40) MY BLOG—2019 AUGUST

കഴിഞ്ഞ മാസം കുറെ അധികം കാര്യങ്ങള്‍ തുടങ്ങിവെച്ചു. ഞാന്‍ ചെയ്യാനുള്ളത് നൂറ് ശതമാനവും ചെയ്യുന്നുണ്ട്. കര്‍മ്മത്തിന്റെ പരിണാമം എന്ത് എന്ന് തീരുമാനിക്കാനുള്ള അധികാരം കേവലം മനുഷ്യരായ നമുക്കില്ല. ഗീതയില്‍ ഭഗവാന്‍ അരുള്‍ ചെയ്തതും മറ്റൊന്നല്ല.

സുഹൃത്തുക്കളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോഗെഴുത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ തയ്യാറായി. വിഷയങ്ങള്‍ ചിതറി തെറിച്ച് അവതരിപ്പിക്കുന്നത് ഞാന്‍ അവസാനിപ്പിച്ചു. അതു കൂടാതെ അപ്രിയ സത്യങ്ങള്‍ തുറന്ന് പറഞ്ഞ് എല്ലാവരുടെയും അപ്രീതിക്ക് പാത്രമാകുന്നതും അവസാനിപ്പിച്ചു.എന്റെ കഴിഞ്ഞ മാസത്തെ ബ്ലോഗ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇനി അങ്ങനെ ഉണ്ടാകില്ല. ആ ബ്ലോഗ് എഡിറ്റ് ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് എന്നു കൂടി അറിയിക്കുന്നു.

കഴിഞ്ഞ മാസം കേരളത്തില്‍ നടന്ന സംഭവങ്ങളില്‍ എന്നെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒന്നാണ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്നും ഉണ്ടായ ജയില്‍ ചാട്ടം. നമ്മുടെ നിയമവ്യവസ്ഥിതി പാവപ്പെട്ടവനോടും പണക്കാരനോടും രണ്ട് തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ സംഭവം. ജാമ്യത്തിലെടുക്കാന്‍ വക്കീലിനെ വെക്കാന്‍ കഴിവില്ലാത്തതുകൊണ്ട് ജയിലില്‍ തന്നെ ദീര്‍ഘനാള്‍ കഴിയേണ്ടിവരുമോ എന്ന ഭീതിയാണ് അവരെ ജയില്‍ചാട്ടത്തിന് പ്രേരിപ്പിച്ചത്. രണ്ടുപേരും സമാനസാഹചര്യങ്ങളില്‍ പെറ്റി കേസില്‍ പെട്ട് അറസ്റ്റിലായവര്‍. അവരുടെ ദരിദ്രമായ സാമൂഹികസാഹചര്യങ്ങളാണ് അവരെ കുറ്റവാളികളാക്കിയത് എന്ന് നിസംശയം പറയാം. രണ്ടുപേര്‍ക്കും അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ ഉണ്ട്. അവരുടെ അസാന്നിധ്യം മൂലം കുട്ടികളുടെ ആഹാരം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ പോലും മുടങ്ങും എന്നത് തീര്‍ച്ചയാണ്. കാരണം ഇത്തരം കുടുംബങ്ങളിലെ ആണ്‍തുണ മിക്കവാറും മദ്യത്തിന് അടിമയായിരിക്കും. (സാധ്യത മാത്രം ).

നീതിനിര്‍വ്വഹണം എന്നാല്‍ ശിക്ഷിക്കല്‍ അല്ല കറക്ടീവ് അഡ്മിനിസ്‌ട്രേഷനാണ് എന്ന സങ്കല്‍പം നില നില്‍ക്കുന്ന ആധുനിക ജനാധിപത്യരാഷ്ട്രങ്ങളില്‍ ഒന്നിലായിരുന്നു അവരെങ്കില്‍ വല്ല രണ്ടുമാസത്തെ സാമൂഹികസേവനവും കൗണ്‍സിലിങും നിര്‍ദേശിക്കപ്പെടുന്ന ലഘുവായ കുറ്റമാണ് അവര്‍ ചെയ്തത് . ഒരാള്‍ കാല്‍പവന്റെ മോതിരം മോഷ്ടിച്ച കുറ്റം, മറ്റെയാള്‍ അരപവന്റെ സ്വര്‍ണ്ണം എന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമിച്ച് പിടിയിലായി. രണ്ട് പേരും വിചാരണതടവുകാര്‍, മിക്കവാറും തങ്ങളുടെ കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയേക്കാള്‍ കൂടുതല്‍ വിചാരണ കാലഘട്ടത്തില്‍ തന്നെ ജയിലില്‍ കഴിഞ്ഞിട്ടുണ്ടാകാന്‍ സാധ്യത ഉള്ളവര്‍. അതേ സമയം സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന കൊടുംകുറ്റവാളികള്‍ കാശെറിഞ്ഞ് വക്കീലിനെ വെച്ച് ജാമ്യത്തില്‍ ഇറങ്ങി വിലസുന്നു. ഈ സംവിധാനത്തിന് ഒരു തിരുത്തല്‍ വേണം എന്നാണ് എന്റെ അഭിപ്രായം.

