88)ഒരു ജന്മം …. അനേകം ഗുരുക്കൻമാർ…

ജീവിതത്തിൽ മുഖം മൂടി ധരിക്കാതിരിക്കുന്നത് കൊണ്ട് എനിക്ക് ഒരുപാട്  മെച്ചങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെ എന്നെ പ്രാപ്തനാക്കിയത് ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ തന്നെയാണ്. പേരിനോടൊപ്പം ചേർത്ത് പറയാൻ ഒരു ബിരുദം പോലും ഇല്ലാത്തതിനാൽ ഈ അനുഭവങ്ങൾ തന്നെയാണ് എന്നെ സംബന്ധിച്ചടത്തോളം പ്രധാന ഗുരു. എന്റെ വ്യക്തിത്വം പണയം വെയ്ചുകൊണ്ട് യാതൊന്നും ഞാൻ ചെയ്യാറില്ല. അതുകൊണ്ടു തന്നെ ശത്രുക്കൾക്കും കുറവില്ല. ഒരു people Pleaser അല്ലാത്തതു കൊണ്ടുള്ള പ്രശ്നമാണ്. ഒരു ശത്രുവും ഇല്ലാത്തവൻ ജീവിച്ചിട്ടേ ഇല്ല എന്ന് ആരോ പറഞ്ഞത് ഈ അവസരത്തിൽ സ്മരിക്കുന്നു..

2003 കാലഘട്ടത്തിൽ തന്നെ ആർട്ട് ഓഫ് ലിവിങിന്റെ ഹാപ്പിനസ് പ്രോഗ്രാമിൽ പങ്കെടുക്കുവാൻ കഴിഞ്ഞതാണ് എന്റെ ജീവിതത്തിൽ നിർണ്ണായകമായത്. പിൽകാലത്ത് ബാംഗ്ലൂർ ആശ്രമത്തിൽ പോയി താമസിക്കാനും കഴിഞ്ഞു. ചിലർ ശ്രീ ശ്രീ രവിശങ്കറിനെ ആൾദൈവം എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഗുരു എന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്ന വഴികാട്ടിയായ ഗുരു. വ്യക്തികളെയും സാഹചര്യങ്ങളെയും അത് എങ്ങനെയാണോ അതുപോലെ ഉൾക്കൊള്ളാൻ പഠിപ്പിച്ചത് ഗുരുജിയാണ് ( Accept people and things as it is ).  സ്വാമി വിവേകാനന്ദനും ചട്ടമ്പി സ്വാമികളും നാരായണ ഗുരുദേവനുമൊക്കെ ഇന്ന് ജീവിച്ചിരുന്നുവെങ്കിൽ അവരെയും ദോഷൈകദൃക്കുകൾ ആൾദൈവം എന്ന് മുദ്രകുത്തുമായിരുന്നു.

ഞാൻ ഫോർമാലിറ്റികളിൽ ഒന്നും വിശ്വസിക്കുന്ന ആളല്ല.  മുഖംമൂടി ധരിക്കാത്തത് കൊണ്ട് പല വിഷയങ്ങളിലും അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞതുമൂലം എനിക്ക് പല വിലപ്പെട്ട സൌഹൃദങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ പെട്ടെന്ന് തന്നെ തെറ്റ് തിരിച്ചറിഞ്ഞ് അത് തിരുത്താനും കഴിഞ്ഞു. നമ്മൾ ഒരു വ്യക്തിയെ വിമർശിക്കുമ്പോൾ ആ വ്യക്തി ഉൾപ്പെട്ട അഥവാ ഞാനും കൂടി ഉൾപ്പെട്ട സിസ്റ്റത്തെ മുഴുവനും   വിമർശിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുകയും ആ സിസ്റ്റത്തിൽ ഉള്ളവർ പോലും നമ്മളെ സംശയദൃഷ്ടിയോടെ കാണുന്ന അവസ്ഥ സംജാതമാകുകയും ചെയ്തു. പാപത്തെ വെറുക്കണം , പാപം ചെയ്തവനെ അല്ല എന്ന് എന്ന ക്രിസ്തുവചനം ഓർക്കുക.ആധുനിക ലോകത്ത് പലരും വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നില്ല.

ഗുരുക്കൻമാരെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മരണപ്പെട്ടവരെ ഓർക്കുന്നു. മരിച്ചുപോയവരുടെ ആത്മാക്കൾ അങ്ങ് ദൂരെ ഏതോ ഒരു ലോകത്തിരുന്ന് എന്റെ നേരേ അനുഗ്രഹങ്ങൾ ചൊരിയുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ ഓർമ്മയിൽ ഇത്തരത്തിലുള്ള ആദ്യത്തെ വിയോഗം ഫൈസലിന്റേതായിരുന്നു. പ്രീഡിഗ്രിക്ക് ഞങ്ങൾ ഒരുമിച്ച് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ഉണ്ടായിരുന്നു. ഞാൻ എസ് എസ് എൽ സി രണ്ട് വർഷം പഠിച്ച കഥ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. രണ്ടാംവർഷം റാങ്ക് മാർക്ക് ഉണ്ടായിരുന്നുവെങ്കിലും എന്റെ വീടിനടുത്തുള്ള പുനലൂർ ശ്രീനാരായണ കോളേജ് ഞാൻ ഉപരിപഠനത്തിനായി തിരഞ്ഞെടുത്തില്ല. കാരണം എന്റെ കൂടെ സ്കൂളിൽ അഞ്ച് മുതൽ പത്തുവരെ പഠിച്ച സഹപാഠികൾ മിക്കവരും അവിടെയാണ് പഠിച്ചിരുന്നത്. ഞാൻ വളരെ ഡിപ്രഷനിലൂടെ കടന്ന് പോകുന്ന സമയമായിരുന്നു. പഴയ സഹപാഠികളിൽ നിന്ന് ഒളിച്ച് നടന്നു.. എല്ലാത്തിലും നിന്ന് ഉൾവലിഞ്ഞു. പ്രീഡിഗ്രി ലാസ്റ്റ് ബാച്ച് ആയിരുന്നു ഞങ്ങൾ. അതായത് ഞങ്ങൾ സെക്കന്റ് ഇയർ എത്തിയ സമയം സർക്കാർ പ്രീഡിഗ്രി നിർത്തലാക്കി പകരം പ്ലസ് ടു കൊണ്ടു വന്നു. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിയ രണ്ട് മോശം കാര്യങ്ങളിൽ ഒന്നായിട്ട് ഞാൻ കാണുന്നത് ഇതാണ്. രണ്ടാമത്തത് ഡി പി ഇ പി സമ്പ്രദായം അധ്യാപക സംഘടനകളുടെ സംഘടിതമായ ഭീഷണിക്ക് വഴിപ്പെട്ട് ഇല്ലാതാക്കിയതാണ്.  വെറും ഗിരീഷിനെ ഗിരീഷ് നമശിവായമാക്കിയതിൽ   ഈ പ്രീഡിഗ്രിക്കാലത്തിന് വലിയ പങ്കുണ്ട്. പ്രീഡിഗ്രി ഫസ്റ്റ് ഇയർ ആദ്യ ദിവസങ്ങളിൽ തന്നെ ഫൈസലുമായി ഞാൻ അടുത്തു. സിനിമ തന്നെ ആയിരുന്നു അതിന്റയും മൂലഹേതു. എന്റെ അച്ഛന് സിനിമാകൊട്ടകയിലാണ് പണി എന്നറിഞ്ഞപ്പോൾ അവൻ എക്സൈറ്റഡ് ആയി. കടയ്ക്കലിന് സമീപം കാഞ്ഞിരത്തുമ്മൂട് ഉള്ള അവന്റെ വീട്ടിൽ എന്നെ പല തവണ കൊണ്ടുപോയി. രണ്ടുനില വീടാണ്. അവിടെ വെച്ചാണ് ഞാൻ കിവി എന്ന പഴവും വാൽനട്ടും ആദ്യമായി കഴിക്കുന്നത്. ഗൾഫ് കുടുംബമാണ്. ഞാൻ അവനെ പുനലൂർ കൊണ്ടുവന്ന് കൊട്ടകയിലെ സിനിമകൾ കാണിച്ചു. എനിക്കും ഫ്രണ്ട്സിനും ഫ്രീ ടിക്കറ്റാണ്. കാക്കക്കുയിൽ എന്ന സിനിമ ഞങ്ങൾ ഒരുമിച്ച് കണ്ടത് ഇന്നും ഓർക്കുന്നു. ലാലേട്ടന്റെ അത്ര നന്നായി മമ്മൂക്ക ഡാൻസ് ചെയ്യില്ല എന്ന് കട്ട മമ്മൂട്ടി ഫാനായ അവൻ സമ്മതിച്ചു തന്നു. പിന്നീട് ഒരിക്കൽ ലാലേട്ടന്റെ താണ്ഡവം എന്ന സിനിമ കണ്ട് അവൻ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും ഓർക്കുന്നു. ഇപ്പോൾ സിനിമയിലെ അവന്റെ ടേസ്റ്റ് മനസിലായി കാണുമല്ലോ. അഞ്ചൽ ആലഞ്ചേരി ഉള്ള സലിം തിയറ്ററിൽ ഉച്ചപ്പടം കാണാനും ഞങ്ങൾ പോയി. ശരിക്കും ഞാൻ ജീവിതത്തിൽ ഒരു സദസിനെ അഭിമുഖീകരിക്കാനും പെൺകുട്ടികളോട് നാണം കുണുങ്ങാതെ ബോൾഡ് ആയിട്ട് സംസാരിക്കാനും പഠിച്ചത് ഫൈസലിൽ നിന്നാണ്.

                        ഫസ്റ്റ് ഇയറിൽ കണ്ട ഞാനേ ആയിരുന്നില്ല സെക്കന്റ് ഇയറിൽ. അടിമുടി മാറ്റം. ഏതാണ്ട് അതേ സമയത്താണ് പോക്കറ്റ് മണി ഉണ്ടാക്കാനായി ഞാൻ ജൈവവളത്തിന്റെ കച്ചവടം തുടങ്ങിയത്. കുന്നിക്കോട് താമസിച്ചിരുന്ന എന്റെ മാമൻ രാജ് മോഹന് വലിയ തോതിൽ വളത്തിന്റെ വ്യാപാരം ഉണ്ടായിരുന്നു. മാമന്റെ മകനായ രതീഷ് എന്റെ സമപ്രായമാണ്. അവനും ഞാനും കൂടി കാൽ നടയായി കൃഷി ഉള്ള വീടുകളിൽ പോയി ഓർഡർ എടുക്കും. മിനി ലോറിയിൽ സാധനം എത്തിച്ചു കൊടുക്കും. ഒരു ചാക്കിന് 40 രൂപ വരെ ലാഭം കിട്ടും. അന്ന് അത് വലിയ തുകയാണ്. അന്ന് ആ പൈസ കൊണ്ട് അമ്മയ്ക്ക് സാരിയും വീട്ടിൽ വളർത്താൻ കുറെ കോഴികളെയും വാങ്ങിച്ചു. ഒരിക്കൽ ഓർഡർ എടുക്കാനായി ചെന്ന് കയറിയത് ഐക്കരക്കോണത്തുള്ള ഷാജി സാറിന്റെ വീട്ടിലാണ്. സാറും ഭാര്യ ഷീല ടീച്ചറും എന്നെ പത്താം ക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ട്. ഷാജി സാർ അപ്പായെ വിളിച്ച് ഉപദേശിച്ചു . എന്നാൽ എന്റെ വ്യക്തിത്വത്തിൽ ഇംപ്രൂവ്മെന്റ് ബോധ്യപ്പെട്ടതിനാൽ അപ്പ അത് കാര്യമാക്കിയില്ല..

                              പറഞ്ഞു വന്നത് ഫൈസലിനെ കുറിച്ചായിരുന്നുവല്ലോ. നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. അതിന് രണ്ട് ദിവസം മുമ്പ് തെങ്കാശിപ്പട്ടണം, ദാദാസാഹിബ് എന്നീ രണ്ട് സിനിമകൾ റിലീസായിരുന്നു. മമ്മൂട്ടി പടമായതിനാൽ ആശാൻ ദാദാസാഹിബ് ആദ്യം തന്നെ കണ്ടു. ഞാനാകട്ടെ രണ്ട് സിനിമകളും റിലീസ് ദിനം തന്നെ കണ്ടു. ദാദാസാഹിബിലെ മമ്മൂട്ടിയുടെ ഡബിൾ റോൾ അഭിനയത്തെയും വിനയന്റെ സംവിധാനമികവിനെയും അവൻ പ്രശംസിച്ചപ്പോൾ ഞാൻ തർക്കിച്ചു.  പടം നൂറ് ദിവസം ഓടും എന്നായി അവൻ. എനിക്ക് കലി കയറി. കൂടെ ഇറങ്ങിയ പടം നീ കണ്ടിട്ടില്ല. ആദ്യം അത് കണ്ടിട്ട് സംസാരിക്ക് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്. സാധാരണ സിനിമ സംബന്ധിച്ച തർക്കങ്ങൾ സ്വാഭാവികമായതിനാൽ ഞാൻ അത് അത്ര ഗൌരവത്തിൽ എടുത്തില്ല. മരിച്ചു എന്ന് കേട്ടപ്പോൾ എനിക്ക് അത് വലിയ ഷോക്ക് ആയി മാറി. അവനോട് തർക്കിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. അവൻ തെങ്കാശിപ്പട്ടണം കണ്ടിരുന്നോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സിനിമാവിഷയത്തിൽ ഞാൻ തർക്കിക്കുമ്പോഴൊക്കെ എന്നാ നീ നല്ല ഒരു സിനിമ എടുത്ത് കാണിക്ക് എന്ന് പറയുന്ന ഫൈസലിനെ ഞാൻ ഇന്നും ഓർക്കുന്നു

എനിക്ക് രാത്രി ഉറക്കമിളച്ചിരുന്ന് വായിക്കുകയും എഴുതുകയും ചെയ്യുന്ന ദുശ്ശീലം ഉണ്ട്. പകൽ ഓഫീസിൽ പോകുന്നതിനാൽ സമയം കിട്ടാറില്ലാത്തതാണ് കാരണം… എന്റെ അവസ്ഥയ്ക്ക് ഉറക്കമിളയ്ക്കാൻ ഒട്ടും പാടില്ലാത്തതാണ്. രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് ഈ രീതിയിൽ തുടർന്നാൽ അതിന്റെ ഹാങ് ഓവർ ഒരാഴ്ച നീണ്ടു നിൽക്കും. ഇങ്ങനെ ഓവർ ആയി ബൌദ്ധികമായ അധ്വാനം നടത്തുമ്പോൾ വിശ്രമിക്കണം എന്ന് എന്നെ ഓർമ്മിപ്പിക്കുന്നത് മനോജാണ്. പോളിയിൽ ഒപ്പം പഠിച്ച സുഹൃത്ത്. പഠനശേഷം അവൻ ടെക്നോപാർക്കിൽ ഒരു സോഫ്റ്റ് വെയർ കമ്പനി ആരംഭിച്ചു. ഐ റ്റി രംഗത്ത് നല്ല മൽസരമാണല്ലോ. രാത്രി മുഴുവൻ അത്യധ്വാനം തന്നെ. ഒരിയ്ക്കൽ രാത്രി ഉറങ്ങാൻ കിടന്ന മനോജ് രാവിലെ എഴുന്നേറ്റില്ല..ഐറ്റി ഫീൽഡിലെ അമിതമായ അധ്വാനവും സമ്മർദ്ദവുമാണോ മരണ കാരണം എന്നത് തീർച്ചയില്ല. അതോ ഞങ്ങൾ പോളിയിലെ സുഹൃത്തുക്കൾക്ക് വർഷത്തിൽ ഒരിക്കൽ ഒത്തുചേരാൻ അവനായിട്ട് ഒരു നിമിത്തം ആയതോ…. അറിയില്ല

ഞാൻ അനിയൻമാമൻ എന്ന് വിളിക്കുന്ന ശ്രീകുമാർ – എന്റെ എട്ട് മാമൻമാരിൽ ഒരാൾ. മാമനും എന്നെപ്പോലെ മോഹൻലാൽ ഫാൻ ആയിരുന്നു. ബൈക്ക് ആക്സിഡന്റിലാണ് മരണപ്പെട്ടത്. ഞാൻ വാഹനം ഓടിക്കുമ്പോൾ വലിയ തോതിൽ ശ്രദ്ധ കൊടുക്കുന്നതിന് അബോധതലത്തിൽ ഇത് ഒരു കാരണമാകാം.

ആത്മമിത്രയിൽ എൻ എൽ പി പഠനത്തിനിടയിലാണ് വിപിനെ പരിചയപ്പെടുന്നത്. അതിന് ശേഷം പലപ്പോഴും വിളിച്ച് സംസാരിക്കുമ്പോൾ ഒക്കെ എന്നെ മോട്ടിവേഷൻ കൊണ്ട് ഉത്തേജിതനാക്കും. പെട്ടെന്ന് ഒരു നാൾ വിപിൻ ഈ ലോകം വിട്ട് പോയപ്പോഴാണ് മരണകാരണം ക്യാൻസർ ആയിരുന്നു എന്ന് ഞാൻ അറിയുന്നത്. ആത്മമിത്രയിൽ ഫാദർ ടോബിക്കും തെരേസിനും ഒക്കെ അറിയാമായിരുന്നു. എനിക്ക് എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടാകുമ്പോഴും ഞാൻ അത് ആരോടെങ്കിലും പറയുമായിരുന്നു. അങ്ങിനെ ചെയ്യരുത്, എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം  എന്ന വലിയ പാഠമാണ് വിപിൻ എന്നെ പഠിപ്പിച്ചത്

എന്റെ ഭാര്യവീട് തിരുവനന്തപുരം കരമന ദുർഗ്ഗാനഗറിലാണ് ( ആ മേൽവിലാസമാണ് നിലവിൽ തൂലികാസൌഹൃദത്തിനും നൽകിയിരിക്കുന്നത്. കത്തുകൾ എളുപ്പം കിട്ടുന്നതിനായി ) . ആ വീട്ടിന് സമീപം കോടതി വ്യവഹാരത്തിൽ പെട്ട് കാടു കയറിയ ഒരു വീട്ടിൽ രാമചന്ദ്രൻ എന്ന ഒരു അവധൂതൻ താമസിച്ചിരുന്നു. യാചിച്ച് കഴിഞ്ഞു കൂടിയിരുന്ന ആ വൃദ്ധന് ഞാൻ മിക്കപ്പോഴും പണം കൊടുക്കാറുണ്ടായിരുന്നു. അധികം ആരോടും മിണ്ടാട്ടം ഇല്ലാത്ത ഈ മനുഷ്യൻ ചിലപ്പോഴൊക്കെ എന്നോട് വാചാലനാകുമായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു ഒരാഴ്ച പനിയായി കിടന്ന ശേഷം ഞാൻ പുറത്തിറങ്ങിയ സമയം. പുള്ളി നടന്ന് വരുന്നു , ഞാൻ എതിരേയും… ഒരാഴ്ച കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് പനിയായിരുന്നു എന്ന് ഞാൻ പറഞ്ഞതും പുള്ളി ഓടി വന്ന് എന്റെ നെറ്റിയിൽ കൈ വെച്ച് നോക്കി. ചൂട് വിട്ടിട്ടില്ലല്ലോ എന്ന് പറഞ്ഞു. ആദ്യമായിട്ടാണ് പുള്ളി എന്നെ ടച്ച് ചെയ്യുന്നത്. ആ സംഭവം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞു കാണും രാമചന്ദ്രൻ എന്നോട് ഉപയോഗിച്ച ഒരു ചെരുപ്പ് ആവശ്യപ്പെട്ടു. ഇനി പറയാൻ പോകുന്നത് ശ്രദ്ധിച്ച് കേൾക്കണം . പോയിന്റാണ്. ഞാൻ വീട്ടിൽ വന്ന് അയാൾക്ക് ചെരുപ്പിനോടൊപ്പം എന്റെ വലിയ പഴക്കമില്ലാത്ത കുറച്ച് ഉടുപ്പുകളും കൊടുക്കാൻ തീരുമാനിച്ച കാര്യം ഭാര്യയോട് പറയുന്നു. നിങ്ങളുടെ ഉടുപ്പും ഇട്ടുകൊണ്ട് വീടിന് മുറ്റത്തുകൂടി അയാൾ പോകും അതുകൊണ്ട് പറ്റില്ല എന്ന മട്ടിൽ ഭാര്യ മുഖം കറുത്ത് എന്തോ പറഞ്ഞു. ഞാനും അത് പിന്നീടാകാം എന്ന് നിശ്ചയിച്ചു.

പിന്നെയും കുറെ ദിവസം കഴിഞ്ഞിരിക്കണം. രാമചന്ദ്രനെ വഴിയിൽ കാണുന്നില്ല. ഞാൻ അയാളെ തിരക്കി താമസിക്കുന്ന സ്ഥലത്ത് ചെന്നു. ഒരുപാട് വിളി വിളിച്ച ശേഷം വളരെ അവശനായി അയാൾ കടന്ന് വന്നു. സാറ് വന്നോ എന്ന ചോദ്യവുമായി. വയ്യാതിരിക്കുകയാണല്ലോ എന്നും പറഞ്ഞ് ഞാൻ ഒരു നൂറ് രൂപ നോട്ട് നീട്ടിയത് വാങ്ങി. കൈ ഉയർത്തി ആശീർവദിക്കുന്നതുപോലെ നിന്നപ്പോഴാണ് ഞാൻ അയാളുടെ വാസസ്ഥലം ശരിക്കും കാണുന്നത്. ഷിർദി സായി ബാബയുടെ ഫോട്ടോ. എരിയുന്ന ചന്ദനത്തിരി… മനസ് കൊണ്ട് ഞാൻ വേറെ ഏതോ ലോകത്ത് എത്തി. ഒരു അമ്പലത്തിന്റെ മുന്നിൽ നിൽക്കുന്ന പ്രതീതി. ഈ സംഭവം നടന്നിട്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞു കാണും. അതുവഴി പോയപ്പോൾ പോലീസും വാർഡ് മെമ്പറും ഒക്കെ കൂടി നിൽക്കുന്നു. രാമചന്ദ്രൻ മരിച്ചു എന്ന വാർത്തയേക്കാൾ ഉപരി ആ മൃതദേഹം ഒരാഴ്ചയിലേറെ പഴക്കം വന്ന് ജീർണിച്ച് പുഴുവരിച്ച് തുടങ്ങി എന്ന അറിവാണ് എന്നെ ഞെട്ടിച്ചത്. ഞാൻ ഡയറി എഴുതാറുണ്ടെങ്കിലും രാമചന്ദ്രനെ താമസസ്ഥലത്ത് വെച്ച് കണ്ട കറക്റ്റ് തീയതി അതിൽ എഴുതിയിട്ടില്ല. ഒരാഴ്ചയ്ക്കകത്ത് തന്നെയാണ് കണ്ടത് എന്ന ഓർമ്മ വീട്ടിൽ പങ്കുവെച്ചപ്പോഴും ആരും വിശ്വസിച്ചില്ല. രാമചന്ദ്രൻ എന്നെ പഠിപ്പിച്ച പാഠം നമുക്ക് എന്തെങ്കിലും നല്ലത് ചെയ്യണം എന്ന് തോന്നിയാൽ അത് അപ്പോൾ തന്നെ ചെയ്തേക്കണം. പിന്നെത്തേക്ക് മാറ്റിവെച്ചാൽ ചിലപ്പോൾ പറ്റിയില്ലെങ്കിലോ…. നാളെ ഈ നമ്മൾ തന്നെ ജീവിച്ചിരിക്കും എന്ന് ഉറപ്പുണ്ടോ ?

സിനിമ എഴുതാനുള്ള എന്റെ മോഹത്തെപ്പറ്റി കഥകൾ വായിക്കുന്ന ബ്ലോഗ് ഫോളോ ചെയ്യുന്ന എല്ലാവർക്കും അറിയാം. എന്നാൽ എന്നിലെ അഭിനയമോഹിയെ അധികമാർക്കും അറിയില്ല. അത് മനസിലാക്കിയ വ്യക്തിയായിരുന്നു തിരുവനന്തപുരത്ത് കളം ആക്ടിങ് സ്കൂൾ നടത്തിയിരുന്ന പ്രശാന്ത് നാരായണൻ സാർ ( മോഹൻലാലിനെയും മുകേഷിനെയും വെച്ച് ഛായാമുഖി എന്ന നാടകം എഴുതി സംവിധാനം ചെയ്ത മഹാപ്രതിഭ ) . അദ്ദേഹം നടത്തിയ അഭിനയ ശില്പശാലകളിൽ ഞാൻ പങ്കാളിയായി. അത്തരം ഒന്നിൽ വെച്ചാണ് പിൽകാലത്ത് താക്കോൽ എന്ന സിനിമ ചെയ്ത കിരൺ പ്രഭാകരനുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. ഞാൻ ആദ്യ സിനിമയായി പ്ലാൻ ചെയ്യുന്ന സിനിമയിൽ ഒരു തെരുവ് നാടകം കടന്നു വരുന്നുണ്ട്. അഞ്ചാമത്തെ ഡ്രാഫ്റ്റ് വരെ ആ ഭാഗം 7 മിനിറ്റ് ഉള്ള ഒരു സീക്വൻസ് ആയിരുന്നുവെങ്കിലും ലോക്ക് ചെയ്ത തിരക്കഥയിൽ ഒന്നര മിനിറ്റായി ചുരുക്കിയിട്ടുണ്ട്. ഫസ്റ്റ് ഡ്രാഫ്റ്റിന്റെ സമയം മുതൽ നാടകത്തിന്റെ ഭാഗം പ്രശാന്ത് സാറുമായി ചർച്ച ചെയ്തിരുന്നു. നല്ല ചില നിർദ്ദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്തു. സിനിമ ചിത്രീകരണസമയത്ത് കൂടെയുണ്ടാകും എന്ന ഉറപ്പ് പാലിക്കാൻ കഴിയാതെ അദ്ദേഹവും കാലയവനികക്കുള്ളിൽ മറഞ്ഞു. ഇന്നും പലരും ധരിച്ച് വെച്ചിരിക്കുന്നത് ഛായാമുഖി എന്ന കണ്ണാടിയുടെ കഥ മഹാഭാരതത്തിൽ ശരിക്കും ഉള്ളതാണ് എന്നതാണ്. കലാകാരൻ ഈ ലോകം വിട്ട് പോയാലും അയാളുടെ സൃഷ്ടികളിലൂടെ ജീവിക്കും എന്നതാണ് പ്രശാന്ത് നാരായണൻ എനിക്ക് തന്ന പാഠം.

മരണപ്പെട്ടുപോയവർ എല്ലാവരും മാലാഖകളായി വന്ന് നമ്മളെ ഒക്കെ അനുഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്. ജനിക്കാതെ പോയ മകനും വിലപ്പെട്ട പാഠം പകർന്ന് നൽകുന്നുണ്ട്. ജീവിതത്തിന്റെ നിർണായകമായ ചില അവസ്ഥകളിൽ നമ്മൾ എടുക്കുന്ന ഒരു തീരുമാനത്തിന് പോലും ജീവന്റെ വില ഉണ്ട് എന്ന പൊള്ളുന്ന യാഥാർത്ഥ്യം…. എന്നാൽ ഞാൻ ബ്രഹ്മമാണ്… ഈശ്വരനാണ്…. സൃഷ്ടിക്കുന്നവനാണ്…. എന്റെ കഥകളിലൂടെ സിനിമകളിലൂടെ നഷ്ടപ്പെട്ടുപോയതും കാലം എന്നിൽ നിന്നും കവർന്നെടുത്തതുമായ എല്ലാ സൌഭാഗ്യങ്ങളെയും പുനസൃഷ്ടിക്കാൻ കരുത്തുള്ള ബ്രഹ്മം…. അഹം ബ്രഹ്മാസ്മി

അമ്മ രാധാമണിയിൽ നിന്നും ഭക്തിയും മിതവ്യയശീലവും മധുരമായ ഭാഷണവും ഞാൻ ജീവിതത്തിൽ പകർത്തി. സിനിമാഭ്രമവും കണക്കുകൾ എഴുതി വെയ്ക്കുന്ന ശീലവും അച്ഛനിൽ നിന്നും പഠിച്ചു. ഭാര്യാപിതാവ് രംഗസ്വാമിയും എന്റെ വേറെ ഒരു പതിപ്പാണ്. സിനിമാഭ്രമത്തിന്റെ കാര്യത്തിലും നാളെത്തേക്ക് കൂട്ടിവെയ്ക്കാതെ ഇന്നിൽ ജീവിക്കുന്ന കാര്യത്തിലും അദ്ദേഹം എനിക്ക് ഗുരുവാണ്. എമ്പുരാൻ കാണാൻ 6 മണി ഫാൻസ് ഷോയ്ക്ക് വരാൻ തയ്യാറായി വന്നതാണ്. എന്നാൽ തിയറ്ററിൽ തിക്കും തിരക്കും ഉള്ളതിനാൽ ഞാൻ നിരുൽസാഹപ്പെടുത്തിയതാണ്. ( ഈ കാരണത്താലാണ്  സ്വപ്ന സഞ്ചാരി എന്ന ഈ ബുക്ക് ആദ്യ കോപ്പി എന്റെ അപ്പാ നമശിവായവും ഭാര്യാപിതാവ് രംഗസ്വാമിയും ചേർന്ന് ഏറ്റ് വാങ്ങുന്ന രീതിയിൽ പുസ്തക പ്രകാശനചടങ്ങ് സംഘടിപ്പിച്ചത് )

മകൾ ഗൌരി തിരുവല്ലം ക്രൈസ്റ്റ് നഗർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പുതിയ തലമുറയുടെ അഭിരുചി അവളിലൂടെ ഞാൻ അറിയുന്നു. എന്നെ ഭൌതികമായ materialistic ആയ വിഷയങ്ങളിൽ പിടിച്ച് നിർത്തുന്നത് ഭാര്യ രേവതിയുടെ സ്വാധീനമാണ്. അവൾ ഇല്ലെങ്കിൽ ഞാൻ ഒരുപക്ഷേ സന്യാസി ആകുമായിരുന്നു. തിരുവനന്തപുരത്ത് ഞാൻ ഭാവിയിൽ ഒരു നല്ല വീടും പുരയിടവും സ്വന്തമാക്കുന്നുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രഡിറ്റ് അവൾക്കായിരിക്കും. കാരണം അവൾ നോക്കാത്ത റിയൽ എസ്റ്റേറ്റ് സൈറ്റുകൾ ഇല്ല. പത്രത്തിലെ വസ്തു വിൽപന സംബന്ധിച്ച ക്ലാസിഫൈഡ് അരിച്ച് പെറുക്കും. കയ്യിൽ അഞ്ച് പൈസ ഇല്ലെങ്കിലും ഈ കാര്യത്തിൽ എനിക്ക് ഇല്ലാത്ത ശുഭ ചിന്തയാണ് അവൾക്ക്. എവിടെ വീട് വെയ്ക്കുന്നത് കണ്ടാലും കോൺട്രാക്ടറുടെ നമ്പർ വാങ്ങി എന്നെക്കൊണ്ട് വിളിപ്പിക്കും. ഇപ്പോൾ സ്ക്വയർഫീറ്റിന് എത്രയാ റേറ്റ് തുടങ്ങി ഏത് തടിയാണ് ഉപയോഗിക്കുന്നത് എന്ന് വരെ ചോദിച്ച് മനസിലാക്കും… ലാ ഓഫ് അട്രാക്ഷൻ മാനിഫസ്റ്റ് ചെയ്യപ്പെടുമെങ്കിൽ മിക്കവാറും തലസ്ഥാന നഗരിയിൽ ഒരു വീടെന്ന അവളുടെ സ്വപ്നം സഫലമാകാതിരിക്കില്ല….

പഠിപ്പിച്ച അധ്യാപകരിലേക്ക് തിരിഞ്ഞുനോക്കിയാൽ പുനലൂർ പ്രസിഡൻസി ടൂട്ടോറിയൽ നടത്തിയിരുന്ന അജയൻസാർ ഒരുപാട് കാലം ഫീസ് വാങ്ങാതെ എന്നെ പഠിപ്പിച്ചു. അന്ന് ട്യൂഷൻ പഠിപ്പിച്ച് നടന്ന അജയൻ സാർ ഇപ്പോൾ ഹയർ സെക്കണ്ടറിയിൽ അധ്യാപകനാണ്.  വിദ്യ പകരും തോറും ഇരട്ടിക്കും എന്നതും വിദ്യ പകർന്ന് കൊടുക്കുമ്പോൾ പ്രതിഫലം ഇശ്ചിച്ചില്ലെങ്കിൽ കൂടി പ്രപഞ്ചം സൌഭാഗ്യങ്ങൾ ഇരട്ടിയായി നമ്മളിലേക്ക് എത്തിക്കും എന്ന പാഠം ഞാൻ അജയൻ സാറിലൂടെ പഠിച്ചു. ഇന്ന് ട്രെയിനർ എന്ന നിലയിൽ സക്സസ് ലൈഫ് അക്കാദമിയിലൂടെ ഞാൻ അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

എസ് എസ് എൽ സി രണ്ടാം വർഷം പഠിച്ചത് വാളക്കോട് ലേണേഴ്സ് ട്യൂഷൻ സെന്ററിലാണ്. കണക്ക് പഠിപ്പിച്ചത് അതിന്റെ ഉടമസ്ഥൻ കൂടിയായ രാജാമണി സാറായിരുന്നു. എസ് എസ് എൽ സിക്ക് എനിക്ക് കണക്കിന് 100 ൽ 99 മാർക്ക് ലഭിച്ചതിന് കാരണക്കാരൻ.. രാജാമണി സാർ കെ എസ് ആർ ടി സിയിൽ കണ്ടക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രശ്നം സ്വന്തമായി നിലപാടുകൾ ഉള്ള വ്യക്തി ആയിരുന്നു എന്നതാണ്. സ്വാഭാവികമായും ശത്രുക്കൾ ഉണ്ടായി. സർവ്വീസിൽ നിന്നും പുറത്താക്കപ്പെട്ടു. പല കാര്യങ്ങളിലും നിലപാടുകൾ ഉണ്ടെങ്കിലും ഈ ലോകം അഭിനയിക്കാൻ അറിയാവുന്ന നടൻമാരെ ആവശ്യപ്പെടുന്നു എന്നത് മനസിലാക്കി ഏറ്റവും നന്നായി അഭിനയിക്കണം എന്ന പാഠമാണ് രാജമണി സാർ പകർന്ന് നൽകിയത്. ഇരുന്നിട്ട് കാൽ നീട്ടുക എന്ന പാഠം.

കത്ത് എഴുതുന്ന ശീലം എനിക്ക് പകർന്ന് കിട്ടിയത് വേറെ ഒരു മാമനായ ബാല സുബ്രബ്രഹ്മണ്യത്തിൽ നിന്നാണ് ( ഹരി മാമൻ എന്ന് വിളിപ്പേര് ). മാമൻ ഗൾഫിൽ നിന്ന് അയച്ച കത്തുകളുടെ വലിയ ശേഖരം ഞാൻ അടിച്ചുമാറ്റി കൊണ്ടു വന്ന് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ( എന്റെ www.gforgenius.in ബ്ലോഗിലെ പ്രവാസം എന്ന കഥ കാണുക )

കപ്പലണ്ടി എടുക്കാനായി കുപ്പിക്കുള്ളിൽ കൈ കടത്തി ബുദ്ധിമുട്ടിലായ കുരങ്ങന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടാകും. കുരങ്ങൻ വലിയ ഒരുപിടി കപ്പലണ്ടി വാരി അത് മുറുകെ പിടിച്ചിരിക്കുകയാണ്. അത് ഉപേക്ഷിച്ചാൽ സ്വതന്ത്രനാകാം. എന്നാൽ ചെയ്യില്ല. എന്റെ വളരെ അടുത്ത ബന്ധുവിനെ പറ്റിയാണ് പരാമർശം. നെഗറ്റീവ് ആയ കാര്യം ആയതിനാൽ ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല. അതിരു തർക്കങ്ങളും ഭൂമിക്ക് വേണ്ടിയുള്ള വ്യവഹാരങ്ങളും മനുഷ്യരെ നശിപ്പിക്കും എന്നതാണ് ഇതിൽ നിന്നും പഠിച്ച പാഠം. ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിട്ടുണ്ടല്ലോ Let it go എന്ന നിലപാട് സ്വീകരിച്ചാൽ ശാന്തമായി ജീവിക്കാം നമുക്ക് ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കുക.. ചുറ്റിലും കാണുന്ന ഭൂമി , കെട്ടിടങ്ങൾ എല്ലാം കാലാകാലങ്ങളിൽ ഉടമസ്ഥർ മാറി മാറി വരുന്നു. രണ്ടേക്കറിന്റെ ജന്മിക്കും ആറടി മണ്ണേ അവസാനം സ്വന്തമാകുന്നുള്ളൂ. പ്രേംനസീറിന്റെ ശവകുടീരം കാട് മൂടി കിടക്കുന്നത ചിത്രം സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചത് കണ്ടിരിക്കുമല്ലോ.. ആയിരത്തിലേറെ സിനിമകളിൽ നായകനായി അഭിനയിച്ച പത്മവിഭൂഷൺ ബഹുമതി നേടിയ കലാകാരന്റെ സ്ഥിതി ഇതാണെങ്കിൽ സാധാരണ മനുഷ്യരുടെ കാര്യം പറയാനുണ്ടോ…

ഞാൻ ജീവിതത്തിൽ മദ്യമോ സിഗററ്റോ മറ്റ് ലഹരി വസ്തുക്കളോ  ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയുമില്ല. ഈ തീരുമാനം എടുക്കാൻ കാരണം ചങ്ങനാശ്ശേരി ആർ എം എസ് ഓഫീസിൽ എന്റെ കൂടെ ജോലി ചെയ്യുകയും പിന്നീട് അമിത മദ്യപാനം മൂലം ആത്മഹത്യയിൽ അഭയം തേടുകയും ചെയ്ത ബാലചന്ദ്രന്റെ ജീവിതത്തിൽ നിന്നും പാഠം പഠിച്ചതിനാൽ ആണ് ( എന്റെ www.gforgenius.in ബ്ലോഗിലെ ഒരു മദ്യപാനിയുടെ ജനനം എന്ന കഥ വായിച്ചാലും )

എനിക്കുള്ള അതേ രോഗാവസ്ഥ- ബൈ പോളാർ മൂഡ് ഡിസ്ഓർഡർ- ഉള്ള രണ്ട് പേരെ ജീവിതത്തിൽ അടുത്തറിയാനും കണ്ടും ഫോണിലൂടെയും സംവദിക്കാനും അവസരം ലഭിച്ചു. അതിൽ നിന്നും ഈ പ്രശ്നം മറച്ച് വെച്ച് കൊണ്ട് സമൂഹത്തിൽ ജീവിക്കുന്നത് ജീവിതം നരക തുല്യമാക്കും എന്ന വസ്തുത വെളിപ്പെട്ടു. ആദ്യത്തെ വ്യക്തി ചിത്രകാരനായ റാസി റൊസാരിയോ  ആണ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ശ്രീ ആന്റോ മൈക്കിളിന്റെ സെൽഫ് ഇംപ്രൂവ് മെന്റ് ഹബ്ബ് എന്ന കൂട്ടായ്മ നടത്തിയ ഒരു ഓൺലൈൻ മോട്ടിവേഷൻ സെഷനിലൂടെയാണ്. റാസി റൊസാരിയോ തനിക്ക് ഇങ്ങനെ ഒരു ചെറിയ പ്രശ്നം ഉണ്ട് എന്നത് എല്ലാവരോടും തുറന്നു പറഞ്ഞു. ക്ലാസ് കേട്ടതിന്റെ പിറ്റേന്ന് തന്നെ ഞാൻ എറണാകുളത്തേക്ക് വണ്ടി കയറി , അദ്ദേഹത്തിന്റെ ആർട് ഗാലറി സന്ദർശിച്ചു . ദീർഘനേരം സംസാരിച്ചു. യൂടൂബിൽ മൂന്ന് ലക്ഷം കാണികൾ കണ്ട ആതിര എന്ന ഷോർട്ട് ഫിലിം റാസിയാണ് ചെയ്തത്. ഉടൻ തന്നെ സിനിമയുടെ വെള്ളിത്തിരയിലും റാസി റൊസാരിയോ എന്ന പേര് കാണാൻ കഴിയും എന്ന് എന്റെ മനസു പറയുന്നു…

രണ്ടാമത്തെ വ്യക്തി ലതിൻ നാഥ് ആണ് . തിരുവനന്തപുരം മണക്കാട് ഉള്ള സുംബ ഫിറ്റ്നെസ് സെന്ററിൽ വെച്ചാണ് പരിചയപ്പെട്ടത്. നല്ല സുന്ദരനായ ചെറുപ്പക്കാരന്റെ അന്തർ മുഖത്വം ആണ് എന്നെ ആകർഷിച്ചത്. ഞാൻ അങ്ങോട്ട് പോയി പരിചയപ്പെട്ട് കാപ്പി കുടിക്കാൻ ക്ഷണിച്ചു. തമ്പാനൂർ ആര്യാസിൽ മസാലദോശ കഴിച്ചുകൊണ്ടിരുന്നപ്പോൾ പഠനത്തിൽ ശ്രദ്ധ കിട്ടാത്തതിന്റെ കാര്യവും അമ്മയുടെ രോഗാവസ്ഥയും വീട്ടിലെ ദാരിദ്ര്യവും ഒക്കെ പറഞ്ഞു. എല്ലാം നമുക്ക് പരിഹരിക്കാം എന്ന് ആശ്വസിപ്പിച്ച് ഞാൻ എന്റെ നമ്പർ കൊടുത്തു. പിന്നീട് ഫോണിലൂടെ ഉള്ള ബന്ധമാണ്. അയാൾ എന്തോ ഒരു കാര്യം മറച്ചു വെയ്ക്കുന്നു എന്ന് ആദ്യമേ തോന്നിയിരുന്നു. അയാളായിട്ട് ഇങ്ങോട്ട് പറയട്ടെ എന്ന് കരുതി ഞാൻ വെയ്റ്റ് ചെയ്തു.

                             സാമ്പത്തിക പ്രശ്നം ഒന്നും ഒരു പ്രശനമല്ല എന്ന് ഞാൻ അയാളെ ബോധ്യപ്പെടുത്തി. അത്യാവശ്യം ഭൂമി അവന് സ്വന്തമായുണ്ട്. അവസാനം അയാൾ ഏതോ രഹസ്യം പറയുന്നതുപോലെ ആരോടും പറയരുത് എന്ന മുഖവുരയോടെ രോഗവിവരം വെളിപ്പെടുത്തി. ഉടൻ എനിക്കും ഇതേ പ്രശ്നം ഉണ്ട് എന്ന് പറഞ്ഞത് അവനെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് എന്ന് കരുതി വിശ്വസിച്ചില്ല ( സൈക്കോളജിസ്റ്റുകളുടെയും കൌൺസിലേഴ്സിന്റെയും അവസാനത്തെ അടവാണല്ലോ പ്രശ്നങ്ങൾ അവർക്കും ഉണ്ടെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുക എന്നത് ) ലതിൻ ട്രീറ്റ്മെന്റിനായി മാത്രം മാസത്തിൽ രണ്ട് തവണ എറണാകുളത്തുപോകും. നാട്ടിൽ ഉള്ള സൈക്യാട്രിസ്റ്റിനെ കണ്ടാൽ സമൂഹം എന്ത് കരുതും എന്ന ഭയം. മാത്രമല്ല കഴിക്കുന്ന മരുന്നുകൾ ഭയങ്കരമായ സൈഡ് ഇഫക്ട് ഉണ്ട് എന്ന് വിശ്വസിച്ച് മരുന്ന് കഴിക്കാതിരിക്കുക , ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുക. മരുന്നുകളെ പറ്റി ചോദിച്ച് മനസിലാക്കിയതിൽ നിന്നും അത് വളരെ കുറഞ്ഞ ഡോസാണ് എന്ന് ഞാൻ മനസിലാക്കി. അതൊന്നും അയാളുടെ തലയിൽ കയറിയില്ല. എന്തിനേറെ പറയുന്നു ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ അവസ്ഥ… വിവാഹം പോലും ഈ കാരണത്താൽ വേണ്ട എന്ന് വെക്കുന്നു. ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് ഒരുതവണ വിളിച്ചു. അന്ന് ഒന്നര മണിക്കൂർ സംസാരിച്ചിട്ടാണ് ഞാൻ ആ തീരുമാനം മാറ്റിച്ചത്.

                       ഈ ബുക്കിൽ അവനെ പറ്റി എഴുതാൻ തീരുമാനിച്ച കാര്യം പറഞ്ഞപ്പോൾ തന്നെ നഖശിഖാന്തം എതിർത്തു. ഒടുവിൽ പേര് മാറ്റി ഫേക്ക് ഐഡന്റിറ്റിയിൽ സൂചിപ്പിക്കാം എന്ന് തീരുമാനിച്ചു. ഈ ബുക്ക് ശരിക്കും അയാൾക്ക് ജീവിതത്തിലേക്കുള്ള പാലം കൂടിയാണ്. കേരളീയസമൂഹത്തിന് 90 ശതമാനവും യാഥാസ്തിതിക മനസാണ് ഉള്ളത്. സമൂഹത്തിന്റെ നിയമങ്ങൾ അനുസരിച്ച് എല്ലാവരെയും രൂപപ്പെടുത്തിയെടുക്കാനുള്ള വ്യഗ്രത. അതിനെ അതിജീവിച്ച് ആ ചട്ടക്കൂട് പൊട്ടിച്ച് പുറത്തു വരാൻ തുനിഞ്ഞാൽ സമൂഹം ഒരു വേട്ടക്കാരനായി മാറും. എന്നിട്ടും നമ്മൾ മൈന്റ് ചെയ്യാതെ മുന്നോട്ട് കുതിച്ച്  ലക്ഷ്യം വെച്ച ഉയരങ്ങളിൽ എത്തിയാൽ ഈ വേട്ടയാടിയവർ എല്ലാം ചേർന്ന് നമ്മളെ സ്തുതിക്കും… നമുക്ക് വേണ്ടിയും വാഴ്ത്തുപാട്ടുകൾ എഴുതപ്പെടും… നമ്മുടെ ഓട്ടോഗ്രാഫ് വാങ്ങാനും കൂടെ നിന്ന് സെൽഫി എടുക്കാനും തിരക്കു കൂട്ടും. ഞാൻ അന്നേ പറഞ്ഞില്ലേ അവൻ നേടുമെന്ന് എന്ന് വീമ്പു പറയും. ആ ഘട്ടം എത്തിയാൽ രക്ഷപെട്ടു. സമൂഹം നമ്മളെ വിട്ട് പുതിയ ഇരകൾക്ക് പിന്നാലെ പായും…. ശരിയല്ലേ ?

ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുമ്പോൾ 2004 ൽ കല്ലറ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാനായി ജോലിയിൽ പ്രവേശിച്ചപ്പോൾ പോസ്റ്റ് മാസ്റ്റർ ആയിരുന്ന ജയപാലൻ സാറിനെ നന്ദിയോടെ ഓർക്കുന്നു. സാറിന്റെ നിർബ്ബന്ധം കൊണ്ട് ഞാൻ മൂന്ന് പി എൽ ഐ  ചേർന്നിരുന്നു  ( പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ). ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും സാർ നിർബന്ധിച്ചു. ആദ്യ ശമ്പളം 2900 രൂപ ആയിരുന്നു. ഇ ഡി പോസ്റ്റ്മാന് ഡിപ്പാർട്ട്മെന്റ് പോസ്റ്റ്മാന്റെ മൂന്നിൽ ഒന്ന് ശമ്പളമേ ഉള്ളൂ. 2022 ൽ രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ശൂന്യവേതന അവധി എടുത്ത് മാറിനിന്നപ്പോൾ നന്ദിയോടെ ജയപാലൻ സാറിനെ ഓർത്തു. മാസം 280 രൂപ വീതം മാറ്റി വെച്ച ഒരു പോളിസി രണ്ട് ലക്ഷത്തിലേറെ രൂപയാണ് എനിക്ക് സമ്മാനിച്ചത്.. ചെറിയ തുകകൾ ദീർഘകാലം മാറ്റിവെച്ചാൽ ആപത്തിൽ ഉപകരിക്കും എന്ന് അതിലൂടെ ഞാൻ പഠിച്ചു.

                          തൊഴിലിടത്തു നിന്നും അനുഭവങ്ങൾ പകർന്ന് തന്ന് ഗുരുസ്ഥാനത്തുള്ള ഒരു വ്യക്തിയാണ് രജിസ്ട്രേഷൻ വകുപ്പിൽ നിന്നും ജില്ല രജിസ്ട്രാർ ( ആഡിറ്റ് ) ആയി വിരമിച്ച ശ്രീ ബിജു രാമചന്ദ്രൻ. ഒരു വലിയ യുദ്ധം കഴിഞ്ഞാണ് അദ്ദേഹവുമായി രമ്യതയിലായത്. രണ്ട് ഈഗോകൾ തമ്മിലുള്ള തീ പാറുന്ന യുദ്ധത്തിന് ഓഫീസ് സാക്ഷ്യം വഹിച്ചു. തൊഴിലിടങ്ങളിൽ സമാധാനമായി മുന്നോട്ട് പോകണമെങ്കിൽ ഓഫീസ് മേധാവിയുടെ ഈഗോയെ  അംഗീകരിക്കണം എന്ന വലിയ പാഠം ഞാൻ പഠിച്ചു. ഇന്ന് എന്റെ ഏറ്റവും വലിയ അഭ്യുദയകാംഷി അദ്ദേഹമാണ് എന്ന് പറയാം. എനിക്ക് എല്ലാദിവസവും ശുഭദിനം വാട്സാപ്പിലൂടെ അയയ്ക്കുകയും പ്രഭാത പ്രാർത്ഥനയിൽ എന്നെ ഓർക്കുന്നതായി പറയുകയും ചെയ്തു. അദ്ദേഹവും നേരത്തേ രാജാമണി സാറിന്റെ കാര്യം പറഞ്ഞതുപോലെ സ്വന്തമായി നിലപാടുകൾ ഉള്ളതിനാൽ വേട്ടയാടപ്പെട്ട വ്യക്തിയാണ്. എന്റെ തിരക്കഥയിൽ ഒരു കഥാപാത്രനിർമ്മിതിയ്ക്ക് ഞാൻ മാതൃകയാക്കിയിരിക്കുന്നതും ബിജു രാമചന്ദ്രൻ സാറിനെ ആണ്. രസം അതല്ല ഇപ്പോഴും രജിസ്ട്രേഷൻ വകുപ്പിൽ പലരും മനസിലാക്കിയിരിക്കുന്നത് ഞങ്ങൾ തമ്മിൽ ഇപ്പോഴും വഴക്കിലാണ് എന്നും 2022 ലെ എന്റെ ലോംഗ് ലീവിന് കാരണം അദ്ദേഹമാണ് എന്നുമാണ്. ചരിത്രത്തിൽ യുദ്ധങ്ങളെ പറ്റി പഠിക്കുമ്പോൾ പെട്ടന്നുള്ള കാരണം പറയാറില്ലേ. അതുപോലെ പല ഘടകങ്ങൾ കൂടിച്ചേർന്നതാണ് എന്റെ ലോംഗ് ലീവിലേക്ക് നയിച്ചത്. എനിക്ക് കുറെ യാത്രകൾ ചെയ്യണമെന്നും എന്നെത്തന്നെ കണ്ടെത്തണമെന്നും തോന്നിയതിന്റെ ബാക്കി പത്രം….. പ്രപഞ്ചത്തിന്റെ നിയോഗം…നിയതി…

സിനിമാരംഗത്തുനിന്നും നോക്കിയാൽ തിരക്കഥാരചനയുടെ ആദ്യപാഠങ്ങൾ പറഞ്ഞു തന്ന കേരളഫിലിം അക്കാദമിയിലെ ജോയി സാർ ഗുരുസ്ഥാനത്താണ്

പ്രതിഫലമില്ലാതെ ചെയ്തു കൊടുക്കുന്ന ഉപകാരങ്ങൾക്ക് സിനിമാഫീൽഡിൽ നിന്നും നന്ദി പോലും തിരികെ പ്രതീക്ഷിക്കേണ്ടതില്ല എന്ന് ചാവക്കാടുകാരനായ ഒരു സംവിധായകൻ എന്നെ പഠിപ്പിച്ചു. സംഭവം ഇതാണ്. ആ സംവിധായകൻ വിളിപ്പിച്ചതനുസരിച്ച് ആറ്റിങ്ങൽ റസ്റ്റ് ഹൌസിൽ ഞാനും ദീപക്കും പോയി. തിരക്കഥാകൃത്ത് വേറെ ഒരാളാണ്. ( നെഗറ്റീവായ കാര്യമായതിനാൽ ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല ). രണ്ടും നല്ല തങ്കപ്പെട്ട മനുഷ്യരാണ് , നല്ല പെരുമാറ്റം, ആതിഥ്യമര്യാദ..ഞാൻ ചെല്ലുമ്പോൾ ബ്രേക്ക് അപ്പ് എന്ന് പേരിട്ട തിരക്കഥ കൈയ്യെഴുത്തുപ്രതി തയ്യാറാകുന്നതേ ഉള്ളൂ. എഴുത്തിന്റെ രീതി കണ്ടിട്ട് തിരക്കിട്ട് എഴുതുന്നതു കൊണ്ടാണോ തിരക്കഥ എന്ന് പറയുന്നത് എന്ന് ചോദിക്കാൻ നാവു വളച്ചതാണ്. അഭിനയമോഹം കാരണം ഒരു വേഷം ലഭിക്കും എന്ന് പ്രതീക്ഷിച്ച് നാവിനെ അടക്കി. എന്നെക്കൊണ്ടുള്ള അവരുടെ ആവശ്യം വ്യക്തമാക്കി. തിരക്കഥ കൈയ്യെഴുത്തുപ്രതി ടൈപ്പ് ചെയ്ത് ലെഫ്റ്റ് റൈറ്റ് ഫോർമാറ്റിൽ പ്രിന്റ് എടുത്ത് സ്പൈറൽ ബൈന്റ് ചെയ്തു തരണം. അത് എത്രയും പെട്ടെന്ന് വേണം താനും.. പ്രൊഡ്യൂസറിനെ കാണിക്കാനാണ്. വായിക്കാൻ പോലും ബുദ്ധിമുട്ടുള്ള രീതിയിൽ എഴുതിയ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിൽ തന്നുവിട്ടു.( ഞാൻ 2022 ൽ എഴുതി തുടങ്ങി പതിനാല് ഡ്രാഫ്റ്റുകൾ മാറ്റി എഴുതി 2025 ൽ മാത്രം നിർമ്മാതാക്കളെ കാണിക്കാൻ തയ്യാറാക്കിയ എന്റെ ആദ്യ സിനിമയുടെ സൃഷ്ടിയുമായി വെറുതെ ഒന്ന് കമ്പയർ ചെയ്തു നോക്കി . അമ്പമ്പോ….. പ്രേക്ഷകരെ തിയറ്ററിൽ നിന്നും അകറ്റിയതിന്റെ പ്രധാന കാരണവും ഇവരെ പോലെ ഉള്ളവരാണ് )

ഞാൻ അന്ന് രജിസ്ട്രേഷൻ ഐജി ഓഫീസിൽ പരാതി പരിഹാര സെഷനിലാണ് ( GRC -2 ) . ആ സമയത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് നടക്കുന്ന സമയം. ബുദ്ധിമുട്ടി 4 ദിവസം ലീവ് എടുത്ത് രാത്രിയും പകലും കുത്തിയിരുന്ന് ടൈപ്പ് ചെയ്തു. അന്ന് കൈമനത്ത് വാടക വീട്ടിലാണ് താമസം. രേവതി വഴക്ക് പറയുന്നുണ്ട്. എന്റെ ആരോഗ്യവിഷയത്തിൽ അവൾക്ക് ഉത്കണ്ഠ ഉണ്ട്. നാലാം ദിവസം സ്പൈറൽ ബയന്റ് ചെയ്ത കോപ്പിയുമായി ആറ്റിങ്ങൽ റസ്റ്റ് ഹൌസിൽ ചെല്ലുമ്പോൾ അൽപം മദ്യപിച്ച് മിനുങ്ങി ഇരിക്കുന്നു രണ്ടുപേരും. അത് കൊടുത്ത ശേഷം എന്നെ കൂടി പ്രോജക്ടിന്റെ ഭാഗമാക്കണം എന്ന് പറഞ്ഞ് കൈ കൊടുത്ത് പിരിഞ്ഞു. ഒരു രൂപ പോലും തന്നതുമില്ല. ചോദിച്ചാൽ അവസരം നഷ്ടപ്പെട്ടാലോ എന്ന് കരുതി ചോദിച്ചതുമില്ല…. പിന്നെ കുറെ നാൾ ഒരു വിവരവും ഇല്ല. വിളിച്ച് ചോദിച്ചപ്പോൾ ആ തിരക്കഥ നിർമ്മാതാക്കൾക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞു. എന്നാൽ ആ സംവിധായകൻ അതിന് ശേഷം രണ്ട് സിനിമകൾ എടുത്തിട്ടും എന്നോട് ചെയ്ത വാഗ്ദാനം പാലിക്കാൻ തയ്യാറായില്ല. അതിൽ ആദ്യത്തേത് പോലീസ് സിനിമയാണ്. റിലീസ് ചെയ്യുന്ന സമയം സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞു വിളിച്ചു. റിലീസിന്റെ അഞ്ചാം ദിവസം മോർണിങ് ഷോയ്ക്ക് തമ്പാനൂർ ഏരീസ് പ്ലക്സിൽ പോയപ്പോൾ  10 പേർ തികയാത്തതിനാൽ ഷോ നടന്നില്ല,. അന്ന് തന്നെ മാറ്റിനിക്ക് പോയി . ഇത്തവണ 14 പേർ ഉണ്ട്. ഏരീസിലെ ഏറ്റവും കുറച്ച് സീറ്റ് ഉള്ള ആഡി 4 സ്ക്രീൻ . സിനിമ തുടങ്ങി , ടൈറ്റിൽ സ്ക്രോൾ ചെയ്ത് ആദ്യത്തെ 10 മിനിറ്റ് നന്നായിരുന്നു. പോലീസുകാർ ഏറ്റെടുത്ത മിഷനിലേക്കുള്ള യാത്രയും ആ സമയത്ത് നൽകിയ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും പൊളിച്ചു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല. നന്നായി ഉറങ്ങി എന്ന് പറയാം. പഴയ വീഞ്ഞ് പഴയകുപ്പിയിൽ തന്നെ അടച്ച് വന്നാൽ എപ്പടി ഇരിക്കും.. പിന്നീട് ഇതേ പ്ലോട്ടും കൺസെപ്റ്റും ആയി വന്ന ക്രിസ്റ്റഫർ എന്ന സിനിമ മെഗാ സ്റ്റാറിന്റെ സാന്നിധ്യം ഉണ്ടായിട്ടു പോലും തിയറ്റർ വിജയമായില്ല എന്നോർക്കണം. തിരക്കഥയാണല്ലോ സിനിമയുടെ അടിസ്ഥാനം. ബേസ്മെന്റ് ഇല്ലാതെ ബിൽഡിങ് കെട്ടിപ്പൊക്കാൻ ഒക്കില്ലല്ലോ. ഞാൻ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് നല്ല ഒരു റിവ്യൂ ഉണ്ടാക്കി ഫേസ് ബുക്കിൽ ഇട്ടു. അഭിനന്ദനം പരസ്യമായി , വിമർശനം രഹസ്യമായി എന്നാണല്ലോ. ഞാൻ പുള്ളിയെ ഫോൺ വിളിച്ചു. ഫോൺ എടുത്തപ്പോഴേ പുള്ളി റിവ്യുവിന് നന്ദി പറഞ്ഞു. ഞാൻ പറഞ്ഞു – ചെറിയ ഒരു പ്രശ്നമുണ്ട് , കൊടുത്ത റിവ്യുവിന് ജസ്റ്റ് ഓപ്പോസിറ്റാണ് യാഥാർത്ഥ്യം എന്നും പ്രേംനസീറിന്റെ കാലത്തുള്ള വില്ലൻമാരാണല്ലോ മാഷേ എന്ന് തമാശയായി പറഞ്ഞ് ഫോൺ വെച്ചു. ഇനിയും ഇതുപോലെ ഉള്ള അവരാതങ്ങൾ പടച്ചു വിടരുത് , പ്രേക്ഷകരുടെ സമയത്തിന് വില ഉണ്ട് – എന്നതു കൊണ്ടു മാത്രമാണ് ഞാൻ കറക്റ്റ് റിവ്യൂ പുള്ളിയോട് നേരിട്ട് പറഞ്ഞത്.

രസം അതല്ല സിനിമ ഒരാഴ്ച കൊണ്ട് തിയറ്റർ വിട്ട് ഗംഭീരമായി പൊട്ടിപ്പാളീസായിട്ടും ഇരുപത്തി അഞ്ചാം ദിനം പോസ്റ്ററും വിജയാഘോഷവും നടന്നു. ഏതോ പ്രതികാരം തീർക്കുന്നതുപോലെ ഈ ആഘോഷത്തിന്റെ വാർത്തകൾ പുള്ളി എനിക്ക് വാട്സാപ്പിൽ ഇട്ടുകൊണ്ടേ ഇരുന്നു. ഒരു ദിവസം ചിരഞ്ചീവിയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ അയച്ചു തന്നു. ഒപ്പം ഒരു വാചകവും—പ്രേംനസീറിന്റെ കാലത്തെ വില്ലൻമാരുടെ കഥ ചിരഞ്ചീവി തെലുങ്കിലേക്ക് എടുത്തേ എന്ന്…തെലുങ്കിൽ ഇത്രയ്ക്ക് കഥാ ദാരിദ്ര്യമോ എന്ന് മനസിൽ പറഞ്ഞുവെങ്കിലും ഞാൻ പ്രതികരിച്ചില്ല. ആ കഥ തെലുങ്കിൽ ഇതുവരെ വന്നതായി അറിയില്ല. ഇനി അഥവാ തെലുങ്കിൽ എന്നല്ല ഏത് ഭാഷയിൽ ഉപയോഗിക്കണമെങ്കിലും മൂലകഥ മാത്രം എടുത്ത് ഒന്നരത്തച്ചിന്റെ പണി എടുക്കേണ്ടി വരും.. അതിന് ശേഷം ഇതേ സംവിധായകനും തിരക്കഥാകൃത്തും പ്രമുഖ സംവിധായകന്റെ മകനെ നായകനാക്കിയും പടം പിടിച്ചു. അത് വന്നതും പോയതും ആരും അറിഞ്ഞില്ല എന്ന് തോന്നുന്നു. അതോ റിലീസ് ആയില്ലേ. മേൽ പറഞ്ഞ സിനിമകളിൽ ഒന്നും എന്നെ അഭിനയിപ്പിക്കാത്തതിൽ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. എന്നാൽ നാല് ദിവസം രാപ്പകൽ പണിയെടുപ്പിച്ചതിന്റെ പ്രതിഫലം തരാനുള്ള കടമ അവർക്കില്ലേ.?.. അഭിനയമോഹവുമായി വരുന്നവരെ ഇങ്ങനെ ചതിക്കുന്നത് ശരിയാണോ ? അതാണ് ഞാൻ പറഞ്ഞത് പ്രതിഫലമില്ലാതെ ചെയ്തു കൊടുക്കുന്ന ഉപകാരങ്ങൾക്ക് സിനിമാഫീൽഡിൽ നിന്നും നന്ദി പോലും തിരികെ പ്രതീക്ഷിക്കേണ്ടതില്ല എന്ന പാഠം ഇതിലൂടെ പഠിച്ചു….

താക്കോൽ എന്ന സിനിമയുടെ സംവിധായകനും ചിത്രകാരനുമായ കിരൺ പ്രഭാകരനിൽ നിന്നും പഠിച്ച പാഠങ്ങൾ എന്റെ തിരക്കഥാരചനാരീതിയെ ഒരുപാട് സ്വാധീനിച്ചു. അദ്ദേഹത്തിന്റെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള വീട്ടിൽ ദിവസങ്ങളോളം ഞാൻ പോയി താമസിച്ചിട്ടുണ്ട്. ഞാൻ ആദ്യമൊക്കെ എഴുതിയിരുന്നത് സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു. ഒരു തരം നാടകം പോലെ…. എന്നാൽ സിനിമയിൽ ദൃശ്യങ്ങൾ കൊണ്ടുള്ള ആശയവിനിമയമാണ് പ്രധാനം എന്നും അതുകൊണ്ടുതന്നെ ഓരോ സീനിലെയും വിവരണങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം എന്നും കിരൺ സാറിൽ നിന്നും ഞാൻ പഠിച്ചു. അതുപോലെ തിരക്കഥാരചനയിലെ ലെഫ്റ്റ് റൈറ്റ് സങ്കേതം ഇല്ലാതെ വെസ്റ്റേൺ രീതി അവലംബിക്കാൻ എന്നെ പ്രേരിപ്പിച്ചതും കിരൺ സാറാണ്.  ലെഫ്റ്റ് റൈറ്റ് രീതിയിൽ സെറ്റ് ചെയ്ത് വെച്ച് കഴിഞ്ഞാൽ പിന്നെ ഒരു മാറ്റം വരുത്താൻ വലിയ പാടാണ്.

Skill Training രംഗത്തേക്ക് കടന്നപ്പോൾ ഒരുപാട് ഗുരുക്കൻമാർ ആ രംഗത്തും ഉണ്ടായി..ഫാദർ ടോബി ജോസഫ് ( ആത്മമിത്ര റിട്രീറ്റ് സെന്റർ കാലടി ) , ശ്രീ ആന്റോ മൈക്കിൾ ( സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് ), ശ്രീ കെ പി രവീന്ദ്രൻ ( പോസിറ്റീവ് കമ്യൂൺ , ബിസിനസ് മാൻ , ഹാപ്പിനസ് കോച്ച് ) , ശ്രീ ശിവാനന്ദൻ ( ശിവാനന്ദ കേന്ദ്ര ) , ശ്രീ ബിജു ശാരദ പത്മനാഭൻ ( psychic Investigator , Parapsychologist ) , ഡോ. മാർട്ടിൻ പയ്യപ്പിള്ളി ( മോട്ടിവേഷണൽ സ്പീക്കർ, ഇംഗ്ലീഷ് ഗുരു ) , ഗിരീഷ് മാസ്റ്റർ ( മോട്ടിവേഷണൽ സ്പീക്കർ , മാർഗ്ഗദർശൻ ഇന്ത്യ ) ഇവരൊക്കെ അറിവിന്റെ പാതയിൽ വഴിവിളക്കുകളായവരാണ്.

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു ഗുരുദേവോ മഹേശ്വര

ഗുരുരേവ പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts