1983 ലെ തൃശൂർ പൂരത്തിന്റെ പിറ്റേന്നാണ് കൊല്ലം ജില്ലയിലെ പുനലൂരിൽ നമശിവായത്തിന്റെയും രാധാമണിയുടെയും മകനായി ഞാൻ ജനിക്കുന്നത്.ഉത്രം നക്ഷത്രം… ഇന്ന വീട്ടിൽ ജനിച്ചു എന്ന് വീട്ടുപേര് ചേർത്ത് പറയാൻ അന്ന് ഞങ്ങൾക്ക് വീട് ഉണ്ടായിരുന്നില്ല. അച്ഛൻ പുനലൂർ രാംരാജ് തിയറ്ററിൽ ഫിലിം ഓപ്പറേറ്റർ ആയിരുന്നു. തിയറ്ററുകാരുടെ വക ഒരു കോർട്ടേഴ്സിലായിരുന്നു ഞാൻ പത്താം ക്ലാസ് ആകും വരെയും താമസം. തായ് ലക്ഷ്മി കോർട്ടേഴ്സ് എന്ന പേര് കേൾക്കുമ്പോൾ ഒരു വലിയ കെട്ടിടസമുച്ചയത്തിന്റെ പേരാണ് എന്ന തോന്നൽ ജനിപ്പിക്കുമെങ്കിലും അത് ഒരു തൊഴിലാളി ലയമായിരുന്നു. മഴ പെയ്താൽ ചോർന്ന് ഒലിക്കുന്ന ഓടും തകരവും മേഞ്ഞ കുടുസ് മുറികളും പൊതു കിണറും കക്കൂസും.. പുനലൂർ തായ് ലക്ഷ്മി, രാംരാജ് ഈ രണ്ട് തിയറ്ററുകൾ ജ്യേഷ്ഠാനുജൻമാരുടേതാണ്..
അച്ഛൻ വലിയ ശിവഭക്തനായിരുന്നു. ഗിരിയുടെ ഈശൻ എന്ന അർത്ഥത്തിലാണോ എനിക്ക് ഗിരീഷ് എന്ന് പേരിട്ടത് എന്ന് ഞാൻ മുതിർന്നപ്പോൾ അച്ഛനോട് ചോദിച്ചു. അതിന് ഒരു ചിരി മാത്രമായിരുന്നു മറുപടി…. പേരിനോടൊപ്പം അച്ഛന്റെ പേരായ നമശിവായം 2013 ൽ ഞാൻ ഗസറ്റിൽ പരസ്യം ചെയ്ത് മാറ്റിയതാണ്… ആ പേരിനെ ലെഗസിയെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു. അച്ഛനെ അപ്പ എന്നാണ് ഞാൻ വിളിക്കുന്നത്… അപ്പ പഴയ പ്രീഡിഗ്രിയാണ്. അന്നത്തെ കാലത്ത് ഏഴാംക്ലാസ് തോറ്റവരും സർക്കാർ ജോലി നേടുന്ന കാലമാണ്. സിനിമകളോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം പതിനെട്ടാം വയസിൽ തന്നെ ഫിലിം ഓപ്പറേറ്റർ പരീക്ഷ എഴുതി ലൈസൻസ് എടുത്തു. അതുകൊണ്ട് ഞാൻ കുട്ടിക്കാലം മുതലേ സിനിമകൾ ആവര്‍ത്തിച്ച് കാണുമായിരുന്നു. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ സ്‌കൂൾ വിട്ട് നേരേ തിയറ്ററിലേയ്ക്കാണ് അപ്പ വിളിച്ചുകൊണ്ട് വരിക. പിന്നെ അപ്പാക്ക് സമയം കിട്ടുമ്പോഴേ വീട്ടില്‍ കൊണ്ടുപോകുകയുള്ളൂ. അതുവരെ പ്രൊജക്ടര്‍ റൂമില്‍ ഇരുന്ന് സിനിമ കാണും. കിലുക്കവും ചിത്രവും സ്ഫടികവും മണിച്ചിത്രത്താഴുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ ഓര്‍മ്മയില്ല… എന്നെ ഒരു മൂവി ലവർ ആക്കി മാറ്റിയത് ഈ ബാല്യകാലഅനുഭവങ്ങളാണ്. ഈ കാരണത്താലാണ് ഈ ബുക്ക് അപ്പാക്ക് സമർപ്പിച്ചത്….
ഇന്നത്തെ കാലത്തെപോലെ പേരന്റിങ് നെ പറ്റി ഒന്നും എന്റെ അച്ഛനും അമ്മയ്ക്കും അറിഞ്ഞു കൂടാത്തത് എന്റെ കാര്യത്തിൽ പിൽകാലത്ത് വലിയ അനുഗ്രഹമായി ഭവിച്ചു.. ഇന്നത്തെ കാലത്ത് പേരന്റ്സ് കുട്ടിയെ തല്ലില്ല എന്ന് മാത്രമല്ല എങ്ങാനും അധ്യാപകർ തല്ലിയാൽ അത് ബാലാവകാശ നിയമപ്രകാരം കേസാക്കുകയും ചെയ്യും. അന്ന് ഈ ബാലാവകാശനിയമം ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല..
അച്ഛൻ എനിക്ക് പുനലൂർ ബാലൻ മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറിയിൽ അംഗത്വം എടുത്തു നൽകി. മൂന്ന് ദിവസം കൂടുമ്പോൾ ഒരു ബുക്ക് എന്ന ക്രമത്തിൽ എടുത്തു കൊണ്ടു വരും. അന്ന് മലയാളം മീഡിയമാണെങ്കിലും സ്കൂളിലെ പാഠങ്ങൾ പഠിക്കാനുള്ള സമയത്ത് ഈ ലൈബ്രറി ബുക്ക് വായന തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. അടുത്ത ബുക്ക് കൊണ്ടുവരും മുമ്പ് ആദ്യം കൊണ്ടുവന്ന ബുക്ക് തീർത്തില്ലെങ്കിൽ ബൽറ്റിന് അടി കിട്ടും. തടയാൻ നോക്കിയാൽ അമ്മയ്ക്കും കിട്ടും അടി. അപ്പാ പേരു കേട്ട ദേഷ്യക്കാരനാണ്. പല്ലു കടിച്ചു കൊണ്ടാണ് ദേഷ്യം പ്രകടിപ്പിക്കുക… അങ്ങനെ ചെയ്ത് മൂന്ന് പല്ല് അന്നേ കൊഴിഞ്ഞുപോയി പകരം വെപ്പു പല്ല് വെച്ചിരിക്കുകയാണ്. അടി മാത്രമല്ല ചോറു പാത്രവും ഗ്ലാസുമൊക്കെ വായുവിലൂടെ പറന്നു പോയി പൊട്ടിച്ചിതറും… ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് ഈ പുസ്തകം വായിക്കുന്നതും എന്തോ ശിക്ഷയുടെ ഭാഗമായിരുന്നു എന്നാണ്.
ഓരോ ക്ലാസ് കൂടുന്തോറും വായനയിൽ ഞാൻ രസം കണ്ടെത്തി. മടി കൂടാതെ എത്ര വലിയ ബുക്കും വായിച്ചു തീർത്തു. എംടിയുടെ പാതിരാവും പകൽ വെളിച്ചവും , മലയാറ്റൂരിന്റെ വേരുകൾ, ടാർസൻ കഥകളുടെ പരിഭാഷ ഇതൊക്കെ അന്ന് വായിച്ച ബുക്കുകളിൽ ചിലതാണ്. ബുക്ക് വായനയിൽ ഞാൻ താളം കണ്ടെത്തിയതോടെ അച്ഛൻ അടുത്ത കലാപരിപാടി ആരംഭിച്ചു. പത്രം വായിച്ച് നോട്ട് കുറിക്കുക… സിനിമാ പോസ്റ്ററുകൾ കട്ട് ചെയ്ത് തുന്നി ബുക്കാക്കി അതിൽ പത്രത്തിലെ പൊതു വിജ്ഞാനം മാത്രമല്ല റിമാർക്കബിൾ ആയ എന്തും എഴുതണം. എട്ടിൽ പഠിക്കുന്ന സമയം തിങ്കളാഴ്ചത്തെ സ്കൂൾ അസംബ്ലിയിൽ വാർത്തകൾ വായിക്കാനുള്ള അവസരം എനിക്ക് ലഭിച്ചത് ഈ ഒരു പരിശീലനത്തിലൂടെയാണ്….. ആ സമയം ആയപ്പോൾ വായന മംഗളം, മനോരമ ആഴ്ച പതിപ്പുകളിലേക്കും കടന്നു. ജോസി വാഗമറ്റത്തിന്റെ പാളയം, വലയം, ലോറിത്തെരുവ്, ലയം എന്നീ നോവലുകളും അതിലെ കരുത്തനായ നായകൻ നോബിളും ഇന്നും മനസിൽ തങ്ങി നിൽക്കുന്നു. അന്നൊക്കെ വായനയിൽ ലയിച്ചിരുന്നാൽ പിന്നെ ചുറ്റിലുമുള്ള ഒന്നും അറിയില്ല… ഭയങ്കരമായിട്ട് വിഷ്വലൈസ് ചെയ്താണ് വായന
ഇങ്ങനെ ഒരു പുസ്തക പുഴുവായി ഞാൻ വളർന്നു വന്നു… മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി ഞാൻ വളരെ absent minded ആയിരിക്കുന്നതും മൌനത്തിൽ മുഴുകി ഇരിക്കുന്നതും എട്ടാം ക്ലാസ് മുതലേ എന്റെ ടീച്ചർമാർ നോട്ടീസ് ചെയ്തു. ഈ ലോകത്തിന് ഒരു നിയമം ഉണ്ട്. ഒരാൾ എങ്ങനെ ആയിരിക്കണം എന്നത് തീരുമാനിക്കുന്നത് മറ്റുള്ളവരാണ്. ടീച്ചേഴ്സിന്റെ അഭിപ്രായത്തിൽ ഗിരീഷിന് എന്തോ ഒരു പ്രശ്നമുണ്ട്. കാര്യം പഠിക്കാൻ മിടുക്കനാണ്. എന്നാൽ ഗ്രൌണ്ടിൽ ഇറങ്ങി കളിക്കേണ്ട പി ടി പിരീഡിലും ബുക്കുമായിട്ടിരുന്നാലോ….. ഒരു കൊച്ചു കുട്ടിക്ക് ഇതിന് മാത്രം എന്താണ് ചിന്തിക്കാനുള്ളത്. എന്റെ മാമൻമാരും അമ്മയും എല്ലാം അപ്പായെ കുറ്റപ്പെടുത്താൻ തുടങ്ങി. ഒരു ഘട്ടത്തിൽ ഞാനും….
പത്താംക്ലാസിലായപ്പോഴേക്കും എന്റെ ഈ ഡിഫറന്റ് ബിഹേവിയർ സ്കൂൾ മുഴുവൻ ചർച്ച ചെയ്യുന്ന സ്ഥിതി വന്നു. മകനെ ഒരു ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും എന്ന ടീച്ചർമാരുടെ ഉപദേശം എന്നെ ഒരു ഹോസ്പിറ്റലിൽ എത്തിച്ചു.. വാസ്തവത്തിൽ ഞാൻ വലിയ കൺഫ്യൂഷനിലായി.. ഏതാണ് ശരി ഏതാണ് തെറ്റ് എന്നത് വേർതിരിച്ച് അറിയാൻ കഴിയാത്ത അവസ്ഥ. സൈക്യാട്രി അന്നും ഇന്നും വലിയ രീതിയിൽ വികസിക്കാത്ത ഒരു മെഡിസിൻ വിഭാഗമാണ്. മനസ് എവിടെയിരിക്കുന്നു എന്ന് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നു പോലും നിശ്ചയമില്ലാത്ത ശാസ്ത്രത്തിന് അറിയാൻ കഴിയില്ലല്ലോ…എന്തൊക്കെയോ മരുന്നു തന്നു. നന്നായി ഉറങ്ങി. മനസ് ഭാരമില്ലാത്ത അപ്പൂപ്പൻതാടി പോലെ എവിടെയൊക്കെയോ സഞ്ചരിച്ചു.
ആറുമാസത്തോളം ഹാജർ നഷ്ടപ്പെട്ടപ്പോൾ പത്താംക്ലാസ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. കൂടെ പഠിച്ചവർ എല്ലാം പാസായി. ഇതും എന്നെ ഒരു ഡിപ്രഷനിലേക്ക് തള്ളി വിട്ടു. ആത്മഹത്യ ചെയ്യുന്നതിനെ പറ്റി പോലും ഞാൻ ചിന്തിച്ച ദിവസങ്ങളായിരുന്നു അത് എന്ന് പറയാം. അപ്പോഴാണ് ദേവദൂതനെ പോലെ ഒരു ഡോക്ടർ ആ ഹോസ്പിറ്റലിലേക്ക് സ്ഥലം മാറി വന്നത്…………………. അദ്ദേഹമാണ് എന്നെ ഒരു മനുഷ്യനായി കണ്ട് ചികിൽസിച്ചത്. മറ്റുള്ളവർ ഒരു സബ്ജക്ടായും കേസ് സ്റ്റഡി ആയും മാത്രം കണ്ടു. ബൈ പോളാർ മൂഡ് ഡിസ് ഓർഡർ എന്ന ലഘുവായ പ്രശ്നമാണ് എന്നും ക്രമമായ ചിട്ടയായ ചികിൽസയിലൂടെ പരിഹരിക്കാം എന്നും അദ്ദേഹം ബോധ്യപ്പെടുത്തി. അങ്ങനെ ഞാൻ പത്താം ക്ലാസ് രണ്ടാം വർഷം എഴുതി 600 ൽ 548 മാർക്ക് നേടി പാസായി….
തുടർന്നുള്ള അഞ്ചു വർഷക്കാലത്തെ കോളേജ് പഠന കാലം ഞാൻ എന്നെ തന്നെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു. Self realization നു വേണ്ടി …… Self Actualization നു വേണ്ടി ……പഴയ സുഹൃത്തുക്കളിൽ നിന്നും അകന്നു നിന്ന് കൊണ്ട് ഒരു അജ്ഞാത വാസത്തിൽ കഴിഞ്ഞു. വീട്ടിൽ നിന്നും ദൂരെ ഉള്ള അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ പ്രീഡിഗ്രിക്കാലവും ആറ്റിങ്ങൽ വലിയകുന്ന് പോളി ടെക്നിക്കിലെ പഠനകാലവും പഠനത്തേക്കാൾ ഉപരി ജീവിതം പഠിക്കാനാണ് ഞാൻ ഉപയോഗിച്ചത്…. ക്ലാസ് കട്ട് ചെയ്ത് സിനിമകൾ കണ്ടു നടന്നു. പല തരത്തിലുള്ള വ്യക്തികളെ പരിചയപ്പെട്ടു. ദീർഘനേരം സംസാരിച്ചു. ബസ് യാത്രകൾ പോലും എനിക്ക് പുതിയ പുതിയ സുഹൃത്തുക്കളെ നേടി തന്നു.
പതിയെ പതിയെ അന്തർ മുഖത്വത്തിന്റെ പുറംതോട് പൊട്ടിച്ച് ഞാൻ പുറത്തു വന്നു…എന്നാൽ ഇതൊന്നും തന്നെ എക്സാം റിസൾട്ടിനെ തെല്ലും ബാധിച്ചില്ല. ഹൈ ഡിസ്റ്റിംഗ്ഷനോടെ തന്നെ പാസായി. അതിനെല്ലാം കാരണം കുട്ടിക്കാലത്തെ അച്ഛന്റെ ശിക്ഷണത്തിൽ പരന്ന വായനയിൽ നിന്നും കിട്ടിയ ബേസ് ആണ്. ശക്തമായ അടിത്തറയിൽ കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങൾക്കാണ് ദീർഘായുസ്സും ബലവും..
ഞാൻ ആമുഖത്തിൽ കത്ത് എഴുതാൻ പറഞ്ഞതെന്തിനാണ് എന്ന് നിങ്ങളിൽ ചിലർ എങ്കിലും അതിശയിക്കുന്നുണ്ടാകും. ഈ വാട്സാപ്പിന്റെയും മെസഞ്ചറിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഇമെയിലിന്റെയും കാലഘട്ടത്തിൽ കത്തുകൾക്ക് എന്താണ് പ്രസക്തി എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. വളരെ പണ്ട് നടന്ന ഒരു സംഭവം ഓർമ്മവന്നു. അമേരിക്കയിൽ ടെലഫോണുകൾ വ്യാപകമായി പ്രചാരത്തിലായ സമയം കത്തെഴുത്തു കുറഞ്ഞ് പേപ്പർവ്യവസായം ഭീഷണി നേരിട്ടപ്പോൾ അവിടത്തെ കടലാസ് നിർമ്മാതാക്കളുടെ സംഘടന ഇപ്രകാരം പരസ്യം ചെയ്തുവത്രെ… “ കത്തെഴുതൂ , ആർക്കറിയാം , ഒരുപക്ഷേ വർഷങ്ങളോ തലമുറകൾ തന്നെയോ കഴിഞ്ഞ് നിങ്ങളുടെ കത്ത് ഏതെങ്കിലും തട്ടിൻപുറത്തിരുന്ന് ആരെങ്കിലും കണ്ടെടുക്കും. വർഷങ്ങൾക്ക് മുമ്പുള്ള നിങ്ങളുടെ വികാര വിചാരങ്ങളോർത്ത് അവർ വിസ്മയം കൊള്ളും.ഒരു ടെലഫോണെടുത്ത് നിങ്ങൾക്ക് അടുത്ത തലമുറയോട് ഇതുപോലെ സംസാരിക്കാൻ ആകുമോ ? ഇല്ല. അതുകൊണ്ട് കത്തെഴുതൂ “ – എന്നായിരുന്നു പരസ്യം. മുൻപേ പോയവരുടെ ഇമെയിൽ ഇൻബോക്സുകളിലേയ്ക്കും പിൻതലമുറക്കാർ പ്രവേശിക്കും എന്ന് കരുതുക വയ്യ. കൈ കൊണ്ടെഴുതിയ ഒരു കത്തിന് മാത്രം സംവദിക്കുവാൻ കഴിയുന്ന ഒരു പേഴ്സണൽ ടച്ച് ഉണ്ട്.
അതിനെക്കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ജീവിതത്തിലെ കത്തോർമ്മകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം. എന്റെ ഓർമ്മയിലെ ആദ്യത്തെ കത്ത് ഏഴാംക്ലാസിൽ പഠിക്കുന്ന സമയം യുറീക്കാ മാമൻ അയച്ച കാർഡാണ്. അന്ന് കാർഡിന് 75 പൈസയാണ് വില. ഞാൻ യുറീക്കക്ക് അയച്ചുകൊടുത്ത പ്രോജക്ട് കിട്ടിയതിൽ അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള കത്തായിരുന്നു അത്. ഫ്രിഡ്ജിന്റെ പ്രവർത്തനത്തിന്റെ ഫലമായി രൂപം കൊള്ളുന്ന ഫ്രിയോൺ എന്ന വാതകം ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതും അതിന്റെ ഫലമായി ഭൂമിയിലെ ചൂട് കൂടി ഹരിത ഗൃഹപ്രഭാവത്തിന് കാരണമായിത്തീരുന്നതുമായിരുന്നു പ്രോജക്ട് വിഷയം എന്നാണ് ഓർമ്മ. ഇത്തരം കത്തുകളും സുഹൃത്തുക്കളും ബന്ധുക്കളും അയയ്ക്കുന്ന ക്രിസ്മസ് കാർഡുകളുമെല്ലാം ഞാൻ നിധി പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്
പോളി ടെക്നിക്കിന്റെ റിസൾട്ട് അറിയും മുമ്പ് തിരുവനന്തപുരം ജില്ലയിലെ കല്ലറ പോസ്റ്റ് ഓഫീസിൽ ഇ ഡി പോസ്റ്റ്മാനായി ഔദ്യോഗികജീവിതത്തിന് തുടക്കമിട്ടു. കത്തുകളെ അത്ര മേൽ ഇഷ്ടപ്പെടുന്ന എനിക്കായി പ്രപഞ്ചം കാത്തുവെച്ച നിധി. പിന്നെ ഉള്ള രണ്ടര വർഷക്കാലം കത്തുകൾ എന്റെ സന്തത സഹചാരിയായി. ഫോൺബില്ലുകളും ബുക്ക് പോസ്റ്റുകളും പേഴ്സണൽ ലറ്ററുകളും മണി ഓർഡറുകളും ഒക്കെയായി ആ രണ്ടര വർഷക്കാലം കടന്നുപോയി. ജോലിക്കുള്ള നിയമന ഉത്തരവും മണി ഓർഡറുകളും ഗൾഫു കത്തും ഒക്കെ ചിരിച്ച മുഖത്തോടെ ജനങ്ങൾ സ്വീകരിച്ചു. അന്ന് ടെലഗ്രാമുകളും കൊണ്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഉള്ളടക്കം അറിയുന്നതുവരെ ആളുകൾക്ക് ഒരു ആധിയാണ്. മിക്കവാറും വിവാഹ ആശംസകൾ ഒക്കെയാണ് ഇങ്ങനെ ടെലഗ്രാമായി അക്കാലത്ത് വരാറ് പതിവ്. സിനിമയിൽ ഒക്കെ കാണുന്നതുപോലെ മരണം അറിയിച്ചു കൊണ്ടുള്ള ടെലഗ്രാം എന്റെ ഓർമ്മയിൽ ഉണ്ടായിട്ടില്ല. പിന്നീട് എനിക്ക് റെയിൽവേ മെയിൽ സർവ്വീസിൽ സോർട്ടിങ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ഇരിങ്ങാലക്കുട ആയിരുന്നു ആദ്യ നിയമനം. പലരും കരുതുന്നതുപോലെ പോസ്റ്റുമാൻ ജോലിയിൽ നിന്നുള്ള പ്രൊമോഷൻ ആയിരുന്നില്ല. പുതിയ നിയമനം തന്നെ ആയിരുന്നു. RMS ൽ ജോലി ചെയ്ത നാലര വർഷക്കാലവും കത്തുകളുമായുള്ള എന്റെ പ്രണയം അഭംഗുരം തുടർന്നു
2018 ൽ ആദ്യത്തെ ബുക്ക് ഇറക്കിയപ്പോൾ തൂലികാസൌഹൃദത്തിനുള്ള ക്ഷണം ഉൾപ്പെടുത്തിയതിനെ പരിഹസിച്ചവരാണ് കൂടുതൽ. എന്നാൽ എനിക്ക് വളരെ വാല്യുവബിൾ ആയുള്ള സൌഹൃദങ്ങൾ ഉണ്ടായത് ഈ തൂലികാ സൌഹൃദങ്ങളായാണ്. വർഷത്തിൽ ഒന്നോ രണ്ടോ കത്ത് . അത് മതി ബന്ധം ദൃഢമായി മുന്നോട്ട് പോകാൻ. വാട്സാപ്പിലെ സന്ദേശങ്ങൾ ഫോണിൽ നിന്നും ഡിലീറ്റ് ആക്കുന്നതുപോലെ ക്ഷണികമല്ല കത്തുകൾ. എനിക്ക് വരുന്ന കത്തുകൾ എല്ലാം ഞാൻ സൂക്ഷിച്ച് വെയ്ക്കാറുണ്ട്. കഥ നന്നായി എന്ന് പറഞ്ഞ് ആരു വിളിച്ചാലും അവരോട് എനിക്ക് ഒരു കത്ത് അയയ്ക്കാനാണ് ഞാൻ ആവശ്യപ്പെടാറുള്ളത്
നമുക്ക് ചുറ്റിലും നോക്കിയാൽ ഒരു കാര്യം പകൽ പോലെ വ്യക്തമാകും ഒഴുക്കിനെതിരേ നീന്തി കര പറ്റിയവരാണ് വാർത്തകൾ സൃഷ്ടിക്കുന്നതും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആയിത്തീരുകയും ചെയ്യുന്നത്. വൺവേ തെറ്റിച്ച് വരുന്ന വണ്ടിയാണല്ലോ പെട്ടെന്ന് ശ്രദ്ധയിലേക്ക് വരുന്നത്. അതിൽ വലിയ ഒരു risk element ഉണ്ട് എന്നത് ശരി തന്നെ…. എന്റെ wavelength അത്തരത്തിലുള്ളതായതിനാൽ പ്രപഞ്ചം എന്നിലേക്ക് ആകർഷിച്ചവർ എല്ലാം അത്തരക്കാരെ ആയിരുന്നു….നന്ദിയാരോട് ഞാൻ ചൊല്ലേണ്ടു……