എംടി കഴിഞ്ഞാല്‍ മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ സാക്ഷാല്‍ ബേപ്പൂര്‍ സുല്‍ത്താനായ ശൈലീവല്ലഭനായ വൈക്കം മുഹമ്മദ് ബഷീറാണ്. ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ നമുക്ക് ഒരിക്കല്‍ക്കൂടി സ്മരിക്കാം. നീയില്ലായിരുന്നെങ്കില്‍ ഈ ലോകം എത്ര ശൂന്യമായിരുന്നേനേ ! അനുരാഗത്തിന്റെ ദിനങ്ങളില്‍ ബഷീര്‍ കാമുകിക്ക് കൊടുത്തയച്ച ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ എഴുതിയതാണിത്. അനുരാഗത്തിലും ഉന്‍മാദത്തിലും പട്ടിണിയിലും സഞ്ചാരത്തിലും എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനുഭാവനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഇത്തവണ എന്റെ ബ്ലോഗിലെ കഥയുടെ പേര് ബാല്യകാലസഖി എന്നാണ്. ബഷീറിന്റെ നോവലിന്റെ പേര് മാത്രമേ കടമെടുക്കുന്നുള്ളൂ.

 ഉള്ളത് ഉള്ളതുപോലെ പച്ചക്ക് പറയുന്ന അദ്ദേഹത്തിന്റെ ശൈലിയില്‍ എഴുതാന്‍ ശ്രമിക്കുകയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ സഫലമാകാത്ത പ്രണയകഥ തന്നെയാണ്. മജീദിന്റെയും സുഹറയുടെയും പ്രണയം പോലെ ഈ കഥയില്‍ ഉണ്ണിയുടെയും ഭാനുമതിയുടെയും പ്രണയം.  ബാല്യകാലസഖിയില്‍ മജീദും സുഹറയും കുറെക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോള്‍ ദൂരെ നിന്ന് ഒരു അജ്ഞാതഗായകന്‍ പാടുന്നു. താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ പഞ്ചവര്‍ണ്ണപൈങ്കിളിയില് പങ്ക് റങ്കുള്ളോളേ. നാടന്‍ പാട്ടിന്‍േറയും മാപ്പിളപ്പാട്ടിന്റേയും സവിശേഷമായ സങ്കലനം. അജ്ഞാതകൃത്തായ ഈ ഗാനശകലം കൂടി ഞാന്‍ കടം കൊള്ളുകയാണ്. കഥ വായിച്ചിട്ട് അഭിപ്രായം കമന്റില്‍ കുറിക്കുമല്ലോ.

ഈ മാസത്തെ വായന ഒലീവ് പുറത്തിറക്കിയ എം മുകുന്ദന്റെ എന്റെ ഗ്രാമകഥകളാണ്. ആ സമാഹാരത്തിലെ 20 കഥകളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് പ്ലാസ്റ്റിക് എന്ന കാലികപ്രസക്തമായ എന്നാല്‍ കുറച്ച് അതിശയോക്തിപരമായ കഥയാണ്. ആ കഥയുടെ ചെറിയ ഒരു ആസ്വാദനം ഇവിടെ കുറിക്കുന്നു. ഇട്ടുണ്ണിനായര്‍ ദരിദ്രനായ പൂക്കച്ചവടക്കാരനാണ്. കടയുടെ സമീപത്തെ കോവിലില്‍ ഉത്സവം വരുമ്പോള്‍ പെണ്ണുങ്ങള്‍ തലയില്‍ ചൂടാന്‍ മുല്ലയും കനകാംബരവും വാങ്ങിക്കും. ഉത്സവകാലത്തെ കച്ചവടത്തില്‍ നിന്നും വരുന്ന വരുമാനത്തില്‍ നിന്നാണ് ഇട്ടുണ്ണിനായര്‍ വര്‍ഷം മുഴുവനും ഉണ്ടാക്കിയ കടങ്ങള്‍ എല്ലാം വീട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ആ നാട്ടില്‍ എത്തിയ കറുത്ത കണ്ണട വെച്ച തന്ത്രശാലിയായ കച്ചവടക്കാരന്‍ നായരുടെ പ്രതീക്ഷകളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. ഒരിക്കലും വാടാത്ത പ്ലാസ്റ്റിക് പൂക്കള്‍ ആയിരുന്നു അയാളുടെ വില്‍പനച്ചരക്ക്. ഒരിക്കല്‍ വാങ്ങിയാല്‍ എന്നും ഉപയോഗിക്കാന്‍ കഴിയുന്ന ആ പ്ലാസ്റ്റിക് പൂക്കള്‍ വിപണിയില്‍ വന്നതോടെ നായരുടെ പൂക്കള്‍ വാടിക്കൊഴിഞ്ഞ് നാണിയുടെ ആടിന് തീറ്റയായിമാറി .

പാവം ഇട്ടുണ്ണിനായര്‍ക്ക് പൂക്കച്ചവടം അല്ലാതെ വേറെ ഒരു തൊഴിലും അറിയില്ല. അയാള്‍ കടത്തിന് മീതേ കടവുമായി കൊടിയ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തി. ഇതു വരെ ഒരു സാധാരണ കഥ പോലെയാണ് ആഖ്യാനം. പിന്നീട് കഥ വേറെ ഒരു ലവലിലേക്ക് പോകുന്നു. കറുത്ത കണ്ണട വെച്ച ആ കച്ചവടക്കാരന്‍ പ്ലാസ്റ്റിക് കൊണ്ടുള്ള ചെടികളുമായി രംഗപ്രവേശം ചെയ്യുന്നു. നിഷ്‌കളങ്കരായ ഗ്രാമീണര്‍ പൂച്ചെടികള്‍ നട്ട് പരിപാലിക്കുന്നത് അവസാനിപ്പിച്ചിട്ട് വാടാത്ത പ്ലാസ്റ്റിക് ചെടികള്‍ വാങ്ങിക്കൂട്ടുന്നു. അടുത്ത വരവിന് അയാള്‍ കൊണ്ടു വന്നത് ഒരിക്കലും കേടുവരാത്ത പഴങ്ങളാണ്. ഗ്രാമീണരുടെ കൗതുകത്തെ അയാള്‍ മുതലെടുക്കുന്നു. തുടര്‍ന്ന് നാട്ടില്‍ പ്ലാസ്റ്റിക് വിപ്ലവം തന്നെ നടന്നു. സ്വീകരണത്തിനുള്ള മാല, മരിച്ചാല്‍ വെക്കാനുള്ള റീത്ത് എന്നുവേണ്ട ആ നാട്ടിലെ ഏതോ ഒരു കുഞ്ഞുനമ്പീശന്റെ മാവിന്‍മേല്‍ മൂത്തുപഴുത്ത് കിടന്ന മാങ്ങ ഏറെ നാള്‍ കഴിഞ്ഞിട്ടും ഞെട്ടറ്റ് തറയില്‍ പതിച്ചതേയില്ല എന്ന് കൂടി കഥാകൃത്ത് അതിശയോക്തിപരമായി പറഞ്ഞ് വെക്കുന്നു.

.                                                            തുടര്‍ന്ന് കച്ചവടക്കാരന്‍ വന്നത് വളര്‍ത്ത് മൃഗങ്ങളുടേയും പക്ഷികളുടേയും പ്ലാസ്റ്റിക് പ്രതിമകളുമായിട്ടാണ്. അതിനും വലിയ സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. ആ നാട്ടിലെ തമ്പുരാന് പണ്ട് ഏഴ് ആന ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആകെ ഉള്ളത് ഒരു പിടിയാന മാത്രം. അതിനെ പരിപാലിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. ദെവസോം ഒരു പറ അരിയുടെ ചോറുവേണം, തേങ്ങ വേണം, പഴം വേണം. തമ്പുരാന്റെ ബുദ്ധിമുട്ട് കണ്ട് ആ കറുത്ത കണ്ണട വെച്ച കച്ചവടക്കാരന്‍ പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു കൊമ്പനാനയെ തന്നെ കൊണ്ടു കൊടുക്കുന്നു. പഴയ പിടിയാനയെ തമ്പുരാന്‍ സര്‍ക്കസുകാര്‍ക്ക് വില്‍ക്കുന്നു. പ്ലാസ്റ്റിക് കൊമ്പനാന വന്നതോടെ തമ്പുരാന്റെ പ്രശസ്തി നാടൊട്ടുക്കും പരന്നു. തമ്പുരാന്‍ പഴയ പ്രതാപത്തിലേക്ക് വന്നു.

ഇതേ സമയം നമ്മുടെ ഇട്ടുണ്ണിനായര്‍ എന്നും പൂക്കട തുറക്കും. കടം പറഞ്ഞായാലും പൂവ് വാങ്ങി വില്‍പനക്ക് വെക്കും. ആരും പൂവ് വാങ്ങുന്നില്ല. വൈകുന്നേരം വാടിയ പൂവ് നാണിയുടെ ആട് തിന്നും. മുല്ലപ്പൂവും കനകാംബരവും തിന്ന് ആട് കൊഴുത്തു. കഞ്ഞിക്കരിയില്ല. ഇങ്ങനെ പട്ടിണി കിടക്കുന്നതിലും ഭേദം ആത്മഹത്യയാണ് എന്ന് ഇട്ടുണ്ണിനായരുടെ ഭാര്യ മാളുവമ്മ പറഞ്ഞു.കഥയുടെ ക്ലൈമാക്‌സില്‍ ഇട്ടുണ്ണിനായര്‍ കടയില്‍ ഇരിക്കുമ്പോള്‍ കറുത്ത കണ്ണട ധരിച്ച കച്ചവടക്കാരന്‍ അതുവഴി പോകുന്നു. അയാളോട്– പ്ലാസ്റ്റിക് കൊണ്ട് ഒരു ഇട്ടുണ്ണിനായരെ ഉണ്ടാക്കിതരൂ, അതാകുമ്പോ വിശപ്പും ദാഹവും ഒന്നും അറിയേണ്ടല്ലോ എന്ന് നായര്‍ ദയനീയമായി പറയുന്നു.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. കണ്ണടക്കാരന്‍ വാക്ക് പാലിച്ചു പിറ്റേന്ന് മുതല്‍ കടയില്‍ പൂവുകള്‍ വാടിക്കിടക്കുന്ന കൂട്ടകള്‍ക്ക് പിറകിലായി ഇട്ടുണ്ണിനായര്‍ ഇരിക്കുന്നത് കണ്ടു. അതുവഴി പോയ ആളുകള്‍ പിടിച്ച് നോക്കിയിട്ട് പറഞ്ഞു . ഇട്ടുണ്ണിനായരേ പോലെ തന്നെ ഉണ്ട്. പ്ലാസ്റ്റിക് ബൊമ്മ. ഇന്നത്തെ ലോകത്തെ കീഴടക്കിയ പ്ലാസ്റ്റിക് എന്ന വിപത്ത് നിഷ്‌കളങ്കമായ പ്രകൃതിയേയും മനുഷ്യനേയും എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്ന് ഈ കഥ കാട്ടിത്തരുന്നു. കറുത്ത കണ്ണട ധരിച്ച കച്ചവടക്കാരന്‍ ആഗോളവത്കരണത്തിലധിഷ്ഠിതമായ കമ്പോളവ്യവസ്ഥിതിയുടെ പ്രതീകമാണ്. എം മുകുന്ദന്റെ കഥകളില്‍ കാണുന്ന സവിശേഷമായ ക്രാഫ്റ്റ് ഈ കഥയിലും കാണാം. സമാഹാരത്തിലെ തീ കൊണ്ടു കളിച്ച ഒരാള്‍, മുലപ്പാല്‍ , ദിനോസറുകളുടെ കാലം എന്നീ കഥകളും മികച്ചവയാണ്.

സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
                                                                                                 ഗിരീഷ് നമശിവായം.

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts