84) October 16 , Happy Birthday പൃഥ്വിരാജ് സുകുമാരൻ

 

                           ലാലേട്ടൻ ഫാനായ എന്നെ രസപ്പിച്ച യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരൻ . ആദ്യമായി രാജുവിനെ കണ്ട ദിവസം ഞാൻ എന്റെ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്. 2015 ഏപ്രിലിൽ പൃഥ്വിരാജ് ആറ്റിങ്ങൽ കല്യാൺ സില്‍ക്‌സ് ഉത്ഘാടനത്തിന് വന്ന സമയം. രാജുവിനെ കണ്ട് എന്റെ സിനിമയുടെ കഥ കേള്‍പ്പിക്കുന്നതിനായി ഞാൻ പുനലൂർ നിന്നും തലേന്ന് തന്നെ ആറ്റിങ്ങൽ  വന്ന് റൂം എടുത്തു. തലേന്ന് കടയില്‍ കയറി നോക്കി. അവിടെ തൊഴിലാളികള്‍ മാത്രമേ ഉള്ളൂ. അവര്‍ തുണിത്തരങ്ങൾ അടുക്കി വെക്കുകയും നാളെത്തെ ഉത്ഘാടനത്തിന് വേണ്ട കാര്യങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യുന്ന തിരക്കിലാണ്. ഉടമകളായ പട്ടാഭിരാമന്‍ സാറോ മക്കളാരെങ്കിലുമോ അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്തായി. മാനേജര്‍ എന്ന് തോന്നിക്കുന്ന ആളെ പരിചയപ്പെട്ടു.നാളെ രാജുവിനെ കാണാന്‍ അവസരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ അത് നടക്കുന്ന കാര്യമല്ല എന്ന് പറഞ്ഞ് അയാള്‍ നിരുൽസാഹപ്പെടുത്തി. ഞാന്‍ കൂടുതൽ നിര്‍ബന്ധിച്ചപ്പോൾ നാളത്തെ സാഹചര്യം എന്താണ് എന്ന് നോക്കട്ടെ ശ്രമിക്കാം ഉറപ്പ് പറയുന്നില്ല എന്ന് പറഞ്ഞു

അങ്ങനെ പിറ്റേ ദിവസം. രാവിലെ കുളിച്ച് കോവിലില്‍ പോയി പ്രാര്‍ത്ഥിച്ച് കുറിയൊക്കെ തൊട്ട് 8.30 ആയപ്പോഴേ ഞാൻ കടയുടെ മുന്നില്‍ സ്ഥാനം പിടിച്ചു. ഭാഗ്യം . അവിടെ കഷ്ടിച്ച് ഒരു പത്ത് പേർ വരും. കടയ്ക്കകത്ത് ഉടമകൾ വന്നിട്ടുണ്ട്. എന്നാല്‍ ഉള്ളിൽ കയറി അവരെ കാണാനുള്ള ശ്രമം സെക്യൂരിറ്റി തടഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ പൃഥ്വിരാജിന് നല്‍കാൻ ഒരു കത്ത് തയ്യാറാക്കി വെച്ചിരുന്നു. രാജു വന്നിറങ്ങിയാല്‍ ഉടനെ ആ കത്ത് കൈമാറാൻ സാധിച്ചാൽ എന്റെ യാത്ര വന്‍വിജയമായി എന്ന് പറയാം.

ഞാന്‍ കാത്തിരുന്നു. മണി പത്തായി, പത്തരയായി. അവിടെ വളരെ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. കൂടുതലും ചെറുപ്പക്കാരാണ്. റോഡ് ബ്ലോക്ക് ആയി. നിയന്ത്രിക്കാന്‍ പോലീസുകാരും ബ്ലാക്ക് ക്യാറ്റ്‌സും വന്നു. സ്റ്റേജ് കടയുടെ ഇടതു വശത്ത് കുറച്ച് ഉള്ളിൽ ആയിട്ട് ആയിരുന്നു.അവിടേയ്ക്കുള്ള വഴിയില്‍ ബാരിക്കേഡ് സജ്ജീകരിച്ചിരുന്നു. അങ്ങനെ ഒടുവില്‍ കാത്ത് കാത്തിരുന്ന മുഹൂര്‍ത്തം ആഗതമായി. പൃഥ്വിരാജ് വന്ന വാഹനം ( ഒരു ബ്ലാക്ക് പജീറോ ആണെന്നാണ് എന്റെ ഓര്‍മ്മ ) വാതില്‍ക്കൽ വന്നപ്പോഴേ ചക്കരയിൽ ഈച്ച പൊതിയുന്നതുപോലെ ആരാധകര്‍ വണ്ടിക്ക് മാര്‍ഗതടസം ഉണ്ടാക്കി നിന്നു. എനിക്ക് തിക്കിലും തിരക്കിലും പെട്ട് വാഹനത്തിന്റെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. തിരക്കില്‍ പെട്ട് ഞാൻ താഴെ വീണു ( ആ ചടങ്ങിലെ പൃഥ്വിരാജിന്റെ ആരാധകവൃന്ദത്തിന്റെ ബാഹുല്യം അത് ചിത്രീകരിച്ച് ആരോ യൂടൂബിൽ ഇട്ടിട്ടുണ്ട്. സൂക്ഷിച്ച് പരിശോധിച്ചാല്‍ ആ വീഡിയോയില്‍ ഒരു മിന്നായം പോലെ എന്നെയും കാണാം ).

കരിമ്പൂച്ചകള്‍ ആരാധകവൃന്ദത്തെ വകഞ്ഞ് മാറ്റി വാഹനത്തിന് വഴിയൊരുക്കി. ബാരിക്കേഡിനുള്ളിലേക്ക് സ്റ്റേജ് വരെ വണ്ടി പോയി.രാജു വണ്ടിയില്‍ നിന്നും ഇറങ്ങി അവിടെ കൂടി നിന്ന പുരുഷാരത്തിന് നേരേ കൈ വീശി കാണിച്ചു. ബാരിക്കേഡിന് വെളിയില്‍ നിന്ന എനിക്ക് അത് ഒരു അവ്യക്തമായ കാഴ്ച ആയിരുന്നു. ജനക്കൂട്ടത്തിന്റെ കയ്യടിയില്‍ രാജുവിന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ഞാന്‍ വന്ന കാര്യവും നടന്നില്ല.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തലേന്ന് തന്നെ റൂം എടുത്ത് നിന്ന് താരത്തെ കാണാന്‍ പോയ സാഹസം ഓര്‍ത്ത് ഉള്ളാലെ പുഞ്ചിരി തൂകാറുണ്ട്. അത് ഒരു അപക്വമായ തീരുമാനം ആയിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു. അന്ന് എന്റെ കയ്യില്‍ പൃഥ്വിരാജിന് വേണ്ടി എഴുതിയ അഹം ബ്രഹ്മാസ്മി എന്ന തിരക്കഥയുടെ വണ്‍ലൈൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരക്കഥയാക്കി വികസിപ്പിച്ച് എഴുതിയത് പിന്നീടാണ്. അന്ന് ആ കത്ത് കൊടുക്കാന്‍ പറ്റിയിരുന്നു എങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലായിരുന്നു. പൂര്‍ത്തിയാക്കിയ തിരക്കഥയുമായി പോയാൽ പോലും മൂന്നാല് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലാത്ത സ്ഥിതി ആയിരുന്നു.

                          ഞാൻ ആറ്റിങ്ങൽ പോളി ടെക്നിക്കിൽ പഠിക്കുമ്പോഴാണ് നന്ദനം റിലീസ് ആകുന്നത്. ഡ്രീംസ് എന്ന തിയറ്ററിൽ നന്ദനം അഞ്ചു തവണ ഞാൻ കണ്ടു. ഏതാണ്ട് അതേ സമയം എ കെ സാജന്റെ സ്റ്റോപ്പ് വയലൻസ് എന്ന സിനിമ റിലീസായി. രണ്ടും രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ…. അതെ പുതിയ ഒരു നടന്റെ വരവ് അറിയിച്ചു കഴിഞ്ഞു എന്ന് മനസിലാക്കിയ ഞാനും സുഹൃത്തുക്കളും രാജുവിന്റെ പിന്നീട് ഇറങ്ങിയ വെള്ളിത്തിര, ചക്രം തുടങ്ങിയ സിനിമകളും ഒരു ആഘോഷമാക്കി മാറ്റി. കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ ഇത്രയും വെറൈറ്റി കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച നടൻ വേറെ ഇല്ല എന്ന് തന്നെ പറയാം…. വെറും ഇരുപത്തിനാലാം വയസ്സിൽ മോഹൻലാലിന് വേണ്ടി എ കെ ലോഹിതദാസ് എഴുതിവെച്ചിരുന്ന ചക്രം പോലെ ഒരു സിനിമ ചെയ്യുക എന്നത് അന്നത്തെ വേറെ ഒരു യൂത്തനും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇന്നും ചക്രത്തിലെ ചന്ദ്രഹാസൻ രാജുവിന്റെ ഫിലിമോഗ്രാഫിയിൽ തലപ്പൊക്കത്തോടെ തന്നെ നിൽക്കുന്നു…

1978 ൽ എംടിയുടെ ബന്ധനം എന്ന സിനിമയിലൂടെ സുകുമാരൻ മുപ്പതാംവയസ്സിൽ കേരള സംസ്ഥാന അവാർഡ് നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടനായിരുന്നു. 1986 ൽ ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിൽ ഇരുപത്തി അഞ്ചാം വയസിൽ അവാർഡ് നേടിക്കൊണ്ട് ലാലേട്ടൻ സുകുമാരന്റെ റെക്കോർഡ് തകർത്തു. രസകരമായ കാര്യം എന്താണ് എന്നു വെച്ചാൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ വാസ്തവം എന്ന സിനിമയിലൂടെ തന്റെ അച്ഛൻ സ്ഥാപിച്ച റെക്കോർഡ് പൃഥ്വിരാജ് സുകുമാരൻ സ്വന്തം പേരിലാക്കി മാറ്റി എന്നതാണ്. അതെ ഇത് സമാനതകൾ ഇല്ലാത്ത നേട്ടമാണ്. കൂടാതെ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലും മികച്ച നടനുള്ള അവാർഡ് ലഭിച്ച ഏക നടനും പൃഥ്വിരാജാണ് … ( 2006 ൽ വാസ്തവം , 2012 ൽ സെല്ലുലോയിഡ് & അയാളും ഞാനും തമ്മിൽ 2023 ആടുജീവിതം )

      എന്റെ ഫേവറൈറ്റ് പൃഥ്വിരാജ് സിനിമ ശ്യാമപ്രസാദിന്റെ അകലെ ആണ്. അത് ഇന്നാണ് ഇറങ്ങിയതെങ്കിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നു. ടെന്നസി വില്യംസിന്റെ കാലാതീത നാടകമായ ദി ഗ്ലാസ് മെനഗറിയുടെ മനോഹരമായ ചലച്ചിത്രാവിഷ്കാരമാണ് അകലെ.. ആ സിനിമ കാണുമ്പോൾ ഹൃദയത്തിൽ കൊളുത്തിവലിക്കുന്നതുപോലെ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്. ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമകളിൽ ഒന്നാണ് അകലെ.. പൃഥ്വിരാജിന്റെ നീലും ഗീതു മോഹൻദാസിന്റെ റോസ് മേരിയും ഷീല അവതരിപ്പിച്ച മാർഗരറ്റും കഥ നടക്കുന്ന ആംഗ്ലോ ഇന്ത്യൻ പശ്ചാത്തലവും എല്ലാം ശ്യാമപ്രസാദ് നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിൽ എഴുത്തുകാരനാകണം എന്ന മോഹവുമായി സിനിമ കണ്ട് നടക്കുന്ന എപ്പോഴും ക്ഷുഭിതനായി കാണപ്പെടുന്ന എന്നാൽ കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന നീൽ എന്ന രാജുവിന്റെ കഥാപാത്രം ഏതാണ്ട് അതേ അവസ്ഥയിൽ കടന്നു പോയ എന്നെ ആകർഷിച്ചതിൽ അതിശിക്കാനില്ലല്ലോ…. അതിലെ ഒരു പാട്ട് ഇന്നും ഞാൻ ആവർത്തിച്ച് കേട്ട് ആസ്വദിക്കാറുണ്ട്… അകലെ… അകലെ… ആരോ പാടും… ഒരു നോവുപാട്ടിന്റെ നേർത്ത രാഗങ്ങളോർത്തുപോകുന്നു ഞാൻ… അകലെ …. അകലെ……

                           എന്നാൽ തന്റെ കരിയറിന്റെ ആദ്യ പകുതിയിൽ ലഭിച്ചതുപോലെ കാമ്പുള്ള കഥാപാത്രങ്ങൾ ഇപ്പോൾ രാജുവിന് ലഭിക്കുന്നുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ കലാപരമായും വാണിജ്യപരമായും ശ്രദ്ധിക്കപ്പെട്ട മൂന്ന് തമിഴ് സിനിമകൾ രാജുവിന്റേതായി ഉണ്ട്. പ്രകാശ് രാജിനൊപ്പമുള്ള മൊഴിയുടെ വ്യത്യസ്തമായ വിജയം അന്ന് സെൻസേഷണൽ ആയിരുന്നു. കൂടാതെ കാവ്യ തലൈവൻ എന്ന സിനിമയിലെ വില്ലൻ വേഷം തമിഴ് നാട് സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നതിനും കാരണമായി. സാക്ഷാൽ മണിരത്നത്തിന്റെ രാമായണത്തിന്റെ അനുകൽപനമായി കഥപറഞ്ഞ രാവൺ എന്ന വിക്രം സിനിമയിൽ രാമനെ പ്രതിനിധീകരിച്ച് ഐശ്വര്യറായിയുടെ നായകനായി തിളങ്ങാനും കഴിഞ്ഞു…. എന്തേ ഇത്രയും നല്ല ഒരു തുടക്കം തമിഴിൽ കിട്ടിയിട്ടും മുതലാക്കാൻ കഴിഞ്ഞില്ല. മലയാളത്തിന്റെ പത്തിരട്ടി വലിയ വിപണിയാണ് തമിഴ് സിനിമ. മലേഷ്യ, സിങ്കപ്പൂർ, യുകെ, ശ്രീലങ്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്  പോലെയുള്ള അന്യരാജ്യങ്ങളിലും തമിഴ് സിനിമയ്ക്ക് മാർക്കറ്റ് ഉണ്ട്.  ഇപ്പോൾ ഷൂട്ട് ചെയ്യുന്ന രാജമൌലി സിനിമ പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ ഞാൻ ഉദ്ദേശിച്ചത് ബ്രഹ്മാണ്ട സിനിമകളുടെ ഭാഗമായി മലയാളത്തിനെ പ്രതിനിധീകരിച്ച് ചെറിയ വേഷം ചെയ്യുന്നതിനെ കുറിച്ചല്ല ( സലാർ പോലെ ) . ആ ടെറിറ്ററിയിൽ പോയി കളിക്കണം , നായകനായി തന്നെ… കേരളത്തിൽ വിജയ് സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത തമിഴ് നാട്ടിൽ ലഭിക്കണം. ഒരു സിനിമ , ഒരേ ഒരു സിനിമ മതി തമിഴകത്തിന്റെ ഹൃദയം കവരാൻ.. മറുമലർച്ചി, ആനന്ദം, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, പേരൻപ് , ദളപതി —അതെ ഇക്കാര്യത്തിൽ നല്ല റോൾ മോഡൽ മമ്മൂക്കയാണ്. മമ്മൂക്കയുടെ ഒരു സിബിഐ ഡയറിക്കുറുപ്പ് എന്ന സിനിമ ഡബ്ബ് ചെയ്യാതെ മലയാളഭാഷയിൽ തന്നെ തമിഴ് നാട്ടിൽ നൂറ് ദിവസം പ്രദർശിപ്പിക്കുന്ന സ്ഥിതി വന്നു ചേർന്നു…

ഇനി പൃഥ്വിരാജിന്റെ മലയാളത്തിലെ സമീപകാല പ്രകടനങ്ങൾ നോക്കാം  ബോക്സ് ഓഫീസ് വിജയങ്ങൾ അല്ല , നടൻ എന്ന നിലയിലും താരം എന്ന നിലയിലും വിമർശകരുടെ വായ അടപ്പിക്കുന്ന performance മാത്രം ആണ് വിലയിരുത്തപ്പെടുന്നത് . ഈ വിലയിരുത്തൽ തികച്ചും വ്യക്തിപരമാണ്. പലർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം…മികച്ച സിനിമകൾ ഏറ്റവും ലേറ്റസ്റ്റിൽ നിന്നും പിറകിലേക്ക് പോയി നോക്കാം. ആടുജീവിതം (2024 ),ജനഗണമന ( 2022 )  അയ്യപ്പനും കോശിയും( 2020) അമർ അക്ബർ ആന്റണി ( 2015 ) എന്ന് നിന്റെ മൊയ്തീൻ (2015 ) സപ്തമശ്രീ തസ്കരായ ( 2014)  സെല്ലുലോയിഡ് (2013 ) മെമ്മറീസ് (2013) , മുംബൈ പോലീസ് ( 2013) , അയാളും ഞാനും തമ്മിൽ ( 2012) .

2012 മുതൽ 2025 വരെ 13 വർഷങ്ങൾക്കിടയിലെ എനിക്കിഷ്ടപ്പെട്ട 10 പൃഥ്വിരാജ് സിനിമകളാണ് മുകളിൽ …. അതിൽ തന്നെ 2015 ന് ശേഷം ഉള്ള 10 വർഷങ്ങളിൽ വെറും മൂന്നേ മൂന്ന് സിനിമകൾ മാത്രമാണ് എന്റെ സെലക്ഷനിൽ ഉൾപ്പെട്ട് കാണുന്നത്. ആഗസ്റ്റ് സിനിമയുമായി ചേർന്ന് ചെയ്ത ഉറുമി, സപ്തമശ്രീ തസ്കരായ, ഇന്ത്യൻ റുപ്പീ എന്നീ സിനിമകളുമായി കിടപിടിക്കുന്ന ഒരു സിനിമ പിന്നീട് പൃഥ്വിരാജ് പ്രൊഡക്ഷൻസിലേക്ക് പോയപ്പോൾ സംഭവിച്ചില്ല… സ്വന്തം ബാനറിൽ നിർമ്മിച്ച ജനഗണമന, ഡ്രൈവിങ് ലൈസൻസ് എന്നീ സിനിമകൾ മനോഹരമായിരുന്നു എന്നത് മറന്നുകൊണ്ടല്ല ഈ പറയുന്നത്.. ജനഗണമനയിലെ കോടതി രംഗം രാജുവിന്റെ പീക്ക് പെർഫോർമൻസുകളിൽ ഒന്നായി ഞാൻ വിലയിരുത്തുന്നു.. അതുപോലെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒരുപാട് അന്യഭാഷാ സിനിമകൾ കേരളത്തിൽ വിതരണം ചെയ്യുകയും വലിയ ലാഭം നേടുകയും ചെയ്തിട്ടുണ്ട്.  ഞാൻ ഇവിടെ പരാമർശിക്കാത്ത ചില സിനിമകളും മികച്ച വാണിജ്യ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുതയെ ഞാൻ പാടേ തമസ്കരിക്കുകയല്ല. നേരേ മറിച്ച് ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

                      Established ആയ ഒരു നടൻ സ്വന്തമായി സിനിമകൾ നിർമ്മിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്ന ഒരു സ്വാതന്ത്യം ഉണ്ട്. ലാലേട്ടൻ പ്രണവം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ആദ്യകാല സിനിമകൾ ശ്രദ്ധിച്ചാലും..ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം,കമലദളം, വാനപ്രസ്ഥം, കാലാപാനി , മിഥുനം, ഹരികൃഷ്ണൻസ് , കന്മദം, ഒളിമ്പ്യൻ അന്തോണി ആദം എന്നീ എക്കാലത്തെയും റിപ്പീറ്റ് വാച്ചബിൾ സിനിമകൾ നിർമ്മിക്കുക മാത്രമല്ല തമിഴ് സിനിമയിൽ ലാലേട്ടനെ അടയാളപ്പെടുത്തിയ ഇരുവർ എന്ന ക്ലാസിക്ക് സിനിമ വിതരണം ചെയ്യുകയും ചെയ്തു… ഈ സിനിമകളിലൂടെ ഒന്ന് കണ്ണോടിക്കുക. അതാത് കാലങ്ങളിൽ നില നിന്നിരുന്ന വാർപ്പു് മാതൃകകളുമായി കലഹിക്കുന്ന സിനിമകളാണ് മിക്കതും…മോഹൻലാലിലെ നടനെയും താരത്തെയും കൊടുമുടിയിൽ എത്തിച്ച സിനിമകൾ. ലാലേട്ടനെ ജനമനസുകളിൽ കുടിയിരുത്തിയ സിനിമകൾ…ക്ലാസിക്കൽ സംഗീതവും മെലഡിയും ചേർത്ത് രവീന്ദ്രൻമാഷിനെ പോലെ ഉള്ള പ്രതിഭകൾ സൃഷ്ടിച്ച, മലയാളികൾ ഏറ്റുപാടാൻ കൊതിക്കുന്ന ഗാനങ്ങൾ…. പ്രണവം ആർട്സിന് ശേഷം ആശീർവാദിന്റെ ബാനറിൽ ഒരുപാട് വിജയചിത്രങ്ങൾ പിറന്നുവെങ്കിലും ഒരു ഭരതമോ കമലദളമോ വാനപ്രസ്ഥമോ ഉണ്ടായില്ല. പ്രണവം നിർമ്മിച്ച സിനിമകളിൽ കലയെയും കച്ചവടത്തെയും സമാസമം നിർത്തിയതാകാം ഒരു കാരണം എന്ന് അനുമാനിക്കുന്നു. ലാലേട്ടന് ദേശീയ പുരസ്കാരം ലഭിച്ച രണ്ട് സിനിമകളും ( ഭരതം , വാനപ്രസ്ഥം ) നിർമ്മിച്ചത് പ്രണവം ആർട്സ് ആയത് യാദൃശ്ചികമല്ല. ഭരതം കഴിഞ്ഞ് തൊട്ടടുത്ത വർഷം തന്നെ ഇറങ്ങിയതുകൊണ്ടാകാം കമലദളത്തിന് ദേശീയ പുരസ്കാരം ലഭിക്കാതെ പോയത്.. ഈ ഒരു മുന്നേറ്റം മനസ് വെച്ചാൽ പൃഥ്വിരാജ് സുകുമാരനും സാധ്യമാണ്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts