ദിയോടെ സ്മരിക്കുന്നു )

നമ്മുടെ കുഞ്ഞുങ്ങളെ അഭിനന്ദിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കി കളയരുത്. നമ്മുടെ കുഞ്ഞുങ്ങളുടെ നേട്ടങ്ങൾ അത് എത്ര ചെറുതായാലും ആഘോഷിക്കണം. സോഷ്യൽ മീഡിയയിൽ അതിനെ പറ്റി എഴുതണം. അല്ലാതെ കണ്ണേറ് തട്ടുമോ എന്ന് കരുതി അവൻ പഠിക്കാൻ ഉഴപ്പനാണ് എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് പറയരുത്.യഥാർത്ഥത്തിൽ കൂടോത്രം , കണ്ണേറ് തട്ടൽ ഇതൊന്നും ഇല്ല. ( അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്നതിന് പകരം കൂടോത്രം പ്രയോഗിച്ചാൽ മതിയല്ലോ )

കുട്ടികൾ സിലബസിന് പുറത്തു നിന്നും വായിക്കണം എന്ന താൽപര്യത്തിലാണ് ഒരാൾക്ക് എത്ര എൻട്രി വേണമെങ്കിലും അയയ്ക്കാം എന്ന കാഴ്ചപ്പാടോടെ ബഷീർ സ്മാരക രചനാ മൽസരം സംഘടിപ്പിച്ചത്. രണ്ടര ലക്ഷം ഫോളോവേർസുള്ള ആഗസ്റ്റ് സിനിമാസിന്റെ പേജിലൂടെ ലോഞ്ച് ചെയ്തു. കുട്ടികൾക്ക് വേണ്ടിയുള്ള educational Youtube Channel 4 ലക്ഷത്തോളം subscription ഉള്ള info mirror ൽ വാർത്ത വന്നു. പ്രമുഖ പത്രങ്ങളിലും എഫ് എം റേഡിയോകളിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും വാർത്ത വന്നു. ഞങ്ങൾക്ക് കുറെ ഏറെ എൻട്രികൾ ഇതിനോടകം കിട്ടി. ഒരുപാട് അന്വേഷണങ്ങളും ഫോണിലൂടെ എന്നെ തേടി വന്നു. 7 മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനായതിനാവാം പലരും പിന്നീടാകട്ടെ എന്ന് കരുതുന്നത്

ഞങ്ങൾക്ക് ആദ്യമായി ലഭിച്ച എൻട്രി കൊല്ലം എസ് എൻ ട്രസ്റ്റ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ദേവജിത്തിന്റേതായിരുന്നു. പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ആസ്വാദനക്കുറിപ്പാണ് ദേവജിത്ത് എഴുതി അയച്ചത്. ഞാൻ ദേവജിത്തിനെ നേരിൽ വിളിച്ച് അനുമോദിച്ചത് കൂടാതെ ഫോട്ടോ വെച്ച് ഒരു appreciation certificate അയച്ചുകൊടുത്തിട്ട് സോഷ്യൽ മീഡിയയിൽ ഇടാനും നിർദ്ദേശിച്ചു. അവിടം കൊണ്ടും നിർത്തിയില്ല , അവനെ പഠിപ്പിക്കുന്ന ഷാജി സാറിനെ വിളിച്ച് ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി അവനെ അനുമോദിക്കുവാൻ പറഞ്ഞേൽപിക്കുകയും ചെയ്തു. ഷാജി സാറിനെ ഞാൻ ജീവിതത്തിൽ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് ന്റെ ( SPC ) ചുമതല കൂടി ഉള്ളതിനാൽ സാർ എല്ലാ കുട്ടികളുമായും സവിശേഷമായ ഒരു ബന്ധം കാത്തു സൂക്ഷിക്കുന്നതായി ഞാൻ മനസിലാക്കി.

 ഞാൻ ഇന്ന് ഈ ബ്ലോഗ് എഴുതാൻ കാരണം ഇന്ന് വന്ന കത്തുകളുടെ കൂട്ടത്തിൽ ദേവജിത്തിന്റെതായി നാല് കത്തുകൾ കൂടി ഉണ്ടായിരുന്നു ( മൽസരത്തിന്റെ നിബന്ധന അനുസരിച്ച് multiple entries അയയ്ക്കാൻ സാധിക്കും. ഏറ്റവും കൂടുതൽ   entries അയക്കുന്ന കുട്ടിക്ക്  Smart watch  സമ്മാനം ഏർപ്പെടുത്തിയത് കുട്ടികൾ ബഷീർ കൃതികൾ കുട്ടികൾ  വ്യാപകമായി വായിക്കുന്നതിന് വേണ്ടിയാണ് )

ബഷീറിന്റെ മറ്റ് രണ്ട് കൃതികളുടെ ആസ്വാദനക്കുറിപ്പും ദേവജിത്ത് വരച്ച ബഷീറിന്റെ രണ്ട് ചിത്രങ്ങളും ആയിരുന്നു ആ കത്തുകളുടെ ഉള്ളടക്കം. ഇതുവരെ വന്ന ആസ്വാദനക്കുറിപ്പ് എല്ലാം പാത്തുമ്മയുടെ ആട് ആയിരുന്നു. ദേവജിത്ത് വേറെ രണ്ട് കൃതികൾ വായിച്ച് കുറിപ്പെഴുതി. കൂടാതെ ദേവജിത്ത് വരച്ച ബഷീർ ചിത്രങ്ങളും നന്നായിരുന്നു. ഞാൻ പറഞ്ഞു വന്നത് മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യരുത്. ഓരോരുത്തർക്കും ഓരോ കഴിവുകളാണ് പ്രപഞ്ചം നൽകിയിട്ടുള്ളത്. ശരിയായ സമയത്ത്  ഒരൽപം മോട്ടിവേഷൻ, അനുമോദനം നൽകിയാൽ നമ്മുടെ കുട്ടികൾ ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല.

അഭിനന്ദനം ബൂമറാങ് പോലെ ആണ് എന്ന് പറയാം.അത് കൊടുക്കുന്നവർക്ക് അതേ പോലെ തന്നെ തിരിച്ചുകിട്ടും. ബൈബിളിൽ പറഞ്ഞിട്ടുണ്ട് നീ അളക്കുന്ന നാഴി കൊണ്ട് തന്നെ നിനക്കും അളന്ന് കിട്ടും.

നോട്ട് – ആദ്യമായി വന്ന കത്തുകൾ എന്ന നിലയ്ക്ക് മാത്രമാണ് ദേവജിത്ത് എന്ന ഒരു മൽസരാർത്ഥിയെ കുറിച്ച് ഈ ബ്ലോഗ് എഴുതാൻ ഇടയായത്. ഈ കുറിപ്പ് അന്തിമമായ മൽസര ഫലത്തെ ഒരു തരത്തിലും സ്വാധീനിക്കില്ല എന്ന ഉറപ്പ് മറ്റ് മൽസരാർത്ഥികൾക്ക് നൽകുന്നു. നമ്മുടെ മുന്നിൽ ഇനി ധാരാളം ദിവസങ്ങൾ ഉണ്ട്. ക്രിസ്മസ് വെക്കേഷനിലും സമ്മർ വെക്കേഷനിലും ഒക്കെ വായിക്കണം. സ്കൂക്കൂൾ ലൈബ്രറി കൂടാതെ പ്രാദേശികമായ ലൈബ്രറികളെയും ആശ്രയിക്കണം. ഈ മൽസരത്തിന്റെ പ്രത്യേകത നിങ്ങൾ നിങ്ങളോട് തന്നെയാണ് മൽസരിക്കുന്നത് എന്നതാണ്. ആരെയും തോൽപിക്കാൻ വേണ്ടി അല്ല. അതുകൊണ്ടു തന്നെ കൂട്ടുകാരെ കൂടി ഇതിൽ പങ്കാളിയാക്കുക. 

മെയ് 31 , 2025 വരെ ലഭിക്കുന്ന രചനകൾ സ്വീകരിക്കും. വായനാദിനമായ  ജൂൺ 19 ന് www.gforgenius.in  എന്ന വെബ് സൈറ്റുമായി ബന്ധപ്പെട്ട യൂടൂബ് ചാനലിലൂടെ വിജയികളെ പ്രഖ്യാപിക്കും. ആഗസ്റ്റ് മാസത്തിൽ സുവനീറും പ്രസിദ്ധീകരിക്കുന്നതാണ്. നന്ദി.

 

                                                                          സ്നേഹപൂർവ്വം

                                                                         ഗിരീഷ് നമശിവായം

                                                                         Your soul Mate

                                                                       www.gforgenius.in

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts