ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റുന്നത് വലിയ വിവാദം ആയിരിക്കുകയാണല്ലോ. ഞാന്‍ ഇവിടെ ശബരിമല വിഷയത്തിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ജീ ഫോര്‍ ജീനിയസിന് രാഷ്ട്രീയം ഇല്ല. ഭാവിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന ചട്ടക്കൂടിന് പുറത്തേക്ക് ഞാന്‍ വളരുമ്പോള്‍ ജി ഫോര്‍ ജീനിയസ് രാഷ്ട്രീയവും സംസാരിക്കും. സത്യത്തില്‍ എന്റെ ഇഷ്ടവിഷയമാണ് പൊളിറ്റിക്‌സ്. കൂടാതെ ഞാന്‍ ഇവിടെ ശബരിമല വിവാദവും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. വാവാദങ്ങള്‍ ഉണ്ടാക്കി വായനക്കാരെ സൃഷ്ടിക്കേണ്ട ഗതികേട് ജി ഫോര്‍ ജീനിയസിനില്ല. അല്ലാതെ ഉള്ളടക്കത്തിന്റെ കരുത്ത് കൊണ്ട് തന്നെ ജീനിയസ് ശ്രദ്ധിക്കപ്പെടാന്‍ അര്‍ഹനാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് എന്റെ ഒരു അനുഭവം വായനക്കാരുമായി പങ്ക് വെക്കാനാണ് ഈ പോസ്റ്റ്. പന്തളം കൊട്ടാരത്തില്‍ നിന്ന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പുറത്തെടുത്ത് എഴുന്നള്ളത്തായി ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ചടങ്ങിന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഞാന്‍ സാക്ഷിയായി. അന്ന് തിരുവാഭരണം നിലവറയില്‍ നിന്ന് പുറത്തെടുക്കുന്ന നിമിഷം അവിടെ കൂടി നിന്ന ഭക്തജനസഹസ്രങ്ങള്‍ സ്വാമിയേ ശരണമയ്യപ്പ എന്ന് ശരണം വിളിച്ച് കൊണ്ട് ആകാശത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു. ഇത് കൗതുകത്തോടെ നോക്കി നിന്ന എന്നോട് സമീപത്ത് നിന്ന സ്വാമി ” ആകാശത്തേക്ക് നോക്കൂ ഇപ്പോള്‍ കൃഷ്ണപരുന്ത് വരും ” എന്ന് പറഞ്ഞു. ഇത് കേട്ട് ഞാനും മേല്‍പ്പോട്ട് നോക്കി. അഞ്ച് മിനിറ്റായി, പത്ത് മിനിറ്റായി. പരുന്ത് പോയിട്ട് ഒരു കാക്ക പോലും വരുന്നതിന്റെ ലക്ഷണം കാണാനില്ല എന്റെ കഴുത്ത് കിഴച്ചു. ഞാന്‍ താഴെ തിരുവാഭരണം പൂജിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ വീക്ഷിച്ചു. ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞ് കാണണം. ജനക്കൂട്ടത്തില്‍ നിന്ന് ഒരു ആരവം. ശരണം വിളി മുഴങ്ങുന്നു. ഞാന്‍ മുകളിലേക്ക് നോക്കി. അസാധാരണമാംവിധം വലുപ്പമുള്ള ഒരു കൃഷ്ണപരുന്ത് വളരെ താഴ്ന്ന് പറന്ന് തിരുവാഭരണത്തെ മൂന്ന് തവണ വലം വെച്ചിട്ട് എങ്ങോട്ടോ പറന്ന് പോയി.
ഈ സംഭവത്തെ എങ്ങനെ വിശദീകരിക്കും. ഇത് തീര്‍ച്ചയായും ശബരിമല അയ്യപ്പന്റെ ശക്തി അല്ല. ശബരിമല അയ്യപ്പന്‍ വെറും പഞ്ചലോഹ വിഗ്രഹം മാത്രം. മറിച്ച് ഭക്തരുടെ മനസിലെ വിശ്വാസമാണ് ഇവിടെ വര്‍ക്ക് ചെയ്തത്. ശബരിമല നടയില്‍ തത്വമസി എന്ന് എഴുതിവെച്ചിട്ടുണ്ട്. അത് നീ തന്നെയാണ് എന്ന് അര്‍ത്ഥം. അതായത് ശബരിമലയില്‍ ഓരോ ഭക്തനും ഈശ്വരനാണ്.. ഇത്രയും ജനങ്ങള്‍ ഒരേ മനസോടെ പരുന്ത് വരണം എന്ന് ഉപബോധമനസില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുമ്പോള്‍ പരുന്തിന് വരാതിരിക്കാന്‍ കഴിയില്ല. അതാണ് ഈ പ്രപഞ്ചത്തിന്റെ ശക്തി. ( പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ് എന്ന നോവലില്‍ നായകനായ സാന്റിയാഗോ എന്ന ഇടയബാലന്‍ സ്വയം ഒരു കൊടുങ്കാറ്റായി മാറുന്നതും ഇതേ മൈന്റ് പവര്‍ തിയറി ഉപയോഗിച്ചാണ് )
വിജയിക്കാന്‍ ആദ്യം വേണ്ടത് വിശ്വാസമാണ്. പല അമ്പലങ്ങളിലും നിത്യേന പല അദ്ഭുതപ്രവൃത്തികളും നടക്കുന്നുണ്ട്. ഒരു കണ്ടീഷന്‍ ഉണ്ട്. വിശ്വാസം വേണം. കാട്ടില്‍മേക്കതില്‍ അമ്പലത്തില്‍ പോയി തുടര്‍ച്ചയായി ഏഴ് ആഴ്ച മണി കെട്ടിയാല്‍ ആഗ്രഹം സഫലമാകും എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അപ്രകാരം അടിയുറച്ച് വിശ്വസിക്കുന്ന ഭക്തന്‍ മണി കെട്ടിയാല്‍ ഫലം ഉറപ്പാണ്. ഇതാണ് ഉപബോധമനസിന്റെ മാന്ത്രിക ശക്തി. ഇവിടെ അടിയുറച്ച വിശ്വാസമാണ് റിസല്‍റ്റ് ഉണ്ടാക്കിയത്. ആ അമ്പലത്തിലെ പ്രതിഷ്ഠ വെറും കല്ലാണ്. കല്ലിന് യാതൊരു ശക്തിയും ഇല്ല. യേശുദേവന്‍ ശിഷ്യന്‍മാരോട് പറഞ്ഞു. നിങ്ങള്‍ വിശ്വാസത്തോടെ ആ നീലമലകളോട് അവിടെ നിന്നും മാറാന്‍ പറഞ്ഞാല്‍ അവ മാറും. എല്ലാ മതഗ്രന്ഥങ്ങളിലും സമാനമായ ആശയങ്ങള്‍ കാണാം.
ശബരിമലയുടെ കാര്യത്തില്‍ യൗവനയുക്തകളായ സ്ത്രീകള്‍ കയറാന്‍ പാടില്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന സ്ത്രീകള്‍ കയറാതിരിക്കുന്നതാണ് ഉചിതം എന്നതാണ് എന്റെ അഭിപ്രായം. അത്തരക്കാര്‍ കയറിയാല്‍ അവര്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ ദൈവകോപം ഉണ്ടാകുമോ എന്ന ഒരു ഭയം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഈ നെഗറ്റീവ് ഫോഴ്‌സ് അവര്‍ക്ക് ദോഷമായിട്ട് വരും.
ഒരു രണ്ട് തലമുറ കഴിയുമ്പോള്‍ പുതിയ സാഹചര്യവുമായി ജനങ്ങള്‍ ഇഴുകി ചേര്‍ന്നേക്കും.ഒരിക്കലും സ്ത്രീകള്‍ പോയതുകൊണ്ട് അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് ഒന്നും സംഭവിക്കില്ല. നൈഷ്ഠിക ബ്രഹ്മചാരി എന്നൊക്കെ രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് പറയുന്നത് കേട്ട് എനിക്ക് ചിരി വന്നിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അയ്യപ്പന് അല്ല ശക്തി. അയ്യപ്പന്‍ എന്നത് ഹിന്ദു മിത്തോളജിയിലെ ഒരു കഥാപാത്രം മാത്രമാണ്. പഞ്ചലോഹം കൊണ്ട് നിര്‍മ്മിച്ച വെറും വിഗ്രഹം മാത്രം. ഭക്തന്റെ മനസിലെ വിശ്വാസമാണ് ആ പ്രതിമയെ ദിവ്യമാക്കി തീര്‍ക്കുന്നത്.
പിന്നെ വിശ്വാസമില്ലാത്തവര്‍ക്ക് എന്തുമാകാം. അവരെ സംബന്ധിച്ചിടത്തോളം ആര്‍ത്തവസമയത്തും പാര്‍ക്കിലോ ബീച്ചിലോ സിനിമാതിയറ്ററിലോ പോകുന്ന ലാഘവത്തോടെ ഭഗവാനെ ദര്‍ശിച്ച് സായൂജ്യമടയാം. പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഗുണവും ഇല്ല.. ദോഷവും ഇല്ല. വേണമെങ്കില്‍ അവര്‍ക്ക് ശ്രീകോവിലിന്റെ മുന്നില്‍ വെച്ച് ഒരു ബ്രേക്ക് ഡാന്‍സ് കൂടി കളിക്കാം. കാരണം അതിനൊക്കെയുള്ള സ്വാതന്ത്യം ഭരണഘടന ഒരു പൗരന് കല്‍പ്പിച്ച് കൊടുക്കുന്നുണ്ട്.!
ഏത് മതത്തിന്റെ ആരാധനാരീതി ആയാലും യുക്തി കൊണ്ട് ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ വെറും അന്ധവിശ്വാസമായേ തോന്നുകയുള്ളൂ. ഉദാഹരണമായിട്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്ന വിശ്വാസി ഇങ്ങനെ നേര്‍ച്ചപറയുന്നു– ” എന്റെ മലയാറ്റൂര്‍ മുത്തപ്പാ ന്റെ മോള്‍ടെ ദീനം ഭേദായാ പൊന്നുംകുരിശും ചുമന്നുകൊണ്ട് മല കയറിയേക്കാമേ ” , ഇതിലൊന്നും വിശ്വാസമില്ലാത്ത ആള്‍ യുക്തി ഉപയോഗിച്ച് നോക്കുമ്പോള്‍ വെറും ഒരു സാധാരണ മല, പൊന്നിന്‍കുരിശ് എന്ന് പറയുന്നുണ്ടെങ്കിലും സംഗതി മരത്തടിയാണ്, ഇങ്ങനെ മല കയറുന്നതിലും നല്ലത് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുന്നതല്ലേ. അതാകുമ്പോള്‍ കൂടുതല്‍ കലോറി കുറഞ്ഞുകിട്ടും– ഇങ്ങനെയൊക്കെ തോന്നും.
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 ജൂൺ 7 )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

