പുതിയ സെൻസർ നിയമം 13+, 16+ , 18+ ഇങ്ങനെ വ്യത്യസ്ത കാറ്റഗറി നിശ്ചയിച്ചത് നല്ല കാര്യമാണ് ….എന്നാൽ കുട്ടികൾക്ക് ഏത് ടിക്കറ്റും കിട്ടുന്നു എന്നതാണ് വാസ്തവം. സിനിമ ഒറ്റിറ്റിയിലേക്ക് കൂടി എത്തിയതോടെ പ്രേക്ഷകരെ പ്രായം കൊണ്ട് വേർതിരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായി.
തിയേറ്ററുകളിൽ ഏത് പ്രായത്തിലുള്ളവർ എത്തുന്നുവെന്നറിയാൻ സംവിധാനമില്ല. A, U/A സർട്ടിഫിക്കറ്റ് സിനിമ കാണാൻ കുട്ടികൾ ധാരാളമായി എത്തുന്നുണ്ട്. Strictly Adults only സിനിമകൾ കാണാൻ ഫാമിലിയായി എത്തിയവർ ധാരാളമാണ്.. ഒരു കാര്യം സിനിമാക്കാരുടെ ഓർമ്മകളിൽ ഉണ്ടായിരിക്കണം. ഫാമിലി കയറിയാൽ മാത്രമേ സിനിമ വിജയമാകുകയുള്ളൂ. പ്രത്യേകിച്ച് ഇപ്പോൾ ഹിറ്റടിച്ച സിനിമകൾക്ക് പോലും ഒറ്റിറ്റി സാറ്റലൈറ്റ് വിൽപന ദയനീയമാകുന്ന സാഹചര്യത്തിൽ. തിയറ്ററിൽ നിന്നും തന്നെ ബജറ്റ് റിക്കവർ ചെയ്യേണ്ട സാഹചര്യം വന്നത് നന്നായി എന്ന അഭിപ്രായമാണ് എനിക്ക് . ജനം വിധിയെഴുതട്ടെ… ജനത്തെ ഫേസ് ചെയ്യാൻ കഴിയാത്തവരും ഗിമ്മിക്കുകൾ കാട്ടി പറ്റിച്ചുകൊണ്ടിരിക്കുന്നവരും ജാഗ്രത….പലരുടെയും ചെമ്പ് തെളിഞ്ഞു കഴിഞ്ഞു. പണ്ട് വൻ ഹിറ്റ് സിനിമകൾ സമ്മാനിച്ചിരുന്ന ഇരട്ട തിരക്കഥാകൃത്തുക്കളുടെ സൂപ്പർ മെഗാ താരങ്ങൾ അഭിനയിച്ച സിനിമകളെയും ജനം വലിച്ചു കീറി ഒട്ടിച്ചു. ഇത്തരം അവരാതം പിടിച്ച കൂതറ സിനിമകളുടെ പ്രളയം കാരണം ഫാമിലി തിയറ്ററിന്റെ പരിയമ്പുറത്തുപോലും വരുന്നില്ല..
മനുഷ്യൻ കുരങ്ങിൽ നിന്നും പരിണാമം സംഭവിച്ചാണ് ഉണ്ടായത് എന്നത് പൂർണമായും ശരിയല്ലെന്നാണ് എന്റെ പക്ഷം. ബാഹ്യരൂപത്തിൽ മാത്രമേ പരിണാമം സംഭവിച്ചിട്ടുള്ളൂ. ഉള്ളിന്റെയുള്ളിൽ അനുകരണ വാസനയുള്ള ഒരു കുട്ടിക്കുരങ്ങൻ എല്ലാവരിലും ഉണ്ട്. കുട്ടികളിൽ ഈ കുരങ്ങൻ കുറച്ചുകൂടി ആക്ടീവാണ് എന്ന് പറയാം. ഏറെ പ്രചാരത്തിലുള്ള ഒരു കാർട്ടൂൺ കഥാപാത്രത്തെ അനുകരിച്ച് ഒന്നാംക്ലാസുകാരനായ മകൻ സഹപാഠിയുടെ മൂക്കിന് മുഷ്ടി ചുരുട്ടി ഇടിച്ചതിനെ പറ്റിയാണ് ഒരു രക്ഷിതാവിന് പറയുവാനുള്ളത്.ചോദിച്ചപ്പോൾ കുട്ടി പറഞ്ഞത് ഞാൻ “ഷിൻജാൻ” ആയിമാറി എന്നാണ്. മുതിർന്നവർക്കായി നിർമ്മിച്ച ഈ ജാപ്പനീസ് ആനിമേഷൻ കാർട്ടൂണിനെതിരേ നിയമപരമായ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഇന്നും കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുണ്ട്.
കൊറിയൻ- ജാപ്പനീസ് സീരീസുകളിലെയും സമീപകാല മലയാള സിനിമകളിലെയും രക്തം ചിന്തുന്ന രംഗങ്ങൾ പ്രത്യേക ആവേശമാണ് കുട്ടികളിലുണ്ടാക്കുന്നത്. ഇത്തരം സീരീസുകൾ പതിവായി കാണുന്നത് രക്തം കാണുന്നതിനോടോ അത്തരം ദൃശ്യങ്ങളോടോ പേടിയില്ലാതെയാക്കുന്നു. തല അറക്കുന്നതും ശരീരത്തിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നതുമോല്ലാം സിനിമാറ്റിക് വയലൻസിനോടുള്ള അടുപ്പം കൂട്ടുകയാണ്. നേരിട്ട് ഇത്തരം കാര്യങ്ങൾ ചെയ്താലും കണ്ടാലും കുട്ടികൾക്ക് ഭയം തോന്നുന്നില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. താമരശേരിയിൽ വിദ്യാർത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടികളുടെ ഇൻസ്റ്റ ഗ്രൂപ്പ് ചാറ്റിന്റെ വാൾ പേപ്പർ കൊറിയൻ വെബ് സീരീസായ Squid Game ലെ ഡോളാണ്. മരണക്കളിയെന്ന് വിളിക്കപ്പെടുന്ന ഈ സീരീസിന് കുട്ടികൾക്കിടയിൽ എത്രമാത്രം സ്വാധീനം ഉണ്ട് എന്നതിന് മറ്റു തെളിവുകൾ തേടിപ്പോകേണ്ടതില്ല. ജാപ്പനീസ് വയലൻസ് കോമിക്കുകളാണ് Squid Game ന് പ്രചോദനമായത് എന്ന് അതിന്റെ സംവിധായകൻ വാങ് ഡോങ് യുക് തന്നെ പറഞ്ഞിട്ടുണ്ട്. സാങ്കൽപ്പിക ടൂർണമെന്റിൽ മൽസരാർത്ഥികളെ ചതിച്ചും കള്ളം പറഞ്ഞും പണം തട്ടാൻ പ്രോൽസാഹിപ്പിക്കുന്ന ലയർ ഗെയിം എന്ന കോമിക്കാണ് അതിലൊന്ന്…
വിവരിക്കാൻ പോലും ആകാത്ത അക്രമ ദൃശ്യങ്ങൾ നിറഞ്ഞ 18+ സർട്ടിഫിക്കറ്റുളള സിനിമ ഫാമിലിയായി വന്ന് കണ്ടവർ നിരവധി. ഒരിക്കൽ കാണിച്ചതിനെ എരിവും മൂർച്ചയും കൂട്ടി കാണിച്ചാലേ ഹിറ്റാകൂ എന്ന അപകടകരമായ അവസ്ഥ .കഥാഗതിയിൽ അത്തരം വയലൻസ് അനിവാര്യമാണോ എന്നത് പോലും കണക്കിലെടുക്കുന്നില്ല. ഇപ്പോഴുള്ളതിൽ കൂടുതൽ അക്രമങ്ങളെ അഭിമുഖീകരിക്കാനും അതിനായി സമൂഹത്തെ പാകപ്പെടുത്താനും ഇത്തരം വികലമായ ചിത്രീകരണത്തിലൂടെ സാധിക്കും. അത്തരം സിനിമകൾ എല്ലാവരെയും സാഡിസ്റ്റാക്കി മാറ്റുന്നു. മറ്റുള്ളവരെ പീഡിപ്പിച്ച് രസം കണ്ടെത്തുന്നവർ…എന്നാൽ എമ്പുരാൻപോലെ കഥ ആവശ്യപ്പെടുന്ന വയലൻസ് മാത്രം ഉൾപ്പെടുത്തിയ സിനിമയ്ക്കു നേരേ കടുത്ത പ്രതിഷേധം ഉയർത്തുകയും കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്യത്തിൽ കൈകടത്തിക്കൊണ്ട് എമ്പുരാൻ സിനിമയെ കത്രിക വെച്ച് വികലമാക്കുകയും ചെയ്തു..
പ്രപഞ്ചത്തിൽ അനന്ത കോടി വർഷമായി നമ്മൾ ഉണ്ട്. പല പല രൂപങ്ങളിൽ എനർജിയുടെ രൂപത്തിൽ നിലനിൽക്കുന്നു. എനർജിയെ നശിപ്പിക്കാനോ സൃഷ്ടിക്കാനോ സാധ്യമല്ല. ( ആൽബർട്ട് ഐൻസ്റ്റീന്റെ Law of Conservation of Energy E=mc^2 ) . നമ്മുടെയൊക്കെ ജീനുകളിൽ വലിയ മാറ്റം വരാത്തതു കൊണ്ടു തന്നെ ബേസിക് ആയ ഇഷ്ടങ്ങൾ മാറില്ല. . പഴയ പാട്ട് പുതിയ ട്യൂണിട്ട് വരുന്നതും പഴയ സിനിമ റീ റിലീസ് ചെയ്യുന്നതും റീമേക്ക് ചെയ്യുന്നതും ഒക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടാനുള്ള കാരണവും ഇതു തന്നെയാണ്. എന്നാൽ ഇന്ന് സിനിമാ പ്രവർത്തകർ ഈ പ്രേക്ഷകരെ മനസിലാക്കാതെ പുതിയ പുതിയ ബെഞ്ച് മാർക്കുകൾ സൃഷ്ടിക്കുകയാണ്. എല്ലാ മേഖലയിലും . പ്രേക്ഷകർക്ക് വയലന്റ് സിനിമ ആണ് വേണ്ടത് എന്ന് അവർ അങ്ങു തീരുമാനിക്കുന്നു. അതിനനുസരിച്ച് പരസ്യം ചെയ്യുന്നു. അടുത്ത സിനിമയിൽ വയലൻസിന്റെ ഡോസ് കൂട്ടുന്നു. പുഷ്പ 2 എന്ന മൂവി ഏകദേശം പൂർത്തിയാകാറായപ്പോഴാണ് KGF-2 ഇറങ്ങുന്നത്. KGF 2 വയലൻസിന്റെ കാര്യത്തിൽ സൃഷ്ടിച്ച പുതിയ ബെഞ്ച് മാർക്കിന് ഒപ്പം എത്താൻ വേണ്ടി പുഷ്പ 2 റീഷൂട്ട് ചെയ്യേണ്ടി വന്നു. ഭൂരിപക്ഷം വരുന്ന ജനസമൂഹം വിനോദത്തിന് വേണ്ടി ആശ്രയിക്കുന്ന മാധ്യമം എന്ന നിലയിൽ ഈ പ്രവണത സമൂഹത്തിന് അപകടകരമാണ്.
കുട്ടികൾ “മംഗലശേരി നീലകണ്ഠനെ പോലെ “ ആണ് എന്ന് ഞാൻ എന്റെ ട്രെയിനിങ് ക്ലാസുകളിൽ തമാശയായി പറയാറുണ്ട് . “ മംഗലശ്ശേരി നീലകണ്ഠൻ കാണണ്ട എന്ന് പറയുന്നതേ കാണൂ , കേൾക്കേണ്ട എന്ന് പറയുന്നതേ കേൾക്കൂ. അതാ പ്രകൃതം. എന്താ ചെയ്ക , വാര്യരേ …..” കുട്ടികളോട് വയലന്റ് സിനിമ കാണരുത് എന്ന് പറഞ്ഞാൽ ഇന്നത്തെ കാലത്ത് നടപ്പുള്ള കാര്യമല്ല. എന്താണ് ഇതിന് പരിഹാരം ? സെൻസർ ബോർഡിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ചലച്ചിത്ര പ്രവർത്തകർ സ്വയം ഒരു സെൻസറിങ് നടത്തണം. തങ്ങളുടെ സിനിമയിൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന യാതൊന്നും ഇല്ല എന്നത് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഫാമിലി പ്രേക്ഷകർ എന്നെന്നേക്കുമായി സിനിമയിൽ നിന്നും അകലും. ഫാമിലി കയറുമ്പോഴാണ് സിനിമകൾ സാധാരണ വിജയത്തിൽ നിന്നും ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നത്. അപ്പോൾ പ്രിയ ചലച്ചിത്രപ്രവർത്തകരേ തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾക്ക് സാധാരണ വിജയം മതിയോ അതോ ത്രസിപ്പിക്കുന്ന വിജയം വേണമോ …..
നല്ല സിനിമ കണ്ട് ആരും നന്നാകാറില്ലല്ലോ , അതുകൊണ്ടു തന്നെ മോശം സിനിമ അതായത് വയലൻസ് നിറഞ്ഞ സിനിമയും ആളുകളെ സ്വാധീനിക്കില്ല—ഇതാണ് പൊതുവിൽ ഇത്തരം സിനിമകളുടെ ഭാഗമാകുന്നവരുടെ ന്യായ വാദം. ഇതിൽ എത്രത്തോളം കഴമ്പ് ഉണ്ടെന്ന് പരിശോധിക്കാം. ഒരു വെളുത്ത കടലാസിൽ ഒരു കറുത്ത പൊട്ട് കാണിച്ചാൽ ആ വിശാലമായ തൂവെള്ള നിറത്തിലേക്ക് ശ്രദ്ധ പോകുന്നതിന് പകരം ആ കറുപ്പ് ആണ് ആദ്യം മനസിലേക്ക് വരുക. അതായത് നോർമലീ നെഗറ്റീവ് ആയ കാര്യങ്ങൾ ആണ് 90 ശതമാനം പേരിലേക്കും ആദ്യം എത്തുക. ഇതിന് നമ്മുടെ ടെലിവിഷനും പത്രങ്ങളും സിനിമയും എല്ലാം കാരണമാണ്. നൂറ് വണ്ടി നേരേ പോയാലും വൺവേ തെറ്റിച്ച് വരുന്ന വണ്ടിയല്ലേ നമ്മുടെ ശ്രദ്ധയിൽ വരുന്നത്. അതുപോലെ. കാലാകാലങ്ങളിൽ വിനോദത്തിന് വേണ്ടി ജനങ്ങൾ ആശ്രയിക്കുന്ന മാധ്യമങ്ങളിൽ ഇപ്പോഴും സജീവമായി നിൽക്കുന്നത് സിനിമയാണ് എന്ന് പറയാം. യുവാക്കളിൽ വലിയ സ്വാധീനമാണ് സിനിമ ഉണ്ടാക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മീഡിയ റിലേറ്റഡ് കോഴുസുകളിലേക്കും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമുള്ള പഠിതാക്കളുടെ പ്രവാഹം. തീർച്ചയായും ഒരു നല്ല സിനിമ നല്ല ഫലം സൃഷ്ടിക്കുന്നതിനേക്കാൾ നൂറ് മടങ്ങ് ദോഷം ചെയ്യാൻ ഒരു മോശം സിനിമയ്ക്ക് കഴിയും.
ഒരു ഫീൽ ഗുഡ് പടം കണ്ട് ചിരിച്ച് റിലാക്സാഡായി കൂൾ ആയി തിയറ്ററിൽ നിന്ന് ഇറങ്ങി വരുന്നതും കാതടപ്പിക്കുന്ന ബിജിഎം ഇട്ട വയലന്റ് മൂവി കണ്ട് ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. പണ്ട് കാലത്തും സിനിമകളിൽ വയലൻസ് ഉണ്ടായിരുന്നു. അത് ബിംബങ്ങളിലൂടയും പ്രതീകങ്ങളിലൂടെയും കാണിച്ചിരുന്നു. ഉദാഹരമായി ഭരതന്റെ താഴ് വാരം. വന്യമായ പ്രതികാരകഥ പറഞ്ഞ സിനിമയിൽ പല ഫ്രെയിമിലും കഴുകൻമാരെ കാണാം. അത് ഒരു പ്രതീകമാണ്. സിനിമക്ക് അങ്ങിനെ ചില സൌകര്യങ്ങൾ ഉണ്ട് ( ചെമ്മീൻ സിനിമയിൽ പളനിയും കറുത്തമ്മയും തമ്മിലുള്ള വിവാഹം ഇല്ല. പകരം വിവാഹ സദ്യ കഴിഞ്ഞ ശേഷം വലിച്ചെറിഞ്ഞ ഇലകളുടെ വിഷ്വലാണ് ഉള്ളത് . ചിലവ് കുറയ്ക്കാനായി ചെയ്തതോ അതോ എഡിറ്റിങിൽ ഒഴിവാക്കിയതോ അറിയില്ല )
അതുപോലെ പണ്ട് നായകൻ കുറ്റം ചെയ്താൽ ശിക്ഷ ലഭിക്കുന്നതായി കാണിച്ചിരുന്നു. പിതൃസ്നേഹത്താൽ കൊലക്കത്തി എടുക്കാൻ നിർബന്ധിതനായ സേതുമാധവന് തന്റെ കിരീടവും ചെങ്കോലും ഒടുവിൽ ജീവൻ തന്നെയും നഷ്ടപ്പെട്ടു. സദയത്തിലെ സത്യനാഥന് കൊലപാതകകേസിൽ തൂക്കുകയർ ലഭിച്ചു. ഭൂതക്കണ്ണാടി എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന വിദ്യാധരനും ജയിൽ ശിക്ഷ ലഭിച്ചു. ഈ പുഴയും കടന്ന് എന്ന സിനിമയിൽ അബദ്ധത്തിൽ കൊലപാതകിയാകേണ്ടി വരുന്ന നായകൻ ജയിൽ മോചിതനാകുന്നതും കാത്തിരിക്കുന്ന നായികയെ കാണാം. അഭിമന്യുവിൽ അധോലോക നായകനായ മോഹൻലാലിന്റെ കഥാപാത്രം ഹരി വെടിയേറ്റ് മരിക്കുകയാണ്.Crime Never Pays എന്ന Tag ലൈനോടു കൂടി വന്ന സിനിമ നെഗറ്റീവ് ക്ലൈമാക്സ് ആയിട്ടും സ്വീകരിക്കപ്പെട്ടു. പുതിയ സിനിമകൾ എടുത്താൽ നായകൻ പൂവ് ഇറുക്കുന്നതുപോലെ കൊന്നു തള്ളുന്നു. നിയമവശങ്ങൾ ഒന്നും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല
ഇന്നത്തെ നമ്മുടെ കുട്ടികളുടെ പോക്ക് എങ്ങോട്ടാണ്. ചോട്ടാ ബീമിനെയും ഡോറാ ബുജിയെയും കണ്ട് വളരുന്ന ശൈശവവും squid Game ഉം കമ്പ്യൂട്ടർ ഗെയിമുകളും കണ്ട് വളരുന്ന ബാല്യവും Blue Whale ഗെയിം കണ്ട് അർമാദിക്കുന്ന കൌമാരവും……. അതെ കാലം മാറിയിരിക്കുന്നു. അടുത്ത കാലത്ത് സംഭവിച്ച കേസുകൾ നോക്കുക. വെഞ്ഞാറമ്മൂട് കൂട്ടക്കൊല – അഫാൻ എന്ന യുവാവ് തന്റെ കുഞ്ഞനുജനെ അടക്കം കൊന്നുതള്ളി. മയക്കുമരുന്ന് ഉപയോഗം മാത്രമാകില്ല ഈ അരുംകൊലകൾ ചെയ്യാൻ അയാളെ പ്രേരിപ്പിച്ചത്. അയാളുടെ പ്രവൃത്തിയിൽ സിനിമയുടെ സ്വാധീനവും പ്രകടമാണ്. അതുപോലെ താമരശേരി ഷഹബാസ് വധം. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇവിടെ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അടുത്ത കാലത്ത് റിലീസ് ചെയ്യപ്പെട്ട “ മുറ “ എന്ന സിനിമ പോലെ കൌമാരക്കാരുടെ വയലൻസ് പ്രമേയമാകുന്ന സിനിമകൾ ഈ കേസിൽ പ്രതികളെ സ്വാധീനിച്ചിരിക്കാൻ തന്നെയാണ് സാധ്യത. നമ്മുടെ കുട്ടികളുടെ ബാല്യകൌമാരങ്ങൾ ഇങ്ങനെയാണെങ്കിൽ അവർ യൌവ്വനത്തിൽ എത്തുമ്പോൾ കൊടും ക്രിമിനലുകളായി മാറില്ലേ ?. ഇനിയുമുള്ളൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?
ഞാനും മാസ് സിനിമകൾ ആസ്വദിക്കുന്ന ആളാണ്. ബിഗ് ബിയും ആറാം തമ്പുരാനും നരസിംഹവും സിബിഐ സീരീസും ഒക്കെ എന്നെ തൃപ്തിപ്പെടുത്തിയ മാസ് സിനിമകളാണ്.ആറാംതമ്പുരാനിലെ ജഗന് മാസ് കാണിക്കാൻ വെറും ശംഭോ മഹാദേവ എന്ന ഒറ്റ ഡയലോഗ് മതി. കൈ പിന്നിൽ കെട്ടി ആ iconic BGM ന്റെ അകമ്പടിയോടുകൂടി സേതുരാമയ്യർ നടക്കുന്നത് പോലും മാസാണ്.…
എന്നാൽ അഭിപ്രായ സ്വാതന്ത്യവും ജനാധിപത്യവുമുള്ള നാട്ടിൽ സെൻസർ ബോർഡിന് പരിമിതി ഉണ്ട്. ഫിലിം റിവ്യൂസും തടയുക അസാധ്യമാണ്.
“സമൂഹത്തിന്റെ ഒരു പരിഛേദമാണ് സിനിമ അതുകൊണ്ട് സമൂഹത്തിൽകാണുന്നത് സിനിമയിലും പ്രതിഫലിക്കും” – അടുത്ത ന്യായം . ശരിക്കും സമൂഹത്തിൽ എങ്ങനെ ഈ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ. ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം തന്നെയാണ് പ്രധാന കാരണം.. ചില സിനിമകൾ Negative Example ആണ്.. ഇതൊക്കെ സാധാരണമാണ് എന്ന് സാമാന്യവൽക്കരിക്കും
ബഹുജന മാധ്യമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദമായുള്ളതും സിനിമയാണ്… സിനിമ ഒരു ചുറ്റിക പോലെ ആണ് എന്ന് പറയാം.. നിങ്ങളുടെ തള്ളവിരലിൽ ആരെങ്കിലും ചുറ്റികയ്ക്ക് അടിക്കുകയാണെങ്കിൽ നിങ്ങൾ ഒരിക്കലും ചുറ്റികയെ അല്ല അത് കൈയ്യിലേന്തിയ വ്യക്തിയെ ആയിരിക്കും കുറ്റപ്പെടുത്തുക. ശരിയല്ലേ…. ചിലർ നല്ല സിനിമ എടുക്കുന്നു… ചിലർ മോശം സിനിമയും… ചുറ്റിക കൈയ്യിലേന്തിയ വ്യക്തിയെ ആണ് ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ടത്… തിരശ്ശീലയിലെ കുറ്റകൃത്യങ്ങളുടെ നാടകീയമായ അവതരണം പണ്ട് മുതലേ ഉണ്ട്. പണ്ട് അത് കഥയുടെ ഭാഗമായിരുന്നു. ഇന്ന് വയലൻസിന് വേണ്ടി വയലൻസും സ്റ്റണ്ടിന് വേണ്ടി സ്റ്റണ്ടും സെക്സിന് വേണ്ടി സെക്സും തിരുകി കയറ്റുന്നതായി തോന്നിയിട്ടുണ്ട്….
കുറ്റകൃത്യങ്ങൾ നായകൻ ചെയ്യുന്നതിലൂടെ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശം വ്യക്തമാണല്ലോ… അത് സൃഷ്ടിക്കുന്ന സാമൂഹികമായ അരാജകത്വവും പെരുകുന്ന കുറ്റകൃത്യങ്ങളും നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല…. കുറ്റകൃത്യം സിനിമയിൽ പ്രമേയമായി വരുമ്പോൾ അതിന് എതിരായ മെസേജ് നൽകിയാൽ കുഴപ്പമില്ല. എന്നാൽ ഇവിടെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയാണ്….
തിരശ്ശീലയിൽ അവതരിപ്പിക്കപ്പെടുന്ന കുറ്റകൃത്യ ദൃശ്യങ്ങൾക്ക് പ്രേക്ഷകർക്കിടയിൽ സ്പഷ്ടമായ സ്വാധീനമാണ് ഉള്ളത്.ഇപ്പോൾ ടി വി ചാനലുകളിലെ സീരിയലുകളിലും കുറ്റകൃത്യം വിശദീകരിച്ച് കാണിച്ചു തുടങ്ങിയിരിക്കുന്നു…അവയ്ക്കൊക്കെയും കിട്ടുന്ന സ്വീകാര്യത ഒരു ദുരന്തത്തിന്റെ വഴിയിലൂടെയാണ് നാം സഞ്ചരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.. കുറ്റകൃത്യം ഒരിക്കലും മഹത്വവൽകരിക്കാൻ പാടില്ല.. സിനിമകളും സീരിയലുകളും ആ വസ്തുതയ്ക്ക് ഊന്നൽ കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അടുത്ത കാലത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ ഇപ്പോഴത്തെ മെഗാ സീരിയലുകളുടെ വഴി പിഴച്ച പോക്കിനെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തോട് ഞാൻ 100 ശതമാനം യോജിക്കുന്നു. 1990 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ലാംബോ എന്ന ടെലിഫിലിമിലൂടെ അഭിനയരംഗത്തേക്ക് വരുകയും അതിലൂടെ ആ വർഷത്തെ മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിക്കുകയും ചെയ്ത അദ്ദേഹത്തിന് സീരിയലിന്റെ വഴി പിഴച്ച പോക്കിനെ കുറിച്ച് ആധികാരികമായി തന്നെ വിമർശിക്കുവാൻ അവകാശമുണ്ട് . എന്നാൽ ഈ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ അപഹസിക്കാൻ ഒരു വിഭാഗം ആളുകൾ തുനിഞ്ഞു എന്നത് ദുഖകരമാണ്.
സിനിമ വിനോദോപാധി ആയി കണ്ട ജനം അകന്നുപോയി. റിലീസ് ദിനത്തിൽ പോലും പഴയ തിരക്ക് ഇല്ല. എന്നാൽ ഇപ്പോഴും സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് എന്ന് കാണാം. അത് സേതുരാമയ്യർ സിബിഐ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ മനസിലാകും.. കുറച്ച് നേരത്തേക്ക് എങ്കിലും പ്രേക്ഷകൻ മനസു കൊണ്ടും ശരീരം കൊണ്ടും സേതുരാമയ്യരായി മാറും… കൈ പിറകിൽ കെട്ടി നടക്കും. മനസിൽ ആ സവിശേഷമായ പശ്ചാത്തല സംഗീതം മുഴങ്ങും..
ഞാൻ കാണുന്ന ആളുകളോടെല്ലാം അവസാനം തിയറ്ററിൽ കണ്ട സിനിമ ഏതാണ് എന്ന് ചോദിക്കാറുണ്ട്… മിക്കവാറും ഊതി വീർപ്പിച്ച കോടി ക്ലബ്ബിൽ കയറിയ പബ്ലിസിറ്റി പടം കണ്ട് വെറുത്ത് ഈ പരിപാടി നിർത്തിയ ആളുകളായിരിക്കും കൂടുതൽ.. പുലി വരുന്നേ പുലി എന്ന കഥ കേട്ടിട്ടില്ലേ… അതുപോലെ…. എന്നാൽ ഈ ബോംബു പടങ്ങളുടെ ഇടയിൽ ഒരു വാച്ചബിൾ സിനിമ വന്നാൽ അതുപോലും ശ്രദ്ധിക്കപ്പെടാത്ത സാഹചര്യം നിലനിൽക്കുന്നു. അർജ്ജുൻ അശോകൻ അഭിനയിച്ച പ്രണയവിലാസം എന്ന സിനിമ അത്തരത്തിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ സിനിമ ആയിരുന്നു. ആ സിനിമ തിയറ്ററിൽ തന്നെ വിജയം അർഹിച്ചിരുന്നു.
മാധ്യമങ്ങളിൽ ലഹരി ഉപയോഗിക്കുന്ന രംഗങ്ങളുടെ ധാരാളിത്തം ഉണ്ടെങ്കിൽ ഇതെല്ലാം എല്ലാവരും ചെയ്യുന്ന സാധാരണ കാര്യമാണ് എന്ന ചിന്ത കുട്ടികളിൽ രൂപം കൊള്ളും. അതുപോലെ പത്രങ്ങളിലെ ഇതു സംബന്ധിച്ച പർവ്വതീകരിച്ച വാർത്തകൾ. സർക്കുലേഷൻ കൂട്ടാനായി നിറം പിടിപ്പിച്ച് ആത്മഹത്യ , കൊലപാതകം തുടങ്ങിയ വാർത്തകൾ….. ഇതൊക്കെ അത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടവരും. ഇതിനെയാണ് Collective Consciousness എന്ന് വിളിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ ഉപബോധമനസുകൾ ഒരേ തരംഗദൈർഘ്യത്തിൽ ഒരോ ആവൃത്തിയിൽ പ്രവർത്തിച്ചാൽ ചിന്തകളുടെ manifestation Power പതിൻമടങ്ങാകും. കാലാകാലങ്ങളിൽ ചില പ്രത്യേക സ്വഭാവമുള്ള വാർത്തകൾ അടുപ്പിച്ച് വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ . ഉദാഹരണത്തിന് തെരുവ് നായ ശല്യം. തെരുവ് നായ പത്രം വായിക്കാറില്ലല്ലോ. എല്ലാം ഈ പ്രപഞ്ചത്തിന്റെ ഒരു കളിയാണ്. Collective Consciousness നെ പറ്റി ഞാൻ ചെയ്ത ഒരു വീഡിയോയുടെ ലിങ്ക് ചുവടെ നൽകുന്നു

