1) The Art Of Living

ഞാന്‍ ജീവിക്കാന്‍ പഠിച്ച കഥ

( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് )

ആറ്റിങ്ങല്‍ പോളിടെക്‌നിക്കിലെ പഠനം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ വിഷമിച്ച് തെക്കുവടക്ക് നടക്കുന്ന കാലം. ഞാന്‍ പോളിയില്‍ പതിവായി പോയി വരുന്ന കളമച്ചല്‍ വഴി പോകുന്ന ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ വെച്ച് പരിചയപ്പെട്ട സുരേന്ദ്രന്‍ ചേട്ടന്‍ ഒരു തൊഴിലവസരത്തെ പറ്റി പറഞ്ഞു. കല്ലറ പോസ്റ്റ് ഓഫീസില്‍ ഒരു ഇഡി വേക്കന്‍സി ഉണ്ടത്രെ. സുരേന്ദ്രന്‍ ചേട്ടന്‍ പോസ്റ്റ് ഓഫീസിന് മുന്‍ വശത്തെ സ്‌കൂളില്‍ അറ്റന്ററാണ്. ഇഡി എന്നാല്‍ എക്‌സ്ട്രാ ഡിപ്പാര്‍ട്ടുമെന്റ്. വകുപ്പിനകത്തുമല്ല പുറത്തുമല്ല എന്ന മട്ട്. ഗ്രാമീണ്‍ ഡാക് സേവക് മെയില്‍ ഡെലിവറര്‍ എന്നാണ് ഉദ്യോഗപ്പേര്. പത്താം ക്ലാസ് മാര്‍ക്കാണ് യോഗ്യത. ഞാനും അപേക്ഷിച്ചു.. മൊത്തം ആറ് അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു. അങ്ങനെ 2900 രൂപ മാസശമ്പളത്തില്‍ ഞാന്‍ കല്ലറ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാനായി ജോലിയില്‍ പ്രവേശിച്ചു. അതായത് എന്റെ ഇരുപത്തിരണ്ടാമത്തെ വയസ് മുതല്‍ സര്‍ക്കാര്‍ ശമ്പളം പറ്റി തുടങ്ങി.
പുറത്തുപറയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജോലി എന്ന് പറയുമെങ്കിലും തൊഴില്‍ സാഹചര്യങ്ങള്‍ കഠിനമായിരുന്നു. എനിക്ക് സൈക്ലിങ് അറിയാത്തതും കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിതീര്‍ത്തു. തപാലുരുപ്പടി കൊണ്ടുവരുന്ന ചാക്കുകളിലെയും കത്തുകളിലെയും പൊടി സ്വതവേയുള്ള എന്റെ തുമ്മലിനെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഞാന്‍ പുതിയ ജീവിതത്തിലേക്ക് പതിയെ പിച്ചവെച്ചു. എന്റെ അന്തര്‍മുഖത്വം ജോലിക്ക് തടസ്സമായി നിന്നു. ആദ്യം വീട്ടുപോരൊക്കെ മനസിലാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. മൊത്തം മൂന്ന് പോസ്റ്റ് മാന്‍മാരാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നാമന്‍ പുഷ്‌കരന്‍ മാഷ്. പുള്ളി ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്റ്റ്മാനാണ്. രണ്ടാമത്തേത് എന്നെപ്പോലെ ഇഡി സുധാമണിചേച്ചി. പോസ്റ്റ്മാസ്റ്റര്‍ ജയപാലന്‍പിള്ളയ്ക്ക് എന്നെ വലിയ കാര്യമായിരുന്നു. പോസ്റ്റല്‍ അസിസ്റ്റന്റായ ശൈലജമേഡവും വിജയന്‍ സാറും തുടക്കത്തില്‍ ഒരുപാട് ഹെല്‍പ്പ് ചെയ്തു. ഇവരെ കൂടാതെ ബൈജു എന്ന ടെലഗ്രാം മെസഞ്ചറും രാമചന്ദ്രന്‍ എന്ന മെയില്‍ പാക്കറും അവിടെ ഉണ്ടായിരുന്നു. രണ്ടും ഇഡിക്കാര്‍. ( ബൈജുവിന് പിന്നീട് ആര്‍മി പോസ്റ്റ് ഓഫീസില്‍ ജോലി കിട്ടി. അവിടെ നിന്നും പ്രൊമോഷന്‍ ആയി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫീസില്‍ ഇന്‍സ്‌പെക്ടറാണ്. രാമചന്ദ്രന്‍ റിട്ടയര്‍ ആയി ). പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് നിലനില്‍ക്കുന്നത് തന്നെ ഇഡി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജീവനക്കാരെ ചൂഷണം ചെയ്തിട്ടാണ്. മാട് പോലെ പണിയെടുക്കണം. തുശ്ചമായ വേതനം മാത്രം. വിരമിച്ചാല്‍ പെന്‍ഷനും ഇല്ല.

കല്ലറ പോസ്റ്റ് ഓഫീസിലെ ഏറ്റവും വലിയ ബീറ്റ് എന്റേതായിരുന്നു. പോസ്റ്റ്മാന്റെ സേവനപരിധിയാണ് ബീറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കല്ലറ ജംഗ്ഷനില്‍നിന്ന് തുടങ്ങി പഴയചന്ത, കുറ്റിമൂട്, കാഞ്ഞിരംപാറ, കതിരുവിള, തുമ്പോട്, വെട്ടുവിള, പുളിഞ്ചിക്കാപൊയ്ക, വയലികട, മീതൂര്‍, ചാമ്പലുവിള എന്നിങ്ങനെ വിശാലമായ ഗ്രാമപ്രദേശം അങ്ങനെ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്. കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന വീട്ടുപേരുകള്‍ ധാരാളമാണ്. ഉദാഹരണമായിട്ട് ഒരു പ്രദേശത്തിന്റെ ആകെ വീട്ടുപേര് വാവൂപ്പാറ തടത്തരികത്ത് വീട് എന്നായിരുന്നു. അതൊക്കെ ചോദിച്ച് മനസിലാക്കാന്‍ ഞാന്‍ വിമുഖത കാട്ടി. കത്തുകള്‍ മേല്‍വിലാസക്കാരന് കിട്ടാതെയായി. പരാതികള്‍ വര്‍ധിച്ചുവന്നു. ഞാനും കൂടുതല്‍ സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തി.

ഒരു വൈറ്റ് കോളര്‍ ജോലി ആഗ്രഹിച്ചിട്ട് ഇതുപോലെ ഒരു നാലാംകിട ജോലി ചെയ്യേണ്ടി വന്നത് എന്നില്‍ അപകര്‍ഷതാബോധം വളര്‍ത്തി. സ്വയം ശപിച്ചുകൊണ്ട് ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. ഒരിക്കല്‍ എന്റെ ബീറ്റിലുള്ള കല്ലറ ജംഗ്ഷനില്‍ അമ്പലപ്പാട്ട് സില്‍ക്‌സ് നടത്തുന്ന മോഹനന്‍ എന്നെ അടുത്തുവിളിച്ചു. പുള്ളി നൂതദനമായ ഒരു പരിശീലനപരിപാടിയെ പറ്റി എന്നോട് വിശദീകരിച്ചു. വ്യക്തിത്വം വികസിപ്പിക്കാനുള്ള കോഴ്‌സാണെന്നും എന്റെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഇതുമൂലം ഉണ്ടാകും എന്നും പറഞ്ഞ് മോഹനേട്ടന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടേ ഇരുന്നു. എന്റെ വൈമുഖ്യത്തിന് പ്രധാനകാരണം ആ കോഴ്‌സ് താടിക്കാരനായ ഒരു സ്വാമി ആവിഷ്‌കരിച്ചതാണ് എന്നുള്ളതാണ്. എനിക്ക് ഈ ആള്‍ദൈവങ്ങളെ എല്ലാം പുശ്ചമായിരുന്നു. ലോകത്തിലെ പ്രശ്‌നങ്ങളെ എല്ലാം ഭയന്ന് അതില്‍ നിന്നെല്ലാം ഒളിച്ച് സുരക്ഷിതവാസത്തിനായി സന്യാസം സ്വീകരിക്കുന്ന സ്വാമിമാരെ ഞാന്‍ വകവെച്ചിരുന്നില്ല. ക്ഷേത്രത്തില്‍ പോയാലും ഭാഗവത സപ്താഹത്തിന്റെ മുമ്പില്‍ എങ്ങാനും പെട്ടാല്‍ ഞാന്‍ അവിടെ നിന്നും ഓടിയൊളിക്കുമായിരുന്നു. ആ കോഴ്‌സിന്റെ പേര് ആര്‍ട്ട് ഓഫ് ലിവിങ് എന്നായിരുന്നു–ജീവനകല.

ഞാന്‍ വീട്ടില്‍ വന്ന് അമ്മയോട് മോഹനേട്ടന്‍ പറഞ്ഞ കോഴ്‌സിനെ പറ്റി പറഞ്ഞു. ”നീ പോയി ചെയ്തു നോക്ക് മോനേ. എങ്ങനെ നടന്ന കുട്ട്യാ. ചടച്ച് എല്ലും തോലുമായി. സൂക്കേട് ഒഴിഞ്ഞ സമയമില്ല. ഇനി ഇതും കൂടി പരീക്ഷിച്ച് നോക്ക് മോനേ ” എന്ന് അമ്മ പറഞ്ഞു. അങ്ങനെ ഞാന്‍ ഒടുവില്‍ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് ബേസിക്ക് കോഴ്‌സ് ചെയ്തു. 2004 ലാണ് സംഭവം. അന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രചാരം നേടി വരുന്നതേയുള്ളൂ. 300 രൂപയായിരുന്നു ഫീസ് എന്നാണ് ഓര്‍മ്മ. 12 രൂപയ്ക്ക് സാദാ ഊണും 30 രൂപയ്ക്ക് സിനിമാടിക്കറ്റും കിട്ടുന്ന അക്കാലത്ത് ഒറ്റയടിക്ക് 300 രൂപ കളഞ്ഞതിലെ മനോവിഷമത്തിലാണ് ഞാന്‍ കോഴ്‌സില്‍ പങ്കെടുത്തത്. കല്ലറ തറട്ട ഗവ ആശുപത്രിക്ക് സമീപം മുമ്പ് ട്യൂട്ടോറിയല്‍ കോളേജ് ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു ഓലപ്പുരയിലാണ് അന്ന് കല്ലറ ആര്‍ട്ട് ഓഫ് ലിവിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. കെ എസ് ആര്‍ റ്റി സി യില്‍ കണ്ടക്ടര്‍ ആയി കിളിമാനൂര്‍ ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന തങ്കച്ചന്‍ എന്നയാളാണ് ക്ലാസ് എടുക്കാന്‍ വന്നിരുന്നത്.
ജീവിതം ഒരു ആഘോഷമാക്കി മാറ്റുക. അതാണ് ആര്‍ട്ട് ഓഫ് ലിവിങിന്റെ ലക്ഷ്യം. മാനുഷിക മൂല്യങ്ങളുടെ അന്താരാഷ്ട്ര വക്താവും ആത്മജ്ഞാനിയുമായ സത്ഗുരു ശ്രീ ശ്രീ രവിശങ്കര്‍ രൂപകല്‍പന ചെയ്തതാണ് ജീവനകലയിലെ കോഴ്‌സുകള്‍. തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ വേദപണ്ഡിതനും മെഡിക്കല്‍ അസ്‌ട്രോളജറുമായ കെ എസ് വെങ്കിടരത്‌നത്തിന്റെയും വിശാലാക്ഷിയുടെയും മകനായി 1956 മെയ് മാസം 13–ാം തീയതി ഗുരുജി ജനിച്ചത്. ലോകത്തിന്റെ പാപങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനായി ജന്‍മമെടുത്ത അദ്ദേഹം പാപനാശം എന്ന സ്ഥലപ്പേര് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കി. എനിക്ക് ആള്‍ ദൈവങ്ങളെ പുശ്ചമായിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. കുടുംബജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്നും അകന്ന് സുരക്ഷിത ജീവിതം നയിക്കുന്ന സുഖിമാന്‍മാരും മുഖസ്തുതി ഇഷ്ടപ്പെടുന്ന അല്‍പന്‍മാരും ആയിട്ടാണ് ഞാന്‍ ആള്‍ദൈവങ്ങളെ കണ്ടത്. എന്നാല്‍ തങ്കച്ചന്‍ സാറിന്റെ വാക്കുകളില്‍ നിന്നും ശ്രീ ശ്രീ അങ്ങിനെ ഉള്ള ആളല്ല എന്ന് മനസിലായി. സ്വയം ദൈവമായിട്ട് അദ്ദേഹം അവകാശപ്പെടുന്നില്ല. നേരേ മറിച്ച് തന്നെ ഗുരുവായി കാണണം എന്നേ അനുയായികളോട് അദ്ദേഹം ആവശ്യപ്പെടുന്നുള്ളൂ. ആര്‍ഷ ഭാരത സംസ്‌കാരം അനുസരിച്ച് മാതാവും പിതാവും കഴിഞ്ഞാല്‍ ഗുരുവിനാണ് പ്രാധാന്യം.

രണ്ട് ആര്‍ട്ട് ഓഫ് ലിവിങ് അനുയായികള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ജയ് ഗുരുദേവ് എന്നാണ് പരസ്പരം അഭിസംബോധന ചെയ്യുന്നത്. അതിന്റെ അര്‍ത്ഥം ഗുരുദേവന്‍ ജയിക്കട്ടെ എന്നാണെന്ന് തെറ്റിദ്ധരിച്ച ഞാന്‍ ആദ്യമൊക്കെ അത് പറയാന്‍ മടിച്ചു. പിന്നീട് തങ്കച്ചന്‍ സാര്‍ പറഞ്ഞപ്പോഴാണ് അതിന്റെ ശരിയായ അര്‍ത്ഥം എനിക്ക് മനസിലായത്. ഗുരു എന്നാല്‍ വര്‍ധിക്കുക എന്നും അര്‍ത്ഥമുണ്ട്. നിങ്ങളിലെ ദൈവാംശം വര്‍ധിക്കട്ടെ എന്നാണ് ജയ് ഗുരുദേവ് എന്നതിന്റെ അര്‍ത്ഥം. വിവിധസ്വഭാവഗുണമുള്ള ഒരു പറ്റം ആളുകളുടെ എല്ലാത്തരം ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയ തങ്കച്ചന്‍ സാറിന്റെ ക്ഷമാശീലത്തെ എനിക്ക് അഭിനന്ദിക്കാതിരിക്കുവാന്‍ വയ്യ. ജീവനകല അവിടെ പുതിയതായി തുടങ്ങിയതിനാലും പഠിതാക്കള്‍ മിക്കവരും എന്നെപ്പോലെ അവിശ്വാസികള്‍ ആയിരുന്നതിനാലും ചോദ്യങ്ങള്‍ ഒന്നിന് പിറകേ ഒന്നായി ചോദിക്കപ്പെട്ടുകൊണ്ടേ ഇരുന്നു. ഒരു പക്ഷേ തങ്കച്ചന്‍ സാറിന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്റെ നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു. സാറിന്റെ സമീപനം കോഴ്‌സിന്റെ ആദ്യ ദിവസം തന്നെ എന്നില്‍ നല്ല മതിപ്പുണ്ടാക്കി.

എത്ര പ്രതികൂല സാഹചര്യത്തില്‍ പെട്ടുപോയാലും പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ മനസിന്റെ സമനില കൈവിടാതെ മുഖത്തെ പുഞ്ചിരി അല്‍പം പോലും മങ്ങാതെ നിലനിര്‍ത്താന്‍ സാധിക്കുന്ന ഈ കോഴ്‌സിന്റെ പ്രത്യേകത ആറു ദിവസത്തിനുള്ളില്‍ തന്നെ നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകുന്നു എന്നതാണ്. ലളിതമായ ശ്വസന രീതികളിലൂടെയും ശുദ്ധമായ ജ്ഞാനത്തിന്റെ നിറവിലൂടെയും ബുദ്ധിപരമായ വ്യായാമത്തിലൂടെയും വ്യക്തിത്വ വികാസവും ഉയര്‍ന്ന തോതിലുള്ള ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നതാണ് ജീവനകലയുടെ ബേസിക് കോഴ്‌സ്. ആദ്യത്തെ രണ്ട് ദിവസം കൊണ്ടു തന്നെ എന്റെ മുന്‍ധാരണകളെ പൊളിച്ചടുക്കുവാന്‍ ഈ കോഴ്‌സിന് സാധിച്ചു.

ഈ കോഴ്‌സിന്റെ പ്രധാന ഭാഗം സുദര്‍ശനക്രിയ എന്നറിയപ്പെടുന്ന സവിശേഷമായ ശ്വസനവ്യായാമമാണ്. നിഷേധവികാരങ്ങളും ജീവിതസാഹചര്യങ്ങളും മനസില്‍ ചെലുത്തുന്ന സമ്മര്‍ദം മൂലം ശാരീരിക മാനസിക പ്രശ്‌നങ്ങളിലൂടെ ജീവിതത്തിന്റെ താളം തെറ്റുമ്പോള്‍ നമ്മുടെ പ്രാണശക്തിയെ ഉദ്ദീപിപ്പിച്ച് അതിനെതിരേ സജ്ജമാക്കാന്‍ സുദര്‍ശനക്രിയ നമ്മെ സഹായിക്കുന്നു. ശ്വാസത്തില്‍ ജീവന്റെ രഹസ്യം അടങ്ങിയിരിക്കുന്നു. പ്രാണനുമായി ബന്ധപ്പെട്ടതാണ് ശ്വാസം. തങ്കച്ചന്‍ സാറിന്റെ അഭിപ്രായത്തില്‍ നമ്മുടെ പ്രാണശക്തി ദുര്‍ബലമായിരിക്കുമ്പോഴാണ് ക്ഷീണം, നിരാശ, വിരസത , ദേഷ്യം തുടങ്ങിയ നിഷേധവികാരങ്ങള്‍ മനസില്‍ നിറയുന്നത്. പ്രാണശക്തി ഉദ്ദീപിപ്പിച്ചാല്‍ നിഷേധവികാരങ്ങള്‍ മാഞ്ഞ് സ്‌നേഹവും സന്തോഷവും ഉത്സാഹവും ജാഗ്രതയുമൊക്കെ നമ്മില്‍ നിറയുന്നു.
സുദര്‍ശനക്രിയയിലൂടെ നമ്മുടെ ഓരോ കോശത്തിലും പ്രാണവായു കൊണ്ട് നിറയ്ക്കുകയും പുതുശക്തി നല്‍കി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ജന്‍മസിദ്ധമായി കിട്ടിയ താളക്രമത്തെ സുദര്‍ശനക്രിയയിലൂടെ ആത്മാവിലും മനസിലും ശരീരത്തിലും തിരികെ കൊണ്ടുവരുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ജൈവവിഷത്തെ പൂര്‍ണ്ണമായും പുറന്തള്ളി ശരീരമാസകലം ശുദ്ധീകരിക്കുന്നു. വളരെ നല്ല വ്യക്തിബന്ധങ്ങള്‍, ആനന്ദപൂര്‍ണ്ണമായ കുടുംബാന്തരീക്ഷം എന്നിവയെല്ലാം സംജാതമാകുന്നു. ജീവിതത്തിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ നമ്മപ്രാപ്തമാക്കുന്ന നൂതന പരിശീലന പദ്ധതിയാണ് ബേസിക് കോഴ്‌സ്. ( ഇപ്പോള്‍ ഇത് ഹാപ്പിനസ് പ്രോഗ്രാം എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്) ശ്രീ ശ്രീ രവിശങ്കറിന്റെ കീഴില്‍ നേരിട്ട് പരിശീലനം പൂര്‍ത്തിയാക്കിയ അധ്യാപകരാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നത്.

ഞങ്ങള്‍ ഇരുപത്തിരണ്ട് പേരാണ് കോഴ്‌സ് ചെയ്യാന്‍ ഉണ്ടായിരുന്നത്. സാഹിര്‍ എന്ന് പേരായ മുസ്ലീം ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അതില്‍ നിന്നും ആര്‍ട്ട് ഓഫ് ലിവിങ് മതപരമായ ഒന്നല്ല എന്ന് ഞാന്‍ മനസിലാക്കി. ആ അറിവ് എന്നെ ആഹ്ലാദിപ്പിച്ചു. കാരണം സങ്കുചിതമായ മത കാഴ്ചപ്പാടുകളെ അവഗണിക്കുന്ന ഒരു മനസ് എന്നില്‍ ഇതിനോടകം രൂപപ്പെട്ടിരുന്നു.

ആദ്യമൊക്കെ എന്റെ ആസ്മയും തുമ്മലും മൂലം എനിക്ക് നന്നായി ശ്വസനക്രിയ ചെയ്യാന്‍ സാധിച്ചിരുന്നില്ല. തങ്കച്ചന്‍ സാര്‍ എന്നോട് നൂറ് ശതമാനം അര്‍പ്പണമനോഭാവത്തോടെ ക്രിയ ചെയ്യാന്‍ ഉപദേശിച്ചു. എന്തായാലും എന്റെ പ്രശ്‌നങ്ങളെല്ലാം മാറ്റിവെച്ച് വല്ലാത്ത ഒരു ആവേശത്തില്‍ നൂറ് ശതമാനം നല്‍കുവാന്‍ ഞാന്‍ തയ്യാറായി. സുദര്‍ശനക്രിയ ഞാന്‍ അനുഭവിച്ച് അറിഞ്ഞു. വളരെ ശക്തമായിരുന്നു അത്. അത് എന്റെ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ മുകളിലേക്ക് എടുത്തെറിഞ്ഞു. എനിക്ക് ഓക്കാവുന്നിടത്തോളം അന്ന് ആദ്യമായാണ് ഇത്രയേറെ ശാന്തിയും സമാധാനവും ഞാന്‍ അനുഭവിക്കുന്നത്. കലപില കൂട്ടുന്ന എന്റെ മനസിന് അവധി നല്‍കിയതുപോലെ ആയിരുന്നു ആ അനുഭവം. അസാധാരണമായ സൗമ്യാനുഭവം. ദിവസങ്ങള്‍ ചെല്ലുന്തോറും ഞങ്ങള്‍ ഇരുപത്തിരണ്ട് പേരും ഒരു സംഘമായി മാറുന്നത് ഞാന്‍ അനുഭവിച്ച് അറിഞ്ഞു.

ഐ ബിലോംഗ് ടു യൂ എന്ന വാചകം പറഞ്ഞുകൊണ്ട് ഞങ്ങള്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ഹസ്തദാനം നടത്തി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠം ഞങ്ങള്‍ ഹൃദിസ്ഥമാക്കി. ആളുകള്‍ എങ്ങനെയാണോ അതുപോലെ അവരെ ഉള്‍ക്കൊള്ളുക. (Accept people and things as it is )
ബേസിക് കോഴ്‌സ് ചെയ്തപ്പോള്‍ എനിക്ക് രണ്ട് സുഹൃത്തുക്കളെ ലഭിച്ചു. ഒന്ന് ബിജു പത്മനാഭന്‍. എം എ ഇംഗ്ലീഷ് കഴിഞ്ഞ് ട്യൂഷന്‍ എടുക്കുന്നു. പുള്ളി ഒരു ജീനിയസ് ആയിരുന്നു. ആര്‍ട്ട് ഓഫ് ലിവിങിന്റെ ഫോളോ അപ്പ് സെക്ഷന്‍സ് എടുക്കുന്ന ഒരു അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഞാന്‍ മനസില്‍ കരുതിയതുപോലെ അര്‍ഹിച്ച സ്ഥാനത്ത് തന്നെ ടിയാന്‍ എത്തിച്ചേര്‍ന്നു. ആള്‍ട്ടര്‍നേറ്റ് മെഡിസിനില്‍ ഡോക്ടറേറ്റ് ഒക്കെ എടുത്തു. ഇപ്പോള്‍ തിരുവനന്തപുരം വട്ടിയൂര്‍കാവ് ഭാരതീയ വിദ്യാഭവനില്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്നു രണ്ടാമന്‍ എന്റെ ബീറ്റില്‍ തന്നെയുള്ള കതിരുവിള ഭാരതീവിലാസം വീട്ടില്‍ രാജേഷ് ആയിരുന്നു. എന്റെ സമപ്രായക്കാരനായ രാജേഷുമായി അന്ന് കട്ടക്കമ്പനി ആയിരുന്നു. എന്നാല്‍ കാലപ്രവാഹത്തില്‍ ആ സൗഹൃദത്തിന്റെ കണ്ണി അറ്റുപോയി.
കോഴ്‌സ് തീര്‍ന്ന് പോകാനുള്ള സമയമായപ്പോള്‍ ഞങ്ങളെല്ലാവരും എഴുന്നേറ്റ് തുടക്കത്തില്‍ ചെയ്തതുപോലെ ഞാന്‍ നിങ്ങളുടേതാണ് എന്ന് പരസ്പരം അഭിവാദ്യം ചെയ്തു. ഹൊ. എന്തൊരനുഭവമായിരുന്നു അത്. പരരസ്പരം കൈമാറുവാന്‍ വേണ്ടി വന്നവരാണ് ഞങ്ങളെന്ന് ഞങ്ങള്‍ക്ക് തോന്നി. ആറുദിവസത്തിനുള്ളില്‍ തികച്ചും അപരിചിതരായ ഞങ്ങള്‍ക്കിടയില്‍ അസാധാരണമായ ഒരു ബന്ധത്തിന്റെ കെട്ടുപാടുകള്‍ ഉടലെടുത്തു കഴിഞ്ഞിരുന്നു. എന്റെ ഉള്ളിലും ഏതോ മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. എന്റെ മനസിന്റെ ഭാരം കുറഞ്ഞതുപോലെയും അന്തരാത്മാവിന് കൂടുതല്‍ സ്വാതന്ത്യം ലഭിക്കുന്നത് പോലെയും തോന്നി. പുതിയ ഒരു ജന്‍മം എടുത്തതുപോലെ. പുനര്‍ജന്‍മത്തെ പറ്റി കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഇപ്പോള്‍ അനുഭവിച്ച് അറിഞ്ഞു.
അസാധാരണമാം വിധം ശക്തവും സുന്ദരവുമായ ഈ പരിശീലനപദ്ധതി ആവിഷ്‌കരിച്ച മനുഷ്യന്‍ ആരാണ്. എനിക്ക് അദ്ദേഹത്തെ നേരില്‍ കണ്ടേ കഴിയൂ. ഞാന്‍ ബാംഗ്ലൂരിലേക്ക് വണ്ടി കയറാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ എന്റെ സാഹചര്യം എല്ലാം അറിയാവുന്ന ബിജുസാര്‍ എന്നെ പിന്തിരിപ്പിച്ചു. ഇപ്പോള്‍ വീട്ടില്‍ പോയി ദിവസവും ധ്യാനവും പ്രാണായാമവും സുദര്‍ശനക്രിയയും തുടരാന്‍ സാര്‍ ഉപദേശിച്ചു. കൂടാതെ ഇനി നടത്തുന്ന എല്ലാ ബേസിക് കോഴ്‌സുകളിലും പങ്കെടുക്കുവാനും സാര്‍ നിര്‍ദേശിച്ചു. ( ഫോളോ അപ്പ് സൗജന്യമാണ് ). ഗുരുജി രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ആനന്ദോത്സവത്തിനായി കേരളത്തില്‍ വരും. അപ്പോള്‍ പോയി കണ്ടാല്‍ മതിയാകും എന്ന സാറിന്റെ വാക്കുകള്‍ ഞാന്‍ അംഗീകരിച്ചു.

ഞാന്‍ രണ്ടര വര്‍ഷത്തോളം കല്ലറ പോസ്റ്റ് ഓഫീസില്‍ പോസ്റ്റ്മാനായി സേവനം അനുഷ്ഠിച്ചു. സര്‍വ്വീസിലെ ആദ്യ മൂന്ന് മാസങ്ങള്‍ അതായത് ജീവനകലയുടെ കോഴ്‌സ് ചെയ്യുന്നതുവരെ എനിക്ക് ജോലിയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്ന് മുമ്പ് പറഞ്ഞിരുന്നുവല്ലോ. കോഴ്‌സ് കഴിഞ്ഞ ശേഷം ഞാന്‍ ഒരു പുതിയ മനുഷ്യനായി. അതിനു ശേഷം ഞാന്‍ എല്ലാവരോടും ചിരിച്ച മുഖത്തോടെ മാത്രം സംസാരിച്ചു. അതിനു മുമ്പ് ഞാന്‍ വിധിയെ പഴിച്ച് ദൈവത്തെ ശപിച്ചാണ് കഴിഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ദൈവം എനിക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് തന്നെ. എന്നും അതിരാവിലെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ ചെയ്തതിന് ശേഷം സുദര്‍ശനക്രിയ ചെയ്യും. എന്നിട്ട് പാലച്ചിറമുക്ക് മുതല്‍ അയിരൂര്‍ മുക്ക് വരെ രണ്ട് പ്രാവശ്യം നടക്കും. നടത്തം കഴിഞ്ഞ് വന്നാല്‍ പ്രാതല്‍ കഴിച്ചിട്ട് പോസ്റ്റ് ഓഫീസില്‍ പോകും.

മുമ്പ് ഭാഗവതസപ്താഹം നടക്കുന്ന സ്ഥലത്തതുനിന്നും ഓടി ഒളിക്കുമായിരുന്ന ഞാന്‍ ഇപ്പോള്‍ സപ്താഹം നടക്കുന്ന സ്ഥലം തേടി നടന്ന് അതില്‍ ആദ്യാവസാനക്കാരനായി പങ്കെടുക്കാന്‍ തുടങ്ങി. ഭഗവത് ഗീതാദര്‍ശനങ്ങള്‍ എന്നെ വളരെ ആകര്‍ഷിച്ചു. ഗീതാവ്യാഖ്യാനങ്ങള്‍ ഞാന്‍ തേടിപ്പിടിച്ച് വായിക്കാനാരംഭിച്ചു. . ജീവിതം ഒരു നല്ല അധ്യാപകനാണ്. അനുഭവങ്ങളാണ് നമ്മെ പലതും പഠിപ്പിക്കുന്നത്. കൂടുതല്‍ രസകരമായ ജീവിതാനുഭവങ്ങളും ചെറുകഥകളും സിനിമാക്കഥകളുമായി ഞാന്‍ അടുത്ത മാസം വീണ്ടും വരും.

എല്ലാ മാസത്തിലും എന്റെ ഈ ബ്ലോഗിന് അപ്‌ഡേറ്റ്‌സ് ഉണ്ടാകും. ഈ മാസം തോട്ടിയുടെ മകന്‍ എന്ന എന്റെ പുതിയ കഥ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ആ കഥയ്ക്ക് വേണ്ടി ചിത്രങ്ങള്‍ വരച്ച് തന്ന എന്റെ ആത്മാര്‍ത്ഥ സുഹൃത്തും അഭ്യുദയകാംഷിയുമായ ആര്‍ട്ടിസ്റ്റ് ഗോപീദാസിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ സ്മരിക്കുന്നു. എന്റെ കഥാസമാഹാരത്തിന് കവര്‍ ഡിസൈന്‍ ചെയ്തതും അദ്ദേഹമാണ്. ഉള്‍പ്പേജുകളിലും വര ഉള്‍പ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ പേജ് എണ്ണം അധികരിച്ചതിനാല്‍ അതിന് കഴിഞ്ഞില്ല. ആ വിഷമം ഇപ്പോള്‍ തീര്‍ന്നു

G For Genius. in  എന്ന് ഗൂഗിള്‍ ചെയ്താല്‍ എന്റെ വെബ് സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയും. എന്നെ ബന്ധപ്പെടാനുള്ള വാട്‌സപ്പ് നമ്പരും തൂലികസൗഹൃദത്തിനുള്ള ക്ഷണവും ഈ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകാസമസ്താ സുഖിനോ ഭവന്തു എന്നതാണ് എന്റെ ആപ്തവാക്യം. എന്നെ വായിക്കുന്ന എല്ലാവര്‍ക്കും നന്ദി.. ഇഷ്ടപ്പെട്ടുവെങ്കില്‍ ഷെയര്‍ ചെയ്ത് നിങ്ങളുടെ സുഹൃത്തിലേക്ക് കൂടി എത്തിക്കുക. തുടര്‍ന്നും നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് താല്‍കാലികമായി വിടവാങ്ങുന്നു

സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം

ഗിരീഷ് നമശിവായം.( 2019 January 25 )

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

.

Facebook Comments

Recent Posts

  • Recent Posts