കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കഥ പറയാനായി ആകെ 5 തവണ മാത്രമാണ് എനിക്ക് വിവിധ സിനിമാപ്രവര്‍ത്തകരുടെ അടുത്ത് പോകേണ്ടി വന്നിട്ടുള്ളത്. അതില്‍ തന്നെ ജനുവിന് ആയിട്ടുള്ള അവസരങ്ങള്‍ രണ്ടെണ്ണം മാത്രമാണ്. അത്തരം ഒരു അവസരത്തെ ഓര്‍ത്തെടുക്കുകയാണ്. സൂപ്പര്‍താരത്തെ നായകനാക്കി പടം പിടിച്ച നിര്‍മ്മാതാവും തിരക്കഥാകൃത്ത് കൂടിയായ സംവിധായകനും നേരിട്ട് ക്ഷണിച്ചിട്ടാണ് ഞാന്‍ ചെല്ലുന്നത്. എന്റെ കയ്യില്‍ കഥയുണ്ടെന്ന് ആരോ അവരെ അറിയിച്ചിരുന്നു. അവരുടെ സൂപ്പര്‍താരചിത്രം അപ്പോഴും തിയറ്ററിലുണ്ട്. ദയനീയപ്രകടനമാണ്. ആ ചിത്രം വിജയിച്ചോ എന്ന് ചോദിച്ചാല്‍ ജനം കണ്ടില്ല എന്നതുകൊണ്ട് വിജയിച്ചില്ല എന്ന് ഞാന്‍ പറയും. ഒരാഴ്ച കൊണ്ട് തന്നെ ചെറിയ സെന്ററുകള്‍ വിട്ടുകഴിഞ്ഞു. എന്നാല്‍ പോസ്റ്ററിലും പബ്ലിസിറ്റിയിലും 50 കോടി ക്ലബ്ബിലേക്ക് കയറുന്നു എന്നാണ് പരസ്യവാചകം. ഈ രീതിയില്‍ പരസ്യം നല്കി ജനങ്ങളെ വഞ്ചിക്കുന്നത് ശരിയാണോ എന്നതല്ല ഞാന്‍ ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം
കഥ പറയാനായി ശീതീകരിച്ച മുറിയിലേക്ക് പ്രവേശിച്ചു. ഒരു ടീപോയിക്ക് ചുറ്റുമായി അഞ്ച് കസേരകളിലായി ഞങ്ങള്‍ ഇരുപ്പുറപ്പിച്ചു. അവരുടെ സഹായി എന്ന് തോന്നിക്കുന്ന യുവാവ് ഫ്രിഡ്ജ് തുറന്ന് മുന്തിയഇനം വിദേശമദ്യം എടുത്ത് പൊട്ടിച്ച് ഗ്ലാസുകളിലേക്ക് പകര്‍ന്നു. സോഡ പൊട്ടിച്ച് അതില്‍ മിക്സ് ചെയ്തു. ഞാന്‍ കഴിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അദ്ഭുതം. എനിക്ക് കുപ്പി കണ്ടിട്ട് അതിന്റെ പേര് അവര്‍ പറഞ്ഞതുപോലും ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
കഥ പറഞ്ഞുതുടങ്ങി. കഥയുടെ ഓരോ വഴിത്തിരുവിലും കുപ്പി പൊട്ടിക്കൊണ്ടിരുന്നു. അവസാനം ഞാന്‍ പറയുന്ന കഥ അവര്‍ക്ക് ഫോളോ ചെയ്യാന്‍ പറ്റാത്തവിധത്തില്‍ നാവ് കുഴഞ്ഞ് അവര്‍ അവശരായപ്പോള്‍ ഞാന്‍ ഇടപെട്ടു. സിനിമയും മദ്യവും തമ്മില്‍ ഈ രീതിയില്‍ മിക്സ് ചെയ്യുന്നതു കൊണ്ടാണ് തരക്കേടില്ലാത്ത കഥ ആയിട്ടുകൂടി അവരുടെ സിനിമ തിയറ്ററില്‍ പരാജയപ്പെട്ടത് എന്ന് പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
ലോഹിതദാസ്, ഭരതന്, പത്മരാജന്, ജോണ്‍ ഏബ്രഹാം തുടങ്ങിയവരുടെ സര്‍ഗ്ഗാത്മകമായ കാലത്തെ അതിജീവിക്കുന്ന ചലച്ചിത്രസൃഷ്ടികള്ക്ക് പിന്നില്‍ മദ്യം സമ്മാനിച്ച ലഹരിയായിരുന്നു എന്ന് അവര്‍ വാദിച്ചു. ആ മഹാന്മാരുടെ കാലടികള്‍ പിന്തുടരാന് ആഗ്രഹിക്കുന്ന തനിക്ക് മദ്യപിക്കാതെ ഒരു വരി പോലും എഴുതാന്‍ കഴിയില്ല എന്ന് സംവിധായകന് വെളിപ്പെടുത്തി. എന്നാല്‍ അതിന്റെ മഹത്വമൊന്നും അദ്ദേഹത്തിന്റെ സിനിമയില്‍ കാണാന്‍ കഴിഞ്ഞില്ല എന്ന് പറയാനാഞ്ഞതാണ്. മദ്യപരോട് തര്‍ക്കിക്കുന്നത് എന്റെ ആരോഗ്യം മോശമാക്കും എന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. അന്നത്തെ കഥ പറച്ചിലും വിജയമായില്ല. പ്രധാനമായും അവന്മാരുടെ മദ്യപാനം തന്നെയാണ് കാരണം. മറ്റൊന്ന് എല്ലാ കഥയും എല്ലാവര്ക്കും രസിക്കണം എന്നില്ലല്ലോ
ഞാന്‍ പറഞ്ഞ് വന്ന വിഷയം ഇതാണ്. ഇന്നത്തെ മലയാളസിനിമയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം അപകടകരമാംവിധം വ്യാപകമാകുന്നു. ഇന്നത്തെ യുവതലമുറയില്‍ പൊതുവില്‍ മദ്യത്തോടുള്ള അഭിനിവേശം പ്രകടമാണല്ലോ. സിനിമ മാത്രമായി എടുത്ത് പറയുകയല്ല. എല്ലാരംഗത്തും എന്നതുപോലെ സിനിമയിലും ലഹരി പിടിമുറുക്കുന്നു
ഈ സന്ദര്‍ഭത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ടാഗോര്‍ തിയറ്ററില്‍ നടന്ന സുബ്രഹ്മണ്യസന്ധ്യ എന്ന പരിപാടിയില്‍ ശ്രീകുമാരന്‍തമ്പി തന്റെ ഒരു അനുഭവം പങ്കുവെച്ചത് ഓര്‍ത്തത്. യശശരീരനായ നിര്‍മ്മാതാവ് പി സുബ്രഹ്മണ്യത്തെ പറ്റി മലയാളസിനിമയുടെ ഭീഷ്മാചാര്യന് എന്ന പേരില്‍ ശ്രീകുമാരന്‍തമ്പി രചിച്ച ബുക്കിന്റെ പ്രകാശനചടങ്ങായിരുന്നു വേദി. ലാലേട്ടനാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത് എന്നതുകൊണ്ടു തന്നെ ഞാനും അവിടെ ഉണ്ടായിരുന്നു. അന്ന് നിര്‍മ്മാതാവ് പി സുബ്രഹ്മണ്യം എന്ന സുബ്രഹ്മണ്യം മുതലാളിയെ പറ്റി തമ്പി ഒരു ഓര്‍മ്മ പങ്കുവെച്ചു
ശ്രീകുമാരന്‍ തമ്പിയുടെ കാക്കത്തമ്പുരാട്ടി എന്ന നോവല്‍ സാംബശിവന് അതേ പേരില്‍ കഥാപ്രസംഗം ഒക്കെ ആക്കി നല്ല പേരായി നില്ക്കുന്ന സമയം. ആ നോവല്‍ സിനിമയാക്കി മാറ്റാന്‍ തിരക്കഥ എഴുതാന്‍ മുതലാളി തമ്പിക്ക് അഡ്വാന്‍സ് കൊടുക്കുന്നു. അന്ന് ഇരുപത്തി നാല് വയസാണ് തമ്പിയുടെ പ്രായം. തിരക്കഥയെഴുതാനായി തമ്പിയെ ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ താമസിപ്പിക്കേണ്ട എന്ന് സുബ്രഹ്മണ്യം മുതലാളി പറഞ്ഞു. അന്ന് ന്യൂ തിയറ്റര്‍ കോംപ്ലക്സില്‍ വലതുവശത്ത് അങ്ങേയറ്റം മാനേജരുടെ കാബിനിന്റെ മുകളില്‍ നസീറിന്റെ മുറിയാണ്. ഇന്നത്തെ പോലെ സൂപ്പര്‍ താരത്തിന് എസി മുറിയോ കാരവാനോ അന്നില്ല. നസീറിന്റെ കൂടെ താമസിച്ച് തിരക്കഥ എഴുതിയാല്‍ മതി എന്ന് മുതലാളി തമ്പിയോട് നിര്‍ദേശിച്ചു. ആര്‍ട്ടിസ്റ്റുകളുടെ കൂടെ കൂടിയാല്‍ ചെറുപ്പക്കാരനായ തമ്പി വെള്ളമടി ഗോസിപ്പ് കമ്പനിയില്‍ ആയിപ്പോകും എന്ന് കരുതിയാണ് മുതലാളി അപ്രകാരം ചെയ്തത്. ആ ഒരു സംഭവത്തോടെ മുതലാളി തന്റെ പിതാവിന് തുല്യമായതായി ശ്രീകുമാരന്‍തമ്പി വികാരാധീനനായി പറഞ്ഞു. പിന്നീട് ഇതുവരെ ശ്രീകുമാരന്‍തമ്പി മദ്യപിച്ചിട്ടില്ല. ഈ എണ്‍പത്താറാം വയസ്സിലും ഗ്രന്ഥരചനയിലും ഗാനരചനയിലും മുഴുകാന്‍ അദ്ദേഹത്തെ സഹായിക്കുന്നതും ഈ ചിട്ടയാണ്
ഞാന്‍ സൂചിപ്പിച്ചത് മലയാളസിനിമയിലെ രണ്ട് കാലഘട്ടങ്ങള്‍ തമ്മില്‍ ഉള്ള ഒരു വ്യത്യാസത്തെ പറ്റിയാണ്. ഞാന്‍ ഇതില്‍ പഴമയോടൊപ്പമാണ്. ശ്രീ ശ്രീകുമാരന്‍തമ്പി സാറിനോടൊപ്പമാണ്. ഞാനും ഈ മുപ്പത്തഞ്ചുവയസ് വരെ ഉള്ള കാലഘട്ടത്തിനുള്ളില്‍ മദ്യത്തിന്റെ രുചി അറിഞ്ഞിട്ടില്ല. തുടര്‍ന്നും അങ്ങിനെ തന്നെ തുടരണം എന്നാണ് എന്റെ ആഗ്രഹം. മദ്യം ചെറുതായി കുടിച്ച് കുടിച്ച് അവസാനം മദ്യം നമ്മളെ വിഴുങ്ങുന്ന സ്ഥിതി ഉണ്ടാകും. എന്റെ കണ്മുന്നില് മദ്യത്തിന് അടിമയായി ആത്മഹത്യ ചെയ്യേണ്ടി വന്ന സഹപ്രവര്ത്തകന് ബാലചന്ദ്രന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ ചെറുകഥയായ ഒരു മദ്യപാനി ജനിക്കുന്നു എന്ന കഥ ഈ മാസത്തില്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന് ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു.
സ്നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം ( 2019 December 15 )
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

